ഇന്ത്യൻ അനുഭവം
നവഫാസിസത്തിന്റെ പ്രവണതകൾ കാണിക്കുന്ന ഗവൺമെന്റാണ് മോദിയുടെത് എന്നാണ് സിപിഐ എം കരട് രാഷ്ട്രീയ പ്രമേയം വ്യക്തമാക്കിയത്. അങ്ങനെ പൊതുവായി വ്യക്തമാക്കുക മാത്രമല്ല കൃത്യമായി അതൊക്കെ വിശദീകരിക്കാനും രാഷ്ട്രീയ പ്രമേയം തയ്യാറായിരുന്നു. പ്രമേയത്തിലൂടെ കടന്നുപോയാൽ നമുക്ക് അക്കാര്യം വ്യക്തമാകും.
“ഹിന്ദുത്വത്തെ ഭരണകൂട ആശയസംഹിതയാക്കാനും മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനെ ഹിന്ദുരാഷ്ട്രമായി പരിവർത്തനം ചെയ്യാനുമുള്ള ആർഎസ്എസ് അജണ്ട ക്രമാനുബദ്ധമായി പിന്തുടരുന്നു എന്നതിന് കഴിഞ്ഞ മൂന്നു വർഷത്തെ സംഭവങ്ങൾ ആവശ്യമായ തെളിവു നൽകുന്നുണ്ട്. സമഗ്രമായ ഹിന്ദുത്വം സൃഷ്ടിക്കുന്നതിന് മുസ്ലീങ്ങളെ അപരരായി മുദ്രയടിക്കുന്നത് ഈ പദ്ധതിയുടെ കേന്ദ്രബിന്ദുവാണ്. പ്രധാനമന്ത്രി തന്നെ മതപരമായ ചടങ്ങുകൾ നിർവഹിക്കുന്നത് വഴി 2024 ജനുവരിയിൽ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ഭരണകൂടം നേരിട്ട് നേതൃത്വം നൽകിയ സംഭവമായി തീർന്നു. അടുത്തപടി വാരണാസിയിലെ ഗ്യാൻവാപ്പി പള്ളിയെയും മഥുരയിലെ ഈദ് ഗാഹിനെയും ലക്ഷ്യമിടുകയും ഈ രണ്ടിടങ്ങളിലും നയപരമായ തർക്കങ്ങൾ സൃഷ്ടിച്ച് ഇവിടെ ഹിന്ദു ക്ഷേത്രങ്ങൾ നിലവിലിരുന്നു എന്ന അവകാശവാദം ഉന്നയിക്കുകയുമാണ്. വിശ്വഹിന്ദു പരിഷത്തിന്റെ ആദ്യ മുദ്രാവാക്യം അയോധ്യ കാശി, മഥുര എന്നീ സ്ഥലങ്ങളിൽ ക്ഷേത്രങ്ങൾ പണിയുന്നതിന് വേണ്ടി ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണം എന്നതായി രുന്നു. പ്രാദേശിക കോടതികൾ ഇത്തരം പരാതികൾ അംഗീകരിക്കുകയും നേരത്തെ ഏതെങ്കിലും ക്ഷേത്രം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കാനായി പള്ളികളുടെ അങ്കണങ്ങളിൽ സർവ്വേകൾ നടത്താൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഏറ്റവും ഉയർന്ന തലത്തിലുള്ള ജുഡീഷ്യറിയുടെ ഒത്താശയോടെ ഇതിന് പ്രോത്സാഹനം ലഭിച്ചു. അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സർവ്വേകൾ തുടരാൻ അനുവദിച്ചു. സർവ്വേകൾ 1991ലെ ആരാധനാലയ നിയമത്തിലെ നിബന്ധനകൾ ലംഘിക്കുന്നില്ലെന്ന് പറഞ്ഞാണ് അനുവാദം നൽകിയത്. ഇതിപ്പോൾ നിയമ തർക്കങ്ങളുടെ ഒരു ശൃംഖല തന്നെ സംഭലിലും അജ്മീറിലും സൃഷ്ടിച്ചിരിക്കുകയാണ്.
പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ രാമനവമി, ഹനു മാൻ ജയന്തി, ഗണേശ പൂജ മുതലായ ഉത്സവങ്ങളിൽ ഘോഷയാത്രകൾ നടത്തി ന്യൂനപക്ഷ പ്രദേശങ്ങളിലേക്ക് പ്രവേശിക്കുകയും അവിടെ പ്രകോപനപരമായി പെരുമാറി സംഘർഷങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക ഒരു സ്ഥിരം പ്രവണതയായിരിക്കുന്നു. ഇത്തരത്തിലുള്ള സംഭവങ്ങളി ലെല്ലാം ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങളാണ് പോലീസ് മർദ്ദനം നേരിടേണ്ടിവരുന്നത്. മുസ്ലീങ്ങളുടെ വീടുകൾ തകർക്കാൻ ഉപയോഗിക്കുന്ന രീതി ഉത്തർപ്രദേശിലാണ് തുടങ്ങിവച്ചത്. അത് മധ്യപ്രദേശ്, രാജസ്ഥാൻ, ഡൽഹി മുതലായ പ്രദേശങ്ങളിലേക്കും വ്യാപിച്ചു. ഹിന്ദു ഉത്സവങ്ങളുടെ സമയത്ത് ഇത്തരത്തിൽ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന ത് യാദൃശ്ചികമല്ല. അത് ധ്രുവീകരണം സൃഷ്ടിക്കാനും, വർഗീയവിഭജനം സ്ഥിരമാക്കാനുമുള്ള തുടർച്ചയായ പരിശ്രമമാണെന്ന് ഇപ്പോൾ വ്യക്തമാണ്. തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളിൽ നിർബാധം ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം നടത്തുന്നു. അവർക്ക് ഭരണകൂടത്തിന്റെ പിന്തുണ ലഭിക്കുമ്പോൾ ഇരകളാണ് ശിക്ഷിക്കപ്പെടുന്നത്.
അപര നിർമ്മിതിക്ക് വേണ്ടി ബിജെപി നടപ്പിലാക്കുന്ന നിയമപരമായ ചില നടപടികളാണ് പിന്നീട് പ്രമേയം ചൂണ്ടിക്കാണിക്കുന്നത്. “ഈ കാലയളവിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നു. നിലവിലുള്ള ചില നിയമങ്ങൾ കൂടുതൽ കർക്കശമാക്കിയിരിക്കുന്നു. ഉത്തർപ്രദേശിൽ ‘ലൗ ജിഹാദ്’ എന്നു വിളിക്കപ്പെടുന്ന ഭിന്ന മതവിശ്വാസികൾ തമ്മിലുള്ള വിവാഹം ഇപ്പോൾ ജീവപര്യന്തം തടവിനിടയാക്കുന്നതാണ്. മുസ്ലീങ്ങളെ ആക്രമിക്കുന്നതിനായി “ലാൻഡ് ജിഹാദ്’, ‘ഫുഡ് ജിഹാദ്’ തുടങ്ങിയ പുതിയ പ്രയോഗങ്ങളും ഉപയോഗിക്കുന്നുണ്ട്. അസമിലെ ബിജെപി ഗവൺമെന്റാണ് ഇക്കാര്യത്തിൽ മിക്കവാറും ഗവൺമെന്റുകളെക്കാൾ മുന്നോട്ടു പോയിട്ടുള്ളത്. ഉത്തരാഖ ണ്ഡിലെ പോലെ വളരെ ചെറിയ മുസ്ലിം ജനസംഖ്യയുള്ള സംസ്ഥാനങ്ങളിൽ പോലും മുസ്ലിം കടയുടമ കളോട് കടയടപ്പിക്കാൻ ആവശ്യപ്പെടുകയും, മുസ്ലിം വ്യാപാരികളെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുകയും ഉണ്ടായിട്ടുണ്ട്.
ഹിന്ദുത്വ ശക്തികളിൽ ന്യൂനപക്ഷ വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ക്രിസ്ത്യൻ ന്യൂനപക്ഷത്തെയും ആക്രമണം ലക്ഷ്യമാക്കുന്നു ണ്ട്.2023ൽ ക്രിസ്ത്യാനികൾക്കെതിരായുള്ള ആക്രമണങ്ങൾ 734 ആയിരുന്നത് 2024ൽ 834 ആയി വർദ്ധിച്ചിരിക്കുന്നു. ക്രിസ്ത്യാനികളെ ഉപദ്രവിക്കു ന്നത്, പള്ളികളുടെയും പ്രാർത്ഥന യോഗങ്ങളുടെയും നേരെയുള്ള ആക്രമങ്ങൾ ഊരുവിലക്കുകൾ, കർക്കശമായ മതപരിവർത്തന നിരോധന നിയമങ്ങൾ ഉപയോഗിച്ച് ക്രിമിനൽ കേസുകൾ നൽകൽ തുടങ്ങിയ രീതികളിലൂടെയാണ്. ആർഎസ്എസു മായി ബന്ധമുള്ള സംഘടനകൾ ക്രിസ്ത്യൻ ആദിവാസികൾക്കെതിരെ പ്രചരണം നടത്തുന്നു. അവരുടെ ആവശ്യം മതപരിവർത്തനം നടത്തിയ എല്ലാ ആദിവാസികളെയും ഗോത്രവർഗ്ഗ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നതാണ്. അതായത് ക്രിസ്ത്യൻ ആദിവാസികൾക്ക് പട്ടികവർഗ്ഗ പദവി ഉപയോഗിക്കാൻ കഴിയുകയില്ല എന്നർത്ഥം. l