സ്ത്രീ ജീവിതങ്ങളും, സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളും പ്രമേയമാക്കിയുള്ള നോവലുകളും കഥകളും നമുക്ക് സുപരിചിതമാണ്. എന്നാൽ പുരുഷന്റെ ജീവിതത്തേയും ബാല്യകാലം മുതൽക്കേ അവൻ നേരിടുന്ന സംഘർഷങ്ങളേയും വളരെ അപൂർവമായാണ് സാഹിത്യത്തിൽ വിഷയമാക്കുന്നത്. എന്നാൽ ഒരു പുരുഷനെ കേന്ദ്ര കഥാപാത്രമാക്കുകയും സ്ത്രീയുടെ ഉൾക്കണ്ണിലൂടെ പുരുഷ കാമനകളെയും മനസ്സിനെയും ആഴത്തിൽ ഒപ്പിയെടുക്കുകയുമാണ് കനേഡിയൻ പ്രവാസിയായ നിർമ്മല. ‘കരയിലെ മീനുകൾ’ എന്ന തന്റെ പുതിയ നോവലിലൂടെ.
മദ്യത്തിന് അടിമപ്പെടുന്ന ഒരു മനുഷ്യനോട് സമൂഹത്തിന് പൊതുവേ നല്ല മനോഭാവമായിരിക്കുകയില്ല. വീട്ടുകാർക്കും നാട്ടുകാർക്കും അയാൾ ഒരുപോലെ പരിഹാസ്യനാകും. ആ വ്യക്തിയുടെ പ്രയാസങ്ങളെ കേൾക്കുകയോ അയാൾക്കൊരു ആശ്രയം നൽകുകയോ ചെയ്യാതെ സമൂഹം അയാളെ കുറ്റപ്പെടുത്തിക്കൊണ്ടേയിരിക്കും. എന്നാൽ ‘കരയിലെ മീനുകളി’ലെ മാത്യുവിനോട് (മാത്തുകുട്ടി ) വായനക്കാർക്ക് സഹതാപവും സ്നേഹവും തോന്നുന്നു. അയാളുടെ ജീവിതത്തിലെ സന്ദർഭങ്ങൾ കാണുമ്പോൾ, കരയിലിട്ട മീനിനെ പോലെ പിടയുന്നതു കാണുമ്പോൾ അനുതാപത്തോടെയല്ലാതെ അയാളെ നോക്കാൻ കഴിയില്ല. ജലത്തിൽ നിന്നും ജലത്തിലേക്കുള്ള പ്രയാണം പോലെയാണ് കരയിലെ മീനുകൾ എന്ന നോവലിന്റെ ആഖ്യാനം. നോവലിന്റെ കാതൽ തന്നെ വെള്ളമായി മാറുന്നു. നോവലിന്റെ പ്രധാന ശക്തിയും വെള്ളം തന്നെ ‘ലഹരിയുള്ള വെള്ളം’. ഒറ്റയായി പോകുന്ന മനുഷ്യന്റെ ആകുലതകളും സംഘർഷങ്ങളും മാത്യുവിലൂടെ അവതരിപ്പിക്കുമ്പോൾ, സ്വദേശം വിട്ട് മറ്റൊരിടത്ത് വിജയം നേടാനായി യത്നിക്കുന്ന ഇടത്തരക്കാരുടെ പ്രതിനിധിയായി മാത്യുവിന്റെ ഭാര്യ തങ്കമണിയും കൂട്ടരും മാറുന്നു.
ബാല്യത്തിൽ അനുഭവിച്ച സംഘർഷങ്ങളുടെ പൊള്ളുന്ന ഓർമ്മയിൽ ജീവിക്കുന്ന മനുഷ്യനാണ് നോവലിലെ കേന്ദ്ര കഥാപാത്രം മാത്യു. ജീവിതത്തിലെ നോവുകളെ മറക്കാൻ അയാൾ ചെറുപ്പത്തിൽ തന്നെ മദ്യത്തെ ആശ്രയിക്കുകയാണ്. ക്രമേണ മദ്യത്തിന് അടിമയാവുകയും ചെയ്യുന്നു. നാട്ടിൽ നിന്നും അഭയത്തിനായി അയാൾ ന്യൂയോർക്കിലേക്ക് കുടിയേറുകയാണ്; ഒരു പരിധിവരെ മദ്യത്തിലേക്കുള്ള കുടിയേറ്റം കൂടിയായിരുന്നു അത്. ഗൃഹാതുരതയും നാടിനെക്കുറിച്ചുള്ള ഓർമകളും നിലനിൽക്കുമ്പോൾ തന്നെ കുടിയേറ്റാനന്തരയിടത്തിന്റെ അവസ്ഥകളെയും സങ്കീർണതകളെയും ആഖ്യാനത്തിലേക്ക് സന്നിവേശിപ്പിക്കുന്നതിന് നോവലിസ്റ്റിന് കഴിഞ്ഞു.
ഭാര്യയും മക്കളുമുണ്ടായിട്ടും ഏകാന്ത ജീവിതം നയിക്കുന്ന മാത്യുവിനെ, തുടർന്ന് നോവലിൽ കാണാം. സ്വന്തം വീട്ടിൽ തന്നെ അയാൾ ഒറ്റപ്പെട്ടവനാകുന്നു. മെച്ചപ്പെട്ട ജോലി ഇല്ലാത്തതും പെരുമാറ്റ മര്യാദകൾ പാലിക്കാത്തതിലും വീടും സമൂഹവും അയാളെ ഒറ്റപ്പെടുത്തുന്നു. മദ്യം അയാൾക്ക് ആശ്വാസമാവുകയാണ്. ലോകത്തിനു മുന്നിൽ, പരാജയപ്പെടുത്തുക മാത്രമേ സ്നേഹം അയാൾക്കുവേണ്ടി ചെയ്തിട്ടുള്ളൂ എന്ന് അയാൾ കരുതി.
വെള്ളത്തിൽ വീണു മരിക്കുമെന്ന പ്രവചനത്തെ ഭയന്ന് മാത്യുവിന്റെ അമ്മ മരണംവരെ അയാളെ വെള്ളത്തിൽ നിന്നകറ്റി. എന്നാൽ സങ്കടം വരുമ്പോഴെല്ലാം അയാൾ വെള്ളത്തിനടിയിലേക്ക് പോകാൻ കൊതിച്ചു. വെള്ളത്തിലേക്ക് വണ്ടി ഓടിച്ചുകൊണ്ട് പോയൊരു മരണത്തെ ആഗ്രഹിച്ചു. മരണത്തോളം സുന്ദരമായി മറ്റൊന്നില്ലെന്ന് അയാൾക്ക് അറിയാമായിരുന്നു. തോടിന്റെ അടിയിലേക്ക് പോകാൻ തോന്നിയത് അത്രയും കൊതി അയാൾക്ക് മറ്റൊന്നിനോടും തോന്നിയിരുന്നില്ല എന്നതിലാണ്. സങ്കടങ്ങളെ അൽപസമയത്തേക്കെങ്കിലും മറക്കാൻ ഉപയോഗിക്കുന്ന മദ്യമാകട്ടെ പ്രത്യേക ഇനം വേണമെന്ന നിബന്ധനയുമില്ല. ഏത് ബ്രാൻഡും അയാൾക്കിണങ്ങും. ഏതിലും അയാൾ ആനന്ദം കണ്ടെത്തും. തന്റെ ഉള്ളിലെരിയുന്ന അഗ്നിയെ അണയ്‌ക്കാൻ ലഹരിയുള്ള ആ വെള്ളത്തിന് മാത്രമേ കഴിയൂ എന്ന് അയാൾ കരുതി.
പ്രവാസ ജീവിതത്തിലെ വൈരുദ്ധ്യങ്ങളും കുടുംബ ബന്ധത്തിലെ വിള്ളലുകളും മാത്രമല്ല കരയിലെ മീനുകൾ പ്രമേയമാക്കുന്നത്. ഡൊണാൾഡ് ട്രംപിന്റെ അധികാരത്തിന്റെ സൂക്ഷ്മ രാഷ്ട്രീയവും ഇവിടെ ദർശിക്കാം.വംശീയ വെറിനിറഞ്ഞ നിലപാടുകൾ കുടിയേറ്റ സമൂഹങ്ങളെയും ന്യൂനപക്ഷങ്ങളെയും ആശങ്കയിലാഴ്ത്തി. നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവരെ സഹിഷ്ണുതയില്ലാതെ പുറത്താക്കാനും കുട്ടികളോടു വരെ ക്രൂരമായി ഇടപെടാനും സ്കൂളുകളിൽ പോലും തോക്കുമായി നടക്കുന്ന കുട്ടികളെയും,അത് ഉപയോഗിക്കാൻ പരിശീലിപ്പിക്കുന്ന അധ്യാപകരെയും ഇവിടെ കാണാം. കുടിയേറ്റക്കാരായ മാതാപിതാക്കളുടെ, അമേരിക്കയിൽ ജനിച്ചു വളർന്ന മക്കൾ ലോകത്തെ കാണുന്ന വിധം വേറിട്ടതാണ്. സ്വന്തം രാജ്യം വിട്ടിട്ടും മാനസികമായി അവിടെത്തന്നെ ജീവിക്കുന്ന മാതാപിതാക്കൾക്ക് അത് അംഗീകരിക്കാൻ കഴിയുന്നില്ല.
ഭാര്യയുടെ വാക്കുകളിലെ മുള്ളുകളെ നേരിടാൻ അയാൾക്ക് ഭയമായിരുന്നു. കരയിൽ പിടിച്ചിട്ട മീനിനെ പോലെ അസ്വസ്ഥതകൾ മാത്രം നിറഞ്ഞതാണ് മാത്യുവിന്റെ ജീവിതം. പ്രവചനം യാഥാർത്ഥ്യമായതുപോലെ അല്ലെങ്കിൽ അയാളുടെ ആഗ്രഹം പോലെ തന്നെ ജീവിതം വെള്ളത്തിനടിയിലേക്ക് ആഴ്ത്തിയിറക്കിയപ്പോൾ അയാൾ ആശ്വസിച്ചിരിക്കാം. അവസാനമായി താൻ എടുത്ത ഇൻഷുറൻസ് തങ്കമണിക്ക് സന്തോഷം നൽകുമെന്നും, ശ്വാസം നിന്നാൽ ഉടനെ ഉപേക്ഷിച്ചുപോകാതെ രാത്രിയിൽ മെഴുകുതിരിയുടെ വാടിയ വെളിച്ചത്തിൽ അടുത്തിരിക്കാൻ ആരെങ്കിലും ഉണ്ടാകുമെന്നും അയാൾ പ്രതീക്ഷിച്ചിരിക്കാം..കേരളം നേരിട്ട 2018ലെ പ്രളയവും അമേരിക്കയുടെ ചരിത്രവും ഒരേ പോലെ നോവലിൽ ഉൾകൊള്ളിച്ചിരിക്കുന്നത് കാണാം.
സ്ത്രീയുടെ ജീവിതവും പ്രതിസന്ധികളും മാത്രം ചർച്ചയാകുന്ന സമൂഹത്തിൽ ഇത്തരം നിസ്സഹായരായ മനുഷ്യരുടെ ജീവിതത്തെ ഓർമിപ്പിക്കുന്ന നോവലുകളും അനിവാര്യമാണ്.ഒരു സ്ത്രീക്ക് ഒരു പുരുഷനെ ഇത്രകണ്ടു മനസ്സിലാക്കാൻ കഴിഞ്ഞു എന്നതാണ് ഇതിലെ വിജയം. ഒപ്പം മദ്യാസക്തിയും അതുമൂലം ഉണ്ടാകുന്ന അപമാനങ്ങളും അവഗണനങ്ങളും പുറത്താക്കപ്പെടലുകളും കുടുംബത്തിലും സമൂഹത്തിലും അധികാര കേന്ദ്രങ്ങൾ പിടിമുറുക്കുന്നതും വിവരിക്കാൻ എഴുത്തുകാരിക്ക് കഴിഞ്ഞിരിക്കുന്നു. മാത്യു ഒറ്റയായ ഒരു മനുഷ്യന്റെ പ്രതീകമല്ല. അഭിമാനത്തെ ഭയന്ന് പുറത്തറിയിക്കാതെ, മറ്റാരോടും തുറന്നുപറയാൻ കഴിയാത്ത സങ്കടങ്ങളെ ഉള്ളിലൊതുക്കി, കെട്ടിപ്പിടിക്കാൻ ആളില്ലാത്ത, നിശബ്ദമായി കരയുന്ന ഒരുപാട് മനുഷ്യരുടെ പ്രതീകമാണ്. l