ജൂലായ് 21-നാണ് സഖാവ് വി എസ് എന്ന ഒരു നൂറ്റാണ്ടിന്റെ പോരാട്ട ജീവിതം നിശ്ചലമായത്. ജനങ്ങളുടെയാകെ കണ്ണും കരളും നെഞ്ചിലെ പനിനീരുമായി മാറിയ അപൂർവ്വമായൊരു ജനകീയതയുടെ ചരിത്രമെഴുതിച്ചേർത്തുകൊണ്ടാണ് വി എസ് വിടപറഞ്ഞിരിക്കുന്നത്. ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ എ കെ ജിയുടെ ഇടപെടലുകളോടും മുൻകൈകളോടുമാണ് വി.എസിന്റെ സമരോത്സുകമായ ജീവിതത്തെ നമുക്ക് താരതമ്യപ്പെടുത്താൻ കഴിയുക. ജനങ്ങളുടെ ജീവിതത്തെയും ചുറ്റുപാടുകളെയും നശിപ്പിക്കുന്ന ഒന്നിനോടും വിട്ടുവീഴ്ചചെയ്യാത്ത കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ആദർശപ്രതിബദ്ധതയിലാണ് വി എസിന്റെ ജീവിതത്തെയും സമരത്തെയും നമുക്ക് അടയാളപ്പെടുത്താനാവുക. ചരിത്രപരമായ കാരണങ്ങളാൽ നിശ്ശബ്ദരാക്കപ്പെട്ടവരുടെയും ജീവിതം അവകാശപ്പെടാനറിയാത്ത ചൂഷിതരുടെയും മർദ്ദിതരുടെയും ശബ്ദവും സമരനായകനുമായി മാറുകയായിരുന്നു വി.എസ് തന്റെ ഒരു നൂറ്റാണ്ടിലേറെ നീണ്ടുനിന്ന ജീവിതത്തിലൂടെ.
ജാതിജന്മിത്വത്തിന്റെ വിവേചനങ്ങൾക്കെതിരെ ആത്മാഭിമാനത്തിന്റെ അരഞ്ഞാണമൂരി ആഞ്ഞടിച്ച ബാലനിൽനിന്ന് തുടങ്ങി, അമേരിക്കൻ മോഡൽ അറബിക്കടലിലെന്ന് വിളിച്ചുപറഞ്ഞ് ദിവാൻ ഭരണത്തിന്റെ പീരങ്കിക്കുഴലുകളെ വാരിക്കുന്തമുയർത്തി കടന്നാക്രമിച്ച പുന്നപ്ര-വയലാറിലെ രണോത്സുകമായ യൗവ്വനമായി ജ്വലിച്ചുനിന്നതാണ് വി എസിന്റെ ജീവിതമെന്നത്. തൊഴിലാളികളെയും കുട്ടനാട്ടിലെ കർഷകതൊഴിലാളികളെയും ഉശിരൻ വിപ്ലവവർഗമായി സംഘടിപ്പിച്ച് അവകാശപോരാട്ടങ്ങളുടെ രണഭൂമികളിലേക്ക് നയിച്ച കമ്യൂണിസ്റ്റ് രാഷ്ട്രീയബോധത്തിന്റെ ഒരിക്കലും കീഴടങ്ങാത്ത സമരസേനാനിയാണ് സഖാവ് വി.എസ്. രാജീവ്ചന്ദ്രശേഖരന്മാർക്ക് വി എസിന്റെ മരണത്തോടെ അവസാനത്തെ കമ്യൂണിസ്റ്റും പോയല്ലോയെന്ന് ആശ്വസിക്കാനാവില്ല. രാജീവ്ചന്ദ്രശേഖരനെപോലുള്ള ശതകോടീശ്വരന്മാർ കമ്യൂണിസ്റ്റുകാരുടെ അവസാനം ആഗ്രഹിക്കുന്നത് സ്വാഭാവികം. അതവരുടെ വർഗപരവും അധീശത്വപരവുമായ താൽപര്യവുമാണ്.
എന്നാൽ അവർ ഓർമ്മിക്കേണ്ടത് ചരിത്രം ഓരോ കമ്യൂണിസ്റ്റിനെയും സൃഷ്ടിക്കുന്നത് രാജീവ് ചന്ദ്രശേഖരന്മാരുടെ വർഗം ഈ ഭൂമിയിലുണ്ടാക്കിയ ചൂഷണവും അനീതികളും അവസാനിപ്പിക്കുന്നതിനുള്ള പോരാട്ടം ഏറ്റെടുക്കുന്നതിനും മുന്നോട്ടുകൊണ്ടുപോകുന്നതിനുമാണ്. മനുഷ്യരെ അടിമകളും അധമരുമാക്കി അധികാരം കയ്യാളുന്നവർ അറിയേണ്ടത് ചൂഷണവും മർദ്ദനവും നിലനിൽക്കുന്ന കാലത്തോളം വി എസിന്റെ ആശയവും പ്രസ്ഥാനവും നിലനിൽക്കുകതന്നെ ചെയ്യുമെന്നാണ്. അത് അംബാനിമാരുടെയും അദാനിമാരുടെയും അധികാരവ്യവസ്ഥയെ, പിന്നോക്കക്കാരെയും ദളിതരെയും സ്ത്രീകളെയും ന്യൂനപക്ഷങ്ങളെയും വേട്ടയാടുന്ന ബ്രാഹ്മണ്യാധികാരത്തെയും ചോദ്യംചെയ്തുകൊണ്ടേയിരിക്കും. മുതലാളിത്തം ഭൂമിയിൽ സൃഷ്ടിച്ച അനീതിക്കും അസമത്വങ്ങൾക്കുമെതിരായ പോരാട്ടത്തെ ജീവവായുവായികണ്ട കമ്യൂണിസ്റ്റായിരുന്നു വി.എസ്. ഓരോ മലയാളിക്കും വി എസിന്റെ ജീവിതവും പോരാട്ടങ്ങളും കരുത്തും സമരാവേശവും പകർന്നുനൽകിക്കൊണ്ടേയിരിക്കും. വി എസ് അനശ്വരനായി തലമുറകളുടെ മനസ്സിൽ ജീവിച്ചുകൊണ്ടേയിരിക്കും. അതെ വി എസ് അനശ്വരനായി കോർപ്പറേറ്റ് ഹിന്ദുത്വ ഫാസിസ്റ്റുകൾക്കെതിരായ പോരാട്ടങ്ങളായി തുടരുകതന്നെയായിരിക്കും. വി.എസ് എന്ന കമ്യൂണിസ്റ്റ് ജീവിതത്തിൽനിന്നും തലമുറകൾ നീതിയ്ക്കും സമത്വത്തിനും വേണ്ടിയുള്ള പാഠങ്ങൾ പഠിച്ചുകൊണ്ടേയിരിക്കും.
വി എസിനെ മുസ്ലീം വിരുദ്ധനായും ഹിന്ദുവിരുദ്ധനായുമൊക്കെ ചിത്രീകരിക്കുന്നവർ കേരളത്തിന്റെ മതേതര രാഷ്ട്രീയത്തെയും സംസ്‌കാരത്തെയും രൂപപ്പെടുത്തിയ നവോത്ഥാനത്തിന്റെയും തൊഴിലാളിവർഗപോരാട്ടങ്ങളുടെയും ചരിത്രമറിയാത്തവരാണ്. ആ മഹാമുന്നേറ്റങ്ങളുടെ ചരിത്രഗതിയിൽ സ്വാതന്ത്ര്യസമരസേനാനിയായി, തൊഴിലാളി കർഷക അവകാശങ്ങൾക്കും സാമൂഹ്യവിവേചനങ്ങൾക്കെതിരായി വി എസ് നടത്തിയിട്ടുള്ള ഐതിഹാസികമായ ഇടപെടലുകളെയും കുറിച്ച് അജ്ഞരാണവർ.
സിപിഐ (എം)ന്റെ സ്ഥാപകനേതാക്കളിൽ അവശേഷിക്കുന്ന അവസാനത്തെ കണ്ണിയാണ് വി എസിന്റെ വേർപാടോടെ ഇല്ലാതായിരിക്കുന്നത്. 1964-ൽ അവിഭക്ത പാർടിയുടെ ദേശീയ എക്‌സിക്യുട്ടീവിൽ നിന്നും ഇറങ്ങിപ്പോന്ന 32 പേരിൽ ഒരാളാണ് സഖാവ് വി എസ് ആ 32 പേർ ആന്ധ്രയിലെ തെനാലിയിൽ യോഗം ചേർന്നാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെ വിപ്ലവകരമായ തുടർച്ച നിലനിർത്താനും പ്രസ്ഥാനത്തെ കയ്യടക്കുന്ന തിരുത്തൽവാദ നേതൃത്വത്തെ പിഴുതെറിയാനുമായി സിപിഐ (എം) രൂപീകരിക്കുന്നത്. ഈ ചരിത്രസംഭവങ്ങളിലെല്ലാം പങ്കാളിയായ ഇന്ത്യയിലെയും കേരളത്തിലെയും ഏറ്റവും തലമുതിർന്ന നേതാവിനെയാണ് വി.എസിന്റെ മരണത്തോടെ നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. പി കൃഷ്ണപിള്ളയുമായുള്ള ബന്ധമാണ് വി എസിനെ കമ്യൂണിസ്റ്റ് പാർടിയിലേക്ക് എത്തിക്കുന്നത്. ഏഴാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുണ്ടായിരുന്ന വി എസ് തന്റെ ജ്യേഷ്ഠൻ നടത്തിയിരുന്ന തയ്യൽക്കടയിൽ ജോലി ചെയ്തിരുന്നു. അവിടെ നിന്നാണ് ബ്രിട്ടീഷ് കയർഫാക്ടറിയിൽ ജോലിക്ക് പോകുന്നത്. അടിമ തുല്യമായ അവസ്ഥയായിരുന്നു കയർഫാക്ടറിയിൽ നിലനിന്നിരുന്നത്. ചൂഷണത്തിനും മുതലാളിമാരുടെ മർദ്ദനസംവിധാനങ്ങൾക്കുമെതിരെ തൊഴിലാളികളെ സംഘടിപ്പിച്ച് അവകാശബോധമുള്ളവരാക്കി മാറ്റാൻ വി എസ് ശക്തമായിതന്നെ ശ്രമിച്ചു.
ഈ സന്ദർഭത്തിലാണ് പി കൃഷ്ണപിള്ളയെ കണ്ടുമുട്ടുന്നതും 17 വയസ്സ് മാത്രം പ്രായമുള്ള വി എസിനെ കൃഷ്ണപിള്ള കുട്ടനാട്ടിലെ കർഷകതൊഴിലാളികളെ സംഘടിപ്പിക്കാൻ നിയോഗിക്കുന്നതും. കായൽ രാജാക്കന്മാരുടെയും ജന്മിമാരുടെയും കീഴിൽ മൃഗതുല്യമായി പണിയെടുത്ത് ജീവിക്കേണ്ടിവന്നിരുന്ന ദളിതവിഭാഗത്തിൽപ്പെട്ട കർഷകതൊഴിലാളികളിൽ ആത്മബോധവും അവകാശബോധവും വളർത്തിയത് വി എസിന്റെ ഇടപെടലുകളാണ്. കുട്ടനാട്ടിലെ കർഷകതൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് വി എസ് കേരളത്തിൽ ഉശിരൻ സമരങ്ങൾക്ക് നേതൃത്വംകൊടുക്കാൻ കഴിയുന്ന കർഷകതൊഴിലാളിയൂണിയന് അടിത്തറയിട്ടത്. ജാതിമേധാവിത്വവും ജന്മിത്വവും കുട്ടനാട്ടിലെ പാവപ്പെട്ട മനുഷ്യരെ സാമൂഹ്യമായും സാമ്പത്തികമായും എല്ലാതരത്തിലും അടിച്ചമർത്തിയിരുന്നു. ഇതിൽ നിന്ന് അവരെ മോചിപ്പിച്ച് അവകാശബോധമുള്ള മനുഷ്യരാക്കി മാറ്റിയത് വി എസിന്റെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ഇടപെടലുകളായിരുന്നു.
1940-ൽ സഖാവ് കൃഷ്ണപിള്ളയാണ് വി എസിന് പാർടി അംഗത്വം നൽകുന്നത്. കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ പ്രഥമ സംസ്ഥാനസമ്മേളനം നടന്നത് കോഴിക്കോടായിരുന്നു. 1943-ലെ ആ സമ്മേളനത്തിൽ വി എസ് പ്രതിനിധിയായി പങ്കെടുക്കുന്നുണ്ട്. 1946-ൽ അമേരിക്കൻ മോഡൽ അറബിക്കടലിലെന്ന മുദ്രാവാക്യമുയർത്തി പുന്നപ്രവയലാറിലെ പാവപ്പെട്ട തൊഴിലാളികൾ വാരിക്കുന്തമുയർത്തി ദിവാൻ സി പിയുടെ കിരാതഭരണത്തെ വെല്ലുവിളിച്ചു. അതിന്റെ ഭാഗമായി പൂഞ്ഞാറിൽ ഒളിവിൽകഴിഞ്ഞ വി എസിനെ പൊലീസ് പിടിച്ചുകൊണ്ടുപോയി പൂഞ്ഞാർ പൊലീസ് സ്റ്റേഷനിലും പാല ഔട്ട്‌പോസ്റ്റിലും ഭീകരമായ മർദ്ദനങ്ങൾക്ക് ഇരയാക്കി. ഇടിയൻ നാരായണൻപിള്ള എന്ന സബ്ഇൻസ്‌പെക്ടർ വി എസിന്റെ കണങ്കാലിൽ ബയണറ്റ് കുത്തിയിറക്കി. മരിച്ചുവെന്ന് കരുതി ചാക്കിൽക്കെട്ടി സഖാവ് വി എസിനെ കുറ്റിക്കാട്ടിൽ എറിയുകയായിരുന്നു. അതിന് പൊലീസിനെ സഹായിച്ച കോലപ്പനെന്ന കള്ളനാണ് വി എസ് മരിച്ചിട്ടില്ലെന്നും ശ്വാസമുണ്ടെന്നും തിരിച്ചറിഞ്ഞ് ആശുപത്രിയിലെത്തിച്ചത്. ഒരുപക്ഷേ പുന്നപ്ര വയലാർ സമരത്തിൽ ലോക്കപ്പ് മർദ്ദനം മൂലം രക്തസാക്ഷിയാവേണ്ട വി എസിന്റെ പുനർജന്മമായിരുന്നു അത്. മരണത്തിനുപോലും കീഴടങ്ങിക്കൊടുക്കാത്ത പോരാട്ടവീര്യമാണ് വി എസിന്റേത്.
മാർക്‌സിസത്തിലും അത് മുന്നോട്ടുവെക്കുന്ന സാമൂഹ്യവികാസത്തെ സംബന്ധിച്ച വീക്ഷണങ്ങളിലും അടിയുറച്ച വിശ്വാസമാണ് വി.എസിനെ പാവങ്ങളുടെ പടത്തലവനാക്കിമാറ്റിയത്. സോവിയറ്റ് യൂണിയന്റെ തകർച്ചയും സോഷ്യലിസത്തിനും കമ്യൂണിസത്തിനും അതുണ്ടാക്കിയ തിരിച്ചടികളും സൈദ്ധാന്തികമായി തന്നെ വിശകലനം ചെയ്ത് സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയും ഭാവി തന്നെയാണ് മനുഷ്യരാശിയുടെയും നിലനിൽപിന്റെ അടിസ്ഥാനമെന്നും വിശദീകരിക്കുന്ന നിരവധി ലേഖനങ്ങൾ വി എസ് എഴുതിയിട്ടുണ്ട്. അതിൽപലതും രണ്ട് വാള്യങ്ങളിലായി സമാഹരിച്ച് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഇതെഴുതുന്നയാൾ വി എസിനെ ശ്രദ്ധിച്ചു വായിക്കുന്നത് സോവിയറ്റ് യൂണിയനിൽ ഗോർബച്ചേവ് തുടങ്ങിവെച്ച ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയുമെല്ലാം വിവാദപരമായി ചർച്ചചെയ്യപ്പെടുന്ന 1980-കളുടെ അവസാനത്തിലാണ്. പൊതുവെ സിപിഐയും സിപിഐ എമ്മും എല്ലാം ഗോർബച്ചേവിന്റെ പരിഷ്‌കാരങ്ങളുടെ ആദ്യഘട്ടത്തെ സോഷ്യലിസത്തെ പരിഷ്‌കരിക്കാനും റഷ്യൻ സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ മുരടിപ്പുകൾ പരിഹരിക്കാനുമുള്ള നടപടികളായിട്ടാണ് കണ്ടത്.
സിപിഎസ്‌യുവിന്റെ 28‐-ാം പാർടി കോൺഗ്രസിൽ ഗോർബച്ചേവ് അവതരിപ്പിച്ച റിപ്പോർട്ട് ലോകമെമ്പാടുമുള്ള മാർക്‌സിസ്റ്റുകൾക്കിടയിൽ വലിയ ആശങ്കപരത്തിയിരുന്നു. അതിനെ ശരിവെക്കുന്ന സംഭവവികാസങ്ങളാണ് പിന്നീട് സോവിയറ്റ് യൂണിയനിൽ ഉണ്ടായത്. 1980-കളുടെ അവസാനമിറങ്ങിയ ചിന്തയുടെ മെയ്ദിന പതിപ്പിലോ ഒക്ടോബർ വിപ്ലവപ്പതിപ്പിലോ ആണെന്നാണ് ഓർമ്മ, ഗോർബച്ചോവിന്റെ പരിഷ്‌കാരങ്ങളെ ശക്തമായി വിമർശിച്ചുകൊണ്ട് ബി ടി രണദിവെയുടെയും വി എസിന്റെയുമൊക്കെ ലേഖനങ്ങൾ വന്നത്. സോവിയറ്റ് സോഷ്യലിസ്റ്റ് വ്യവസ്ഥതന്നെ ഇല്ലാതാക്കുംവിധം ഗോർബച്ചേവിന്റെ പരിഷ്‌കാരങ്ങൾ മാറിക്കൊണ്ടിരിക്കുകയാണെന്ന മുന്നറിയിപ്പായിരന്നു ആ ലേഖനങ്ങളിലേത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള ഒരു നവലോകക്രമം ഉണ്ടാക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചനയിലാണ് സോവിയറ്റ് യൂണിയനും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളും ഇല്ലാതാക്കപ്പെടുന്നത്.
സോഷ്യലിസ്റ്റ് വ്യവസ്ഥകൾ നേരിട്ടിരുന്ന വൈരുദ്ധ്യങ്ങളെയും പ്രശ്‌നങ്ങളെയും ശരിയായി മനസ്സിലാക്കാതെ ഗോർബച്ചേവ് മുതലാളിത്ത പരിഹാരങ്ങൾ തേടിപ്പോയി എന്നായിരുന്നു ആ ലേഖനങ്ങളിലെ വിമർശനം. സോഷ്യലിസം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള ദാർശനികവും പ്രായോഗികവുമായ പരിപാടിയെന്ന നിലയിൽ അവതരിപ്പിക്കപ്പെട്ട ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയുമെല്ലാം, കടുത്ത മുതലാളിത്ത പരിഷ്‌കാരങ്ങളായിരുന്നു. ദൂരവ്യാപകമായ സോഷ്യലിസ്റ്റ് നവീകരണത്തിനും തെറ്റുതിരുത്തലിനുമുള്ള വഴികളാരായാനുള്ള ഗോർബച്ചേവിന്റെ സൈദ്ധാന്തിക ഉൾക്കാഴ്ചയില്ലായ്മയെ വി എസ് തന്റെ ലേഖനത്തിൽ വിമർശനവിധേയമാക്കുന്നുണ്ട്. തന്റെ തെറ്റായ നിലപാടുകൾക്കെതിരായി ലെനിനെയും മാർക്‌സിനെയുമൊക്കെ ഉദ്ധരിച്ച ഗോർബച്ചേവിന്റെ വഞ്ചനാപരമായ സമീപനങ്ങളെയും ലേഖനം വിശകലനം ചെയ്യുന്നു. കൂടുതൽ ജനാധിപത്യം, കൂടുതൽ സോഷ്യലിസം എന്നെല്ലാമുള്ള പ്രത്യയശാസ്ത്ര സങ്കീർണത സൃഷ്ടിച്ച് മൂർത്തമായ യാഥാർത്ഥ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയായിരുന്നു ഗോർബച്ചേവിസ്റ്റുകൾ എന്നാണ് വി എസ് ആ ലേഖനത്തിൽ ചൂണ്ടിക്കാണിച്ചത്. വിശദാംശങ്ങളിലേക്ക് പോകുന്നില്ല. ദേശീയവും സാർവദേശീയവുമായ സംഭവവികാസങ്ങളെയും സോഷ്യലിസത്തിന്റെ ഭാവിയെയുമെല്ലാം സംബന്ധിച്ച സൈദ്ധാന്തികവും രാഷ്ട്രീയവുമായ നിരന്തര അന്വേഷണങ്ങളും പഠനങ്ങളും വി എസ് നടത്തിയിരുന്നു.
21-ാം തിയ്യതി വൈകിട്ട് എ കെ ജി പഠനഗവേഷണകേന്ദ്രത്തിൽ വി എസിനെ അവസാനമായൊന്ന് കാണാനായെത്തിയ ആയിരങ്ങളുടെ തിക്കിലുംതിരക്കിലും നിൽക്കുമ്പോൾ മനസ്സിലൂടെ കടന്നുപോയത് വി എസിന്റെ ചരിത്രം സൃഷ്ടിച്ച പോരാട്ടങ്ങളാണ്. വ്യക്തിപരമായി സഖാവ് വി എസുമായി നേരിട്ട് സംസാരിക്കുന്നത് കമ്യൂണിസ്റ്റ് വിപ്ലവകാരി വർഗീസിന്റെ വ്യാജഏറ്റുമുട്ടൽ കൊലപാതകത്തെ സംബന്ധിച്ച പൊലീസ് കോൺസ്റ്റബിൾ രാമചന്ദ്രൻനായരുടെ വെളിപ്പെടുത്തൽ വന്ന ഘട്ടത്തിലാണ്. രാമചന്ദ്രൻനായരുടെ വെളിപ്പെടുത്തലിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യം കേരളസമൂഹത്തിലാകെ ചർച്ചചെയ്യപ്പെടുന്ന സന്ദർഭത്തിലാണ് പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയിൽചെന്ന് ഞാനും എം ശിവശങ്കരനും വി എസിനെ നേരിട്ടു കണ്ട് സംസാരിക്കുന്നത്.
സഖാവ് എം എ ബേബിയായിരുന്നു വി എസിനെ കാണാൻ ഞങ്ങളോട് പറഞ്ഞതും അതിനുള്ള അവസരമൊരുക്കിത്തന്നതും. പ്രിയങ്കരരായ ഭാസുരേന്ദ്രബാബുവും ടി എൻ ജോയിയുമെല്ലാം ബേബി സഖാവുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു വി എസിനെ കണ്ട് സംസാരിക്കണമെന്ന നിർദ്ദേശം വന്നത്. രാമചന്ദ്രൻനായരുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് സഖാവ് വർഗീസിന്റെ നിഷ്ഠുരമായ കൊലപാതകത്തിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ ശിക്ഷാനടപടികൾക്കുവേണ്ടിയുള്ള പ്രക്ഷോഭങ്ങളും നിയമനടപടികളും ആരംഭിച്ചത്. കുറ്റവാളികളെ നിയമത്തിനുമുമ്പിൽ കൊണ്ടുവരാനാവശ്യമായ ശക്തമായ ഇടപെടലാണ് ആ കാലത്ത് വി എസ് നടത്തിയത്.
1990-കളിൽ ആരംഭിച്ച ആഗോളവൽക്കരണനയങ്ങൾ കേരളത്തിന്റെ സമ്പദ്ഘടനയിലും സാമൂഹ്യജീവിതത്തിലും അത്യന്തം പ്രതിലോമപരമായ ആഘാതങ്ങളാണ് സൃഷ്ടിച്ചത്. അതിന്റെ ഫലമായിരുന്നു രാഷ്ട്രീയരംഗത്തെ ക്രിമിനൽവൽക്കരണവും മാഫിയവൽക്കരണവും. അതേപോലെ സാമൂഹ്യജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളെയും വർഗീയവൽക്കരിക്കുന്ന മതതീവ്രവാദശക്തികളുടെയും ഹിന്ദുത്വരാഷ്ട്രീയത്തിന്റെയും അക്രമാസക്തമായ കടന്നുവരവും കേരളീയ സാമൂഹ്യജീവിതത്തെ അസ്വസ്ഥജനകമാക്കി. റിയൽഎസ്റ്റേറ്റ് ബിസിനസ്സുകാരും വനംകയ്യേറ്റക്കാരും പൊതുമുതൽ കയ്യടക്കാൻ കച്ചകെട്ടിയ നാടനും വിദേശികളുമായ കുത്തകകളും സെക്‌സ് റാക്കറ്റുകളും അവയവ കച്ചവടക്കാരും ഭീഷണമായ മാനങ്ങളിൽ ഉയർന്നുവന്നു. ഇവർക്കെല്ലാമെതിരായ ശക്തമായ പോരാട്ടങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിന് നിർണ്ണായകമായ ഇടപെടലാണ് സഖാവ് വി എസ് നടത്തിയിട്ടുള്ളത്.
ആഗോളവൽക്കരണം സൃഷ്ടിച്ച പുതിയ സാമൂഹ്യവൈരുധ്യങ്ങളുടേതായ വസ്തുനിഷ്ഠ സാഹചര്യമാണ് വി എസിന്റെ പോരാട്ടങ്ങളെ നിർണ്ണയിച്ചത്. കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും മനുഷ്യരാശിയെയാകെ വേട്ടയാടുന്ന ഒരു ചരിത്രസന്ധിയെകൂടിയാണ് ആഗോളവൽക്കരണകാലമെന്നത്. ഭൗമതാപനവും വരൾച്ചയും വനശോഷണവുമൊക്കെ സൃഷ്ടിക്കുന്ന പരിസ്ഥിതിപ്രതിസന്ധിയെ ആഴത്തിൽതന്നെ തിരിച്ചറിഞ്ഞുകൊണ്ടുള്ള മനുഷ്യരാശിയുടെ അതിജീവനത്തിന് വനം ഉൾപ്പെടെയുള്ള പ്രകൃതിയുടെ സംരക്ഷണം പ്രധാനമാണെന്ന ബോധ്യത്തിൽനിന്നുള്ള പ്രതിരോധങ്ങളാണ് വി എസ് തീർക്കാൻ ശ്രമിച്ചത്. അതിലേറ്റവും പ്രധാനമായിരുന്നു മതികെട്ടാൻമല സംരക്ഷിക്കാനുള്ള വി.എസിന്റെ സാഹസികമായ ഇടപെടലുകൾ. ശാന്തൻപാറയിൽ നിന്ന് 11 കിലോമീറ്റർ ദൂരെ തമിഴ്‌നാട് അതിർത്തിയോട് ചേർന്നുകിടക്കുന്ന കേരളത്തിന്റെ നിബിഡ വനമേഖലയാണ് മതികെട്ടാൻമല.
ഈ ചോലവനത്തെ സംരക്ഷിച്ചില്ലെങ്കിൽ കേരളംതന്നെ ഊഷരമാകും. ഈയൊരു തിരിച്ചറിവാണ് വി എസിനെ മതികെട്ടാൻ ചോല വനത്തിന്റെ ഉൾത്തുടിപ്പുകളിലേക്ക് നടന്നുകയറാൻ പ്രേരിപ്പിച്ചത്. പ്രകൃതിയോടും മനുഷ്യനോടുമുള്ള അഗാധമായ പ്രതിബദ്ധതയുടെ ഉൾപ്രേരണയിലാണ് 80 വയസ്സുകഴിഞ്ഞ വി എസ് മതികെട്ടാൻമലയിലേക്ക് കുണ്ടുംകുഴിയും കൂർത്തകല്ലുകൾ മുഴച്ചുനിൽക്കുന്ന വനപാതയിലൂടെ നടന്നുനീങ്ങിയത്.
പ്രായത്തിന്റെ ബുദ്ധിമുട്ടുകളെയൊന്നും വകവെക്കാതെയാണ് വി.എസ് കാനനപാതയിലൂടെ ഉദ്ധതമായ ശിരസ്സുമായി കാട്ടുകൊള്ളക്കാർക്കെതിരെ കടന്നുചെന്നത്. മലയടിവാരത്തെ വെള്ളാരപ്പാറയിലെത്താൻ ജീപ്പിലൂടെ ഒരു മണിക്കൂർ സഞ്ചരിച്ചാൽ ആരോഗ്യവാനായ ഏതൊരാളുടെയും നട്ടെല്ലൊടിഞ്ഞുപോകുന്നവിധം ബുദ്ധിമുട്ടുള്ളതായിരുന്നു ആ കാനനപാതകൾ. അതീവ അപകടകരമായ 15 ഓളം ഹെയർപിൻ വളവുകൾ. കിഴക്കാംതൂക്കായ പാത. ആർക്കും പേടിതോന്നുന്ന വഴിയിലൂടെയാണ് വി.എസ് മതികെട്ടാനിലെ വനഭൂമി കയ്യേറുന്ന ക്രിമിനലുകളെ പിടിച്ചുകെട്ടാനായി നടന്നുചെന്നത്. ഒരു കല്ലിൽനിന്ന് മറ്റൊരു കല്ലിലേക്ക് ചാടിച്ച് ചാടിച്ച് മാത്രമാണ് ജീപ്പ് ഡ്രൈവ് ചെയ്യാൻ കഴിഞ്ഞത്. വഴിയിലെല്ലാം വി എസിനെ തടയാൻ കയ്യേറ്റ മാഫിയ പലതരം തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു. പലയിടത്തും കാട്ടുപാതയിൽ കിടങ്ങുകൾ കുഴിച്ചുണ്ടാക്കിയിരുന്നു. മരത്തടികളും ഉരുളൻകല്ലുകളും നീക്കിയിട്ട് തടസ്സങ്ങളുണ്ടാക്കിയിരുന്നു. മലയരയർ എന്ന വ്യാജേന അമ്പുംവില്ലുമായി വി എസിനെ ഭീഷണിപ്പെടുത്താനും ക്രിമിനൽസംഘം ആളുകളെ വിട്ടിരുന്നു.
മതികെട്ടാൻമലയിലെ വെള്ളാരപ്പാറ കോളനിയിലെത്തിയപ്പോൾ സകല ആധുനിക സൗകര്യങ്ങളോടുംകൂടി മാസങ്ങളായി അവിടെ താമസിക്കുന്ന ആളുകൾ വി എസിനോട് തങ്ങൾ ആദിവാസികളാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാനാണ് നോക്കിയത്. വി എസിനോടൊപ്പമുള്ള പത്രപ്രവർത്തകരാണ്, പരിഷ്‌കൃതഭാഷയിൽ സംസാരിക്കുന്ന ഇവർ ആദിവാസികളല്ലെന്നും വനംമാഫിയകൾ കൊണ്ടുവന്ന് താമസിപ്പിച്ച ക്രിമിനലുകളാണെന്നും തിരിച്ചറിഞ്ഞത്. എന്തായിരുന്നു വി എസ് കണ്ട കാഴ്ച. മതികെട്ടാൻമലയിലെ താഴ്ഭാഗത്തുള്ള വനങ്ങളാകെ വെട്ടിവെളിപ്പിച്ചിരിക്കുകയായിരുന്നു. കയ്യേറ്റക്കാർ ഡയനാമിറ്റ് തകർത്ത കൂറ്റൻമരത്തിന്റെ ഹൃദയംതകർക്കുന്ന കാഴ്ചയും വി എസിന് കാണാൻ കഴിഞ്ഞു. വനത്തിനകത്ത് ജെസിബി വെച്ച് കിലോമീറ്ററുകളോളം നീളത്തിൽ 20 അടിയിലേറെ വീതിയിൽ റോഡുകൾ പണിതുകൊണ്ടിരിക്കുന്നു.
ഇതെല്ലാം സംസ്ഥാനം ഭരിക്കുന്ന സർക്കാരിന്റെ സഹായത്തോടുകൂടിയാണ് വനം കയ്യേറ്റക്കാർ ചെയ്തുകൂട്ടിയത്. കേരളത്തിന്റെ വനഭൂമി സംരക്ഷിക്കാനുള്ള പോരാട്ടത്തിലെ ധീരവും ഉജ്ജ്വലവുമായ ഇടപെടലായിരുന്നു മതികെട്ടാനിലേത്. അതേപോലെ മറയൂരിലെ ചന്ദനമരങ്ങൾ സംരക്ഷിക്കാനുള്ള വി എസിന്റെ ഇടപെടലും വനം-‐ചന്ദനമാഫിയകളെ നിലയ്ക്കുനിർത്താനുള്ള ഉജ്ജ്വലമായൊരു ജനകീയ ഇടപെടലായിരുന്നു. ഒരു ലക്ഷത്തിൽപരം ചന്ദനമരങ്ങളുണ്ടായിരുന്ന മറയൂരിൽ 2005 ജനുവരി 30 ആകുമ്പേഴേക്കും അത് 57,500 ആയി കുറഞ്ഞുവെന്നാണ് ആ കാലത്ത് പുറത്തുവന്ന കണക്കുകൾ സൂചിപ്പിച്ചത്. ചന്ദനമാഫിയകളുമായി അടുത്തബന്ധം പുലർത്തുന്ന യുഡിഎഫ് സർക്കാരിലെ ഉന്നതരുടെ സഹായത്തോടുകൂടിയാണ് റവന്യൂ ഭൂമിയിലെയും പട്ടയസ്ഥലത്തെയും സ്വകാര്യ, പുറമ്പോക്ക് സ്ഥലങ്ങളിലെയും ചന്ദനമരങ്ങൾ നഷ്ടപ്പെട്ടത്. ഇതിന്റെയൊന്നും ഒരു കണക്കും അധികൃതരുടെ കൈവശമുണ്ടായിരുന്നില്ല. ഭീകരമായൊരു ക്രിമിനൽസംഘമായിരുന്നു ചന്ദനക്കൊള്ളയ്ക്കു പിറകിൽ.
കോഴിക്കോട് ജില്ലയിലെ ജീരകപ്പാറ വനംകൊള്ളയ്‌ക്കെതിരായി ഉയർന്നുവന്ന ജനകീയപ്രക്ഷോഭത്തിന് ആത്മവിശ്വാസം പകർന്നുകൊണ്ടാണ് വി എസ് വനമേഖല സന്ദർശിച്ചത്. കേരളമാകെ ഉന്നതരാഷ്ട്രീയ നേതൃത്വവും മാഫിയകളും ചേർന്നുള്ള വനംകൊള്ളയ്‌ക്കെതിരായ പ്രതിരോധം വളർത്തിക്കൊണ്ടുവരുന്നതിന് വി എസിന്റെ ഇടപെടലുകൾമൂലം കഴിഞ്ഞുവെന്നതാണ് ചരിത്രം. മൂന്നാറിലെ അനധികൃത നിർമ്മാണങ്ങൾക്കും ഭൂമി കയ്യേറ്റങ്ങൾക്കുമെതിരെ വി എസ് സർക്കാർ സ്വീകരിച്ച നടപടികളും മാഫിയോക്രസിക്കും നിയമവിരുദ്ധശക്തികൾക്കുമെതിരായ ശക്തമായ ഇടപെടലുകളായിരുന്നു.
അതേപോലെ റിയൽ എസ്റ്റേറ്റ് ബിസനസ്സും സ്വർണകള്ളക്കടത്തും ചേർന്നുകൊണ്ടാണ് കോഴിക്കോട് ഐസ്‌ക്രീംപാർലർ കേസ് ഉൾപ്പെടെയുള്ള പെൺവാണിഭസംഘങ്ങളും സെക്‌സ് റാക്കറ്റുകളും കേരളമാകെ വളർന്നുവന്നത്. സൂര്യനെല്ലി സംഭവം കേരളത്തിന്റെ സാമൂഹ്യമനസ്സാക്ഷിയെ പിടിച്ചുലച്ച ഉന്നതരായ ആളുകൾ പങ്കാളികളായ കേസായിരുന്നു. വിതുര, തോപ്പുംപടി തുടങ്ങി നിരവധി സെക്‌സ് റാക്കറ്റുകൾ ആ കാലത്ത് ഉയർന്നുവന്നു. ഇത്തരം ക്രിമിനൽസംഘങ്ങൾക്കും പെൺകുട്ടികളുടെ ജീവിതത്തെ തകർക്കുന്ന ഉന്നത രാഷ്ട്രീയ നേതാക്കൾക്കുമെതിരെ വി.എസ് ശക്തമായ നിലപാടാണ് സ്വീകരിച്ചത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരായി മുഖ്യമന്ത്രിയെന്ന നിലയിൽ ശക്തമായ നടപടികൾ സ്വീകരിക്കാൻ വി എസ് ശ്രദ്ധിച്ചു. സ്ത്രീ സുരക്ഷയ്ക്കും സ്ത്രീകളുടെ ജനാധിപത്യ അവകാശങ്ങൾക്കുംവേണ്ടി പ്രതിപക്ഷനേതാവെന്ന നിലയ്ക്കും മുഖ്യമന്ത്രിയെന്ന നിലയിലും അദ്ദേഹം എടുത്ത നിലപാടുകൾ എക്കാലത്തും ഓർമ്മിക്കപ്പെടും.
വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീർണതയ്ക്കും വർഗീയശക്തികൾക്കുമെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെയും പര്യായപദമാണ് ഇന്ന് മലയാളിയെ സംബന്ധിച്ചിടത്തോളം വി.എസ്. സംഘടിതമായ കമ്യൂണിസ്റ്റ് ഇടതുപക്ഷപ്രസ്ഥാനത്തിന്റെ അടിത്തറയിൽ നിന്ന് ആഗോളവൽക്കരണം തീക്ഷ്ണമാക്കിയ അഴിമതിക്കും ഭരണരംഗത്തെ ക്രിമിനൽവൽക്കരണത്തിനും പരിസ്ഥിതി തകർക്കുന്ന നയങ്ങൾക്കും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും ദളിത് ന്യൂനപക്ഷ മർദ്ദനങ്ങൾക്കുമെല്ലാമെതിരായ ജനകീയ പ്രക്ഷോഭം വളർത്തിയെടുക്കുന്നതിലൂടെയാണ് മാറുന്ന ലോകത്തിന്റെയും സമൂഹത്തിന്റെയും സമരനായകനായി വി.എസ് മാറിയത്. ജനങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട നേതാവും സഖാവുമായി വി.എസിനെ ഹൃദയത്തിലേറ്റിയത്. l