അധ്യായം 1: ബൂർഷ്വാ മാധ്യമങ്ങൾ
1871 ജൂലൈ മാസം മൂന്നിന് ന്യൂയോർക്ക് വേൾഡ് എന്ന പത്രത്തിന്റെ ലേഖകൻ ആർ ലാൻഡോർ, കാൾ മാർക്സുമായി ഒരു അഭിമുഖം നടത്തുന്നുണ്ട്. മാർക്സ് തന്റെ ജീവിതകാലത്ത് പത്രാധിപരായും ലേഖകനായും ഒക്കെ പ്രവർത്തിച്ചതിന്റെ അനുഭവമുള്ള ആളാണ്. ഒന്നാം ഇന്റർനാഷണൽ രൂപീകരിച്ച കാലമായിരുന്നു അത്. അഭിമുഖം നടത്തുന്ന ദിവസത്തെ ഫ്രഞ്ച് പത്രങ്ങളിൽ ഒരു വാർത്തയുണ്ടായിരുന്നു. “ഇന്റർനാഷണലിന്റെ നേതാവായ കാൾ മാർക്സിനെ ഫ്രാൻസിലേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ അറസ്റ്റ് ചെയ്തു. ലണ്ടൻ പോലീസ് ഇദ്ദേഹവുമായി ബന്ധപ്പെട്ട ഈ സംഘടനയുടെ പ്രവർത്തനം വളരെക്കാലമായി ശ്രദ്ധിച്ചു വരികയായിരുന്നു. അതിനെ അമർച്ച ചെയ്യാൻ അവരിപ്പോൾ സജീവമായ നടപടികൾ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്.’ എന്നായിരുന്നു വാർത്ത. പോലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് ബെൽജിയം ജയിലിൽ കിടക്കുകയാണ് മാർക്സ് എന്നായിരുന്നു വാർത്ത. എന്നാൽ തന്നെ കാണാൻ വന്ന മാധ്യമപ്രവർത്തകന് സ്വന്തം വീട്ടിലിരുന്ന് ആഭിമുഖം നൽകിക്കൊണ്ടിരിക്കുകയായിരുന്നു മാർക്സ്. അക്കാലത്ത് പോലും ഇങ്ങനെ കമ്മ്യൂണിസ്റ്റുകാർക്കെതിരായി പച്ചക്കള്ളം എഴുതിവിടാൻ മുതലാളിത്ത മാധ്യമങ്ങൾക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല എന്നതാണ് ഇത് വ്യക്തമാക്കുന്നത്. തനിക്കെതിരായ വ്യാജ വാർത്തയെക്കുറിച്ച് നിഷേധക്കുറിപ്പ് എഴുതി കൈകൾ തളർന്നിട്ടും ഒരു പത്രം പോലും അത് പ്രസിദ്ധീകരിച്ചില്ല എന്ന കാര്യവും മാർക്സ് തന്നെ വ്യക്തമാക്കുന്നുണ്ട്. അതായിരുന്നു ബൂർഷ്വാ മാധ്യമപ്രവർത്തനത്തിന്റെ അന്നത്തെ രീതിയെങ്കിൽ അത് പൂർവാധികം ശക്തിയോടെ സംഘടിതമായി ഇന്ന് ബൂർഷ്വാ മാധ്യമങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
കാൾ മാർക്സിന്റെ ക്ലാസിക് കൃതി എന്ന് വിശേഷിപ്പിക്കാവുന്ന മൂലധനം ഒന്നാം സഞ്ചിക തന്നെയാണ്. അതിൽ ആദ്യത്തെ അധ്യായത്തിൽ തന്നെ ചർച്ച ചെയ്യുന്നത് ചരക്ക് എന്ന സങ്കല്പനത്തെക്കുറിച്ചാണ്. മൂലധനത്തിന്റെ ഒന്നാം സഞ്ചികയുടെ ആദ്യ ജർമൻ പതിപ്പിന് എഴുതിയ മുഖവരയിൽ മാർക്സ് ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട്. “അധ്വാനത്തിന്റെ ഫലം ചരക്കിന്റെ രൂപം കൊയ്ക്കൊള്ളുന്നു; അഥവാ ചരക്കിന് മൂല്യം ഉണ്ടാകുന്നു എന്നത് ബൂർഷ്വാസമ്പ്യവസ്ഥയുടെ ഏറ്റവും പ്രാഥമിക രൂപമായ കോശ (cell) രൂപമാണ്. ആയതിനാൽ നമ്മുടെ അന്വേഷണം ആരംഭിക്കേണ്ടത് ചരക്കിന്റെ വിശകലനത്തോടെയാണ്’ ഇതിൽനിന്ന് മുതലാളിത്ത വ്യവസ്ഥയെ വിശകലനം ചെയ്യുന്നതിൽ ചരക്കിന്റെ പ്രാധാന്യം വ്യക്തമാണ്. വിനിമയം ചെയ്യപ്പെടുന്നതിന് എന്ന കാഴ്ചപ്പാടോടെ ഉല്പാദിപ്പിക്കുന്നതാണ് ചരക്ക് എന്ന് നിർവചിക്കാനാവില്ല. സമൂഹത്തിലെ തൊഴിൽ വിഭജനം ചരക്കുല്പാദനത്തെ സംബന്ധിച്ചിടത്തോളം ആവശ്യം വേണ്ട ഒരു ഉപാധിയാണ്. എന്നാൽ അതുകൊണ്ട് മാത്രം ചരക്കുല്പാദനം ഉണ്ടാവില്ല. പൗരാണിക ഇന്ത്യയിൽ ഗ്രാമസമൂഹത്തിൽ തൊഴിലിന്റെ സാമൂഹ്യവിജനം ഉണ്ടായിരുന്നു. എന്നാൽ അതുകൊണ്ടുമാത്രം അന്ന് ചരക്കുല്പാദനം ഉണ്ടായിരുന്നു എന്ന് പറയാനാവില്ല. അന്ന് ഭൂമിയും മറ്റു ഉത്പാദനോപാധികളും ഒക്കെ പൊതു ഉടമസ്ഥതയിൽ ആയിരുന്നു. അതിനാൽ അന്ന് വിപണിയോ ചരക്കുല്പാദനം ഉണ്ടായിരുന്നില്ല. ഉൽപാദനോപാധികളുടെ സ്വകാര്യ ഉടമസ്ഥതയും അധ്വാനവും ചരക്ക് രൂപപ്പെടുന്നതിന് അത്യന്താപേക്ഷിതമാണ്. അങ്ങനെയായാലേ ആളുകൾ നിർമിക്കുന്ന ഉൽപ്പന്നങ്ങൾ ചരക്കുകൾ ആയി മാറുകയുള്ളൂ. ചരിത്രപരമായി പരക്കുൽപാദനം വ്യത്യസ്തമായ സാമൂഹ്യവസ്ഥകളിൽ വ്യത്യസ്തമായാണ് രൂപം കൊണ്ടിട്ടുള്ളത്. എന്നാൽ ആധുനിക കാലത്താണ് ചരക്കുല്പാദനം സാമൂഹ്യ ഉത്പാദന രീതിയുടെ പ്രമുഖ വശമായി മാറുന്നത്. ചരക്കുല്പാദനം മുതലാളിത്തത്തിലാണ് പൂർണ്ണ വികാസം കൈവരിക്കുന്നത്. അതുകൊണ്ടാണ് മുതലാളിത്തം ഒരു സാർവത്രിക ചരക്കുല്പാദന വ്യവസ്ഥയാണ് എന്ന് പറയുന്നത്. മാർക്സ് മുതലാളിത്തത്തിന്റെ വിശകലനം ചരക്കിൽ നിന്ന് ആരംഭിക്കുന്നതും ഇതുകൊണ്ടുതന്നെയാണ്.
മനുഷ്യന്റെ അധ്വാനശേഷിയെ ചരക്കാക്കി മാറ്റി എന്നതാണ് മുതലാളിത്തത്തിന്റെ ഏറ്റവും വലിയ സവിശേഷത. അധ്വാനിക്കാനുള്ള ഒരാളുടെ കഴിവ് അല്ലെങ്കിൽ അധ്വാനശേഷി ഒരു ചരക്കായി മാറുന്നതോടെ അത് ആ വ്യക്തിയിൽ നിന്ന് അന്യവൽക്കരിക്കപ്പെടുകയും വാങ്ങാനും വിൽക്കാനും കഴിയുന്ന ഒന്നായി മാറുകയും ചെയ്യുന്നു. മുമ്പ് അത് ആ വ്യക്തിയുടെ സ്വകാര്യ സ്വത്തായിരുന്നു. മുതലാളിത്ത സമൂഹത്തിലാണ് ചരക്കുൽപാദനത്തിന്റെ പൂർണ്ണമായ വികാസം നടക്കുന്നത്. ഇതുവരെ ചരക്കല്ലാതിരുന്ന പലതിനെയും ചരക്കാക്കി മാറ്റുന്നതിന് അല്ലെങ്കിൽ മുതലാളിത്തത്തിന് കഴിഞ്ഞിട്ടുണ്ട്. മുതലാളിത്തം വളരുന്നത് ചരക്കുവൽക്കരണം ത്വരിതപ്പെടുത്തിക്കൊണ്ടാണ്. അതുകൊണ്ടുതന്നെ ലോക വിപണി എന്നത് മുതലാളിത്തവളർച്ചയിലെ ഒരു നിർണായക വികാസമാണ് കഴിഞ്ഞ ഏതാനും ദശകങ്ങളിൽ നേടിയത്. ഇതിന്റെ ഭാഗമായി ആശയവിനിമയത്തെ ചരക്കുവൽക്കരിക്കുന്നതിന് മുതലാളിത്തത്തിന് കഴിഞ്ഞിരിക്കുന്നു. മുതലാളിത്തത്തിന്റെ ചരിത്രം തന്നെ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ചരുക്കുവൽക്കരണത്തിന്റേതാണ്. മൂലധനം എന്ന സങ്കൽപ്പത്തിൽ തന്നെ ഒരു ലോകവിപണി സൃഷ്ടിക്കുന്നതിനുള്ള പ്രവണത പ്രകടമാണ്. അതിനു മുമ്പിൽ പ്രത്യക്ഷപ്പെടുന്ന എല്ലാ പരിമിതികളെയും മറികടക്കേണ്ട ഒരു തടസ്സമായാണ് മുതലാളിത്തം ഇന്ന് കാണുന്നത്. മുതലാളിത്ത വളർച്ചയുടെ പ്രേരകശക്തി തന്നെ ഇത്തരത്തിലുള്ള ചരക്കുവൽക്കരണമാണ്. മനുഷ്യസമൂഹത്തിൽ ചരക്കുകളുടെ കൈമാറ്റപ്രക്രിയയ്‌ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് മാർക്സും എംഗത്സും തന്നെ ഇങ്ങനെ സൂചിപ്പിച്ചിട്ടുണ്ട്. “ചരക്കുകളുടെ കൈമാറ്റപ്രക്രിയയാണ് അവർക്കിടയിൽ നിലനിൽക്കുന്ന യഥാർത്ഥ ബന്ധം. ഇതൊരു സാമൂഹ്യപ്രക്രിയയാണ്. ഇത് വ്യക്തികൾ ഓരോരുത്തരും മറ്റുള്ളവരിൽ നിന്ന് സ്വതന്ത്രമായി നടത്തുന്നതാണ്. (മൂലധനം) ഈ ബന്ധത്തിൽ നിന്നാണ് ആശയവിനിമയം രൂപംകൊള്ളുകയും വികസിക്കുകയും ചെയ്യുന്നത്. അതാണ് ഇപ്പോൾ ചരക്കുവൽക്കരിക്കപ്പെട്ടിരിക്കുന്നത്. അതിന്റെ ഭാഗമാണ് മാധ്യമ ലോകം.
ഭരണകൂടവും വിപ്ലവവും എന്ന ലഘു ഗ്രന്ഥത്തിൽ എങ്ങനെയാണ് ഭരണകൂടം ആവിർഭവിച്ചത് എന്ന് ലെനിൻ വ്യക്തമാക്കിയിട്ടുണ്ട്. “വർഗ്ഗ വൈരുദ്ധങ്ങളെ അനുരഞ്ജിപ്പിക്കാൻ വയ്യാതായിട്ടുണ്ടെന്നതിന്റെ പ്രത്യക്ഷ രൂപവും ഫലവും ആണ് ഭരണകൂടം. വർഗ്ഗ വൈരുദ്ധ്യങ്ങളെ എപ്പോൾ, എവിടെ, എത്രകണ്ട്, വസ്തുനിഷ്ഠമായി അനുരഞ്ജിപ്പിക്കാൻ വയ്യാതായിത്തീരുന്നുണ്ടോ അപ്പോഴും അവിടെയും അത്രകണ്ടുമാണെന്ന് ഭരണകൂടം ആവിർഭവിക്കുന്നത്.’ ഭരണകൂടം നിലനിൽക്കുന്നു എന്നതിനർത്ഥം വർഗ്ഗവൈരുദ്ധ്യങ്ങൾ അനുരഞ്ചിപ്പിക്കാൻ വയ്യാത്ത സ്ഥിതിയിലാണ് എന്നാണ്. ഭരണകൂടത്തിന്റെ ഉള്ളടക്കം എന്തെന്നും ലെനിൻ വ്യക്തമാക്കിയിട്ടുണ്ട്. “ബലപ്രയോഗത്തിന്റെ ഒരു സംഘടനയാണ് ഭരണകൂടം. ഏതെങ്കിലും ഒരു വർഗ്ഗത്തെ അടിച്ചമർത്താനുള്ള ഭരണകൂടത്തിന്റെ സംഘടനയാണത്’ എന്നും തുടർന്ന് ലെനിൻ വ്യക്തമാക്കിയിട്ടുണ്ട്. മുതലാളിത്ത വ്യവസ്ഥ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ എത്തിയപ്പോഴാണ് ഫാസിസം രൂപം കൊണ്ടത്. ജനാധിപത്യത്തിലൂടെ അധികാരത്തിൽ വന്നവർ തന്നെ ജനാധിപത്യം അവസാനിപ്പിക്കാൻ തയ്യാറാവുമെന്ന് ചരിത്രം നമ്മെ പഠിപ്പിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ അനുവർത്തിച്ചുവന്നിരുന്ന നെഹ്റുവിയൻ സാമ്പത്തിക നയങ്ങൾ പ്രതിസന്ധിയിൽ എത്തിയപ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. ജനാധിപത്യം സ്വേച്ഛാധിപത്യത്തിലേക്ക് പരിവർത്തിക്കുന്നത് വർഗ്ഗ വൈരുദ്ധ്യങ്ങൾ രൂക്ഷമാകുമ്പോഴാണ്.
ബൂർഷ്വാ ജനാധിപത്യ പ്രക്രിയയോടൊപ്പം വളർന്നു വികസിച്ച ഒരു കാഴ്ചപ്പാടാണെന്ന് മാധ്യമസ്വാതന്ത്ര്യം എന്നത്. സർവ്വാധികാരിയായിരുന്ന രാജാവ് ഏകപക്ഷീയമായി ചെയ്തുവന്നിരുന്ന നിയമ നിർമ്മാണം, നിയമ നിർവഹണം, നീതിന്യായ നിർവഹണം എന്നിവ ജനാധിപത്യ പ്രക്രിയ ആരംഭിച്ചതോടെ മൂന്ന് വ്യത്യസ്തങ്ങളായ തട്ടുകളായി വിഭജിക്കപ്പെട്ടു. പരസ്പര ബഹുമാനത്തോടെയാണ് ഈ മൂന്നു വിഭാഗങ്ങളും പ്രവർത്തിച്ചുവന്നിരുന്നത്. ഇവ കാണിക്കുന്നത് തെറ്റുകളെ ജനപക്ഷത്തു നിന്നുകൊണ്ട് ചൂണ്ടിക്കാണിക്കാനും ജനവികാരം പ്രകടിപ്പിക്കാനും ഒക്കെയുള്ള ഒരു ഉപകരണമായാണ് മാധ്യമ വ്യവസ്ഥ വളർന്നുവന്നത്. തുടക്കത്തിൽ മാധ്യമങ്ങൾ ചെറുകിട മുതലാളിമാരുടെ കൈവശമായിരുന്നു. തുടക്കത്തിൽ മുതലാളിത്തവും പരസ്പരം മത്സരിക്കുന്ന മുതലാളിമാരാണ് നയിച്ചിരുന്നത്. രാജവാഴ്ച അവസാനിപ്പിക്കുകയും പാർലമെൻററി ജനാധിപത്യം സ്ഥാപിക്കുകയും ചെയ്യേണ്ടത് ആ കാലഘട്ടത്തിലെ മുതലാളിത്തത്തിന്റെ ആവശ്യമായിരുന്നു. അതിന് അവർ മാധ്യമങ്ങളെ നന്നായി ഉപയോഗിച്ചു. മുതലാളിത്തം തുടർന്ന് കുത്തക മുതലാളിത്തമായി വികസിച്ചു. മാധ്യമങ്ങളുടെ ഉടമസ്ഥതയും കുത്തക മുതലാളിമാരുടെ കൈകളിലായി മാറി. എന്നാൽ മാധ്യമങ്ങളിൽ നിലനിൽക്കണമെങ്കിൽ അവർക്ക് കാണികളും വായനക്കാരും ആവശ്യമാണ്. അവരുടെ താൽപര്യങ്ങൾ കൂടി സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഒരു ഭാഗത്ത് സ്വന്തം വർഗ്ഗ താൽപര്യം സംരക്ഷിക്കുകയും അതോടൊപ്പം മാധ്യമങ്ങളുടെ നിലനിൽപ്പിനു വേണ്ടി ജനതാത്പര്യം സംരക്ഷിക്കാൻ ബാധ്യതപ്പെടുകയും ചെയ്യുക എന്ന ദുരവസ്ഥയിലൂടെയാണ് ഇന്ന് കുത്തകമാധ്യമങ്ങൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
ലെനിൻ സ്വയം ഒരു മാധ്യമപ്രവർത്തകനായിരുന്നു. ഒപ്പം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖ്യ പ്രചാരകനുമായിരുന്നു. ലെനിന്റെ കാലത്ത് റഷ്യയിലും പിന്നീട് സോവിയറ്റ് യൂണിലും ഉണ്ടായിരുന്ന മാധ്യമങ്ങളെ എങ്ങനെയാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നതെന്ന് മനസ്സിലാക്കുന്നത് കേരളത്തിന്റെ മാധ്യമരംഗത്ത് ഇന്ന് നിലനിൽക്കുന്ന പ്രവണതകളെ വിലയിരുത്തുന്നതിന് ഏറെ സഹായകമാണ്. “പാർട്ടിയും മാധ്യമങ്ങളും’, “സോഷ്യലിസവും മാധ്യമങ്ങളും‘ തുടങ്ങിയ ലേഖനങ്ങളിൽ ലെനിൻ അവതരിപ്പിച്ചിട്ടുള്ള ആശയങ്ങൾ കമ്മ്യൂണിസ്റ്റ് മാധ്യമപ്രയോഗത്തിന്റെയും സിദ്ധാന്തത്തിന്റെയും അടിസ്ഥാന ആശയങ്ങളാണ്. അതുപോലെതന്നെ പ്രാധാന്യമർഹിക്കുന്നതാണ് “മുതലാളിത്തവും മാധ്യമങ്ങളും’ സംബന്ധിച്ച അദ്ദേഹത്തിന്റെ കുറിപ്പുകൾ. ഈ കൃതികളും ബൂർഷ്വാ മാധ്യമങ്ങൾ സംബന്ധിച്ച് പൊതുവത്കരിക്കപ്പെട്ട അദ്ദേഹത്തിന്റെ ആശയങ്ങളും മാധ്യമങ്ങൾക്കും അത് ജനങ്ങളിൽ ഉണ്ടാക്കുന്ന സ്വാധീനത്തിനും എതിരായ പോരാട്ടത്തിൽ വലിയ പങ്കാണ് നിർവഹിക്കുന്നത്.
ഒരു പ്രകൃത്യാതീത ശക്തി എന്ന നിലയിൽ ബൂർഷ്വാ മാധ്യമങ്ങൾ സൃഷ്ടിച്ചിട്ടുള്ള പ്രഭാവലയത്തിൽ നിന്ന് ജനങ്ങളെ മുക്തരാക്കാൻ കഴിഞ്ഞു എന്നതാണ് ലെനിൻ നടത്തിയ വിമർശനത്തിന്റെ ഫലം. ബൂർഷ്വാ മാധ്യമങ്ങളുടെ വർഗ്ഗസ്വഭാവം തുറന്നുകാണിക്കാനും അതിന്റെ ഉടമകളെ ഭരണത്തോടു കാണിക്കുന്ന തീവ്രമായ ആശ്രിതത്വം വെളിപ്പെടുത്താനും ലെനിന്റെ വിമർശനങ്ങൾക്ക് കഴിഞ്ഞു. മാധ്യമ മുതലാളിമാർ തങ്ങളുടെ സാമ്പത്തിക താൽപര്യം നേടിയെടുക്കുന്നതിനുവേണ്ടി നടത്തുന്ന വിലപേശലുകളാണ് പലപ്പോഴും അവ തമ്മിലുള്ള ഏറ്റുമുട്ടലുകളായി പുറത്തുവരുന്നത്. ഇതുമൂലം സൂക്ഷ്മതലത്തിൽ പല കാര്യങ്ങളിലും വ്യത്യസ്തതകൾ പ്രകടിപ്പിക്കുമെങ്കിലും ആത്യന്തികമായി ഒരു മുതലാളിത്ത രാജ്യത്തിലെ മാധ്യമങ്ങൾ ബൂർഷ്വാസിയുടെ അധികാരം ശാക്തീകരിക്കുന്നതിനുള്ള ഒരു ആയുധമായാണ് ഉപയോഗിക്കപ്പെടുന്നത്. ഇതുതന്നെ സ്വകാര്യ സ്വത്തുടമസ്ഥത ആക്രമണ വിധേയമാക്കപ്പെടും എന്ന് കണ്ടാൽ കൂടുതൽ തീവ്രമായി പ്രയോഗിക്കപ്പെടും. അത് അവർക്കിടയിലുള്ള എല്ലാ അഭിപ്രായവ്യത്യാസങ്ങളെയും ഇല്ലാതാക്കുകയും ഈ ഭീഷണിക്കെതിരായി അവർ ഒന്നിക്കുകയും ചെയ്യും. മാധ്യമങ്ങൾ വർഗ്ഗതാൽപര്യങ്ങൾക്ക് ഉപരിയായി വാർത്താവിനിമയത്തിനും വിവരകൈമാറ്റത്തിനുമുള്ള ഒരു നിഷ്പക്ഷ ഏജൻസിയായാണ് തങ്ങളെ സ്വയം അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. ഇത് തുറന്നു കാണിക്കാൻ ലെനിന്റെ സൈദ്ധാന്തിക ആശയങ്ങളിൽ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്.
മുതലാളിത്ത വ്യവസ്ഥയിൽ ഒരു പത്രത്തിന്റെ അല്ലെങ്കിൽ ഒരു ദൃശ്യ മാധ്യമത്തിന്റെ പ്രസിദ്ധീകരണം എന്നത് വൻതോതിൽ നിക്ഷേപം ആവശ്യപ്പെടുന്ന ഒന്നാണ്. ആധുനിക ശാസ്ത്ര സാങ്കേതികവിദ്യ ഉപയോഗിക്കുന്ന യന്ത്രങ്ങൾ വാങ്ങിക്കുകയും കടലാസ് വാങ്ങിക്കുകയും ജീവനക്കാർക്ക് ന്യായമായ ശമ്പളം കൊടുക്കുകയും ഒക്കെ വേണം. ദൃശ്യമാധ്യമങ്ങൾക്കാണെങ്കിലും ഇതേപോലെ വൻതോതിൽ പണച്ചെലവ് വരും. ഇത് രണ്ടും നടത്താൻ അതിസമ്പന്നരായ ആളുകൾക്ക് മാത്രമേ കഴിയൂ. സ്വാഭാവികമായും അങ്ങനെ പുറത്തിറക്കുന്ന ഒരു പത്രത്തിന് ആത്യന്തികമായി ഒരിക്കലും പത്രം ഉടമയുടെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വിരുദ്ധമായി നിൽക്കാനാവില്ല. മുതലാളിത്തലോകത്ത് കൊട്ടിഘോഷിക്കപ്പെടുന്ന പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് ലെനിൻ രേഖപ്പെടുത്തിയിട്ടുള്ളത് ഇങ്ങനെയാണ്. “മുതലാളിമാർ ഉള്ള ലോകത്തിൽ എവിടെയും മാധ്യമസ്വാതന്ത്ര്യം എന്നതിനർത്ഥം മാധ്യമങ്ങളെ വിലയ്ക്ക് വാങ്ങിക്കുക, എഴുത്തുകാരെ വിലയ്ക്കെടുക്കുക, ബൂർഷ്വാസിക്ക് ഗുണം ചെയ്യുന്ന വിധത്തിൽ പണം കൊടുത്ത് വ്യാജമായ പൊതുജനാഭിപ്രായം രൂപപ്പെടുത്തുക എന്നതാണ്’ (ലെനിൻ: 1921 ആഗസ്ത് 5 എ മ്യാസ് നിക്കോവിനെഴുതിയ കത്ത്).
ബൂർഷ്വാ മാധ്യമങ്ങളുടെ വർഗ്ഗസ്വഭാവം മറച്ചുവയ്ക്കുന്നതിനുവേണ്ടി ബൂർഷ്വാ പണ്ഡിതന്മാർ, ബൂർഷ്വാ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് ഒക്കെ പൊതുജനാഭിപ്രായമാണ് എന്ന മിഥ്യാബോധം ആസൂത്രിതമായി സൃഷ്ടിക്കാറുണ്ട്. ബൂർഷ്വാ സാമൂഹ്യ ശാസ്ത്രജ്ഞൻമാർ “പൊതുബോധം’ എന്നതിനെ വിലയിരുത്തുന്നത് മുതലാളിത്ത വ്യവസ്ഥയിലെ വർഗ്ഗവൈരുദ്ധ്യങ്ങളിൽ നിന്നും സ്വതന്ത്രമായി നിൽക്കുന്ന ഒന്നായിട്ടാണ്. ജനഹിതം എന്ത് എന്ന് പ്രകടിപ്പിക്കുക മാത്രമാണ് മാധ്യമങ്ങൾ ചെയ്യുന്നത് എന്നാണ് അവർ വാദിക്കുന്നത്. ഇത് രൂപപ്പെടുത്തിയെടുക്കുന്നതിന് വേണ്ടി ബൂർഷാസി എത്രമാത്രം പണമാണ് ഇതേ മാധ്യമങ്ങളിലൂടെ ചെലവഴിക്കുന്നത് എന്ന കാര്യം അവർ പരിശോധിക്കുന്നത് പോലുമില്ല. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധാപൂർവ്വമാണ് പൊതുബോധം എന്നതിനെ ലെനിൻ കൈകാര്യം ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ എഴുത്തുകളിൽ എല്ലാം “പൊതുബോധം എന്ന് പറയപ്പെടുന്നത്’ എന്ന് എഴുതാനുള്ള ശ്രദ്ധ അദ്ദേഹം കാണിച്ചിരുന്നു.
സംസ്കാരം, ആശയവിനിമയം, വിവര വിനിമയം ഇവയൊക്കെ ഇന്ന് ചരക്കുവൽക്കരിക്കപ്പെട്ടിട്ടുണ്ട്. ഉപയോഗ മൂല്യങ്ങളെ വിനിമയ മൂല്യങ്ങളാക്കി പരിവർത്തിപ്പിക്കുന്ന പ്രക്രിയയാണ് ചരക്കുവത്കരണം. ഇതാണിപ്പോൾ ആശയവിനിമയത്തിന്റെ അർത്ഥശാസ്ത്രരംഗത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഇത് ചരിത്രപരമായി മുതലാളിത്തത്തിന്റെ സ്വഭാവസവിശേഷതകളുടെ തുടർച്ചയാണ്. മുതലാളിത്തത്തിന്റെ വികാസത്തെയും പുനരുൽപാദനത്തെയും പ്രാപ്തമാക്കുന്നത് അനന്തമായ ഈ ചരക്കുവൽക്കരണമാണ്. മുതലാളിത്ത ഉൽപാദന പ്രക്രിയയിൽ ചരക്കുകൾ ഉത്പാദിപ്പിക്കപ്പെടുന്നതും കൈമാറ്റം ചെയ്യപ്പെടുന്നതും വിപണിക്ക് വേണ്ടിയാണ്. മുതലാളിത്ത വ്യവസ്ഥയുടെ മുഖ്യ ലക്ഷ്യം പരമാവധി മൂലധനം സഞ്ചയിക്കലാണ്. അതിന്റെ ഭാഗമായാണ് ഇന്ന് വ്യത്യസ്തങ്ങളായ സാമൂഹ്യപ്രക്രിയകളെ സങ്കീർണങ്ങളായ ചരക്ക് ശൃംഖലകൾ രൂപീകരിച്ചുകൊണ്ട് ചരക്കുവൽക്കരിച്ചുകൊണ്ടിരിക്കുന്നത്. മുതലാളിത്തം ഇന്ന് സാംസ്കാരിക വ്യവസായത്തെ മാത്രമല്ല പൊതു ഇടങ്ങൾ, ക്രിയാത്മകത, സാമൂഹിക പ്രതീകങ്ങൾ തുടങ്ങിയവയെ എല്ലാം സഞ്ചയ ചക്രത്തിലേക്ക് ഉൾച്ചേർത്തിരിക്കുന്നു. മനുഷ്യന്റെ കലാപരമായ സർഗശേഷി, സംസ്കാരം എന്നിവയെ വ്യവസായവൽക്കരിക്കുകയാണ് അവർ ആദ്യം ചെയ്തത്. എന്നാൽ പിന്നീട് മനുഷ്യന്റെ ആശയവിനിമയവും വിജ്ഞാനവും അതിനോട് കൂട്ടിച്ചേർത്തു. പുതിയ വ്യവസായങ്ങൾ ഈ രംഗത്ത് ഉയർന്നുവരികയും അവ മനുഷ്യൻ എങ്ങനെ ചിന്തിക്കണം, എങ്ങനെ പ്രവർത്തിക്കണം എന്നിത്യാദി കാര്യങ്ങളിലൊക്കെ വൻതോതിൽ സ്വാധീനം ചെലുത്തുന്നതിന് ആരംഭിക്കുകയും ചെയ്തു. ആശയവിനിമയരംഗത്തും വൈജ്ഞാനികരംഗത്തും ഉണ്ടായ ഈ പ്രക്രിയ പുതിയ കുത്തകകളെ വളർത്തിക്കൊണ്ടു വരികയും മനുഷ്യ സമൂഹത്തെ നിയന്ത്രിക്കാൻ ആരംഭിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി അധ്വാനശക്തിയെ ചൂഷണം ചെയ്യുന്നത് വ്യവസായശാലകളിൽ മാത്രമല്ല മനുഷ്യജീവിതത്തിന്റെ സർവ്വ മേഖലകളിലുമാണ് എന്ന സ്ഥിതി രൂപപ്പെട്ടിരിക്കുന്നു. ഇത് മുതലാളിത്തത്തെ കൂടുതൽ ഘനീഭവിപ്പിക്കുകയും അതിന്റെ ഭാഗമായി സാമ്പത്തിക അസമത്വം വർദ്ധിപ്പിക്കുകയും മുതലാളിത്തവും അധ്വാനവും തമ്മിലുള്ള വൈരുദ്ധ്യത്തിന് പുതിയ മാനങ്ങൾ നൽകുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ ഏതാനും ദശകങ്ങൾക്കിടയിൽ മുതലാളിത്ത ഉത്പാദന രീതിയിലും മൂലധന സഞ്ചയത്തിലും ഉണ്ടായ മാറ്റങ്ങൾ സാമൂഹിക ഘടനയിൽ പ്രതിഫലിക്കുകയും അത് മനുഷ്യന്റെ ദൈനംദിന ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ മുതലാളിത്തം അടിസ്ഥാനപരമായി മുതലാളിത്തമായി തന്നെ തുടരുകയാണ്. l