ഒരിക്കൽ വെറും വിനോദമായി കണ്ടിരുന്ന ക്രിക്കറ്റ്, ഇന്ന് സ്വപ്നങ്ങളെയും അഭിലാഷങ്ങളെയും നിറവേറ്റുന്ന ഒരു പ്രൊഫഷണൽ കളിയായി വലിയ മാറ്റങ്ങളുടെ വഴിത്തിരിവിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു. ഇന്ത്യയിൽ പ്രൊഫഷണൽ ക്രിക്കറ്റിന്റെ നിലവിലുള്ള വളർച്ചാവികാസം ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളിൽ തുടങ്ങി ഏകദിന ഫോർമാറ്റ്, ട്വന്റി 20 മത്സരങ്ങൾ, ഐ.പി.എൽ പോലുള്ള വാണിജ്യലീഗുകൾ എന്നിവയിലൂടെയെല്ലാം ഘട്ടംഘട്ടമായി കൈവന്നിട്ടുള്ള മാറ്റത്തിന്റെ യഥാർത്ഥ പ്രതിഫലനമാണ്. കേരളത്തിലും സമാനനിലയിൽ കൂടുതൽ സംഘടിതമായി പ്രൊഫഷണൽ സമീപനം സ്വീകരിച്ചുകൊണ്ട് വളർച്ചയുടെ പാതയിലാണ് നിലവിൽ ക്രിക്കറ്റ് എന്ന ഈ കായിക വിനോദം മുന്നോട്ടുപോകുന്നത്. കേരളത്തിന്റെ ക്രിക്കറ്റ് ചരിത്രം ബ്രിട്ടീഷ് ഭരണകാലത്താണ് ആരംഭിക്കുന്നത്. കേരള ക്രിക്കറ്റിന്റെ വളർച്ച എന്നത് കേവലമൊരു കായികവിനോദത്തിന്റെ ചരിത്രം മാത്രമല്ല; മറിച്ച്, ഒരു ജനതയുടെ കായികസംസ്കാരത്തിന്റെ പരിണാമത്തെക്കൂടിയാണ് വെളിവാക്കുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്യുമ്പോൾ കേരളത്തിൽ ക്രിക്കറ്റിന്റെ വളർച്ച വളരെ സാവധാനത്തിലായിരുന്നു മുന്നോട്ടുപോയിരുന്നത്. ബ്രിട്ടീഷുകാരുടെ സ്വാധീനം മലബാർ മേഖലയിൽ പ്രത്യേകിച്ച് തലശ്ശേരിയിൽ ക്രിക്കറ്റിന്റെ പ്രചാരം കൂടുതൽ വ്യാപകമാകുവാൻ കാരണമായി. അടിസ്ഥാനസൗകര്യങ്ങളുടെ പരിമിതിമൂലം കേരളത്തിലെ ക്രിക്കറ്റ് ആദ്യകാലങ്ങളിൽ മന്ദഗതിയിലായിരുന്നു. പിന്നീട് കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ ജില്ലകൾ കേന്ദ്രീകരിച്ചുകൊണ്ട് കൂടുതൽ ക്രിക്കറ്റ് ഗ്രൗണ്ടുകൾ നിർമ്മിക്കുവാനും പരിശീലനസംവിധാനങ്ങൾ മെച്ചപ്പെടുത്തുവാനും ശ്രമമുണ്ടായത് വലിയ മാറ്റങ്ങൾക്കിടയാക്കി. ആദ്യകാലങ്ങളിൽ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു പ്രൊഫഷണൽ ക്രിക്കറ്റ് ലീഗ് ഘടനയോ, കളിക്കാർക്ക് സ്ഥിരമായ വരുമാനം ഉറപ്പുവരുത്തുന്ന സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല എന്നുള്ളത് കേരളത്തിലെ ക്രിക്കറ്റിന്റെ വളർച്ച മന്ദഗതിയിലാകുവാൻ കാരണമായി. എന്നാൽ 2008ൽ ഇന്ത്യയിൽ ആരംഭിച്ച ഇന്ത്യൻ പ്രീമിയർ ലീഗ് എന്ന കായിക മാമാങ്കത്തിലൂടെ ലോക ക്രിക്കറ്റ് മുഖച്ഛായ മാറ്റിയെഴുതപ്പെട്ടതുപോലെ, കേരളത്തിലും അതിന്റെ സ്വാധീനം വൻതോതിൽ പ്രകടമായിരുന്നു. ഐ.പി.എല്ലിന്റെ പ്രാരംഭകാലത്ത് കേരളത്തിൽനിന്നും ഏതാനും കളിക്കാർക്ക് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭാഗമാകുവാൻ സാധിച്ചത് വലിയൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു. പ്രൊഫഷണൽ ലീഗിൽ പങ്കെടുക്കുന്നതിലൂടെ കളിക്കാർക്ക് ലഭിക്കുന്ന വരുമാനത്തിലൂടെ പൊതുവിൽ ക്രിക്കറ്റ് ഒരു സുരക്ഷിത തൊഴിൽമേഖലയായി വിലയിരുത്തപ്പെട്ടു. ഇത് രക്ഷിതാക്കളിൽ കൂടുതൽ പ്രചോദനം പകരുകയും കായിക രക്ഷകർത്തൃത്വത്തിന്റെ ഭാഗമായി കുട്ടികളെ കൂടുതലായി ക്രിക്കറ്റ് മേഖലയിൽ പങ്കെടുപ്പിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്തു. കൂടാതെ പ്രഗൽഭരായ താരങ്ങളോടൊപ്പം കളിക്കുവാനും പരിശീലിക്കുവാനും അവസരം ലഭ്യമാകുന്നത് പുതുമുഖപ്രതിഭകൾക്ക് കളിയിൽ കൂടുതൽ മികവ് പ്രകടിപ്പിക്കുന്നതിനും സാധ്യത നൽകി. തിരുവനന്തപുരത്ത് കാര്യവട്ടത്തുള്ള ഗ്രീൻഫീൽഡ് പോലുള്ള ലോകോത്തര നിലവാരമുള്ള സ്റ്റേഡിയങ്ങൾ ഉയർന്നുവന്നത് അന്താരാഷ്ട്ര മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുവാൻ കേരളത്തിന് കൂടുതൽ അവസരം കൈവന്നു. ഇത് കേരളത്തിൽ ക്രിക്കറ്റ് കൂടുതൽ പ്രചാരത്തിലേക്ക് ഉയർത്തുന്നതിനും ആരാധകരെ സൃഷ്ടിക്കുവാനും സാധിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം മുതൽ കേരള ക്രിക്കറ്റ് അസോസിയേഷൻ തുടക്കംകുറിച്ച കേരള ക്രിക്കറ്റ് ലീഗ് പോലുള്ള പ്രൊഫഷണൽ ലീഗ് മത്സരങ്ങൾ സംസ്ഥാനത്തെ വളർന്നുവരുന്ന യുവ ക്രിക്കറ്റ് പ്രതിഭകളുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ മികച്ച അവസരമാണ് ഒരുക്കിയിട്ടുള്ളത്.
ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടാമത്തെ കായികവിനോദമാണ് ക്രിക്കറ്റ്. ഏകദേശം ഒരു ബില്യണിലധികം ആളുകൾ ഇന്ത്യയിൽ മാത്രം ക്രിക്കറ്റ് ഇഷ്ടപ്പെടുന്നുണ്ട്. ക്രിക്കറ്റിലെ നിലവിലുള്ള എല്ലാ മത്സരഫോർമാറ്റുകളും അതിലെ ഓരോ മത്സരത്തിലും സംഭവിക്കുന്ന അപ്രതീക്ഷിത പോരാട്ടനിമിഷങ്ങളും കളിക്കാർ തമ്മിലുള്ള സൗഹൃദവും കളിയുടെ ആത്യന്തിക സൗന്ദര്യത്തെ വർധിപ്പിക്കുന്നു. ടെസ്റ്റ് ഫോർമാറ്റിൽ കളിക്കാരിൽ രൂപപ്പെടുന്ന സഹിഷ്ണുത, സഹനം, മത്സരതന്ത്രജ്ഞത എന്നിവയും ഏകദിന മത്സരഘടനയിൽ രൂപംകൊള്ളുന്ന സമന്വിത ആക്രമണ-പ്രതിരോധ ശൈലികൾ എന്നിവയും ന്യൂജനറേഷൻ ആരാധകരുടെ പ്രിയപ്പെട്ട കുട്ടിക്രിക്കറ്റായ ട്വന്റി 20 യിൽ ആവേശംപകരുന്ന അതിവേഗ മത്സരങ്ങൾ ഉൾപ്പെടെയുള്ളവയെ കായികലോകം എക്കാലത്തും വളരെ സ്വീകാര്യതയോടുകൂടിയാണ് ഏറ്റെടുത്തിട്ടുള്ളത്. ദൃശ്യപരമായി മനോഹാരിതയും കാലഘട്ടത്തിനനുപാതികമായി പരിഷ്കരിക്കപ്പെടുന്ന നിയമങ്ങളും ചട്ടങ്ങളും ഫോർമാറ്റുകളും ആരാധകരെ ആകർഷിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഓരോ വർഷവും ക്രിക്കറ്റ് ആരാധകരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിൽ ഈ ഘടകങ്ങളെല്ലാം പ്രധാന കാരണങ്ങളാണ്. ട്വന്റി 20 ഫോർമാറ്റ് രൂപപ്പെട്ടതിനുശേഷമാണ് ആരാധകരുടെ എണ്ണം ഏറ്റവും കൂടുതൽ വർദ്ധിച്ചത്. കുറഞ്ഞ സമയത്തിനുള്ളിൽ ഒരു മത്സരം അവസാനിക്കുന്നു എന്നതും ഓരോ പന്തിലും സംഭവിക്കുന്ന നാടകീയനിമിഷങ്ങളും ഈ മത്സരഘടനയെ കൂടുതൽ ആവേശഭരിതമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ഐ.പി.എൽ പോലുള്ള ക്രിക്കറ്റ് ലീഗ് മത്സരങ്ങൾ ഈ ഫോർമാറ്റിന്റെ ജനപ്രീതി വളരെയധികം വർദ്ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ നിരവധി കേരളതാരങ്ങൾക്ക് അവസരം ലഭിച്ചത് നമ്മുടെ സംസ്ഥാനത്ത് ക്രിക്കറ്റ് ജനകീയമാകുന്നതിൽ വലിയ പങ്കുവഹിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ ടീമിൽ നിരവധി വനിതാതാരങ്ങൾക്ക് അവസരം ലഭിച്ചതിലൂടെ കേരളത്തിൽ ക്രിക്കറ്റിന് പുതിയ മാനം കൈവന്നിട്ടുണ്ട്. അടിസ്ഥാനസൗകര്യങ്ങളുടെ ലഭ്യത കൂടുതലായി ഉണ്ടാകുന്നത് പുതുതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്.
കേരളവും ക്രിക്കറ്റ് അഭിനിവേശവും
കേരളത്തിൽ ക്രിക്കറ്റിനോടുള്ള ഇഷ്ടം കേവലം നഗരങ്ങളിൽ ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. ഗ്രാമീണതലം മുതൽ സാധാരണക്കാർക്കിടയിൽപ്പോലും ക്രിക്കറ്റ് എല്ലായ്‌പ്പോഴും ഒരു ആവേശമാണ്. വയലും പറമ്പും ഉൾപ്പെടെ ചെറിയ ഭൂപ്രദേശങ്ങളിലും ക്രിക്കറ്റ് ജനകീയമായിത്തന്നെ നിലനിൽക്കുകയാണ്. ഗ്രാമപ്രദേശങ്ങളിലെ പ്രാദേശിക ക്ലബ്ബുകൾ സ്ഥിരമായി സംഘടിപ്പിച്ചുവരുന്ന ടൂർണമെന്റുകൾ ക്രിക്കറ്റിനോടുള്ള ഇഷ്ടവും ആവേശവും ആളുകൾക്കിടയിൽ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത്തരം കായികമത്സരലഹരികൾ കായിക ആവേശത്തിനപ്പുറം പ്രദേശവാസികളുടെ ഒത്തുചേരലിന്റെയും കൂട്ടായ്മയുടെയും ആഘോഷത്തിന്റെയും പൊതുവിടം കൂടിയാക്കിമാറിയിട്ടുണ്ട്. എം.ടി വാസുദേവൻ നായർ, വി.കെ.എൻ, സന്തോഷ് എച്ചിക്കാനം തുടങ്ങിയവരുടെ വ്യത്യസ്ത ചെറുകഥകളിൽ ഗ്രാമപ്രദേശങ്ങളിലുള്ള ആളുകളുടെ ജീവിതത്തിലെ ക്രിക്കറ്റ് ആവേശങ്ങളെക്കുറിച്ചുള്ള സൂചനകൾ പരാമർശിച്ചിരിക്കുന്ന സന്ദർഭങ്ങൾ വളരെ ഹൃദ്യമായ രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. 2014 ൽ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ‘1983’ എന്ന ക്രിക്കറ്റ് ആസ്പദമാക്കിയ ചിത്രവും 2019ൽ എസ്.എൽ. പുരം ജയസൂര്യ തിരക്കഥയെഴുതിയ ‘സച്ചിൻ’ എന്ന ചിത്രവുമെല്ലാം യുവതലമുറകൾക്കിടയിൽ ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശത്തെയും ക്രിക്കറ്റ് എത്രത്തോളം ജീവിതത്തിന്റെ ഭാഗമാകുന്നു എന്നതിന്റെ മൗലികനേർസാക്ഷ്യമായി നിലനിൽക്കുന്നു.
കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രാദേശിക തലത്തിലുള്ള ക്രിക്കറ്റ് പ്രതിഭകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച ക്രിക്കറ്റ് ലീഗ് മത്സര ഫോർമാറ്റാണ് കേരള ക്രിക്കറ്റ് ലീഗ്. രാജ്യാന്തരതാരമായ സഞ്ജു സാംസൺ ഉൾപ്പെടെയുള്ള കളിക്കാർ പങ്കെടുക്കുന്നതിനാൽ വളരെ പ്രധാനപ്പെട്ട ഒരു ആഭ്യന്തര ടി 20 ടൂർണമെന്റായി കെ.സി.എൽ നിലവിൽ മാറിയിട്ടുണ്ട്. വിദേശ കളിക്കാരില്ലാതെ കേരളത്തിൽ നിന്നുള്ള പ്രാദേശിക കളിക്കാർക്ക് മാത്രം അവസരം ലഭ്യമാകുന്നു എന്നുള്ളതാണിതിന്റെ വേറിട്ട പ്രത്യേകത. ഇന്ത്യൻ പ്രീമിയർ ലീഗിന് സമാനമായ ഒരു ഫ്രാഞ്ചൈസി മോഡലിലാണ് ഇത് നിലവിൽ പ്രവർത്തിച്ചുവരുന്നത്. കേരളത്തിലെ വിവിധ ജില്ലകളെ പ്രതിനിധീകരിക്കുന്ന ടീമുകളാണ് ഇതിൽ പങ്കെടുക്കുന്നത്. കേരളത്തിലെ മികച്ച ക്രിക്കറ്റ് താരങ്ങളെ കണ്ടെത്തുകയും അവർക്ക് മികച്ച മത്സരാന്തരീക്ഷം ഒരുക്കിക്കൊടുത്ത് പ്രകടനം മെച്ചപ്പെടുത്തുകയുമാണ് പ്രധാനമായും ഇതിലൂടെ ലക്ഷ്യമിടുന്നത്. വളരെ പ്രതീക്ഷയുള്ള താരങ്ങൾ ഒരുമിച്ച് വ്യത്യസ്ത ടീമുകളിലായി വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് പങ്കെടുത്ത് ക്രിക്കറ്റ് എന്ന കളിയുടെ ഏകീകൃതതലത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന സമീപനമാണ് ഇവിടെ സ്വീകരിച്ചുവരുന്നത്. പലപ്പോഴും ക്രിക്കറ്റ് ലീഗ് കായികമത്സരങ്ങൾ വിനോദരീതിയിൽ നിന്നും വാണിജ്യസംരംഭമായി പരിവർത്തനം ചെയ്തിട്ടുണ്ട്. ഇതിലൂടെ താരങ്ങൾക്ക് ഉയർന്ന വരുമാനം ലഭ്യമാവുകയും അവരുടെ ജീവിതനിലവാരം ഉയരുകയും ചെയ്യുന്നു. വ്യത്യസ്ത സൗകര്യങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും കടന്നുവരുന്ന താരങ്ങളെ ഒരുമിപ്പിക്കുവാനും, താരങ്ങൾക്കിടയിലെ സൗഹൃദത്തിനും സാംസ്കാരികമായ വിനിമയത്തിനും ഇത്തരം സാധ്യതകൾ ഉപകാരപ്പെടുന്നു.
കെ.സി.എൽ പോലുള്ള കായിക ലീഗ് മത്സരങ്ങൾ കേരളത്തിന്റെ കായിക സമ്പദ്ഘടനയുടെ വികസനത്തിന് വലിയ സംഭാവനയാണ് നൽകുന്നത്. കായികമേഖലയെ ഒരു വ്യവസായമായി വളർത്തുകയും സാമ്പത്തികമേഖലയിൽ ലാഭകരമായ ഒരുപാട് സാധ്യതകൾ ഇത് തുറന്നുനൽകുകയും ചെയ്യുന്നു. കായികമേഖലയുമായി ബന്ധപ്പെട്ട നിരവധി പ്രൊഫഷണലുകൾക്ക് പുതിയ തൊഴിൽ അവസരങ്ങൾ ലഭ്യമാകുന്നു. ടെലിവിഷൻ സംപ്രേക്ഷണ അവകാശം, വിവിധ തരത്തിലുള്ള സ്പോൺസർഷിപ്പുകൾ ഉൾപ്പെടെയുള്ളവയിൽ നിന്ന് മികച്ച വരുമാനം കൈവരിക്കുവാൻ കഴിയുന്നു. നിലവിൽ കായികാരാധകർക്ക് സൗജന്യമായാണ് കെ.സി.എൽ കാണുവാൻ അവസരം ഒരുക്കിയിട്ടുള്ളത്. ഭാവിയിൽ മത്സരങ്ങൾ കാണാൻ വരുന്നവരിൽനിന്ന് ലളിതമായനിലയിലെങ്കിലും ടിക്കറ്റിനത്തിലും വരുമാനം കണ്ടെത്തുവാൻ സംഘാടകർക്ക് കഴിയും. നിലവിൽ തിരുവനന്തപുരം കേന്ദ്രീകരിച്ചുകൊണ്ടാണ് മത്സരങ്ങൾ നടന്നതെങ്കിൽ, അടിസ്ഥാനസൗകര്യങ്ങൾ വികേന്ദ്രീകൃതമായ നിലയിൽ വികസിക്കുന്നതോടെ വരുംവർഷങ്ങളിൽ മറ്റു ജില്ലകളിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലും മത്സരങ്ങൾ സംഘടിപ്പിക്കുവാൻ സാധിക്കും. ഇതിന്റെ ഭാഗമായി മത്സരങ്ങൾ നടക്കുന്ന പ്രദേശങ്ങളിലുള്ള ചെറുകിടതൊഴിലാളികൾക്കും കച്ചവടക്കാർക്കും സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകുന്നു.
കേരളത്തിലെ വിവിധ ജില്ലകളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള ആറ് ടീമുകളാണ് കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി പങ്കെടുത്തത്. തീപാറുന്ന 33 മത്സരങ്ങളാണ് കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ആവേശപൂർവ്വം നടന്നത്. കേരള ക്രിക്കറ്റ് ലീഗിലെ ഒന്നാം സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ അടിസ്ഥാനത്തിൽ മാത്രം കേരള സീനിയർ ടീമിനുവേണ്ടി കളിക്കാത്ത മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിഗ്നേഷ് പുത്തൂരിന് ഐ.പി.എല്ലിലെ മുംബൈ ഇന്ത്യൻസ് ടീമിൽ കളിക്കുവാൻ അവസരം ലഭിച്ചത്. ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ച് നിരവധി പുതിയ താരോദയങ്ങളാണ് ഉയർന്നുവന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യൻ ക്രിക്കറ്റിന്റെ നട്ടെല്ലായ ഐ.പി.എല്ലിലെ വിവിധ ടീമുകളിൽ കേരളത്തിൽ നിന്നുള്ള പ്രതിഭകൾക്ക് അവസരം ലഭിക്കുമെന്ന് ഉറപ്പാണ്. ട്രിവാൻഡ്രം റോയൽസ്, ഏരീസ് കൊല്ലം സെയിലേഴ്സ്, ആലപ്പി റിപ്പിൾസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ് എന്നീ ടീമുകളാണ് കിരീടത്തിനായി പോരാടിയത്. ക്രിക്കറ്റ് ലീഗിന്റെ ഘട്ടങ്ങളിൽ ഓരോ ടീമും രണ്ടുതവണ വീതം ഏറ്റുമുട്ടുകയുണ്ടായി. ഓരോ ദിവസവും രണ്ട് മത്സരങ്ങളാണ് നടന്നിരുന്നത്. അത്തരത്തിൽ കൂടുതൽ പോയിന്റ് നേടിയ നാല് ടീമുകളാണ് സെമിയിൽ പോരാടിയത്. ഇന്ത്യൻ ടീമിൽ അംഗമായ സഞ്ജുസാംസൺ ആദ്യമായി കേരള ക്രിക്കറ്റ് ലീഗിൽ പങ്കെടുത്ത് കാണികൾക്ക് കൂടുതൽ ആവേശം ഉണ്ടാക്കിയിട്ടുണ്ട്. രണ്ടാം സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന്റെ ഓൾറൗണ്ടർ അഖിൽ സ്കറിയ പർപ്പിൾ ക്യാപ്പിന് അർഹനായി. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്‌ചവെച്ച അഖിൽ 11 മത്സരങ്ങളിൽ നിന്ന് 25 വിക്കറ്റുകൾ സ്വന്തമാക്കി. തുടർച്ചയായി രണ്ടാംതവണയാണ് അഖിൽ സ്കറിയ പർപ്പിൾ ക്യാപ്പ് നേട്ടം സ്വന്തമാക്കുന്നത്. കഴിഞ്ഞ സീസണിലും 25 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഇതോടെ കെ.സി.എല്ലിൽ 50 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യബൗളർ എന്ന റെക്കോർഡും അഖിൽ സ്വന്തമാക്കി. മികച്ച ബൗളിംഗ് പ്രകടനത്തിന് പുറമെ ബാറ്റിംഗിലും തിളങ്ങി, ടൂർണമെന്റിൽ ആകെ 314 റൺസും നേടി. രണ്ടാംസീസണിലെ ഓറഞ്ച് ക്യാപ് ട്രിവാൻഡ്രം റോയൽസിന്റെ നായകൻ കൃഷ്ണപ്രസാദാണ് ചൂടിയത്. ലീഗിലെ 10 മത്സരങ്ങളിൽ നിന്നായി 479 റൺസാണ് അടിച്ചെടുത്തത്. സെമി കാണാതെ റോയൽസ് ആദ്യഘട്ടത്തിൽ തന്നെ ലീഗിൽ നിന്ന് പുറത്തായെങ്കിലും ഒരു സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറിയുമായി ഈ ഇരുപത്താറുകാരൻ കെ.സി.എല്ലിന്റെ രണ്ടാം സീസൺ ബാറ്റുകൊണ്ട് ഭരിക്കുകയായിരുന്നു.
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാംസീസണിൽ ആകർഷകമായ ഏതാനും മാറ്റങ്ങൾ വരുത്തുവാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡി.ആർ.എസ് സംവിധാനം ഇത്തവണ ഏർപ്പെടുത്തിയിരുന്നു. ലോകത്തെമ്പാടുമുള്ള മലയാളികൾ ഉൾപ്പെടുന്ന ക്രിക്കറ്റ് ആരാധകർക്ക് കളി കാണുന്നതിനുവേണ്ടി സ്റ്റാർ സ്പോർട്സ്, ഏഷ്യാനെറ്റ് പ്ലസ് എന്നീ ചാനലുകൾ തൽസമയ സംപ്രേക്ഷണവും ഉറപ്പാക്കിയിരുന്നു. കൂടാതെ കെ.സി.എല്ലിന്റെ ഉദ്ഘാടനസെഷനിൽ ബ്രാൻഡ് അംബാസിഡറായ സിനിമാതാരം മോഹൻലാലിനെ പങ്കെടുപ്പിച്ചത് കാണികളിൽ കൂടുതൽ ആവേശം പകർന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് കേരളത്തിന്റെ സാംസ്കാരികത്തനിമ വെളിവാക്കുന്നനിലയിലുള്ള നിരവധി കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള നൃത്ത-സംഗീതപരിപാടികളും ഏറെ ആകർഷകമായിരുന്നു. കെ.സി.എല്ലിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സ്ഥാപിച്ച പുതിയ എൽ.ഇ.ഡി ഫ്ലഡ് ലൈറ്റുകൾ കാണികൾക്കും കളിക്കാർക്കും മികച്ച കാഴ്ചാനുഭവമാണ് സമ്മാനിച്ചത്.
ആവേശകരമായ സമാപനം
അവസാനഘട്ടംവരെയും ആവേശം നിറച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം പതിപ്പിന് വിജയകരമായ സമാപനമായപ്പോൾ ഒന്നാം സീസണിലെ ചാമ്പ്യന്മാരായ കൊല്ലം സെയ്‌ലേഴ്‌സിനെ തകർത്ത് കൊച്ചി ബ്ലൂടൈഗേഴ്‌സ് കന്നിക്കിരീടം ചൂടിയതോടെ കെ.സി.എൽ ചരിത്രത്തിൽ പുതിയൊരു അദ്ധ്യായം എഴുതിച്ചേർക്കപ്പെട്ടു. ടൂർണമെന്റിന്റെ തുടക്കം മുതൽ ഒരേനിലയിൽ ആധിപത്യം പുലർത്തിയ കൊച്ചി, കിരീടവിജയത്തിലൂടെ തങ്ങളുടെ അപ്രമാദിത്വം കൂടുതൽ പ്രകടമാക്കി. താരലേലത്തിൽ സഞ്ജു സാംസണിനായി ചെലവഴിച്ച ഭീമമായ തുകയ്ക്കുശേഷവും, കിരീടം നേടാൻ കെൽപ്പുള്ള ഒരു ടീമിനെ വാർത്തെടുത്ത കൊച്ചി ബ്ലൂടൈഗേഴ്‌സിന്റെ ടീം മാനേജ്മെന്റ് അഭിനനന്ദനം അർഹിക്കുന്നു. വിജയശിൽപ്പികളായ ടീമംഗങ്ങൾക്കും പരിശീലകർക്കും, തനിക്ക് ലഭിച്ച മുഴുവൻ തുകയും പൂർണ്ണമായി സമ്മാനിച്ച് സഞ്ജു സാംസൺ എന്ന മാന്യനായ ക്രിക്കറ്റർ യഥാർത്ഥ മാതൃകയായി.
പ്രമുഖരായ ഫ്രാഞ്ചൈസികളുടെ ഭാഗമായി ആറ് ടീമുകളെ അണിനിരത്തി ഒരു ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുകയെന്നത് കേരള ക്രിക്കറ്റ് അസോസിയേഷന് അത്രവലിയൊരു വെല്ലുവിളിയായിരുന്നില്ല. എന്നാൽ, രാജ്യത്തിന്റെ ശ്രദ്ധ ആകർഷിക്കുന്ന രീതിയിൽ ആസൂത്രിതമായ പരസ്യപ്രചാരണങ്ങളും ടെലിവിഷൻ സംപ്രേക്ഷണവും കാണികൾക്ക് സൗജന്യപ്രവേശനവും നൽകിയതിലൂടെ കെ.സി.എൽ യുവതലമുറയ്ക്ക് പ്രോത്സാഹനമായി മുന്നിൽനിന്നു. സഞ്ജുവിന്റെ സാന്നിധ്യം ഈ മുന്നേറ്റത്തിന് കൂടുതൽ കരുത്ത് പകർന്നു. കൊച്ചി ബ്ലൂടൈഗേഴ്‌സിനായി കളിച്ച ആറ് മത്സരങ്ങളിൽ ഒരു സെഞ്ച്വറിയും മൂന്ന് അർദ്ധസെഞ്ച്വറിയും നേടിയ സഞ്ജുവിന്റെ വെടിക്കെട്ട് ഇന്നിംഗ്സുകൾ ക്രിക്കറ്റ് ലീഗിനെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. എങ്കിലും, സഞ്ജുവിൽ മാത്രം ഒതുങ്ങിനിൽക്കാതെ കൃഷ്ണപ്രസാദ്, അഖിൽ സ്കറിയ, അഹമ്മദ് ഇമ്രാൻ, സാലി സാംസൺ തുടങ്ങി നിരവധി പുതുമുഖതാരങ്ങൾ തങ്ങളുടെ പ്രതിഭ ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചു. പ്രധാനപ്പെട്ട ഐ.പി.എൽ ടീമുകളുടെ സെലക്ടർമാരിൽ പലരും കെ.സി.എല്ലിൽ മികവു പ്രകടിപ്പിച്ച മിക്ക താരങ്ങളെയും നിരീക്ഷിക്കുകയും തിരിച്ചറിയുകയും ചെയ്തിട്ടുള്ളത് യുവ കേരളതാരങ്ങൾക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നു.
കേരള ക്രിക്കറ്റ് ലീഗ് ജേതാക്കൾക്ക് 30 ലക്ഷം രൂപയും റണ്ണറപ്പിന് 20 ലക്ഷവും സെമിഫൈനലിൽ എത്തിയ ടീമുകൾക്ക് 5 ലക്ഷം രൂപ വീതവുമാണ് സമ്മാനത്തുകയായി ലഭിച്ചത്. പുരുഷ ക്രിക്കറ്റിൽമാത്രം ഒതുങ്ങാതെ, വരുംവർഷം മുതൽ വനിതാലീഗും ആരംഭിക്കുമെന്ന കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപനം ആവേശം ഇരട്ടിയാക്കി. ഈ പുതിയ കാൽവെയ്പ് നൂറുകണക്കിന് വനിതാതാരങ്ങൾക്ക് വലിയ അവസരങ്ങൾ തുറന്നുനൽകുമെന്നുറപ്പാണ്. കേരള ക്രിക്കറ്റിന്റെ സമഗ്രമായ വളർച്ചയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ നൽകുന്ന സംഭാവനകൾ സമാനതകളില്ലാത്തതാണ്. അത്യാധുനികമായ പരിശീലനസൗകര്യങ്ങൾ ഒരുക്കിയും, യുവപ്രതിഭകളെ കണ്ടെത്തി ശാസ്ത്രീയമായി പരിശീലിപ്പിച്ചും, പ്രൊഫഷണൽ ലീഗുകൾക്ക് രൂപം നൽകിയും കേരളത്തിലെ ക്രിക്കറ്റിന് പുതിയൊരു ദിശാബോധം നൽകിവരികയാണ്. ഇത്തരത്തിലുള്ള നിസ്വാർത്ഥമായ സേവനവും നിരന്തരമായ പ്രയത്നങ്ങളും കേരള ക്രിക്കറ്റിന്റെ ഭാവിയുടെ അടിത്തറയ്ക്ക് കൂടുതൽ കരുത്ത് പകരുകയും, അത് കൂടുതൽ ശോഭനമാവുകയും ചെയ്യുമെന്ന് പ്രത്യാശിക്കാം. l