
കാറ്റാടിയന്ത്രത്തോട് ഏറ്റുമുട്ടി തോറ്റുപോയ ഡോണ്‍ ക്വിക്സോട്ടിനെ നിങ്ങളോര്‍ക്കുന്നുണ്ടാവുമല്ലോ. വിശ്വപ്രസിദ്ധ സ്പാനിഷ് എഴുത്തുകാരനായ മിഗ്വെൽ ഡി സെർവാന്‍റെസ് 16-ാം നൂറ്റാണ്ടില്‍ രചിച്ച് ഇന്നും പ്രസക്തി നഷ്ടപ്പെടാത്ത നോവലാണ് ഡോൺക്വിക്സോട്ട്. സ്വപ്നാടകനെന്നോ തന്‍റെ സ്വപ്നങ്ങളെ പിന്തുടര്‍ന്ന പോരാളിയെന്നോ കോമാളിത്തരങ്ങള്‍ കൊണ്ട് അതിനായകന്മാരെ കണക്കറ്റ് പരിഹസിച്ച കഥാപത്രമെന്നോ പലതരത്തില്‍ വായിക്കപ്പെടുന്ന നായകന്‍. ബൈബിളിന് ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഈ കൃതിയ്ക്ക് 21-ാം നൂറ്റാണ്ടിലും പ്രസക്തി നഷ്ടപ്പെടുന്നില്ലെന്ന് സാക്ഷ്യപ്പെടുത്തുകയാണ് അലിയാര്‍ അലിയും സഹനാടകപ്രവര്‍ത്തകരും.

മലയാളത്തിന്‍റെ സാമൂഹ്യജീവിതവും സാംസ്കാരികപരിസരവും സ്പാനിഷ് നോവലിന് ഊടുംപാവുമിട്ടാണ് രംഗഭാഷ ചമച്ചത്. ഭഗവതിയും അറുത്തുങ്കല്‍ വെളുത്തച്ചനും ചേരമാന്‍ പെരുമാളുമെല്ലാം പ്രതിപാദ്യമാവുമ്പോള്‍ സ്പെയ്നിന്‍റെ സാംസ്കാരിക ഭൂമിക വിട്ട് നാടകം കേരളത്തിന്‍റെ മതാതീതസാംസ്കരിക പൊതുഇടത്തില്‍ ഇരിപ്പുറപ്പിക്കുന്നു. തിറയാട്ടവും കളരിപ്പയറ്റും പന്നിവേട്ടയും പള്ളിപ്പെരുന്നാളും മാപ്പിളപ്പാട്ടും നാടോടികഥകളും വടക്കന്‍പ്പാട്ട് കഥകളും തെങ്ങും കള്ളും സൂക്ഷ്മാംശമായി നടകത്തിന് ഇഴപാകുന്നുണ്ട്.

മരണം മടക്കിവിളിച്ച ഉറ്റചങ്ങാതി മിഥുന്‍ മോഹന്‍റെ സ്വപ്നത്തെ സാക്ഷാത്ക്കരിക്കുക എന്ന ദൗത്യം ഏറ്റെടുത്ത് അലിയാര്‍ അലിയുടെ സംവിധാനത്തില്‍ സ്പോര്‍ട്ടീവ് തിയേറ്റർ അവതരിപ്പിക്കുന്ന ‘നന്മയിൽ ജോൺ ക്വിഹോത്തെ’ . യാഥാര്‍ത്ഥ്യത്തിനും മതിഭ്രമത്തിനുമിടയില്‍ സമത്വസുന്ദരമായൊരു ലോകം സ്വപ്നം കണ്ട് യുദ്ധം ചെയ്യാനായി ഇറങ്ങി പോകുന്ന ജോണ്‍ ക്വിഹോത്തെയാണ് ഈ നാടകത്തിലെ മുഖ്യകഥാപാത്രം. പ്രാണപ്രേയസി ദുൽസീനയോടുള്ള അടങ്ങാത്ത പ്രണയവും ലോകത്ത് നടക്കുന്ന അനീതി തുടച്ചുനീക്കാനുള്ള വിപ്ലവാവേശവും ചിരിക്കും ചിന്തയ്ക്കും ഹേതുവാകുന്നു.
തെങ്ങുകയറ്റത്തൊഴിലാളിയായ പാച്ചനെയാണ് സാഞ്ചോപാന്‍സെയായി ഒപ്പം കൂട്ടുന്നത്. ഇത്തിരി മലയാളിത്തം കൂടി ചേര്‍ത്ത് ചാഞ്ചോ പാച്ചോ എന്നാക്കിയിട്ടുമുണ്ട്. സാഞ്ചോ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുന്നുണ്ട്, തിരിച്ചറിവുകളെ ഇടയ്ക്കിടെ ഉറക്കെ പറയുന്നുണ്ടെങ്കിലും യജമാനനോടുള്ള ഭയഭക്തികാരണം പിന്മാറുകകയാണ് ചെയ്യുന്നത്. നോവലിലെന്നപോലെ ആക്ഷേപഹാസ്യവും വര്‍ത്തമാനകാല രാഷ്ട്രീയവുമാണ് നാടകവും കൈകാര്യം ചെയ്യുന്നത്.

മറ്റുള്ളവരുടെ ജീവിതം അതുപോലെ പകര്‍ത്തിവെയ്ക്കുന്നത് ജീവിതമേയല്ലെന്ന് വിശ്വസിക്കുന്ന സ്വയം വീരപരിവേഷം എടുത്തണിഞ്ഞ് ലോകം നന്നാക്കാനിറങ്ങിയ അഴകിയ രാവണനാണ് ഇതിലെ കേന്ദ്രകഥാപാത്രമായ ക്വിഹോത്തൊ. അനീതിയുള്ള കാലത്തോളം അടങ്ങിയിരിക്കില്ല എന്നിടക്കിടെ ആണയിടുന്നുമുണ്ട്. നാടകം തീര്‍ന്ന് പുറത്തിറങ്ങിയ നിമിഷം മുതല്‍ പ്രേക്ഷകര്‍ യാഥാര്‍ത്ഥ്യത്തിനും മിഥ്യയ്ക്കുമിടയില്‍ പെട്ടുപോകുന്നുണ്ട്. തീർച്ചയായും തന്‍റെ സ്വപ്നങ്ങളെ പിന്തുടരുന്ന ക്വിഹോത്തൊമാര്‍ യഥാര്‍ത്ഥ ജീവിതം നയിച്ചവരായി തിരിച്ചറിയുകയും ചെയ്യുന്നു എന്നതാണ് നാടകത്തിന്‍റെ മനോഹാരിത. യാഥാര്‍ത്ഥ്യബോധം തന്നെ മിഥ്യയാണെന്നും സ്വപ്നാടനമിഥ്യകള്‍ യാഥാര്‍ത്ഥ്യത്തെക്കാള്‍ മികച്ച ജീവിതാനുഭവമാണെന്നും നാടകം പറഞ്ഞുവെയ്ക്കുന്നു. അന്തിമതീരുമാനം പ്രേക്ഷകന് വിടുന്നു.
നോവലില്‍ നിന്ന് നാടകത്തിലേക്ക് അനുവര്‍ത്തനം നടത്തുമ്പോള്‍ നാടകത്തിന് മാത്രം സാധ്യമാകുന്ന കരവിരുതുകള്‍ ഇതിലുടനീളം ദൃശ്യമാണ്. പാശ്ചാത്യവും കേരളീയവുമായ സംഗീതവും വസ്ത്രധാരണവും പരസ്പരം മേളിപ്പിച്ചാണ് നാടകത്തില്‍ വിന്യസിച്ചത്. പ്രോപ്പര്‍ട്ടിയും അതിന്‍റെ രൂപപരിണാമങ്ങളും പ്രകാശവും സന്നിവേശിപ്പിക്കുന്നിടത്ത് ദൃശ്യവിസ്മയം തീര്‍ക്കാനും കഴിയുന്നുണ്ട്.

“ജീവിതം എന്തായിരിക്കണമെന്ന് സ്വയം നോക്കിക്കാണാതെ, അത് സാധാരണ രീതിയില്‍ ജീവിച്ച് തീര്‍ക്കുന്നതാണ് ഭ്രാന്ത്. സ്വപ്നങ്ങളുപേക്ഷിക്കലാണ് ശരിയ്ക്കും ഭ്രാന്ത്” എന്ന് എല്ലാ കാലത്തേയ്ക്കും പറഞ്ഞുവെയ്ക്കുന്നുണ്ട്. “അസാധ്യമായ സ്വപ്നങ്ങളെ സാധ്യമാക്കുക എന്നതാണ് എന്‍റെ നിയോഗം” എന്ന ആപ്തവാക്യം അരങ്ങിലുയര്‍ത്തി തിരശ്ശീല വീണെങ്കിലും നാടകം അവസാനിക്കുന്നില്ല, മനുഷ്യജീവിതം പോലെ അതും തുടരുക തന്നെ ചെയ്യും. l