വയനാടൻ വനാന്തരീക്ഷത്തിൽ 575 വർഷം മുൻപ് ജീവിച്ച ഒറ്റമുലയുള്ള ഒരു അവിഹിത സന്തതിയുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഒറ്റമുലച്ചി എന്ന തെയ്യക്കോലം കെട്ടിയാടുവാൻ ഇടയായത്. ഒറ്റമുലച്ചി യക്ഷിയാണെന്ന് കരുതി വയനാടൻ ജനത ഒന്നടങ്കം ഭയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. കൊല്ലവർഷം 626ൽ കന്നിമാസത്തിലെ അമാവാസി നാളിൽ ജനിച്ച ഒറ്റമുലച്ചിയാണ് വയനാടിനാകെ പേടിസ്വപ്നമായി മാറിയത്. അവരെ ചുറ്റിപ്പറ്റി ഒരുപാടു കഥകളും ഉപകഥകളും നാട്ടിലാകെ പ്രചരിച്ചിരുന്നു. ആ കാലത്ത് വയനാട്ടിൽ വയനാടൻ തമ്പാനെന്ന പേരിലറിയപ്പെട്ട ഒരു ദുർമന്ത്രവാദിയുണ്ടായിരുന്നു. ആദിവാസിവിഭാഗത്തിപ്പെട്ട സുന്ദരിയായ ഒരു യുവതിയെ അയാൾ വശീകരിക്കുകയും ഇയാളിൽ നിന്നും സ്ത്രീ ഗർഭം ധരിച്ചതോടെ കുടുംബവും സമുദായവും അവരെ ഒറ്റപ്പെടുത്തുകയായിരുന്നു. നാടെങ്ങും വാർത്ത കാട്ടുതീ പോലെ പടർന്നു. കല്യാണം കഴിക്കാതെ ഗർഭിണിയാകുന്നതു ക്രൂരകൃത്യമായാണ് സമുദായം കണ്ടിരുന്നത്. അങ്ങനെ എവിടെയെങ്കിലും സംഭവിച്ചാൽ അവളെ കൊന്നുകളയുകയാണ് പതിവ്.
പക്ഷേ ഏവർക്കും വേണ്ടപ്പെട്ട മന്ത്രവാദിയിൽനിന്നാണ് ഗർഭം ധരിച്ചത് എന്നതിനാൽ അവളെ കൊല്ലാൻ അവർ തയ്യാറായില്ല. സാധാരണ കുഞ്ഞു പിറന്നാൽ പുറംലോകത്തിന്റെ കാഴ്ച കാണും മുൻപ് കുഞ്ഞു കരയാൻ തുടങ്ങാറുണ്ട്. എന്നാൽ ഇവിടെ കുഞ്ഞു കരഞ്ഞില്ല എന്ന് മാത്രമല്ല തലയിൽ നിറയെ മുടിയുള്ളവളായിരുന്നു. പുഞ്ചിരിക്കുന്ന മുഖം ഉള്ളവളായിരുന്നു. സമുദായം ഭ്രഷ്ട് കല്പിച്ച അവർ മന്ത്രവാദിയുടെ സ്ഥലത്തിനടുത്തായി കാട്ടിൽ തന്നെ കഴിഞ്ഞുകൂടുകയായിരുന്നു. തമ്പാൻ മരിക്കുമ്പോൾ കുഞ്ഞിന് എട്ടു വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. അമ്മക്ക് പനി പിടിപെട്ടപ്പോൾ ഒറ്റ മുലയോടുകൂടി പിറന്ന മകൾ കാട്ടിലിറങ്ങി പലരോടും സഹായം അഭ്യർത്ഥിച്ചു. സമുദായം അകറ്റിനിർത്തിയവളുടെ മകളായതിനാൽ ആരും സഹായിക്കാൻ തയ്യാറായില്ല. ആരും അവരുടെ വിലാപം കേൾക്കാതെ പോയത് കാരണം അമ്മ മകളെ ഉപേക്ഷിച്ചുകൊണ്ട് എങ്ങോട്ടെന്നില്ലാതെ ഇറങ്ങി പോകുകയായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ പകച്ചുപോയ മകൾ അവിടത്തന്നെ ജീവിതം തുടരാൻ തീരുമാനിക്കുകയായിരുന്നു.
പിന്നീട് അവർ തീരുമാനിച്ചത് മാനന്തവാടിയിൽ പോകാനാണ്. അവിടെയാണ് വയനാടൻ തമ്പാന്റെ നാട്. തമ്പാൻ ജീവിച്ചിരിക്കുമ്പോൾ കുട്ടിക്കാലത്ത് അവിടെ പോയിരുന്ന ചെറിയ ഓർമ്മയുണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന ഭദ്രകാളി കാവ് തമ്പാന്റെ മരണശേഷം ഏതാണ്ട് നിലച്ച മട്ടിലായിരുന്നു.. എങ്കിലും സ്വന്തം കാര്യസാധ്യത്തിനായി പിന്നെയും ഒരുപാട് ജനങ്ങൾ അവിടെ എത്തിയിരുന്നു. ദേവിക്ക് ഇഷ്ടംപോലെ ഭക്ഷണം കൊണ്ടുകൊടുക്കാൻ വിശ്വാസികൾ തയ്യാറായിരുന്നു. ഒറ്റമുലച്ചിയായ പെൺകുട്ടി ആരുംകാണാതെ അവിടുത്തെ ഭക്ഷണമെടുത്തു കഴിച്ചിരുന്നു. ഭക്ഷണം കൊണ്ടുവെക്കുന്നവർ കരുതിയത് ദേവി ഭക്ഷണം കഴിക്കുന്നുണ്ട് എന്നായിരുന്നു. അതോടെ അവരുടെ വിശ്വാസം ഇരട്ടിക്കുന്ന നിലയുണ്ടായി. പതിനഞ്ചു വയസ്സായതോടെ അവൾ കാട്ടിൽ യഥേഷ്ടം സഞ്ചരിക്കുന്ന അവസ്ഥയുണ്ടായി. ഇതിനിടയിൽ കാട്ടിലെ മൃഗങ്ങൾ അവളുടെ കൂട്ടുകാരായി. അവൾക്കു കാട് ഇഷ്ടപ്പെട്ട വാസസ്ഥലമായി അനുഭവപ്പെട്ടു.. ഈ സമയത്തായിരുന്നു മൂന്നു യുവാക്കൾ കാട്ടിലേക്കു വരുന്നത്. അവളിൽ കാമാസക്തി തോന്നിയ ചെറുപ്പക്കാർ അവളെ കീഴ്പ്പെടുത്താൻ ശ്രമിച്ചു. ക്ഷീണിതയായ യുവതി സർവശക്തിയും ഉപയോഗിച്ച് അവരെ കീഴ്പ്പെടുത്തി അവരുടെ ചോര കുടിച്ചു. അവളുടെ കൂട്ടുകാരായ മൃഗങ്ങൾക്ക് യുവാക്കളുടെ ശരീരം ഭക്ഷിക്കാൻ ഇട്ടുകൊടുത്തു. മൃഗങ്ങൾക്ക് മനുഷ്യശരീരത്തോട് കൂടുതൽ ഇഷ്ടം തോന്നി. നിവേദ്യ ഭക്ഷണത്തേക്കാൾ അവൾക്കു യുവാക്കളുടെ രക്തത്തോട് കൂടുതൽ താല്പര്യം തോന്നി. അതുകൊണ്ട് തന്നെ യുവാക്കൾ കാട്ടിലെത്താൻ അവൾ ആഗ്രഹിച്ചു.. അവൾ ആഗ്രഹിച്ചത് പോലെ ഒരു ഗ്രാമീണൻ കാട്ടിലെത്തി. ഗണപതി മഠത്തിന് അടുത്തുള്ള മണിച്ചിറ എന്ന സ്ഥലത്തെയാളായിരുന്നു അത്. അയാളെ ആക്രമിക്കാതെ പിന്തുടർന്നുകൊണ്ട് അയാളുടെ ഗ്രാമത്തിൽ അവളെത്തി. ആരും കാണാതെ അമ്പുകുത്തി മലയിൽ താമസമാക്കി. അവളോടൊപ്പം ഭദ്രകാളിയും വന്നിരുന്നു. സുന്ദരമായ ഒരു യുവാവിന്റെ ഉറക്കമുറിയിൽ അവളെത്തി. യുവാവിന്റെ വായിലേക്ക് അവളുടെ മുല വെച്ചുകൊടുത്തു. ആ സമയം അയാളുടെ കഴുത്തു കടിച്ചുമുറിച്ചു അവൾ ചോര കുടിച്ചു.. വയനാട് ക്രമാനുഗതമായി പുരോഗമിക്കുമ്പോളും ഒറ്റമുലച്ചി പരാക്രമം തുടർന്നുകൊണ്ടിരുന്നു. ജനങ്ങൾ എന്തും ചെയ്യാനായി മുന്നോട്ടു വന്നു. ഇതിനിടയിൽ അവിടെ വന്ന ഒരു ദിവ്യന്റെ മുൻപാകെ ജനങ്ങൾ പ്രശ്നം അവതരിപ്പിച്ചു. ഐശ്വര്യത്തിന് കാരണം ഒറ്റമുലച്ചി ആണെന്നാണ് ദിവ്യൻ പറഞ്ഞത്. യുവാക്കൾ ക്രൂരമായി കൊല്ലപ്പെട്ടിട്ടു എന്ത് സന്തോഷം കിട്ടിയിട്ടുമെന്ത് കാര്യം എന്നായി ജനങ്ങൾ.
പതിനെട്ടു തികയാത്ത നിത്യബ്രഹ്മചാരിയായ യുവാവിന് അവളെ വകവരുത്താൻ കഴിയുമെന്നാണ് ദിവ്യൻ പറഞ്ഞത്. ഇതിനു പറ്റിയ തന്ത്രമന്ത്രങ്ങൾ അറിയുന്ന ഒരാളുണ്ടെന്നും അയാൾ ചെങ്ങന്നൂരിലാണെന്നും ദിവ്യൻ പറഞ്ഞു കൊടുക്കുന്നു. ചെങ്ങന്നൂരിലെ തേവലശ്ശേരി കുടുംബാംഗമാണ്. രാജാവ് കൊടുത്തയച്ച കത്തുമായി അമ്പതോളം കുതിരകളുടെ പുറത്ത് രാത്രി മാത്രമായി യാത്ര ചെയ്തു. ഭദ്രകാളിയുടെ രക്ഷ കഴുത്തിൽ അണിഞ്ഞ ബാലൻ വയനാട്ടിലെത്തി. ശക്തിയോടെ മഴ പെയ്യിച്ചു. കാറ്റുമുണ്ടായി. പക്ഷേ പൂജ നടക്കുന്ന സ്ഥലത്ത് ഒന്നുമുണ്ടായില്ല. അവന്റെ കഴുത്തിൽ രക്ഷയുണ്ടായിരുന്നു. ഒറ്റമുലച്ചി പുലികളെ ഇറക്കിവിട്ടുനോക്കി. അതിനും ഒന്നും ചെയ്യാനായില്ല. കാട്ടിൽ നിന്നും അലറിവിളിച്ച അവൾ ഒടുവിൽ അവന്റെ അരികിലെത്തി. ഒരു പൗർണമി നാളിൽ. നിസ്സഹായയായ അവളെ കെട്ടിയിട്ടു. വയനാട് നശിക്കുമെന്ന് അവൾ ശപിച്ചു. രോഗം വന്ന് എല്ലാവരും മരിക്കുമെന്ന് ശാപം. അവളുടെ ശാപം പോലെ വയനാട് നശിച്ചു. പുറമെ നിന്നും വന്നവർ വയനാട് പിന്നീട് കയ്യടക്കി. ഒറ്റമുലച്ചിയുടെ ശാപത്തിൽ നിന്ന് പൂർണമായും മോചനം കിട്ടാൻ കുറെ കാവുകളിലും നാട്ടിലും ഒറ്റമുലച്ചി കോലം കെട്ടിയാടാറുണ്ട്. ബത്തേരിയിലെ മാരിയമ്മൻ കോവിൽ. പുൽപ്പള്ളിയിലെ വേലിയമ്പംകാട്. തവിഞ്ഞാൽ കാട്. മാനന്തവാടിക്കടുത്തു പേയാട് തുടങ്ങിയ സ്ഥലങ്ങളിൽ ഈ കോലം കെട്ടിയാടിയിരുന്നു.. തലശേരി ഭാഗങ്ങളിൽ നിന്നും വന്ന മുന്നൂറ്റന്മാരായിരുന്നു കോലം കെട്ടിയിരുന്നത്. ഇപ്പോൾ ഈ കോലം കെട്ടുന്നത് അപൂർവ്വമായിട്ടുണ്ട്. l