
ജയിലിൽ, സൈബീരിയയിൽ, പിന്നെ പ്രവാസജീവിതം
‘‘ചുരുക്കം ചില ജർമൻ സ്വഭാവസവിശേഷതകൾ ലെനിനിൽ കണ്ടെത്താൻ കഴിയുമെന്നാണ് മൊളോട്ടോവിന്റെ അഭിപ്രായം; അദ്ദേഹം കണിശക്കാരനും ഭ്രാന്തമാംവിധം സംഘടിതനുമായിരുന്നെങ്കിലും അദ്ദേഹവുമായി ബന്ധപ്പെട്ട പിൽക്കാലാനുഭവം ഈ ജർമൻ സ്വഭാവസവിശേഷതകളെ പ്രതിഫലിപ്പിക്കുന്നു. മാതാവിൽനിന്നു ലഭിച്ച അടുക്കും ചിട്ടയുമായി ബന്ധപ്പെട്ട പാരന്പര്യം ലെനിന്റെ വ്യക്തിത്വത്തിൽ ആഴത്തിൽ വേരുറച്ചതാണ്. ഏതു ജോലിയും പൂർണമാക്കാതെ ബാക്കിവെയ്‌ക്കുന്നതിനെ അദ്ദേഹം കഠിനമായി വെറുത്തു. ഒരുപക്ഷേ അദ്ദേഹത്തിന്റെ പ്രായോഗികമായ ഈ സ്വഭാവസവിശേഷതയാണ്, ഈ അടുക്കും ചിട്ടയുമാണ് ഏറ്റവുമധികം പ്രയാസപൂർണമായ സാഹചര്യങ്ങളിലും മുഖ്യ പങ്കുവഹിക്കാനും സൃഷ്ടിപരമായി തുടരാനും കഴിയുന്ന കാര്യത്തിൽ നേതൃപരമായ പങ്കുവഹിച്ചത്. തന്റെ ജീവിതത്തിലുടനീളം താൻ കാലത്തിനെതിരായത മത്സരയോട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്നതുപോലെയാണ് അദ്ദേഹം ഇതെല്ലാംചെയ്‌തത്’’.
‐ തമാസ് ക്രൗസ് Reconstructing Lenin`s An Intellectual Biography (പേജ് 41)
1893 ആഗസ്‌തിൽ സമാറയിൽനിന്ന് റഷ്യൻ നഗരമായ നിഷ്‌നി നവ്‌ഗൊറോദും (Nizhny Novgorod) മോസ്‌കോയുംവഴി ലെനിൻ സെന്റ് പീറ്റേഴ്‌സ് ബെർഗിലേക്ക് പോയത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറി. സെന്റ് പീറ്റേഴ്‌സ്‌ബെർഗിൽ അദ്ദേഹം തന്റെ സമയം അധികവും ചെലവഴിച്ചത് ലൈബ്രറികളിലായിരുന്നു. ഇതിനിടയിൽ പെട്ടെന്നുതന്നെ അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാർഥികളുമായി ബന്ധം സ്ഥാപിച്ചു. വിപ്ലവകാരിയും രാഷ്‌ട്രീയക്കാരനുമെന്ന നിലയിൽ അദ്ദേഹം തന്റെ പിൽക്കാല ജീവിതത്തിലുടനീളം ബന്ധപ്പെട്ട ചില വിപ്ലവകാരികൾ, ഈ ഇൻസ്റ്റിറ്റ്യൂട്ടിലെ മാർക്‌സിസ്റ്റ് സർക്കിളിലെ അംഗങ്ങളായിരുന്നു. ലെനിനെക്കുറിച്ചുള്ള അവരുടെ ആദ്യ പ്രതികരണത്തിൽതന്നെ അദ്ദേഹം അവരിൽ വലിയ മതിപ്പുളവാക്കിയതായി വ്യക്തമാകും. സാന്പത്തികശാസ്‌ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ മാർക്‌സിന്റെയും എംഗൽസിന്റെയും കൃതികളിലുൾപ്പെടെ അദ്ദേഹത്തിനുണ്ടായിരുന്ന അഗാധമായ അറിവ് ആ വിദ്യാർഥിസംഘത്തെ അത്ഭുതപ്പെടുത്തി. സദാ നാനാവിഷയങ്ങളിൽ സംവാദത്തിലേർപ്പെടാനുള്ള സന്നദ്ധതയും അദ്ദേഹത്തിന്റെ ഊർജസ്വലതയും ആവേശവും പതറാത്ത സ്‌ഥൈര്യവുമെല്ലാം അവർക്കിടയിൽ അദ്ദേഹത്തെക്കുറിച്ച് വലിയ മതിപ്പുളവാക്കി.
1894 ജനുവരിയിൽ അക്കാലത്ത് മോസ്‌കോയിലായിരുന്ന തന്റെ കുടുംബാംഗങ്ങളെ ലെനിൻ സന്ദർശിച്ചു; അവിടെ പ്രവർത്തിച്ചിരുന്ന രഹസ്യ മാർക്‌സിസ്റ്റ് ഗ്രൂപ്പുകളുമായുണ്ടായിരുന്ന തന്റെ ബന്ധം പുതുക്കി. ഏറെക്കഴിയുന്നതിനുമുന്പ് സെന്റ് പീറ്റേഴ്‌സ്‌ബെർഗിൽ മടങ്ങിയെത്തിയ അദ്ദേഹത്തെ തൊഴിലാളികൾ ബന്ധപ്പെട്ടു. അതിനകംതന്നെ അദ്ദേഹം തൊഴിലാളികൾക്കിടയിൽ പ്രിയങ്കരനായി മാറിക്കഴിഞ്ഞിരുന്നു. അതാണ് തൊഴിലാളികൾ അദ്ദേഹത്തെ അങ്ങോട്ട് അന്വേഷിച്ചുചെന്നത്. സെന്റ് പീറ്റേഴ്‌സ്‌ബെർഗിലെ, വിപ്ലവബോധവും ആവേശവുമുണ്ടായിരുന്ന മറ്റു പല മാർക്‌സിസ്റ്റ് സംവാദവേദികളിലെ അംഗങ്ങൾക്കിടയിലും അദ്ദേഹം സുപരിചിതനായി കഴിഞ്ഞിരുന്നു. ക്ലാസൺസ് സലൂൺ (Klasson`s Saloon) അദ്ദേഹം സന്ദർശിച്ചിരുന്ന അത്തരത്തിലൊരു മാർക്‌സിസ്റ്റ് സംവാദവേദിയായിരുന്നു. അവിടെവെച്ചായിരുന്നു 1894ൽ, പിൽക്കാലത്ത് തന്റെ പ്രണയിനിയും ജീവിതപങ്കാളിയുമായി മാറിയ നദേഷ്‌ദ ക്രൂപ്‌സ്‌കായ (Nadeshda Krupskaya-‐ N K Krupskaya)യെ അദ്ദേഹം ആദ്യമായി കണ്ടത്.
ആ പരിചയം കൂടുതൽ അടുത്ത ഹൃദയബന്ധമായി മാറുകയും തുടർന്ന് മിക്കവാറും എല്ലാ ആഴ്‌ചകളിലും അവസാനം മാതാവിനൊത്ത് നെവ്‌സ്‌ക്കി പ്രോസ്‌പെക്ടിൽ താമസിക്കുകയായിരുന്ന ക്രൂപ്‌സ്‌കായയെ സന്ദർശിക്കുന്നത് ലെനിൻ പതിവാക്കുകയും ചെയ്‌തിരുന്നു. ലെനിൻ തന്റെ കുടുംബാംഗങ്ങളെ ഇടയ്‌ക്ക് സന്ദർശിക്കുന്നതുപോലെ ഒരു പതിവായി അത് മാറിയതായാണ് ക്രൂപ്‌സ്‌കായയുടെ ഓർമക്കുറിപ്പുകളിൽ കാണുന്നത്. ക്രൂപ്‌സ്‌കായയുടെ കുടുംബത്തെയും തന്റെ കുടുംബത്തിന്റെ ഭാഗമായി അദ്ദേഹം പരിഗണിച്ചിരുന്നുവെന്നതാണ് യാഥാർഥ്യം. അതിനകംതന്നെ അവർ അടുത്ത സുഹൃത്തുക്കളായി മാറി; യോഗങ്ങളിൽ ഒന്നിച്ച് പങ്കെടുക്കുകയും സെന്റ് പീറ്റേഴ്‌സ്‌ബെർഗ് നഗരത്തിലൂടെ ഒരുമിച്ച് നടക്കുകയും ചെയ്യുന്നത് പതിവായി. 1894ൽ ക്രൂപ്‌സ്‌കായയും ലെനിനും പരിചയപ്പെടുമ്പോഴേക്കും ലെനിൻ വിപ്ലവസംഘടനയിൽ ഒളിവിൽ പ്രവർത്തിക്കുന്നതിനുവേണ്ട കാര്യങ്ങളിൽ വൈദഗ്‌ധ്യം നേടിക്കഴിഞ്ഞിരുന്നു. ആ അറിവുകൾ, താൻ ആർജിച്ച വൈദഗ്‌ധ്യം ക്രൂപ്‌സ്‌കായയ്‌ക്കും പകർന്നുകൊടുക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. 1895ലെ കാര്യങ്ങൾ ക്രൂപ്‌സ്‌കായ ഇങ്ങനെ രേഖപ്പെടുത്തുന്നു.

‘‘പൊലീസിന്റെ നിരീക്ഷണം വർധിച്ചുതുടങ്ങി. രഹസ്യപ്രവർത്തനം നടത്തുന്നതിൽ ഏറ്റവും മികച്ച ശേഷി കൈവരിച്ചതിൽ ഗ്രൂപ്പിലെ മറ്റാരെക്കാളും മുൻപിൽ അദ്ദേഹമായിരുന്നു. എല്ലാ വഴികളും പറന്പുകളും അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു; പൊലീസ് ചാരന്മാരുടെ കണ്ണുവെട്ടിച്ച് നടക്കുന്നതിലും അദ്ദേഹം മിടുക്കനായിരുന്നു. അദൃശ്യമഷി ഉപയോഗിച്ചോ കുത്തും കോമയും മറ്റും ഉപയോഗിച്ചോ (dot method) കത്തുകളും പുസ്‌തകങ്ങളും എഴുതുന്നതെങ്ങനെയെന്നും രഹസ്യ സൂചനകൾ (Signs) രേഖപ്പെടുത്തുന്നതെങ്ങനെയെന്നും അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു; എല്ലാവിധ അപരനാമങ്ങളെക്കുറിച്ചും അദ്ദേഹം സുപരിചിതനായിരുന്നു.’’ (എൻ കെ ക്രൂപ്‌സ്‌കായ Reminiscences of Lenin, Marxist internet Archive).
ലെനിൻ രഹസ്യ പ്രവർത്തനങ്ങളിൽ ഇങ്ങനെ വൈദഗ്‌ധ്യം നേടിയതെന്തിനെന്നും ക്രൂപ്‌സ്‌കായ തന്റെ ഓർമക്കുറിപ്പുകളിൽ സൂചിപ്പിക്കുന്നുണ്ട്. നരോദ്‌നിക്കുകളോട് അദ്ദേഹത്തിന് ശക്തമായ വിയോജിപ്പുണ്ടായിരുന്നെങ്കിലും, അടിസ്ഥാനപരമായി നിഹിലിസ്റ്റ് ആശയങ്ങളോട് എതിർപ്പുണ്ടായിരുന്നെങ്കിലും, ആദ്യകാല നിഹിലിസ്റ്റുകളോട് അദ്ദേഹത്തിന് മതിപ്പുണ്ടായിരുന്നു. അവരിൽ പലരും പിൽക്കാലത്ത് അദ്ദേഹവുമായും സോഷ്യൽ ഡെമോക്രാറ്റിക് പ്രസ്ഥാനവുമായും അടുക്കുകയും ചെയ്‌തിരുന്നു. രക്തസാക്ഷിത്വം വരിച്ച ജ്യേഷ്‌ഠ സഹോദരൻ അലക്‌സാണ്ടറിനോടുള്ള സ്‌നേഹവും ബഹുമാനവും അതിലൊരു ഘടകമായിരുന്നിരിക്കാം. സാറിസ്റ്റ് സ്വേച്ഛാധിപത്യത്തിൻ കീഴിൽ തൊഴിലാളിയെ സംഘടിപ്പിക്കുന്നതിന് രഹസ്യപ്രവർത്തനം നടത്തേണ്ടത്, ഒളിവിൽ പ്രവർത്തിക്കുന്ന പാർട്ടി കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണെന്നു കണ്ട അദ്ദേഹം ആദ്യകാല നിഹിലിസ്റ്റ് പ്രവർത്തനശൈലിയിൽനിന്നും പലതും ഉൾക്കൊള്ളാനും തയ്യാറായി. അതിനായി മിഖായ്‌ലോവിനെ (Mikhailov) പോലെയുള്ള ആദ്യകാല നിഹിലിസ്റ്റുകളിൽ ചിലരുമായി അദ്ദേഹം ബന്ധപ്പെടുകയും സംസാരിക്കുകയും ചെയ്‌തിരുന്നു. ആദ്യകാലത്ത് നിഹിലിസ്റ്റ് പ്രവർർത്തനങ്ങളിലേർപ്പെട്ടിരുന്ന ലിഡിയ നിപ്പോവിച്ചിനെ (Lydia Knippoich) പോലെ ചിലർ മാർക്‌സിസത്തോടും സോഷ്യൽ ഡെമോക്രസിയോടും അടുക്കുകയും അദ്ദേഹത്തിനൊപ്പം ചേരുകയും ചെയ്‌തിരുന്നു. നരോദ്‌നയ വോള്യ (Narodnaya Volya) പ്രിന്റിങ് പ്രസിൽ ലെനിന്റെ ആദ്യകാല ലഘുലേഖകളിൽ പലതും അച്ചടിക്കാൻ ലിഡിയ സഹായിക്കുകയും ചെയ്‌തിരുന്നു. എന്നാൽ അറുപിന്തിരിപ്പൻ പ്രസ്ഥാനമായി മാറിയ പിൽക്കാല നരോദ്‌നിക്കുകളുമായി ലെനിൻ സന്ധിയില്ലാതെ പൊരുതുകയും ചെയ്‌തിരുന്നു.
കോഡ് ഭാഷയിൽ എഴുതാനും ഡീകോഡ് ചെയ്യാനും ക്രൂപ്‌സ്‌കായയ്‌ക്ക് വൈദഗ്‌ധ്യം നേടാൻ കഴിഞ്ഞിരുന്നില്ലെങ്കിലും ലെനിൻ അവരെ ഏറെ വിശ്വസിച്ചിരുന്നു. ഏത് രഹസ്യരേഖയും വിവരവും ക്രൂപ്‌സ്‌കായയുടെ കൈവശം ഭദ്രമായിരിക്കുമെന്ന് ലെനിൻ അതിനകം മനസ്സിലാക്കിയിരുന്നു. മാത്രമല്ല, സാക്ഷരതാ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ക്രൂപ്‌സ്‌കായയ്‌ക്ക് തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ചുണ്ടായിരുന്ന അഗാധമായ അറിവും അവർ തമ്മിലുള്ള അടുപ്പം വർധിച്ചതിലെ ഒരു ഘടകമായിരുന്നു. ക്രൂപ്‌സ്‌കായ തന്റെ ഓർമക്കുറിപ്പുകളിൽ ഇങ്ങനെ എഴുതുന്നു:

‘‘ഞായറാഴ്‌ചകളിൽ സർക്കിളിലെ (സ്റ്റഡി സർക്കിൾ) പ്രവർത്തനം കഴിഞ്ഞ് മടങ്ങവെ വ്‌ളാദിമിർ ഇല്ലിച്ച് എന്നെ കാണുന്നതിനായി വിളിക്കുന്ന പതിവുണ്ടായിരുന്നു. ഞങ്ങൾ നിർത്താതെ അനന്തമായി സംഭാഷണങ്ങളിൽ ഏർപ്പെടുക പതിവായിരുന്നു. ആ കാലത്ത് ഞാൻ സ്‌കൂളുമായി ബന്ധപ്പെട്ട ജോലികളിൽ മുഴുകിയിരുന്നു; ഭക്ഷണം കഴിക്കാതെയും മുന്നോട്ടുപോകാൻ എനിക്ക് കഴിയും പക്ഷേ, വിദ്യാർഥികളെ സംബന്ധിച്ചോ സെമ്യനിക്കോവ് (Semyannikov), തോൺടൺ (Thornton), മാക്‌സ്‌വെൽ (Maxwell) തുടങ്ങിയ നേവയ്‌ക്കു ചുറ്റുമുള്ള ഫാക്ടറികളെ സംബന്ധിച്ചോ സംസാരിക്കാൻ കിട്ടുന്ന ഒരവസരവും ഞാൻ വിട്ടുകളയുമായിരുന്നില്ല. തൊഴിലാളികളുടെ ജീവിതാവസ്ഥയെയും ജീവിതത്തെയും സംബന്ധിച്ച അതിസൂക്ഷ്‌മമായ വിശദാംശങ്ങൾ പോലും വിശദീകരിക്കുന്നതിൽ വ്‌ളാദിമിർ ഇലിച്ചിന് താൽപര്യമുണ്ടായിരുന്നു. ഓരോ ഘടകത്തെയും വെവ്വേറെയെടുത്ത് തൊഴിലാളിയുടെ ജീവിതത്തെ മൊത്തത്തിൽ മനസ്സിലാക്കാൻ അദ്ദേഹം ശ്രമിച്ചു. വിപ്ലവ പ്രചരണവുമായി തൊഴിലാളികളെ സമീപിക്കുന്നതിന് ഏറ്റവും മികച്ച രീതി എന്തെന്ന് കണ്ടെത്താൻ അദ്ദേഹം ശ്രമിച്ചു’’. (ക്രൂപ്‌സ്‌കായ,Reminiscences Of Lenin)
പ്രചരണവും പ്രക്ഷോഭവും എങ്ങനെ നടത്തണമെന്നതിനെക്കുറിച്ചുള്ള സവിശേഷമായ ഒരു രീതി, ഒരു ലെനിനിസ്റ്റ് ശൈലി, ലെനിൻ അതിനകംതന്നെ വികസിപ്പിച്ചുകഴിഞ്ഞിരുന്നുവെന്ന് ക്രൂപ്‌സ്‌കായ വിശദീകരിക്കുന്നുണ്ട്. അക്കാലത്തെ മിക്ക ബുദ്ധിജീവികൾക്കും തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ചും അവരുടെ പ്രശ്‌നങ്ങളെക്കുറിച്ചും കാര്യമായൊന്നും അറിയുമായിരുന്നില്ല. പഠനക്ലാസുകളിൽ അവർ നടത്തിയിരുന്ന പ്രഭാഷണങ്ങൾ തൊഴിലാളികൾക്കൊട്ട് മനസ്സിലായിരുന്നുമില്ല. എന്നാൽ ലെനിൻ അങ്ങനെയായിരുന്നില്ല. ലെനിൻ തൊഴിലാളികൾക്കൊപ്പമിരുന്ന് മാർക്‌സിന്റെ മൂലധനം വായിക്കുകയും അതിലെ ആശയങ്ങൾ അവർക്ക് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്‌തിരുന്നു. പഠനക്ലാസിന്റെ പകുതിസമയം തൊഴിലാളികളുടെ സംശയങ്ങൾക്ക് മറുപടി പറയാൻ മാറ്റിവെച്ചു. അങ്ങനെ സാമൂഹ്യക്രമവും അവരുടെ ജീവിതവും തമ്മിൽ എങ്ങനെ കെട്ടുപിണഞ്ഞു കിടക്കുന്നുവെന്നും അവരുടെ ജീവിതത്തിൽ മാറ്റം വരുത്തണമെങ്കിൽ ഈ സാമൂഹ്യവ്യവസ്ഥയിൽ മാറ്റമുണ്ടാക്കണമെന്നും അതെങ്ങനെ സാധ്യമാക്കാമെന്നും ലെനിൻ ലളിതമായി അവർക്ക് വിശദീകരിച്ചുകൊടുത്തു. സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള സവിശേഷമായ സംയോജനമായിരുന്നു ലെനിന്റെ പഠനക്ലാസുകൾ, ക്രമേണ മറ്റംഗങ്ങളും ലെനിന്റെ ഈ ശൈലി പിന്തുടർന്നു. അങ്ങനെ സോഷ്യൽ ഡെമോക്രാറ്റുകാർക്കു പിന്നിൽ തൊഴിലാളികൾ അണിനിരക്കാൻ തുടങ്ങി.
1895ൽ, ഇതിനിടയിൽ രണ്ട് പ്രധാന സംഭവങ്ങളുണ്ടായി. ഒന്നാമത്തേത് ലെനിന്റെ ആദ്യ വിദേശയാത്രയായിരുന്നു‐ സ്വിറ്റ്‌സർലൻഡ്, ജർമനി, ഫ്രാൻസ് എന്നിവിടങ്ങൾ സന്ദർശിച്ചു. 1895 മെയ് ഒന്നിന് റഷ്യയിൽനിന്ന് യാത്ര തിരിച്ച ലെനിൻ സെപ്‌തംബർ 9ന് മടങ്ങിയെത്തി. അക്കാലത്ത് പ്രവാസികളായി കഴിഞ്ഞിരുന്ന ജി വി പ്ലെഖാനോവ് (ജോർജി വാലന്റിനോവിച്ച് പ്ലെഖാനോവ്‐ Georgi Valentinovich Plekhanov) ഉൾപ്പെടെയുള്ള തൊഴിലാളി മോചന ഗ്രൂപ്പിന്റെ നേതാക്കളെ കാണുകയായിരുന്നു ആ യാത്രയുടെ ലക്ഷ്യം. ഈ യാത്രയിൽ ബെർലിനിൽവെച്ച് പ്രമുഖ ജർമൻ സോഷ്യൽ ഡെമോക്രാറ്റ് നേതാവും മാർക്‌സിന്റെയും എംഗൽസിന്റെയും സഹപ്രവർത്തകനുമായിരുന്ന വിൽഹെം ലീബ്‌നെക്ടിനെ (Wilhelm Liebknect) സന്ദർശിക്കാനും ലെനിന് കഴിഞ്ഞു. പ്ലെഖാനോവ് നൽകിയ കത്തുമായാണ് അദ്ദേഹം ലീബ്‌നെക്ടിനെ സന്ദർശിച്ചത്. ലെനിന്റെ വിപ്ലവചക്രവാളം ഈ യാത്രയിലൂടെ കൂടുതൽ വിപുലമായി. യൂറോപ്പിൽ അദ്ദേഹം നിരവധി കൊണ്ടാക്ടുകൾ ഉണ്ടാക്കി.
ഇതിനകംതന്നെ റഷ്യൻ രഹസ്യ പൊലീസിന്റെ നോട്ടപ്പുള്ളിയായി ലെനിൻ മാറിയിരുന്നു. വെറുമൊരു നോട്ടപ്പുള്ളിയല്ല, മറിച്ച് അവരുടെ മുഖ്യ ടാർഗറ്റുതന്നെ അദ്ദേഹമായി. 1895 ഡിസംബർ 8ന് രാത്രി ലെനിൻ അറസ്റ്റിലായി. ഇതോടെ ജയിൽവാസവും സുദീർഘമായ പ്രവാസജീവിതവും ആരംഭിക്കുകയായിരുന്നു.
ജയിൽവാസം ആരംഭിക്കുന്നതിനു മുന്പുതന്നെ ലെനിൻ അടിയുറച്ച സോഷ്യൽ ഡെമോക്രാറ്റും മാർക്‌സിസ്റ്റും ആയിക്കഴിഞ്ഞിരുന്നു. ജയിലിലായിരുന്നപ്പോഴും നാടുകടത്തപ്പെട്ട് സൈബീരിയയിലായിരുന്നപ്പോഴും പിന്നീട് യൂറോപ്യൻ പ്രവാസകാലത്തും അദ്ദേഹം നിരന്തരം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കത്തുകൾ എഴുതിയിരുന്നു. അദ്ദേഹത്തിന്റെ അക്കാലത്തെ ജീവിതവും ചിന്തകളും എങ്ങനെയായിരുന്നുവെന്ന് ഈ കത്തുകളിൽനിന്ന് വായിച്ചെടുക്കാം. പൊതുലക്ഷ്യത്തിനായി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച ലെനിനെ തന്റെ വ്യക്തിഗത വിഷയങ്ങളൊന്നുംതന്നെ അലട്ടിയിരുന്നില്ലായെന്നും അത്തരം കാര്യങ്ങൾക്ക് അദ്ദേഹം വലിയ പ്രാധാന്യം നൽകിയിരുന്നില്ലായെന്നും ലെനിന്റെ കത്തുകൾ സമാഹരിച്ച് 1931ൽ പ്രസിദ്ധീകരിച്ചപ്പോൾ എഴുതിയ മുഖവുരയിൽ അദ്ദേഹത്തിന്റെ സഹോദരി അന്ന ഇലിനിച്ച്‌ന ഉല്യാനോവ‐ യെലിസറോവ (Anna Ilyinichna Ulyanova‐Yelizarova) രേഖപ്പെടുത്തുന്നു. ജയിൽചട്ടങ്ങൾ പ്രകാരം അകത്തേക്ക് കടത്താൻ അനുമതിയുള്ള കൃതികൾ അദ്ദേഹത്തിന് എത്തിച്ചുകൊടുക്കാൻ കുടുംബാംഗങ്ങൾ എന്തുചെയ്യാനും തയ്യാറായിരുന്നു.
അതിവേഗം തന്നെ ലെനിൻ ജയിലിലെ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേർന്നു. ജയിലിലെയും സൈബീരിയൻ പ്രവാസകാലത്തെയും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ആ 25 കാരൻ ശാരീരികമായും ബൗദ്ധികമായും സജ്ജനായിരുന്നു. അക്കാദമികവും സൈദ്ധാന്തികവുമായ പ്രവർത്തനങ്ങൾക്ക് സമയവും സാഹചര്യവുമുള്ള ഇടമാക്കി ജയിൽവാസക്കാലത്തെ ലെനിൻ മാറ്റി. 1896 ജനുവരി 12ന് എഴുതിയ ഒരു കത്തിൽ അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തി: ‘‘ഇപ്പോൾ ഇവിടെ എനിക്ക് വേണ്ടതെല്ലാം കിട്ടുന്നുണ്ട്; ഒരുപക്ഷേ വേണ്ടതിലും അധികവും കിട്ടുന്നുണ്ട്… എന്റെ ആരോഗ്യനില തികച്ചും തൃപ്‌തികരമാണ്. എനിക്കിവിടെ ആവശ്യമായ മിനറൽ വാട്ടർ പോലും കിട്ടുന്നുണ്ട്‐ അതും ഞാനാവശ്യപ്പെടുന്ന ദിവസംതന്നെ കെമിസ്റ്റിൽ നിന്നും വാങ്ങി തരുന്നുണ്ട്. ദിവസവും ഒന്പത് മണിക്കൂറോളം ഞാൻ ഉറങ്ങുന്നു; ഉറക്കത്തിൽ ഭാവിയിൽ ഞാൻ എഴുതാൻ പോകുന്ന പുസ്‌തകത്തിന്റെ വിവിധ അധ്യായങ്ങൾ ഞാൻ കാണുന്നു’’. സാർ ഭരണകാലത്തെ ജയിൽ ഒരു സുഖവാസകേന്ദ്രമായിരുന്നു എന്നല്ല ഇതിൽനിന്നും നാം മനസ്സിലാക്കേണ്ടത്, മറിച്ച് ജയിലിലെ തറയിലെ കൊടുംതണുപ്പുമായും ഏകാന്തവാസവുമായും പൊരുത്തപ്പെടാൻ അദ്ദേഹം സന്നദ്ധനായി എന്നാണ്. അദ്ദേഹത്തിന്റെ ആത്മവിശ്വാസവും തികഞ്ഞ നർമബോധവും, ഏതു പ്രതികൂല സാഹചര്യത്തെയും ഒരു ചെറുചിരിയോടെ നേരിടാനും അതിജീവിക്കാനും അദ്ദേഹത്തെ പ്രാപ്‌തനാക്കി.
കുട്ടിക്കാലം മുതൽ ഒറ്റയ്‌ക്ക് കഴിയാൻ ഇഷ്ടപ്പെട്ടിരുന്ന, സദാ വായനയിൽ മുഴുകിയിരുന്ന ലെനിൻ തന്റെ സഹോദരൻ തൂക്കിലേറ്റപ്പെട്ടതിനെത്തുടർന്ന് കൂടുതൽ മിതഭാഷിയായി ഒതുങ്ങിക്കഴിയുകയായിരുന്നു. അതിനാൽതന്നെ ജയിലിലെ ഏകാന്തവാസവുമായി അദ്ദേഹത്തിന് വേഗം പൊരുത്തപ്പെടാനായി. 1897 ഫെബ്രുവരി 14ന് അദ്ദേഹത്തെ സെന്റ് പീറ്റേഴ്‌സ്‌ബെർഗ് ജയിലിൽനിന്ന് മോചിപ്പിക്കുകയും വിദൂരമായ സൈബീരിയയിലേക്ക് നാടുകടത്തുകയും ചെയ്‌തു. 1895 ഡിസംബറിൽ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം തടവറയിലും സൈബീരിയയിലും പിന്നീട് യൂറോപ്പിൽ പ്രവാസിയായും 1917 വരെ കഴിഞ്ഞു.
കിഴക്കൻ സൈബീരിയയിലെ ഷുഷെൻസ്‌കൊയെ (Shushenskoye) ഗ്രാമത്തിലാണ് നാടുകടത്തപ്പെട്ട് ലെനിന എത്തിച്ചേർന്നത്. ഷുഷെൻസ്‌കൊയെയിലേക്കുള്ള യാത്രയ്‌ക്കിടയിൽ തന്റെ കുടുംബാംഗങ്ങൾക്കെഴുതിയ കത്തിൽ ഇങ്ങനെ രേഖപ്പെടുത്തി: ‘‘ഞാൻ ഷുഷെൻസ്‌കോയെ വില്ലേജിലേക്കാണ് പോകുന്നത്… വലിയൊരു ഗ്രാമമാണിത്; 1500ൽ അധികം ആളുകൾ ഇവിടെ പാർക്കുന്നുണ്ട്. ഇവിടെ ഒരു വൊളോസ്റ്റ് (Volost) കൗൺസിലുണ്ട്; സെം സെറ്റ്വാ അസസറുടെ (Zemstro assessor) ഓഫീസുണ്ട് (റഷ്യയിലെ പൊലീസ് സൂപ്രണ്ടിന് സമാനമായ ഉദ്യോഗമാണ്; റഷ്യയിലെക്കാൾ കൂടുതൽ വലിയ അധികാരമുണ്ട്), ഒരു സ്‌കൂൾ തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്. യെനിസി നദിയുടെ പടിഞ്ഞാറെക്കരയിലാണ് ഈ ഗ്രാമം’’. ലെനിനൊപ്പം സൈബീരിയയിലേക്ക് നാടുകടത്തപ്പെട്ട മറ്റു രണ്ട് സുഹൃത്തുക്കൾ കൂടിയുണ്ടായിരുന്നു. തെസിൻസ്‌കൊയെ (Tesinskoye)യിലേക്കാണ് അവർ ഇരുവരും പോയത്. മറ്റുള്ളവർ പോയതിലും അകലെയുള്ള ഗ്രാമത്തിലേക്കാണ് ലെനിനെ അയച്ചത്. യെനിസി നദിക്കു ചുറ്റുമുള്ള ഭൂപ്രദേശങ്ങൾ ലെനിനെ സ്വിറ്റ്‌സർലണ്ടിലെ പർവതപ്രദേശങ്ങളെയാണ് ഓർമിപ്പിച്ചത്.
ലെനിൻ ഉൾപ്പെട്ട അതേ കേസിൽപെട്ട് ക്രൂപ്‌സ്‌കായയും അറസറ്റ് ചെയ്യപ്പെട്ടിരുന്നു‐ 1896 ആഗസ്‌ത് 12ന്. തന്റെ മാതാവിനും സഹോദരിമാർക്കുമുള്ള കത്തുകളിൽ, തന്റെ കാമുകിയായ നഡേഷ്‌ദാ കോൺസ്റ്റാൻന്റിനോവ്‌ന ക്രൂപ്‌സ്‌കായയെക്കുറിച്ചും ഏറെ താമസിയാതെ അവരും തന്നോടൊപ്പം സുഷെൻസ്‌കോയെയിൽ എത്തുമെന്നും വികാരവായ്‌പോടെ ലെനിൻ എഴുതി. ജയിൽവാസം കഴിഞ്ഞ് വടക്കൻ റഷ്യയിലേക്ക് പോകുന്നതിനു പകരം അവർ ലെനിനൊപ്പം കഴിയാൻ അമ്മയെയും കൂട്ടി ഷുഷെൻസ്‌കോയെയിൽ പോകാൻ അനുമതി വാങ്ങുകയായിരുന്നു. ഒടുവിൽ 1898 മെയ് 10ന് പ്രിയപ്പെട്ട മാതാവിനെഴുതിയ കത്തിൽ ക്രൂപ്‌സ്‌കായയും അമ്മയും എത്തിയ വിവരം സന്തോഷത്തോടെ ലെനിൻ രേഖപ്പെടുത്തി. ലെനിനും ക്രൂപ്‌സ്‌കായയും അവിടെവെച്ച് വിവാഹിതരാകാനും തീരുമാനിച്ചു. ആ വേളയിൽ തന്റെ കുടുംബാംഗങ്ങൾ എല്ലാപേരും ഉണ്ടാകണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. ഒന്നാമത്തെ കാര്യം അതിന് അധികൃതരുടെ അനുമതി കിട്ടില്ലായിരുന്നു; മറ്റൊന്ന് ലെനിന്റെ മാതാവിന്റെ ആരോഗ്യസ്ഥിതി സൈബീരിയൻ യാത്രയ്‌ക്ക് പറ്റിയതുമായിരുന്നില്ല. വിവാഹം ഉടൻ നടന്നില്ലെങ്കിൽ ക്രൂപ്‌സ്‌കായയെയും അമ്മയെയും വടക്കൻ റഷ്യയിലേക്ക് മടക്കി അയയ്‌ക്കുമായിരുന്നു. അതൊഴിവാക്കാൻ ലെനിൻ 1898 ജൂൺ 7ന് വിവാഹം കഴിക്കാൻ തീരുമാനിച്ച് അധികൃതരെ സമീപിച്ചു. പക്ഷേ ബ്യൂറോക്രസി സൃഷ്ടിച്ച നൂലാമാലകൾ കാരണം ജൂലൈ 10നു മാത്രമേ വിവാഹം നടന്നുള്ളൂ. ഷുഷെൻസ്‌കോയെയിലെ പള്ളിവികാരിയാണ് അന്ന് അവരുടെ വിവാഹം നടത്തിയത്. l
(തുടരും)





