
ഓട്ടമത്സരങ്ങളിൽ അവസാനത്തെ ലാപ്പ് ഓടിത്തീർക്കാനാണ് ഏറ്റവും ബുദ്ധിമുട്ട് എന്നു പറയാറുണ്ട്. അതിന് സമാനമാണ് കേരളത്തിന്റെ വികസന പ്രശ്നങ്ങൾ.
എഴുപതുകളുടെ തുടക്കം മുതൽ തന്നെ കേരളത്തിന്റെ വികസന മാതൃക ലോകത്തിന്റെ ശ്രദ്ധയിൽ വന്നിരുന്നു. അമർത്യ സെൻ അടക്കമുള്ള സാമ്പത്തിക ശാസ്ത്രജ്ഞർ സാമ്പത്തിക വളർച്ച കൈവരിക്കുന്നതിന് ഏറെ മുൻപ് സാമൂഹിക ക്ഷേമം ഉറപ്പാക്കുന്ന ചില പരീക്ഷണങ്ങൾ കേരളത്തിൽ നടന്നത് ശ്രദ്ധിച്ചു. ചിലർ അതിനെ കേരള മാതൃക എന്നുപോലും വിളിച്ചു. എന്തായാലും പൊതുവിൽ സാമൂഹിക വികസന സൂചികകൾ ആയി നിർണയിക്കപ്പെടുന്ന ശിശു മരണനിരക്ക്, മാതൃ മരണ നിരക്ക്, ജീവിത ദൈർഘ്യം, സാക്ഷരത എന്നിങ്ങനെ എല്ലാ പ്രധാന സൂചികകളിലും വികസിത സമൂഹങ്ങൾക്ക് ഒപ്പമെത്താൻ കേരളത്തിന് കഴിഞ്ഞു.
ഈ പശ്ചാത്തലത്തിലാണ് കേരളം രണ്ടാം ഘട്ട വികസന പ്രശ്ങ്ങളാണ് നേരിടുന്നത് എന്ന് പല വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. അതിനർത്ഥം പ്രശ്നപരിഹാരം ഇതേവരെയുണ്ടായിരുന്നതിൽ നിന്നും ഏറെ ദുഷ്കരമായിരിക്കും എന്നതാണ്.
ദാരിദ്ര്യ നിർമാർജന പ്രക്രിയയിൽ വ്യത്യസ്തമായ പാത പിന്തുടർന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ചരിത്രപരമായി ദാരിദ്ര്യ നിർമാർജനത്തിൽ കേരളം ഏറെ മുന്നിൽ വന്നതിന് പല കാരണങ്ങളുണ്ട്. 1957 ൽ തുടങ്ങിയ ഭൂപരിഷ്‌കരണം ഇതിലെ ഏറ്റവും പ്രധാന ചുവടാണ്. അതിനൊപ്പം പ്രധാനമാണ് നിരന്തരമായ തൊഴിലാളി സമരങ്ങളിലൂടെ നേടിയ ഉയർന്ന കൂലി, മെച്ചപ്പെട്ട ആരോഗ്യ-വിദ്യാഭ്യാസ സംവിധാനങ്ങൾ, ക്ഷേമ പെൻഷൻ അടക്കം പലതരം ക്ഷേമ പദ്ധതികൾ എന്നിവ. 62 ലക്ഷം പേർക്ക് പ്രതിമാസം നൽകുന്ന 2000 രൂപ ക്ഷേമ പെൻഷൻ, 42 ലക്ഷത്തോളം കുടുംബങ്ങളെ ഉൾക്കൊള്ളുന്ന വിപുലമായ റേഷനിങ് സംവിധാനം, കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ആശ്രയ എന്നിവയെല്ലാം ദാരിദ്ര്യം കുറയ്ക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. 1970 കളിൽ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന ദാരിദ്ര്യ നിരക്കായിരുന്ന 60 % ത്തിൽ നിന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ ഒരു ശതമാനത്തിൽ താഴെ എത്താൻ കഴിഞ്ഞതിൽ തുടർച്ചയായ ഇത്തരം ഇടപെടലുകൾ വളരെ പ്രധാനപ്പെട്ട ഒരു പങ്കു വഹിച്ചിട്ടുണ്ട്.
ഈ പശ്ചാത്തലത്തിലാണ് അതി ദരിദ്ര കുടുംബങ്ങളെ കണ്ടെത്താനും അവരെ അതി ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാനുമുള്ള ഒരു ശ്രമം കേരള സർക്കാർ തുടങ്ങിവച്ചത്. ആരാണ് അതിദരിദ്രർ എന്ന നിർവചനത്തിൽ നിന്ന് തുടങ്ങാം.സ്വന്തം ജീവിത സാഹചര്യങ്ങൾ പോലും തിരിച്ചറിയാൻ കഴിയാത്തവർ, അതിജീവന സാധ്യതകള്‍ അന്വേഷിക്കാനോ, അതു പരിഹരിക്കാനോ കഴിവില്ലാത്തവർ, തെരുവില്‍ താമസിക്കുന്ന അനാഥര്‍, ഉപജീവനത്തിനും നിലനില്‍പ്പിനും വേണ്ടി ശാരീരികമോ മാനസികമോ ആയ അദ്ധ്വാനത്തില്‍ ഏര്‍പ്പെട്ട് വരുമാനം നേടാന്‍ കഴിയാത്തവര്‍, ശാരീരിക- – മാനസിക വെല്ലുവിളികള്‍ നേരിടുന്നവർ, വിട്ടുമാറാത്ത രോഗങ്ങള്‍ മൂലം ദൈനംദിന ജീവിതം സാധാരണ ഗതിയില്‍ നയിക്കാന്‍ കഴിയാത്തവര്‍ എന്നിവരെയാണ് അതിദരിദ്രരായി പരിഗണിച്ചത്.
ഇനി ഈ അതിദരിദ്രരെ എങ്ങനെയാണ് കണ്ടെത്തിയത് എന്ന് നോക്കാം.
ഈ പ്രക്രിയ മനസ്സിലാക്കുന്നതിനുമുൻപ് ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. കേരളത്തിന്റെ വികസന ചരിത്രത്തിൽ ഒരു നിർണായക ഘട്ടമായിരുന്നു 1996 ൽ ആരംഭിച്ച ജനകീയാസൂത്രണം. 1200 ഓളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, അവിടെ പ്രതിനിധികളായെത്തുന്ന 17000 ഓളം വാർഡ് മെമ്പർമാർ, ഒപ്പം കുടുംബശ്രീ ഗ്രൂപ്പുകൾ, ആശാ വർക്കേഴ്സ്, അംഗൻവാടി വർക്കേഴ്സ്, റസിഡന്റ് അസോസിയേഷനുകൾ പാലിയേറ്റിവ് കെയർ സംഘടനകൾ എന്നിവയൊക്കെ ചേരുന്ന വിപുലമായ വികേന്ദ്രീകൃത ഭരണ സംവിധാനം, സാമൂഹിക പ്രശ്നങ്ങൾ കണ്ടെത്തുന്നതും അഭിസംബോധന ചെയ്യുന്നതും താരതമ്യേന എളുപ്പമാക്കി. ഈ ഭരണ സംവിധാനത്തിന്റെ ശക്തി കേരളം മനസ്സിലാക്കിയത് 2018 ലെ പ്രളയത്തിന്റെ സമയത്തും പിന്നീടുവന്ന കോവിഡിന്റെ സമയത്തുമാണ്. ഈ വികേന്ദ്രീകൃത സംവിധാനം ഉപയോഗിച്ചാണ് കിലയുടെ പരിശീലനം കിട്ടിയ 17,000 ത്തോളം സന്നദ്ധ പ്രവർത്തകരും ഉദ്യോഗസ്ഥരും അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തിയത്. താരതമ്യമില്ലാത്ത ഒരു പ്രവർത്തനമായിരുന്നു ഇത്. ഓരോ വാർഡിലും അഞ്ചോ ആറോ എന്ന കണക്കിന് 60,000 ത്തിലേറെ ഫോക്കസ് ഗ്രൂപ്പുകളാണ് ഇതിനായി സംഘടിപ്പിച്ചത്. ഒടുവിൽ 64,006 കുടുംബങ്ങളിലായി 1,03,099 പേർ അതിദരിദ്രരാണ് എന്നതായിരുന്നു ഈ സർവേയുടെ കണ്ടെത്തൽ.
“ഈ പരിപാടിയിൽ ആരെയും ഒരു ഫോർമൽ സർവേ വഴിയല്ല തിരിച്ചറിഞ്ഞത്. കുടുംബങ്ങളുടെ വരുമാനവും ആസ്തിയും വിലയിരുത്തുന്ന ചോദ്യാവലികൾ വഴിയും അല്ല. പകരം, സമൂഹം നേരിട്ട് കണ്ടറിയുന്ന ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അതിദാരിദ്ര്യത്തിന്റെ സ്വഭാവം മനസ്സിലാക്കാനുള്ള സൂചകങ്ങളായിരുന്നു ഉപയോഗിച്ചത്.” കേരളത്തിന്റെ ചീഫ് സെക്രട്ടറി ആയിരുന്ന ശാരദ മുരളീധരൻ പറയുന്നു: “കേരളം കണ്ട ഏറ്റവും വലിയ പങ്കാളിത്തപരമായ ദാരിദ്ര്യ തിരിച്ചറിയൽ പ്രക്രിയയായിരുന്നു ഇത്. 100 പേരുള്ള സംസ്ഥാനതല മാസ്റ്റർ ടീം, 650 പേരുള്ള ജില്ലാതല റിസോഴ്സ് പേഴ്സൺ ടീം, തദ്ദേശ സ്വയംഭരണ തലത്തിൽ 31,666 അംഗങ്ങൾ, വാർഡ് തലത്തിൽ രണ്ടു ലക്ഷം അംഗങ്ങൾ, മൊബൈൽ ആപ്പ് കൈകാര്യം ചെയ്യാൻ 1,010 പേർ, 50,000 പേർ വരുന്ന എന്യുമെറേഷൻ ടീമുകൾ, 1100 പേരുള്ള സൂപ്പർ ചെക്ക് ടീം എന്നിങ്ങനെ 13.74 ലക്ഷം പേർ ഈ പ്രക്രിയയിൽ പങ്കെടുത്തു, കേരള സമൂഹം എത്ര ശക്തവും സജീവവുമാണെന്നതിന്റെ തെളിവാണ് സഹായത്തിന് ഏറ്റവും അർഹരായവരെ കണ്ടെത്താനുള്ള അതിന്റെ കഴിവ്.” പങ്കാളിത്ത ചർച്ചകളിലൂടെ, അതിദാരിദ്ര്യം നിര്‍ണ്ണയിക്കുന്ന ഓരോ ക്ളേശഘടകത്തിന്റെയും സൂചകങ്ങള്‍ ഉപയോഗിച്ച്, അതിദരിദ്രരെ തിരിച്ചറിയാൻ കഴിയുന്ന കാര്യക്ഷമമായ ഒരു രീതി ശാസ്ത്രം വികസിപ്പിച്ചെടുത്തു എന്നത് ഏറെ പ്രധാനമാണ്. ഒരുപക്ഷേ കേരളത്തിൽ വികേന്ദ്രീകൃത ആസൂത്രണത്തിന്റെ പശ്ചാത്തലത്തിൽ മാത്രം സാധ്യമാകുന്ന കാര്യം. ഈ പ്രക്രിയ ഒന്‍പതിന അപകട ഘടകങ്ങള്‍ (ഒന്‍പതിന റിസ്ക് പാരാമീറ്ററുകള്‍) എന്നു വിളിക്കുന്ന ഒരു കൂട്ടം മാനദണ്ഡങ്ങളെ ആശ്രയിച്ചാണ് രേഖപ്പെടുത്തിയത്. ഭൂരഹിതർ, നിരക്ഷരർ, വീടില്ലാത്തവർ, വരുമാനമില്ലാത്ത വിധവകൾ, രോഗികൾ, ഭിന്നശേഷിയുള്ളവർ, ഭിക്ഷാടകർ, പീഡനത്തിനു വിധേയരായിട്ടുള്ള സ്ത്രീകൾ തുടങ്ങി ഈ ഒന്‍പതു മാനദണ്ഡങ്ങളില്‍ ഏഴ് മാനദണ്ഡങ്ങളിലെങ്കിലും ചേര്‍ച്ചയുള്ള കുടുംബങ്ങളെ ഉള്‍പ്പെടുത്തിയാണ് അതിദരിദ്രരെ കണ്ടെത്തിയത്. പ്രവർത്തനത്തിന്റെ പൈലറ്റ് ആയി 2016ൽ ആലപ്പുഴയിലെ ഉള്ളാടർ ഗോത്രവർഗ സമൂഹത്തിനു വേണ്ടി ഉണ്ടാക്കിയ മൈക്രോ പ്ലാനിൽ നിന്നാണ് അതി ദാരിദ്ര്യ നിർമാർജനം എന്ന ആശയം ഉരുത്തിരിണത് എന്ന് ഡോ. ടി എം തോമസ് ഐസക് എഴുതുന്നു.
ഈ കണക്കിന്റെ കാര്യത്തിൽ ചില വിദഗ്ധർ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നീതി ആയോഗിന്റെ കണക്കനുസരിച്ച് കേരളത്തിലെ ദരിദ്രരുടെ സംഖ്യ ജനസംഖ്യയുടെ 0.55 % ആണ്. ഇപ്പോൾ അതിദരിദ്രരുടെ കണക്കിൽ വന്നിട്ടുള്ള 1,03,099 ഏകദേശം ഇതിനു തുല്യമാണ്. ഒരു കാര്യം തീർച്ചയാണ്. ഇതൊരു തുടർ പ്രക്രിയയാണ്. ദരിദ്രരുടെയും അതി ദരിദ്രരുടെയും എണ്ണത്തിൽ തുടർച്ചയായി മാറ്റമുണ്ടാകും. ദാരിദ്ര്യ നിർമാർജന പ്രക്രിയ ഒരു തുടർ പ്രക്രിയയാണ്. ഇനിയും അവശേഷിക്കുന്നവരെ ഉൾപ്പെടുത്തും വിധം ഈ പ്രക്രിയ തുടരും എന്നുതന്നെ നമുക്ക് കരുതാം.
ഇതിൽ ശ്രദ്ധിക്കേണ്ട മറ്റൊരു സംഗതി ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള എല്ലാ പഞ്ചായത്തുകളും ഈ പ്രക്രിയയിൽ പങ്കാളികളായിരുന്നു എന്നതാണ്. അതായത് യുഡിഎഫ് നയിക്കുന്ന 321 ഉം ബിജെപി നയിക്കുന്ന 19 ഉം ഉൾപ്പെടെയുള്ള 941 പഞ്ചായത്തുകളും യുഡിഎഫ് നയിക്കുന്ന 43 ഉം ബിജെപി നയിക്കുന്ന 2 ഉം എൽഡിഎഫ് നയിക്കുന്ന 48 ഉം ഉൾപ്പെടെയുള്ള 93 നഗരസഭകളും ഈ പരിപാടിയുടെ ഭാഗമായിരുന്നു.
ഗുണഭോക്താക്കളെ കണ്ടെത്തിക്കഴിഞ്ഞാൽ പിന്നീടുള്ളത് ദാരിദ്ര്യത്തിന്റെ ദൂഷിതവലയത്തെ മുറിച്ചുകടക്കാൻ സഹായിക്കുന്ന മൈക്രോ പ്ലാനുകൾ ഉണ്ടാക്കുക എന്നതായിരുന്നു. ഇവിടെ ഓരോ കുടുംബത്തിന്റെയും ആവശ്യങ്ങൾ വ്യത്യസ്തമായിരിക്കും. ചിലർക്ക് വീട്, ചിലർക്ക് ആഹാരം, ചിലർക്ക് ചികിത്സ, ചിലർക്ക് തൊഴിൽ, അങ്ങനെ ആവശ്യങ്ങൾ വ്യത്യസ്തമായിരിക്കും. ഇത് കണ്ടെത്താനാണ് മൈക്രോ പ്ലാനിങ്. വീടില്ലാത്തവർ, തൊഴിലില്ലാത്തവർ, ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, ഭക്ഷണം ആവശ്യമുള്ളവർ എന്നിങ്ങനെ ഓരോ വ്യക്തിക്കും വേണ്ട രീതിയിലാണ് മൈക്രോ പ്ലാനുകൾ ഉണ്ടാക്കുക. ഈ പ്രക്രിയ നടക്കുന്ന സമയത്ത് ഈ പട്ടികയിൽ പെട്ട 4,445 പേർ മരണപ്പെട്ടു എന്നൊരു കണക്കും കണ്ടു. ഒരാളുടെ മരണത്തോടെ ആ യൂണിറ്റിന്റെ അതുവരെയുള്ള മൈക്രോ പ്ലാൻ അപ്രസക്തമാകുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.
രണ്ടുവർഷത്തെ തുടർച്ചയായ പ്രവർത്തനത്തിന് ശേഷമാണ് കണ്ടെത്തിയവരെ മുഴുവൻ അതി ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചതായി പ്രഖ്യാപനം ഉണ്ടാകുന്നത്.
ഇതൊക്കെ കഴിഞ്ഞിട്ടും പരിതാപകരമായ ജീവിത സാഹചര്യങ്ങളിൽ കഴിയുന്ന, കടത്തിണ്ണകളിലും മെട്രോയ്ക്ക് താഴെയും ഓവർബ്രിഡ്ജിന് താഴെയും കിടന്നുറങ്ങുന്നവരും ഭിക്ഷക്കാരുമായ പലരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെടുന്നുണ്ട്. ലൈഫ് മിഷന്റെ പട്ടിക പ്രകാരം തന്നെ കേരളത്തിൽ 341095 കുടംബങ്ങൾ ഭൂരഹിതരായ ഭവനരഹിതരാണ്-. പിന്നെങ്ങനെയാണ് അതിദാരിദ്ര്യം അവസാനിച്ചതായി കേരള സർക്കാർ പറയുന്നത് എന്നതായിരുന്നു ഉയർന്നുവന്ന മറ്റൊരു ചോദ്യം.
ഇതിനു മറുപടിയായി പറയാവുന്നത് അതി ദരിദ്രർ എന്ന നിർവചനത്തിന്റെ പ്രത്യേകതയാണ്. നേരത്തെ സൂചിപ്പിച്ച ക്ലേശ ഘടകങ്ങളിൽ ഒൻപതിൽ ഏഴെങ്കിലും ഉള്ളവരെയാണ് അതിദരിദ്രരായി ഇപ്പോൾ കണക്കാക്കിയിട്ടുള്ളത്. എന്നാൽ ഈ പ്രക്രിയയിൽ കുറച്ചുപേരെങ്കിലും വിട്ടുപോയിട്ടുണ്ടാവാം. അവരെക്കൂടി ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ തുടരാനും അതി ദാരിദ്ര്യമല്ല ദാരിദ്ര്യം തന്നെ ഇല്ലാത്ത ഒരു ദേശമാക്കി കേരളത്തെ മാറ്റാനുമാണ് കേരളം ശ്രമിക്കുന്നത് എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.
കേരളത്തിന്റെ ഈ നേട്ടം ഇന്ത്യയുടെ ദാരിദ്ര്യ നിർമ്മാർജന പരിശ്രമങ്ങളുമായി കൂടി താരതമ്യം ചെയ്യേണ്ടതുണ്ട്. ലഭ്യമായ കണക്കുകൾ അനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യയുടെ 33 ശതമാനം പേർക്കും പ്രതിദിന വരുമാനം 100 രൂപയിൽ കുറവാണ്; 81 ശതമാനം പേർക്കും പ്രതിദിന വരുമാനം 200 രൂപയിൽ താഴെയാണ്. ലോകത്തെ ഏറ്റവും കൂടുതൽ നിരക്ഷരരും (ഏകദേശം 37 ശാതമാനം) ഏറ്റവും കൂടുതൽ പോഷണക്കുറവ് അനുഭവപ്പെടുന്നവരും (ഏകദേശം 25 ശതമാനം) ഉള്ള രാജ്യമാണ് ഇന്ത്യ.
ഈ പശ്ചാത്തലത്തിൽ കൂടി വേണം കേരളം കൈവരിച്ച ഈ നേട്ടത്തെ മനസ്സിലാക്കാൻ. കേരളം അവലംബിച്ച വികസന പാതയിൽ നിന്ന് മറ്റു പ്രദേശങ്ങൾക്ക് എന്താണ് പഠിക്കാനുള്ളത് എന്ന് നോക്കുന്നതും നന്നായിരിക്കും.
ഒരു കാര്യം തീർച്ചയാണ്. കേരളത്തിലെ പഞ്ചായത്തുകളും നഗരസഭകളും കോർപ്പറേഷനുകളും അടങ്ങുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ രാഷ്ട്രീയ ഭേദമെന്യേ തോളോടുതോൾ ചേർന്നുനിന്നാണ് അറുപത്തിനാലായിരത്തി ആറു കുടുംബങ്ങളെ അതിദരിദ്ര സാഹചര്യങ്ങളിൽ നിന്നും മുക്തമാക്കിയത്. വികസന പ്രക്രിയയിൽ ഇത്തരത്തിൽ ഒരുമിച്ച് നിൽക്കുക എന്നത് ഏറെ പ്രധാനമാണ്. അതു മാത്രമല്ല ഈ പ്രക്രിയയിലൂടെ അതി ദാരിദ്ര്യ നിർമാർജനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിരന്തര പരിഗണനയായി മാറിയിരിക്കുന്നു എന്നതാണ്.
ദാരിദ്ര്യത്തിന്റെ നിർവചനം ഒട്ടും എളുപ്പമല്ല. ഇന്ത്യയിൽ കഴിഞ്ഞ എട്ട് ദശകത്തിൽ ഈ നിർവചനത്തിൽ ഏറെ മാറ്റം വന്നു. കേരളം അതി ദരിദ്രരില്ലാത്ത സംസ്ഥാനമായപ്പോൾ ദാരിദ്ര്യത്തെക്കുറിച്ചുള്ള കൂടുതൽ ചർച്ചകൾ ഇന്ത്യയാകെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. l





