
പ്രൊഫഷണൽ ജേണലിസം 10
ബെൻ ബാഗ്ദിക്യൻ എന്ന മാധ്യമവിദഗ്ദ്ധൻ എഴുതിയ പുസ്തകത്തിന്റെ പേര് കുത്തക മാധ്യമങ്ങൾ എന്നാണ്. അതിൽ ‘അവിടെയല്ല, ഇവിടെ കഴിക്കുക’ എന്നൊരു പ്രതിഭാസത്തെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. മാധ്യമ ഉടമകൾക്കും പരസ്യദാതാക്കൾക്കും ദോഷം ചെയ്യുന്നിടത്തു നിന്ന് മാധ്യമ ശ്രദ്ധതിരിച്ചുവിടാൻ പ്രൊഫഷണൽ ജേർണലിസ്റ്റുകൾ നടത്തുന്ന ശ്രമത്തെ വിശദീകരിക്കുന്നതിനിടയിലാണ് അദ്ദേഹം ഈ പ്രയോഗം നടത്തുന്നത്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ച് വാർത്ത കൊടുക്കാൻ തയ്യാറാവാതിരിക്കുകയും പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന വ്യാജമായ ആരോപണങ്ങൾ മാത്രം നൽകുകയും ചെയ്യുന്ന കേരളത്തിലെ കുത്തക മാധ്യമങ്ങളുടെ നിലപാട് അവിടെയല്ല; ഇവിടെ കുഴിക്കുക എന്ന സിദ്ധാന്തത്തിന്റെ പ്രയോഗമാണ്.
1950 മുതൽ 1980 വരെയാണ് അമേരിക്കയിൽ പ്രൊഫഷണൽ ജേണലിസം അതിന്റെ പാരമ്യത്തിൽ എത്തിയത്. ഈ കാലയളവിൽ പത്രപ്രവർത്തകർക്ക് അവർക്ക് ഇഷ്ടപ്പെട്ട വാർത്തകൾ കൊടുക്കുന്നതിനും വിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നതിനും ഒക്കെ പരിമിതമായെങ്കിലും സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്തൊക്കെയായാലും സാമ്പത്തിക വ്യവസ്ഥയിൽ തൽസ്ഥിതി തുടരണം എന്നതായിരുന്നു അന്നത്തെ പക്ഷപാതിത്വം. അന്ന് നിലവിൽ ഉണ്ടായിരുന്ന പ്രൊഫഷണൽ പത്രപ്രവർത്തനരംഗത്തെ പൊതു നിയമം ഇതായിരുന്നു. സമൂഹത്തിലെ ഒന്നോ രണ്ടോ ശതമാനം വരുന്ന സമ്പന്ന വിഭാഗം അതായത് രാജ്യത്തെ മൂലധനവും പ്രധാന സ്ഥാപനങ്ങളും നിയന്ത്രിക്കുന്നവർ ഒരു വിഷയത്തോട് യോജിക്കുന്നുവെങ്കിൽ അതിനെ സംബന്ധിച്ച് പത്രപ്രവർത്തകർ വിമർശനാത്മക പരിശോധന നടത്തേണ്ടതില്ല എന്നതായിരുന്നു അന്നത്തെ നിയമം. ലോകത്തെ ഏതൊരു രാജ്യത്തെയും ഏതൊരു കാര്യം പറഞ്ഞും ആക്രമിക്കാൻ അവകാശമുണ്ട് എന്നത് അന്ന് പൊതുവിൽ അംഗീകരിക്കപ്പെട്ട ഒരു ധാരണയായിരുന്നു. അതുപോലെ മറ്റൊന്നായിരുന്നു മുതലാളിത്ത താല്പര്യങ്ങൾ ലോകമാകെ സംരക്ഷിക്കുന്നതിന് ആവശ്യമായ ഏത് നിലപാടും അമേരിക്കയ്ക്ക് സ്വീകരിക്കാം എന്നതും. സ്വതന്ത്ര വിപണിയുടെ വികാസത്തെ ജനാധിപത്യ അവകാശങ്ങളുടെ വികാസമായിട്ടായിരുന്നു അന്ന് അമേരിക്കയിലെ പ്രൊഫഷണൽ ജേണലിസം കണ്ടിരുന്നത്. അമേരിക്കയിലെ സമ്പന്ന വിഭാഗത്തെ സംബന്ധിച്ചിടത്തോളം അവരുടെ ലാഭം വർദ്ധിപ്പിക്കാൻ ഉതകുന്നത് എന്തും ജനാധിപത്യത്തിന്റെ ഭാഗമായിരുന്നു.
അതുകൊണ്ടുതന്നെ ഇക്കാലത്ത് പ്രൊഫഷണൽ ജേണലിസത്തിന്റെ നല്ല മാതൃകകൾ വന്നുകൊണ്ടിരുന്നത് ബദൽ പാശ്ചാത്തലങ്ങളിൽ നിന്നായിരുന്നു. സമ്പന്ന വിഭാഗങ്ങൾക്കിടയിൽ സംവാദങ്ങൾ ഉയർന്നുവരികയോ അവർ അപ്രസക്തമെന്ന് കരുതുന്ന കാര്യങ്ങളിൽ ചർച്ചകൾ ഉയർന്നു വരികയോ ചെയ്യുമ്പോഴായിരുന്നു അങ്ങനെ സംഭവിച്ചിരുന്നത്. പൗരാവകാശ പ്രശ്നങ്ങൾ, ഗർഭഛിദ്രത്തിനുള്ള അവകാശം, വാട്ടർ ഗേറ്റ് പോലെ റിപ്പബ്ലിക്കന്മാർക്കും ഡെമോക്രാറ്റുകൾക്കും ഇടയിൽ ഉയർന്നുവരുന്ന സംഘർഷങ്ങൾ എന്നിവയ്ക്ക് ഒക്കെ വർഗ്ഗപ്രശ്നങ്ങളേക്കാളും സാമ്രാജ്യത്വ അധിനിവേശ പ്രശ്നങ്ങളെക്കാളും കൂടുതൽ പ്രാധാന്യം കിട്ടി. വരുമാനനികുതി കൂടുതൽ വരുമാനമുള്ളവരിൽ നിന്ന് ഉയർന്നതോതിൽ പിരിക്കുന്നതിനെ ദുർബലപ്പെടുത്തൽ, സിഐഎ ഓപ്പറേഷനുകളുടെ രൂപവും സാധ്യതകളും, ഇൻഡോനേഷ്യയിൽ അമേരിക്കയുടെ പ്രായോജകത്വത്തിൽ നടന്ന കൂട്ടക്കൊല എന്നിവയൊന്നും കാര്യമായ ചർച്ചയ്ക്ക് വിധേയമാക്കപ്പെട്ടില്ല. സുവർണ്ണയുഗം എന്നറിയപ്പെട്ട കാലത്തും പത്രപ്രവർത്തകരുടെ സ്വാതന്ത്ര്യം ഉടമകളാൽ നിയന്ത്രിക്കപ്പെട്ടിരുന്നു എന്നാണ് ഇത് കാണിക്കുന്നത്. നിശബ്ദമാക്കപ്പെട്ട ചില മേഖലകൾ എന്നും പ്രൊഫഷണൽ ജേണലിസത്തിൽ ഉണ്ടായിരുന്നു. അത് സമ്പന്നരെ ബാധിക്കുന്ന വിഷയങ്ങൾ ആയിരുന്നു; അല്ലെങ്കിൽ മുതലാളിത്ത വ്യവസ്ഥയ്ക്ക് തന്നെ ദോഷം ചെയ്യുന്ന വിഷയങ്ങൾ ആയിരുന്നു.
1980കൾ വരെ അമേരിക്കയിൽ പ്രൊഫഷണൽ ജേണലിസത്തിനുണ്ടായിരുന്ന സ്വയം ഭരണാധികാരം ഉടമകളുടെയും പരസ്യദാതാക്കളുടെയും ഭാഗത്തുനിന്നും ഉണ്ടായ നിരന്തരമായ ആക്രമണത്തിന്റെ ഭാഗമായി വെറും പുറന്തോട് മാത്രമായി അവശേഷിച്ചു. 1980കളോടെ ശാസ്ത്രസാങ്കേതിക രംഗത്തുണ്ടായ വിപ്ലവത്തിന്റെ ഭാഗമായി ബഹുരാഷ്ട്ര സ്വഭാവത്തിലേക്ക് മാധ്യമ ഉടമസ്ഥതകൾ മാറാൻ തുടങ്ങി. ഇന്ന് ആറോ ഏഴോ ബഹുരാഷ്ട്ര കുത്തകകളാണ് അമേരിക്കൻ മാധ്യമരംഗത്തെ പൊതുവിൽ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്. അതിനു ചുറ്റുമായി രണ്ടാം നിരക്കാരായ അമ്പതോളം സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. അവരാണ് അമേരിക്കൻ ജനതയ്ക്ക് മാധ്യമ രംഗത്തുകൂടെ എന്ത് കിട്ടണം എന്ത് കിട്ടാതിരിക്കണം എന്ന് തീരുമാനിക്കുന്നത്. പഴയ പ്രമുഖ സ്ഥാപനങ്ങളൊക്കെ ഇവയിൽ ഏതെങ്കിലും ഒന്നിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. ഇതിൻറെ ഭാഗമായി ഒട്ടേറെ പത്രപ്രവർത്തകർക്ക് ജോലി നഷ്ടപ്പെടുകയും ബ്യൂറോകൾ അടച്ചുപൂട്ടുകയും ചെയ്തു. പത്രസ്ഥാപനങ്ങൾ പലതും പ്രവർത്തിക്കുന്നത് പബ്ലിക് റിലേഷൻസിന്റെ ഭാഗമായി തയ്യാറാക്കി കിട്ടുന്ന വാർത്തകൾ ഉപയോഗപ്പെടുത്തിയാണ്. പരസ്യ ദാതാക്കളുടെയും ഉടമസ്ഥരായ കോർപ്പറേറ്റുകളുടെയും താൽപര്യങ്ങളാണ് അതിലൂടെ പ്രതിഫലിക്കുന്നത്. പള്ളിയും ഭരണകൂടവും തമ്മിലുള്ള വിഭജനം എന്ന് കൊട്ടിഘോഷിക്കപ്പെട്ടത് ലാഭസാധ്യതകൾക്ക് മുമ്പിൽ തകർന്നുവീണിരിക്കുന്നു. പത്രാധിപന്മാരും പത്രപ്രവർത്തകരും തന്നെയാണ് ഈ ദുരവസ്ഥയെക്കുറിച്ച് തുറന്നെഴുതുന്നത്. കോർപ്പറേറ്റുകളുടെയും വ്യാപാര താല്പര്യങ്ങളുടെയും പേരിൽ അടിച്ചമർത്തപ്പെടുന്ന മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ തന്നെ തുറന്നെഴുതിയിട്ടുള്ള നിരവധി ഗ്രന്ഥങ്ങൾ ഇന്ന് അമേരിക്കയിൽ ലഭ്യമാണ്. ചിക്കാഗോ ട്രിബ്യൂണിന്റെ പത്രാധിപരായിരുന്ന ജിം സ്ക്വയേഴ്സ് എഴുതിയ പത്രപ്രവർത്തനത്തിന്റെ മരണം അത്തരത്തിലൊന്നാണ്.
ഇതൊക്കെ കാണിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ ശക്തികൾക്ക് മുമ്പിൽ സമകാലിക മാധ്യമപ്രവർത്തനം വലിയൊരു വെല്ലുവിളിയാണ് ഉയർത്തുന്നത് എന്ന കാര്യമാണ്. വർഗ്ഗപരമായ പക്ഷപാതിത്വമാണ് ഏറ്റവും വലിയ തടസ്സമായി ഉയർന്നുനിൽക്കുന്നത്. 1940കളിൽ ഇടത്തരത്തിലും വൻകിടയിലുംപെട്ട എല്ലാ മാധ്യമ സ്ഥാപനങ്ങളിലും തൊഴിലാളികളെ ബാധിക്കുന്ന പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് മാത്രമായി മുഴുവൻസമയ പത്രപ്രവർത്തകരെ നിയോഗിച്ചിരുന്നു. അവർ എഴുതിയിരുന്നത് പലപ്പോഴും തൊഴിലാളിവർഗ്ഗത്തിന് എതിരായിരുന്നു എങ്കിലും അങ്ങനെയൊരു സംവിധാനം അന്ന് നിലവിൽ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയൊരു സംവിധാനം തന്നെ നിലവിലില്ല. സമൂഹത്തിലെ സമ്പന്ന വിഭാഗത്തിന് ഉതകുന്ന വാർത്തകളാണ് ഇന്ന് മാധ്യമങ്ങളിൽ വരുന്നത്. ഓഹരി വിപണി,ലാഭകരമായ നിക്ഷേപ സാധ്യതകൾ, മുതലാളിത്ത വ്യവസ്ഥയുടെ ഗുണഗണങ്ങൾ എന്നിവയൊക്കെയാണ് പൊതുജന താൽപര്യാർത്ഥം എന്നപേരിൽ ഇന്ന് പ്രസിദ്ധീകൃതമാകുന്നത്. സാമ്പത്തിക വിഷയങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ സ്വതന്ത്ര വിപണിക്ക് വേണ്ടി നിലകൊള്ളുന്ന സാമ്പത്തികവിദഗ്ധരുടെ അഭിപ്രായങ്ങൾക്കാണ് ഇപ്പോൾ മാധ്യമങ്ങളിൽ മുൻതൂക്കം ലഭിക്കുന്നത്.
ലോക വ്യാപാര സംഘടന, ലോക ബാങ്ക്, അന്താരാഷ്ട്ര നാണയനിധി എന്നിവയ്ക്കെതിരായി നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഒന്നും തന്നെ മാധ്യമശ്രദ്ധ ലഭിക്കാറില്ല. സമരങ്ങളുടെ ഭാഗമായി സ്വത്തുക്കൾ നശിപ്പിക്കപ്പെടുന്നതും അതിക്രമങ്ങൾ ഉണ്ടാകുന്നതും മാത്രം വാർത്തയാവുകയും ഉയർത്തപ്പെടുന്ന ജനകീയ മുദ്രാവാക്യങ്ങൾ തമസ്കരിക്കപ്പെടുകയും ചെയ്യുന്നു. പൊതു പണിമുടക്കുകൾ ഉണ്ടാക്കുന്ന ഉത്പാദന നഷ്ടത്തിൽ വാർത്തകൾ കേന്ദ്രീകരിക്കുകയും തൊഴിലാളിവർഗ്ഗത്തിനെ സമരത്തിലേക്ക് നയിക്കുന്ന കാര്യങ്ങൾ തമസ്കരിക്കുകയും ചെയ്യുന്നു. പോലീസ് അതിക്രമങ്ങളും വാർത്തയാവുന്നില്ല. എന്നാൽ അപൂർവ്വം ചിലത് വാർത്തയാക്കി നിഷ്പക്ഷമാണെന്ന് വരുത്താനുള്ള ശ്രമം നടക്കുകയും ചെയ്യും. എന്നാൽ അതിനെയൊക്കെ നിഷ്പ്രഭമാക്കും വിധം മുതലാളിത്താനുകൂല വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യും. വ്യാപാരകേന്ദ്രങ്ങളും മാനേജ്മെന്റ് സ്രോതസ്സുകളും നൽകുന്ന വാർത്തകൾക്കായിരിക്കും പ്രാധാന്യം, സംഘടനാസ്വാതന്ത്ര്യം തടയുന്നതുപോലും കൊട്ടിഘോഷിക്കപ്പെടും. പൗരസ്വാതന്ത്ര്യ നിഷേധത്തിന്റെ സ്ഥിതിയും ഇതുതന്നെയാണ്.
ഇതിൽ നിന്നൊക്കെ വ്യക്തമാകുന്ന കാര്യം വാർത്തകളിലെ ഭരണവർഗ പക്ഷപാതിത്വം കൂടുതൽ കൂടുതലായി ശക്തിപ്പെട്ടു വരുന്നു എന്ന കാര്യമാണ്. സാധാരണ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളൊക്കെ അഗണ്യകോടിയിൽ തള്ളപ്പെടുന്നു. അമേരിക്കയിൽ സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം ഉദാഹരണമായി കാണാവുന്നതാണ്. അതൊരിക്കലും മുഖ്യധാരാ മാധ്യമങ്ങളിൽ വാർത്തയാവില്ല. അവിടെ ഏറ്റവും സമ്പന്നരായ 10 ശതമാനവും ഏറ്റവും ദരിദ്രരായ 60% വും തമ്മിലുള്ള സാമ്പത്തിക അന്തരം നവലിബറൽ കാലഘട്ടത്തിൽ അതിവേഗത്തിലാണ് വളർന്നുവരുന്നത്. കോവിഡ് 19 കാലത്തും ഈ സ്ഥിതി തീവ്രതരമായി തന്നെ തുടർന്നു. സമ്പന്നരായ പത്തു ശതമാനത്തിന്റെ കൈകളിൽ ആകെ ദേശീയ സമ്പത്തിന്റെ 76% ആണുള്ളത്. ഇത് രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതം ചെറുതല്ല. വല്ലപ്പോഴും വരുന്ന സാമ്പത്തിക റിപ്പോർട്ടുകളുടെ ഭാഗമായി പരാമർശിക്കപ്പെടുന്നതൊഴികെ ഈ അന്തരം ഒരിക്കലും മുഖ്യധാര മാധ്യമങ്ങളിൽ സ്ഥാനം പിടിക്കാറില്ല. അപ്പോഴും മുതലാളിത്തത്തിന്റെ ഗുണഗണങ്ങളെ വളർത്തുന്നതിൽ ഒരു പിശുക്കും മാധ്യമങ്ങൾ കാണിക്കാറില്ല. വിശിഷ്ടമായ സമ്പദ് വ്യവസ്ഥയാണ് അമേരിക്കയിലേത് എന്നാണ് മാധ്യമങ്ങൾ പ്രചരിപ്പിക്കുക. ഉന്നതങ്ങളിൽ എത്തുന്നവർ അവരുടെ വ്യക്തിവൈശിഷ്ട്യം കൊണ്ടാണ് അങ്ങനെ എത്തിച്ചേരുന്നത് എന്നും പ്രചരിപ്പിക്കും.
ഈ അന്തരം ഉണ്ടാക്കുന്ന സാമൂഹ്യപ്രത്യാഘാതങ്ങൾ ചെറുതല്ല. ലോകത്തിൻറെ 5% മാത്രം ജനസംഖ്യയാണ് അമേരിക്കക്കുള്ളത്. എന്നാൽ ആകെ ജയിലിൽ കിടക്കുന്നവരുടെ 25% അമേരിക്കയിലാണ്. അതിൽ തന്നെ 90% വും ജയിൽവാസം അനുഭവിക്കുന്നത് അക്രമ സംഭവങ്ങളുടെ പേരിലല്ല മറിച്ച് മയക്കുമരുന്ന് കൈവശം വയ്ക്കുന്നതിനും മറ്റും ശിക്ഷിക്കപ്പെട്ടതിനാലാണ്. കറുത്ത വർഗ്ഗക്കാരെ കേസിൽപ്പെടുത്തി ജയിലിൽ ആക്കി വോട്ടവകാശം നിഷേധിക്കുന്ന പ്രവണതയും പ്രകടമാണ്. ഗവേഷണങ്ങൾ കാണിക്കുന്നത് അവയിൽ ഒരു ചെറു ശതമാനം എങ്കിലും യാതൊരു കുറ്റകൃത്യവും ചെയ്യാത്തവരാണ് എന്നാണ്. ഇല്ലിനോയ്ഡ് സംസ്ഥാനത്ത് വധശിക്ഷ നടപ്പാക്കപ്പെട്ടവരിൽ പലരും കൊലപാതകികൾ ആയിരുന്നില്ല എന്നും കണ്ടിട്ടുണ്ട്. എന്നാൽ അമേരിക്കയിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും ചർച്ചചെയ്യുന്നത് കുറ്റകൃത്യങ്ങളോട് കൂടുതൽ കഠിനമായി പെരുമാറേണ്ടത് എങ്ങനെ എന്നതും കൂടുതൽ ജയിലുകളും കൂടുതൽ പോലീസിനെയും ഉപയോഗിക്കേണ്ടതിനേയും പറ്റിയാണ്. ഇവിടെയൊന്നും മനുഷ്യാവകാശം ഒരു വിഷയമായി ഉയർത്തിക്കൊണ്ടു വരാൻ മാധ്യമങ്ങൾ സന്നദ്ധമാവുന്നില്ല. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരിൽ നിന്നാണ് കൂടുതൽ പേർ കുറ്റവാളികൾ ആക്കപ്പെടുന്നത്. ഇതിനർത്ഥം ദരിദ്രർ കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരാണ് എന്നല്ല. ക്രിമിനൽ നീതിപീഠം പൊതുവിൽ ദരിദ്രർക്ക് എതിരാണ് എന്നതാണ് പ്രധാന കാര്യം. ‘നീല കോളർ’ കുറ്റവാളികൾക്കും കുറ്റകൃത്യങ്ങൾക്കും കഠിന ശിക്ഷ വിധിക്കുന്നവർ തന്നെ ‘വെള്ള കോളർ’ കുറ്റകൃത്യങ്ങളോട് മയത്തിൽ പെരുമാറുന്നു. ഓട്ടോറിക്ഷ ചെലവിന് 60 രൂപ പിരിച്ച ആലപ്പുഴയിലെ കമ്മ്യൂണിസ്റ്റുകാരൻ ഭീകര കുറ്റവാളിയാകുന്നതും കോടികളുടെ അഴിമതി നടത്തുന്നവർ പരാമർശ വിഷയമല്ലാതെ പോകുന്നതും വെറുതെയല്ല. ഇതൊക്കെ കാണിക്കുന്നത് സംഘടിത മാധ്യമരംഗം വർഗ്ഗസമരത്തിൽ വരേണ്യവർഗ്ഗത്തെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ഒരു ഉപാധിയായി മാറിക്കൊണ്ടിരിക്കുന്നു എന്നാണ്. l





