വർഗസമരവും മാധ്യമങ്ങളും‐ 17

ഇന്ത്യൻ മധ്യവർഗവും രാഷ്‌ട്രീയവും
വലിബറൽ നയങ്ങൾ നടപ്പാക്കിയതിന്റെ ഫലമായി ഇന്ത്യയിൽ ഒരു പുത്തൻ മധ്യവർഗം വളർന്നുവന്നിട്ടുണ്ട്. അവർ പൊതുവിൽ നവലിബറൽ നയങ്ങൾക്ക് അനുകൂലമാണ്. പുത്തൻ മധ്യവർഗ്ഗത്തിന്റെ എണ്ണത്തിലുള്ള വർദ്ധന, പ്രകടനപരത, പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിനുള്ള കഴിവ്, ദൃഢനിശ്ചയം, മാധ്യമങ്ങളുടെ വ്യാപനം എന്നിവയൊക്കെ ഇന്ത്യയുടെ രാഷ്ട്രീയ സംസ്കാരത്തെ വലിയതോതിൽ മാറ്റിമറിച്ചിട്ടുള്ളതായി കാണാനാവും. നവലിബറൽ കാലഘട്ടത്തിൽ മധ്യവർഗ്ഗത്തിന്റെ ഉപഭോക്തൃ സംസ്കാരത്തിൽ വലിയ മാറ്റമാണ് വന്നിട്ടുള്ളത്. 1990കളുടെ തുടക്കത്തിൽ പുത്തൻ സാമ്പത്തികനയം പ്രഖ്യാപിച്ചതോടെ രാജ്യത്തിന്റെ സാമ്പത്തികനയത്തിൽ നിർണായകമായ ഒരു മാറ്റം സംഭവിച്ചു. അപ്രതീക്ഷിതമായ വളർച്ചയാണ് ഇക്കാലത്ത് മധ്യവർഗ്ഗത്തിന്റെ വ്യാപനത്തിൽ പ്രകടമായത്. ഇത് ഇന്ത്യൻ രാഷ്ട്രീയരംഗത്തെ തന്നെ പടിപടിയായി മാറ്റിമറിക്കാൻ ആരംഭിച്ചു. സ്വാഭാവികമായും മധ്യവർഗ്ഗത്തിന്റെ രാഷ്ട്രീയതാൽപര്യങ്ങളിൽ വന്ന മാറ്റം എന്ത് എന്ന കാര്യത്തിൽ നിരവധി പഠനങ്ങൾ ഇക്കാലത്തുണ്ടായി.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വലിയ വളർച്ച നേടിയ ഡിജിറ്റൾ മാധ്യമങ്ങളും അച്ചടി മാധ്യമങ്ങളുമൊക്കെ പുതിയതായി അവതരിപ്പിക്കപ്പെട്ട ആഗോളവൽക്കരണത്തിന്റെയും ഉദാരവൽക്കരണത്തിന്റെയും നയങ്ങളെ വലിയതോതിൽ പിന്തുണയ്ക്കുകയും അതിന്റെ ഗുണഗണങ്ങൾ പാടിപ്പുകഴ്ത്തുകയും ചെയ്തു. ഈ രാഷ്ട്രീയ സാഹചര്യത്തെ നന്നായി മുതലെടുത്ത പാർട്ടി ബിജെപിയാണ്. അവർ ഉദാരവൽക്കരണനയങ്ങൾ ഉണ്ടാക്കുന്ന സവിശേഷാധികാരങ്ങളെയും നേട്ടങ്ങളെയും ഒക്കെ മധ്യവർഗ്ഗത്തിനിടയിൽ നന്നായി പരിചയപ്പെടുത്തി കൊടുത്തു. അതിന് മാധ്യമങ്ങളെയും നവമാധ്യമങ്ങളെയും ഉപയോഗപ്പെടുത്തി. വളർന്നുവരുന്ന മധ്യവർഗ്ഗത്തിന്റെ പാർട്ടിയായി സ്വയം മാറുകയാണ് അവർ ചെയ്തത്. ചെറുകിട വ്യാപാരികൾ, സിവിൽ സർവീസുകാർ, പ്രൊഫഷണലുകൾ എന്നിവരെയൊക്കെ ആസൂത്രിതമായി അവർ സ്വന്തം പാർട്ടിയിലേക്ക് നയിച്ചു. ഒബിസി വിഭാഗത്തിൽനിന്ന് വളർന്നുവന്ന മധ്യവർഗ്ഗ ജനവിഭാഗങ്ങളെ പ്രത്യേകമായി കണ്ടെത്തി അവരെ ഹിന്ദുത്വ ചിന്താഗതിയുടെ ഭാഗമാക്കി മാറ്റിത്തീർക്കാൻ അവർക്ക് കഴിഞ്ഞു. മണ്ഡൽ‐മന്ദിർ‐മാർക്കറ്റ് സമ്മിശ്രണത്തിലൂടെ മാധ്യമങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കിയത് അവരാണ്.

1980കൾ ഇന്ത്യൻ രാഷ്ട്രീയരംഗത്തെ മാറ്റിമറിച്ച ഒരു കാലഘട്ടമാണ്. ആ ദശകത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ മാറ്റങ്ങളുണ്ടാക്കിയ രണ്ട് പ്രധാനപ്പെട്ട സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിച്ചു. രാഷ്ട്രീയരംഗത്ത് കോൺഗ്രസിന്റെ കുത്തകാധിപത്യം അവസാനിച്ചു എന്നതാണ് ഒന്നാമത്തെ കാര്യമെങ്കിൽ ബിജെപിയുടെ വളർന്നുവരവാണ് രണ്ടാമത്തേത്. 1980 ജനുവരിയിലാണ് മൂന്നരവർഷം പ്രതിപക്ഷത്തിരുന്നതിനുശേഷം ശ്രീമതി ഗാന്ധി വലിയ വിജയം നേടി അധികാരത്തിൽ തിരിച്ചെത്തിയത്. 1984 ഒക്ടോബർ 31ന് അവർ കൊലചെയ്യപ്പെട്ടു. അതിനെത്തുടർന്ന് രണ്ട് പ്രധാനപ്പെട്ട രാഷ്ട്രീയ സംഭവവികാസങ്ങൾ ഉണ്ടായി. അന്ന് രാഷ്ട്രപതിയായിരുന്ന ജ്ഞാനീ സെയിൽസിംഗ് തിരക്കിട്ട് എടുത്ത ഒരു തീരുമാനത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയായി രാജീവ് ഗാന്ധി സത്യപ്രതിജ്ഞ ചെയ്യപ്പെട്ടു. ഭരണഘടനാപരമായി അതിൽ തെറ്റൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ അതിൽ രാജഭരണ കാലത്ത് നടന്നുവന്നിരുന്ന പിൻതുടർച്ചാ ഭരണത്തിന്റെ തുടർച്ചയുണ്ടായിരുന്നു. രണ്ടാമത്തെ കാര്യം സിക്ക്‌ ജനവിഭാഗത്തിനെതിരെ നടന്ന അക്രമസംഭവങ്ങളായിരുന്നു. സിക്കുകാരായ ബോഡി ഗാർഡുകളാണ് ഇന്ദിരാഗാന്ധിയെ കൊന്നത് എന്നതായിരുന്നു ഇതിനുള്ള ന്യായീകരണം. അതിനെ ന്യായീകരിക്കുന്ന സമീപനം തന്നെയാണ് രാജീവ് ഗാന്ധിയും എടുത്തത്. “ഒരു വൻ മരം വീഴുമ്പോൾ ഭൂമിയിൽ ചലനങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം’ എന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. സിഖ്‌ വിരുദ്ധവികാരം വളർത്തുകയും ഹിന്ദു സങ്കുചിത ദേശീയത വളർത്തിയെടുക്കുന്നതും ആയിരുന്നു ഈ സമീപനം.

ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്ന് കേന്ദ്ര ഗവൺമെന്റ് ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ ദൂരദർശന്റെ വൻതോതിലുള്ള ദുരുപയോഗമാണ് നടന്നത്. അന്ന് ഇന്ത്യയിൽ ഉണ്ടായിരുന്ന ഏക ദൃശ്യമാധ്യമമായിരുന്നു ദൂരദർശൻ. വെടിയുണ്ടയേറ്റ് മരിച്ചുകിടക്കുന്ന അമ്മയ്‌ക്ക് സമീപം ഇരിക്കുന്ന രാജീവ് ഗാന്ധിയെ മാത്രമാണ് അന്ന് ദൂരദർശൻ സംപ്രേഷണം ചെയ്തത്. അനുശോചനം അറിയിക്കാനും ആദരവർപ്പിക്കാനുമൊക്കെ എത്തിയ പ്രതിപക്ഷ നേതാക്കൾ ഏറെക്കുറെ പൂർണമായി അവഗണിക്കപ്പെട്ടു. 1984ൽ നടന്ന ലോകസഭ തെരഞ്ഞെടുപ്പിലും പ്രധാനപ്പെട്ട കുത്തകപത്രങ്ങൾ ഒക്കെ പരസ്യമായി പ്രചാരവേല നടത്തുന്ന അനുഭവവും ഉണ്ടായി.

1984ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയുടെ വധത്തെ തുടർന്ന് ലഭ്യമായ സഹതാപതരംഗത്തെ ഉപയോഗപ്പെടുത്തി അസാധാരണമായ വിജയം നേടാൻ (404 സീറ്റുകൾ) കോൺഗ്രസിനു കഴിഞ്ഞു. ക്രമസമാധാന പ്രശ്നങ്ങളുടെ പേര് പറഞ്ഞ് 1984ലെ ലോകസഭ തെരഞ്ഞെടുപ്പിൽ നിന്ന് പഞ്ചാബിനെയും ആസാമിനെയും ഒഴിവാക്കിയിരുന്നു. 1985ലാണ് ഈ രണ്ടു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പു നടന്നത്. പഞ്ചാബിൽ നിന്ന് ആറും ആസാമിൽ നിന്ന് നാലും സീറ്റുകൾ കോൺഗ്രസിന് കിട്ടി. ഇതോടെ ആകെ അംഗങ്ങളുടെ എണ്ണം 414 ആയി ഉയർത്താൻ കോൺഗ്രസിന് കഴിഞ്ഞു.

നെഹ്റു ‐ ഇന്ദിരാ ഭരണങ്ങളോട് അന്നത്തെ ഇന്ത്യൻ മധ്യവർഗത്തിന് വലിയ യോജിപ്പൊന്നുമുണ്ടായിരുന്നില്ല. പൊതുമേഖലയെ പിന്തുണയ്ക്കുന്ന, ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്ന, അവരുടെ നയമായിരുന്നു ഇതിനു കാരണം. ക്ഷേമ പ്രവർത്തനങ്ങളിലൂടെ തങ്ങൾക്ക് കിട്ടേണ്ട ഗവൺമെന്റ് സഹായം ദരിദ്രർക്കും പിന്നോക്ക ജനവിഭാഗങ്ങൾക്കും ഒക്കെയായി പങ്കുവെക്കപ്പെടുന്നു എന്നതായിരുന്നു അവരുടെ വിരോധത്തിന് കാരണം. എന്നാൽ 40കാരനായ രാജീവ് ഗാന്ധിക്ക് വോട്ട് ചെയ്യുന്നതിന് അവർക്ക് മടിയുണ്ടായിരുന്നില്ല. സഹതാപതരംഗം ഏറ്റവുമധികം ദോഷം ചെയ്തത് പുതിയതായി രൂപപ്പെട്ട ബിജെപിക്കായിരുന്നു. വെറും രണ്ട് സീറ്റുകൾ മാത്രമാണ് അവർക്ക് ലഭിച്ചത്. പരാജയത്തിൽ നിന്ന് പാഠം പഠിച്ച ബിജെപി തങ്ങളുടെ പരിപാടിയിൽനിന്ന് ഗാന്ധിയൻ സോഷ്യലിസത്തിനെ ഒഴിവാക്കുകയും ഒരു ഹിന്ദുത്വ രാഷ്ട്രീയപാർട്ടിയായി പരസ്യമായി രംഗത്തുവരികയും ചെയ്തു.

ചില രാഷ്ട്രീയ പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത് ഇന്ത്യൻ മധ്യവർഗ്ഗവും രാഷ്ട്രീയവും തമ്മിൽ നന്നായി ഇഴുകിച്ചേരുന്നത് രാജീവ് ഗാന്ധിയുടെ കാലത്താണ് എന്നാണ്. മധ്യവർഗത്തെ സംബന്ധിച്ചിടത്തോളം അതുവരെ രാഷ്ട്രീയം എന്നത് നിരക്ഷരരുടെയും വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കാത്തവരുടെയും മേഖലയാണെന്നായിരുന്നു ധാരണ. എന്നാൽ രാജീവ് ഗാന്ധിക്ക് മധ്യവർഗ്ഗത്തിന്റെ രാഷ്ട്രീയത്തെയും രാഷ്ട്രീയപ്രവർത്തനത്തെയും പറ്റിയുള്ള ഈ കാഴ്ചപ്പാട് ഒരു പരിധിവരെ മാറ്റിയെടുക്കാൻ സാധിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തിന് തയ്യാറെടുക്കുക എന്ന മുദ്രാവാക്യം ഉയർത്തിയതിലൂടെയാണ് രാജീവിന് ഇത് സാധിച്ചത്. രാജീവ് ഗാന്ധിയുടെ മിസ്റ്റർ ക്ലീൻ ഇമേജും ചില നയങ്ങളും ഇതിന് സഹായകമായി. രാജീവ് ഗാന്ധി നിരവധി പ്രൊഫഷണലുകളെയും വിദഗ്ധരെയും രാഷ്ട്രീയരംഗത്തേക്ക് കൊണ്ടുവന്നു. സാങ്കേതികരംഗത്തെ വികസനം മുഖ്യമുദ്രാവാക്യമായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. നെഹ്റുവിനും ഇന്ദിരാഗാന്ധിക്കുമൊക്കെ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന സോഷ്യലിസ്റ്റ് ആഭിമുഖ്യമൊന്നും രാജീവിനെ തൊട്ടുതീണ്ടിയിരുന്നില്ല. കമ്പ്യൂട്ടറുകളെയും സാങ്കേതിക വിദ്യാഭ്യാസ വികസനത്തെയുമൊക്കെയാണ് അദ്ദേഹം ഉയർത്തിപ്പിടിച്ചത്. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബാംഗ്ലൂരിൽ സാറ്റലൈറ്റ് സംവിധാനം വികസിപ്പിക്കാൻ അദ്ദേഹം ടെക്സാസ് ഇൻസ്ട്രുമെന്റ്സിനോട് ആവശ്യപ്പെട്ടു. ആധുനിക സാങ്കേതികവിദ്യ, വിപണി മത്സരം, സ്വകാര്യ സംരംഭകത്വം എന്നിവയുടെ മഹത്വം അറിയാവുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് രാജീവ് ഗാന്ധി എന്നു വരെ അദ്ദേഹത്തെ പാടിപ്പുകഴ്ത്താൻ മാധ്യമങ്ങൾ തയ്യാറായി.

രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ ക്രമവിരുദ്ധമായ വിധത്തിൽ സമ്പദ്‌വ്യവസ്ഥയെ ഉദാരവൽക്കരിക്കാൻ തുടങ്ങി. മധ്യവർഗ്ഗത്തിന്റെ വളർന്നുവരുന്ന ഉപഭോഗത്വരയെ തൃപ്തിപ്പെടുത്തുന്നതായിരുന്നു രാജീവ് ഗാന്ധിയുടെ തുടർനയങ്ങൾ. വെള്ള ഉൽപ്പന്നങ്ങൾ എന്നറിയപ്പെടുന്ന റഫ്രിജറേറ്റർ, ടെലിവിഷൻ, വീഡിയോ, വാഷിംഗ് മെഷീൻ തുടങ്ങിയ ഗാർഹികോപകരണങ്ങളുടെ ഉൽപാദനം വർദ്ധിപ്പിക്കുകയും അവ വാങ്ങുന്നതിന് ബാങ്കുകൾ മധ്യവർഗത്തിന് വായ്പകൾ അനുവദിക്കാൻ ആരംഭിക്കുകയും ചെയ്തത് ഈ കാലഘട്ടത്തിലാണ്. ഇത് മധ്യവർഗ്ഗത്തിനിടയിൽ രാജീവ് ഗാന്ധിയുടെ പിന്തുണ വർദ്ധിപ്പിച്ചു. അംബാസഡർ കാറിനു പകരം വിലക്കുറവുള്ള മാരുതി കാർ അവതരിപ്പിച്ചതും ഈ കാലഘട്ടത്തിലാണ്. സ്വന്തമായി ഒരു കാർ എന്ന മധ്യവർഗ്ഗ സ്വപ്നം സാധിതമാക്കി കൊടുക്കുകയാണ് ഇതിലൂടെ രാജീവ് ഗാന്ധി ചെയ്തത്.

സോഫ്റ്റ്വെയർ വ്യവസായം വൻതോതിൽ പ്രോത്സാഹിപ്പിക്കപ്പെട്ടു. ഗാന്ധിയുടെ കാലത്ത് മധ്യവർഗ്ഗം കൊടുക്കേണ്ട നികുതികൾ വെട്ടിക്കുറയ്ക്കുകയും അതുവഴി ഉപഭോഗവസ്തുക്കളുടെ ചോദനം വർദ്ധിപ്പിക്കുകയും ചെയ്തു. ഹിന്ദു വികസിത നിരക്ക് എന്നാണ് അക്കാലത്തെ ജിഡിപി നിരക്ക് വർധനയെ വിശേഷിപ്പിച്ചിരുന്നത്. 1950 മുതൽ 1970 വരെ 3.5 ശതമാനം ആയിരുന്നു ജിഡിപി വളർച്ച നിരക്ക്. രാജീവ് ഗാന്ധിയുടെ നയങ്ങളുടെ ഭാഗമായി 1980കളിൽ ഇത് 5.5% ആയി വർദ്ധിച്ചു.

ഇന്ദിരാഗാന്ധിയിൽ നിന്ന് വ്യത്യസ്തമായി സോഷ്യലിസം എന്ന വാക്ക് ഉപയോഗിക്കാൻ പോലും രാജീവ് ഗാന്ധി തയ്യാറായില്ല. അദ്ദേഹത്തിന്റെ ഭരണകാലത്താണ്‌ പുത്തൻ സാമ്പത്തിക നയം അവതരിപ്പിക്കുകയും അതുവഴി നവ ലിബറൽ നയങ്ങൾ ആധികാരികമായി നടപ്പിലാക്കാൻ ആരംഭിക്കുകയും ചെയ്തത്.

രാജീവ് ഗാന്ധിയെ സംബന്ധിച്ചിടത്തോളം 80കളുടെ തുടക്കം നന്നായിരുന്നെങ്കിലും 80കളുടെ അവസാനത്തോടെ അദ്ദേഹം വലിയ രാഷ്ട്രീയ പ്രതിസന്ധിയിൽ ചെന്നുപെട്ടു. ബോഫോഴ്സ് കുംഭകോണം, ഷബാനു കേസ്, സൽമാൻ റുഷ്ദി ഉയർത്തിയ പ്രശ്നങ്ങൾ, വി പി സിങ് ആരംഭിച്ച ജൻമോർച്ച പ്രസ്ഥാനം ഇതൊക്കെയാണ് അദ്ദേഹത്തെ പ്രതിസന്ധിയിലാഴ്ത്തിയത്. ഈ വിഷയങ്ങളൊക്കെ പൊതുവിൽ കോൺഗ്രസിന്റെയും രാജീവ് ഗാന്ധിയുടെയും പ്രതിഛായയും വിശ്വാസ്യതയും തകർത്തുകളഞ്ഞു. സ്വാഭാവികമായും ഇത് ബിജെപിയുടെ വളർച്ചയ്ക്ക് ഇടയാക്കി.

രാജീവ് ഗാന്ധിയുടെ മിസ്റ്റർ ക്ലീൻ ഇമേജ് തകർത്തുകളഞ്ഞ ഒന്നായിരുന്നു ബോഫോഴ്സ് കുംഭകോണം സംബന്ധിച്ച ആരോപണം. ആരോപണമുയർത്തിയത് മറ്റാരുമായിരുന്നില്ല രാജീവിന്റെ തന്നെ ധനകാര്യ മന്ത്രിയായിരുന്ന വി പി സിംഗ് ആയിരുന്നു. നികുതിവെട്ടിപ്പ്, സ്വർണ്ണ കള്ളക്കടത്ത്, കള്ളപ്പണം എന്നിവയ്ക്കെതിരായി നിശ്ചയദാർഢ്യത്തോടെ നടപടിയെടുക്കുന്ന മന്ത്രിയെന്ന പ്രതിച്ഛായയാണ് വി പി സിംഗിന് ഉണ്ടായിരുന്നത്. അദ്ദേഹം നിരവധിയായ ഇൻകം ടാക്സ് റെയ്ഡുകൾക്ക് അനുമതി നൽകുകയും അത് പലതും കണ്ടെത്തലുകൾക്ക് കാരണമാവുകയും ചെയ്തു. കോൺഗ്രസിനെ ധനപരമായി വൻതോതിൽ സഹായിച്ചുകൊണ്ടിരുന്നവരായിരുന്നു അവരിൽ പലരും. ഇത് കോൺഗ്രസിനെ വെട്ടിലാക്കി എന്ന് മാത്രമല്ല വൻഭൂരിപക്ഷം ഉണ്ടായിട്ടും ഗവൺമെന്റിന്റെ നിലനിൽപ്പിനു പോലും ഭീഷണിയുയർത്തി.

വി പി സിംഗിനെ ധനമന്ത്രി സ്ഥാനത്തുനിന്ന്‌ മാറ്റിക്കൊണ്ടാണ് രാജീവ് ഗാന്ധി ഇതിനോട് പ്രതികരിച്ചത്. അദ്ദേഹത്തെ പ്രതിരോധ മന്ത്രിയാക്കി. വി പി സിംഗിന് ഇത് ഇഷ്ടപ്പെട്ടില്ല. പ്രതിരോധമന്ത്രി എന്ന നിലയിൽ അദ്ദേഹം ജർമ്മനിയിൽ നിന്ന് സൈനിക ആവശ്യത്തിന് അന്തർവാഹിനികൾ വാങ്ങിയ ഇടപാടിൽ നടന്നതായി ആരോപിക്കപ്പെട്ട അഴിമതിയിൽ അന്വേഷണം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയായ തന്നോടാലോചിച്ചല്ല ഈ നടപടി എന്നായിരുന്നു രാജീവ് ഗാന്ധിയുടെ കുറ്റപ്പെടുത്തൽ, ബോഫേഴ്സിൽ നിന്ന് ആയുധം വാങ്ങിച്ചതിനെക്കുറിച്ചും അന്വേഷണത്തിന് ഉത്തരവിട്ടു. 1986 മാർച്ച് 24ന് രണ്ട് രാജ്യങ്ങൾ തമ്മിൽ ഒപ്പിട്ടതായിരുന്നു ബോഫോഴ്സ് കരാർ.

എന്തായാലും അധികാരം ഏറ്റെടുത്ത് നാലുമാസത്തിനകം വി പി സിംഗ് രാജി സമർപ്പിച്ചു. അഴിമതിവിരുദ്ധ കുരിശുയുദ്ധത്തിന് നേതൃത്വം നൽകിയ പ്രതിച്ഛായയോടെയാണ് വി പി സിംഗ് പുറത്തുവന്നത്. വി പി സിംഗ് പുറത്താക്കപ്പെട്ട് ഏതാനും ദിവസങ്ങൾക്കകം ബോഫോഴ്സ് ഇടപാടിൽ ഇന്ത്യൻ രാഷ്ട്രീയ നേതാക്കളും പ്രതിരോധവകുപ്പ് മേധാവികളുമൊക്കെ കൈക്കൂലി വാങ്ങിയതായി സ്വീഡിഷ് റേഡിയോ വാർത്ത നൽകി. ഇത് കോൺഗ്രസിനെ ഏറെ ദോഷകരമായി ബാധിച്ചു. ആയിരത്തിതൊള്ളായിരത്തി എൺപത്തൊമ്പതിൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധിക്കും കോൺഗ്രസിനും അധികാരം നഷ്ടപ്പെടുന്നതിലാണ് ഇത് അവസാനിച്ചത്.

ബോഫോഴ്സ് കുംഭകോണം സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതും അതിന് മാധ്യമങ്ങൾ പൊതുവിൽ കൊടുത്ത പ്രാധാന്യവും കോൺഗ്രസിനെ പിടിച്ചുകുലുക്കി. 1987 സെപ്റ്റംബർ ഒന്നിന് ഇംഗ്ലീഷ് ദിനപത്രമായ ഇന്ത്യൻ എക്സ്പ്രസിന്റെ ഓഫീസുകളിൽ സെൻട്രൽ ഇന്റലിജൻസും റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റും ചേർന്ന് റെയ്ഡുകൾ നടത്തി. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഇതിനെ തുടർന്ന് 1988ൽ രാജീവ് ഗാന്ധി പാർലമെന്റിൽ ഒരു പുതിയ മാനനഷ്ട ബില്ല് കൊണ്ടുവരാൻ തയ്യാറായി. പത്രസ്വാതന്ത്ര്യത്തിനെ വെല്ലുവിളിക്കുക എന്നതായിരുന്നു ഈ ബില്ലിന്റെ ലക്ഷ്യം. പക്ഷേ അത് അടിയന്തരാവസ്ഥയുടെ കിരാതനാളുകളെ കുറിച്ചുള്ള ഓർമ്മകളാണ് സാധാരണ ജനങ്ങൾക്കിടയിൽ ഉയർത്തിയത്. മാനനഷ്ടത്തിന്റെ പേര് പറഞ്ഞിട്ടാണെങ്കിലും മാധ്യമസ്വാതന്ത്ര്യത്തിന്റെ ചിറകരിയുക എന്നതായിരുന്നു രാജീവ് ഗാന്ധിയുടെ ലക്ഷ്യം. ഇതിനെതിരായി മാധ്യമ സംഘടനകൾ മാത്രമല്ല അഭിഭാഷകരും വിദ്യാർത്ഥികളും അധ്യാപകരും ട്രേഡ് യൂണിയനുകളും ഒക്കെ രംഗത്തുവന്നു. ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പ്രക്ഷോഭത്തിനാണ് അന്ന് ആഹ്വാനം ചെയ്യപ്പെട്ടത്. കോൺഗ്രസ് പാർട്ടി നേതൃത്വം അഴിമതിക്കാരായതുകൊണ്ടാണ് അത് മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത് തടയാൻ ശ്രമിക്കുന്നത് എന്ന് സാധാരണ ജനങ്ങൾക്ക് ബോധ്യപ്പെട്ടു. അവസാനം ജനങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങി രാജീവ് ഗാന്ധിക്ക് ഇത്‌ പിൻവലിക്കേണ്ടതായി വന്നു. ഭരിക്കുന്ന പാർട്ടിക്കുമേൽ മാധ്യമങ്ങൾക്ക് വിജയം നേടാനായി. രാജീവ് ഗാന്ധിയുടെ മാധ്യമ പിന്തുണ വൻതോതിൽ കുറയുന്നതിന് ഇതിടയാക്കി.

ജനപിന്തുണ നഷ്ടപ്പെട്ടത് മനസ്സിലാക്കിയ രാജീവ് ഗാന്ധി പ്രഖ്യാപിച്ചിരുന്ന സാമ്പത്തിക പരിഷ്കാരങ്ങളിൽ നിന്ന് പിൻവലിയുകയും പോപ്പുലിസ്റ്റ് തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളുമായി മുന്നോട്ടുപോകാൻ ശ്രമിക്കുകയും ചെയ്തു. പുതിയതായി വളർന്നുവന്ന നഗരകേന്ദ്രിത മധ്യവർഗ്ഗത്തിന്റെ ആശയും ആവേശവും ആയിരുന്ന രാജീവ് ഗാന്ധി അതല്ലാതായി മാറി. വ്യത്യസ്ത മതവിഭാഗങ്ങളെ പ്രീണപ്പിക്കാനും അതുവഴി ജനപിന്തുണ തിരിച്ചുപിടിക്കാനുമുള്ള ശ്രമങ്ങളാണ് പിന്നീട് നടന്നത്.

ബോഫോഴ്സ് വിവാദം രാജീവ് ഗാന്ധിയുടെ സത്യസന്ധതയെയാണ് തകർത്തതെങ്കിൽ ഷബാനു കേസിൽ സ്വീകരിച്ച സമീപനം തകർത്തെറിഞ്ഞത് മതനിരപേക്ഷത എന്ന പുരോഗമനപരമായ മുദ്രാവാക്യത്തോടുള്ള കോൺഗ്രസിന്റെ വിശ്വസ്തതയെയായിരുന്നു. ഇന്ത്യൻ മുസ്ലിം ജനവിഭാഗത്തിനിടയിൽ കോൺഗ്രസിന് ഉണ്ടായിരുന്ന ജനപിന്തുണ നഷ്ടപ്പെട്ടുവരുന്നതായി 1987ൽ തന്നെ അവർക്ക് ബോധ്യപ്പെട്ടിരുന്നു. അത് തിരിച്ചുപിടിക്കുന്നതിന് മുസ്ലിം യാഥാസ്ഥിതികത്വത്തെ പ്രീണിപ്പിച്ചാൽ മതി എന്നാണവർ കരുതിയത്. 1986ൽ പാർലമെന്റിൽ മുസ്ലിം സ്ത്രീകളുടെ വിവാഹമോചനാനന്തര അവകാശങ്ങളുടെ സംരക്ഷണ നിയമം കൊണ്ടുവന്നത് അങ്ങനെയൊരു തിരിച്ചുപിടിക്കൽ നടത്തുന്നതിനായിരുന്നു. അതിനുമുമ്പ് ശബാനു എന്ന വിവാഹമോചിതയ്ക്ക് സുപ്രീംകോടതിയിൽനിന്ന് ഒരു അനുകൂല വിധി ലഭ്യമായിരുന്നു. വിധി സുപ്രീം കോടതിയുടെതാണ് എന്നതിനാൽ അതിന് അഖിലേന്ത്യാതലത്തിൽ തന്നെ നിയമപ്രാബല്യം ഉണ്ടായിരുന്നു.

ശബാനു 62 വയസ്സായ ഒരു മുസ്ലിം സ്ത്രീയായിരുന്നു. അവർക്ക് അഞ്ച് മക്കളാണ് ഉണ്ടായിരുന്നത്. മധ്യപ്രദേശിലെ ഇൻഡോർ ആയിരുന്നു അവരുടെ ജന്മസ്ഥലം. സമ്പന്നനായ അവരുടെ ഭർത്താവ് 1978 അവരെ മൊഴിചൊല്ലി. അവർ ജീവനാംശം കിട്ടുന്നതിനായി സുപ്രീംകോടതിയിൽ ഒരു ഹർജി നൽകി. വിവാഹമോചിതയായ ശബാനുവിന് ഭർത്താവ് ജീവനാംശം കൊടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.

ഈ വിധി മറികടക്കാനും ഇത കാലഘട്ടത്തിൽ മാത്രം ചെലവിനു കൊടുത്താൽ മതിയെന്ന് ഉറപ്പുവരുത്താനുമാണ് രാജീവ് ഗാന്ധി നിയമം കൊണ്ടുവന്നത്. വിവാഹമോചിതയായ സ്ത്രീക്ക് മറ്റൊരു വിവാഹം കഴിക്കണമെങ്കിൽ മൂന്നുമാസം കഴിയണം. ഇതാണ് ഇദ്ദ കാലഘട്ടം. ഇത് മുസ്ലിം യാഥാസ്ഥിതികരുടെ ആവശ്യമായിരുന്നു. അത് അംഗീകരിക്കുകയും നിയമം നിർമിക്കുകയും ആണ് രാജീവ് ഗാന്ധി ചെയ്തത്. ജീവനാംശം ലഭ്യമാവുക എന്നത് മതഭേദമെന്യേ എല്ലാ വിവാഹമോചിതകൾക്കും ക്രിമിനൽ നടപടി നിയമം ഉറപ്പു നൽകിയ ഒരു അവകാശമായിരുന്നു. ഇത് എടുത്തു കളഞ്ഞത് ഹിന്ദുക്കളായ കോൺഗ്രസുകാരിൽ തന്നെ തങ്ങളുടെ നേതൃത്വം കപട മതേതരത്വം ആണ് കൈകാര്യം ചെയ്യുന്നത് എന്ന ധാരണ ഉണ്ടാക്കുകയും സ്വാഭാവികമായി അവർ ബിജെപിയോട് അടുക്കുന്ന സ്ഥിതി ഉണ്ടാവുകയും ചെയ്തു. മാധ്യമങ്ങൾ പൊതുവേ ഈ വിമർശനമാണ് കോൺഗ്രസിനെതിരെ ഉയർത്തിയത്.

1988 ഒക്ടോബറിൽ സാൽമൻ റുഷ്ദി എഴുതിയ സാത്താനിക് വേഴ്സസ് (ചെകുത്താന്റെ വചനങ്ങൾ) എന്ന നോവൽ രാജീവ് ഗാന്ധി നിരോധിക്കുന്നുണ്ട്. ഈ പുസ്തകം 1988ലെ ബുക്കർ പ്രൈസിന് വേണ്ടി മത്സരിക്കുകയും അവസാന ഘട്ടത്തിൽ പരാജയപ്പെടുകയും ചെയ്ത ഒന്നായിരുന്നു. ഈ പുസ്തകത്തിൽ ഇസ്ലാമിക മതനിന്ദയുടെ അംശങ്ങൾ ഉൾക്കൊള്ളുന്നതാണ് എന്ന ആരോപണം യാഥാസ്ഥിതിക ഇസ്ലാംമത വിശ്വാസികളിൽ നിന്ന് ഉയർന്നുവന്നിരുന്നു. 2024 നവംബറിലാണ് സുപ്രീംകോടതി നിരോധനം നീക്കുന്നത്.

ശബാനു കേസിൽ സുപ്രീംകോടതി വിധിയെ മറികടക്കാൻ നിയമനിർമാണം നടത്തിയ രാജീവ് ഗാന്ധിയാണ് ഇപ്പോൾ സാത്താനിക് വേഴ്സസ് നിരോധിച്ചത് എന്നതുകൊണ്ട് ഇന്ത്യയിൽ പുതിയതായി വളർന്നുവന്നിരുന്ന മധ്യവർഗത്തിനിടയിലെ ഹിന്ദുക്കളിൽ രാജീവ് ഗാന്ധി ഇസ്ലാമിക പ്രീണനം നടത്തിക്കൊണ്ടിരിക്കുകയാണെന്ന വികാരത്തിന് കാറ്റുപിടിച്ചു. സാംസ്കാരികവും മതപരവും എന്ന് വിശേഷിപ്പിക്കപ്പെട്ട ഹിന്ദുത്വ ദേശീയതയോട് മധ്യവർഗ്ഗം കൂടുതലായി അടുക്കുന്നതിന് ഇത് ഇടയാക്കി. ബിജെപി ഈ പുസ്തക നിരോധനത്തിനെതിരെയും ശക്തമായ പ്രചാരവേല നടത്തി. കുത്തക മാധ്യമങ്ങൾ ഇതിന് നല്ല പിന്തുണയും നൽകി.

കോൺഗ്രസ് “കപട മതേതരത്വ’മാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്ന കാര്യമാണ് മാധ്യമങ്ങളിൽ വ്യാപകമായ ചർച്ചയ്ക്ക് ഇടയാക്കിയത്. ഇസ്ലാമിക വ്യക്തിനിയമം സംരക്ഷിക്കുന്നതിലൂടെ പൊതു സിവിൽ കോഡിനെ തള്ളിക്കളയുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് മാധ്യമങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കാൻ താല്പര്യമുള്ളവർ കോൺഗ്രസ് വിട്ട് പുറത്തുവരണമെന്ന പ്രചാരണം ബിജെപിക്ക് ഗുണം ചെയ്തു.

ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ് ബാബറി മസ്ജിദ് ആരാധനയ്ക്കായി ഹിന്ദുക്കൾക്ക് തുറന്നുകൊടുത്ത കാര്യം. 1986ലാണ് രാജീവ് ഗാന്ധിയുടെ അറിവോടെ ഈ കാര്യം നടക്കുന്നത്. ഹിന്ദു പ്രീണനമായിരുന്നു ലക്ഷ്യം. പക്ഷേ അതിൽനിന്ന് മുതലെടുത്തത്‌ ബിജെപിയായിരുന്നു. 1992ൽ ബാബറി മസ്ജിദ് പൊളിച്ചടുക്കുന്ന പ്രക്ഷോഭത്തിലേക്ക് ഹിന്ദുത്വവാദികളെ അണിനിരത്താൻ അവർക്ക് ആവേശം നൽകിയ കാര്യമായിരുന്നു ഇത്.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തെ രണ്ട് ദശകങ്ങളിൽ ഹിന്ദുത്വയുടെ പ്രചാരണത്തിന് വേണ്ടി ബിജെപി നിരവധി മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടുവന്നു. അയോധ്യയിലെ രാമജന്മഭൂമി, രഥയാത്രകൾ, ഗണേശപൂജ എന്നിവയൊക്കെയായിരുന്നു പ്രധാനപ്പെട്ട പ്രചാരണായുധങ്ങൾ. ഒപ്പം ചില മുസ്ലിം പള്ളികൾ നിലനിൽക്കുന്ന സ്ഥലം പഴയ ഹിന്ദുക്ഷേത്രത്തിന്റേതായിരുന്നു എന്ന വാദവും അവർ ഉന്നയിച്ചു. കർണാടകയിലെ ഹുബ്ബാളിയിലെ ഈദ്ഗാഹ് മൈതാനം അത്തരത്തിൽ ഒന്നായിരുന്നു. ഇതിൽ ഏറ്റവുമേറെ കാറ്റുപിടിച്ച വിഷയം രാമജന്മഭൂമി തന്നെയായിരുന്നു. ഹിന്ദു ദേശീയവാദ മുദ്രാവാക്യം ഇന്ത്യയിലാകെ വ്യാപിപ്പിക്കുന്നതിന് അവർ ഈ അവസരം ഉപയോഗിച്ചു.

അയോദ്ധ്യാ പ്രസ്ഥാനം എങ്ങനെയാണ് ഒരു വൻ ജനകീയ പ്രസ്ഥാനമായി മാറിയത്? ഹിന്ദുസമൂഹത്തിൽ അത് എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാക്കിയത് എന്ന കാര്യം പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്. 1983ൽ വിശ്വഹിന്ദു പരിഷത്ത് എന്ന സംഘപരിവാർ സംഘടന ഒരു ഏകാത്മതാ യാത്ര നടത്തിയിരുന്നു. ആ ജാഥയിൽ ഉന്നയിച്ച മുദ്രാവാക്യങ്ങളിൽ ഏറ്റവുമേറെ ജനങ്ങളെ ആകർഷിച്ചത് ബാബറി മസ്ജിദ് തർക്കമായിരുന്നു. ദശലക്ഷക്കണക്കിന് ജനങ്ങളാണ് ഏകാത്മതായാത്രയിൽ പങ്കെടുത്തത്. യാത്രയുടെ ലക്ഷ്യം ഹിന്ദുക്കളെ ഐക്യപ്പെടുത്തലും മുസ്ലിം ക്രിസ്ത്യൻ ആക്രമണങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കലുമായിരുന്നു. ഇത് ഹിന്ദുക്കൾക്കിടയിൽ നന്നായി കാറ്റുപിടിച്ചു. ഏകാത്മതാ യാത്രയെ തുടർന്ന് വിശ്വഹിന്ദു പരിഷത്ത് രാജ്യമെമ്പാടും ശ്രീരാമ പ്രതിമകൾ ഉപയോഗിച്ചുകൊണ്ട് യാത്രകൾ നടത്തി. അയോധ്യയിലെ ബാബറി മസ്ജിദിൽ ശ്രീരാമൻ തടവിലാക്കപ്പെട്ടിരിക്കുകയാണ്; രാമനെ വിമോചിപ്പിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നും അവർ പരസ്യമായി പ്രഖ്യാപിച്ചു. അതിനായി അവർ കുത്തകമാധ്യമങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട് വൻതോതിൽ പ്രചാരവേല നടത്തി. അതാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന് ഇന്ത്യയിലാകെ സ്വീകാര്യത നേടിക്കൊടുത്തത്.

രാമജന്മഭൂമി പ്രസ്ഥാനം രാമന്റ ജന്മസ്ഥലം തിരിച്ചുപിടിക്കലും അവിടെ രാമക്ഷേത്രം പണിയലുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. രാമക്ഷേത്രം ആരാധനയ്‌ക്കായി തുറന്നു കൊടുക്കണമെന്ന് അവർ പരസ്യമായി ആവശ്യപ്പെട്ടു. ഇന്ത്യയിലെ മേൽജാതിക്കാരും ഹിന്ദു മധ്യവർഗ്ഗവും വ്യാപകമായി ഈ മുദ്രാവാക്യത്തിന് പിന്നിൽ അണിനിരന്നു. പ്രവാസികളായ ഹിന്ദുക്കൾ കയ്യയച്ച് സംഭാവന നൽകുകയും അവരുടെ ഇന്ത്യയിലെ ബന്ധുക്കളെ സ്വാധീനിക്കുകയും ചെയ്തു.

1986ൽ തർക്കമന്ദിരത്തിന്റെ വാതിലുകൾ ഡൽഹിയിലെ കോൺഗ്രസ് ഗവൺമെന്റ് ഹിന്ദുക്കൾക്ക് ആരാധനയ്ക്കായി തുറന്നുകൊടുക്കുന്നതുവരെ അയോധ്യ പ്രശ്നം ഒരു പ്രാദേശിക വിഷയം മാത്രമായിരുന്നു. 1986ൽ അലഹബാദ് ഹൈക്കോടതി തർക്കമന്ദിരത്തിനെ സംബന്ധിച്ച് പുറപ്പെടുവിച്ച വിധി തർക്കവിഷയത്തിന്റെ സ്വഭാവത്തിൽ തന്നെ വലിയ മാറ്റം വരുത്തി. 1980കളുടെ അവസാന പകുതിയിൽ വിശ്വഹിന്ദുപരിഷത്ത് ദേശീയാടിസ്ഥാനത്തിൽ തന്നെ നിരവധി രഥയാത്രകൾ പ്രചാരണാർത്ഥം നടത്തിയിരുന്നു. 1989 നവംബർ 9ന് പുതിയ ക്ഷേത്രം പണിയുന്നതിനുള്ള ശിലാന്യാസം നടത്താൻ അവർ തീരുമാനിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ ദശലക്ഷക്കണക്കിന് അനുയായികളാണ് ഇന്ത്യയുടെ വിദൂര ഗ്രാമങ്ങളിൽ നിന്ന് പോലും പുതിയ രാമക്ഷേത്രം പണിയുന്നതിനുള്ള ഇഷ്ടികയുമായി അയോധ്യയിൽ എത്തിച്ചേർന്നത്. ഇന്ത്യയിലെ സമകാലിക മധ്യവർഗത്തിനിടയിൽ ഹിന്ദു സങ്കുചിത ദേശീയവാദം വേരുപിടിക്കുന്നതിന്റെ തെളിവായിരുന്നു ഇത്. ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും നവസമ്പന്ന‐മേൽ ജാതി ഹിന്ദുക്കളുടെ ഐക്യം രൂപപ്പെടുകയും അവർ മുസ്ലീങ്ങളെ പാർശ്വവൽക്കരിക്കുകയും ചെയ്തു. മതപരമായ ദേശീയതാ സങ്കൽപ്പത്തിലേക്ക് ഇന്ത്യയിലെ മധ്യവർഗ്ഗം മാറിപ്പോകുന്നതാണ് നാം ഇവിടെ കണ്ടത്. മാധ്യമങ്ങളുടെ ഉപഭോക്താക്കളിൽ ഏറിയ പങ്കും ഇവരാണെന്നതിനാൽ മാധ്യമങ്ങൾ ഈ പക്ഷത്ത് ഉറച്ചുനിന്നു.

1980കളുടെ അന്ത്യത്തിലും 1990കളുടെ തുടക്കത്തിലും കുലീന രാഷ്ട്രീയ വിഭാഗത്തിൽ നിന്നും മതനേതാക്കളിൽ നിന്നും വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വം പടിപടിയായി ചെറുകിട വ്യവസായികളിലേക്കും വ്യാപാരികളിലേക്കും ഒക്കെ മാറിപ്പോകുന്ന പ്രവണതയും ദൃശ്യമായതായി പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. 1980കളിൽ വിഎച്ച്പിയുടെ പ്രവർത്തനം മൂലം ബിജെപിക്ക് മധ്യവർഗ്ഗത്തിനിടയിൽ വൻതോതിൽ സ്വാധീനം വർദ്ധിപ്പിക്കാൻ കഴിഞ്ഞു. 1990കളുടെ തുടക്കത്തിൽ മുഖ്യപ്രതിപക്ഷ പാർട്ടിയായി വളർന്നുവരാനും ബിജെപിക്ക് കഴിഞ്ഞു. 1980കളിൽ നിന്ന് നോക്കിയാൽ 2014ലോ 2019ലോ 2024ലോ ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ എത്തുമെന്ന് പ്രവചിക്കാൻ ആവുമായിരുന്നില്ല.

രാമജന്മഭൂമി പ്രസ്ഥാനത്തെയും ബിജെപിയെയും വളർത്തിക്കൊണ്ടുവരുന്ന കാര്യത്തിൽ മാധ്യമങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. രാമജന്മഭൂമി പ്രസ്ഥാനത്തിനും അത് ഉയർത്തുന്ന നിയമപരവും രാഷ്ട്രീയവുമായ വിഷയങ്ങൾക്കും മാത്രമല്ല ആ പ്രസ്ഥാനമുണ്ടാക്കുന്ന സാമൂഹ്യവും സാംസ്കാരികവുമായ വിഷയങ്ങൾക്കും വലിയ പ്രാധാന്യം നൽകാൻ ഇംഗ്ലീഷ്, ഹിന്ദി പത്രങ്ങൾ തയ്യാറായി. ഹിന്ദി മാധ്യമങ്ങളിൽ വലിയൊരു പങ്കും ഹിന്ദുമാധ്യമങ്ങളായി മാറുന്ന കാഴ്ചയാണ് നാം കണ്ടത്. അവർ രാമജന്മഭൂമി പ്രസ്ഥാനത്തിന് അനുകൂലമായ ചരിത്രവും വസ്തുതകളുമൊക്കെ നിർമ്മിക്കുന്ന പണിയും ഏറ്റെടുത്തു. ദേശീയ മാധ്യമങ്ങളായി അറിയപ്പെടുന്ന ഇംഗ്ലീഷ് പത്രങ്ങളും ഈ കാര്യത്തിൽ ഒട്ടും പിറകിലായിരുന്നില്ല. അയോധ്യ പ്രസ്ഥാനത്തിന് അനുകൂലമായ ഊഹാപോഹങ്ങൾക്കടക്കം ആധികാരിക കിട്ടുന്ന സ്ഥിതിയുണ്ടായി. ഹിന്ദു സംഘടനകൾ, പ്രത്യയശാസ്ത്രം, ഭാവനാ ചിത്രങ്ങൾ എന്നിവക്ക് വ്യാപകമായ തോതിൽ പ്രചാരണം നൽകുന്ന നിലപാട് ഹിന്ദി മാധ്യമ രംഗത്ത് പ്രത്യക്ഷപ്പെട്ടു.

1990കളിലാണ് 2 പ്രധാനപ്പെട്ട ഇലക്ട്രോണിക് മാധ്യമങ്ങൾ രൂപം കൊള്ളുന്നത്. സുഭാഷ് ചന്ദ്രയുടെ സി.ടി.വി യും രജിത് ശർമയുടെ ഇന്ത്യ ടിവിയും ആയിരുന്നു അവ. രണ്ടു ദശകങ്ങൾക്കകം ഇലക്ട്രോണിക് മാധ്യമരംഗത്തെ മുടിചൂടാമന്നന്മാരായി ഇവർ മാറി. ഇവയെ ഫലപ്രദമായി പ്രചാരണരംഗത്ത് ഉപയോഗപ്പെടുത്താൻ സംഘപരിവാറിന് കഴിഞ്ഞു.

ദൂരദർശൻ രാമജന്മഭൂമി പ്രസ്ഥാനത്തിന് നൽകിയ പിന്തുണയും മറക്കാനാവില്ല. 1987‐88 കാലത്താണ് രാമായണം ദൂരദർശൻ സംപ്രേഷണം ചെയ്യുന്നത്. ശബാനു കേസിലെ നഷ്ടം നികത്താൻ കേന്ദ്ര ഗവൺമെന്റ് ഇക്കാര്യത്തിൽ ദൂരദർശന് എല്ലാവിധ പിന്തുണയും നൽകി. ഹിന്ദു വോട്ട് നഷ്ടപ്പെടാതെ നിലനിർത്താനാണ് കോൺഗ്രസ് ശ്രമിച്ചത്. സീരിയൽ ആരംഭിച്ച കാലത്ത് ശക്തമല്ലാതിരുന്ന ബിജെപി അത് അവസാനിക്കുമ്പോഴേക്കും ശക്തമായ ഒരു രാഷ്ട്രീയപാർട്ടിയായി മാറി എന്നത് ചരിത്രം. അവർ ഉയർത്തിയ രാമജന്മഭൂമി പ്രസ്ഥാനത്തിന് അനുഗുണമായ പശ്ചാത്തലമാണ് രാമായണ സംപ്രേഷണത്തിലൂടെ ലഭ്യമായത്.

ബാബറി മസ്ജിദ് നിൽക്കുന്ന സ്ഥലത്ത് ശ്രീരാമന് ഒരു മഹത്തായ ക്ഷേത്രം നിർമ്മിക്കും എന്ന് 1989ൽ ബിജെപി പ്രഖ്യാപിച്ചു. രാം ലല്ലയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ബാബരി പള്ളി നിൽക്കുന്നതെന്നും അവിടെ രാമക്ഷേത്രം പണിയുന്നതിൽ നിയമവിരുദ്ധമായി യാതൊന്നുമില്ല എന്നും വിഎച്ച്പി ജനറൽ സെക്രട്ടറി അശോക് സിംഗാൾ പ്രസ്താവിച്ചു. “ഇത് രാമന്റെ ഭൂമിയാണെന്നാണ് ഞങ്ങളുടെ നിയമം പറയുന്നത്; അതോടെ കാര്യമവസാനിക്കുന്നു’ എന്നതായിരുന്നു ന്യായം. അയോധ്യ എന്നത് രാമക്ഷേത്രം പണിയുന്നതിൽ മാത്രമായി ഒതുക്കി നിർത്തേണ്ട പ്രശ്നമല്ല. അത് ഇന്ന് യഥാർത്ഥ മതനിരപേക്ഷതയും വ്യാജ മതനിരപേക്ഷതയും തമ്മിലുള്ള പോരാട്ടത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു എന്നാണ് രാമജന്മഭൂമി പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തിരുന്ന അദ്വാനി പറഞ്ഞത്. ഇന്ത്യൻ ദേശീയതയുടെ പ്രതീകമായി അത് മാറിയിരിക്കുന്നുവെന്നും ബിജെപി പ്രചരിപ്പിച്ചു. വിഭജനാത്മകമായ ഹിന്ദുവിരുദ്ധ ദേശീയതാ സങ്കൽപ്പനത്തെ തകർക്കുന്നതും ഐക്യത്തിന്റെ സന്ദേശം വഹിക്കുന്ന സാംസ്കാരിക ദേശീയതയുടെ പ്രതീകവുമാണ് രാമജന്മഭൂമി എന്നും പ്രചാരണം നടന്നു. കുത്തക മാധ്യമങ്ങൾ ഇതൊക്കെ ഏറ്റുപാടി.

ഇതൊക്കെ ഉപയോഗപ്പെടുത്തിക്കൊണ്ട് പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനും ശാക്തീകരിക്കാനുമുള്ള ശ്രമങ്ങൾ ബിജെപി നടത്തി. ബാലഗംഗാധര തിലകനെ മാതൃകയാക്കിക്കൊണ്ട് ഗണേശ പൂജ നടത്തി പ്രസ്ഥാനത്തെ വളർത്താനും ഹിന്ദുവികാരം ഉണർത്താനും ബിജെപി മഹാരാഷ്ട്രയിൽ ശ്രമം നടത്തി. ബിജെപി ഇതിലൂടെ കോൺഗ്രസ് മേധാവിത്വത്തെ വെല്ലുവിളിക്കുക മാത്രമല്ല ബഹുസ്വരത, മതനിരപേക്ഷത തുടങ്ങിയ ഇന്ത്യൻ ഭരണകൂടത്തിന്റെ അടിസ്ഥാന തത്വങ്ങളെ തകർക്കാൻ കൂടെയാണ് ശ്രമിച്ചത്. ഇതിനെല്ലാം കുത്തകമാധ്യമങ്ങളുടെ നല്ല പിന്തുണയാണ് അവർക്ക് ലഭിച്ചത്.

1995 ഡിസംബർ 11ന് ജസ്റ്റിസ് ജെ എസ് വർമ്മ അധ്യക്ഷനായ സുപ്രീംകോടതിയുടെ ഒരു മൂന്നംഗ ബഞ്ച് ഹിന്ദുത്വ എന്നത് ഒരു ജീവിത രീതിയാണെന്നും അല്ലാതെ ഒരു മതമല്ലെന്നും വിധി പ്രസ്താവിച്ചു. കോടതിക്ക് എന്തും വിധിക്കാം. പക്ഷേ ഈ വിധി 1996ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപി പുറത്തിറക്കിയ തെരഞ്ഞെടുപ്പു മാനിഫെസ്റ്റോയിൽ ഇടംപിടിച്ചു എന്നതാണ് അത്ഭുതകരമായ കാര്യം.

എന്തായാലും 1990ന് ശേഷം മധ്യവർഗ്ഗത്തിനിടയിൽ മാത്രമല്ല ബുദ്ധിജീവികൾക്കിടയിലും സ്വാധീനമുറപ്പിക്കാൻ ബിജെപിക്ക് കഴിഞ്ഞു. ഇടതുപക്ഷക്കാർ എന്നറിയപ്പെട്ടിരുന്ന ബുദ്ധിജീവികളായ സുധീന്ദ്ര കുൽക്കർണിയും ചന്ദൻ മിത്രയും ലിബറലുകളായ അരുൺ ഷൂരിയും യശ്വന്ത് സിൻഹയും ബിജെപിയിൽ ചേർന്നു. അവരെയൊക്കെ ബിജെപി സംഘടനയുടെ നിർണായക സ്ഥാനങ്ങളിൽ തന്നെ പ്രതിഷ്ഠിച്ചു. ഇവർ ആർഎസ്എസിന് പുറത്തുള്ളവരായിരുന്നു. മതനിരപേക്ഷ പാർട്ടികളുമായും മധ്യവർഗവുമായും അടുപ്പമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഇവരുടെ വരവ് പാർട്ടിക്കകത്ത് അസ്വാരസ്യമുണ്ടാക്കി. കാരണം ഇവരൊക്കെ അതുവരെ ബിജെപിയുടെ കടുത്ത വിമർശകരായിരുന്നു. ബിജെപിക്കകത്ത് അംഗീകരിക്കപ്പെട്ടെങ്കിലും ആർഎസ്എസ് ഇവരെ സംശയദൃഷ്ടിയോടെയാണ് കണ്ടിരുന്നത്. ഇതിന്റെയൊക്കെ ഫലമായി ഈ ബുദ്ധിജീവികളൊക്കെ പിന്നീട് പാർട്ടിക്കകത്തെ ആർഎസ്എസ് മേധാവിത്വത്തെ ആശയപരമായും രാഷ്ട്രീയമായും എതിർക്കാൻ ആരംഭിച്ചു. റാഫേൽ കച്ചവടത്തിൽ അടക്കം സുപ്രീംകോടതിയിൽ ബിജെപി നേതൃത്വത്തിലുള്ള ഗവൺമെന്റിനെ ഇവർ എതിർക്കുന്ന സ്ഥിതിയാണ് പിന്നീടുണ്ടായത്.

1980കൾ മുതലുള്ള ചരിത്രം പരിശോധിച്ചാൽ കോൺഗ്രസ് പാർട്ടി അവരുടെ പ്രവർത്തനം കൊണ്ടും പ്രവർത്തനരാഹിത്യം കൊണ്ടും തെളിയിച്ച കാര്യം ഇന്ത്യൻ രാഷ്ട്രീയത്തെ വർഗീയവൽക്കരിക്കുന്നതിനോട് എടുക്കേണ്ട നിലപാടെന്ത് എന്നത് സംബന്ധിച്ച് അവർക്ക് വ്യക്തമായ ധാരണയില്ലായിരുന്നു എന്നതാണ്. ഇപ്പോഴും അത് അങ്ങനെതന്നെ തുടരുന്നു. ബിജെപി ഉയർത്തിക്കൊണ്ടുവന്ന വർഗീയ രാഷ്ട്രീയത്തിനെതിരായി ഒരു ബദൽ വർഗീയവിരുദ്ധ നിലപാട് ഉയർത്തിപ്പിടിക്കുന്നതിൽ അവർ പരാജയപ്പെട്ടു. ഹിന്ദു‐ മുസ്ലിം വർഗീയവാദികൾ കൂടുതൽ വ്യക്തതയോടെ രംഗത്തുവരികയും അക്രമണോൽസുഖമാവുകയും ചെയ്തപ്പോൾ കോൺഗ്രസ് അവരെ ഇരുകൂട്ടരെയും ഉൾക്കൊള്ളുന്നതിനു വേണ്ടി മുട്ടുമടക്കി സാഷ്ടാംഗം പ്രണമിച്ചുനിന്നു. രാജീവ് ഗാന്ധി രണ്ടുതരം വർഗീയവാദികളെയും മത്സരിച്ചു പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഷബാനു കേസിലെ സുപ്രീംകോടതിവിധിയിൽ വെള്ളം ചേർക്കുന്നതിന് വേണ്ടി നിയമം കൊണ്ടുവന്നത് മുസ്ലിം വർഗീയവാദികളെ പ്രീണിപ്പിക്കുന്നതിനായിരുന്നു എങ്കിൽ മറുവശത്ത് ഹിന്ദു വർഗീയവാദികളെ പ്രേരിപ്പിക്കുന്നതിനായി ബാബറി മസ്ജിദിൽ രാമ ക്ഷേത്രം ആരാധനയ്ക്കായി തുറന്നുകൊടുത്തു.

എന്തൊക്കെയായാലും 2019ൽ സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് ഒരു വിധി പ്രസ്താവിച്ചു. അത് അയോധ്യയിൽ രാമ ക്ഷേത്രം നിർമ്മിക്കുന്നതിന് അനുകൂലമായിരുന്നു. ഗവൺമെൻറ് നിയോഗിക്കുന്ന ഒരു ട്രസ്റ്റ് അയോധ്യയിലെ തർക്കസ്ഥലത്ത് ക്ഷേത്രം പണിയണമെന്നായിരുന്നു വിധി. പരാതിക്കാരായ മുസ്ലീങ്ങൾക്ക് ബാബറി മസ്ജിദ് പണിയുന്നതിന് അഞ്ച് ഏക്കർ സ്ഥലം സർക്കാർ നൽകണമെന്നും വിധിയിൽ പറഞ്ഞു. എന്തായാലും ഒരു നൂറ്റാണ്ടിലേറെക്കാലമായി നിലനിന്ന ഒരു വിഷയം അങ്ങനെ അവസാനിച്ചു. മതനിരപേക്ഷ രാഷ്ട്രമായ ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെ രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തുന്നതും നാം കണ്ടു. കുത്തകമാധ്യമങ്ങളൊന്നും ഇതിനെ എതിർക്കാൻ തയ്യാറായില്ല. l

 

Hot this week

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 14

ഒരടി മുന്നോട്ട്‌ രണ്ടടി പിന്നോട്ട്‌ ‘‘വിപ്ലവകാരികളുടെ സംഘടനയെ വലയംചെയ്‌ത്‌ തൊഴിലാളികളുടെ വിശാലമായ സംഘടനകൾ...

ആണധികാരത്തെ ഞെട്ടിച്ച കെ സരസ്വതിയമ്മ

  കെ സരസ്വതിയമ്മ എന്ന എഴുത്തിലെ പെൺ പോരാളിയുടെ 51-ാം ചരമവാർഷിക ദിനമാണ്...

അടിയുത്സവം

  ഉത്തര കേരളം തെയ്യത്തിന്റെയും ഉത്സവങ്ങളുടെയും നാടാണ്. ഈ ഉത്സവ ത്തിമർപ്പിനിടയിൽ കായിക...

സ്വകാര്യ വേദനയിൽ നിന്ന് സാമൂഹിക വിമർശനത്തിലേക്ക്: കൊളം കര കൊളം

  സാമൂഹിക ഇടകലരലുകളിൽ (Intersectionality) കേന്ദ്രികരിച്ചിരിക്കുന്ന കഥകളാണ് പുണ്യ സി. ആറിന്റെ കൊളം...

വെനസ്വേല: അമേരിക്കൻ സാമ്രാജ്യത്വക്കൊതിയുടെ തുടർച്ച

ആന കരിമ്പിൻതോട്ടത്തിൽ കയറിയതുപോലെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്  ട്രംപ്, ലോകരാഷ്ട്രീയത്തെ കാൽക്കീഴിലിട്ട്...

Topics

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 14

ഒരടി മുന്നോട്ട്‌ രണ്ടടി പിന്നോട്ട്‌ ‘‘വിപ്ലവകാരികളുടെ സംഘടനയെ വലയംചെയ്‌ത്‌ തൊഴിലാളികളുടെ വിശാലമായ സംഘടനകൾ...

ആണധികാരത്തെ ഞെട്ടിച്ച കെ സരസ്വതിയമ്മ

  കെ സരസ്വതിയമ്മ എന്ന എഴുത്തിലെ പെൺ പോരാളിയുടെ 51-ാം ചരമവാർഷിക ദിനമാണ്...

അടിയുത്സവം

  ഉത്തര കേരളം തെയ്യത്തിന്റെയും ഉത്സവങ്ങളുടെയും നാടാണ്. ഈ ഉത്സവ ത്തിമർപ്പിനിടയിൽ കായിക...

സ്വകാര്യ വേദനയിൽ നിന്ന് സാമൂഹിക വിമർശനത്തിലേക്ക്: കൊളം കര കൊളം

  സാമൂഹിക ഇടകലരലുകളിൽ (Intersectionality) കേന്ദ്രികരിച്ചിരിക്കുന്ന കഥകളാണ് പുണ്യ സി. ആറിന്റെ കൊളം...

വെനസ്വേല: അമേരിക്കൻ സാമ്രാജ്യത്വക്കൊതിയുടെ തുടർച്ച

ആന കരിമ്പിൻതോട്ടത്തിൽ കയറിയതുപോലെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്  ട്രംപ്, ലോകരാഷ്ട്രീയത്തെ കാൽക്കീഴിലിട്ട്...

വർഗസമരവും മാധ്യമങ്ങളും‐ 16

കേംബ്രിഡ്ജ് അനലിറ്റിക്ക ഫെയ്സ്ബുക്കും ബിജെപിയും തമ്മിലുള്ള ബന്ധം ചർച്ചയായതിനെ തുടർന്നാണ് വ്യാപകമായ...

സഹകരണപ്രസ്ഥാനം നേരിടുന്ന വെല്ലുവിളികളും പ്രതീക്ഷകളും

കേരളത്തിന്റെ സാമൂഹികഭദ്രത നിലനിർത്തുന്നതിൽ സഹകരണമേഖലയ്ക്ക് നിർണ്ണായകസ്ഥാനമുണ്ട്. ഗ്രാമങ്ങളിലെ സാധാരണക്കാരെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിലൂടെ,...

കനക്‌ മുഖർജി

ബംഗാളിനെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവും മഹിളാ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളുമാണ്‌ കനക്‌...
spot_img

Related Articles

Popular Categories

spot_imgspot_img