ഒരടി മുന്നോട്ട് രണ്ടടി പിന്നോട്ട്

‘‘വിപ്ലവകാരികളുടെ സംഘടനയെ വലയംചെയ്‌ത് തൊഴിലാളികളുടെ വിശാലമായ സംഘടനകൾ ഉണ്ടായിരിക്കണം. എന്തുചെയ്യണം എന്ന കൃതിയിൽ ഞാൻ മുമ്പുതന്നെ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒരു സഖാവിനുള്ള കത്ത് എന്ന ലഘുലേഖയിൽ ഈ ആശയത്തെ ഞാൻ കൂടുതൽ മൂർത്തമായും കൃത്യമായും വികസിപ്പിച്ചു… ഓരോ ഫാക്ടറിയും നമ്മുടെ സുരക്ഷിത താവളമായിരിക്കണം’’
‐ലെനിൻ
ഒരടി മുന്നോട്ട്, രണ്ടടി പിന്നോട്ട് (നമ്മുടെ പാർട്ടിയിലെ പ്രതിസന്ധി) One Step Forward Two Step Backward (Crisis in Our Party) രണ്ടാം പാർട്ടി കോൺഗ്രസിനുശേഷം ലെനിൻ തന്റെ നിലപാട് കൂടുതൽ വ്യക്തമായും ദൃഢമായും ആദ്യം വെളിപ്പെടുത്തിയത് 1903 സെപ്‌തംബർ മധ്യത്തോടെ അദ്ദേഹം എഴുതിയ ഒരു സഖാവിനുള്ള കത്ത്‐ നമ്മുടെ സംഘടനാകടമകളെ സംബന്ധിച്ച് എന്ന ലഘുലേഖയിലാണ്. ഈ ലഘുലേഖയിൽ ലെനിൻ ഉപയോഗിച്ചിട്ടുള്ള ഏറെ പ്രധാനപ്പെട്ട ഒരു പ്രയോഗമുണ്ട്‐ ‘‘പോരാട്ടത്തിന് അച്ചടക്കമുള്ള പാർട്ടിയാണ് വേണ്ടത്’’. 1904 ജനുവരിയിൽ റഷ്യയിലും ജനീവയിലും ഒരേസമയം അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നതിനു മുമ്പുതന്നെ ഈ ലഘുലേഖ സോഷ്യൽ ഡെമോക്രാറ്റുകൾക്കിടയിൽ വ്യാപകമായി സർക്കുലേറ്റ് ചെയ്‌തിരുന്നു. അങ്ങനെ സഖാക്കൾക്കിടയിൽ ചർച്ച ചെയ്യപ്പെട്ടശേഷമാണ് ലെനിൻ ഈ ലഘുലേഖ പൊതുസമൂഹത്തിൽ ലഭ്യമാക്കിയത്.
എന്നാൽ, ലെനിൻ തന്റെ മുഖ്യ ആശയങ്ങൾ സമഗ്രമായി മുന്നോട്ടുവെച്ചത് 1904 മാർച്ചിൽ, അതായത് റഷ്യൻ ഡെമോക്രാറ്റിക് ലേബർ പാർട്ടിയുടെ രണ്ടാം കോൺഗ്രസിലുണ്ടായ ചേരിതിരിവിനെ തുടർന്ന് ഒരു വർഷത്തിനുശേഷം, പ്രസിദ്ധീകരിച്ച ‘ഒരടി മുന്നോട്ട്, രണ്ടടി പിന്നോട്ട്’ (നമ്മുടെ പാർട്ടിയിലെ പ്രതിസന്ധി) എന്ന കൃതിയിലാണ്. റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയെ സംബന്ധിച്ച ലെനിന്റെ സങ്കൽപനം വളരെ കൃത്യമായി രേഖപ്പെടുത്തുന്നതാണ് ഈ ഗ്രന്ഥം. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയെ, അതായത് പ്രൊഫഷണൽ വിപ്ലവകാരികളുടെ പാർട്ടിയെ, തൊഴിലാളി പ്രസ്ഥാനവുമായി വിളക്കിച്ചേർക്കേണ്ടത് എങ്ങനെയെന്ന് നിസ്സംശയം മനസ്സിലാക്കാൻ ഈ കൃതി വായിക്കുന്നതിലൂടെ കഴിയും. പാർട്ടിയുടെ ആധാരശില ഗൂഢാലോചനക്കാരുടെ സംഘടനയെന്നതല്ലെന്നും അതേസമയം ചില പ്രത്യേക സാഹചര്യങ്ങളിൽ ഉപയോഗിക്കാനാവുന്ന സവിശേഷ സ്വഭാവത്തോടുകൂടിയ രഹസ്യസംവിധാനം ആവശ്യമാണെന്നുമാണ് ലെനിൻ വിശദീകരിക്കുന്നത്. സോഷ്യൽ ഡെമോക്രാറ്റിക് പ്രസ്ഥാനത്തിലേക്ക് തൊഴിലാളികളെ അണിനിരത്തുന്നതിന് വേണ്ട ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കുന്നതിന് നിയമവിധേയമായ സംഘടനയും ഒപ്പം രഹസ്യസംഘടനയും ഉൾപ്പെടുന്ന ഒരു നെറ്റ്‌വർക്ക് ഉണ്ടായിരിക്കണം എന്ന ആശയം സുവ്യക്തമായി ഒരടി മുന്നോട്ട്, രണ്ടടി പിന്നോട്ട് എന്ന കൃതിയിൽ ലെനിൻ മുന്നോട്ടുവെച്ചു.
അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ ആശയവിനിമയം നടത്താനും രാഷ്‌ട്രീയപ്രവർത്തനം നടത്താനും അനുയോജ്യരായ പ്രവർത്തകരുടെ ഒരു നെറ്റ്‌വർക്ക് സൃഷ്ടിക്കുകയായിരുന്നു ലെനിന്റെ ലക്ഷ്യം. ആ ലക്ഷ്യത്തിലെങ്ങനെയെത്താം എന്നും ഒപ്പം എന്തു ചെയ്യണം എന്ന ഗ്രന്ഥത്തെ സംബന്ധിച്ചും രണ്ടാം കോൺഗ്രസിനെ സംബന്ധിച്ചും ഉയർന്നുവന്ന തെറ്റിദ്ധാരണ പരത്തുന്ന വിമർശനങ്ങൾക്കുള്ള മറുപടിയും ചേർന്നതാണ് ഒരടി മുന്നോട്ട്, രണ്ടടി പിന്നോട്ട് എന്ന കൃതി. അസാധാരണമായ ഒരു ഗ്രന്ഥമാണ് ഒരടി മുന്നോട്ട്, രണ്ടടി പിന്നോട്ട്. രണ്ടാം പാർട്ടി കോൺഗ്രസിൽ എന്തുണ്ടായി എന്നതു സംബന്ധിച്ച് ലെനിന്റെ കാഴ്‌ചപ്പാടിലുള്ള വിശദമായ വിവരണമാണ് ഈ കൃതിയിലുള്ളത്. അദ്ദേഹത്തിനെതിരെ അണിനിരക്കുന്ന സംഘങ്ങളുടെ വിമർശനങ്ങൾക്കെല്ലാം രൂക്ഷമായ ഭാഷയിൽ എണ്ണിയെണ്ണി ഈ കൃതിയിൽ ലെനിൻ മറുപടി പറയുന്നുണ്ട്‐ രൂക്ഷമായ, തുളച്ചുകയറുന്ന പരിഹാസമാണ് ഈ കൃതിയിലെ ശൈലി. എന്തുചെയ്യണം എന്ന ഗ്രന്ഥത്തിൽ മുന്നോട്ടുവെച്ച ആശയങ്ങൾ മയപ്പെടുത്തുകയായിരുന്നില്ല, കൂടുതൽ ദൃഢമായി വ്യക്തമാക്കുകയായിരുന്നു ഈ കൃതിയിൽ. ജനാധിപത്യ കേന്ദ്രീകരണം എന്ന സംഘടനാസംവിധാനത്തെക്കുറിച്ച് കൂടുതൽ വ്യക്തതയോടെയും ദൃഢതയോടെയും ലെനിൻ ഈ ഗ്രന്ഥത്തിൽ ആവർത്തിച്ചുറപ്പിക്കുന്നുണ്ട്. ആ നിലയിൽ ലെനിനിസ്റ്റ് സംഘടനാസംവിധാനം എന്നറിയപ്പെടുന്നതിനെക്കുറിച്ച് അദ്ദേഹം കൃത്യമായി പറഞ്ഞുവയ്‌ക്കുന്നത് ഈ രണ്ട് കൃതികളിലായാണ്. ശക്തമായ, കെട്ടുറപ്പുള്ള സംഘടനാസംവിധാനത്തിന്റെ, മുകളിൽനിന്ന് കെട്ടിപ്പടുക്കുന്ന പാർട്ടിയുടെ അനിവാര്യതയിലേക്കാണ് ലെനിൻ വിരൽചൂണ്ടുന്നത്.
ലെനിൻ ഏറെക്കുറെ ഒറ്റയാൾ പോരാട്ടത്തിലായിരുന്നുവെന്ന് പറയാവുന്നതാണ്. റഷ്യയിൽ മാർക്‌സിസത്തിന്റെ ആദ്യപഥികനെന്നറിയപ്പെടുന്ന, പ്ലെഖാനോവുതന്നെ ലെനിനെതിരെ രംഗത്തുവന്നു. എന്തുചെയ്യണം എന്ന ഗ്രന്ഥത്തിലെ ആശയങ്ങൾക്കെതിരെ എന്തുചെയ്യാൻ പാടില്ല (What Should Not to be done?) എന്ന പേരിൽ ഒരു പുസ്‌തകവുമായി പ്ലെഖാനോവ് രംഗത്തെത്തി. ഇതിൽ നാം കാണേണ്ടത് ഇസ്‌ക്രയിൽ എന്തുചെയ്യണം എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത് പ്ലെഖാനോവും മാർത്തോവും ഉൾപ്പെടെയുള്ള പത്രാധിപസമിതിയുടെ ഏകകണ്‌ഠമായ പിന്തുണയോടെയായിരുന്നു. എന്നാൽ ഇതിന്റെ പ്രയോഗവത്‌കരണത്തിന്റെ പ്രശ്‌നത്തോടടുത്തപ്പോഴാണ് രണ്ടാം പാർട്ടി കോൺഗ്രസിൽ ഭിന്നത ഉയർന്നുവന്നത്. ബേൺസ്റ്റീന്റെ റിവിഷനിസത്തിനെതിരെ ശക്തമായ നിലപാടെടുത്ത ജർമൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി നേതാവായ റോസ ലക്‌സംബർഗും ലെനിന്റെ സംഘടനാ സങ്കൽപനത്തിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. Organisational Questions of Russian Social Democracy (റഷ്യൻ സോഷ്യൽ ഡെമോക്രസിയിലെ സംഘടനാപ്രശ്‌നങ്ങൾ) എന്ന ഗ്രന്ഥത്തിൽ ലെനിനിസ്റ്റ് സംഘടനാശൈലിയെ റോസ ലക്‌സംബർഗ് രൂക്ഷമായി വിമർശിക്കുകയുണ്ടായി. എന്നാൽ നിലപാടിലെ പിശക് മനസ്സിലാക്കി തിരുത്തേണ്ടതായി വന്നപ്പോൾ അവർ ഏറെ വൈകിപ്പോയി. അത് ഒരുവിധത്തിൽ പറഞ്ഞാൽ അവരുടെ ജീവൻതന്നെ നഷ്ടപ്പെടുന്നതിന് ഇടവരുത്തുകയും ചെയ്‌തു.

എന്നാൽ ജർമൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി നേതാവായ കൗട്‌സ്‌കിയെ ഉദാഹരിച്ച് ലെനിൻ ‘ഒരടി മുന്നോട്ട് രണ്ടടി പിന്നോട്ട്’ എന്ന കൃതിയിൽ തന്റെ വാദഗതികൾ സമർഥിക്കുന്നുണ്ട്. പ്രവിശ്യകളിലും താഴേത്തലങ്ങളിലും ഉയർന്നുവരുന്ന പ്രശ്‌നങ്ങളിൽ ഇടപെടാനുള്ള കേന്ദ്രനേതൃത്വത്തിന്റെ അവകാശത്തെക്കുറിച്ചുള്ള കൗട്‌സ്‌കിയുടെ വാക്കുകൾ തന്റെ വാദഗതികൾ സമർഥിക്കാനായി ലെനിൻ ഉദ്ധരിക്കുന്നുണ്ട്. ഈ അഭിപ്രായഭിന്നതകൾ രൂക്ഷമായി തുടരുന്നതിനിടയിലും യോജിച്ച് മുന്നോട്ടുപോകുന്നതിനുള്ള സന്നദ്ധത ലെനിൻ പ്രകടിപ്പിക്കുന്നുണ്ട്.
ഓരോ രാജ്യത്തിനെയും ഓരോ സാഹചര്യത്തിനും അനുയോജ്യമായതായിരിക്കണം വിപ്ലവതന്ത്രവും അതുപോലെതന്നെ സംഘടനാരൂപവും. വിപ്ലവം എന്ന ലക്ഷ്യബോധത്തോടെ, അതിൽ വെള്ളംചേർക്കാതെ പ്രവർത്തിക്കുന്ന പ്രതിബദ്ധതയും കെട്ടുറപ്പുമുള്ള, അച്ചടക്കമുള്ള പാർട്ടിക്കായാണ് ലെനിൻ വാദിക്കുന്നത്. എന്നാൽ ലെനിന്റെ അതേ തെളിമയോടെ നേതൃത്വത്തിലുള്ള മറ്റുള്ളവർ ഈ കാര്യങ്ങളെ കണ്ടിരുന്നില്ലായെന്നതാണ് യാഥാർഥ്യം. 1904 ഫെബ്രുവരിയോടുകൂടി ലെനിന് പിന്തുണ നൽകിയിരുന്നവരിൽ (ബോൾഷെവിക് പക്ഷത്തുണ്ടായിരുന്നവർ) ഒരുവിഭാഗം അനുരഞ്‌ജനത്തിന് തിടുക്കം കൂട്ടിത്തുടങ്ങി. ജൂലൈ‐ആഗസ്‌ത് മാസത്തോടുകൂടി സെൻട്രൽ കമ്മിറ്റിയിൽ ഈ വിഭാഗങ്ങൾക്ക് ഭൂരിപക്ഷമായി. അങ്ങനെ തന്റെ അവസാനത്തെ താവളമായിരുന്ന സെൻട്രൽ കമ്മിറ്റിയുടെയും (ഇസ്‌ക്ര പത്രാധിപസമിതിയിൽനിന്ന് രാജിവെച്ചശേഷം) നിയന്ത്രണം ലെനിന് നഷ്ടപ്പെട്ടു. പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മറ്റാരെക്കാളും വലിയ പങ്കുവഹിച്ച ലെനിൻ ഒറ്റപ്പെടുത്തപ്പെട്ടുവെന്ന് പറയുന്നതാകും ശരി.

സാർവദേശീയ സോഷ്യൽ ഡെമോക്രാറ്റിക് പ്രസ്ഥാനത്തിൽനിന്നും അദ്ദേഹത്തിന്റെ നിലപാടിനെതിരെ കടുത്ത വിമർശനമുയർന്നു. 1904 സെപ്‌തംബറിൽ റോസ ലക്‌സംബർഗ് പ്രസിദ്ധീകരിച്ച Organisational Questions of Russian Social Democracy എന്ന കൃതിയിൽ, ലെനിൻ മുന്നോട്ടുവെയ്‌ക്കുന്നത് ‘അതികേന്ദ്രീകരണ’ വാദമാണെന്നും ഒരു ‘കങ്കാണി’ (Overseer)യുടെ മാനസികാവസ്ഥയാണ് അദ്ദേഹത്തിനെന്നുംവരെ പറയാൻ അവർ തയ്യാറായി. ലെനിന്റെ തത്വങ്ങൾ പ്രസ്ഥാനത്തെ വികസിപ്പിക്കാനല്ല, മറിച്ച് അതിനെ ‘വരിഞ്ഞുമുറുക്കാനാണ്’ ഇടയാക്കുകയെന്നും റോസ വിമർശനമുയർത്തി. ബേൺസ്റ്റീനിസത്തിനെതിരായ ലെനിന്റെ പോരാട്ടത്തിനൊപ്പമായിരുന്ന റോസ ലക്‌സംബർഗാണ് സംഘടനയെ സംബന്ധിച്ച് അതിനു വിരുദ്ധമായ നിലപാട് സ്വീകരിച്ചത്. റോസയുടെ ചിന്തയിലെ ഈ വൈരുദ്ധ്യമാണ് പരിഷ്‌കരണവാദികൾ ഉൾപ്പെടെ ചില ഘട്ടങ്ങളിൽ മാർക്‌സിസം‐ലെനിനിസത്തിനെതിരായി അവരെ ഉയർത്തിപ്പിടിക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ റോസയുടെ വിമർശനങ്ങൾക്ക് ലെനിൻ എഴുതിയ മറുപടി ജർമൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ മുഖപത്രത്തിൽ പ്രസിദ്ധീകരിക്കാൻ കൗട്‌സ്‌കി വിസമ്മതിക്കുകയും ചെയ്‌തു. ലെനിൻ തയ്യാറാക്കിയ ഈ മറുപടി പിന്നീട് 1930ലാണ് വെളിച്ചംകണ്ടത്. ലെനിന്റെ വാക്കുകൾ ശരിവയ്‌ക്കാനോ അതുയർത്തിപ്പിടിക്കാനോ റഷ്യൻ പ്രസ്ഥാനത്തിലേയോ യൂറോപ്യൻ പ്രസ്ഥാനത്തിലേയോ പ്രധാനപ്പെട്ട ഒരു നേതാവും അന്ന് ഉണ്ടായിരുന്നില്ല. ലെനിനൊപ്പം അധികം അറിയപ്പെടാത്ത ചെറിയൊരു വിഭാഗം നേതാക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ‐ ബോഗ്‌ദനോവും ലൂണചാർസ്‌കിയും മാക്‌സിം ഗോർക്കിയും മറ്റും. പിൽക്കാലത്ത് ലെനിന്റെ ഉറ്റ അനുയായി ആയി മാറിയ സ്റ്റാലിൻ ആ ഘട്ടത്തിൽ ജോർജിയയ്‌ക്ക് പുറത്ത് അറിയപ്പെട്ടിരുന്നില്ല. ഇത്തരം കടുത്ത ഒറ്റപ്പെടുത്തൽ ഉണ്ടായിരുന്നെങ്കിലും തന്റെ നിലപാടുകളിൽ നിന്ന് പിന്നോട്ടുപോകാൻ ലെനിൻ തെല്ലും തയ്യാറായില്ല. ജനാധിപത്യപരവും ഒപ്പം കേന്ദ്രീകൃത നേതൃത്വത്തോടുകൂടിയതുമായ വിപ്ലവപാർട്ടി കെട്ടിപ്പടുക്കാനുള്ള ശ്രമത്തിൽ അദ്ദേഹം ഒറ്റയ്‌ക്കുതന്നെ, ചെറിയൊരു വിഭാഗം അനുയായികൾക്കൊപ്പം പൂർണമായും മുഴുകുകയാണുണ്ടായത്.
ജ്യോർജി ലൂക്കാച്ച് History and Class Consciousness (ചരിത്രവും വർഗബോധവും) എന്ന കൃതിയിൽ ലെനിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് സ്ഥാപിക്കുന്നത് റഷ്യയിൽ സോഷ്യൽ ഡെമോക്രസിയുടെ സൈദ്ധാന്തികമായ അടിത്തറ കെട്ടിപ്പടുത്തത് തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ സ്വമേധയായുള്ള വളർച്ചയുടെ ഭാഗമായി മാത്രമായിരുന്നില്ലായെന്നും വിപ്ലവകാരികളായ സോഷ്യലിസ്റ്റ് ബുദ്ധിജീവികൾക്കിടയിൽ ഉയർന്നുവന്ന ചിന്തകളുടെ സ്വാഭാവികമായ അനന്തരഫലമായിട്ടുകൂടിയാണ് എന്നുമാണ്. ലെനിൻ ‘എന്തുചെയ്യണം’, ‘ഒരടി മുന്നോട്ട്, രണ്ടടി പിന്നോട്ട്’ എന്നീ കൃതികളിലും പിന്നീടും സംശയാതീതമായി വ്യക്തമാക്കുന്നത് ബോൾഷെവിക് നിലപാട് കേവലം സംഘടനാപരമായ ചിന്താധാരയുടെ പ്രതിഫലനമല്ലെന്നും ശരിക്കുമത് രാഷ്‌ട്രീയചിന്തയുടെ പ്രതിഫലനമാണെന്നുമാണ്‐ ശരിയായ സിദ്ധാന്തവും ശരിയായ രാഷ്‌ട്രീയവും നടപ്പാക്കാനുള്ള ശരിയായ സംഘടന എന്നതായിരുന്നു ലെനിന്റെ കാഴ്‌ചപ്പാട്. ലെനിന്റെ നിലപാടുകൾക്കെതിരെ ശക്തമായ വിമർശനമുന്നയിച്ച റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടിയിലെ മറ്റൊരു പ്രമുഖൻ ലിയോൺ ട്രോട്‌സ്‌കിയാണ്. Our Political Tasks (നമ്മുടെ രാഷ്‌ട്രീയ കടമകൾ) എന്ന കൃതിയിൽ ട്രോട്‌സ്‌കി തൊഴിലാളികൾക്കിടയിൽ പുറമെനിന്ന്, അതായത് വിപ്ലവകാരികളായ ബുദ്ധിജീവികൾവഴി സോഷ്യലിസ്റ്റ് ബോധം കൊണ്ടുവരണമെന്ന ലെനിന്റെ വാദഗതിയെ തള്ളിക്കളയുന്നു. പാർട്ടിയെ സംബന്ധിച്ച ലെനിന്റെ സിദ്ധാന്തത്തെ, അതിന്റെ രാഷ്‌ട്രീയ വിവക്ഷകൾ മാറ്റിവെച്ച് സൈനികവും ബ്യൂറോക്രാറ്റിക്കുമായ ഒന്നായി അതിലളിതവൽക്കരിക്കുകയാണ് ട്രോട്‌സ്‌കി ചെയ്‌തത്. ഇതുമാത്രമല്ല, ഓരോ ഫാക്ടറിയും തൊഴിലാളിവർഗത്തിന്റെ വിപ്ലവത്താവളമാക്കി മാറ്റണമെന്ന ലെനിന്റെ വാദത്തെയും ട്രോട്‌സ്‌കി നിരാകരിക്കുന്നുണ്ട്.

പിൽക്കാലത്ത് അന്റോണിയോ ഗ്രാംഷിയാണ് ട്രോട്‌സ്‌കി ഉൾപ്പെടെയുള്ള റഷ്യയിലെയും യൂറോപ്പിലെയും ഇതര സോഷ്യൽ ഡെമോക്രാറ്റിക് നേതാക്കളുടെ നിലപാടിനെതിരെ ലെനിൻ നടത്തിയ പോരാട്ടത്തിന്റെ ദാർശനികമായ പൊരുൾ മനസ്സിലാക്കി വിശദീകരിച്ചത്. ന്യൂയോർക്കിലെ ഇന്റർനാഷണൽ പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച Selections From The Prison Notebooks എന്ന ഗ്രാംഷിയുടെ സമാഹാരത്തിലെ Political struggle and Military war (രാഷ്‌ട്രീയപോരാട്ടവും സൈനികയുദ്ധവും) എന്ന ലേഖനത്തിൽ കൃത്യമായി ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. ലൂക്കാച്ചിന്റെ Lenin: A Study In The Unity of His Thought എന്ന കൃതിയിലും വിപ്ലവസിദ്ധാന്തവും വിപ്ലവസംഘടനയും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച ലെനിന്റെ കാഴ്‌ചപ്പാടിനെ ദാർശനികമായി വിലയിരുത്തുന്നുണ്ട്. സിദ്ധാന്തവും സംഘടനയും തമ്മിലുള്ള ബന്ധത്തെ വൈരുദ്ധ്യാത്മകമായി വിലയിരുത്താതെ, യാന്ത്രിക നിലപാട് സ്വീകരിച്ചതാണ് റോസയെയും ട്രോട്‌സ്‌കിയെയും പോലുള്ളവ ലെനിന്റെ കടുത്ത വിമർശകരാക്കി മാറ്റിയത്. 1918 നവംബറിൽ നടന്ന ജർമൻ വിപ്ലവത്തിന്റെ സന്ദർഭത്തിൽ റോസ തന്റെ പിശക് തിരിച്ചറിഞ്ഞെങ്കിലും അത് തിരുത്താനുള്ള അവസരം നൽകാതെ പ്രതിവിപ്ലവകാരികൾ അവരുടെ ജീവൻ അപഹരിച്ചു. ട്രോട്‌സ്‌കിയാകട്ടെ, ഒരു ഘട്ടത്തിലും തന്റെ തെറ്റുതിരുത്താൻ തയ്യാറാകാതെ ഒടുവിൽ റഷ്യൻ വിപ്ലവത്തിന്റെ വികാസത്തിന് തടസ്സം സൃഷ്ടിക്കുന്നവിധം പ്രതിവിപ്ലവശക്തികളെ സഹായിക്കുന്ന നിലപാടിലേക്ക് കൗട്‌സ്‌കിയെും മറ്റുംപോലെ എത്തിച്ചേരുകയാണുണ്ടായത്.
ഈ കാലത്ത് മെൻഷെവിക്കുകൾക്കെതിരെയെന്ന പോലെ അരാജകവാദികൾക്കെതിരെയും ലെനിൻ വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ടത്തിൽ ഏർപ്പെട്ടിരുന്നു. വിവിധ കോണുകളിൽനിന്ന് ഉയർന്നുവന്ന വിമർശനങ്ങൾക്ക് നിരന്തരം മറുപടി നൽകിക്കൊണ്ടാണ് അദ്ദേഹം തന്റെ നിലപാടുകൾ ഉയർത്തിപ്പിടിച്ചതും റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടിയിലെ മെൻഷെവിക്കുകൾക്കെതിരെ ബോൾഷെവിക് പ്രസ്ഥാനത്തിന് വേറിട്ടൊരസ്ഥിത്വം സൃഷ്ടിച്ചതും. ഈ കാലത്തെ ലെനിന്റെ ചർച്ചചെയ്യപ്പെടേണ്ട സുപ്രധാനമായ ഒരു കൃതിയാണ് Two Tactics of Social Democracy in the Democratic Revolution (ജനാധിപത്യവിപ്ലവത്തിൽ സോഷ്യൽ ഡെമോക്രസിയുടെ രണ്ടടവുകൾ).
1904 ആയപ്പോൾതന്നെ രണ്ടടവുകൾ, രണ്ടു പാർട്ടി എന്ന നിലയിലെത്തി. സ്റ്റാലിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ സിപിഎസ്‌യു (ബി) ചരിത്രം എന്ന ഗ്രന്ഥത്തിൽ ഇതിനെക്കുറിച്ച് ‘‘(ബോൾഷെവിക്) കോൺഗ്രസ് അംഗീകരിച്ച അടവ് അപ്പോൾ നടന്നുകൊണ്ടിരുന്ന വിപ്ലവം ഒരു ബൂർഷ്വാ ജനാധിപത്യവിപ്ലവമാണെന്നും, മുതലാളിത്തത്തിന്റെ പരിധിയിൽ സാധ്യമാകുന്നതിനെക്കാൾ മുന്നോട്ടുപോകുവാൻ തൽക്കാലം അതിന് കഴിവില്ലെന്നത് വാസ്‌തവമാണെന്നും’’ ചൂണ്ടിക്കാട്ടി. പക്ഷേ, വിപ്ലവത്തിന്റെ പരിപൂർണ വിജയത്തിൽ താൽപര്യമുള്ളത് തൊളിലാളിവർഗത്തിനാണെന്നും അതുകൊണ്ടുതന്നെ തൊഴിലാളിവർഗത്തിന് ജനാധിപത്യവിപ്ലവത്തിൽ പ്രധാന പങ്കുവഹിക്കാൻ കഴിയണമെന്നുമാണ് ലെനിൻ മുന്നോട്ടുവെച്ച കാഴ്‌ചപ്പാട്. ജനാധിപത്യവിപ്ലവം വിജയിച്ചുകഴിഞ്ഞാൽ തൊഴിലാളിവർഗത്തിന് സ്വന്തം സംഘടന ശക്തിപ്പെടുത്താനും രാഷ്‌ട്രീയമായും പ്രത്യയശാസ്‌ത്രപരമായും മറ്റു വർഗങ്ങളെകൂടി സ്വന്തം പക്ഷത്ത് അണിനിരത്തി ബൂർഷ്വാ ജനാധിപത്യ വിപ്ലവത്തിൽനിന്ന് സോഷ്യലിസ്റ്റ് വിപ്ലവത്തിലേക്ക് മുന്നേറാനുള്ള കരുത്തുണ്ടാകുമെന്നും ലെനിൻ വ്യക്തമാക്കി. അതിൽ തൊഴിലാളിവർഗം സ്വീകരിക്കേണ്ട അടവുകളെക്കുറിച്ചാണ് ലെനിൻ തന്റെ ഈ പ്രശസ്‌ത കൃതിയിൽ വിവരിക്കുന്നത്.
1904ൽ പൊട്ടിപ്പുറപ്പെട്ട റഷ്യ‐ജപ്പാൻ യുദ്ധത്തിൽ ബോൾഷെവിക്കുകളും മെൻഷെവിക്കുകളും രണ്ട് വ്യത്യസ്‌ത നിലപാടാണ് സ്വീകരിച്ചത്. ട്രോട്‌സ്‌കി ഉൾപ്പെടെയുള്ള മെൻഷെവിക്കുകൾ, സാർ ചക്രവർത്തിയുടെയൂം ഭൂപ്രഭുക്കളുടെയും മുതലാളിമാരുടെയും ഒപ്പം ‘പിതൃഭൂമി’യെ രക്ഷിക്കാൻ അണിനിരക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടതെന്ന വാദമാണുയർത്തിയത്. മൂന്നാം പാർട്ടി കോൺഗ്രസ് (ബോൾഷെവിക്കുകളും മെൻഷെവിക്കുകളും പ്രത്യേകം പാർട്ടി കോൺഗ്രസ് ചേരുകയായിരുന്നു) കഴിഞ്ഞ് രണ്ടുമാസത്തിനുശേഷം 1905 ജൂലൈയിലാണ് ലെനിന്റെ ‘‘ജനാധിപത്യ വിപ്ലവത്തിൽ സോഷ്യൽ ഡെമോക്രസിയുടെ രണ്ടടവുകൾ’’ പ്രസിദ്ധീകരിച്ചത്. ഈ കൃതിയിൽ ലെനിൻ മൂന്നാം കോൺഗ്രസിലുണ്ടാക്കിയ ധാരണപ്രകാരം ബോൾഷെവിക്ക് പാർട്ടിയുടെ അടവുപരമായ നയം വിശദീകരിക്കുകയും വികസിപ്പിക്കുകയും ചെയ്‌തിനൊപ്പം മെൻഷെവിക് നയത്തെ തുറന്നുകാണിക്കുകയും ചെയ്‌തു. ലെനിൻ മൂന്നു കാര്യങ്ങളാണ് ഇതിൽ ഊന്നിപ്പറഞ്ഞിട്ടുള്ളത്. തൊഴിലാളിവർഗമായിരിക്കണം ബൂർഷ്വാ ജനാധിപത്യവിപ്ലവത്തിന്റെ വഴികാട്ടിയും മുൻനിര പോരാളിയും ആകേണ്ടത് എന്നതാണ് ലെനിന്റെ ഒന്നാമത്തെ വാദം. അദ്ദേഹം എഴുതുന്നു: ‘‘ബൂർഷ്വാ വിപ്ലവത്തിൽനിന്ന് വിട്ടുനിൽക്കണമെന്നോ അതിനോട് പുറംതിരിഞ്ഞു നിൽക്കണമെന്നോ വിപ്ലവത്തിന്റെ നേതൃത്വം ബൂർഷ്വാസിക്ക് വിട്ടുകൊടുക്കണമെന്നോ അല്ല മാർക്‌സിസം നമ്മെ പഠിപ്പിക്കുന്നത്; മറിച്ച് അതിൽ ആവേശപൂർവം പങ്കെടുക്കുകയും തൊഴിലാളിവർഗ ജനാധിപത്യമായി അതിനെ വികസിപ്പിക്കാനും അത് പരിസമാപ്‌തിയിലെത്തിക്കാനും തൊഴിലാളിവർഗം മുന്നോട്ടുവരണമെന്നുമാണ്. റഷ്യൻ വിപ്ലവത്തിന്റെ ബൂർഷ്വാ ജനാധിപത്യ അതിർവരന്പുകൾക്കുള്ളിൽനിന്ന് നമുക്ക് പുറത്തുചാടാനാവില്ല. എന്നാൽ ഈ അതിർവരന്പുകളെ വളരെയേറെ വികസിപ്പിക്കാൻ നമുക്ക് കഴിയും. ഈ അതിർവരന്പിനുള്ളിൽനിന്ന് തൊഴിലാളിവർഗ താൽപര്യങ്ങൾക്കായി അവരുടെ അടിയന്തരാവശ്യങ്ങൾ നേടിയെടുക്കാനായി, ഭാവിയിലുണ്ടാകേണ്ട പരിപൂർണ വിജയത്തിനുവേണ്ട ശക്തി സമാഹരിക്കാൻവേണ്ടി പോരാടാൻ നമുക്ക് കഴിയും; നാം അങ്ങനെ പൊരുതുകതന്നെ വേണം’’.
സ്വേച്ഛാധിപത്യ സാറിസ്റ്റ് വാഴ്‌ചയെ തകർത്ത് ജനാധിപത്യ റിപ്പബ്ലിക് സ്ഥാപിക്കുന്നതിന് സായുധസമരം അനിവാര്യമാണെന്നതാണ് ലെനിൻ മുന്നോട്ടുവെച്ച രണ്ടാമത്തെ വാദം. ലെനിൻ എഴുതുന്നു: ‘‘ഈ സായുധ ‘സമ്മർദ’ത്തിന്റെ ലക്ഷ്യം ‘വിപ്ലവത്തിന്റെ നേട്ടങ്ങളെ സംരക്ഷിക്കുകയും ദൃഢപ്പെടുത്തുകയും വിപുലീകരിക്കുകയുമാണ്; അതായത് തൊഴിലാളിവർഗത്തിന്റെ നിലപാടിൽ നിന്നുകൊണ്ട് ആ നേട്ടങ്ങളെ നമമുടെ മിനിമം പരിപാടിയുടെ മൊത്തത്തിലുള്ള പൂർത്തീകരണവുമായി കൂട്ടിയിണക്കണം’’.
മൂന്നാമതായി, ലെനിൻ മുന്നോട്ടുവെക്കുന്ന ആശയം വിപ്ലവത്തിന് രണ്ടു ഘട്ടങ്ങളുണ്ടായിരിക്കണമെന്നാണ്. അതായത് ബൂർഷ്വാ ജനാധിപത്യവിപ്ലവത്തിന്റെ വിജയത്തോടെ വിപ്ലവം അവസാനിപ്പിക്കാൻ പാടില്ലെന്നും സോഷ്യലിസ്റ്റ് ഘട്ടത്തിലേക്ക് മുന്നേറുന്നതിന് പരിശ്രമിക്കണമെന്നുമാണ്. ‘‘സോഷ്യലിസ്റ്റ് വിപ്ലവത്തിൽ വിജയംവരിക്കാൻ തൊഴിലാളിവർഗം അർധ തൊഴിലാളിവിഭാഗങ്ങളെയാകെ സഖ്യശക്തിയാക്കേണ്ടതാണ്. ബൂർഷ്വാസിയുടെ ചെറുത്തുനിൽപ്പിനെ തകർക്കാനും പെറ്റിബൂർഷ്വാസിയുടെയും കർഷകരുടെയും ചാഞ്ചാട്ടത്തെ മരവിപ്പിക്കാനും അതാവശ്യമാണ്’’.
ബൂർഷ്വാ ജനാധിപത്യവിപ്ലവത്തിൽ തൊഴിലാളിവർഗ മേധാവിത്വം, വിപ്ലവ സായുധസമരത്തിന്റെ ആവശ്യകത, ബൂർഷ്വാ ജനാധിപത്യവിപ്ലവത്തെ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ഘട്ടത്തിലേക്ക് വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയാണ് ലെനിന്റെ ‘രണ്ടടവുകൾ’ എന്ന കൃതിയിൽനിന്ന് പഠിക്കേണ്ട പ്രധാന പാഠങ്ങൾ. ബോൾഷെവിക് രാഷ്‌ട്രീയത്തിന്റെ കൃത്യമായ വിശകലനം ലെനിൻ ഈ ഗ്രന്ഥത്തിലൂടെ അവതരിപ്പിക്കുന്നു. 1905ലെ ഒന്നാം റഷ്യൻ വിപ്ലവം ലെനിൻ മുന്നോട്ടുവെച്ച ആശയങ്ങളാണ്, മെൻഷെവിക് ആശയങ്ങളല്ല, ശരിയെന്ന് ബോധ്യപ്പെടുത്തുന്നു. l
(തുടരും)




