ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 23

ജി വിജയകുമാർ

‘‘1905ലെ വേനൽക്കാലത്തിന്‌ (അതായത്‌ ബുളിജിൻ ദൂമ (Bulygin Duma)യ്‌ക്ക്‌ തൊട്ടുമുമ്പുള്ള) ഏറെക്കുറെ സമാനമായതോ അഥവാ 1906ലെ വേനൽക്കാലത്തിന്‌ (ഒന്നാം ദൂമ പിരിച്ചുവിട്ടതിനുശേഷമുള്ള) ഏറെക്കുറെ സമാനമായതോ ആണ്‌ സാഹചര്യം. എന്നിരുന്നാലും വളരെ വലിയൊരു വ്യത്യാസമുണ്ട്‌‐ അതായത്‌ ഇപ്പോഴത്തെ ഈ യുദ്ധം യൂറോപ്പാകെ, ശക്തവും ജനപിന്തുണ ഏറെയുള്ളതുമായ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനങ്ങളുടെ ഏറ്റവും വികസിതമായ രാജ്യങ്ങളാകെ ഉൾപ്പെടുന്നതാണ്‌. സാമ്രാജ്യത്വയുദ്ധം റഷ്യൻ വിപ്ലവ പ്രതിസന്ധിയുമായി (ബൂർഷ്വാ ജനാധിപത്യവിപ്ലവമാണത്‌) ബന്ധപ്പെട്ടിരിക്കുന്നു; ഒപ്പം പാശ്ചാത്യരാജ്യങ്ങളിൽ വളർന്നുവരുന്ന തൊഴിലാളിവർഗ വിപ്ലവ പ്രതിസന്ധിയുമായും അത്‌ ബന്ധപ്പെട്ടിരിക്കുന്നു… ഇപ്പോൾ റഷ്യൻ ബൂർഷ്വാ ജനാധിപത്യ വിപ്ലവം പാശ്ചാത്യരാജ്യങ്ങളിലെ സോഷ്യലിസ്റ്റ്‌ വിപ്ലവത്തിന്റെ നാന്ദി മാത്രമല്ല, മറിച്ച്‌ അതിന്റെ അവിഭാജ്യവും അദൃശ്യവുമായ ഭാഗം കൂടിയാണ്‌’’.
‐ ലെനിൻ 1915 സെപ്‌തംബർ ആദ്യം എഴുതിയ Russia`s Defeat and the Revolutionary Crisis എന്ന ലേഖനത്തിൽനിന്ന്‌‐ Socialism and War, Collected Works Vol: 21, Page 19, 32‐33, 160

1912 ഓടുകൂടി അതിരൂക്ഷമായി മാറിയ സാർവദേശീയ രാഷ്‌ട്രീയ പ്രതിസന്ധി രാഷ്‌ട്രീയ നിരീക്ഷകരുടെയും വിദഗ്‌ധരുടെയും മാത്രമല്ല, രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെയും ചർച്ചകളുടെ കേന്ദ്രമായി തീർന്നു. സംഭവങ്ങളുടെ ഗതിക്രമം എങ്ങോട്ടാണെന്നും എന്താണ്‌ ചെയ്യേണ്ടതെന്നും മറ്റുമുള്ള കാര്യങ്ങളായി മുഖ്യ ചർച്ചാവിഷയം. ഇത്തരം വിഷയങ്ങൾ ഗൗരവപൂർവം വിശകലനം ചെയ്യുന്നതിൽ മുൻപന്തിയിൽ നിന്നിരുന്നത്‌ സോഷ്യലിസ്റ്റുകളാണ്‌. റഷ്യയിലെ വിപ്ലവസമരവുമായും തൊഴിലാളിവർഗവുമായും ബന്ധപ്പെട്ട ആഭ്യന്തരപ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മുഴുകിയിരിക്കുകയായിരുന്നു പൊതുവെ അക്കാലത്ത്‌ ലെനിൻ. എന്നിരുന്നാലും 20‐ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ അദ്ദേഹം സാർവദേശീയ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധചെലുത്താൻ തുടങ്ങിയിരുന്നു. 1912 ഓടുകൂടി മുഖ്യ ചർച്ചാവിഷയമായി മാറിയ അതിരൂക്ഷമായിക്കൊണ്ടിരുന്ന സാർവദേശീയ സാമ്പത്തിക പ്രതിസന്ധി ഒന്നാം ലോകയുദ്ധത്തിൽ കലാശിക്കുകയാണുണ്ടായത്‌.

ഈ പശ്ചാത്തലത്തിൽ ലെനിന്റെയും മറ്റെല്ലാ സോഷ്യലിസ്റ്റുകളുടെയും ചിന്തയിൽ മുഴച്ചുനിന്നത്‌ മൂന്ന്‌ മുഖ്യ വിഷയങ്ങളായിരുന്നു. ഒന്നാമത്തേത്‌ യുദ്ധത്തെ തുടർന്ന്‌ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തിൽ ഉയർന്നുവന്ന വിനാശകരമായ ഭിന്നിപ്പാണ്‌. രണ്ടാമത്തേത്‌ യുദ്ധത്തിന്റെ കാര്യകാരണങ്ങളാണ്‌. മൂന്നാമത്തേത്‌, പുതിയ സാഹചര്യത്തിൽ വിപ്ലവത്തിന്റെ സാധ്യത എന്തെന്നതാണ്‌.

1914 ആഗസ്‌തിൽ യുദ്ധം ആരംഭിക്കുന്നതിനുമുമ്പ്‌ ബ്രിട്ടനിലെയും ഫ്രാൻസിലെയും സ്വാധീനശക്തിയുള്ള വ്യവസായികൾ ഉടൻ യുദ്ധം ഉണ്ടാകാതിരിക്കുന്നതിനുള്ള ഒരു നീക്കം നടത്തി. ലണ്ടൻ സിറ്റി (ആ കാലത്തെ ലോക സാമ്പത്തിക തലസ്ഥാനം) പ്രക്ഷുബ്‌ധാവസ്ഥയിലായിരുന്നു. ബ്രിട്ടീഷ്‌ വിദേശകാര്യ സെക്രട്ടറി സർ എഡ്വേർഡ്‌ ഗ്രേ ബ്രിട്ടനിലെ ഫ്രഞ്ച്‌ അംബാസിഡറോട്‌ പറഞ്ഞത്‌, ധനകാര്യസ്ഥിതിയും അന്താരാഷ്‌ട്ര വാണിജ്യത്തിന്റെ സ്ഥിതിയും അതീവ ഗുരുതരമാണെന്നാണ്‌; ഏതു സമയത്തും സന്പൂർണമായ തകർച്ചയുണ്ടാകാമെന്ന്‌ ഗ്രേ ഫ്രഞ്ച്‌ അംബാസിഡർക്ക്‌ മുന്നറിയിപ്പ്‌ നൽകി; അങ്ങനെ സംഭവിച്ചാൽ നമ്മളെല്ലാം അതിൽ കുടുങ്ങുമെന്നുറപ്പാണെന്നും ബ്രിട്ടീഷ്‌ വിദേശകാര്യ സെക്രട്ടറി ഫ്രാൻസിന്റെ അംബാസിഡറെ ഓർമിപ്പിച്ചു. ജർമനിയുടെ കൈസർ വിൽഹെം രണ്ടാമന്റെ സുഹൃത്ത്‌ ആൽബെർട്ട്‌ ബലിനെപോലെ നിരവധി വ്യക്തികൾ യുദ്ധത്തിനെതിരായ പ്രചാരണം നടത്തി. ഇങ്ങനെ യുദ്ധവിരുദ്ധരായ ഒരു വിഭാഗം മുതലാളിമാർ ഉണ്ടെന്നത്‌ യൂറോപ്പിലെ അക്കാലത്തെ പ്രമാണിവർഗത്തിനിടയിലെ വൈരുദ്ധ്യത്തെയാണ്‌ വെളിപ്പെടുത്തുന്നത്‌. എന്നാൽ ലെനിൻ ആദ്യം ഈ ചർച്ചകളിൽ വലിയ താൽപര്യമൊന്നും പ്രകടിപ്പിച്ചിരുന്നില്ല.

യുദ്ധം കൂടുതൽ ശക്തമായതോടെ ലെനിൻ മുതലാളിത്തത്തെ സംബന്ധിച്ച, അതിന്റെ യുദ്ധോത്സുകതയെയും ആക്രമണാത്മകമായ സാമ്രാജ്യത്വ പ്രവണതകളെയും സംബന്ധിച്ച സിദ്ധാന്തം വികസിപ്പിച്ചു. എന്നാൽ യുദ്ധത്തെ സംബന്ധിച്ച കാര്യങ്ങളിലേക്ക്‌ ലെനിൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു മുന്പുതന്നെ സാർവദേശീയ സോഷ്യലിസ്റ്റ്‌, തൊഴിലാളിവർഗ പ്രസ്ഥാനങ്ങൾ യുദ്ധത്തിന്റെ അപ്രതിരോധ്യമായ നീർച്ചുഴിയിൽപെട്ട്‌ തെറ്റായ ദിശയിലേക്ക്‌ നീങ്ങിക്കഴിഞ്ഞിരുന്നു. തുടർന്ന്‌, ആ വഴിതെറ്റലിൽനിന്ന്‌ പ്രസ്ഥാനത്തെ നേർവഴിക്ക്‌ കൊണ്ടുവരാനുള്ള തീവ്ര പരിശ്രമത്തിലേർപ്പെടുകയായിരുന്നു ലെനിൻ.

യുദ്ധത്തെ സംബന്ധിച്ച ലെനിന്റെ കാഴ്‌ചപ്പാട്‌ ഇങ്ങനെയായിരുന്നു: ‘‘ഇരപിടിയന്മാരായ രണ്ടുവിഭാഗം വൻശക്തികൾ തമ്മിലുള്ള യുദ്ധമാണിത്‌; കോളനികളെ പങ്കിട്ടെടുക്കുന്നതിനും മറ്റു രാഷ്‌ട്രങ്ങളെ അടിമകളാക്കുന്നതിനും ലോക കമ്പോളത്തിന്റെ നേട്ടങ്ങളും സവിശേഷാവകാശങ്ങളും തട്ടിയെടുക്കുന്നതിനുമുള്ളതാണീ യുദ്ധം. വിജയിക്കുന്നത്‌ ജർമനിയോ റഷ്യയോ ആകട്ടെ, അല്ലെങ്കിൽ ആരും ജയിക്കാതെ ‘‘സമനില’’യിലോ ആകട്ടെ, എന്തുതന്നെ ആയാലും കോളനികളിലെ‐ പേർഷ്യയിലെയും തുർക്കിയിലെയും ചൈനയിലെയും മറ്റും‐ കോടാനുകോടി ആളുകൾ മർദകവാഴ്‌ചയിൽ അകപ്പെടും; പുതുതായി കൂടുതൽ രാഷ്‌ട്രങ്ങൾ അടിമത്തത്തിലമരും; എല്ലാ രാജ്യങ്ങളിലെയും തൊഴിലാളിവർഗത്തെ സംബന്ധിച്ചിടത്തോളം പുതിയ ചങ്ങലകളാകും കിട്ടുക… യുദ്ധം മുതലാളിമാരുടെ കീശ നിറയ്‌ക്കും; വൻ ശക്തികളുടെ ഖജനാവിൽനിന്നുള്ള സ്വർണം ഇവരുടെ കീശകളിലേക്കായിരിക്കും കുമിഞ്ഞുകൂടുന്നത്‌. എതിരാളിക്കെതിരെ അന്ധമായ വിദ്വേഷമായിരിക്കും യുദ്ധം ഇളക്കിവിടുന്നത്‌; ജനരോഷത്തെ ഇത്തരത്തിൽ വഴിതിരിച്ചുവിടാൻ ബൂർഷ്വാസി സർവ്വ അടവും പ്രയോഗിക്കും; നമ്മുടെ മുഖ്യ ശത്രുവിൽനിന്നും‐ നമ്മളോരോരുത്തരുടേയും രാജ്യത്തെ ഗവൺമെന്റിൽനിന്നും ഭരണവർഗങ്ങളിൽനിന്നും‐ നമ്മുടെ ശ്രദ്ധ തിരിച്ചുവിടുകയാണ്‌ ലക്ഷ്യം’’‐ Appeal on the War, Lenin, Collected Works Vol 21, Page 369.

ലോക കമ്പോളം സ്വന്തമാക്കാനായി, കോളനികൾ പങ്കിട്ടെടുക്കാനായി മുതലാളിത്ത രാജ്യങ്ങൾ രണ്ടു ചേരികളായി തിരിഞ്ഞു നടത്തുന്ന ഈ യുദ്ധത്തിൽ തൊഴിലാളിവർഗത്തിന്‌ ഒരു കാര്യവുമില്ലെന്നും അതുകൊണ്ട്‌ ഒരു രാജ്യത്തെയും ഗവൺമെന്റിനെ തൊഴിലാളിവർഗം പിന്തുണയ്‌ക്കേണ്ടതില്ലെന്നുമായിരുന്നു ഒന്നാം ലോകയുദ്ധത്തെ സംബന്ധിച്ച ലെനിന്റെ നിലപാട്‌. ആ കാലത്ത്‌ ലെനിൻ എഴുതിയ ലേഖനങ്ങളിലും ലഘുലേഖകളിലും ആവർത്തിച്ചു പറഞ്ഞ, ‘‘ഇപ്പോഴത്തെ സാമ്രാജ്യത്വ യുദ്ധത്തെ ആഭ്യന്തര യുദ്ധമാക്കി മാറ്റുകയെന്നതാണ്‌ ശരിയും കൃത്യവുമായ ഒരേയൊരു തൊഴിലാളിവർഗ മുദ്രാവാക്യം’’ എന്നാണ്‌. തൊഴിലാളികളും കർഷകരും സൈനികരും മറുചേരിയിൽ അണിനിരക്കാൻ നിർബന്ധിതരായ തങ്ങളുടെ സ്വന്തം സഹോദരങ്ങൾക്കെതിരെയല്ല, മറ്റു രാജ്യങ്ങളിലെ കൂലി അടിമകൾക്കെതിരെയല്ല ആയുധങ്ങൾ പ്രയോഗിക്കേണ്ടത്‌ മറിച്ച്‌ എല്ലാ രാജ്യങ്ങളിലെയും പിന്തിരിപ്പന്മാർക്കും ബൂർഷ്വാ ഗവൺമെന്റുകൾക്കും ഭരണവർഗങ്ങൾക്കുമെതിരെയാണെന്ന നിലപാടാണ്‌ ലെനിൻ കൈക്കൊണ്ടത്‌.

യുദ്ധത്തിന്റെ തുടക്കത്തിൽതന്നെ, അതായത്‌ ഓരോ രാജ്യത്തെയും സൈനികർ ‘‘തങ്ങളുടെ മാതൃരാജ്യത്തിന്റെ സംരക്ഷണത്തിനായി’’ എന്നുരുവിട്ടുകൊണ്ട്‌ യുദ്ധരംഗത്തേക്ക്‌ നീങ്ങിക്കൊണ്ടിരുന്ന സന്ദർഭത്തിൽതന്നെ, ഒരു വിപ്ലവസാഹചര്യം ഉരുത്തിരിഞ്ഞുവരികയാണെന്ന്‌ പറഞ്ഞ ലെനിനെ അധികമാരും അന്ന്‌ കണക്കിലെടുത്തില്ല. റഷ്യയിൽ ബോൾഷെവിക്കുകളും യൂറോപ്പിലെ മറ്റു സോഷ്യൽ ഡെമോക്രാറ്റുകൾക്കിടയിലെ ചെറിയൊരു ന്യൂനപക്ഷവും മാത്രമേ ലെനിന്റെ വാദങ്ങൾക്ക്‌ ചെവികൊടുത്തുള്ളൂ. എന്നാൽ ലെനിനായിരുന്നു ശരിയെന്ന്‌ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഒന്നാം ലോകയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഉരുവംകൊണ്ട വിപ്ലവ സാഹചര്യമാണ്‌ 1917 ഫെബ്രുവരിയിൽ സാറിസ്റ്റ്‌ വാഴ്‌ചയ്‌ക്ക്‌ അന്ത്യംകുറിച്ച ബൂർഷ്വാ ജനാധിപത്യ വിപ്ലവത്തിൽ കലാശിച്ചത്‌. ഇത്തരത്തിൽ ദീർഘദർശനം നടത്താൻ കഴിഞ്ഞത്‌ അദ്ദേഹത്തിനുണ്ടായ ഒരു ഉൾവിളിയിൽനിന്നോ ബോധോദയത്തിൽനിന്നോ അല്ല; മറിച്ച്‌ വസ്‌തുനിഷ്‌ഠ സാഹചര്യങ്ങളെ കൃത്യതയോടെ പഠിച്ച്‌ വിശകലനം ചെയ്യാനുള്ള കഴിവാണ്‌ പ്രതിഭാശാലിയായ ലെനിനെ അതിനു പ്രാപ്‌തനാക്കിയത്‌. അതേസമയം മറ്റൊരു റഷ്യക്കാരൻ കൂടിയുണ്ടായിരുന്നു‐ സാർ ചക്രവർത്തിയുടെ പൊലീസ്‌ മന്ത്രിയായിരുന്ന പി എൻ ദുർനോവോ. 1914 ഫെബ്രുവരിയിൽ, അതായത്‌ യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന്‌ മുന്പ്‌, സാറിന്‌ അദ്ദേഹം നൽകിയ ഒരു മെമ്മോറാണ്ടത്തിൽ വ്യക്തമാക്കിയത്‌ ആസന്നമായ യുദ്ധത്തിൽ റഷ്യ പങ്കെടുക്കുന്നത്‌ അനിവാര്യമായും രാജവാഴ്‌ചയുടെ തകർച്ചയ്‌ക്കിടയാക്കുമെന്നും വിപ്ലവകാരികൾ ഭരണം പിടിച്ചെടുക്കുമെന്നുമാണ്‌.

റഷ്യയിലെ രാജവാഴ്‌ചയ്‌ക്ക്‌ കീഴിലെ ബ്യൂറോക്രാറ്റായ പി എൻ ദുർനോവൊ അത്തരമൊരു നിഗമനം മുന്നോട്ടുവെച്ചത്‌, സാറിസ്റ്റ്‌ സർക്കാരിന്റെ യുദ്ധത്തിൽ കക്ഷിചേരുകയെന്ന അജൻഡ പരന്പരാഗതമായ പ്രായോഗിക രാഷ്‌ട്രീയ നിലപാടിൽനിന്നു നോക്കിയാൽ യാഥാർഥ്യബോധത്തോടെയുള്ളതല്ല എന്ന അടിസ്ഥാനത്തിലാണ്‌. എന്നാൽ ലെനിൻ ഇത്തരം നിലപാടുകളെ ആശ്രയിച്ചല്ല തന്റെ വാദം അവതരിപ്പിച്ചത്‌. താൻ ആവർത്തിച്ചു പറയാറുള്ള മൂർത്തമായ സാഹചര്യങ്ങളുടെ മൂർത്തമായ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ്‌ ലെനിൻ യുദ്ധത്തെ സംബന്ധിച്ച സിദ്ധാന്തത്തിനും അതിന്റെ അടിസ്ഥാനത്തിലുള്ള സംഘടനാ പ്രവർത്തനത്തിനും രൂപംനൽകിയത്‌.

1915 നവംബർ 20ന്‌ സോഷ്യൽ ഡെമോക്രാറ്റ്‌ എന്ന ബോൾഷെവിക്‌ പ്രസിദ്ധീകരണത്തിൽ എഴുതിയ On the Two Lines in the Revolution എന്ന ലേഖനത്തിൽ 1905നുശേഷം മെൻഷെവിക്കുകളുടെയും ബോൾഷെവിക്കുകളുടെയും സങ്കൽപ്പനങ്ങളിൽ വന്നുകൊണ്ടിരുന്ന രൂപപരിണാമങ്ങൾ ലെനിൻ പരിശോധിക്കുന്നുണ്ട്‌. ഇതിലദ്ദേഹം നിരീക്ഷിക്കുന്നത്‌ കർഷകജനസാമാന്യത്തിലെ മഹാഭൂരിപക്ഷവും രാജഭക്തിയിൽനിന്ന്‌ വിടുതൽ നേടിയിരിക്കുന്നുവെന്നാണ്‌. വിപ്ലവ സാഹചര്യം തീവ്രമാകുന്നത്‌ യുദ്ധകാലത്തെ സങ്കുചിത ദേശീയഭ്രാന്തിന്റെ മനഃശാസ്‌ത്രപരവും രാഷ്‌ട്രീയവുമായ സ്വാധീനത്തെ സോഷ്യൽ ഡെമോക്രസിക്ക്‌ എത്രത്തോളം നിഷ്‌ക്രിയമോ ദുർബലമോ ആക്കാൻ കഴിയുന്നതിനെ ആശ്രയിച്ചിരിക്കും എന്നും ലെനിൻ ഈ ലേഖനത്തിൽ നിരീക്ഷിക്കുന്നുണ്ട്‌.

എന്നാൽ മെൻഷെവിക്കുകൾ റഷ്യയിൽ ഇത്തരത്തിൽ വിപ്ലവസാഹചര്യം ഉരുണ്ടുകൂടുകയാണെന്ന്‌ പരിഗണിക്കാനേ തയ്യാറാകുന്നില്ല. അത്തരമൊരു വിലയിരുത്തലിലേക്ക്‌ നീങ്ങാൻ പ്രാപ്‌തിയില്ലാത്ത, ദാർശനികമായി പാപ്പരായ ആ വിഭാഗമാണ്‌ പാർലമെന്റിൽ യുദ്ധബജറ്റിന്‌ അനുകൂലമായി വോട്ടുചെയ്‌തത്‌. യുദ്ധം തുടങ്ങിയ ഉടൻതന്നെ ഇവർ സാറിസ്റ്റ്‌ സർക്കാരിന്‌ പിന്തുണ നൽകുകയും യുദ്ധ ചെലവിനുവേണ്ടി വായ്‌പയെടുക്കുന്നതിനടക്കം വോട്ടു ചെയ്യുകയുമുണ്ടായി. സോഷ്യൽ ഡെമോക്രസിക്കുള്ളിലെ ഇത്തരം സങ്കുചിത ദേശീയവാദ പ്രവണതകളുമായോ മധ്യവർത്തികളുമായോ ഒരു ബന്ധവും പാടില്ലയെന്ന ഉറച്ച നിലപാടാണ്‌ ലെനിൻ കൈക്കൊണ്ടത്‌. സോഷ്യൽ ഡെമോക്രാറ്റിക്‌ പ്രസ്ഥാനത്തിൽ ഭിന്നിപ്പിനിടയാക്കിയ തന്റെ നിലപാടിനെ ലെനിൻ രാഷ്‌ട്രീയമായും സൈദ്ധാന്തികമായും വിശദീകരിക്കുന്നുണ്ട്‌. യുദ്ധത്തിന്റെ നടത്തിപ്പുകാരോട്‌ വിട്ടുവീഴ്‌ച ചെയ്യാനാവില്ലെന്നാണ്‌ ലെനിൻ മുഖ്യമായും വ്യക്തമാക്കുന്നത്‌. തുടക്കംമുതൽതന്നെ ലെനിൻ യുദ്ധാനുകൂലികളുമായോ ‘‘സമാധാനവാദികൾ’’ (പെസഫിസ്റ്റുകൾ) എന്നറിയപ്പെടുന്നവരുമായോ യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറാകാത്ത വിപ്ലവതന്ത്രമാണ്‌ മുന്നോട്ടുവെച്ചത്‌. ഒരു പുതിയ നിലപാട്‌ മുന്നോട്ടുവെച്ച്‌ മാത്രമേ തൊഴിലാളിവർഗ സോഷ്യൽ ഡെമോക്രാറ്റിക്‌ പ്രസ്ഥാനത്തിന്‌ തുടർന്നു നിലനിൽക്കാനാകൂവെന്നതായിരുന്നു ലെനിന്റെ പക്ഷം. ഈ കാഴ്‌ചപ്പാടിനോട്‌ പുറംതിരിഞ്ഞു നിൽക്കുകയായിരുന്നു രണ്ടാം ഇന്റർനാഷണലിന്റെ ഔദ്യോഗിക നേതൃത്വവും യൂറോപ്പിലെ മിക്ക രാജ്യങ്ങളിലെയും ഔദ്യോഗിക സോഷ്യൽ ഡെമോക്രാറ്റിക്‌ നേതൃത്വവും. ഈ പശ്ചാത്തലത്തിലാണ്‌ ലെനിൻ ഔദ്യോഗിക നേതൃത്വത്തോട്‌ വിടപറഞ്ഞ്‌ സാധാരണ തൊഴിലാളികളെയും കർഷകരെയും പട്ടാളക്കാരെയും നേരിട്ട്‌ അഭിസംബോധന ചെയ്യാൻ തുടങ്ങിയത്‌.

സോഷ്യൽ ഡെമോക്രാറ്റിക്‌ പ്രസ്ഥാനത്തിലെ വലതുപക്ഷവുമായി വിടപറയാനുള്ള ഉറച്ച തീരുമാനത്തിൽ എത്താൻ ലെനിനെ പ്രാപ്‌തനാക്കിയത്‌ ഹെഗൽ വായനയിൽനിന്നു ലഭിച്ച സൈദ്ധാന്തിക അടിത്തറയാണ്‌ എന്ന്‌ പിൽക്കാലത്ത്‌ പല മാർക്‌സിസ്റ്റ്‌ പണ്ഡിതരും നിരീക്ഷിക്കുന്നുണ്ട്‌. അങ്ങനെയാണ്‌ അദ്ദേഹം രണ്ടാം ഇന്റർനാഷണലിനുപകരം പുതിയൊരു ഇന്റർനാഷണൽ എന്ന ആശയം മുന്നോട്ടുവയ്‌ക്കുന്നത്‌.

വിപ്ലവ രാഷ്‌ട്രീയത്തിൽ പെട്ടെന്നൊരു വഴിത്തിരിവുണ്ടാകുന്നതിന്‌ അടിത്തറയായി രൂപപ്പെടാനുതകുംവിധത്തിൽ വ്യക്തികളുടെയും ബഹുജനങ്ങളുടെയും ബോധനിലവാരത്തിൽ ഉണർവുണ്ടാകുന്നതിന്‌ അനുയോജ്യമായ ചരിത്രപരമായ സാഹചര്യങ്ങളെക്കുറിച്ച്‌ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെയാണ്‌ ലെനിന്‌ ബോധ്യമായത്‌. അത്തരമൊരു സാഹചര്യത്തിൽ തങ്ങൾക്കു പിന്നിൽ ദശലക്ഷക്കണക്കിന്‌ ആളുകളെ അണിനിരത്താൻ കഴിയുമെന്ന ബോധ്യത്തിൽ വെറും പത്തുപേർക്കുപോലും യുദ്ധത്തിനെതിരെയുള്ള നിലപാടിൽ ഉറച്ചുനിൽക്കാനാകുമെന്ന്‌ ലെനിൻ അഭിപ്രായപ്പെട്ടു. ആ അർഥത്തിൽ ആത്മനിഷ്‌ഠ സാഹചര്യത്തിൽ മാറ്റംവരുത്താനാകുമെന്ന്‌ അദ്ദേഹത്തിന്‌ ബോധ്യപ്പെട്ടു. ഇത്തരമൊരു പശ്ചാത്തലത്തിലാണ്‌ അദ്ദേഹം വിവിധ രാജ്യങ്ങളിലുള്ള യുദ്ധവിരുദ്ധ നിലപാടുകാരായ സോഷ്യലിസ്റ്റുകളുടെ ഒരു സമ്മേളനം നടത്താൻ മുൻകൈയെടുത്തത്‌. അങ്ങനെയൊരു സമ്മേളനം 1915 സെപ്‌തംബറിൽ സ്വിറ്റ്‌സർലണ്ടിൽ ലെനിൻ താമസിച്ചിരുന്ന ബേൺ നഗരത്തിന്‌ ഏതാനും കിലോമീറ്റർ മാത്രം അകലെയുള്ള സിമ്മർവാൾഡിൽ വിളിച്ചുചേർക്കപ്പെട്ടു. പൊതുവിൽ യുദ്ധവിരുദ്ധരായ സോഷ്യലിസ്റ്റുകാർ തങ്ങളുടെ ലക്ഷ്യമെന്തായിരിക്കണമെന്നും എന്തു തന്ത്രമാണ്‌ സ്വീകരിക്കേണ്ടതെന്നും ചർച്ച ചെയ്യാനാണ്‌ സിമ്മർവാൾഡിൽ ഒത്തുചേർന്നത്‌. മൂന്നാം ഇന്റർനാഷണൽ എന്ന ആശയം മുന്നിൽവെച്ചാണ്‌ ലെനിൻ ആ സമ്മേളനത്തിന്‌ നേതൃത്വം നൽകിയത്‌.

എന്നാൽ ഈ സമ്മേളനത്തിൽ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള ഇടതുപക്ഷ വിപ്ലവകാരികൾക്കൊപ്പം ഒരുവിഭാഗം മധ്യവർത്തികളും പങ്കെടുത്തിരുന്നു. ജർമൻ പാർട്ടിയിലെ യുദ്ധവിരുദ്ധ നിലപാടുകാരായ റോസ ലക്‌സംബെർഗും കാറൽ കൗട്‌സ്‌കിയും ജയിലിലായിരുന്നതിനാൽ ഈ സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല. സിമ്മർവാൾഡിൽ രൂപംകൊണ്ട ഇന്റർനാഷണൽ സോഷ്യലിസ്റ്റ്‌ കമ്മിറ്റി ലോകത്തിനു നൽകിയ സൂചന യൂറോപ്പിലുടനീളം രണ്ടാം ഇന്റർനാഷണലിൽ ആധിപത്യം പുലർത്തിയിരുന്ന സോഷ്യൽ ഷോവനിസ്റ്റുകൾക്ക്‌ ബദലായി ഒരു സംവിധാനം രൂപപ്പെടുത്താനുള്ള തയ്യാറെടുപ്പ്‌ തുടങ്ങിയിരിക്കുന്നുവെന്നതാണ്‌. അത്തരത്തിൽ വിഭാഗീയമായ ഒരു നിലപാട്‌ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട്‌ എന്തുകൊണ്ട്‌ ലെനിൻ സ്വീകരിച്ചുവെന്ന്‌ കാണുന്നതിൽ അദ്ദേഹത്തിന്റെ അനുയായികൾക്ക്‌ പോലും പൂർണമായി മനസ്സിലായിരുന്നില്ല. അദ്ദേഹം മുന്നോട്ടുവച്ച വിപ്ലവതന്ത്രവുമായി ബന്ധപ്പെടുത്തി പരിശോധിച്ചാൽ മാത്രമേ അദ്ദേഹത്തിന്റെ നിലപാട്‌ പൂർണമായി ഉൾക്കൊള്ളാൻ കഴിയൂ. സായുധരായ സൈനികരുടെയും തൊഴിലാളികളുടെയും കർഷകരുടെയും പിന്തുണ ആർജിക്കുക എന്ന അടിസ്ഥാനപ്രശ്നത്തിലൂന്നിയുള്ളതാണ്‌ അദ്ദേഹത്തിന്റെ വിപ്ലവതന്ത്രം. ആ ലക്ഷ്യം നേടാൻ പഴയ സോഷ്യൽ ഡെമോക്രാറ്റിക്‌ പ്രസ്ഥാനം പര്യാപ്‌തമല്ലെന്ന നിലപാടിലായിരുന്നു ലെനിൻ. മാത്രമല്ല, സാർവദേശീയാടിസ്ഥാനത്തിൽ വിപ്ലവത്തിനു തയ്യാറെടുക്കാനുള്ള സമയമായി എന്നും അദ്ദേഹം കരുതി. അതിന്‌ സാർവദേശീയമായി തന്നെ രാഷ്‌ട്രീയവും സംഘടനാപരവുമായ സംവി4ാനം ആവശ്യമുണ്ട്‌; അതിനുവേണ്ട കൃത്യമായ മുദ്രാവാക്യങ്ങൾക്ക്‌ രൂപംനൽകി ജനസാമാന്യത്തിനിടയിൽ എത്തിക്കാൻ കഴിയണം. യുദ്ധം യൂറോപ്പിലാകെ ഒരു വിപ്ലവസാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്നും സാമ്രാജ്യത്വ കാലഘട്ടത്തിലെ സാന്പത്തിക, സാമൂഹിക, രാഷ്‌ട്രീയ സാഹചര്യങ്ങളാകെ തൊഴിലാളിവർഗ വിപ്ലവത്തിലേക്ക്‌ നയിക്കുന്നതാണെന്നുമുള്ള കാര്യത്തിൽ ഉറച്ച ബോധ്യമുള്ള ഒരു സംഘടനയായിരിക്കണം രൂപപ്പെടേണ്ടത്‌ എന്നതാണ്‌ ലെനിൻ സിമ്മർവാൾഡ്‌ സമ്മേളനത്തിൽ സ്വീകരിച്ച നിലപാട്‌.

ശരിക്കുമൊരു വിപ്ലവസാഹചര്യം ഉരുവംകൊണ്ടുവരികയാണെന്നും വിപ്ലവകാരികൾ അതു മുൻകൂട്ടി കാണണമെന്നുമുള്ള നിലപാടാണ്‌ ലെനിൻ മുന്നോട്ടുവച്ചത്‌. 1915 സെപ്‌തംബർ‐ഒക്ടോബർ കാലത്ത്‌ കൗട്‌സ്‌കിയുമായും മാർത്തോവുമായും അക്‌സൽറോഡുമായും മറ്റും നടത്തിയ ചർച്ചകളിൽ ലെനിന്‌ ഈ കാര്യങ്ങളാകെ സൂചിപ്പിച്ചിരുന്നു. മാർത്തോവിന്റെയും അക്‌സൽറോഡിന്റെയും മറ്റും ഭാഷാപ്രയോഗങ്ങൾ സൂക്ഷ്‌മമായി വിലയിരുത്തിയ ലെനിൻ ഇവരൊന്നും ശരിയായ സാർവദേശീയ വാദികളല്ലെന്നും നിരീക്ഷിച്ചു. ശരി വേണ്ടത്‌ തൊഴിലാളിവർഗ ദേശീയതയാണെന്നും അദ്ദേഹം വ്യക്തമാക്കി. പെസിഫിസ്റ്റ്‌ നിലപാടുകാരുമായി ഒരുവിധത്തിലും യോജിച്ച്‌ മുന്നോട്ടുപോകാനാവില്ലെന്ന സമീപനത്തിൽ 1914ൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ തന്നെ ലെനിൻ എത്തിച്ചേർന്നിരുന്നു.

1914 സെപ്‌തംബറിൽ സ്വിറ്റ്‌സർലണ്ടിലെത്തിയ ഉടൻതന്നെ തന്റെ നിലപാടിന്‌ പിന്തുണ നേടാനുള്ള ശ്രമത്തിലേർപ്പെട്ടു. 1914 ആഗസ്‌തിൽ യൂറോപ്പിലെ പല സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടികളും യുദ്ധത്തിന്‌ പിന്തുണ നൽകുന്ന വിനാശകരമായ അനുഭവമുണ്ടായതിനെ തുടർന്ന്‌ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തിനുള്ള ശക്തമായൊരു യുദ്ധവിരുദ്ധ പ്രവണതയും ഉരുവംകൊണ്ടു. ആ പ്രവണതയുടെ അനന്തരഫലമായാണ്‌ ലെനിൻ മുൻകൈയെടുത്ത്‌ ഇടതുപക്ഷ വിഭാഗങ്ങളുടെ സിമ്മർവാൾഡ്‌ സമ്മേളനം ചേർന്നത്‌. മുഖ്യധാരാ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തിൽനിന്നും അവർ ഒറ്റപ്പെടുന്നതായി തുടക്കത്തിൽ തോന്നിയിരുന്നെങ്കിലും യുദ്ധം നീണ്ടുപോകുന്നതോടെ തങ്ങൾ നിശ്ചയമായും വളരുമെന്ന ബോധ്യത്തിലായിരുന്നു സിമ്മർവാൾഡ്‌ സമ്മേളനത്തിൽ പങ്കെടുത്ത സോഷ്യലിസ്റ്റുകൾ.

എന്നാൽ സിമ്മർവാൾഡ്‌ സമ്മേളനത്തിൽ പങ്കെടുത്തവരാകെ ലെനിന്റെ നിലപാടുകാരായിരുന്നില്ല; എന്നുമാത്രമല്ല, അവരിൽ ഭൂരിപക്ഷവും ലെനിന്റെ നിലപാടിനു വിരുദ്ധമായി പെസിഫിസ്റ്റ്‌ ചിന്താഗതിക്കാരുമായിരുന്നു. ഈ വിഭാഗത്തിൽനിന്ന്‌ പരമാവധി അകലം പാലിക്കാൻ ലെനിൻ ജാഗ്രത പുലർത്തി. അതുകൊണ്ടാണ്‌ പെസഫിസ്റ്റുകളുമായി ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറല്ല എന്ന നിലപാട്‌ ലെനിൻ തുടക്കംമുതൽ ഉയർത്തിപ്പിടിച്ചത്‌. അദ്ദേഹത്തിന്റെ ഈ നിലപാടിനോട്‌ യോജിപ്പില്ലാത്തവരോടൊന്നും യോജിപ്പിന്‌ തയ്യാറല്ലായിരുന്നു. സിമ്മർവാൾഡിലെ ഭൂരിപക്ഷവിഭാഗത്തിന്‌ യുദ്ധത്തെ അനുകൂലിച്ച സോഷ്യലിസ്റ്റുകളുമായി പൊരുത്തപ്പെട്ടു നീങ്ങാൻ ഒരു മടിയുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയാണ്‌ രണ്ടാം ഇന്റർനാഷണലിനെ പുനരുജ്ജീവിപ്പിക്കുന്നതിനോട്‌ അദ്ദേഹം ശക്തമായി വിയോജിച്ചത്‌. സ്വകാര്യസംഭാഷണങ്ങളിൽ ലെനിൻ സിമ്മർവാൾഡ്‌ ഭൂരിപക്ഷവിഭാഗത്തെ കൗട്‌സ്‌യിസ്റ്റ്‌ മരത്തലയന്മാർ എന്നാണ്‌ വിശേഷിപ്പിച്ചത്‌.

സിമ്മർവാൾഡിലെ ഇടതുപക്ഷവിഭാഗം ന്യൂനപക്ഷത്തിനുള്ളിലെ ചെറിയൊരു ന്യൂനപക്ഷം മാത്രമായിരുന്നു. പക്ഷേ, ഇത്‌ ലെനിനെ തെല്ലും ആശങ്കപ്പെടുത്തിയിരുന്നില്ല. കാരണം, ഇപ്പോൾ കാര്യങ്ങൾ എത്രമാത്രം ദുഷ്‌കരമാണെങ്കിലും ഏറെ വൈകാതെതന്നെ ഭൂരിപക്ഷം തൊഴിാളികളും തന്റെ നിലപാടിനൊപ്പം വരുമെന്ന്‌ ലെനിന്‌ ഉറച്ച ബോധ്യമുണ്ടായിരുന്നു. 1915 ജൂണിലെ റാഡെക്കിനെഴുതിയ ഒരു കത്തിൽ സിമ്മർവാൾഡ്‌ സമ്മേളനത്തിൽ തന്റെ അവസ്ഥ ദുർബലമായിരിക്കുമെന്ന്‌ ലെനിൻ ഭംഗ്യന്തരേണ സൂചിപ്പിക്കുന്നുണ്ട്‌: ‘‘ഡച്ചുകാരും നമ്മളും പിന്നെ കുറച്ച്‌ ജർമൻ ഇടതുപക്ഷക്കാരുമല്ലാതെ മറ്റാരും നമ്മോടൊപ്പം ഉണ്ടാകില്ല‐ എന്നാൽ അതൊരു പ്രശ്‌നമേയല്ല. പിന്നീട്‌ നമ്മോടൊപ്പമായിരിക്കും എല്ലാവരും’’.

ഈ ഉറച്ച ബോധ്യത്തോടെ ലെനിൻ തനിക്കൊപ്പം ചിന്തിക്കുന്നവരുടെ എണ്ണം വർധിപ്പിക്കാനും പുതിയൊരു ഇന്റർനാഷണലിനു രൂപംനൽകാനുമുള്ള ദൃഢനിശ്ചയത്തോടെ മുന്നോട്ടു നീങ്ങി. l
(തുടരും)

Hot this week

ആയുധമെടുക്കാനുള്ള ആഹ്വാനങ്ങൾ

അപകടകരമായ വിദ്വേഷപ്രസംഗങ്ങൾ പലപ്പോഴും ആയുധമെടുക്കാനുള്ള ആഹ്വാനങ്ങളായി മാറാറുണ്ട്. ബിജെപി നേതാക്കൾ, തീവ്ര...

അതിരുകൾ മായ്ക്കുന്ന ആത്മബന്ധങ്ങൾ

പ്രേക്ഷകനെ വെറുമൊരു കാഴ്ചക്കാരനല്ലാതെ സോക്‌ചോയിലെ ആ തണുത്തുറഞ്ഞ തെരുവുകളിലൂടെ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന...

കരുവാളമ്മ ഭഗവതി തെയ്യം

വടക്കേ മലബാറിലെ തെയ്യക്കോലങ്ങളിൽ മന്ത്രമൂർത്തികളുടെ ഗണത്തിൽപെടുന്ന തെയ്യമാണ് കരുവാൾ ഭഗവതി അഥവാ...

കാട്ടുമൂർത്തി

കോഴിക്കോട് ജില്ലയിലെ വടകര, കൊയിലാണ്ടി, എലത്തൂർ എന്നിവിടങ്ങളിലും കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടും...

കേരളത്തിനുമേൽ ഭീകരവാദ ചാപ്പയടിക്കാനുള്ള ശ്രമം

കാസർഗോഡ് കേന്ദ്രീകരിച്ച് 2000-കളുടെ തുടക്കം പശ്ചാത്തലമാക്കി വ്യാജ പാസ്‌പോർട്ട്, സ്വർണ്ണക്കടത്ത് മാഫിയകളുടെ...

Topics

ആയുധമെടുക്കാനുള്ള ആഹ്വാനങ്ങൾ

അപകടകരമായ വിദ്വേഷപ്രസംഗങ്ങൾ പലപ്പോഴും ആയുധമെടുക്കാനുള്ള ആഹ്വാനങ്ങളായി മാറാറുണ്ട്. ബിജെപി നേതാക്കൾ, തീവ്ര...

അതിരുകൾ മായ്ക്കുന്ന ആത്മബന്ധങ്ങൾ

പ്രേക്ഷകനെ വെറുമൊരു കാഴ്ചക്കാരനല്ലാതെ സോക്‌ചോയിലെ ആ തണുത്തുറഞ്ഞ തെരുവുകളിലൂടെ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന...

കരുവാളമ്മ ഭഗവതി തെയ്യം

വടക്കേ മലബാറിലെ തെയ്യക്കോലങ്ങളിൽ മന്ത്രമൂർത്തികളുടെ ഗണത്തിൽപെടുന്ന തെയ്യമാണ് കരുവാൾ ഭഗവതി അഥവാ...

കാട്ടുമൂർത്തി

കോഴിക്കോട് ജില്ലയിലെ വടകര, കൊയിലാണ്ടി, എലത്തൂർ എന്നിവിടങ്ങളിലും കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടും...

കേരളത്തിനുമേൽ ഭീകരവാദ ചാപ്പയടിക്കാനുള്ള ശ്രമം

കാസർഗോഡ് കേന്ദ്രീകരിച്ച് 2000-കളുടെ തുടക്കം പശ്ചാത്തലമാക്കി വ്യാജ പാസ്‌പോർട്ട്, സ്വർണ്ണക്കടത്ത് മാഫിയകളുടെ...

നിതിൻ രാജ് ഓർമ്മപ്പെടുത്തുന്നത് 

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ  കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം ആത്മഹത്യ...

വിധർമ്മികൾ

മുസ്ലിങ്ങൾക്കെതിരായി നടത്തുന്നതുപോലെ തന്നെ ക്രിസ്ത്യാനികൾക്ക് എതിരായും ഹിന്ദുത്വ ദേശീയവാദികൾ വിദ്വേഷ പ്രചാരണങ്ങൾ...

നവകേരളനിർമിതി പൂർത്തീകരിക്കാൻ  അറുപതിന പരിപാടിയുമായി പ്രകടനപത്രിക 

നവകേരള നിർമ്മാണം പൂർത്തീകരിക്കുന്നതിനുള്ള ജനവിധിക്കു വേണ്ടി 60 ഇന പരിപാടികളുമായി ഇടതുപക്ഷ...
spot_img

Related Articles

Popular Categories

spot_imgspot_img