ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 21

ജി വിജയകുമാർ

യുദ്ധവും വഞ്ചകനായ കൗട്‌സ്‌കിയും

‘‘1914 ഒക്ടോബർ ആദ്യം ഞങ്ങൾ കണ്ടത്‌, പാരീസിൽനിന്ന്‌ മടങ്ങിയെത്തിയ പ്ലെഖാനോവ്‌ ജനീവയിൽ അതിനകംതന്നെ ഒരു യോഗത്തെ അഭിസംബോധന ചെയ്‌തതായും ലൗസാന്നെയിൽ (Lausanne) ഒരു പ്രബന്ധം വായിക്കാൻ പോകുന്നതായുമാണ്‌. പ്ലെഖാനോവിന്റെ നിലപാട്‌ ഇലിച്ചിനെ വല്ലാതെ അസ്വസ്ഥനാക്കി. പ്ലെഖാനോവ്‌ ‘‘പ്രതിരോധവാദി’’യായി (യുദ്ധത്തിൽ ഭരണാധികാരികൾക്കൊപ്പം അണിചേരണമെന്ന്‌ വാദിച്ചവർ) മാറിയെന്നത്‌ അദ്ദേഹത്തിന്‌ വിശ്വസിക്കാനേ കഴിഞ്ഞില്ല; അദ്ദേഹം എന്നോട്‌ പറഞ്ഞു: ‘‘ഇതെനിക്ക്‌ വിശ്വസിക്കാനാകുന്നില്ല’’, അദ്ദേഹം ഇത്‌ പറഞ്ഞതിനൊപ്പം ഇങ്ങനെ കൂട്ടിച്ചേർക്കുകയും ചെയ്‌തു. ‘‘അദ്ദേഹത്തിന്റെ സൈനികനെന്നുള്ള കഴിഞ്ഞ കാലത്തിന്റെ പ്രതിഫലനമാകാം അത്‌’’. ഒക്ടോബർ 10ന്‌ ലൗസാന്നയിൽനിന്ന്‌ ഇലിച്ചിന്‌ ഒരു ടെലഗ്രാം വന്നു; പ്ലെഖാനോവിന്റെ പ്രഭാഷണം അടുത്തദിവസം, ഒക്ടോബർ 11ന്‌, നടത്താൻ നിശ്ചയിച്ചിരുന്നുവെന്നായിരുന്നു ആ സന്ദേശം; ഇത്‌ അറിഞ്ഞയുടൻ തന്നെ ഇലിച്ച്‌ തന്റെ പ്രസംഗം തയ്യാറാക്കാനുള്ള തിരക്കിട്ട പ്രവർത്തനത്തിലേർപ്പെട്ടു; മറ്റെല്ലാ ജോലികളിൽനിന്നും അദ്ദേഹത്തെ ഒഴിവാക്കാൻ ഞാൻ ശ്രദ്ധിച്ചു; ബേണിൽനിന്ന്‌ അദ്ദേഹത്തോടൊപ്പം പോകേണ്ട ആളുകളെയെല്ലാം ഞാൻതന്നെ ഏർപ്പാടാക്കി. ഞങ്ങൾ ബേണിൽ പാർപ്പുറപ്പിച്ചത്‌ എന്തായാലും നന്നായി. സീനോവീവ്‌ ദമ്പതികളും അവിടെയായിരുന്നു താമസം (ഞങ്ങൾ എത്തുന്നതിനും രണ്ടാഴ്‌ച മുമ്പായിരുന്നു അവർ വന്നത്‌); ഇന്നെസയും മുൻപേ അവിടെതന്നെ എത്തിയിട്ടുണ്ടായിരുന്നു’’.
‐ എൻ കെ ക്രൂപ്‌സ്‌കായ (Reminiscences of Lenin)

1914ൽ ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ലെനിനും ക്രൂപ്‌സ്‌കായയും അവരുടെ രോഗബാധിതയായ അമ്മയും ആസ്‌ട്രിയയുടെ അധീനതയിലായിരുന്ന പോളണ്ടിലെ ക്രാക്കോവിലായിരുന്നു പാർത്തിരുന്നത്‌. യുദ്ധം ആസന്നമാണെന്ന്‌ ലെനിൻ മാത്രമല്ല രണ്ടാം ഇന്റർനാഷണലിന്റെ നേതാക്കളാകെ ചിന്തിച്ചിരുന്നു. യുദ്ധവിരുദ്ധപ്രസ്ഥാനം കെട്ടിപ്പടുക്കണമെന്നും യുദ്ധത്തിനെതിരായ പ്രതിഷേധപ്രക്ഷോഭം എല്ലാ രാജ്യങ്ങളിലും ഉയർന്നുവരണമെന്നും രണ്ടാം ഇന്റർനാഷണൽ തീരുമാനിച്ചിരുന്നു. ‘‘വിപ്ലവത്തിന്റേതായ ഒരു പുതുയുഗം ആസന്നമായിരിക്കുകയാണ്‌’’ എന്നാണ്‌ ലെനിൻ മാതൃകാ സോഷ്യൽ ഡെമോക്രാറ്റിക്‌ വിപ്ലവകാരിയായി കണ്ടിരുന്ന ജർമൻ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടിയുടെയും രണ്ടാം ഇന്റർനാഷണലിന്റെയും പരമോന്നത നേതാവായ കാറൽ കൗട്‌സ്‌കി 1909ൽ എഴുതിയത്‌. 1914 ആഗസ്‌ത്‌ ഒന്നിന്‌ റഷ്യക്കെതിരെ ജർമനി യുദ്ധം പ്രഖ്യാപിച്ച ശേഷവും ജർമനിയിലെയും ആസ്‌ട്രോ ഹംഗറിയിലെയും ഫ്രാൻസിലെയും സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടികൾ യുദ്ധത്തിനെതിരായ ജനകീയ പ്രതിഷേധപ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയായിരുന്നു. ജർമൻ പാർട്ടിയുടെ മുഖപത്രമായ വൊർവാർട്ട്‌സ്‌ (Vorwarts‐ മുന്നോട്ട്‌) അപ്പോഴും സാമ്രാജ്യത്വ യുദ്ധത്തിനെതിരായി പൊരുതുന്നതിനുള്ള കാഹളധ്വനി മുഴക്കുന്നുണ്ടായിരുന്നു. എന്നാൽ ഇതിനെല്ലാമിടയിൽ ആഗസ്‌ത്‌ 5ന്‌ കണ്ട ഒരു വാർത്ത ലെനിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു‐ രണ്ടാം ഇന്റർനാഷണലിന്റെ തന്നെ തീരുമാനത്തിന്‌ വിരുദ്ധമായി അതിന്റെ പ്രമുഖ നേതാവായ കാറൽ കൗട്‌സ്‌കി നയിക്കുന്ന ജർമൻ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ റീഷ്‌താഗ്‌ (ജർമൻ പാർലമെന്റ്‌) പ്രതിനിധികൾ ഏകകണ്‌ഠമായി യുദ്ധാവശ്യങ്ങൾക്ക്‌ വായ്‌പയെടുക്കാനുള്ള സർക്കാർ പ്രമേയത്തിന്‌ അനുകൂലമായി വോട്ടുചെയ്‌തു. അതോടെ രണ്ടാം ഇന്റർനാഷണലിന്റെയും ജർമൻ പാർട്ടിയുടെയും അതേവരെയുള്ള മുദ്രാവാക്യത്തെ‐ മുതലാളിത്ത സർക്കാരിന്‌ ‘‘ഒരു ചില്ലിക്കാശും കൊടുക്കില്ല, ഒരാളെയും വിട്ടുകൊടുക്കില്ല’’ എന്ന മുദ്രാവാക്യത്തെ‐ കൗട്‌സ്‌കി ഉൾപ്പെടെയുള്ള ജർമൻ പാർട്ടി നേതൃത്വം ഓടയിൽ ഉപേക്ഷിക്കുകയായിരുന്നു. പക്ഷേ, അപ്പോഴും പ്രതിപക്ഷത്തെ ആശയക്കുഴപ്പത്തിലാക്കാനുള്ള സർക്കാരിന്റെ പദ്ധതിയായിട്ടായിരുന്നു ഈ വാർത്തയെ ലെനിൻ കണ്ടത്‌; അഥവാ അങ്ങനെ കാണാനായിരുന്നു അദ്ദേഹം താൽപര്യപ്പെട്ടത്‌.

കൗട്‌സ്‌കി

ഇതിനിടയിൽ അദ്ദേഹം അറസ്റ്റ്‌ ചെയ്യപ്പെടുകയും 1914 ആഗസ്‌ത്‌ 8 മുതൽ 19 വരെ ആസ്‌ട്രിയൻ പോളണ്ടിലെ ജയിലിൽ അടയ്‌ക്കപ്പെടുകയും ചെയ്‌തു. ആസ്‌ട്രിയ റഷ്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കെ റഷ്യൻ വംശജനായ ലെനിനെ ശത്രുവിന്റെ ചാരനായാണ്‌ പ്രാദേശിക പൊലീസുകാർ കണ്ടത്‌; മാത്രമല്ല, അദ്ദേഹം സമീപത്തുള്ള കുന്നിൻപ്രദേശങ്ങളുടെ ഫോട്ടോ എടുക്കുന്നതായുള്ള കിംവദന്തിയും പരന്നിരുന്നു. അദ്ദേഹത്തിന്റെ വസതിയിൽ മറ്റു റഷ്യക്കാരുടെ ഒത്തുചേരലുകൾ ഉണ്ടെന്നതും പൊലീസിന്റെ ആഖ്യാനത്തിനു ബലം നൽകി. ആസ്‌ട്രിയയുടെ മറ്റൊരു ശത്രുരാജ്യമായ ഫ്രാൻസിലെ ഭാഷയിലായിരുന്നു (ഫ്രഞ്ച്‌) അദ്ദേഹത്തിന്റെ തിരിച്ചറിയൽ രേഖകൾ എന്നതും റഷ്യയിൽനിന്ന്‌ അദ്ദേഹത്തിന്‌ പണം ലഭിച്ചിരുന്നുവെന്നതും പൊലീസുകാർക്ക്‌ സംശയിക്കാൻ മതിയായ കാരണമായി.

അങ്ങനെ ലെനിന്റെ രാഷ്‌ട്രീയ ജീവിതത്തിന്റെ മൂന്നാമത്തെ ദശകം ആരംഭിക്കുന്നതും ആദ്യദശകത്തിന്റെ തുടക്കത്തിലേതുപോലെ തന്നെയായി‐ ജയിൽവാസത്തോടെ. 1895ലെ സൈബീരിയൻ പ്രവാസകാലത്തേതുപോലെ 1914ലെ ക്രാക്കോവ്‌ ജയിൽവാസത്തിന്റെ ഘട്ടത്തിലും ലെനിൻ തദ്ദേശീയരായ കർഷകർക്ക്‌ സൗജന്യമായ നിയമസഹായം നൽകി അവരുമായി സൗഹൃദം സ്ഥാപിച്ചു. പക്ഷേ, 1914ൽ ക്രാക്കോവിലെ ജയിൽവാസക്കാലത്ത്‌ അദ്ദേഹത്തിന്‌ ജയിലിനു പുറത്ത്‌ ശക്തരായ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അതുകൊണ്ട്‌ വളരെവേഗം ജയിൽമോചനം നേടാൻ കഴിഞ്ഞു. ആസ്‌ട്രിയൻ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടി നേതാവും പാർലമെന്റംഗവുമായ വിക്ടർ ആഡ്‌ലറായിരുന്നു ലെനിന്റെ ആസ്‌ട്രിയൻ സുഹൃത്തുക്കളിലൊരാൾ. ലെനിൻ ഒരു കാരണവശാലും സാറിസ്റ്റ്‌ ഗവൺമെന്റിന്റെ സുഹൃത്തോ ചാരനോ ആകില്ലെന്ന്‌ ആഡ്‌ലർ ആസ്‌ട്രിയൻ ആഭ്യന്തരമന്ത്രിയെ കണ്ട്‌ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ 12‐ാം ദിവസം അദ്ദേഹം മോചിപ്പിക്കപ്പെട്ടു. ജയിൽമോചനം ലഭിച്ചുവെന്നതു മാത്രമല്ല, സ്വിറ്റ്‌സർലണ്ടിലേക്ക്‌ യാത്രചെയ്യാനുള്ള അനുവാദവും അദ്ദേഹത്തിന്‌ ലഭിച്ചു.

ജയിലിൽനിന്നിറങ്ങിയ അദ്ദേഹത്തിന്‌ യുദ്ധം തുടങ്ങിയശേഷമുള്ള രണ്ടാമത്തെ ഞെട്ടിക്കുന്ന കാര്യത്തെയും നേരിടേണ്ടതായി വന്നു. ‘‘ഫ്രഞ്ച്‌ സൈന്യത്തിൽ വളന്റിയർമാരായി ചേരാനുള്ള റഷ്യൻ സോഷ്യലിസ്റ്റുകളുടെ പ്രഖ്യാപനം’’ എന്ന ലഘുലേഖയായിരുന്നു അദ്ദേഹത്തെ ഞെട്ടിച്ച രണ്ടാമത്തെ കാര്യം. തങ്ങളുടെ ഗവൺമെന്റിനെ പിന്തുണയ്‌ക്കുന്നതിൽ ജർമൻ സോഷ്യലിസ്റ്റുകളെ കടത്തിവെട്ടുകയായിരുന്നു റഷ്യൻ സോഷ്യലിസ്റ്റുകൾ. ഫ്രാൻസിൽ പ്രവാസികളായി കഴിഞ്ഞിരുന്ന ബോൾഷെവിക്കുകളിൽ ചിലരുൾപ്പെടെ നിരവധി റഷ്യൻ സോഷ്യലിസ്റ്റുകൾ ഫ്രഞ്ച്‌ സേനയിൽ ചേർന്ന വാർത്ത ലെനിനെ അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു.

യുദ്ധത്തിന്റെ നാളുകളിൽ ലെനിൻ ക്രൂപ്‌സ്‌കായയ്‌ക്കും അവരുടെ മരണാസന്നയമായ മാതാവിനുമൊപ്പം ക്രാക്കോവിൽനിന്ന്‌ സ്വിറ്റ്‌സർലണ്ടിലെ ബേണിലേക്ക്‌ യാത്രപോകാൻ തീരുമാനിച്ചു. ബേണിലേക്കുള്ള യാത്രയ്‌ക്കിടയിൽ വിയന്നയിലിറങ്ങി യാത്രാരേഖകൾ ശരിയാക്കുന്നതിനൊപ്പം വിക്ടർ ആഡ്‌ലറെ കണ്ട്‌ ജയിമോചിതനാകാൻ സഹായിച്ചതിനുള്ള നന്ദി അറിയിക്കേണ്ടതുമുണ്ടായിരുന്നു (ഏറെ കഴിയുംമുന്പ്‌ യുദ്ധത്തോടുള്ള നിലപാടുമായി ബന്ധപ്പെട്ട്‌ ഇരുവരും രാഷ്‌ട്രീയമായി രണ്ടുപക്ഷമായി, ശത്രുതാപരമായി വേർതിരിഞ്ഞു).

സെപ്‌തംബർ 5നാണ്‌ ലെനിൻ ബേണിൽ എത്തിയത്‌. അദ്ദേഹത്തെ സ്വീകരിക്കാൻ അവിടെ പ്രവാസികളായി കഴിഞ്ഞിരുന്ന ഒരു ചെറിയ സംഘം ബോൾഷെവിക്‌ പ്രവർത്തകർ എത്തിയിരുന്നു. അദ്ദേഹം അവിടെ എത്തിയ ഉടൻ തന്റെ സഖാക്കളുമായി കേവലം സൗഹൃദസംഭാഷണത്തിൽ ഏർപ്പെടുകയായിരുന്നില്ല; മറിച്ച്‌ യുദ്ധത്തോടുള്ള ശരിയായ പ്രതികരണം എങ്ങനെയായിരിക്കണം എന്നതിനെ സംബന്ധിച്ച തന്റെ സിദ്ധാന്തം അവർക്കു മുന്നിൽ അവതരിപ്പിക്കുകയാണുണ്ടായത്‌. യുദ്ധം പൊട്ടിപ്പുറപ്പെട്ടിട്ട്‌ കഷ്ടിച്ച്‌ ഒരുമാസം പിന്നിട്ടതേയുണ്ടായിരുന്നുള്ളൂ. ആ ഒരു മാസംതന്നെ ലെനിനെ സംബന്ധിച്ചിടത്തോളം ജയിലിലും തുടർന്ന്‌ പോളണ്ട്‌ വിടുന്നതിനുള്ള തയ്യാറെടുപ്പുകളിലുമായിരുന്നു. ആകെ അനിശ്ചിതത്വവും സംഘർഷാവസ്ഥയും നിറഞ്ഞ ദിനങ്ങൾ. എന്നിട്ടും അതിനിടയിൽ നിന്നുകൊണ്ട്‌ ആ ചുരുങ്ങിയ നാളുകൾക്കകം യുദ്ധത്തെ സംബന്ധിച്ച തന്റെ നിലപാടുകൾക്ക്‌, ഒരു പുതിയ തീസിസിനുതന്നെ, ലെനിൻ രൂപംനൽകിക്കഴിഞ്ഞിരുന്നു. തന്റെ രാഷ്‌ട്രീയ ജീവിതത്തിലെ തികച്ചും മൗലികമായ പുതിയൊരധ്യായത്തിലേക്ക്‌ കടക്കുകയായിരുന്നു അദ്ദേഹം.

ലെനിന്റെ ജീവചരിത്രകാരരിൽ ഒരാളായ ലാർസ്‌ ടി ലി തികച്ചും ശരിയായിതന്നെ ചൂണ്ടിക്കാണിക്കുന്നതുപോലെ, ‘‘ക്രാക്കോവിൽ ട്രെയിനിൽ കയറിയത്‌ ഒരു ലെനിനായിരുന്നെങ്കിൽ ബേണിൽ ട്രെയിനിൽനിന്നിറങ്ങിയത്‌ മറ്റൊരു ലെനിനായിരുന്നു’’. അതെങ്ങനെയെന്ന്‌ ലാർസ്‌ ടി ലിയുടെ വാക്കുകൾതന്നെ നോക്കാം. ‘‘ക്രാക്കോവിലെ ലെനിൻ യൂറോപ്യൻ വിഷയങ്ങളെക്കുറിച്ചും ആഗോള വിഷയങ്ങളെക്കുറിച്ചും കൃത്യമായ അഭിപ്രായങ്ങളുള്ള റഷ്യൻ സോഷ്യൽ ഡെമോക്രാറ്റായിരുന്നു. ബേണിലെ ലെനിനാകട്ടെ, ജന്മംകൊണ്ട്‌ റഷ്യക്കാരനായ യൂറോപ്യൻ സോഷ്യൽ ഡെമോക്രാറ്റായിരുന്നു. തന്റെ വിപ്ലവപദ്ധതിയിലെ അവസാനരംഗം പശ്ചിമ യൂറോപ്യൻ രാജ്യങ്ങളിൽ അതിവേഗം എത്തിക്കൊണ്ടിരിക്കുകയാണെന്ന അഭിപ്രായം കുറച്ചേറെക്കാലമായി അദ്ദേഹത്തിന്റെയുള്ളിൽ വേരൂന്നിക്കഴിഞ്ഞിരുന്നു‐ 1894ൽ തന്നെ അദ്ദേഹം കുറിച്ചിട്ട തന്റെ വിപ്ലവപദ്ധതിയിലെ അവസാനരംഗം, ‘എല്ലാ രാജ്യങ്ങളിലെയും തൊഴിലാളിവർഗത്തിനൊപ്പം റഷ്യൻ തൊഴിലാളിവർഗവും വിജയകരമായ കമ്യൂണിസ്റ്റ്‌ വിപ്ലവത്തിലേക്കുള്ള തുറന്ന രാഷ്‌ട്രീയ പോരാട്ടത്തിന്റെ പ്രത്യക്ഷ പാതയിലേക്ക്‌ കടക്കു’മെന്നതാണ്‌. പക്ഷേ, അദ്ദേഹം ഇതിനകം കണ്ടതുപോലെ യൂറോപ്യൻ സോഷ്യൽ ഡെമോക്രസിയുടെ നേതാക്കൾ വിപ്ലവ സോഷ്യലിസത്തിന്റെ ബാനർ ഇപ്പോൾ കൈവെടിഞ്ഞിരിക്കുകയാണ്‌. ഇനിയത്‌, വിപ്ലവ സോഷ്യലിസത്തിന്റെ ആ ബാനർ, ഉയർത്തിപ്പിടിച്ച്‌ താൻ തന്നെ മുന്നോട്ട്‌ കുതിക്കണമെന്ന നിലപാടിൽ ലെനിൻ എത്തിക്കഴിഞ്ഞു’’. (ലാർസ്‌ ടി ലി, Lenin A Political Biography; Page 124)

ബേണിലെത്തിയ യൂറോപ്യൻ സോഷ്യൽ ഡെമോക്രാറ്റായ പുതിയ ലെനിന്റെ കാഴ്‌ചപ്പാട്‌ ലോകം വിപ്ലവത്തിന്റേതായ പുതുയുഗത്തിലേക്ക്‌ കടക്കുകയാണെന്നായിരുന്നു. പശ്ചിമ യൂറോപ്പ്‌ സോഷ്യലിസ്റ്റ്‌ വിപ്ലവത്തിന്‌ സജ്ജമായി എന്നതായിരുന്നു അദ്ദേഹത്തിന്റെ അപ്പോഴത്തെ കാഴ്‌ചപ്പാട്‌. റഷ്യയിലാകട്ടെ സാറിസ്റ്റുവിരുദ്ധ ജനാധിപത്യവിപ്ലവം തുടങ്ങിക്കഴിഞ്ഞുവെന്നാണ്‌ 1914ലെ വേനൽക്കാലത്ത്‌ ഇന്നെസ ആർമന്ദിനെഴുതിയ കത്തിൽ ലെനിൻ വ്യക്തമാക്കിയത്‌. ലോകമാസകലം കോളനി വാഴ്‌ചയ്‌ക്കെതിരായ ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങൾ ശക്തിപ്പെട്ടുകൊണ്ടിരുന്ന ഒരു കാലമായിരുന്നു അത്‌. കോളനികളിലെ ഈ പോരാട്ടങ്ങൾ കോളനി മേധാവിത്വ രാജ്യങ്ങളിലെ മുന്നേറ്റങ്ങൾക്ക്‌ ഊർജം പകരുന്നതിനൊപ്പം തിരിച്ചും സ്വാധീനം ചെലുത്തുമെന്നും ലെനിൻ നിരീക്ഷിക്കുന്നുണ്ട്‌. ലെനിന്റെ അഭിപ്രായം 1914ൽ സാമ്രാജ്യത്വ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ പരസ്‌പരം സ്വാധീനം ചെലുത്തുന്ന ഈ പ്രക്രിയയുടെ വേഗതയും തീവ്രതയും വർധിക്കുമെന്നായിരുന്നു. സാമ്രാജ്യത്വ യുദ്ധംമൂലം ജനങ്ങൾക്കുണ്ടാകുന്ന ദുരിതങ്ങൾ ലോകത്തെവിടെയുമുള്ള വിപ്ലവങ്ങളുടെ വേഗത കൂട്ടുമെന്നാണ്‌ ലെനിൻ നിരീക്ഷിച്ചത്‌.

ഇത്തരമൊരു സാഹചര്യത്തിൽ ലോകത്തെവിടെയുമുള്ള സോഷ്യലിസ്റ്റുകളുടെ മൗലികമായ കടമ ‘സാമ്രാജ്യത്വയുദ്ധത്തെ ആഭ്യന്തരയുദ്ധമാക്കി മാറ്റുക’ എന്നതാണെന്ന്‌ ലെനിൻ പ്രഖ്യാപിച്ചു. യുദ്ധംമൂലം സൃഷ്ടിക്കപ്പെടുന്ന പ്രതിസന്ധിയെ ദേശീയതലങ്ങളിലും സാർവദേശീയമായും വിപ്ലവം ത്വരിതപ്പെടുത്താനുള്ള ഉപാധിയായി ഉപയോഗപ്പെടുത്തണമെന്ന ആശയമാണ്‌ ലെനിൻ മുന്നോട്ടുവെച്ചത്‌. പക്ഷേ ലെനിനെ നിരാശനാക്കിയത്‌, യൂറോപ്യൻ രാജ്യങ്ങളിലെ മഹാഭൂരിപക്ഷം സോഷ്യലിസ്റ്റ്‌ പാർട്ടി നേതാക്കളും തങ്ങളിൽ അർപ്പിതമായ ഈ കടമ കൈവെടിഞ്ഞ്‌ അതാത്‌ രാജ്യങ്ങളിലെ ബൂർഷ്വാസിയെ യുദ്ധത്തിൽ സഹായിക്കാൻ, ഗവൺമെന്റുകൾക്ക്‌ പിന്തുണ നൽകാൻ തയ്യാറായതാണ്‌. അത്‌ അവസരവാദവും വഞ്ചനയുമാണെന്നു മാത്രമല്ല, അവർകൂടി അംഗീകരിച്ച, അവർ നേതാക്കളായ രണ്ടാം ഇന്റർനാഷണലിന്റെ തീരുമാനങ്ങൾക്കെതിരായ നിലപാടുകൂടിയായിരുന്നു.

1912 നവംബർ 24, 25 തീയതികളിൽ സ്വിറ്റ്‌സർലണ്ടിലെ ബാസെൽ (Basel) നഗരത്തിൽ ചേർന്ന രണ്ടാം ഇന്റർനാഷണലിന്റെ (സോഷ്യലിസ്റ്റ്‌ ഇന്റർനാഷണൽ) പ്രത്യേക സമ്മേളനം അംഗീകരിച്ച പ്രഖ്യാപനത്തിന്റെ (ബാസെൽ പ്രഖ്യാപനം) നഗ്നമായ ലംഘനമായിരുന്നു തങ്ങളുടെ രാജ്യങ്ങളിലെ മുതലാളിത്ത ഗവൺമെന്റുകളുടെ യുദ്ധയത്നങ്ങൾക്ക്‌ പിന്തുണ നൽകാനുള്ള സോഷ്യൽ ഡെമോക്രാറ്റിക്‌ നേതാക്കളുടെ തീരുമാനം. 22 രാജ്യങ്ങളിൽ നിന്നുള്ള 500ൽ അധികം വ്യത്യസ്‌ത ചിന്താഗതിക്കാരായ‐ മിതവാദികൾ മുതൽ ലെനിനെയും റോസ ലക്‌സംബർഗിനെയും പോലെയുള്ള വിപ്ലവ സോഷ്യലിസ്റ്റുകൾ വരെ‐ പങ്കെടുത്ത ബാസെൽ സമ്മേളനം അംഗീകരിച്ച പ്രഖ്യാപനത്തിൽ നിന്നുള്ള പിന്തിരിഞ്ഞുപോക്കും വഞ്ചനയുമാണ്‌ കൗട്‌സ്‌കി ഉൾപ്പെടെയുള്ള സോഷ്യലിസ്റ്റ്‌ നേതാക്കൾ ചെയ്‌തത്‌.

ബാൾക്കൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ്‌ രണ്ടാം ഇന്റർനാഷണലിന്റെ ബാസെൽ കോൺഗ്രസ്‌ ചേർന്നത്‌. ബാൾക്കൻ യുദ്ധം യൂറോപ്പിനെയാകെ ബാധിക്കുന്ന യുദ്ധമായി, ലോകയുദ്ധമായി തന്നെ പടർന്നുപിടിക്കാമെന്ന നിഗമനത്തിലാണ്‌ ആ സമ്മേളനം എത്തിച്ചേർന്നത്‌. ഒരു രാജ്യത്തെയും തൊഴിലാളിവർഗത്തിന്റെ താൽപര്യമല്ല യുദ്ധം സംരക്ഷിക്കുന്നത്‌ എന്ന നിഗമനത്തിലാണ്‌ ആ സമ്മേളനം എത്തിച്ചേർന്നത്‌. ഇതൊരു സാമ്രാജ്യത്വ യുദ്ധമാണെന്നും കോളനി രാജ്യങ്ങളെ പങ്കിട്ടെടുക്കാനുള്ള യുദ്ധമാണെന്നും അതിൽ തൊഴിലാളിവർഗത്തിന്‌ യാതൊരു കാര്യവുമില്ലെന്നും നിസ്സംശയം വ്യക്തമാക്കുന്നതായിരുന്നു ബാസെൽ പ്രഖ്യാപനം. അതിൽ പങ്കെടുത്ത, സോഷ്യലിസ്റ്റ്‌ ഇന്റർനാഷണലിന്റെ മിതവാദി നേതാക്കളിലൊരാളായ ബെൽജിയൻ സോഷ്യലിസ്റ്റ്‌ നേതാവ്‌ എമിൽ വാൻഡെർവൾഡെ (Emile Vandervelde) തന്നെ എഴുതിയത്‌ യുദ്ധം വിപ്ലവത്തിന്‌ വഴിയൊരുക്കുമെന്നാണ്‌. സാമ്രാജ്യത്വശക്തികൾ തമ്മിലുള്ള ഈ ഏറ്റുമുട്ടലിൽ തങ്ങളെ കരുക്കളാക്കുന്നതിനെ തൊഴിലാളികൾ ചെറുക്കണമെന്നും സമാധാനത്തിനായി എല്ലാ രാജ്യങ്ങളിലെയും തൊഴിലാളികളെ അണിനിരത്തണമെന്നും ബാസെൽ പ്രഖ്യാപനം അടിവരയിട്ട്‌ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനങ്ങളെയാകെ കാറ്റിൽപറത്തിയാണ്‌ ആ സമ്മേളനത്തിനും അതിന്റെ പ്രഖ്യാപനം അംഗീകരിക്കുന്നതിനും നേതൃത്വം നൽകിയ യൂറോപ്യൻ സോഷ്യൽ ഡെമോക്രാറ്റിക്‌ നേതാക്കൾ യഥാർഥത്തിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ അതാത്‌ ഗവൺമെന്റുകൾക്ക്‌ പിന്തുണ നൽകാൻ തയ്യാറായത്‌.

ബാസെൽ കോൺഗ്രസിന്റെ തീരുമാനങ്ങളിൽ ലെനിനെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ ഒരു ബന്ധം കൂടിയുണ്ടായിരുന്നു. 1907 ആഗസ്ത്‌ 18‐24 തീയതികളിൽ ജർമനിയിലെ സ്റ്റുട്ട്‌ഗാർട്ടിൽ (Stuttgart) ചേർന്ന രണ്ടാം ഇന്റർനാഷണലിന്റെ കോൺഗ്രസ്‌ അംഗീകരിച്ച പ്രമേയത്തിൽ ബാസെൽ പ്രമേയത്തിന്‌ സമാനമായവിധം ഒരു ഭേദഗതി അംഗീകരിപ്പിച്ചത്‌ റോസ ലക്‌സംബർഗിനും മാർത്തോവിനുമൊപ്പം ലെനിനും ചേർന്നാണ്‌. ലോകത്താകെയുള്ള സോഷ്യലിസ്റ്റുകളുടെ യുദ്ധത്തിനെതിരായ നിലപാടിന്റെ പ്രതിഫലനമാണ്‌ ബാസെൽ പ്രഖ്യാപനം എന്ന്‌ ലെനിൻ വ്യക്തമാക്കിയത്‌ ഈയൊരു സാഹചര്യത്തിൽകൂടിയാണ്‌. 1907 മുതൽ നിരന്തരം വിവിധ രാജ്യങ്ങളിലെ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടികൾ ഉയർത്തിപ്പിടിക്കുകയും വിവിധ നേതാക്കളുടെ ലേഖനങ്ങളിലും പുസ്‌തകങ്ങളിലും പ്രകടിപ്പിക്കപ്പെടുകയും ചെയ്‌ത ആശയങ്ങളുടെ ആകത്തുകയാണ്‌ ബാസെൽ കോൺഗ്രസ്‌ ഏകകണ്‌ഠമായി അംഗീകരിച്ച പ്രഖ്യാപനത്തിൽ ആവർത്തിച്ചുറപ്പിച്ചത്‌. അതാണ്‌ യാതൊരു ചർച്ചയും പൊതുതീരുമാനവുമൊന്നുമില്ലാതെ രണ്ടാം ഇന്റർനാഷണലിന്റെ തലതൊട്ടപ്പന്മാരായ നേതാക്കൾ തന്നെ ഉപേക്ഷിച്ചത്‌. ‘‘ബാസെൽ മാനിഫെസ്‌റ്റോ തള്ളിക്കളയുകയെന്നതിന്റെ അർഥം സോഷ്യലിസത്തിന്റെ ചരിത്രത്തെയാകെ തള്ളിക്കളയുകയാണെന്നാണ്‌.’’ എന്നാണ്‌ ലെനിൻ ഇതിനെക്കുറിച്ച്‌ എഴുതിയത്‌ (ലെനിൻ, Collected Works, Vol 21, Page 441)

യൂറോപ്യൻ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടികളിലെ നേതാക്കളുടെ ഈ അവസരവാദ നിലപാടിനു പിന്നിൽ നഗ്നമായ വഞ്ചനയാണ്‌ കാണേണ്ടതെന്ന കാര്യത്തിൽ ലെനിന്‌ സംശയമേ ഉണ്ടായിരുന്നില്ല. അലക്‌സാൺഡ്ര കൊല്ലന്തായ്‌ക്ക്‌ എഴുതിയ കത്തിൽ ലെനിൻ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്‌; ‘‘യൂറോപ്യൻ യുദ്ധം ഒരുവിധത്തിൽ നോക്കിയാൽ സാർവദേശീയ സോഷ്യലിസത്തെ സംബന്ധിച്ചിടത്തോളം വലിയൊരു മെച്ചമുണ്ടാക്കി; പ്രസ്ഥാനത്തിൽ അടിഞ്ഞുകൂടിയ ജീർണതയുടെയും അധഃപതനത്തിന്റെയും അവസരവാദത്തിന്റെയും ആഴവും വ്യാപ്‌തിയും എത്രത്തോളമെന്ന്‌ കാണാൻ കഴിഞ്ഞത്‌ അതിനോടുള്ള പ്രതികരണങ്ങളിൽനിന്നാണ്‌. എന്തായാലും അങ്ങനെ ദശകങ്ങളായി നിന്നിരുന്ന സമാധാനകാലത്ത്‌ തൊഴിലാളിപ്രസ്ഥാനത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളെയാകെ നീക്കംചെയ്യാനുള്ള അത്ഭുതകരമായ ഒരവസരമാണ്‌ ഇപ്പോൾ ലഭിച്ചത്‌’’ തുടർന്ന്‌ ലെനിൻ നിരവധി യൂറോപ്യൻ സോഷ്യലിസ്റ്റ്‌ നേതാക്കൾക്കെതിരെ നിശിതമായ വിമർശനശരങ്ങൾ തൊടുത്തുവിട്ടു.

അതേവരെയുള്ള തന്റെ രാഷ്‌ട്രീയജീവിതത്തിൽ ഏറെക്കുറെ ഗുരുതുല്യനായ നായകനായി കണ്ടിരുന്ന ജർമൻ സോഷ്യൽ ഡെമോക്രാറ്റിക്‌ നേതാവ്‌ കാറൽ കൗട്‌സ്‌കിയെ ലെനിൻ ഏറെ രോഷാകുലനായും വൈകാരികമായുമാണ്‌ വിമർശിച്ചത്‌. 1914 സെപ്‌തംബർ‐ഒക്ടോബർ കാലങ്ങളിൽ കൗട്‌സ്‌കിയെഴുതിയ ലേഖനങ്ങൾ ലെനിൻ നടുക്കത്തോടെയും വെറുപ്പോടെയുമാണ്‌ വായിച്ചത്‌. യൂറോപ്യൻ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തിലെ അവസരവാദികൾക്കൊപ്പം കൗട്‌സ്‌കിയും സ്വയം തളച്ചിടപ്പെടുന്നതാണ്‌ ലെനിൻ കാണ്ടത്‌. തന്മൂലം ഏതെങ്കിലും വിധത്തിൽ പ്രസ്ഥാനത്തെ യോജിപ്പിക്കാനുള്ള നീക്കത്തിനുപോലും ഇടമില്ലാതായിയെന്ന്‌ ലെനിൻ കണ്ടു. യുദ്ധത്തോടുള്ള യൂറോപ്യൻ സോഷ്യൽ ഡെമോക്രാറ്റിക്കുകളുടെ നിലപാടിനെതിരായ ലെനിന്റെ വിമർശനങ്ങളുടെ കേന്ദ്രബിന്ദുവായി കൗട്‌സ്‌കി മാറി. കാരണം ലെനിനെ സംബന്ധിച്ചിടത്തോളം, 1914ൽ യുദ്ധം തുടങ്ങുന്നതുവരെ മാർക്‌സിസത്തിന്റെ യൂറോപ്പിലെ മുഖമായിരുന്നു രണ്ടാം ഇന്റർനാഷണലിന്റെ നേതാവായ കൗട്‌സ്‌കി.

1914ൽ അലക്‌സാണ്ടർ ഷ്‌ളിയാപ്‌നിക്കോവിനെഴുതിയ ഒരു കത്തിൽ ലെനിൻ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു, ‘‘കൗട്‌സ്‌കിയുടെ Road to Power (അധികാരത്തിലേക്കുള്ള പാത) എത്രയുംവേഗം ലഭ്യമാക്കൂ; അത്‌ വീണ്ടും വായിക്കൂ (അല്ലെങ്കിൽ ആരെയെങ്കിലുംകൊണ്ട്‌ നിങ്ങൾക്കായി പരിഭാഷപ്പെടുത്തൂ). നമ്മുടെ കാലഘട്ടത്തിലെ വിപ്ലവത്തെക്കുറിച്ച്‌ അദ്ദേഹം അതിൽ എഴുതിയിട്ടുണ്ട്‌!… ഞാനിപ്പോൾ മറ്റാരെക്കാളുമധികം വെറുക്കുന്നതും പുച്ഛിക്കുന്നതും കൗട്‌സ്‌കിയെ തന്നെയാണ്‌; അയാളുടെ അധമമായ, വൃത്തികെട്ടതും ആത്മനിർവൃതി കൊള്ളുന്നതുമായ കാപട്യത്തെയാണ്‌.’’ ഷ്‌ളിയാപ്‌നിക്കോവിന്‌ താൻ നൽകിയ ഉപദേശം സ്വയം സ്വീകരിച്ച്‌ ലെനിൻ കൗട്‌സ്‌കിയുടെ കൃതി വീണ്ടും വായിച്ചു. Road to Power എന്ന കൃതിയിൽ കൗട്‌സ്‌കി എഴുതിയ ആശയങ്ങളും ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ലേഖനങ്ങളിലെ ആശയങ്ങളും തമ്മിലുള്ള വൈരുദ്ധ്യമാണ്‌ ലെനിൻ പ്രത്യേകം ശ്രദ്ധിച്ചത്‌. സ്വന്തം അവസരവാദ നിലപാടുകളെ സാധൂകരിക്കുന്നതിന്‌ മാർക്‌സിയൻ ക്ലാസിക്കുകളിൽനിന്ന്‌ ഉദ്ധരിക്കുന്നതടക്കമുള്ള കൗട്‌സ്‌കിയുടെ നിലപാടിലെ കാപട്യത്തെ തുറന്നുകാണിക്കുന്നതായി ലെനിന്റെ തുടർന്നുള്ള ലേഖനങ്ങൾ ഏറെയും.

എന്തുകൊണ്ട്‌ ഇത്തരമൊരു വ്യതിയാനമുണ്ടായി. ഒരാളിലോ ഏതെങ്കിലുമൊരു പാർട്ടിയിലോ മാത്രമല്ല, രണ്ടാം ഇന്റർനാഷണലിന്റെ നേതാക്കളിലാകെ ഈ വ്യതിയാനം പടർന്നുപിടിച്ചത്‌ എന്തുകൊണ്ട്‌? കൗട്‌സ്‌കിയുടെ നിലപാടുകളിലെ വൈരുദ്ധ്യങ്ങൾക്ക്‌ നിദാനമായത്‌ എന്തെല്ലാമാണ്‌? ഇത്തരം കാര്യങ്ങൾ കൃത്യമായി വിശദീകരിക്കാനും ഭാവി വിപ്ലവപ്രവർത്തനങ്ങൾക്ക്‌ ശരിയായ ദിശ കണ്ടെത്താനും ഹെഗലിയൻ വൈരുദ്ധ്യവാദത്തെക്കുറിച്ച്‌ കൃത്യമായ അറിവുണ്ടാകേണ്ടത്‌ അനിവാര്യതയാണെന്ന്‌ കണ്ട ലെനിൻ ഹെഗലിയൻ ദർശനത്തെക്കുറിച്ച്‌ ആഴത്തിൽ പഠിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ പിൽക്കാല രചനകളിലും പ്രവർത്തനങ്ങളിലും അതിന്റെ സ്വാധീനം നമുക്ക്‌ കാണാം. l
(തുടരും)

Hot this week

ഹിന്ദു ടു ഹിന്ദു ഇക്കോണമി

മതനൂനപക്ഷങ്ങളെ, വിശേഷിച്ച് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും സാമ്പത്തികമായും സാമൂഹികമായും ബഹിഷ്കരിക്കാനുള്ള പരസ്യമായ ആഹ്വാനങ്ങൾ...

ചൈന: സോഷ്യലിസവും ഭാവിയും

‘‘ചൈനീസ് സാഹചര്യത്തിനനുസരിച്ച് മാർക്സിസത്തെ പ്രയോഗിക്കുന്ന പ്രക്രിയയെ പൂർവ്വാധികം ശക്തിയോടെ ഞങ്ങൾ മുന്നോട്ടുകൊണ്ടുപോകും....

നൊസ്റ്റാൾജിയയും വൈകാരികതയും ഉൾച്ചേരുന്ന വാഴ

കാഴ്‌ചയുടെ ദൈർഘ്യം വളരെ കുറഞ്ഞ കാലഘട്ടത്തിൽ അതിനു അനുയോജ്യമായ രീതിയിൽ വളരെ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 24

ഹോബ്‌സണിൽനിന്ന്‌ ഹിൽഫെർഡിങ്ങിലൂടെ... ‘‘കൊഴിഞ്ഞ ഇലകൾ നിറഞ്ഞ കാനനപാതയിലൂടെ മണിക്കൂറുകളോളം ഞങ്ങൾ അലഞ്ഞുതിരിഞ്ഞുു. മിക്ക...

ഒരു സന്ധ്യാരാഗത്തിന്റെ സാന്ത്വനം യമൻ കല്യാണും മെലൻകോളിക് ഡിപ്രഷനും

ഒരു പകലിന്റെ തീക്ഷ്ണത ലോപിച്ച് എരിഞ്ഞടങ്ങുന്ന സന്ധ്യയുടെ മങ്ങലിനെ നേർത്തതാക്കി അമ്പലമണികളിൽനിന്ന്...

Topics

ഹിന്ദു ടു ഹിന്ദു ഇക്കോണമി

മതനൂനപക്ഷങ്ങളെ, വിശേഷിച്ച് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും സാമ്പത്തികമായും സാമൂഹികമായും ബഹിഷ്കരിക്കാനുള്ള പരസ്യമായ ആഹ്വാനങ്ങൾ...

ചൈന: സോഷ്യലിസവും ഭാവിയും

‘‘ചൈനീസ് സാഹചര്യത്തിനനുസരിച്ച് മാർക്സിസത്തെ പ്രയോഗിക്കുന്ന പ്രക്രിയയെ പൂർവ്വാധികം ശക്തിയോടെ ഞങ്ങൾ മുന്നോട്ടുകൊണ്ടുപോകും....

നൊസ്റ്റാൾജിയയും വൈകാരികതയും ഉൾച്ചേരുന്ന വാഴ

കാഴ്‌ചയുടെ ദൈർഘ്യം വളരെ കുറഞ്ഞ കാലഘട്ടത്തിൽ അതിനു അനുയോജ്യമായ രീതിയിൽ വളരെ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 24

ഹോബ്‌സണിൽനിന്ന്‌ ഹിൽഫെർഡിങ്ങിലൂടെ... ‘‘കൊഴിഞ്ഞ ഇലകൾ നിറഞ്ഞ കാനനപാതയിലൂടെ മണിക്കൂറുകളോളം ഞങ്ങൾ അലഞ്ഞുതിരിഞ്ഞുു. മിക്ക...

ഒരു സന്ധ്യാരാഗത്തിന്റെ സാന്ത്വനം യമൻ കല്യാണും മെലൻകോളിക് ഡിപ്രഷനും

ഒരു പകലിന്റെ തീക്ഷ്ണത ലോപിച്ച് എരിഞ്ഞടങ്ങുന്ന സന്ധ്യയുടെ മങ്ങലിനെ നേർത്തതാക്കി അമ്പലമണികളിൽനിന്ന്...

ക്ളോദ് മൊനെ

ക്ളോദ് മൊനെ എന്ന വിഖ്യാത ചിത്രകാരൻ വിടപറഞ്ഞിട്ടു നൂറ്റാണ്ടു തികയുന്ന വർഷമാണ്...

ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായ വിപ്ലവകാരി

ബ്രസീലിലെ ആർച്ചു ബിഷപ്പായിരുന്ന ഹെൻഡർ കാമറയുടെ പ്രസിദ്ധമായ ഒരു വാചകമുണ്ട്: “പാവങ്ങൾക്ക്...

രാത്രിയിലൊഴുകുന്ന പ്രണയം

അനുസ്യൂതമിരമ്പുന്ന കടൽ... രാത്രി ഏകാകികൾ വാതിൽ തുറക്കുന്നത് അവസാനിക്കാത്ത ഇമ്പമാർന്ന ആ...
spot_img

Related Articles

Popular Categories

spot_imgspot_img