‘‘മുതലാളിത്തം നിങ്ങളെ നശിപ്പിക്കുന്നു; അത് പേർഷ്യക്കാരെയും നശിപ്പിക്കും; അതെല്ലാവരെയും നശിപ്പിക്കും. മുതലാളിത്തത്തെ നിങ്ങൾ തകർക്കുന്നതുവരെ അത് എല്ലാവരെയും നശിപ്പിച്ചുകൊണ്ടേയിരിക്കും. അതാണ് സത്യം. എന്നാൽ ഒരു കാര്യം നാം മറക്കാൻ പാടില്ല: മുതലാളിത്തത്തിന്റെ വളർച്ച കൂടാതെ അതിന്മേൽ വിജയം നേടാൻ കഴിയുമെന്നതിന് ഒരുറപ്പുമില്ല… തൊഴിലാളിവർഗത്തെ സംഘടിപ്പിച്ചുകൊണ്ടും തൊഴിലാളിവർഗത്തിന് സമരങ്ങൾ നടത്താനുള്ള സ്വാതന്ത്ര്യം സംരക്ഷിച്ചുകൊണ്ടും കൊളോണിയൽ നയത്തെയും അന്താരാഷ്‌ട്ര കൊള്ളകളെയും ചെറുത്ത് മുതലാളിത്തത്തിന്റെ വളർച്ചയെ തടയാനാവില്ല, മറിച്ച് അതെല്ലാം അതിന്റെ വേഗത വർധിപ്പിക്കുകയാണ്; മുതലാളിത്തത്തിന്റെ സാങ്കേതികവിദ്യയിൽ കൂടുതൽ ഉയർന്ന, കൂടുതൽ പരിഷ്‌കൃതമായ രീതികൾ അവലംബിക്കുന്നതിന് അതിനെ നിർബന്ധിതമാക്കുകയാണ് ചെയ്യുന്നത്. മുതലാളിത്തവും മുതലാളിത്തവുമുണ്ട്… മുതലാളിത്തത്തിന്റെ ആർത്തിയെയും അതിന്റെ ക്രൂരതയെയും തൊഴിലാളികൾക്കു മുന്നിൽ നാം എത്രത്തോളം കൂടുതൽ തുറന്നുകാണിക്കുന്നുവോ ആദ്യ ക്രമപ്രകാരമുള്ള മുതലാളിത്തത്തിന്റെ നിലനിൽപ്പ് കൂടുതൽ ദുഷ്‌കരമാകും; രണ്ടാമത്തെ ക്രമപ്രകാരമുള്ള മുതലാളിത്തത്തിലേക്ക് നിശ്ചയമായും കടക്കുമെന്നുറപ്പാണ്. ഇതാണ് നമുക്കനുയോജ്യമായത്’’; തൊഴിലാളിവർഗത്തിന് അനുയോജ്യമായത്.
‐ (മാക്‌സിം ഗോർക്കിക്ക് ലെനിൻ എഴുതിയ കത്ത്, 1911 ജനുവരി, Collected Works, Vol 34, page 438)
1912ൽ പ്രാഗിൽ ചേർന്ന ആർഎസ്‌ഡിഎൽപിയുടെ 6‐ാമത് സമ്മേളനത്തിൽ പാർട്ടിക്കുള്ളിലെ തർക്കങ്ങളും പ്രശ്‌നങ്ങളുമെല്ലാം അവസാനിച്ചില്ലെങ്കിലും ആ സമ്മേളനംകൊണ്ട് ഒരു ഫലമുണ്ടായി; ഒരു വിപ്ലവം നയിക്കാൻ തന്നോടൊപ്പം ഉറച്ചുനിൽക്കുന്ന ഒരുകൂട്ടം മുൻനിര പോരാളികളെ കണ്ടെത്താനും ഒന്നിച്ചുനിർത്താനും ലെനിന് കഴിഞ്ഞത് പ്രാഗ് സമ്മേളനത്തോടെയാണ്. സിനൊവീവ് (Zinoviev) ദമ്പതികളും കമനേവ് (Kamaneve) ദമ്പതികളും ബുഖാറിനും (Bukharin) റൈക്കോവും (Rykov) റാഡെക്കും (Radek) ലെനിനൊപ്പം ഉറച്ചുനിന്നു. മുൻപുമുതൽതന്നെ ലെനിനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ജോസഫ് സ്റ്റാലിന് ദേശീയപ്രശ്‌നം സംബന്ധിച്ച് സോഷ്യലിസ്റ്റ് കാഴ്‌ചപ്പാടുണ്ടായിരുന്ന അപൂർവം ണോൾഷെവിക് നേതാക്കളിലൊരാൾ എന്ന സവിശേഷതയുമുണ്ടായിരുന്നു. പിന്നീട് അദ്ദേഹം പ്രാവ്‌ദയുടെ സ്ഥാപക പത്രാധിപരുമായി. മറ്റൊരാളായ പ്രാവ്‌ദയുടെ പത്രാധിപസമിതിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന, അന്ന് പാർട്ടി നേതൃത്വത്തിലേക്ക് ഉയർന്നുവന്നുകൊണ്ടിരുന്ന വ്യാചെസ്ലാവ് മൊളോട്ടോവ് (Vyacheslav Molotov) വിപ്ലവാനന്തരം സോവിയറ്റ് യൂണിയനിൽ പാർട്ടിയിലും ഗവൺമെന്റിലും ഉന്നത പദവികൾ വഹിച്ച, അക്കാലത്തെ യുവനേതാവായിരുന്നു. സ്റ്റാലിന്റെ ഉറ്റ അനുയായിയായിരുന്ന മൊളോട്ടോവ് സ്റ്റാലിന്റെ മരണത്തിനുശേഷം 4 വർഷംകൂടി 1957 വരെ നേതൃനിരയിൽ തുടർന്നു. പ്രാഗ് സമ്മേളനത്തിൽ സെൻട്രൽ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സെർജൊ ഓർജോനികിദ്‌സെ (Sergo Ordzhonikize) പിൽക്കാലത്ത് സോവിയറ്റ് യൂണിയന്റെ വ്യവസായവൽക്കരണത്തിൽ വലിയ പങ്കുവഹിച്ച വ്യവസായമന്ത്രിയായിരുന്നു. ലെനിനൊപ്പം ഉറച്ചുനിന്ന് റഷ്യൻ വിപ്ലവത്തിന് നേതൃത്വം നൽകിയ ബോൾഷെവിക് പോരാളികൾ ഇവരെല്ലാമായിരുന്നു. ബോൾഷെവിക് പക്ഷത്ത് ഇക്കാലത്തെല്ലാം ലെനിനൊപ്പം നിന്നിരുന്ന മലിനോവ്‌സ്‌കി സാറിസ്റ്റ് ചാരനായിരുന്നുവെന്ന് പിന്നീട് കണ്ടെത്തുകയും വധശിക്ഷ നൽകുകയും ചെയ്‌തു. മലിനോവ്‌സ്‌കിയുടെ ചരിത്രം മുൻപൊരവസരത്തിൽ പറഞ്ഞതുകൊണ്ട് ആവർത്തിക്കുന്നില്ല. മെൻഷെവിക് പക്ഷത്ത് നിന്നിരുന്ന ലിയോൺ ട്രോട്‌സ്‌കി പിൽക്കാലത്ത്, പ്രത്യേകിച്ചും 1917 കാലത്ത്, ബോൾഷെവിക് പക്ഷത്ത് ചേർന്നെങ്കിലും ലെനിന്റെ മരണാനന്തരം ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ച് പുറത്താക്കപ്പെട്ടു.
ലെനിന്റെ വ്യക്തിജീവിതത്തിലും രാഷ്‌ട്രീയ ജീവിതത്തിലും ഒരേപോലെ സ്വാധീനം ചെലുത്തിയ ഇന്നെസ അർമാന്ദിനെ അദ്ദേഹം കണ്ടുമുട്ടുന്നതും ഏറെക്കുറെ ഇതേ കാലത്താണ്. ഇന്നെസ 1910ലാണ് ലെനിനെ കണ്ടുമുട്ടുന്നതും സൗഹൃദം സ്ഥാപിക്കുന്നതും. ഫ്രഞ്ച് ഓപെറ ഗായകന്റെയും ഇംഗ്ലീഷ് നടിയുടെയും മകളായ ഇന്നെസ അടിയുറച്ച ബോൾഷെവിക്കായിരുന്നു. പാരിസിൽ ജനിച്ച് മോസ്‌കോയിൽ വളർന്ന ഇന്നെസ സന്പന്നനായ ഒരു വ്യവസായിയുടെ മകനെ വിവാഹം കഴിച്ചു. കർഷകരുടെ കുട്ടികൾക്ക് പഠിക്കാനായി ഇന്നെസയും ഭർത്താവ് അലക്‌സാണ്ടർ അർമാന്ദും മോസ്‌കോയ്‌ക്ക് സമീപം ഒരു സ്‌കൂൾ തുറന്നു. ഇന്നെസയെ ലെനിനുമായും ക്രൂപ്‌സ്‌കായയുമായും ബന്ധപ്പെടാൻ ഇടയാക്കിയത് ഈ വിദ്യാഭ്യാസപ്രവർത്തനമാണ്. ഭർത്താവുമായി പിണങ്ങാതെ തന്നെ വഴിപിരിഞ്ഞ ഇന്നെസ തുടർന്ന് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിലെ ബോൾഷെവിക് വിഭാഗത്തിന്റെ ഒളിവ് പ്രവർത്തനത്തിൽ പൂർണമായും മുഴുകി; 1907ൽ സാറിസ്റ്റ് പൊലീസ് അവരെ അറസ്റ്റ് ചെയ്‌ത് സൈബീരിയയിലേക്ക് നാടുകടത്തി; അവിടെനിന്ന് കാലാവധി പൂർത്തിയാകും മുൻപ് രക്ഷപ്പെട്ട ഇന്നെസ പാരീസിലെത്തിയശേഷമാണ് ലെനിനെയും ക്രൂപ്‌സ്‌കായയെയും കണ്ടുമുട്ടുന്നത്. അതിസുന്ദരിയായ ഇന്നെസ ഉശിരൻ ബോൾഷെവിക് പോരാളിയായിരുന്നു. ഫ്രഞ്ച്, ഇംഗ്ലീഷ്, റഷ്യൻ ഭാഷകൾ ഒരേപോലെ അനായാസം എഴുതാനും വായിക്കാനും കഴിയുമായിരുന്ന ഇന്നെസ പാരീസിൽ ലെനിന്റെ പ്രസംഗങ്ങൾ ഫ്രഞ്ചിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു. ‘‘വളരെവേഗം തന്നെ പാരീസിലെ ഞങ്ങളുടെ ചെറുസംഘം അവർക്കു ചുറ്റും ഒത്തുകൂടി’’ എന്നാണ് ക്രൂപ്‌സ്‌കായ എഴുതുന്നത്.
ലെനിനുമായിട്ടുള്ള ഇന്നെസയുടെ അതിവൈകാരികമായ ആത്മബന്ധം അപവാദപ്രചരണങ്ങൾക്ക് ഇടവരുത്തിയിരുന്നു. ലെനിനും ഇന്നെസയും ക്രൂപ്‌സ്‌കായയും തമ്മിലുള്ള സ്‌നിഗ്‌ധമായ ആ സൗഹൃദം, വ്യാഖ്യാനങ്ങൾക്കും ബൂർഷ്വാ രീതികൾക്കും അപ്പുറമായിരുന്നതുകൊണ്ടുതന്നെ വസ്‌തുതകളുടെയൊന്നും പിൻബലമില്ലാതെ ചില ജീവചരിത്രകാരർ ഇന്നെസയെ ലെനിന്റെ ‘കാമുകി’യായും ‘വെപ്പാട്ടി’യായും നിറംപിടിപ്പിച്ച കഥകൾ മെനഞ്ഞിട്ടുണ്ട്. എന്നാൽ ലാർസ് ടി ലിയുടെ ‘ലെനിൻ’ എന്ന ജീവചരിത്രകൃതിയിലെ വ്യത്യസ്‌തമായ ഒരു വിവരണം നമുക്ക് വായിക്കാം: ‘‘എന്നാൽ (ഇവർ ചൂണ്ടിക്കാണിക്കുന്ന) തെളിവുകൾ സാന്ദർഭികവും സ്ഥിരീകരിക്കാനാവാത്തതുമാണ്; ഇതുസംബന്ധിച്ച് പറയുന്നതെല്ലാം അവിശ്വസനീയവും സ്ഥിരീകരിക്കാനാവാത്തവയുമാണ്. ലെനിന്റെയും ഇന്നെസയുടെയും ക്രൂപ്‌സ്‌കായയുടെയും കത്തിടപാടുകളും മറ്റു രേഖകളും വായിച്ചശേഷം ഞാനെത്തിച്ചേർന്ന നിഗമനം ലെനിനും ഇന്നെസയും തമ്മിൽ ‘വഴിവിട്ട ബന്ധ’മൊന്നുമുണ്ടായിരുന്നില്ലായെന്നാണ്’’ (ലാർസ് ടി ലി, Lenin: A Political Biography, Page 116)
ലെനിന്റെ മറ്റൊരു ജീവചരിത്രകാരനായ ക്രിസ്റ്റഫർ റീഡിന്റെ വാക്കുകൾ കൂടി നോക്കാം: ‘‘ഒരു കുടുംബമായി മാറിയിരുന്നില്ലെങ്കിലും ഇവർ മൂവരും തമ്മിലുള്ള ബന്ധം ചെർണിഷേവ്‌സ്‌കിയൻ തത്വങ്ങൾ പിന്തുടരുന്നതായിരുന്നു. അന്തിമമായി, ലെനിൻ ക്രൂപ്‌സ്‌കായയ്‌ക്കുവേണ്ടി ഒരു വൈരാഗിയെപ്പോലെ ഇന്നെസയെ ഒഴിവാക്കിയിരുന്നു. ലെനിനെ സംബന്ധിച്ചിടത്തോളം വിപ്ലവത്തിന്റെ താൽപര്യങ്ങളായിരുന്നു ഒന്നാമത്. എന്നിരുന്നാലും ഇവർ മൂന്നുപേരും തമ്മിലുള്ള സഹകരണവും ഉറ്റ സൗഹൃദവും തുടർന്നിരുന്നു.’’ (Lenin: A Revolutionary Life Christopher Read Page 103)
ലെനിനുമായുള്ള ഇന്നെസയുടെ ബന്ധത്തെ അദ്ദേഹത്തിന്റെ ‘നായിക’യെന്നോ ‘പ്രണയിനി’യെന്നോ ഒന്നും കുറച്ചുകാണാനാവില്ല. ലെനിന്റെ തികഞ്ഞ വിശ്വസ്‌തയായോ പ്രാണസുഹൃത്തായോ ആണ് ഇന്നെസയെ കാണേണ്ടത്. ഒരുപക്ഷേ അദ്ദേഹത്തിന്റെ അടുത്ത സുഹൃദ്‌വലയത്തിൽ ഉൾപ്പെട്ടിരുന്ന, കുടുംബാംഗങ്ങൾക്ക് പുറത്തുള്ള ഏക സ്‌ത്രീയായിരുന്നു ഇന്നെസ എന്ന് പറയാവുന്നതാണ്. ലെനിന്റെ വ്യക്തിത്വത്തിന്റെ എല്ലാ വശങ്ങളും എല്ലാ സവിശേഷതകളും അടുത്തുനിന്ന് നിരീക്ഷിക്കാനുള്ള പൂർണമായ അവസരം ഇന്നെസയ്‌ക്കുണ്ടായിരുന്നു. ലെനിനുനേരെ നടന്നിരുന്ന വിഭാഗീയമായ ആക്രമണങ്ങളുടെ ആഘാതം ഒരുപക്ഷേ ഏറ്റവുമധികം ഏൽക്കേണ്ടിവന്നിരുന്നതും ഇന്നെസക്കായിരുന്നുവെന്നാണ് ലാർസ് ടി ലി എഴുതുന്നത്. 1914ൽ ബ്രസൽസിൽവെച്ച് ചേർന്ന അന്താരാഷ്‌ട്ര സോഷ്യലിസ്റ്റ് സമ്മേളനത്തിൽ ബോൾഷെവിക് പാർട്ടിയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ ലെനിൻ നിയോഗിച്ചത് ഇന്നെസയെയായിരുന്നു. ആ സമ്മേളനം അംഗീകരിക്കാതിരുന്ന യുദ്ധത്തിനെതിരായ ശരിയായ ബോൾഷെവിക് നിലപാടിനുവേണ്ടി അവിടെ വിട്ടുവീഴ്‌ച കൂടാതെ ഉറച്ചുനിന്നു വാദിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു. താനാണ് ആ സമ്മേളനത്തിൽ പങ്കെടുത്തിരുന്നതെങ്കിൽ ദേഷ്യംകൊണ്ട് പൊട്ടിത്തെറിക്കുമായിരുന്നുവെന്ന് പറഞ്ഞ് ലെനിൻ അവരോടുള്ള ഹൃദയംനിറഞ്ഞ നന്ദി പ്രകടിപ്പിക്കുകയും ചെയ്‌തു.
എന്നാൽ, അതേസമയം എല്ലാ കാര്യങ്ങളിലുമുള്ള ലെനിന്റെ നിശ്ചയദാർഢ്യവും ശുഭപ്രതീക്ഷയും എത്രത്തോളമാണെന്ന് വളരെ അടുത്തുനിന്ന് നിരീക്ഷിക്കാനുള്ള അവസരം ഇന്നെസയ്‌ക്ക് ലഭിച്ചിട്ടുമുണ്ട്. ഫ്രഞ്ച് സോഷ്യലിസ്റ്റ് നേതാക്കളായ പോൾ ലഫാർഗിന്റെയും ലോറ ലഫാർഗിന്റെയും ശവസംസ്‌കാരവേളയിൽ (1911) ലെനിൻ നടത്തിയ പ്രസംഗം ഫ്രഞ്ച് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത് ഇന്നെസയായിരുന്നു. കാറൽ മാർക്‌സിന്റെ മകളായ ലോറയും അവരുടെ ജീവിതപങ്കാളിയായ പോൾ ലഫാർഗും തങ്ങൾക്ക് ഇനി ജീവിതകാലത്ത് പ്രസ്ഥാനത്തിനുവേണ്ടി ഒന്നും ചെയ്യാനില്ല എന്ന സ്വയം നിഗമനത്തിലാണ് ജീവിതത്തോട് വിടപറഞ്ഞത്. ആ സന്ദർഭത്തിൽ ലെനിൻ നടത്തിയ പ്രസംഗം ഇങ്ങനെയായിരുന്നു:
‘‘ലഫാർഗ് തന്റെ ജീവിതമാകെ സമർപ്പിക്കപ്പെട്ട ലക്ഷ്യം അതിവേഗം എങ്ങനെയാണ് വിജയത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നതെന്ന് തികഞ്ഞ വ്യക്തതയോടെ നമുക്കിപ്പോൾ കാണാൻ കഴിയുന്നു. ഏഷ്യയിലുടനീളമുള്ള ജനാധിപത്യ വിപ്ലവത്തിന്റെ ഘട്ടത്തിലേക്ക് റഷ്യൻ വിപ്ലവം കടന്നിരിക്കുകയാണ്; പരിഷ്‌കൃത ലോകത്താകെയുള്ള ജനാധിപത്യ പ്രസ്ഥാനത്തിൽ 80 കോടി ജനങ്ങൾ ഇപ്പോൾ അണിനിരക്കുകയാണ്. യൂറോപ്പിൽ സമാധാനപരമായ ബൂർഷ്വാ പാർലമെന്റിസം അന്ത്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. അത് മാർക്‌സിസ്റ്റ് ആശയത്തിന്റെ ചൈതന്യം ഉൾകൊള്ളുകയും സംഘടിതരാവുകയും ചെയ്‌ത തൊഴിലാളിവർഗം നടത്തുന്ന വിപ്ലവ പോരാട്ടങ്ങളുടെ യുഗത്തിന് വഴിമാറുകയാണ്; അതാകട്ടെ ബൂർഷ്വാവാഴ്‌ചയെ തകർക്കുകയും കമ്യൂണിസ്റ്റ് വ്യവസ്ഥ സ്ഥാപിക്കുകയും ചെയ്യും’’. (Lenin, Collected Works, Vol: 17 Page 305)
1905ലെ വിപ്ലവത്തേക്കാൾ കൂടുതൽ വലിയൊരു വിപ്ലവത്തിന്റെ തുടക്കത്തിലേക്കാണ് റഷ്യ അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന ലെനിന്റെ ദീർഘവീക്ഷണത്തോടെയുള്ള ഈ നിരീക്ഷണം 1912‐14 കാലത്തെ മുന്നേറ്റം സാധൂകരിച്ചു. ആ മുന്നേറ്റങ്ങളുടെ തുടർച്ചയായിരുന്നു 1917ലെ വിപ്ലവം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങൾ ദ്രുതഗതിയിലുള്ള സാമൂഹിക‐സാന്പത്തിക മാറ്റത്തിന്റെ കാലമായിരുന്നു. മുതലാളിത്തം വികസിച്ചുകൊണ്ടിരിക്കുന്നതിന്റെ ഗതിക്രമത്തെക്കുറിച്ചും വേഗതയെക്കുറിച്ചും ലെനിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു. മുതലാളിത്തം കരുത്താർജിച്ച് വളരുന്നത് ഇടതുപക്ഷക്കാരായി അറിയപ്പെടുന്ന പലരെയും നിരാശപ്പെടുത്തിയെങ്കിൽ ലെനിനെ അതൽപംപോലും ദുഃഖിപ്പിക്കുകയോ നിരാശപ്പെടുത്തുകയോ ചെയ്‌തില്ല. പോൾ ലഫാർഗിന്റെയും ലോറ ലഫാർഗിന്റെയും ശവസംസ്‌കാരവേളയിൽ 1911 അവസാനം നടത്തിയ പ്രസംഗത്തിൽ പ്രതിഫലിക്കുന്നത് പുതിയ സംഭവവികാസങ്ങളിലുള്ള ലെനിന്റെ പ്രതീക്ഷയാണ്.
1911 ജനുവരിയിൽ മാക്‌സിം ഗോർക്കിക്കെഴുതിയ കത്തിൽ ലെനിൻ വ്യക്തമാക്കുന്നത് മുതലാളിത്തം നിലനിൽക്കുന്നിടത്തെല്ലാം അത് തൊഴിലാളികളുടെ ജീവിതത്തെ തകർക്കുമെന്നും അത് ചൂണ്ടിക്കാണിച്ച് മുതലാളിത്തത്തിനെതിരെ തൊഴിലാളികളെ അണിനിരത്തേണ്ടത് സോഷ്യലിസ്റ്റുകളുടെ കടമയാണെന്നുമാണ്. ‘‘മൂലധനം നിങ്ങളെ നശിപ്പിക്കുന്നു. അത് പേർഷ്യക്കാരെയും നശിപ്പിക്കും; മുതലാളിത്തത്തെ നിങ്ങൾ നശിപ്പിക്കുന്നതുവരെ അതെല്ലാവരെയും നശിപ്പിച്ചുകൊണ്ടേയിരിക്കും’’. മൂലധനത്തിന്റെ ആക്രമണം ശക്തിപ്പെടുന്നതിനനുസരിച്ച് തൊഴിലാളിവർഗത്തിന്റെ ചെറുത്തുനിൽപ്പും ശക്തിപ്പെടുമെന്നും ലെനിൻ ചൂണ്ടിക്കാണിച്ചു.
നാലാം ഡൂമയിലേക്ക് അടുത്തുതന്നെ നടക്കാൻപോകുന്ന തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് 1912 മെയ് 10ന് Political Parties in Russia എന്ന ശീർഷകത്തിൽ സ്വെസ്‌ദ (Zvexda)യിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഈ ആശയം അദ്ദേഹം കൂടുതൽ വ്യക്തതയോടെ അവതരിപ്പിച്ചിട്ടുണ്ട്. പാർലമെന്ററി രാഷ്‌ട്രീയത്തിൽ ഇടപെടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ലെനിൻ ഇതിൽ വിശദീകരിക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു: ‘‘ഒരു രാജ്യത്ത് രാഷ്‌ട്രീയ സ്വാതന്ത്ര്യം എത്രത്തോളം കൂടുതൽ ലഭിക്കുന്നുവോ, ആ രാജ്യത്തെ പ്രാതിനിധ്യ സ്ഥാപനങ്ങൾ എത്രത്തോളം കൂടുതൽ സുസ്ഥിരവും ജനാധിപത്യപരവുമാകുന്നുവോ അത്രത്തോളം അനായാസമായി ജനങ്ങൾക്ക് രാഷ്‌ട്രീയപാർട്ടികൾ തമ്മിലുള്ള പോരിൽ തങ്ങൾ ഏതു പക്ഷത്ത് നിൽക്കണമെന്ന് കണ്ടെത്താനാകും; ശരിയായവിധം രാഷ്‌ട്രീയം പഠിക്കാൻ, അതായത്, വഞ്ചനകളെ തുറന്നുകാണിക്കാനും സത്യം തിരിച്ചറിയാനും അപ്പോൾ എളുപ്പമാകും.’’ (Collected Works, Volume 18, Page 45) 1913 മെയ് 7ന് പ്രാവ്‌ദയിൽ എഴുതിയ The Awakening of Asia എന്ന സുപ്രധാനവും ഹ്രസ്വവുമായ ലേഖനത്തിൽ മുതലാളിത്തത്തിനെതിരായ പോരാട്ടത്തിൽ ഏഷ്യൻ രാജ്യങ്ങൾ എങ്ങനെയാണ് അതിവേഗം അണിചേരുന്നതെന്ന് ലെനിൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. 1913ൽ സെന്റ് പീറ്റേഴ്‌സ്‌ബെർഗിൽ നടന്ന തൊഴിലാളി പണിമുടക്കുകളെയും പ്രകടനങ്ങളെയും സംബന്ധിച്ച ലെനിന്റെ ലേഖനങ്ങൾ വെളിപ്പെടുത്തുന്നത് തൊഴിലാളിവർഗ നേതൃത്വം സംബന്ധിച്ച തന്റെ മൗലികമായ കാഴ്‌ചപ്പാട് 1905ലെ വിപ്ലവത്തിനുശേഷം വീണ്ടും യാഥാർഥ്യമാവുകയാണെന്ന ആശയമാണ്.
1890കളിലേതുപോലെതന്നെ ജനങ്ങളെ പ്രവർത്തനനിരതരാക്കുന്നതിന്, പ്രക്ഷോഭത്തിൽ അണിനിരത്തുന്നതിന് സോഷ്യൽ ഡെമോക്രാറ്റിക് ആശയത്തിന്റെ ശക്തിയിൽ തന്നെയാണ് ലെനിൻ അടിയുറച്ച് നിന്നത്. ഈ പശ്ചാത്തലത്തിൽ 1913ൽ സെന്റ് പീറ്റേഴ്‌സ്‌ബെർഗിലെ വളരെ ചെറിയൊരു ഗ്രൂപ്പാണ്, ബോൾഷെവിക് ഗ്രൂപ്പാണ്, സോഷ്യൽ ഡെമോക്രാറ്റിക് ആശയം മുന്നോട്ടുവെച്ചതെങ്കിലും റഷ്യയിലുടനീളം അതിന്റെ സ്വാധീനം പടർന്നുപിടിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നൂറുകണക്കിന് തൊഴിലാളികൾ ഉൾപ്പെടുന്ന സെന്റ് പീറ്റേഴ്‌സ്‌ബെർഗിലെ രഹസ്യസംഘടന ‘സെന്റ് പീറ്റേഴ്‌സ്‌ബെർഗിലെ തൊഴിലാളിവർഗത്തിന്റെ കാതലായ വിഭാഗ’മാണെന്നും റഷ്യയിലെ തൊഴിലാളിവർഗമൊന്നടങ്കം ഇവരെ ബഹുമാനിക്കുകയും ആദരിക്കുകയുമാണെന്നും ലെനിൻ 1913ലെ May Day Action by the Revolutionary Proletariat എന്ന കൃതിയിൽ രേഖപ്പെടുത്തി.
പണിമുടക്കാഹ്വാനത്തെ തൊഴിലാളികൾ ആവേശപൂർവമാണ് സ്വാഗതം ചെയ്‌തത്. രണ്ടരലക്ഷം തൊഴിലാളികൾ ഒറ്റക്കെട്ടായി പണിമുടക്കുകളിലും പ്രകടനങ്ങളിലും പങ്കെടുത്തു. ‘‘വിപ്ലവഗാനങ്ങൾ ആലപിച്ച്, ഉച്ചത്തിൽ വിപ്ലവാഹ്വാനങ്ങൾ മുഴക്കി, രക്തപതാകകൾ വീശി, തലസ്ഥാനത്തും പ്രാന്തപ്രദേശങ്ങളിലും ഒരറ്റംമുതൽ മറ്റേ അറ്റംവരെ തൊഴിലാളികൾ കൂട്ടംകൂട്ടമായി ഒഴുകി; പൊലീസിന്റെയും ഒക്രാനയുടെയും (സുരക്ഷാ പൊലീസ്) ആക്രമണങ്ങളെ മണിക്കൂറുകളോളം നേരിട്ടുകൊണ്ടാണ് ആ മഹാപ്രകടനം നീങ്ങിയത്.’’ എന്നാണ് പ്രാവ്‌ദ റിപ്പോർട്ട് ചെയ്‌തത്. സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന്, ജനാധിപത്യ റിപ്പബ്ലിക് സ്ഥാപിക്കുന്നതിനുള്ള വിപ്ലവം നടത്തുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന സന്ദേശമാണ് ലഘുലേഖകളും തൊഴിലാളികളുടെ പ്രസംഗങ്ങളുമെല്ലാം നൽകിയത്. ഈ സന്ദേശം സെന്റ്‌പീറ്റേഴ്‌സ്‌ബെർഗിന്റെ അതിരുകൾക്കുള്ളിൽ ഒതുങ്ങിനിന്നില്ല. വിപ്ലവത്തിന്റെ സന്ദേശവും പ്രക്ഷോഭവും വ്യാവസായിക തൊഴിലാളിവർഗത്തിന് അടിസ്ഥാനാവകാശങ്ങൾ നിഷേധിക്കപ്പെട്ടവരും അതിദയനീയ സാഹചര്യത്തിൽ കഴിയുന്നവരുമായ അധ്വാനിക്കുന്ന ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞു. വാസ്‌തവത്തിൽ, റഷ്യൻ തൊഴിലാളിവർഗം അതിവേഗം വിപ്ലവത്തിന്റെ പാതയിലൂടെ മുന്നേറുകയാണെന്ന് ലോകത്തെയാകെ ബോധ്യപ്പെടുത്താൻ മെയ്‌ദിന പണിമുടക്കിനും പ്രകടനങ്ങൾക്കും കഴിഞ്ഞുവെന്നാണ് ലെനിൻ വിലയിരുത്തിയത്.
അങ്ങനെ സെന്റ് പീറ്റേഴ്‌സ്‌ബെർഗിൽ ഒളിവിൽ പ്രവർത്തിച്ചിരുന്ന ചെറിയൊരു ബോൾഷെവിക് ഗ്രൂപ്പിന് ലോകത്തിനാകെ ഒരു സന്ദേശമെത്തിക്കാൻ കഴിഞ്ഞു. അതെന്തുകൊണ്ടെന്നും ലെനിൻ വിലയിരുത്തുന്നുണ്ട്. സാറിസ്റ്റ് ഭരണത്തിൽ ദശലക്ഷക്കണക്കിന് തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതംനിറഞ്ഞ ജീവിതത്തിന് അറുതിവരുത്താൻ വിപ്ലവപോരാട്ടത്തിനു കഴിയുമെന്ന യാഥാർഥ്യം അവരെ ബോധ്യപ്പെടുത്താൻ ആ ചെറിയ ഗ്രൂപ്പിന് കഴിഞ്ഞതുകൊണ്ടാണ് ആവേശഭരിതരായ തൊഴിലാളികൾ പണിമുടക്കി തെരുവിലിറങ്ങിയതെന്നും ലെനിൻ കൃത്യമായി വിലയിരുത്തി. ഒന്നാംലോകയുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ടുമുന്പ്, 1914 ജൂലൈയിൽ ലെനിൻ ഇന്നെസ അർമാന്ദിന് ‘റഷ്യയിലെ ആസന്നമായ വിപ്ലവത്തിന് അഭിവാദ്യങ്ങൾ’ അർപ്പിച്ച് ഒരു സന്ദേശമയച്ചിരുന്നു. വിപ്ലവപോരാട്ടങ്ങളുട ഒരു യുഗം’ ആസന്നമായി എന്നും അത് റഷ്യയിൽ മാത്രമല്ല, ലോകത്താകെയാണെന്നും ലെനിൻ കരുതി. കൃത്യം മൂന്നുവർഷത്തിനകം റഷ്യയിൽ വിപ്ലവം യാഥാർഥ്യമായി. പശ്ചിമ യൂറോപ്പിലാകെ തൊഴിലാളികളുടെ വിപ്ലവപോരാട്ടങ്ങൾ നടന്നെങ്കിലും അവ വിജയത്തിലെത്തിയില്ല. ഏഷ്യൻ രാജ്യങ്ങളിൽ ദേശീയ വിമോചനപോരാട്ടങ്ങൾ സജീവമാകാനും തുടങ്ങി.
ലെനിന്റെ വിപ്ലവ സങ്കൽപനങ്ങളെക്കുറിച്ച് ലാർസ് ടി ലി ഇങ്ങനെ വിലയിരുത്തുന്നു: ‘‘മിക്ക മാർക്‌സിസ്റ്റുകളെ സംബന്ധിച്ചും ജനാധിപത്യവിപ്ലവമെന്നാൽ ഒരു ബൂർഷ്വാ വിപ്ലവം മാത്രമായിക്കും‐ മുന്നോട്ടുപോകാൻ അവശ്യംവേണ്ട ഒരു ചുവടുവെയ്‌പ്; പക്ഷേ അത് നിരാശപ്പെടുത്തുന്നതുമാണ്; കാരണം തുടർന്നുള്ള ദീർഘകാലത്തേക്ക് ബൂർഷ്വാ ആധിപത്യമായിരിക്കുമെന്നതുതന്നെ. സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ അജൻഡ മാറ്റിവെച്ചിട്ട്, ബൂർഷ്വാ വിപ്ലവം വിജയിപ്പിക്കാനായി പ്രവർത്തിക്കുകയെന്നത് ശരിക്കുമൊരു പരിമിതിതന്നെയാണ്; പക്ഷേ അത് ഒഴിവാക്കാനാക്കാനാവാത്തതുമായിരുന്നു. 1905ലെ വിപ്ലവം പൂർണമായും ഒരു ബൂർഷ്വാ, രാഷ്‌ട്രീയ ജനാധിപത്യസ്വഭാവത്തിലുള്ളതായിരുന്നുവെന്നു തന്നെയാണ് ലെനിനും വിലയിരുത്തിയത്. എന്നാൽ അതിന്റെ ചരിത്രപരമായ അർഥം സോഷ്യലിസ്റ്റ് വിപ്ലവത്തിന് വഴിയൊരുക്കലാണ് എന്നും അദ്ദേഹം വിലയിരുത്തി. എന്നാൽ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം 1905ലെ സംഭവങ്ങളിൽ വൈകാരികമായി ഒറ്റപ്പെട്ടതായി ഒന്നുമുണ്ടായിരുന്നില്ല. വിശാലമായ ഒരു ദേശീയ ഇതിഹാസമായാണ് അദ്ദേഹം ആ സംഭവങ്ങളെ കണ്ടത്‐ സ്വാതന്ത്ര്യം നേടിയെടുക്കാനും റഷ്യയെ പുനരുജ്ജീവിപ്പിക്കാനുമായി ജനസാമാന്യം നടത്തിയ ധീരോദാത്തമായ പോരാട്ടം’’ (Lenin: Larse T Lih Page 119) 1905ലെ വിപ്ലവത്തിന്റെ കൂടുതൽ വിശാലവും ഉയർന്നതുമായ രൂപമാണ് ആസന്നമാകുന്നത് എന്നാണ് 1914ൽ ലെനിൻ വിലയിരുത്തിയത്. അതായത് ബൂർഷ്വാ ജനാധിപത്യവിപ്ലവത്തിനായി തൊഴിലാളിവർഗത്തിന്റെ നേതൃത്വത്തിലുള്ള പോരാട്ടം. 1917 ഫെബ്രുവരിയിൽ നടന്നത് അങ്ങനെ തന്നെയായിരുന്നുവെന്നതും ചരിത്രം.
ഈ കാലത്ത് (1910 ഡിസംബർ) ലെനിൻ സ്വസ്‌ദ എന്ന ബോൾഷെവിക് പ്രസിദ്ധീകരണത്തിൽ എഴുതിയ ഒരു ലേഖനത്തിൽ (Certain Features of the Historical Development of Marxism) മാർക്‌സിസത്തെ ഒരു സൂത്രവാക്യമായിട്ടോ സദാ ഇരുവിട്ടുകൊണ്ടിരിക്കേണ്ട വേദമന്ത്രമായോ അല്ല കാണേണ്ടതെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. ഇത് സ്ഥാപിക്കുന്നതിന് അദ്ദേഹം എംഗത്സിന്റെ ഈ വാക്കുകൾ ഉദ്ധരിക്കുന്നുമുണ്ട്: ‘‘ഞങ്ങളുടെ സിദ്ധാന്തം (അതായത് എംഗത്സിന്റെയും മാർക്‌സിന്റെയും സിദ്ധാന്തം) സദാ ഉരുവിട്ടുകൊണ്ടിരിക്കേണ്ട വേദമന്ത്രമല്ല, മറിച്ച് പ്രവർത്തനത്തിനുള്ള ഒരു വഴികാട്ടിയാണ്’’. മാർക്‌സിസം കേവലമൊരു സാങ്കൽപികാദർശ ലോകത്തെക്കുറിച്ചല്ല പറയുന്നതെന്നും അത്തരമെല്ലാ ഉട്ടോപ്പിയകൾക്കും മാർക്‌സിസം എതിരാണെന്നും ലെനിൻ വ്യക്തമാക്കുന്നുണ്ട്. 1899ൽ Our Programme ൽ അദ്ദേഹം പറഞ്ഞ നിലപാടിന് കൂടുതൽ വ്യക്തത വരുത്തുകയാണ് 1910‐12 കാലത്ത് സ്വെസ്‌ദയിലും പ്രാവ്‌ദയിലുമെഴുതിയ ലേഖനങ്ങളിൽ. അദ്ദേഹം നിരന്തരം ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ നിരീക്ഷിക്കുകയും അവയുടെ അടിസ്ഥാനത്തിൽ തന്റെ സൈദ്ധാന്തിക ധാരണകൾക്ക് വ്യക്തത വരുത്തുകയുമായിരുന്നു. അതായത് പ്രയോഗവും സിദ്ധാന്തവും തമ്മിൽ പൊരുത്തപ്പെടുത്തൽ.
ഇസ്‌ക്ര മെൻഷെവിക്കുകളുടെ കൈയിലാവുകയും പ്രോലിത്താറി ഇടതുപക്ഷ തീവ്രവാദികളുടെ കൈവശമാവുകയും ചെയ്‌തതിനെത്തുടർന്ന് തന്റെ ആശയങ്ങളും നിലപാടുകളും പ്രചരിപ്പിക്കുന്നതിനായി ലെനിന്റെ മുൻകൈയോടെ പുതിയ രണ്ട് പ്രസിദ്ധീകരണങ്ങൾ ഈ ഘട്ടത്തിൽ പുറത്തിറക്കുന്നുണ്ട്. ഡൂമയിലെ സോഷ്യൽ ഡെമോക്രാറ്റിക് വിഭാഗത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായി സ്വെസ്‌ദ (Zvezda‐ നക്ഷത്രം) 1910‐12 കാലത്ത് പ്രസിദ്ധീകരിച്ചു. ബോൾഷെവിക്കായ ബോഞ്ച് ബ്രുയേവിച്ചിനായിരുന്നു (Bonch Bruyevich) എഡിറ്റോറിയൽ നിയന്ത്രണം. 1912 വരെ ഈ മാഗസിൻ പുറത്തിറക്കി. 1912 മെയ് 5ന്‐ കാറൽ മാർക്‌സിന്റെ ജന്മദിനത്തിൽ‐ ജോസഫ് സ്റ്റാലിന്റെ പത്രാധിപത്യത്തിൽ പ്രാവ്‌ദ (Pravda‐ സത്യം) ബോൾഷെവിക് പാർട്ടിയുടെ മുഖപത്രമായി ആരംഭിച്ചതോടെ സ്വെസ്‌ദ പ്രസിദ്ധീകരണം നിർത്തി.
1912 മെയ് 5ന് ആർഎസ്‌ഡിഎൽപി ബോൾഷെവിക് വിഭാഗത്തിന്റെ മുഖപത്രമായി പ്രാവ്‌ദ പ്രസിദ്ധീകരണം തുടങ്ങും മുന്പ് 1903ൽ സന്പന്നനായ റെയിൽവേ എൻജിനീയർ വി എ കൊഷേവ് നിക്കോവ് ഇതേ പേരിൽ ഒരു പ്രസിദ്ധീകരണം ആരംഭിച്ചിരുന്നു. 1905ൽ ഇതിന്റെ പത്രാധിപത്യം ബോഗ്‌ദനോവിനെ ഏൽപിച്ചെങ്കിലും ഉടമസ്ഥനുമായുള്ള തർക്കങ്ങളെത്തുടർന്ന് ബോഗ്‌ദനോവ് പുറത്തായി. തുടർന്ന് 1908 മുതൽ കുറേക്കാലം മെൻഷെവിക്കുകൾ അത് ഏറ്റെടുക്കുകയും ട്രോട്‌സ്‌കി പത്രാധിപരായി പ്രവർത്തിക്കുകയും ചെയ്‌തിരുന്നു. അത് പ്രസിദ്ധീകരണം നിർത്തിയതിനെത്തുടർന്ന് ലെനിൻ മുൻകൈയെടുത്ത് അതേ പേരിൽ പുതിയ പ്രസിദ്ധീകരണം ആരംഭിക്കുകയാണുണ്ടായത്. സ്റ്റാലിൻ മുഖ്യപത്രാധിപരും യാക്കോവ് സ്വർദലോവ്, മിരോൺ ചെർണോമസോവ്, ലെവ് സമനേവ്, വ്യാചെസ്ലാവ്, മൊളോട്ടോവ് എന്നിവരായിരുന്നു തുടക്കത്തിൽ പത്രാധിപസമിതിയിലുണ്ടായിരുന്നത്. 1914ൽ ഒന്നാം ലോകയുദ്ധം ആരംഭിച്ചതോടെ സാറിസ്റ്റ് സർക്കാർ സെൻസർഷിപ്പ് നടപ്പാക്കിയതിനെത്തുടർന്ന് പ്രാവ്‌ദയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തി. തുടർന്ന് 1917 മാർച്ചിൽ വീണ്ടും പ്രസിദ്ധീകരണമാരംഭിച്ചു. ഇപ്പോഴും റഷ്യൻ കമ്യൂണിസ്റ്റു പാർട്ടിയുടെ മുഖപത്രമായി പ്രാവ്‌ദ തുടരുന്നു.
1914ൽ യുദ്ധം ആരംഭിച്ചതോടെ അതിനോടുള്ള സമീപനത്തിന്റെ പേരിൽ സോഷ്യൽ ഡെമോക്രാറ്റുകൾക്കിടയിൽ പുതിയ ചേരിതിരിവുകൾ ഉടലെടുത്തു. l (തുടരും)




