
മാർക്‌സിനൊപ്പം ഹെഗലിലേക്കെത്തിയ ലെനിൻ
‘‘വൈരുദ്ധ്യവാദത്തെ മാർക്‌സിസ്റ്റ് സിദ്ധാന്തത്തിൽ യഥാസ്ഥാനത്ത്, അതായത് കേന്ദ്രസ്ഥാനത്തുതന്നെ പുനഃപ്രതിഷ്‌ഠിച്ച, മാർക്‌സിനുശേഷമുള്ള ആദ്യ മാർക്‌സിസ്റ്റാണ് റഷ്യൻ വിപ്ലവത്തിന്റെ മുഖ്യനേതാവായ ലെനിൻ എന്ന വസ്‌തുതയെ നാം ആഘോഷിക്കേണ്ടതുതന്നെയാണ്’’‐ Lenin, Hegel and Western Marxism; A Critical Study എന്ന തന്റെ പുസ്‌തകത്തെക്കുറിച്ച് നടന്ന ഓൺലൈൻ സംവാദത്തിൽ ഇടപെട്ട് കെവിൻ ബി ആൻഡേഴ്‌സൺ പറഞ്ഞ വാക്കുകളാണിത്. ‘‘ലെനിനെ സംബന്ധിച്ച് മാറ്റമില്ലാതെ നിലനിൽക്കുന്ന അടവുപരമായ ഒരു തത്വമുണ്ട് എന്ന വസ്‌തുത റോബർട്ട് മേയെർ ചൂണ്ടിക്കാണിക്കുന്നുണ്ട്‐ തൊഴിലാളിവർഗത്തിന്റെ താൽപര്യം. അദ്ദേഹത്തിന്റെ ചിന്തയുടെയാകെ തന്ത്രപരമായ മാർഗമെന്തെന്നതാണ് ഇതിലൂടെ നിർവചിക്കപ്പെടുന്നത്. മാർക്‌സിന്റെ മുപ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് എഴുതിയ, ‘‘കാറൽ മാർക്‌സിന്റെ സിദ്ധാന്തത്തിന്റെ ചരിത്രപരമായ ഭാഗധേയം’’ എന്ന പ്രശസ്‌ത ലേഖനത്തിൽ ലെനിൻ അത്രതന്നെ പ്രസ്‌താവിക്കുന്നുണ്ട്.
‐ Reconstructing Lenin: An Intellectual Biography. തോമസ് ക്രൗസ്, പേജ് 148
ഒന്നാം ലോകയുദ്ധത്തിന് തൊട്ടുമുമ്പും യുദ്ധത്തെ തുടർന്നുമുള്ള വർഷങ്ങളിൽ മുതലാളിത്തവികാസത്തിന്റെ നൂതന സവിശേഷതകൾ ഉജ്വലമായി വിശകലനം ചെയ്‌തുകൊണ്ട് ലെനിൻ വളരെയേറെ എഴുതിയിട്ടുണ്ട്. മാറിമാറിവരുന്ന രാഷ്‌ട്രീയപ്രവണതകൾക്കും സംഭവഗതികൾക്കുമനുസരിച്ച് തന്റെ നിലപാടുകളും ചിന്തയും അദ്ദേഹം നിരന്തരം പുനരാവിഷ്‌കരിച്ചുകൊണ്ടിരുന്നു. തൊഴിലാളിവർഗത്തിന്റെ താൽപര്യം സംരക്ഷിക്കലായിരുന്നു അദ്ദേഹത്തെ അതിന് പ്രേരിപ്പിച്ച ഘടകം. അദ്ദേഹത്തിന്റെ ജീവിതകാലത്തും മരണാന്തരമുള്ള ആദ്യവർഷങ്ങളിലും അധികം അടയാളപ്പെടുത്തപ്പെടാതെ പോയത് ഹെഗലിയൻ ചിന്തയിലേക്ക് അദ്ദേഹം തിരിഞ്ഞു എന്നതാണ്. 1914ലാണ് അദ്ദേഹം ഹെഗലിന്റെ Science of Logic വായിക്കുകയും കുറിപ്പുകളെടുക്കുകയും ചെയ്‌തത്.

സോഷ്യലിസ്റ്റ് ചിന്തയിലേക്കും പ്രവർത്തനപദ്ധതിയിലേക്കും മാർക്‌സിന്റെ രീതിശാസ്‌ത്രം ആദ്യമായി അവതരിപ്പിച്ചത് ലെനിനായിരുന്നു എന്നാണ് ലെനിന്റെ ചിന്താപദ്ധതിയെയും ജീവിതത്തെയും പ്രവർത്തനങ്ങളെയും സംബന്ധിച്ച് സമഗ്രമായ പഠനം നടത്തിയ നീൽ ഹാർഡിങ് (Leninism, Lenin`s Political Thought Vol I & II) നിരീക്ഷിക്കുന്നത്. നീൽ ഹാർഡിങ്ങിന്റെ വാക്കുകൾതന്നെ നോക്കാം: ‘‘മാർക്‌സിന്റെ ചിന്തയിലെ വൈരുദ്ധ്യാത്മക ഘടനയിൽ ഉൾച്ചേർക്കപ്പെട്ടിട്ടുള്ള ഹെഗലിയൻ അടിവേരുകളെ ലെനിൻ പുനരാവിഷ്‌കരിച്ചത് വളരെയേറെ പുതുമയുള്ള കാര്യമായിരുന്നു; ലെനിൻ അത് അക്കാലത്ത് അനുപമവും അന്യാദൃശ്യവുമായിരുന്നു അത്. മാർക്‌സിസത്തിന്റെ ആധികാരികമായ ഒരേയൊരു വ്യാഖ്യാനമാണ് ലെനിനിസം പ്രതിനിധാനം ചെയ്യുന്നതെന്നായിരുന്നു അത് ഇരുവംകൊണ്ടുവന്ന ഘട്ടത്തിലെ അതിപ്രധാനമായ അവകാശവാദത്തിന്റെ കേന്ദ്രബിന്ദു. മാർക്‌സിസത്തിന്റെയോ സോഷ്യലിസത്തിന്റെയോ മറ്റെല്ലാ രൂപഭേദങ്ങളോടും ലെനിനിസം വേറിട്ടുനിൽക്കുന്നതിന്റെ അടിസ്ഥാന കാരണം അതാണ്. ഉയർന്നുവന്ന നിമിഷംമുതൽ തന്നെ കാലക്രമമനുസരിച്ചും ആശയപരമായും ലെനിനിസം ആധുനിക ലോകത്തിലെ വേറിട്ട പ്രത്യയശാസ്‌ത്രമായിരുന്നു. മുമ്പൊരു ഘട്ടത്തിലും, യൂറോപ്യൻ സോഷ്യലിസത്തിന്റെ തേജോഗോളങ്ങളായി കരുതപ്പെട്ടിരുന്ന മഹാനേതാക്കളെ മാർക്‌സിന്റെ രീതിശാസ്‌ത്രത്തെക്കുറിച്ച് പഠിപ്പിക്കുന്നത് ശരിയാണെന്ന് ലെനിൻ കരുതിയിരുന്നില്ല. അവർ മാർക്‌സിസത്തെ വളരെയേറെ വികലമായും തെറ്റായുമാണ് അവതരിപ്പിക്കുന്നതെന്നോ അതിനെ നീർജീവമാക്കുകയാണെന്നോ അന്നേവരെ അവരോട് പറയാനുള്ള ധാർഷ്‌ട്യം ലെനിൻ പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ 1914 ആഗസ്‌തിനുശേഷം ഉരുവംകൊണ്ടുവന്ന പുതിയ സാഹചര്യത്തിൽ, തന്റെ പ്രത്യയശാസ്‌ത്രത്തിന്റെ ദാർശനികമായ അടിത്തറയെന്തെന്ന് ലെനിന് വിശദമാക്കേണ്ടതായി വന്നു.
‘‘ഈ പ്രസ്ഥാനത്തിന്റെ അധികാരസംവിധാനത്തിന്റെ കേന്ദ്ര സവിശേഷത വൈരുദ്ധ്യാത്മക ഭൗതികവാദമാണെന്നും നാം കാണുന്നു… ഈ രീതിയിൽ നോക്കിയാൽ ലെനിനിസ്റ്റ് നേതാക്കളുടെ പ്രതിപാദ്യങ്ങളെയും സംവാദങ്ങളെയും ആധികാരികവും യുക്തിയുക്തവുമാക്കുന്നതിൽ കേന്ദ്രസ്ഥാനത്തു നിൽക്കുന്നത് തത്വചിന്തയാണ്; ഇക്കാരണത്താലാണ് അവർ തത്വചിന്തയെ വിട്ടുവീഴ്‌ചയില്ലാതെ ഉയർത്തിപ്പിടിക്കുന്നതും സംരക്ഷിക്കുന്നതും.’’ (Neil Harding, Leninism Page 13, 14 Duke University Press, 1993)

മാർക്‌സിനുശേഷം ഹെഗലിന്റെ വൈരുദ്ധ്യവാദത്തെ, ആഴത്തിലുള്ള ദാർശനിക പഠനം കാറൽ മാർക്‌സ് നടത്തി ഊട്ടിയുറപ്പിച്ച ഹെഗലിയൻ വൈരുദ്ധ്യവാദത്തെ, വീണ്ടും കണ്ടെത്തുകയും ഉയർത്തിപ്പിടിക്കുകയുമാണ് ലെനിൻ ചെയ്‌തത്. 19‐ാം നൂറ്റാണ്ടിന്റെ അവസാനവും, പ്രത്യേകിച്ച് ഏംഗൽസിിന്റെ ചരമാനന്തരം 20‐ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും, രണ്ടാം ഇന്റർനാഷണലിന്റെ നേതാക്കളെയാകെ ബാധിച്ച റിവിഷനിസ്റ്റ് ജീർണതയുടെ കാരണങ്ങൾ തേടിയപ്പോഴാണ് ലെനിന് ഹെഗലിയൻ വൈരുദ്ധ്യവാദത്തിന്റെ പ്രാധാന്യം വ്യക്തമായത്. അതായത്, കേവലമായ ദാർശനിക താൽപര്യത്തിനപ്പുറം പ്രയോഗതലവുമായി ബന്ധപ്പെട്ടാണ് ലെനിൻ വൈരുദ്ധ്യവാദത്തെ സമീപിച്ചത്. യുദ്ധത്തോടുള്ള കാറൽ കൗട്‌സ്‌കിയുടെ സമീപനമാണ് രണ്ടാം ഇന്റർനാഷണൽ പൊതുവിലും ജർമൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി പ്രത്യേകിച്ചും സ്വീകരിച്ചത്. യൂറോപ്യൻ സോഷ്യൽ ഡെമോക്രസിയുടെ ആചാര്യനായി കരുതപ്പെട്ടിരുന്ന കൗട്‌സ്‌കിയടക്കം വിപ്ലവരാഷ്‌ട്രീയം കൈവെടിഞ്ഞതിന്റെ വ്യക്തമായ കാരണം ലെനിൻ തേടിപ്പോയത് അപ്പോഴാണ്. അതിനുമുമ്പൊരിക്കലും കൗട്‌സ്‌കിയോട് നേരിട്ടുള്ള ഏറ്റുമുട്ടലിന് തയ്യാറാകാതിരിക്കുകയും പലപ്പോഴും കൗട്‌സ്‌കിയെ വിപ്ലവ മാർക്‌സിസത്തിന്റെ പ്രതിനിധിയായി കരുതുകയും ചെയ്‌തിരുന്ന ലെനിൻ ഇതോടെ കൗട്‌സ്‌കിയെ ശക്തമായി തള്ളിക്കളയാൻ മുൻനിരയിൽ എത്തി. അതേസമയം അദ്ദേഹത്തിനു മുന്പുതന്നെ കൗട്‌സ്‌കിക്കെതിരെ രൂക്ഷവിമർശനം റോസ ലക്‌സംബർഗും കാറൽ റാഡെക്കും ആന്റൺ പന്നക്കോക്കും ഉയർത്തിയിരുന്നു. ഇവരിൽനിന്നെല്ലാം വ്യത്യസ്‌തമായി ലെനിൻ കൗട്സ്‌കിയുടെ റിവിഷനിസ്റ്റ് (ബേൺസ്റ്റീൻ പക്ഷത്തേക്കുള്ള) വ്യതിയാനത്തിനു പിന്നിലെ ദാർശനിക അടിവേരുകൾ കണ്ടെത്താനുംകൂടി തയ്യാറായി. കൗട്‌സിയും പ്ലെഖാനോവും മറ്റും മുന്നോട്ടുവെച്ചത്, മാർക്‌സിയൻ ദർശനത്തിന്റെ കാതലായ വൈരുദ്ധ്യാത്മക ഭൗതികവാദമല്ലെന്നതായിരുന്നു ലെനിന്റെ കണ്ടെത്തൽ. കൗട്സ്‌കിയുടെയും പ്ലെഖാനോവിന്റെയും വ്യതിയാനത്തിന്റെ മുഖ്യ കാരണം അവരെല്ലാം മാർക്‌സിസത്തിന്റെ മുഖ്യ അടിത്തറയായ ഹെഗലിയൻ വൈരുദ്ധ്യവാദത്തെ കൈവെടിഞ്ഞ് ഇമ്മാനുവൽ കാന്റിന്റെയും നിയോ കാന്റിയൻമാരുടെയും ദാർശനിക ദിശയിലൂടെ നീങ്ങിയതാണെന്ന് ലെനിൻ വ്യക്തമാക്കി.
രണ്ടാം ഇന്റർനാഷണലിന്റെ ജീർണതയിൽനിന്ന്, അവസരവാദത്തിന്റെയും റിവിഷനിസത്തിന്റെയും ചെളിക്കുണ്ടിൽനിന്ന് കരകയറുന്നതിന് വിപ്ലവ സോഷ്യൽ ഡെമോക്രസി ഹെഗലിലേക്ക് മടങ്ങേണ്ടതുണ്ടെന്ന് ലെനിൻ കണ്ടെത്തി. പുതിയ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തിയുള്ള ഹെഗൽ വായന മാർക്‌സിസത്തിന് സൈദ്ധാന്തികവും രാഷ്‌ട്രീയവുമായി കൂടുതൽ ചലനാത്മകതയും തെളിച്ചവും നൽകാൻ ലെനിനെ സഹായിച്ചു. ഹെഗലിന്റെ ആശയവാദത്തെ സംബന്ധിച്ച പ്ലെഖാനോവിന്റെ വിമർശനത്തിൽ മുന്തിനിന്നത് വൈരുദ്ധ്യവാദത്തിന്റെ പ്രാധാന്യത്തെ നിരാകരിക്കലും ബൂൾഷ്വാ ഭൗതികവാദത്തെ അഥവാ യാന്ത്രിക ഭൗതികവാദത്തെ സ്വാംശീകരിക്കലുമായിരുന്നുവെന്നാണ് ലെനിൻ കണ്ടെത്തിയത്. ആ യാന്ത്രിക ഭൗതികവാദമാണ് ബേൺസ്റ്റീനെയും പ്ലെഖാനോവിനെയും ബന്ധപ്പെടുത്തുന്ന ദാർശനികമായ കണ്ണിയെന്നും ലെനിൻ വ്യക്തമാക്കുന്നു. തന്റെ കാലഘട്ടത്തിലെ യാഥാർഥ്യങ്ങൾ മനസ്സിലാക്കുന്നതിനും ശരിയായി വിശകലനം ചെയ്യുന്നതിനുമുള്ള ഉപകരണമായി ലെനിൻ വൈരുദ്ധ്യവാദത്തെ അടയാളപ്പെടുത്തി.
ഒരു വിഭാഗം പോസ്റ്റ്‌മാർക്‌സിസ്റ്റുകളും സ്വത്വരാഷ്‌ട്രീയത്തിന്റെ വക്താക്കളും ഇമ്മാനുവൽ കാന്റിനെ ഉയർത്തിപ്പിടിക്കാനും ഒപ്പം വൈരുദ്ധ്യവാദത്തെ തള്ളിക്കളയാനും ശ്രമിക്കുന്നതിനുപിന്നിൽ മാർക്‌സിസത്തിന്റെ വിപ്ലവപരമായ അന്തസത്തയെ നിരാകരിക്കലാണെന്ന് കാണാൻ കഴിയും. മാർക്‌സിസം സൈദ്ധാന്തികമായി മേൽക്കൈ നേടിയത്, അതായത് ഒരു സിദ്ധാന്തമെന്ന നിലയിൽ മാർക്‌സിസം വിജയം വരിച്ചത്, അതിന്റെ ശത്രുക്കളെപ്പോലും സ്വയം മാർക്‌സിസ്റ്റുകളെന്ന് അടയാളപ്പെടുത്താൻ നിർബന്ധിതരാക്കി എന്നതാണ് ചരിത്രത്തിന്റെ വൈരുദ്ധ്യാത്മകതയെന്ന് ലെനിൻ തന്നെ രേഖപ്പെടുത്തുന്നുണ്ട്. ഹെഗലിയൻ വൈരുദ്ധ്യവാദത്തെ ആധുനികകാലത്തെ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുത്തിക്കൊണ്ട് മുതലാളിത്ത സമൂഹത്തിൽ പുതുതായി ഉയർന്നുവരുന്ന വൈരുദ്ധ്യങ്ങളെ വിശകലനം ചെയ്യാനുള്ള ഉപകരണമായാണ് ലെനിൻ കണ്ടത്. അങ്ങനെയാണ് വൈരുദ്ധ്യവാദത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ അറിവ് നേടുന്നതിനായി ലെനിൻ ഹെഗൽ വായനയിലേക്ക് തിരിഞ്ഞത്. ഹെഗലിനൊപ്പം റഷ്യൻ വിപ്ലവകാരിയും എഴുത്തുകാരനുമായ ചെർണി ഷേവ്‌സ്‌കിയുടെ കൃതികളും ലെനിൻ ആവർത്തിച്ചു വായിച്ചു.
ഹെഗൽ വായനയിലൂടെ വൈരുദ്ധ്യവാദത്തെക്കുറിച്ച് ലഭിച്ച ഉൾക്കാഴ്‌ചയുടെ ഫലമായാണ് ‘സാമ്രാജ്യത്വം: മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം എന്ന ഗ്രന്ഥം രചിക്കാൻ ലെനിന് കഴിഞ്ഞത്. ലോക മുതലാളിത്തത്തിന്റെ ആന്തരിക വൈരുദ്ധ്യങ്ങൾ അതിസൂക്ഷ്‌മമായി വിശകലനം ചെയ്യാനും വിപ്ലവകാരികളായ സോഷ്യൽ ഡെമോക്രാറ്റുകൾ സ്വീകരിക്കേണ്ട തന്ത്രത്തെയും അടവുകളെയും കുറിച്ച് നിരന്തരം വ്യക്തത വരുത്താനും ലെനിന് കഴിഞ്ഞത് ഹെഗൽ വായനയെ തുടർന്നാണ്.
എന്നാൽ, ഹെഗൽ വായനയിലുടെ ലെനിൻ താൻ അതേവരെ എഴുതിയതാകെ, അതേവരെയുള്ള തന്റെ നിലപാടുകളെയാകെ നിഷേധിക്കുകയായിരുന്നില്ല; മറിച്ച് ഒരു പടികൂടി മുന്നോട്ടുപോകുകയായിരുന്നു. കൂടുതൽ വ്യക്തത വരുത്തുകയായിരുന്നു. മാത്രമല്ല, ലോകയുദ്ധത്തെ തുടർന്നുണ്ടായ സങ്കീർണമായ സാഹചര്യങ്ങളെ വിശകലനംചെയ്യാൻ ഹെഗലിയൻ വൈരുദ്ധ്യവാദത്തിന്റെ സൂക്ഷ്‌മതലങ്ങൾ അറിയേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞുവെന്നതാണ് സത്യം. ഹെഗലിയൻ വൈരുദ്ധ്യവാദ ദർശനത്തിലെ ആശയവാദപരമായ സമീപനത്തിനുപകരം ഭൗതികവാദത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു ലെനിൻ. ഹെഗലിനോടുള്ള മാർക്‌സിന്റെ സമീപനം‐ തലകീഴായി നിന്ന ഹെഗലിനെ രണ്ടുകാലിൽ മണ്ണിൽ ഉറപ്പിച്ചുനിർത്തുകയായിരുന്നു താൻ എന്ന മാർക്‌സിന്റെ നിലപാട്‐ തന്നെയായിരുന്നു ലെനിന്റെ ഇക്കാര്യത്തിലെ വഴികാട്ടി. പ്ലെഖാനോവും കൗട്‌സ്‌കിയും മറ്റും ബേൺസ്റ്റീനിസത്തിലേക്ക് വഴുതിപ്പോയത് അവർ മാർക്‌സിസത്തിന്റെ ദാർശനിക അടിത്തറയായ വൈരുദ്ധ്യാത്മക ഭൗതികവാദത്തിൽനിന്ന് വൈരുദ്ധ്യവാദത്തെ പിന്തള്ളി ഭൗതികവാദത്തിന് ഊന്നൽ നൽകിയതുകൊണ്ടാണെന്ന് ലെനിൻ കൃത്യമായി അടയാളപ്പെടുത്തി.
ലെനിൻ ഭൗതികവാദ നിലപാടിൽ വിട്ടുവീഴ്‌ച ചെയ്യാതെ തന്നെ വൈരുദ്ധ്യവാദത്തെ‐ അങ്ങനെ വൈരുദ്ധ്യാത്മക ഭൗതികവാദമെന്ന മാർക്‌സിയൻ ദർശനത്തെ‐ ഉയർത്തിപ്പിടിക്കുകയാണുണ്ടായത് (മാർക്‌സ് എവിടെയാണ് വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന പ്രയോഗം നടത്തിയിട്ടുള്ളത് എന്ന ചോദ്യമുന്നയിക്കുന്ന പോസ്റ്റു മാർക്‌സിസ്റ്റുകളും ഉത്തരാധുനികരും സ്വത്വവാദികളും മാർക്‌സിസത്തെ പരിഷ്‌കരണവാദത്തിന്റെ കള്ളിയിൽ തളയ്‌ക്കാനാണ് ശ്രമിക്കുന്നത്). ലെനിൻ തന്റെ Philosophocal Notebooksൽ ഹെഗലിന്റെ Logicൽ നിന്നുള്ള ഒരുദ്ധരണിക്കൊപ്പം ചേർത്ത കുറിപ്പ് ഏറെ ശ്രദ്ധേയമാണ്. ‘‘പ്രധാന സംഗതിയെ ഹെഗൽ സമ്പൂർണമായും മറച്ചുവെച്ചു: മനുഷ്യന്റെ ബോധമണ്ഡലത്തിന്റെ പുറത്താണ് വസ്‌തുക്കൾ നിലനിൽക്കുന്നതെന്നും അതിന് ബോധമണ്ഡലത്തിൽ Consciosness) നിന്നും സ്വതന്ത്രമായ അസ്‌തിത്വമുണ്ടെന്നുള്ളതുമാണ് ഹെഗൽ മറച്ചുപിടിച്ചത് (ഊന്നലുകൾ പ്രത്യേകം ശ്രദ്ധിക്കുക)’’ (Lenin Collected Works, Volume 38, Page 293) ‘‘ആശയവാദമെന്ന തന്റെ പോരായ്‌മയെ ഹെഗൽ മറച്ചുപിടിക്കുകയാണ്’’ എന്നും ലെനിൻ രേഖപ്പെടുത്തുന്നുണ്ട് (പേജ് 89).
ഇത്രയും വ്യക്തതയോടെ, കൃത്യമായി തന്നെ, ഭൗതികവാദ നിലപാടിൽ ഉറച്ചുനിൽക്കുന്ന ലെനിനെയാണ് അദ്ദേഹത്തിന്റെ ഹെഗൽ വായന ഭൗതികവാദം കൈവെടിയുന്നിടത്തേക്കെത്തിച്ചുവെന്ന് ‘പാശ്ചാത്യ മാർക്‌സിസ്റ്റുകൾ’, ‘പോസ്റ്റ് മാർക്‌സിസ്റ്റുകൾ’ എന്നെല്ലാം അറിയപ്പെടുന്ന ‘‘പണ്ഡിതർ’’ അടയാളപ്പെടുത്തുന്നത്. ഇതൊരു വികല വായനയാണെന്ന് പറയാതിരിക്കാനാവില്ല. സ്വയം മാർക്‌സിസ്റ്റുകളെന്നു പരിചയപ്പെടുത്തുന്ന ചില പണ്ഡിതരും ഈ വ്യാഖ്യാനങ്ങൾ വെള്ളംതൊടാതെ വിഴുങ്ങി ഇവിടെ അവതരിപ്പിക്കുകയാണ്. ഇത്തരം നിലപാടുകൾക്കു പിന്നിൽ പതിയിരിക്കുന്നത് മാർക്‌സിസ്റ്റുവിരുദ്ധ അജൻഡയാണെന്ന് കാണാതിരിക്കാനുമാവില്ല. യഥാർത്ഥത്തിൽ ഇത്തരക്കാർ ആഗോള സാമ്രാജ്യത്വത്തിന്റെ അജൻഡയാണ് ഏറ്റെടുത്തിരിക്കുന്നത്. രണ്ടാംലോക യുദ്ധാനന്തരകാലത്ത് യൂറോപ്പിൽ, പ്രത്യേകിച്ചും ഫ്രാൻസിലും ഇറ്റലിയിലും മറ്റും ശക്തമായി മുന്നേറിക്കൊണ്ടിരുന്ന കമ്യൂണിസ്റ്റ് പാർട്ടികളുടെ അടിത്തറ തകരുന്നതിന് അവിടങ്ങളിലുണ്ടായ പോസ്റ്റു മാർക്‌സിസത്തിന്റെ സ്വാധീനം വലിയ പങ്കുവഹിച്ചുവെന്നതാണ് സത്യം.
The Historical Destiny of the Doctrine of Karl Marx എന്ന ശീർഷകത്തിൽ 1913 മാർച്ച് ഒന്നിന് ലെനിന് പ്രാവ്‌ദയിൽ എഴുതിയ ലേഖനം തുടങ്ങുന്നതുതന്നെ ഇങ്ങനെയാണ്: ‘‘മാർക്‌സിന്റെ സിദ്ധാന്തത്തിലെ മുഖ്യസംഗതി, സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കുന്നതിൽ തൊഴിലാളിവർഗത്തിനുള്ള ചരിത്രപരമായ പങ്കിനെ അതുയർത്തിപ്പിടിക്കുന്നുവെന്നതാണ്.’’ (Lenin Collected Works. Vol. 18, Page 582). ഈ വാക്യത്തിൽനിന്നുതന്നെ ലെനിൻ നരോദ്‌നിക്കുകളിൽ നിന്നും ബൂർഷ്വാ ലിബറലിസത്തിൽനിന്നും വ്യക്തമായ അകലം പാലിക്കുന്നുണ്ട് എന്നുകാണാം. ലെനിൻ തുടർന്നെഴുതുന്നത്, ‘‘ചരിത്രപരമായ പ്രസ്ഥാനത്തിന്റെ ഭൗതികാടിത്തറയെക്കുറിച്ച്’’ സമഗ്രമായി കാണാൻ നരോദ്‌നിക്കുകൾക്ക് കഴിയുന്നില്ലെന്നാണ്. മുതലാളിത്ത സമൂഹത്തിൽ ഓരോ വർഗത്തിന്റെയും ‘‘പ്രാധാന്യത്തെയും പങ്കിനെയും വേർതിരിച്ചു കാണാൻ’’ അവർക്കു കഴിയുന്നില്ല എന്നും അദ്ദേഹം തുടരുന്നു.
വൈരുദ്ധ്യവാദത്തെ കേവലമൊരു സിദ്ധാന്തമെന്നതിൽനിന്ന് പ്രവർത്തനത്തിനുള്ള രീതിശാസ്‌ത്രമെന്ന നിലയിൽ ഉപയോഗിക്കുകയായിരുന്നു ലെനിൻ. അത് 18954 മുതലുള്ള അദ്ദേഹത്തിന്റെ എഴുത്തിലും പ്രവർത്തനത്തിലും കൃത്യമായി കാണാനാവും. 1913 മാർച്ചിൽ തന്നെ പ്രോസ്‌വെഷ്‌ചെനിയെ (Proveshcheniye) എന്ന ബോൾഷെവിക് പ്രസിദ്ധീകരണത്തിൽ എഴുതിയ The Three Sources and Three Component Parts of Marxism എന്ന ലേഖനത്തിൽ കൂടുതൽ കൃത്യമായി ഈ ആശയങ്ങൾ പ്രതിപാദിക്കുന്നുണ്ട്. ഇതിൽ വൈരുദ്ധ്യവാദത്തെ പ്രായോഗിക രാഷ്‌ട്രീയ പ്രാധാന്യത്തിൽ മാത്രം ഊന്നിയല്ല മറിച്ച് മുഖ്യമായും അതിന്റെ ശാസ്‌ത്രീയമായ വ്യാപ്‌തിയും ശേഷിയുംകൂടി വിലയിരുത്തുന്നുണ്ട്. തത്വചിന്തയുടെ ചരിത്രത്തിൽ മാർക്‌സിന്റെ സ്ഥാനം ലെനിൻ അടയാളപ്പെടുത്തുന്നത് അദ്ദേഹം വൈരുദ്ധ്യാത്മക ഭൗതികവാദം വികസിപ്പിച്ചുവെന്നതിലാണ്. വൈരുദ്ധ്യവാദത്തെ സംബന്ധിച്ച് ലെനിൻ മുന്നോട്ടുവെയ്‌ക്കുന്ന ആശയം ശാസ്‌ത്രീയചിന്തയുടേതായ ഒരുപകരണം എന്ന നിലയിൽ മാത്രമല്ല, ലോകത്തെ മാറ്റിമറിക്കുന്നതിനുള്ള ഒരു ജൈവഘടകം എന്ന നിലയിൽകൂടിയാണ്. ഫൊയർബാഹിനെ സംബന്ധിച്ച തീസിസുകളിൽ (പതിനൊന്നാമത്തെ തീസിസ്) കാറൽ മാർക്‌സ് പറയുന്നതുതന്നെയാണ് (ലോകത്തെ മാറ്റിമറിക്കൽ) ലെനിൻ മുന്നോട്ടുവയ്‌ക്കുന്ന ആശയം. പ്ലെഖാനോവിനെ സംബന്ധിച്ച് ലെനിൻ മുന്നോട്ടുവെയ്‌ക്കുന്ന വിമർശനം ഫൊയർബാഹിന്റെ ഭൗതികവാദ ലൈനാണ് അദ്ദേഹം പിന്തുടരുന്നതെന്നാണ്. പ്ലെഖാനോവ് ഇമ്മാനുവൽ കാന്റിനെ വിമർശിക്കുന്നുണ്ടെങ്കിലും കൃത്യമായ വൈരുദ്ധ്യാത്മക നിലപാടിൽനിന്നുകൊണ്ടല്ലെന്ന പോരായ്‌മ അതിനുണ്ട്.
ലെനിൻ തുടക്കത്തിൽതന്നെ (അതായത് ഹെഗൽ വായനയ്‌ക്കു മുന്പുതന്നെ), വൈരുദ്ധ്യവാദത്തെ കണ്ടത്, അതിൽ താൽപര്യമെടുത്തത് ദാർശനികമോ സൈദ്ധാന്തികമോ ആയ നിലപാട് എന്ന നിലയിൽ മാത്രമല്ല, പ്രക്ഷോഭകാരിയെന്ന നിലയിൽ വിപ്ലവപ്രവർത്തനത്തിനുള്ള വഴികാട്ടിയാകാൻ കഴിയുന്ന ഒരു ദർശനമാണത് എന്ന നിലയിൽ കൂടിയാണ്. ലെനിനെ സംബന്ധിച്ചിടത്തോളം, സിദ്ധാന്തവും ദർശനവുമെല്ലാം വിപ്ലവപ്രവർത്തനത്തിനുള്ള വഴികാട്ടി മാത്രമാണ്. ഫൊയർബാഹിനെ സംബന്ധിച്ച തീസിസിൽ മാർക്‌സ് പറയുന്ന, ‘‘തത്വചിന്തകർ ലോകത്തെ പലവിധത്തിൽ വ്യാഖ്യാനിക്കുക മാത്രമേ ചെയ്‌തിട്ടുള്ളൂ; ലോകത്തെ മാറ്റിമറിക്കുകയെന്നതാണ് കാര്യം’ എന്ന ഭാഗമാണ് (തീസിസ് 11) ലെനിനെ ഏറ്റവുമധികം ആകർഷിച്ചത്. മാറ്റത്തിനുവേണ്ടിയുള്ള വഴികാട്ടി അഥവാ ഉപകരണമായിരുന്നു ലെനിനെ സംബന്ധിച്ചിടത്തോളം വൈരുദ്ധ്യവാദം. പലവട്ടം അകറ്റിനിർത്തിയിട്ടും മാർക്‌സ് ഒടുവിൽ ഹെഗലിൽതന്നെ ചെന്നെത്തിയത് സാമൂഹ്യവികാസത്തിനുള്ള ഉപകരണമെന്ന നിലയിൽ ഹെഗലിയൻ വൈരുദ്ധ്യവാദത്തിനപ്പുറം മറ്റൊരു ദർശനവുമില്ല എന്നതുകൊണ്ടാണ് (ഈ വസ്‌തുത ബെർലിൻ യൂണിവേഴ്‌സിറ്റിയിലെ പഠനകാലത്ത് 1837 നവംബറിൽ കാറൽ മാർക്‌സ് തന്നെ സ്വന്തം പിതാവിനെഴുതിയ കത്ത്). ആ ആധാരശിലയിൽനിന്നാണ് മാർക്‌സ് അർഥശാസ്‌ത്രപഠനത്തിലേക്കുപോലും തിരിഞ്ഞത്. മൂലധനം ഉൾപ്പെടെയുള്ള മാർക്‌സിന്റെ അർഥശാസ്‌ത്ര കൃതികൾ എല്ലാം രചിച്ചത് വൈരുദ്ധ്യവാദ വിശകലനരീതി സ്വീകരിച്ചുകൊണ്ടാണ്. മൂലധനത്തിന്റെ ഒന്നാം വോള്യം, പ്രത്യേകിച്ച് അതിന്റെ ഒന്നും രണ്ടും ഭാഗങ്ങൾ വൈരുദ്ധ്യവാദ വിശകലനത്തിന്റെ ക്ലാസിക് ദൃഷ്ടാന്തമാണ്. കൃത്യമായി ആ രീതിശാസ്‌ത്രം തന്നെയാണ് തുടക്കംമുതൽ ലെനിനും പിന്തുടർന്നത്.
ഒന്നാം ലോകയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പുതുതായി ഉയർന്നുവരുന്ന സാഹചര്യങ്ങളെ ശരിയായി വിശകലനം ചെയ്യാൻ വൈരുദ്ധ്യവാദത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കേണ്ടത് അനിവാര്യമായതിനാലാണ് ലെനിൻ 1914ൽ ഹെഗൽ വായനയിലേക്ക് തിരിഞ്ഞത്. 1914 സെപ്‌തംബറിൽ പൊറോനിനോയിൽനിന്ന് ബേണിലെത്തിയ ലെനിൻ ഹെഗലിന്റെ കൃതികൾ കേവലം ഉപരിപ്ലവമായി വായിക്കുകയായിരുന്നില്ല. 1914 സെപ്‌തംബറിനും ഡിസംബറിനുമിടയ്‌ക്ക് നാലുമാസത്തോളം സമയമെടുത്ത് ഹെഗലിന്റെ The Science of Logic ലെനിൻ സമഗ്രമായി പഠിക്കുകയാണുണ്ടായത്. ആ ദാർശനിക കൃതി വായിച്ച് വിശദമായ കുറിപ്പുകൾ തയ്യാറാക്കിയിരുന്നു ലെനിൻ. 100 പേജിലേറെ വരുന്ന ഈ കുറിപ്പുകളാണ് ലെനിന്റെ Philosophical Note Books (Lenin Collected Works, Vol. 38)ലെ മർമ്മപ്രധാനമായ ഭാഗം; പുറമെ ചെർണിഷേവ്‌സ്‌കിയുടെ കൃതികളിൽനിന്നും ഹെഗലിന്റെ മറ്റു കൃതികളിൽനിന്നുമുള്ള ഉദ്ധരണികളും ഉൾപ്പെടുന്നതാണ് ലെനിന്റെ ഫിലോസഫിക്കൽ നോട്ട്‌ബുക്ക്. ഇവയ്‌ക്കുപുറമെ On the Question of Dialectics എന്ന ലേഖനവും ഈ വോള്യത്തിലുണ്ട്. നീൽഹാർഡിങ് Leninism എന്ന കൃതിയിൽ ലെനിന്റെ ഏറ്റവും പ്രധാനപ്പെട്ട രചനകളിൽ ഒന്നായി ഈ ലേഖനത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹെഗലിയൻ വൈരുദ്ധ്യവാദത്തെക്കുറിച്ച് ലെനിൻ സമഗ്രമായ ഒരു ഗ്രന്ഥം രചിച്ചിട്ടില്ലെങ്കിലും 1914നു ശേഷം അദ്ദേഹം രചിച്ച ക്ലാസിക്കുകളായ ‘‘സാമ്രാജ്യത്വം: മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം’’, ‘‘ഭരണകൂടവും വിപ്ലവവും’’ എന്നീ കൃതികളിൽ വൈരുദ്ധ്യവാദ രീതിശാസ്‌ത്രം വ്യക്തമായി കാണാവുന്നതാണ്. സർവോപരി മഹത്തായ 1917 നവംബർ 7ലെ റഷ്യൻ വിപ്ലവത്തിലേക്ക് നയിച്ച തന്റെ പ്രവർത്തനങ്ങളിലുടനീളം വൈരുദ്ധ്യവാദ ദർശനത്തിന്റെ പ്രയോഗം എങ്ങനെയെന്ന് ലെനിൻ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചു. 1917ലെ അകലെനിന്നുള്ള കത്തുകളും ഏപ്രിൽ തീസിസും മുതൽ നവംബർ 7ന്റെ തലേന്നാൾവരെ ലെനിൻ എഴുതിയ ലേഖനങ്ങളും കത്തുകളും നിർദേശങ്ങളുമെല്ലാം വിപ്ലവപ്രയോഗത്തിൽ വൈരുദ്ധ്യവാദ ദർശനം എങ്ങനെയാണ് ലെനിനെ സഹായിച്ചത് എന്നും വ്യക്തമാക്കുന്നു. വിപ്ലവാനന്തരം സോഷ്യലിസ്റ്റ് സമൂഹനിർമിതിക്കുവേണ്ട വൈരുദ്ധ്യവാദ നിലപാടാണ് ലെനിൻ പ്രയോഗിച്ചത്. 1914നു ശേഷമുള്ള ലെനിന്റെ ചിന്തയെയും കൃതികളെയും പ്രവർത്തനത്തെയും സ്വാധീനിച്ചത് ഹെഗലിയൻ വൈരുദ്ധ്യവാദ ദർശനമാണെന്ന് കാണാം. l
(തുടരും)




