
2025 ഏപ്രിൽ 22ന്, ഇന്ത്യൻ ഭരണത്തിലുള്ള ജമ്മു കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാമിനടുത്തുള്ള ബൈസരൻ താഴ്‌വരയിൽ നടന്ന ഒരു തീവ്രവാദി ആക്രമണത്തിൽ ഒരു തദ്ദേശവാസി ഉൾപ്പെടെ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെടുകയും 20ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവമാണ് 2025-ലെ പഹൽഗാം ആക്രമണം. 2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ തീവ്രവാദി ആക്രമണമായിരുന്നു ഇത്. പാകിസ്ഥാൻ ആസ്ഥാനമായുള്ളതും ഐക്യരാഷ്ട്രസഭ ഭീകരസംഘടനയായി പ്രഖ്യാപിച്ചതുമായ ലഷ്‌കർ- ഇ- ത്വയ്യിബയുടെ ഒരു ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട് ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
ഇതിനെ തുടർന്ന് അതിതീവ്രമായ വിധത്തിലാണ് വിദ്വേഷ പ്രസംഗങ്ങളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായത്. ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ തീവ്ര വലതുപക്ഷ നേതാക്കളും ഇൻഫ്ലുവൻസർമാരും സംഘടനകളും ഒക്കെ റാലികൾക്കും പ്രതിഷേധങ്ങൾക്കും അനുശോചന പരിപാടികൾക്കുമായി ആഹ്വാനം നൽകി. ഈ പരിപാടികളൊക്കെ വളരെ വേഗത്തിൽ തന്നെ ആക്രമണത്തിനുള്ള പ്രേരണ വേദികളായി മാറി. വിശ്വഹിന്ദു പരിഷത്ത്, ബജരംഗ്ദൾ, അന്താരാഷ്ട്ര ഹിന്ദു പരിഷത്ത്, രാഷ്ട്രീയ ബജരംഗ്ദൾ, ഹിന്ദു ജനജാഗ്രതി സമിതി, സകൽ ഹിന്ദു സമാജ്, ഹിന്ദു രാഷ്ട്ര സേന, ഹിന്ദു രക്ഷാ ദൾ എന്നീ സംഘടനകളാണ് ഭൂരിഭാഗം പരിപാടികളും സംഘടിപ്പിച്ചത്. പ്രാദേശിക കേഡറുകൾ, മതപരമായ ശൃംഖലകൾ, സാമൂഹ്യ മാധ്യമ ചാനലുകൾ എന്നിവ ഉൾപ്പെടെ ദീർഘകാലമായി നിലനിൽക്കുന്ന സംഘടനാ സംവിധാനങ്ങളും സജ്ജീകരണങ്ങളും ഒക്കെ ഈ സംഘടനകൾക്കുണ്ട്. അതുകൊണ്ടുതന്നെ ഏതു സംഭവത്തേയും ഒന്നിലധികം സംസ്ഥാനങ്ങളിൽ ഒരേസമയം ഏകോപിപ്പിച്ച് പ്രതിഷേധ കൂട്ടായ്മകളാക്കി മാറ്റാൻ ഇവർക്ക് കഴിയുന്നു.
ഇത്തരം പരിപാടികളിലെ പ്രാസംഗികർ മുസ്ലീങ്ങളെ അധിക്ഷേപിക്കുന്നതിനായി പച്ചപ്പാമ്പുകൾ, പന്നിക്കുട്ടികൾ, കീടങ്ങൾ, ഭ്രാന്തൻ നായ്ക്കൾ എന്നിത്യാദി പദപ്രയോഗങ്ങളാണ് പതിവായി ഉപയോഗിച്ചുവരുന്നത്. പലയിടത്തും അവർ അക്രമത്തിന് ആഹ്വാനം ചെയ്യുകയും മുസ്ലിങ്ങളെ രാജ്യത്തുനിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഏപ്രിൽ 22ന് ഛത്തീസ്ഗഡിലെ കൊണ്ടഗാവുനിൽ നടന്ന ഒരു പരിപാടിയിൽ തീവ്ര വലതുപക്ഷ ഇൻഫ്ലുവൻസറായ പുഷ്പേന്ദ്ര കുൽ ശ്രേഷ്ഠ നടത്തിയ പ്രസംഗം അങ്ങേയറ്റം പ്രകോപനപരമായിരുന്നു. “നിങ്ങളുടെ നഗരത്തിലെ ഭ്രാന്തൻ ജിഹാദികളോട് സംസാരിക്കരുത്; അവരോട് സംസാരിക്കുകയല്ല അവരുടെ തലയ്ക്ക് വെടിവയ്ക്കുകയാണ് വേണ്ടത്’ എന്ന മട്ടിലായിരുന്നു പ്രസംഗത്തിന്റെ പോക്ക്.
ഏപ്രിൽ 23ന് ഉത്തർപ്രദേശിലെ ഝാൻസിയിലുള്ള സമർത്ഥ് നഗറിൽ നടന്ന ഒരു പരിപാടിയിൽ ശിവശക്തി അഖാഢയിലെ മധുരം ശരൺ ശിവ മുസ്ലിങ്ങൾക്കെതിരെ ആക്രമത്തിന് പ്രേരിപ്പിച്ചു. നിങ്ങൾ ഈ അധർമ്മികളെ (മുസ്ലീങ്ങളെ സൂചിപ്പിച്ചുകൊണ്ട്) അവസാനിപ്പിക്കണം എന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. ഹിന്ദുക്കളോട് യുദ്ധത്തിന് തയ്യാറെടുക്കാൻ ആവശ്യപ്പെട്ട അദ്ദേഹം സാമ്പത്തിക ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്യുകയും നിങ്ങളെല്ലാവരും കയ്യിൽ ആയുധങ്ങൾ കരുതിയിരിക്കണമെന്ന് അണികളോട് ആവശ്യപ്പെടുകയും ചെയ്തു.
ഏപ്രിൽ 24ന് ഹരിയാനയിലെ അംബാലയിൽ അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലിയിൽ ഒരു തീവ്ര വലതുപക്ഷ സന്യാസി പ്രസംഗിച്ചത് മുസ്ലിം കച്ചവടക്കാരെയും ബിസിനസുകാരെയും പൂർണമായി ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു. സാധനങ്ങൾ വാങ്ങുന്നതിന് മുമ്പ് കച്ചവടക്കാരോട് അവരുടെ മതം ചോദിക്കാൻ അദ്ദേഹം അണികളോട് നിർദ്ദേശിച്ചു. മുസ്ലീങ്ങളെ അധിക്ഷേപിക്കുന്നതിനായി നിരവധി അവഹേളനാപരമായ പദങ്ങൾ ഉപയോഗിച്ചായിരുന്നു സന്യാസിയുടെ പ്രസംഗം. ഇക്കാര്യത്തിൽ നടപടിയെടുക്കുന്നതിന് സർക്കാർ പരാജയപ്പെട്ടാൽ ഹിന്ദുക്കൾ ആയുധമെടുക്കുമെന്നും അവരെ പാക്കിസ്ഥാനിലേക്ക് അയക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.
ഏപ്രിൽ 25ന് ബീഹാറിലെ മധേപ്പുരയിൽ നടന്ന ഒരു റാലിയിൽ മുസ്ലിം കച്ചവടക്കാരെ സാമ്പത്തികമായി ബഹിഷ്കരിക്കാൻ ഒരു പ്രാസംഗികൻ ആഹ്വാനം ചെയ്തു. കടയുടമകളുടെ മതം ചോദിച്ചറിഞ്ഞതിന് ശേഷം മാത്രമേ സാധനങ്ങൾ വാങ്ങിക്കാവൂ എന്നും അദ്ദേഹം അണികളെ ഉപദേശിച്ചു. ഏപ്രിൽ 26ന് ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ലോനിയിൽ ബിജെപി എംഎൽഎയായ നന്ദ് കിഷോർ ഗൂർജാർ പ്രതിഷേധത്തിൽ പങ്കെടുത്തവർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. “പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നവരെ’ തിരിച്ചറിഞ്ഞു പുറത്താക്കൽ ആയിരുന്നു അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞയുടെ ഉള്ളടക്കം. മുസ്ലീങ്ങളെ സൂചിപ്പിക്കാൻ തൊപ്പിക്കാർ, ജിഹാദികൾ, രോഹിംഗ്യൻ ബംഗ്ലാദേശികൾ എന്നിത്യാദി പ്രയോഗങ്ങളാണ് അദ്ദേഹം നടത്തിയത്.
ഏപ്രിൽ 28ന് ഹിമാചൽപ്രദേശിലെ ഷിംലയിലുള്ള സരാഹത്തിൽ നടന്ന റാലിയിൽ മുസ്ലിം വാടകക്കാരെ ഒഴിപ്പിക്കണമെന്ന് ആയിരുന്നു ഒരു പ്രാസംഗികന്റെ ആവശ്യം. ഇത് അനുസരിക്കാത്ത വസ്തുക്കളുടെ ഉടമകളായിരിക്കും ആദ്യം പുറത്താക്കപ്പെടുക എന്നായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി. മുല്ലാമാരെയും മൗലവിമാരെയും അനുവദിക്കില്ല തുടങ്ങിയ മുദ്രാവാക്യങ്ങളും അവിടെ മുടക്കപ്പെട്ടു.
ഏപ്രിൽ 29ന് മഹാരാഷ്ട്രയിലെ പൂനയിലുള്ള കാംഷെറ്റിൽ ഹിന്ദു രാഷ്ട്ര സേനയും സകൽ ഹിന്ദു സമാജും ചേർന്ന് സംഘടിപ്പിച്ച റാലിയിൽ ഒന്നിലധികം തീവ്ര വലതുപക്ഷ നേതാക്കൾ പ്രകോപനപരമായ മുസ്ലിം പ്രസംഗങ്ങൾ നടത്തി. പ്രാദേശിക മുസ്ലീങ്ങളെ പാക്കിസ്ഥാനികൾ എന്നാണ് ഒരു പ്രാസംഗികൻ ആക്ഷേപിച്ചത്. ബംഗ്ലാദേശികളും പാക്കിസ്ഥാനികളും ഈ നഗരത്തിൽ നിന്ന് സമ്പാദിക്കുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. കർശനമായ ആധാർ കാർഡ് പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുസ്ലിങ്ങൾ എപ്പോൾ വേണമെങ്കിലും ഹിന്ദുക്കളെ ആക്രമിച്ചേക്കാം എന്ന ഒരു ഗൂഢാലോചന പ്രചരിപ്പിക്കുകയും സാമ്പത്തിക പരിഷ്കരണത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. പോലീസുകാർക്ക് ഒരു മാസത്തെ അവധി നൽകിയാൽ ഈ പാക്കിസ്ഥാനികളെയെല്ലാം ഞങ്ങൾ മഹാരാഷ്ട്രയിൽ നിന്ന് മാത്രമല്ല ഇന്ത്യയിൽ നിന്നു തന്നെ അപ്രത്യക്ഷമാക്കും എന്നായിരുന്നു മറ്റൊരു പ്രാസംഗികന്റെ അവകാശവാദം.
മെയ് ആറിന് മഹാരാഷ്ട്രയിലെ പിമ്പ്രീ ചിഞ്ചുവാടിലെ കിവാലയ ഗ്രാമത്തിൽ നടന്ന മറ്റൊരു പ്രതിഷേധ റാലിയിൽ വിശ്വഹിന്ദു പരിഷത്ത് നേതാവായ ധനഞ്ജയ ഗവാടെ മുസ്ലീങ്ങളെ സാമ്പത്തികമായി ബഹിഷ്കരിക്കണം എന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്.
പഹൽഗാം ഭീകരാക്രമണത്തിന്റെ അനന്തരഫലങ്ങൾ പരിശോധിക്കുമ്പോൾ പ്രതിസന്ധിഘട്ടങ്ങളെ തീവ്ര വലതുപക്ഷ ഹിന്ദു ശൃംഖലകൾ വളരെ വേഗത്തിൽ മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങൾക്കും പ്രകോപനങ്ങൾക്കും അക്രമങ്ങൾക്കും വേണ്ടിയുള്ള രാജാവ് വ്യാപകമായ തരംഗമാക്കി മാറ്റുന്നതായി കാണാനാവും.
മോദി ഗവൺമെന്റ് നടപ്പിലാക്കിവരുന്ന നവലി സാമ്പത്തിക നയങ്ങളുടെ ദുരന്തഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന സാധാരണക്കാരായ ജനങ്ങൾ ഒറ്റക്കെട്ടായി നടത്തേണ്ട പോരാട്ടങ്ങൾ തകർക്കുന്നതിനും അവരെ ഹിന്ദുവെന്നും മുസ്ലിം എന്നും ക്രിസ്ത്യാനി എന്നും പറഞ്ഞു തമ്മിലടിപ്പിക്കുന്നതിനും വേണ്ടിയുള്ള സംഘടിതമായ ശ്രമത്തിന്റെ ഭാഗമായാണ് ഇന്ന് ഇന്ത്യയിൽ വിദ്വേഷ പ്രസംഗങ്ങൾ വ്യാപിച്ചു വരുന്നത് എന്നാണിത് വ്യക്തമാക്കുന്നത്. l
(തുടരും)





