
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഇ എൻ മോഹൻദാസ് ഇക്കഴിഞ്ഞ മാർച്ച് 11ന് അന്തരിച്ചു. പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറിയായി അദ്ദേഹം 2018 മുതൽ 2024 വരെ പ്രവർത്തിച്ചു. മികച്ച സംഘാടകനും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന അദ്ദേഹം കറതീർന്ന കമ്യൂണിസ്റ്റുകാരനായിരുന്നു. സൗമ്യമായ പെരുമാറ്റവും നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നുവെന്ന് സഹപ്രവർത്തകർ വിലയിരുത്തിയിട്ടുണ്ട്.
1951 സെപ്‌തംബർ 15ന് ഇന്നത്തെ മലപ്പുറം ജില്ലയിലെ ഇന്ത്യനൂർ എടയാട്ട് നെടുമ്പുറം വേലുനായരുടെയും പാറുക്കുട്ടി അമ്മയുടെയും മകനായാണ് മോഹൻദാസ് ജനിച്ചത്. വിദ്യാർഥി‐യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് അദ്ദേഹം പൊതുപ്രവർത്തനരംഗത്ത് സജീവമായത്. കെഎസ്‌എഫിന്റെയും കെഎസ്‌വൈഎഫിന്റെയും സജീവപ്രവർത്തകനായിരുന്നു അദ്ദേഹം. എസ്‌എഫ്‌ഐയുടെ ഏറനാട് താലൂക്ക് സെക്രട്ടറിയും ജില്ലാ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. കെഎസ്‌വൈഎഫിന്റെ ജില്ലാ പ്രസിഡന്റും. 1980ൽ ഡിവൈഎഫ് രൂപീകരിക്കപ്പെട്ടതിനുശേഷം ആ സംഘടനയുടെ പ്രഥമ ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചു. സിപിഐ എം ഇന്ത്യനൂർ ബ്രാഞ്ച് സെക്രട്ടറി, കോട്ടയ്‌ക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി, ഒരു വ്യാഴവട്ടക്കാലം മലപ്പുറം ഏരിയ സെക്രട്ടറി, ഏറനാട് താലൂക്ക് കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ സംഘടനാപ്രവർത്തനത്തിന് നേതൃത്വം നൽകി.
അഴിമതിക്കും നിയമനനിരോധനത്തിനുമെതിരെ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച സമരത്തിന് നേതൃത്വം നൽകിയ മോഹൻദാസിന് പൊലീസിന്റെ ക്രൂരമായ മർദനത്തിന് ഇരയാകേണ്ടിവന്നു. 1986ൽ നടന്ന മന്ത്രിമാരെ വഴിയിൽ തടയൽ സമരത്തിന് ഉൾപ്പെടെ നിരവധി യുവജനസമരങ്ങൾക്ക് മലപ്പുറം ജില്ലയിൽ അദ്ദേഹം നേതൃത്വം നൽകി.
കെഎസ്‌കെടിയുവിന്റെയും സിഐടിയുവിന്റെയും ജില്ലയിലെ പ്രമുഖ നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. കോട്ടക്കൽ ആര്യവൈദ്യശാലയിലെ ജീവനക്കാരുടെ സംഘടനയായ ആര്യവൈദ്യശാല വർക്കേഴ്‌സ് ഫെഡറേഷൻ ഉൾപ്പെടെ നിരവധി ട്രേഡ് യൂണിയനുകളുടെ സംഘാടകനും ഭാരവാഹിയുമായിരുന്നു. ആര്യവൈദ്യശാല വർക്കേഴ്‌സ് ഫെഡറേഷന്റെ ജില്ലാ പ്രസിഡന്റായി അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു.
മികച്ച സഹകാരിയായ അറിയപ്പെട്ട ഇ എൻ ദീർഘകാലം കോഡൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. ഈ ബാങ്കിനെ ജില്ലയിലെ അറിയപ്പെടുന്ന സഹകരണസ്ഥാപനമായി വളർത്തുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. സഹകരണസ്ഥാപനമായ റെയ്‌ഡ്‌കോയുടെ വൈസ് ചെയർമാനായും പ്രവർത്തിച്ചു.
ദീർഘകാലം അധ്യാപകനായി പ്രവർത്തിച്ച അദ്ദേഹം മണ്ണഴി എയുപി സ്‌കൂളിന്റെ പ്രഥമാധ്യാപകനായിരിക്കെയാണ് സർവീസിൽനിന്ന് വിരമിച്ചത്. അധ്യാപകരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം കേഡർമാർക്ക് പാർട്ടി വിദ്യാഭ്യാസം നൽകുന്നതിലും മുന്നിട്ടുനിന്നു പ്രവർത്തിച്ചു. പാർട്ടി സഖാക്കളുടെയും പ്രിയപ്പെട്ട മാഷായിരുന്നു ഇ എൻ.
2010ൽ ദേശാഭിമാനി മലപ്പുറത്ത് പുതിയ യൂണിറ്റ് ആരംഭിച്ചപ്പോൾ മോഹൻദാസ് ആയിരുന്നു പ്രഥമ മാനേജർ. ജില്ലയിൽ ദേശാഭിമാനിയുടെ വളർച്ചയിൽ നിർണായക പങ്കാണ് അദ്ദേഹം വഹിച്ചത്. പത്രത്തിന്റെ കോപ്പി വർധിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും അദ്ദേഹം അക്ഷീണം പ്രവർത്തിച്ചു. അക്ഷരമുറ്റം പോലുള്ള ദേശാഭിമാനിയുടെ പരിപാടികൾ വിജയിപ്പിക്കാൻ എന്നും മുന്നിൽനിന്ന നേതാവാണദ്ദേഹം.
ഇ എം എസ് പഠനഗവേഷണ കേന്ദ്രത്തിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചുവന്ന അദ്ദേഹം ‘ഇ എം എസിന്റെ ലോകം’ ദേശീയ സെമിനാറിന്റെ മുഖ്യ സംഘാടകനായിരുന്നു. ഓരോ വർഷവും ദേശീയ സെമിനാർ മുൻവർഷത്തേക്കാൾ ഭംഗിയായി നടത്തുന്നതിന് അദ്ദേഹം ഉർജസ്വലതയോടെ പ്രവർത്തിച്ചു.
പാർട്ടി ഏൽപിച്ച ഉത്തരവാദിത്വങ്ങളെല്ലാം ഭംഗിയോടെ നിർവഹിച്ച അദ്ദേഹം. ജില്ലാ ആസൂത്രണസമിതി അംഗം എന്ന നിലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. മലപ്പുറം ജില്ലയുടെ വികസനത്തെ സംബന്ധിച്ച് നിരവധി ഉൾക്കാഴ്‌ചകൾ അദ്ദേഹം പങ്കുവച്ചു. അവയിൽ പലതും ഭാവിയിലെ വികസന കാഴ്‌ചപ്പാടുകൾ രൂപീകരിക്കാൻ ഉതകുന്നവയായിരുന്നു.
രാഷ്‌ട്രീയത്തിനതീതമായി വ്യക്തിബന്ധങ്ങൾ സ്ഥാപിച്ച നേതാവായിരുന്നു മോഹൻദാസ്. അനാരോഗ്യം മൂലമുള്ള ക്ഷീണം വകവെക്കാതെ പാർട്ടി പ്രവർത്തനങ്ങളിൽ അവസാന നിമിഷംവരെ കർമനിരതനായിരുന്നു ഇ എൻ. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിച്ച എൽഡിഎഫ് വടക്കൻ മേഖലാ വികസനമുന്നേറ്റ ജാഥയ്‌ക്കൊപ്പം അദ്ദേഹം അഞ്ചുദിവസം തുടർച്ചയായി സഞ്ചരിച്ചു. മുഖ്യമന്ത്രിക്കൊപ്പം നിരവധി വേദികൾ പങ്കിട്ടു.
‘‘മനുഷ്യസ്‌നേഹം പ്രസരിപ്പിച്ച പൊതുപ്രവർത്തകനെയാണ് ഇ എന്നിന്റെ വിയോഗത്തിലൂടെ നമുക്കു നഷ്ടമായത്. വലുപ്പച്ചെറുപ്പമില്ലാതെ ഏവരോടും സൗമ്യമായും സ്‌നേഹോഷ്‌മളമായും പെരുമാറുന്ന സഖാവിന്റെ മുഖമാണ് മനസ്സിൽ നിറയുന്നത്. രാഷ്‌ട്രീയ എതിരാളികൾക്കുപോലും വിമർശനമില്ലാത്ത നേതാവായിരുന്നു ഇ എൻ. സിപിഐ എമ്മിന്റെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും വളർച്ചയ്‌ക്ക് നിസ്‌തുലമായ സംഭാവനയാണ് അദ്ദേഹം നൽകിയത്. ഇ എന്നിന്റെ വേർപാട് മതനിരപേക്ഷ ചേരിക്ക് കനത്ത നഷ്ടമാണ്.’’ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പുറപ്പെടുവിച്ച അനുശോചനസന്ദേശത്തിൽ പറഞ്ഞു.
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലെ വിദ്യാർഥികൾക്ക് പഠനാവശ്യത്തിന് വിട്ടുനൽകണം എന്നതായിരുന്നു ഇ എന്നിന്റെ ആഗ്രഹം. അതനുസരിച്ച് മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുനൽകി.
റിട്ടയേർഡ് അധ്യാപികയായ കെ ഗീതയാണ് അദ്ദേഹത്തിന്റെ ജീവിതപങ്കാളി. ഡോ. ദിവ്യ, ധ്യാൻ മോഹൻ എന്നിവരാണ് മക്കൾ. l





