
ഒരു രാസായുധവുമുണ്ടായിരുന്നില്ല സദ്ദാം ഹുസൈന്റെ കയ്യിൽ. പക്ഷേ ആ പേരിലാണ് യൂഫ്രിട്ടീസ് – ടൈഗ്രീസ് നദീതട സംസ്കാരത്തിന്റെ അവശേഷിപ്പുകൾ പോലും കിളച്ചു മറിച്ചുഴുതെടുത്തു കൊണ്ട് അമേരിക്ക ഇറാഖിനെയാകെ തരിശുഭൂമിയാക്കി മാറ്റിയത്.
ഒരു മന്ത്രിസഭാ തീരുമാനവുമുണ്ടായിരുന്നില്ല, പാർലമെന്റിനെ വിവരമറിയിക്കുക പോലും ചെയ്യാതെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, ഇറാഖ് യുദ്ധത്തിൽ അമേരിക്കയ്‌ക്കൊപ്പം ചേരുന്നതിന്. മറ്റാരുടെയും അംഗീകാരമില്ലാതെ ബുഷിനൊപ്പം സ്വന്തം പട്ടാളത്തെ അണിനിരത്തിയ നടപടി തെറ്റാണെന്ന്, അക്കാര്യം പരിശോധിക്കാനായി നിയോഗിക്കപ്പെട്ട ചിൽക്കോട്ട് കമ്മിറ്റി കണ്ടെത്തിയതാണ്! (“ജനാധിപത്യ രാഷ്ടങ്ങ’ളുടെ യഥാർത്ഥ ജനാധിപത്യത്തി ന്റെ നിജസ്ഥിതി വെളിപ്പെട്ടു കിട്ടാൻ ഇടയാക്കിയ ആ റിപ്പോർട്ട് പ്രയോജനരഹിത മായി ഒരു മേൽ നടപടിയും ഇല്ലാതെ അനാഥമായങ്ങനെ കിടക്കുകയാണ് !)
അണുവായുധത്തിനെതിരെ?
ഇപ്പോൾ എന്തിനാണ് ഇറാനെ ആക്രമിക്കുന്നതെന്ന കാര്യം അമേരിക്കൻ സെനറ്റിനോ ജനതയ്‌ക്കോ ഇനിയും അറിയില്ല എന്നതാണ് വാസ്തവം. ഒരണുവായുധവും ഉണ്ടായിരുന്നില്ല, ഇറാനിലെ പരമോന്നത നേതാവ് ഖമനേയിയെ കൊന്നുതള്ളി ആ രാജ്യത്ത് പകരക്കാരനെ പ്രതിഷ്ഠിക്കാനൊരുങ്ങുമ്പോൾ! അന്താരാഷ്ട്ര അണുവായുധ ഏജൻസിയും മധ്യസ്ഥശ്രമത്തിലേർപ്പെട്ടിരുന്ന ഒമാൻ വിദേശകാര്യ മന്ത്രിയും പരിശോധന നടത്തി കണ്ടെത്തിയ കാര്യമാണത്. അണുവായുധങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും തങ്ങൾ പറയുംപടി കേൾക്കാത്ത ഒരു ഭരണകൂടത്തെ വെച്ചുപൊറുപ്പിക്കില്ല എന്നു തന്നെയാണ് ട്രമ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
ആണവായുധം ഉണ്ടായിട്ടല്ലല്ലോ, 1953 ൽ ഇറാൻ പ്രധാനമന്ത്രിയായിരുന്ന മുഹമ്മദ് മൊസാദക്കിനെ അട്ടിമറിച്ച് അമേരിക്ക തെരഞ്ഞെടുത്ത ഷായെ ആ രാജ്യത്തിനുമേൽ അടിച്ചേൽപ്പിച്ചത്. ഇത്തരം അട്ടിമറികളുടെ പട്ടിക വളരെ നീണ്ടതാണ്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം സാമ്രാജ്യത്വത്തിന്റെ നായകസ്ഥാനത്തെത്തിയ അമേരിക്ക രണ്ട് കോടി മനുഷ്യരെ കൊന്നൊടുക്കിയ കാര്യം പ്രശസ്ത യുദ്ധവിരുദ്ധ പ്രചാരകനും കോളമിസ്റ്റുമായ ഡേവിഡ് സ്വാൻസൺ ഓർമിപ്പിക്കുന്നുണ്ട്.
അട്ടിമറികൾ, വെട്ടിപ്പിടുത്തങ്ങൾ
36 ഗവൺമെന്റുകളെ അട്ടിമറിക്കുകയും 85 തിരഞ്ഞെടുപ്പുകളിൽ ഇടപെടുകയും 50 വിദേശ നേതാക്കളെ വധിക്കാൻ പദ്ധതിയിടുകയും 30 രാജ്യങ്ങളിൽ ബോംബ് വർഷിക്കുകയും 3 ഡസൻ സർക്കാറുകൾക്കുമേൽ ഉപരോധം ഏർപ്പെടുത്തുകയും ചെയ്ത രാജ്യമാണ് അമേരിക്ക എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. 1971നും 2021നും ഇടയ്‌ക്കുള്ള 50 വർഷക്കാലത്ത് വിവിധ രാജ്യങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം കാരണം മരുന്നും കുടിവെള്ളവും വൈദ്യസഹായവും കിട്ടാതെ മരണപ്പെട്ടവരുടെ എണ്ണം മൂന്ന് കോടി എൺപത് ലക്ഷമാണെന്ന് 2025 നവംബർ മാസത്തെ ലാൻസെറ്റ് മാസികയെ ഉദ്ധരിച്ചു കൊണ്ട് ചിക്കാഗോ യൂനിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസറും പ്രശസ്ത എഴുത്തുകാരനുമായ ജോൺ ജോസഫ് മീർഷീമർ പറയുന്നു. എന്നു വെച്ചാൽ ഒരു ദിവസം 2082 പേരെയാണ് ഉപരോധം വഴി മാത്രം കൊന്നൊടുക്കിയത് എന്ന്!
1953ൽ ഇറാനിൽ മൊസാദക്കിനെ അട്ടിമറിച്ച് ഷായെ അധികാരത്തിലെത്തിച്ച സാമ്രാജ്യത്വം, തൊട്ടടുത്ത വർഷം ഗ്വാട്ടിമാലയിലെ ജേക്കബോ അർബെൻസ് ഗവൺമെന്റിനെ തകർത്തെറിഞ്ഞ് കാസ്റ്റിലോ അർമാസിനെ വാഴിച്ചു. ഇറാനിൽ എക്സോൺ പോലുള്ള കുത്തകക്കമ്പനികൾ കൈകാര്യം ചെയ്തുപോന്ന എണ്ണ ദേശസാൽക്കരിച്ചതായിരുന്നു മൊസാദക്കിന്റെ തെറ്റെങ്കിൽ, ഗ്വാട്ടിമാലയിൽ വമ്പൻ കുത്തകക്കമ്പനിയായ യുനൈറ്റഡ് ഫ്രൂട്ട് കമ്പനി കൈയടക്കി വെച്ചിരുന്ന ലത്തീനമേരിക്കൻ ഭൂമിക്ക് പരിധി കൽപ്പിച്ചതായിരുന്നു അർബെൻസിന്റെ കുറ്റം. ജനറൽ മോട്ടോഴ്സിന് നല്ലതെന്തോ, അത് അമേരിക്കയ്‌ക്കും നല്ലത് എന്നു പറഞ്ഞത് ഒരമേരിക്കൻ പ്രസിഡന്റാണെങ്കിൽ, Whenever you read United Fruitട, you may readily substitute US എന്ന് പറഞ്ഞത് ഒരു ബഹുരാഷ്ട്ര കുത്തകക്കമ്പനിയായ യുനൈറ്റഡ് ഫ്രൂട്ട്സിന്റെ തലവനാണ്. വേണ്ടി വന്നാൽ രാജ്യത്തെ ഒരു സെമിത്തേരിയാക്കാനും താൻ മടിക്കില്ല എന്നാണ് അവർക്കായി ഭരണമേൽപ്പിക്കപ്പെട്ട കാസ്റ്റില്ലോ അർമാസ് പ്രഖ്യാപിച്ചത്!
1957ൽ ഇന്ത്യ എന്ന വലിയൊരു രാജ്യത്തിലെ കൊച്ചു സംസ്ഥാനം മാത്രമായ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയപ്പോൾ അതിനെ അട്ടിമറിക്കാൻ നേരിട്ട് കാശെത്തിച്ച് വിമോചന സമരം സംഘടിപ്പിച്ചത് അമേരിക്കൻ ചാരസംഘടനയായ സിഐഎ ആണ്.
കോംഗോവിൽ പാട്രിസ് ലുമൂംബയും (1961) മൊറോക്കോവിൽ മെഹ്ദി ബെൻ ബർക്കയും (1965) ചിലിയിൽ അലൻ ദെയും (1973) ബൂർക്കിനോ ഫാസോയിൽ തോമസ് സങ്കാരയും (1987) ഇങ്ങനെ അട്ടിമറിക്കപ്പെട്ട ഭരണാധികാരികളാണ്.
ഡിഫൻസ് സെക്രട്ടറിയുടെ ചമ്മലും മാക്സ് ബൂട്ടിന്റെ സത്യപ്രസ്താവനയും
2003ലാണ്. ഏപ്രിൽ 28ന് അൽ ജസീറ പത്രത്തിന്റെ ലേഖകൻ അമേരിക്കൻ ഡിഫൻസ് സെക്രട്ടറിയോട് ഒരു ചോദ്യം ചോദിച്ചു: ഇറാഖിലെ വെട്ടിപ്പിടുത്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചോദ്യം. അമേരിക്ക സാമ്രാജ്യം പണിയുന്ന പണിയിലാണോ എന്ന് ! അതിന് ഡൊണാൾഡ് റംസ് ഫെൽഡ് നൽകിയ നീരസത്തോടെയുള്ള മറുപടി “ഞങ്ങൾ സാമ്രാജ്യവാദികളല്ല, ഞങ്ങൾ ഒരിക്കലും അങ്ങനെയായിരുന്നില്ല’ എന്നായിരുന്നു.
ആ പ്രതികരണത്തെ കളിയാക്കിക്കൊണ്ട് ചരിത്രകാരനും കോളമിസ്റ്റും കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസിലെ സീനിയർ ഫെലോയുമായ മാക്സ് ബൂട്ട്, മെയ് 6 ന്റെ യു എസ് എ ടുഡേയിൽ എഴുതുന്നുണ്ട്. ലേഖനത്തിന്റെ പേര് “അമേരിക്കൻ സാമ്രാജ്യത്വം? ലേബലിൽ നിന്ന് ഓടിയൊളിക്കേണ്ടതില്ല’ (American imperialism? No need to run away from Label ) എന്നാണ്.
ഷിയാ മതമൗലികവാദമല്ല, കുർദിഷ് വിഘടനവാദമല്ല, തുർക്കിയുടെയോ സിറിയയുടെയോ ഇറാന്റെയോ ഇടപെടലല്ല, മറിച്ച്, ഐയിൽ ത്തുടങ്ങുന്ന ഇംപീരിയലിസം എന്ന വാക്കിനെ ഭയപ്പെടുന്നതാണ് അമേരിക്ക ഇറാഖിൽ നേരിടുന്ന വെല്ലുവിളി എന്നാണ് അയാൾ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. അതിനു നടുക്കാണ് റംസ് ഫെൽഡിന്റെ പ്രതികരണത്തെ പരിഹസിക്കുന്നത്.
നിങ്ങൾ പെണ്ണുങ്ങളുടെ അടിയുടുപ്പാണോ ധരിച്ചത് എന്ന ചോദ്യത്തിന് ഉത്തരം നൽകുമ്പോൾ ഒരാൾക്കുണ്ടാകാവുന്ന ചമ്മലോടെയായിരുന്നു, സാമ്രാജ്യത്തെ നിഷേധിച്ചുകൊണ്ടുള്ള റംസ് ഫെൽഡിന്റെ മറുപടി എന്നാണ് മാക്സ് ബൂട്ട് എഴുതുന്നത്. എന്തിനു നിഷേധിക്കണം എന്നാണ് ചോദ്യം. എന്തിനു വെറുതെ കളവ് പറയണം എന്നു തന്നെ. എന്തിനു വെറുതെ സൗമ്യഭാവം പ്രകടിപ്പിച്ച് തങ്ങൾ യഥാർത്ഥ സാമ്രാജ്യത്വ വാദികളാണ് എന്ന സത്യത്തിനു മുന്നിൽ പതറി നിൽക്കണം എന്നാണ് ചോദ്യം.
1803ൽ തോമസ് ജെഫേഴ്സൺ ലൂസിയാന കൈക്കലാക്കിയ കഥ ഉദ്ധരിച്ചുകൊണ്ട് തങ്ങൾ എന്നും വെട്ടിപ്പിടുത്തത്തിന്റെ പാതയിലായിരുന്നുവെന്ന് അമർത്തിപ്പറയുകയാണ് മാക്സ് ബൂട്ട്. പ്യൂർട്ടോ റിക്കോയും ഫിലിപ്പൈൻസും ഹവായിയും അലാസ്കയുമൊക്കെ അമേരിക്കയിൽ വന്നുചേർന്ന കാര്യം പറഞ്ഞുകൊണ്ടാണ് സാമ്രാജ്യ സ്ഥാപനത്തെ അദ്ദേഹം ന്യായീകരിക്കുന്നത്.
വെട്ടിപ്പിടുത്തത്തിന്റെ പാതയിൽ
ശരിയാണ്, എന്നും വെട്ടിപ്പിടുത്തത്തിന്റെ പാതയിലായിരുന്നു അമേരിക്ക. റെഡ് ഇന്ത്യൻസിനെ ചുട്ടുകൊന്നും സമീപദേശങ്ങളെ വെട്ടിപ്പിടിച്ചടക്കിയുമാണ് അമേരിക്ക ഇന്നത്തെ അമേരിക്കയായത്. മെക്സിക്കോ ഞാനിങ്ങെടുക്കുവാ, ഗ്രീൻലാന്റ് അമേരിക്കയുടെതാണ്, കാനഡയ്‌ക്ക് നല്ലത് അമേരിക്കയിൽ ചേരുന്നതാണ് എന്നൊക്കെ ട്രംപ് അട്ടഹസിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ഇരുപതാം നൂറ്റാണ്ടിൽ അമേരിക്കൻ പ്രസിഡന്റ് മക് കിൻലി പറഞ്ഞത് ഫിലിപ്പൈൻസിനെ കോളനിയാക്കാൻ തന്നോടു പടച്ചതമ്പുരാൻ കൽപ്പിച്ചിട്ടുണ്ട് എന്നാണ്. അതേ കാര്യമാണ് ഇറാനിലെ യുദ്ധമുഖത്തെ പട്ടാളക്കാരോട് അമേരിക്ക പറയുന്നത്. This war is biblically ordained and the bloodshed is necessary to fulfill Christian prophecy, എന്നാണ് പട്ടാളക്കാര്‍ക്കു നൽകുന്ന ഉപദേശം! വെളിപാട് പുസ്‌കത്തില്‍ പറഞ്ഞതിന്‍ പടിയാണ് കാര്യങ്ങള്‍ നടക്കുന്നത് എന്നാണ് പ്രചാരണം!
പുള്ളിപ്പുലിയുടെ പുള്ളികൾ മായ്ച്ചുകളയാനാവാത്തതു പോലെ, മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടത്തിൽ കഴിയുന്ന അമേരിക്കയ്‌ക്ക് യുദ്ധമില്ലാതെ കഴിയാനാവില്ല എന്നതാണ് കാര്യം. ഇപ്പോൾ ഇറാനു നേരെ നടത്തുന്ന അതിക്രമങ്ങൾ ഗൾഫിൽ അമേരിക്ക മുമ്പേ നടത്തിപ്പോന്ന കടന്നാക്രമണ ങ്ങളുടെ തുടർച്ച മാത്രമാണ്. 20‐-ാം നൂറ്റാണ്ടിന്റെ 2 അവസാന ദശകങ്ങളിൽ മാത്രമായി അമേരിക്ക നടത്തിയ സൈനികാക്രമണത്തിന്റെ ഒരു ലിസ്റ്റ് ജോൺബെല്ലാമി ഫോസ്റ്റർ തന്റെ നെയ്ക്കഡ് ഇമ്പീരിയലിസം എന്ന പുസ്തകത്തിൽ നൽകുന്നുണ്ട്.
1981ൽ ലിബിയൻ ജെറ്റ് വിമാനം വെടിവെച്ചിടുന്നു, 1982ൽ സിനായ് പ്രദേശത്തേക്ക് യുദ്ധോപകരണങ്ങളുമായി പട്ടാളത്തെ അയയ്‌ക്കുന്നു. 1982ൽത്തന്നെ ലബനണിലേക്ക് നാവികപ്പടെയെ അയയ്‌ക്കുന്നു. 1983 ൽ ലിബിയയെ ഉന്നം വെച്ച് AWAC എലക്ട്രോണിക് നിരീക്ഷണ വിമാനം ഈജിപ്തിലേക്കയയ്‌ക്കുന്നു. 1984ൽ പേർഷ്യൻ ഗൾഫിൽ ഇറാനിയൻ പോർവിമാനങ്ങളെ തകർക്കാനായി സൗദി അറേബ്യയിലേക്ക് AWAC എലക്ട്രോണിക് നിരീക്ഷണ വിമാനമയക്കുന്നു. 1986ൽ ലിബിയയ്‌ക്ക് നേരെ മിസൈൽ- ബോംബ് വർഷം, 1989ൽ ലിബിയൻ പോരാളികളെ വെടിവെച്ച് കൊല്ലുന്നു, ഇറാൻ-ഇറാഖ് യുദ്ധത്തിൽ കുവൈത്തി ഓയിൽ ടാങ്കറുകൾക്ക് എസ്കോർട്ട് ഒരുക്കുന്നു. 1991 ൽ ഇറാഖിനെതിരെ ഗൾഫ് യുദ്ധത്തിൽ ഏർപ്പെടുന്നു. ഒരു ദശകക്കാലം ഇറാഖിൽ മിസൈൽ – ബോംബ് വർഷിച്ചു.
1992ൽ കുവൈത്തിൽ ഇറാഖിനെ ഉദ്ദേശിച്ച് സൈനികാഭ്യാ സം.1992 ൽ സോമാലിയയിൽ സായുധസേന. 1998 ൽ സുഡാനിലെ മരുന്നു കമ്പനി മിസൈൽ ആക്രമണത്തിൽ തകർക്കുന്നു.1998 ൽ ക്ലസ്റ്റർ ബോംബുകൾ ഘടിപ്പിച്ച 60 ക്രൂയിസ് മിസൈലുകൾ ഒസാമാ ബിൻ ലാദനെ ലക്ഷ്യമിട്ട് അഫ്ഗാന് നേരെ.
ശത്രുക്കൾ ഇല്ലാതാവുമ്പോഴും വേവലാതി
പുതിയ നൂറ്റാണ്ട് പിറക്കുമ്പോഴേക്ക് യുഎസ്എസ്ആർ ഇല്ലാതായല്ലോ. സോവിയറ്റ് യൂണിയന്റെ പതനത്തോടെ ശീതയുദ്ധത്തിനു പകരമന്വേഷിക്കുകയായിരുന്നു അമേരിക്കൻ സാമ്രാജ്യത്വം. അങ്ങനെയാണ് പുതുവഴികളായി ഭീകരതയ്‌ക്കെതിരായ യുദ്ധം, തെമ്മാടി രാഷ്ട്രങ്ങൾക്കെതിരായുള്ള പോരാട്ടം, സംസ്കാരങ്ങൾ തമ്മിലുള്ള സംഘർഷം, ആഗോള മയക്കുമരുന്ന് കടത്തിനെതിരെയുള്ള പോരാട്ടം, മനുഷ്യാവകാശങ്ങൾക്കും ജനാധിപത്യ സ്ഥാപനത്തിനുമുള്ള ഇടപെടൽ എന്നീ മുദ്രാവാക്യങ്ങൾ കണ്ടെത്തുന്നത്.
സദ്ദാം ഹുസൈന്റെ പതനത്തോടെ അവസാന ഇമ്പാച്ചി കൂടി കൈവിട്ടു പോയതിൽ 1991 ൽ ജനറൽ കോളിൻ പവൽ വിലപിക്കുന്നുണ്ട്: “I am running out of demons, I am running out of vilians’ എന്ന്! ശത്രുക്കളായി ചൂണ്ടിക്കാട്ടാ നുണ്ടായി രുന്നവരൊക്കെയും ഇല്ലാതായിക്കാണുന്നതിൽ സന്തോഷി ക്കുന്നതിനു പകരം വേവലാതിപ്പെടുന്നത് എന്തുകൊണ്ടാണ്? അതിനുള്ള ഉത്തരം പണ്ടേ നൽകിയിട്ടുണ്ട് ഒരമേരിക്കൻ പ്രസിഡന്റ്.
മിലിട്ടറി – ഇൻഡസ്ട്രിയൽ കോംപ്ലക്സ്
യുദ്ധങ്ങൾ കുത്തിപ്പൊക്കുന്നതിന് അമേരിക്കൻ സൈനിക മേധാവികളും ആയുധക്കച്ചവടക്കാരും തമ്മിലുണ്ടാക്കുന്ന അവിശുദ്ധക്കൂട്ടുകെട്ടിനെ സൂചിപ്പിക്കാനാണ് അമേരിക്കൻ പ്രസിഡന്റ് ഐസൻഹോവർ “മിലിട്ടറി ഇൻഡസ്ട്രിയൽ കോംപ്ലക്സ്’ എന്ന പ്രയോഗം നടത്തുന്നത്. ബുഷിന്റെ കാലത്ത് കൂടിക്കൂടി വന്ന സൈനികച്ചെലവുകൾ ട്രംപിന്റെ കാലമാവുമ്പോഴേക്ക് പിന്നെയും കുതിച്ചുയരുകയാണ്. പ്രതിരോധാവശ്യത്തിനായി ലോകരാഷ്ട്രങ്ങളാകെ ചെലവാക്കുന്നതിൻ്റെ മുക്കാൽ പങ്കും (74.3 ശതമാനം) അമേരിക്കയുടെതാണ്. ഭൂമിയിൽ എല്ലാ വൻകരകളിലുമായി ഏതാണ്ട് 90 ലേറെ രാജ്യങ്ങളിലായി 902 സൈനികത്താവളങ്ങളാണ് അമേരിക്ക സ്ഥാപിച്ചത്.
1990 ആഗസ്‌ത് 2ന് പ്രസിഡന്റ് ബുഷ് ഒരു പ്രഖ്യാപനം നടത്തുന്നുണ്ട്: 1995 ആവുന്നതോടെ അവിടങ്ങളിലെ സൈനിക ശക്തിയിൽ25 ശതമാനം വെട്ടിക്കുറയ്ക്കാനാവണമെന്ന്. അതേ ആഗസ്‌ത് 2നാണ് ഇറാഖ് കുവൈത്തിനെ ആക്രമിക്കുന്നത്. അതോടെ പുതിയ ശത്രുവിനെ വീണു കിട്ടുകയായി. പുതിയ സൈനികത്താവളങ്ങൾക്കുള്ള അന്വേഷണമായി. വിശേഷിച്ചും സൗദി അറേബ്യയിൽ.
ബിൽ ക്ലിന്റന്റെ കാലത്ത്, സൈനികരുടെ എണ്ണം കുറയ്ക്കുന്നതിനെ ക്കുറിച്ച് വാചാലമായ പ്രഖ്യാപനങ്ങൾ ഉണ്ടായി എന്നത് നേരാണ്. പക്ഷേ സൈനികത്താവളങ്ങളിൽ സ്ഥിരം നിയമന ത്തിനു പകരം ഹ്രസ്വകാല നിയമനങ്ങൾ നടത്തിക്കൊണ്ട് അവയെ കൂടുതൽ സജീവമാക്കുകയായിരുന്നു. അവയിൽ മിക്കതും പാട്ടത്തിനെടുത്തതാണ്. ക്യൂബയിലുമുണ്ട് ഗ്വാണ്ടനാമോയിൽ അമേരിക്കയ്‌ക്ക് ഒരു സൈനികത്താവളം. പണ്ട് സ്പെയിനിനോട് പാട്ടത്തിനെടുത്തതാണത്. 1959ൽ വിപ്ലവം നടന്നതിനു ശേഷം ക്യൂബ ഒറ്റച്ചെക്കേ പാസ്സാക്കാൻ അയച്ചിട്ടുള്ളൂ. തർക്കം തുടരുകയാണിപ്പോഴും. ഒഴിയാൻ കൂട്ടാക്കാത്ത അമേരിക്ക ക്യൂബയെത്തന്നെ നശിപ്പിക്കാനാണ് ആലോചിക്കുന്നത്. സമാധാനപരമായ സഹവർത്തിത്വം എന്നത് സോവിയറ്റ് യൂണിയൻ മുന്നോട്ടുവെച്ച ആശയമായിരുന്നല്ലോ. അതിന്റെ തിരോധാനത്തോടെ അത്തരമൊരാശയത്തെത്തന്നെ നിരാകരിച്ചു കൊണ്ട് മുതലാളിത്ത വ്യവസ്ഥയുടെ അക്രമാത്മകസ്വഭാവം വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് അമേരിക്ക.
സാമ്രാജ്യത്വത്തിന് അവസാനം?
ഇവിടെയാണ് വിയറ്റ്നാം യുദ്ധത്തോടെ സാമ്രാജ്യത്വത്തിന് അവസാനമായി എന്നും പറഞ്ഞ് സിദ്ധാന്തം ചമയ്ക്കുന്ന മൈക്കൽ ഹാർഡിനെയും അന്തോണിയോ നെഗ്രിയെയും പോലുള്ള പണ്ഡിതരുടെ വാദങ്ങളെ നിരാകരിച്ചുകൊണ്ട് അക്രാമകമുതലാളിത്തം തങ്ങൾക്ക് അങ്ങനെയല്ലാതെ പെരുമാറാനാവില്ല എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നത്. സോഷ്യലിസം അല്ലെങ്കിൽ കാടത്തം എന്ന റോസാ ലക്സംബർഗിന്റെ പ്രഖ്യാപനത്തിന്റെ പ്രായോഗിക രൂപത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്.
മാനവരാശിയെ ഈ കൊടും ഭീകരരിൽ നിന്ന് രക്ഷിക്കാൻ സോഷ്യലിസമല്ലാതെ മറ്റു മാർഗങ്ങളില്ല. അതിനായുള്ള പ്രക്ഷോഭങ്ങളിൽ അണിനിരന്നു കൊണ്ടല്ലാതെ യുദ്ധവിപത്തിൽ നിന്നു മോചനവുമില്ല. l




