അവസാനിക്കാത്ത യുദ്ധപർവ്വം

വി കെ ഷറഫുദ്ദീൻ

ഗാസക്കുശേഷം, അവശേഷിക്കുന്ന ഏക പാലസ്തീൻ തുരുത്തായ വെസ്റ്റ്ബാങ്ക് കൂടി വരുതിയിലാക്കി, വിശാല ഇസ്രായേൽ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിലേക്ക് ഒരു പടി കൂടി പിന്നിട്ടിരിക്കുകയാണ് സയണിസ്റ്റുകൾ. സിറിയയും ലിബിയയും യെമനും ലെബനോണും ശിഥിലവും ദുർബലവുമാവുകയും ഇറാൻ നിയന്ത്രണത്തിലാക്കാൻ അമേരിക്കൻ പ്രസിഡന്റുമായി ചേർന്ന് പോർമുഖം തുറക്കുകയും ചെയ്ത സാഹചര്യത്തിൽ “വാഗ്ദത്തഭൂമി’ തന്റെ ഭരണ ‐ ജീവിതകാലത്തു തന്നെ സാക്ഷാത്കരിക്കാനാകുമെന്ന് നെതന്യാഹു ഉറപ്പിക്കുന്നു.

അറബ് ലോകവുമായി 1967ൽ നടത്തിയ യുദ്ധത്തിൽ ഇസ്രായേൽ ജോർദാനിൽ നിന്നും പിടിച്ചെടുത്ത പ്രദേശമാണ് വെസ്റ്റ്ബാങ്ക്. ഈ യുദ്ധത്തിൽ സിറിയയിൽനിന്ന് ഗോലാൻ കുന്നും ഈജിപ്തിൽനിന്ന് ഗാസയും സിനായിയും ഇസ്രായേൽ കൈക്കലാക്കി. (സിനായ് പിന്നീട് സമാധാനസന്ധിയിലൂടെ ഈജിപ്തിനു തിരികെ നൽകി.)

ഗാസയിൽ കൂട്ടക്കൊലകളിലൂടെ വംശീയ ഉന്മൂലനം നടത്തുന്നതിനിടയിൽ തന്നെ വെസ്റ്റ്ബാങ്ക് പിടിച്ചെടുക്കുന്നതിന് ഇസ്രായേൽ കോപ്പുകൂട്ടിയിരുന്നു. ചാവുകടലും ജോർദാൻ നദിയും തഴുകിയൊഴുകുന്ന 5655 സ്ക്വയർ കി.മീ. പ്രദേശം. പാലസ്തീൻകാർ കൂട്ടമായി താമസിക്കുന്നിടങ്ങളിലേക്ക് ജൂത കുടിയേറ്റം പ്രോത്സാഹിപ്പിച്ചും എതിർക്കുന്നവരെ സൈനിക സഹായത്തോടെ അടിച്ചമർത്തിയും നെതന്യാഹു സയണിസ്റ്റ് പദ്ധതി നടപ്പാക്കിക്കൊണ്ടിരുന്നു. കഴിഞ്ഞ വർഷം 47,390 ജൂത പാർപ്പിടങ്ങൾ വെസ്റ്റ്ബാങ്കിൽ നിർമ്മിക്കാനായിരുന്നു ലക്ഷ്യമിട്ടത്. ലക്ഷ്യം കൈവരിച്ചുകഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. ഈ വർഷമാദ്യം വെസ്റ്റ്ബാങ്കിൽ അഞ്ച് ലക്ഷം ഇസ്രായേലുകാർ ഉള്ളതായും പലസ്തീൻകാരുടെ ജനസംഖ്യ 26 ലക്ഷമായി കുറഞ്ഞിട്ടുണ്ടെന്നും പഠനങ്ങൾ തെളിയിക്കുന്നു.

പുതിയ നിയമം
പലസ്തീൻകാരില്ലാത്ത ഇല്ലാത്ത സമാധാന സമിതി (Board of Peace)യുമായി ട്രംപ് അധ്യക്ഷസ്ഥാനത്തിരുന്ന് ഗാസ ഭരിക്കുകയാണ്. സമാധാനസമിതി ആദ്യയോഗം ചേരുന്നതിനിടയിൽ തന്നെയാണ് വെസ്റ്റ്ബാങ്കിലെ പലസ്തീൻ ഭൂമി ഇസ്രായേലിന്റെ ഭൂമിയായി പ്രഖ്യാപിക്കാനുള്ള പദ്ധതിക്ക് ആ രാജ്യത്തിന്റെ മന്ത്രിസഭ അംഗീകാരം നൽകിയത്. ഭരണനേതൃത്വത്തിലെ തീവ്രയഹൂദ നേതാക്കളായ ധനമന്ത്രി ബെസാലിൽ സ്മോട്രിച്ച്, നിയമമന്ത്രി യാരിവ് ലെവിൻ, പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് എന്നിവർ അവതരിപ്പിച്ച പ്ലാൻ ക്യാബിനറ്റ് അംഗീകരിക്കുകയായിരുന്നു. പലസ്തീൻ അതോറിറ്റി എന്ന ലേബലിൽ “ഫത്ത’ സംഘടനാ നേതാവ് മഹ്മൂദ് അബ്ബാസ് ഭരണാധിപനായ ഒരു സർക്കാർ വെസ്റ്റ് ബാങ്കിലുണ്ട് എന്നതൊന്നും ഇസ്രായേൽ ഒരിക്കലും ഗൗനിച്ചിട്ടില്ല. ഒരു മുനിസിപ്പാലിറ്റിയുടെ അധികാരം പോലുമില്ലാത്ത ഭരണമാണ് വെസ്റ്റ്ബാങ്കിൽ ഫത്തായുടേത്.

ദ്വിരാഷ്ട്ര വ്യവസ്ഥ അനുശാസിക്കുന്ന ഓസ്ലോ കരാറിന്റെ മറ്റൊരു ലംഘനമാണ് വെസ്റ്റ്ബാങ്ക് അധിനിവേശത്തിലൂടെ നെതന്യാഹു സർക്കാർ അനുവർത്തിച്ചിരിക്കുന്നത്. ഫലത്തിൽ വെസ്റ്റ്ബാങ്കിന്റെ 62 ശതമാനത്തിലധികം ഇസ്രായേലിന്റെ നിയന്ത്രണത്തിലാകും. വംശീയ ഉന്മൂലനവും അക്രമങ്ങളും ഭൂമി കയ്യേറ്റങ്ങളും അഭംഗുരം തുടരാൻ സൈന്യത്തിനും തീവ്ര യഹൂദ വിഭാഗങ്ങൾക്കും സ്വാതന്ത്ര്യം നൽകുന്ന ഈ നീക്കം വെസ്റ്റ്ബാങ്കിലും ഗാസാ ദുരന്തം ആവർത്തിക്കുമെന്ന ആശങ്ക മധ്യപൗരസ്ത്യ ദേശത്ത് ഉണർത്തിയിരിക്കുകയാണ്. സ്വാഭാവികമായും സൗദി അറേബ്യയും ഈജിപ്തും യു.എ.ഇ.യും ഖത്തറും തുർക്കിയും ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങൾ ഈ നീക്കത്തെ അപലപിച്ചു.

പുതിയ നിയമമനുസരിച്ച് ജൂതർക്ക് വെസ്റ്റ് ബാങ്കിൽ, ഇസ്രായേലിൽ ഭൂമി വാങ്ങുന്നതുപോലെ അനായാസം ഭൂമി വാങ്ങാം. നേരത്തേ, ഒരു രജിസ്ട്രേഡ് കമ്പനി മുഖേനയായിരുന്നു ഇടപാട് നടന്നു വന്നിരുന്നത്. ഇസ്രായേലുകാർ കൃഷിയിടങ്ങൾ കയ്യേറിയും പാർപ്പിടങ്ങൾ ആക്രമിച്ചും കുട്ടികളെ ഉപദ്രവിച്ചും ജീവിതം ദുഃസഹമാക്കുമ്പോൾ ജന്മനാടു വിട്ടു പോകാൻ പലസ്തീൻകാർ നിർബന്ധിതരാകുന്ന സാഹചര്യം വെസ്റ്റ് ബാങ്കിൽ നിലനിൽക്കുന്നുണ്ട്. ഓസ്ലോ കരാറനുസരിച്ച് “എ, ബി, സി’ എന്നിങ്ങനെ മൂന്നായി തിരിച്ച വെസ്റ്റ് ബാങ്കിലെ ആദ്യ രണ്ടു ഭാഗങ്ങളാണ് പലസ്തീൻ അതോറിറ്റിയുടെ കീഴിലുള്ളത്. സി പൂർണ്ണമായും ഇസ്രായേലി സൈനിക ഭരണത്തിലാണ്. 2023 ഒക്ടോബർ 7ന് ഹമാസ് ‐ ഇസ്രായേൽ യുദ്ധം ആരംഭിച്ചതിനുശേഷം 177 കുട്ടികളുൾപ്പെടെ കുറഞ്ഞത് 870 പാലസ്തീൻകാർ വെസ്റ്റ്ബാങ്കിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പലസ്തീൻ വൃത്തങ്ങൾ പറയുന്നു. 4037 പേർക്ക് പാർപ്പിടങ്ങൾ നഷ്ടപ്പെടുകയും ചെയ്തു.

തീവ്ര വലതുപക്ഷ ഭരണം
വെസ്റ്റ്ബാങ്ക് കൂട്ടിച്ചേർക്കുക, ദ്വിരാഷ്ട്ര പരിഹാരം ഉപേക്ഷിക്കുക, സുപ്രീം കോടതിയെ/നിയമവ്യവസ്ഥയെ നിയന്ത്രിക്കുക എന്നീ അജൻഡകളുമായാണ് നെതന്യാഹുവിന്റെ ലിക്വിഡ് പാർട്ടിയും സയണിസ്റ്റ് ‐ ജൂത തീവ്രവാദി ഗ്രൂപ്പുകളും സഖ്യമുണ്ടാക്കി കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിനെ നേരിട്ടത്. പലസ്തീനെ തുടച്ചു മാറ്റുമെന്ന് പ്രതിജ്ഞ ചെയ്ത ജൂത മൗലികവാദികളുടെ വലതു കൂട്ടായ്മയാണീ സഖ്യം. “ഇസ്രായേൽ ദേശം യഹൂദർക്ക് മാത്രം’ എന്ന് ഉദ്ഘോഷിക്കുന്ന പാർട്ടികളാണിവ. മാതൃഭൂമിയുടെ 80 ശതമാനവും അധിനിവേശ ശക്തികൾ ഭരിക്കുമ്പോൾ ശേഷിച്ച 20 ശതമാനമാണ് ‐ ഗാസയും വെസ്റ്റ് ബാങ്കും ‐ തദ്ദേശീയരായ പലസ്തീൻ ജനതക്ക് ലഭിച്ചത്. ആ തുണ്ടു പ്രദേശങ്ങളും കൂടി വെട്ടിപ്പിടിച്ച് മഹത്തായ ചരിത്ര ‐ സാംസ്കാരിക പൈതൃകം പേറുന്ന ഒരു ജനതയെ ചോരയിൽ മുക്കുകയോ അഭയാർത്ഥികളാക്കുകയോ ചെയ്യുന്നതിലാണ് സയണിസ്റ്റുകൾ വ്യാപൃതരായിരിക്കുന്നത്. ഹമാസിനെ തുടച്ചുമാറ്റുകയാണെന്ന നാട്യത്തിൽ ഗാസ ഏറെക്കുറെ ജൂതവത്ക്കരിച്ചു കഴിഞ്ഞു. 40 കി.മീ. നീളവും 12 കി.മീ. വീതിയുമുള്ള ഈ ചെറിയ പ്രദേശത്ത് 20 ലക്ഷം ജനങ്ങൾ തിങ്ങി ജീവിക്കുകയാണ്. കുടിയേറ്റക്കാരും അവരെ സഹായിക്കാനുള്ള സർക്കാർ സൈനിക കേന്ദ്രങ്ങളും തദ്ദേശീയ ജനതയെ ഇടുങ്ങിയ തെരുവുകളിലേക്ക്‌ വലിച്ചിഴച്ചിരിക്കുന്നു. വെസ്റ്റ്ബാങ്കിൽ അവശേഷിക്കുന്ന 26 ലക്ഷത്തോളം പലസ്തീൻകാരുടെ സ്ഥിതിയും വിഭിന്നമല്ല. കുടിയേറ്റക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി പലസ്തീൻ പാർപ്പിട കേന്ദ്രങ്ങൾ കയ്യേറി റോഡ് വികസനവും തുടരുന്നു.

മേഖല (പശ്ചിമേഷ്യ) മുഴുവനായി ഇസ്രായേൽ ഏറ്റെടുക്കുന്നത് അഭികാമ്യമായിരിക്കുമെന്ന് ആ രാജ്യത്തെ അമേരിക്കൻ സ്ഥാനപതി മൈക്ക് ഹക്കാബി ഇക്കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞത് ആകസ്മികമാണെന്നു കരുതുക വയ്യ. (അയൽ അറബ് രാജ്യങ്ങൾ കടുത്ത വിമർശനമുന്നയിച്ചപ്പോൾ ഹക്കാബി ഉരുണ്ടുകളിച്ചു). പശ്ചിമേഷ്യക്കുമേൽ ഇസ്രായേലിന് ചരിത്രപരവും വിശ്വാസപരവുമായ (Biblical) അവകാശമുണ്ടെന്നാണ് അമേരിക്കൻ സ്ഥാനപതി പറഞ്ഞത്. “”ദൈവം തന്റെ ജനതക്ക് അബ്രഹാമിലൂടെ നൽകിയ ഭൂമി”യാണത്രേ അത്. യൂഫ്രട്ടീസ് നദി മുതൽ നൈൽ നദി വരെയുള്ള പ്രദേശമാണുപോലും ദൈവം കനിഞ്ഞു നൽകിയത്. എന്നുവെച്ചാൽ ഇസ്രായേലും ജോർദാനും സിറിയയും ലെബനോണും സൗദി അറേബ്യയുടേയും ഇറാഖിന്റേയും ഏതാനും ഭാഗങ്ങളും ഉൾപ്പെടെ മധ്യപൂർവദേശം അപ്പാടെയുണ്ട് “വാഗ്ദത്ത ഭൂമി’യിൽ! അതുതന്നെയാണ് വിശാല ഇസ്രായേലിലൂടെ സയണിസ്റ്റുകൾ സ്വപ്നം കാണുന്നത്.

ഓസ്ലോ ഒരു വഞ്ചന
പലസ്തീൻ പ്രശ്നപരിഹാരത്തിനായി ഐക്യരാഷ്ട്രസഭയുടെയും പ്രമുഖ ലോകരാഷ്ട്രങ്ങളുടെയും മധ്യസ്ഥതയിൽ ഒട്ടേറേ അനുരഞ്ജന ചർച്ചകൾ നടത്തിയിട്ടുണ്ടെങ്കിലും ഒന്നുപോലും ഫലം കണ്ടിട്ടില്ല. ഒളിഞ്ഞും തെളിഞ്ഞും അമേരിക്ക ഈ സംഭാഷണങ്ങളിൽ നിർണായക സ്ഥാനത്തുണ്ടായിരുന്നുവെന്നതു തന്നെ പ്രധാന കാരണം. മധ്യപൂർവ്വദേശത്തെ രാജ്യങ്ങളുമായി ഏറ്റുമുട്ടുന്ന സഖ്യരാഷ്ട്രമായ ഇസ്രായേലിനു ഗുണകരമാകാത്ത ഏതു തീരുമാനത്തെയും അമേരിക്ക എതിർക്കും. ഏറ്റവുമൊടുവിൽ, പ്രശ്നപരിഹാരം ആസന്നമായെന്ന ധാരണ പരത്തിയ ഓസ്ലോ കരാറിലെ വ്യവസ്ഥകൾ ഇസ്രായേൽ ഒന്നൊന്നായി ലംഘിച്ചപ്പോഴും അമേരിക്ക മൗനം തുടർന്നു. 1993 സെപ്തംബർ 13ന് നോർവേയുടെ തലസ്ഥാനമായ ഒസ്ലോയിൽ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിൻന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിലെ പ്രധാന തീരുമാനം, 1967ലെ അറബ് രാഷ്ട്രങ്ങളുമായി നടത്തിയ യുദ്ധത്തിൽ പിടിച്ചെടുത്ത പ്രദേശങ്ങളിൽ നിന്ന് ഇസ്രായേൽ പിന്മാറുമെന്നും ഗാസയും വെസ്റ്റ്ബാങ്കും ചേർന്ന് സ്വതന്ത്ര പലസ്തീൻ രാജ്യം രൂപീകരിക്കുമെന്നുമായിരുന്നു. തർക്കസ്ഥലമായ വിശുദ്ധനഗരത്തിന്റെ ഉടമസ്ഥാവകാശം പിന്നീടു തീരുമാനിക്കാമെന്നും വെച്ചു. “സമാധാന’ കരാറിന്റെ പേരിൽ ചർച്ചയിൽ പങ്കെടുത്ത പലസ്തീൻ നേതാവ് യാസർ അറാഫത്തിനും ഇസ്രായേൽ പ്രധാനമന്ത്രി ഇസ്ഹാഖ് റാബിനും നോബേൽ ലഭിച്ചതു തന്നെ ലാഭം! ഇസ്രായേൽ കുടിയേറ്റവും കയ്യേറ്റവും തുടർന്നു. രണ്ടു വർഷത്തിനുശേഷം റാബിൻ വെടിയേറ്റു മരിച്ചതോടെ ഓസ്ലോ കരാർ വിസ്മൃതിയലായി. ഏറേ വേദനയോടെ അറാഫത്ത് അംഗീകരിച്ച ദ്വിരാഷ്ട്ര സങ്കല്പവും വ്യഥാവിലായി.

1978ൽ അമേരിക്കയിൽ നടന്ന ക്യാംപ് ഡേവിഡ് കരാറും നോബേൽ പുരസ്കാര ലബ്ധിയിൽ ഒതുങ്ങിനിന്നു. പ്രസിഡന്റ് ജിമ്മി കാർട്ടറുടെ മധ്യസ്ഥതയിൽ ഇസ്രായേൽ പ്രധാനമന്ത്രി മെനാച്ചം ബെഗിനും ഈജിപ്ഷ്യൻ പ്രസിഡന്റ് അൻവർ സാദത്തും നടത്തിയ ചർച്ച, ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം പുന:സ്ഥാപിച്ച പശ്ചാത്തലത്തിലായിരുന്നു. രണ്ടു രാജ്യത്തലവന്മാരും നോബേൽ പങ്കിട്ടു. ഈ കരാറിനുശേഷം പാലസ്തീൻ പ്രശ്നത്തിൽ നിന്ന്, അതുവരെ വീറോടെ നിന്ന ഈജിപ്ത് പിൻവലിഞ്ഞുവെന്നതായിരുന്നു ആത്യന്തിക ഫലം. മൂന്നു വർഷത്തിനുശേഷം സാദത്ത് വധിക്കപ്പെട്ടത് ക്യാംപ് ഡേവിഡ് വരുത്തിവെച്ച മറ്റൊരു ദുരന്തം.

യാസർ അറാഫത്തിനെ നിസ്സഹായനാക്കി പി.എൽ.ഒ.യെയും പലസ്തീൻ വിമോചന പ്രസ്ഥാനത്തെയും നിർവീര്യമാക്കുവാനുള്ള തന്ത്രം അദ്ദേഹത്തിന്റെ അവസാന കാലഘട്ടത്തിൽ തന്നെ സയണിസ്റ്റുകൾ ആരംഭിച്ചതാണ്. ഒസ്ലോ കരാർ ഒപ്പുവെക്കുന്ന വേളയിൽ തന്നെ ഇസ്രായേൽ അധിനിവേശ ഭൂമികളിൽ കൂടിപാർപ്പുകൾ (settlement) സ്ഥാപിച്ചുതുടങ്ങിയിരുന്നു. നേരത്തേ നടത്തിയ കയ്യേറ്റങ്ങൾ പൊളിച്ചു മാറ്റിയുമില്ല. എതിർത്തു നിന്നുവെങ്കിലും അതിനകം നിസ്സഹായനായി മാറിക്കഴിഞ്ഞിരുന്ന യാസർ അറഫാത്തിന്‌ സയണിസ്റ്റുകൾക്കു മുന്നിൽ വിനീതവിധേയനായി നിൽക്കേണ്ടിവന്നു. ലോകം മുഴുവനുമുള്ള പോരാളികളുടെ ആശയും ആവേശവുമായിരുന്ന ഒരു വിമോചന പ്രസ്ഥാനത്തിന്റെ നായകൻ സാമ്രാജ്യത്വ ഗൂഢാലോചനകൾക്കു മുന്നിൽ വിറങ്ങലിച്ചുനിന്നത് ചരിത്രത്തിലെ പ്രഹേളികകളിൽ ഒന്നായി അവശേഷിക്കുന്നു. പോരാട്ടവീര്യം കൈവെടിഞ്ഞ പി.എൽ.ഒ. യിൽ ‘ഫത്താ’ മാത്രമാകുകയും അതിന്റെ നേതൃത്വം അഴിമതിയിലും ധൂർത്തിലും ആണ്ടിറങ്ങുകയും ചെയ്തപ്പോൾ, സ്വാഭാവികമായും പിറവിയെടുത്ത തീവ്രവാദ ഗ്രൂപ്പുകളിൽ ഹമാസ് അധീശത്വം നേടുകയും ഗാസയിൽ വേരുറപ്പിക്കുകയും ചെയ്തു. പലസ്തീൻ നിയമനിർമ്മാണ സഭയിലേക്കു 2006‐ൽ നടന്ന തിരഞ്ഞെടുപ്പിൽ ഗാസയിൽ വമ്പിച്ച ജനപിന്തുണ നേടിയ ഹമാസ്, വെസ്റ്റ്ബാങ്കിലെ ഫത്താ ആധിപത്യവുമായി കലഹിച്ച് പലസ്തീൻ അതോറിറ്റിയിൽ നിന്നും വിഘടിക്കുകയായിരുന്നു. ഉടമ്പടിയുടെ മുഖ്യ ശില്പിയായ യിറ്റ്ഷാക് റാബിൻ ഈ സന്ദർഭത്തെ തന്റെ രാജ്യത്തിനനുകൂലമായി ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്തു. സയണിസ്റ്റ് ഭരണകൂടത്തിനു വിധേയമായി, സ്വതന്ത്ര പാലസ്തീൻ വാദം ഏറെക്കുറെ ഉപേക്ഷിച്ച നിലയിലാണ് വെസ്റ്റ്ബാങ്കിലെ മഹ്മൂദ് അബ്ബാസിന്റെ ‘ഭരണം’.

ദുരിതങ്ങളും പ്രതിസന്ധികളും നിറഞ്ഞതാണ് വെസ്റ്റ്ബാങ്കിൽ പലസ്തീൻ ജനജീവിതം. മുഖ്യജീവിതമാർഗ്ഗമായ കൃഷി ചെയ്യണമെങ്കിൽ ഇസ്രായേലിന്റെ അനുമതി വേണം. കൃഷിയിടങ്ങൾ കയ്യേറ്റങ്ങളും കുടിയേറ്റങ്ങളും മൂലം ദിനേന കുറഞ്ഞുവരുന്നു. നിരവധി സൈനിക ചെക്ക് പോസ്റ്റുകൾ കടന്നുവേണം യാത്ര ചെയ്യാൻ. രോഗികൾക്കും ഗർഭിണികൾക്കും വിദഗ്ധ ചികിത്സക്ക് പോകേണ്ട യാത്ര ദുഷ്കരമാണ്. ഇസ്രായേലുകാരെയും പലസ്തീൻകാരെയും വേർതിരിക്കുന്ന വർണവിവേചന മതിലുകൾ ഇടക്കിടെ ഉയർന്നു നിൽക്കുന്നു. ഗാസയിലെ പോലെ വെസ്റ്റ്ബാങ്കിലും അടിസ്ഥാന സാമ്പത്തിക ‐ ജീവിതം സൃഷ്ടിക്കാൻ അധിനിവേശ ശക്തികൾ ശ്രമിച്ചിട്ടില്ലെന്നു മാത്രമല്ല, അനുവദിച്ചിട്ടുമില്ല. തൊഴിലില്ലായ്മയാണ് പ്രധാന പ്രശ്നം. ഇസ്രായേലിൽ പോയി പണിയെടുക്കുക എളുപ്പമല്ല. ചെക്ക് പോസ്റ്റുകൾ ഉൾപ്പെടെ കടമ്പകൾ ഏറേ കടന്നു വേണം പോകാനും വരാനും. അതേസമയം ഇസ്രായേലുകാർ യഥേഷ്ടം രണ്ട് പലസ്തീൻ പ്രദേശത്തും സ്വൈര്യവിഹാരം നടത്താം. മധ്യകാല കാടത്തത്തിന്റെ സത്യാനന്തര മുഖമാണ് പാലസ്തീനിൽ ഇസ്രായേൽ കാണിച്ചുകൊണ്ടിരിക്കുന്നത്.

വെസ്റ്റ്ബാങ്ക് ‐ ഗാസ യാത്രയും എളുപ്പത്തിൽ സാധ്യമല്ല. ജെറിക്കോയും വെസ്റ്റ്ബാങ്കും തമ്മിൽ മാത്രമേ യാത്രാനുവാദമുള്ളൂ. ഇതിന്റെ മേൽനോട്ടവും ഇസ്രായേലിന്റെ കയ്യിലാണ്. വിദ്യാർത്ഥികളും രോഗികളും തൊഴിലാളികളുമാണ് യാത്രാ നിയന്ത്രണത്തിന്റെ ദുരിതം കൂടുതൽ അനുഭവിക്കുന്നത്.

സ്വന്തം മണ്ണിൽ പലസ്തീൻ ജനതക്ക് സ്വന്തമായ രാഷ്ട്രം യാഥാർത്ഥ്യമാകുമ്പോൾ മാത്രമേ, ജനങ്ങളുടെ ദുരിതങ്ങൾക്കും യാതനകൾക്കും അറുതിയുണ്ടാകൂ. താൽക്കാലിക കരാറുകളെല്ലാം, പലസ്തീനു മേലുള്ള ഇസ്രായേലിന്റെ അധികാരം വ്യവസ്ഥാപിതമാക്കിയ ചരിത്രമാണുള്ളത്.

നിയൊ കൊളോണിയലിസം
മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ സാഹചര്യത്തിൽ ആയുധങ്ങൾ കൊണ്ടു മാത്രമല്ല, അന്താരാഷ്ട്ര നിയമങ്ങൾ നഗ്നമായി ലംഘിച്ചുകൊണ്ടും വേണ്ടിവന്നാൽ സൗകര്യപ്രദമായ പുതിയ നിയമങ്ങൾ സൃഷ്ടിച്ചുകൊണ്ടും സാമ്രാജ്യത്വ വ്യാപനം സാധ്യമാക്കാമെന്ന് വെനസ്വേലയിലെ അട്ടിമറിയിലൂടെ ട്രംപ് തെളിയിച്ച പാതയിൽ തന്നെയാണ് വിശ്വസ്ത അനുയായിയായ നെതന്യാഹുവും ചരിക്കുന്നത്. ഭൂമിയോട്‌ മുതലാളിത്ത ‐ വലതുശക്തികൾക്ക് എക്കാലവും അത്യാർത്തിയായിരുന്നു. അതുകൊണ്ടു തന്നെയാണ് സയണിസ്റ്റ് രാഷ്ട്രത്തിന്റെ സ്ഥാപക നേതാക്കൾ ‐ മൊഷേ ദയാനും യിറ്റ്ഷാക് റാബിനും ഏരിയൽ ഷാരോണും ഷിമോൺ പെരസും ഉൾപ്പെട്ട “1948 തലമുറ ‐ ഭൂമി വീണ്ടെടുക്കൽ” (redemption of land) സങ്കല്പനം ഉദ്ഘോഷിച്ചത്. “അന്യർ കൈയടക്കിവെച്ചിരിക്കുന്ന വിശുദ്ധ വാഗ്ദത്തഭൂമി തിരിച്ചെടുക്കേണ്ടത് പൂർവപിതാക്കന്മാരോട് ചെയ്തുതീർക്കേണ്ട കടപ്പാടാ”ണെന്ന ഓർമപ്പെടുത്തൽ അവർ തലമുറകളിലേക്കു കൈമാറി. ആവശ്യമെങ്കിൽ യുദ്ധത്തിലൂടെ, സാധ്യമായിടത്ത് തന്ത്രങ്ങളിലൂടെ, കയ്യേറ്റങ്ങളിലൂടെ… “”പാലും തേനുമൊഴുകുന്ന കാനാൻ ദേശ”മാണ് സ്വപ്നങ്ങളിൽ നിറയെ. അതുകൊണ്ടു തന്നെ ഇസ്രായേലുകാർക്ക് ഭൂമിക്കുവേണ്ടിയുള്ള യുദ്ധം അവസാനിക്കുന്നില്ല. അതുകൊണ്ടാണല്ലോ “സ്വാതന്ത്ര്യത്തിനായുള്ള യുദ്ധം അവസാനിക്കുന്നില്ല” എന്ന് ഷാരോൺ തുറന്നു പറഞ്ഞത്. എന്നും വാളുകൊണ്ടു ജീവിക്കുവാനാണോ ഉദ്ദേശ്യമെന്ന് സാധാരണ ബോധമുള്ള ആരും തങ്ങളോടു ചോദിക്കുകയില്ലെന്നും ആ സയണിസ്റ്റ് തന്ത്രജ്ഞൻ തുറന്നു പറഞ്ഞു. ഇസ്രായേൽ ‐ പലസ്തീൻ സംഘർഷം അനന്തമായി തുടരുന്നതിന്റെ സാംഗത്യത്തെക്കുറിച്ച് ഒരു അഭിമുഖ സംഭാഷണത്തിൽ പ്രധാനമന്ത്രിയായിരുന്ന ഷാരോൺ പറഞ്ഞത്, “1948 ഒരദ്ധ്യായം മാത്രമാണ്, ജോലി പൂർത്തിയായിട്ടില്ല,” എന്നാണ്. പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ പാലസ്തീൻ കേന്ദ്രങ്ങളിൽ നടത്തിയ നരമേധങ്ങളെ, “ഒരു ദീർഘ പ്രക്രിയയിലെ രണ്ടാം പകുതിയുടെ തുടർച്ച”യെന്നാണ് ജൂതഭരണകൂടം വിശേഷിപ്പിച്ചത്. വെസ്റ്റ്ബാങ്ക് കൂടി കൂട്ടിച്ചേർത്ത് അടുത്ത അഞ്ചു വർഷം കൊണ്ട് “ചരിത്രപരവും ദൈവികവുമായ” ദൗത്യം പൂർത്തിയാക്കാനുള്ള ഗൂഢതന്ത്രങ്ങൾക്ക് അമേരിക്കയുടെയും സാമ്രാജ്യത്വ ശക്തികളുടെയും പൂർണ പിന്തുണയുണ്ട്.

“ഇസ്രായേൽ 120‐ാം വാർഷികം ആഘോഷിക്കുമ്പോൾ (2068) തീവ്രവാദികളും ഭീകരവാദികളുമെല്ലാം പരാജയപ്പെട്ടിരിക്കുമെന്നും മധ്യപൂർവ ദേശത്ത് സ്വതന്ത്ര സമൂഹങ്ങളായിരിക്കു”മെന്നും 2008 മെയ് 15‐ന് ഇസ്രായേൽ പാർലമെന്റിനെ (നെസറ്റ്) അഭിസംബോധന ചെയ്തുകൊണ്ട് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോർജ്ജ് ബുഷ് പ്രസ്താവിക്കുക പോലുമുണ്ടായി. അമേരിക്കയുടെ “ഏറ്റവുമടുത്ത സഖ്യരാജ്യവും സുഹൃത്തു”മാണ് ഇസ്രായേൽ എന്നും “തിരഞ്ഞെടുക്കപ്പെട്ട (നെസറ്റ്‌) ജനതയുടെ മാതൃഭൂമി”യാണതെന്നും ബുഷ് പ്രകീർത്തിച്ചു. തങ്ങൾ അടിച്ചേല്പിക്കുന്ന വ്യവസ്ഥിതിക്കും ഭരണക്രമത്തിനും മുസ്ലീം ‐ അറബ് ലോകം പൂർണമായി വിധേയപ്പെടുമെന്ന അമേരിക്കയുടെയും ഇസ്രയേലിന്റെയും വ്യാമോഹവും ദിവാസ്വപ്നവും മധ്യപൂർവദേശം ഭാവിയിലും സംഘർഷഭരിതമാകുമെന്നതിന്റെ വ്യക്തമായ മുന്നറിയിപ്പാണ്.

കടപ്പാട്: * ഹാറെറ്റ്സ് ദിനപത്രം. 2000 ‐ 2002 വാരാന്തപതിപ്പുകൾ * പലസ്തീൻ അജണ്ട ‐ എഡ്വേർഡ് സെയ്ദ് * ഇസ്രായേൽ/പാലസ്തീൻ ‐ ടാന്യ റെയിൻഹാർട്ട്

Hot this week

ഹൈക്കോടതി ഇടപെടുന്നു

2024ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അനധികൃത കുടിയേറ്റക്കാർ, അല്ലെങ്കിൽ അനാവശ്യമായി കടന്നുകയറിയവർ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 21

യുദ്ധവും വഞ്ചകനായ കൗട്‌സ്‌കിയും ‘‘1914 ഒക്ടോബർ ആദ്യം ഞങ്ങൾ കണ്ടത്‌, പാരീസിൽനിന്ന്‌ മടങ്ങിയെത്തിയ...

യുദ്ധം നമ്മെ പഠിപ്പിക്കുന്നത്

ഒരു രാസായുധവുമുണ്ടായിരുന്നില്ല സദ്ദാം ഹുസൈന്റെ കയ്യിൽ. പക്ഷേ ആ പേരിലാണ് യൂഫ്രിട്ടീസ്...

ഇ എൻ മോഹൻദാസ്‌

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഇ എൻ മോഹൻദാസ്‌ ഇക്കഴിഞ്ഞ...

പഹൽഗാം

2025 ഏപ്രിൽ 22ന്, ഇന്ത്യൻ ഭരണത്തിലുള്ള ജമ്മു കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ...

Topics

ഹൈക്കോടതി ഇടപെടുന്നു

2024ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അനധികൃത കുടിയേറ്റക്കാർ, അല്ലെങ്കിൽ അനാവശ്യമായി കടന്നുകയറിയവർ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 21

യുദ്ധവും വഞ്ചകനായ കൗട്‌സ്‌കിയും ‘‘1914 ഒക്ടോബർ ആദ്യം ഞങ്ങൾ കണ്ടത്‌, പാരീസിൽനിന്ന്‌ മടങ്ങിയെത്തിയ...

യുദ്ധം നമ്മെ പഠിപ്പിക്കുന്നത്

ഒരു രാസായുധവുമുണ്ടായിരുന്നില്ല സദ്ദാം ഹുസൈന്റെ കയ്യിൽ. പക്ഷേ ആ പേരിലാണ് യൂഫ്രിട്ടീസ്...

ഇ എൻ മോഹൻദാസ്‌

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഇ എൻ മോഹൻദാസ്‌ ഇക്കഴിഞ്ഞ...

പഹൽഗാം

2025 ഏപ്രിൽ 22ന്, ഇന്ത്യൻ ഭരണത്തിലുള്ള ജമ്മു കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ...

മധ്യമാവതിയിലെ പോക്കുവെയിൽ അപരാഹ്നങ്ങൾ

മഞ്ഞുപോലെ ആർദ്രമായ തൂവെണ്ണ മേഘങ്ങൾ തെന്നിനീങ്ങുന്ന ആകാശത്തിനുമപ്പുറത്ത് ഏഴാം ലോകത്ത് സോമരസം...

യുദ്ധവും ഇന്ത്യയുടെ വിനീതവിധേയ വിദേശനയവും

ഈ മാര്‍ച്ച് ആദ്യവാരത്തില്‍ യു എസ്  ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ ഇന്ത്യയെപ്പറ്റി...
spot_img

Related Articles

Popular Categories

spot_imgspot_img