ഹൈക്കോടതി ഇടപെടുന്നു

കെ എ വേണുഗോപാലൻ

2024ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അനധികൃത കുടിയേറ്റക്കാർ, അല്ലെങ്കിൽ അനാവശ്യമായി കടന്നുകയറിയവർ എന്ന പ്രയോഗം വിദ്വേഷപ്രസംഗങ്ങളിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. കഴിഞ്ഞവർഷം നടന്ന ഡൽഹി, ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇതേ പ്രയോഗം നല്ല രീതിയിൽ ഉപയോഗപ്പെടുത്തപ്പെട്ടു. 2026ൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും ഈ പ്രയോഗം വ്യാപകമായും അക്രമാസക്തമായ തോതിലും ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ട്. 2024ലെ പൊതു തിരഞ്ഞെടുപ്പിലും 2025ലെ സംസ്ഥാന തിരഞ്ഞെടുപ്പുകളിലും ഇത് വ്യാപകമായി പ്രയോഗിച്ചത് ബിജെപിയാണ്. യൂറോപ്യൻ രാജ്യങ്ങളിൽ കറുത്ത വർഗക്കാർക്കെതിരായി ഉപയോഗിക്കപ്പെടുന്നു ഗ്രേറ്റ് റീപ്ലേസ്മെൻ്റ് സിദ്ധാന്തത്തിന്റെ ഒരു പ്രാദേശിക പതിപ്പാണിത്. രാജ്യത്തെ മതപരമായ ഘടന മാറ്റാൻ ബോധപൂർവ്വമായ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ആരോപിക്കുന്നതാണ് ഇതിന്റെ രീതി ശാസ്ത്രം.

രോഹിംഗ്യൻ അഭയാർത്ഥികളും ബംഗ്ലാദേശി കുടിയേറ്റക്കാരും വൻതോതിൽ ഇന്ത്യയിലേക്ക് അനധികൃതമായി കടന്നുകയറുന്നു എന്ന അടിസ്ഥാനരഹിതമായ ഒരു അവകാശവാദമാണ് ഇത്തരത്തിൽ ഉപയോഗിക്കപ്പെടുന്നത്. 146 കോടിയോളം വരുന്ന ഇന്ത്യൻ ജനസംഖ്യയുടെ ഏതാണ്ട് 80 ശതമാനവും ഹിന്ദുക്കളാണ്. ബാക്കി വരുന്നവർ മാത്രമാണ് ന്യൂനപക്ഷ മതക്കാർ. അവരിൽ ഒരു കൂട്ടരായ മുസ്ലീങ്ങൾ ജനസംഖ്യാപരമായ ഒരു ഭീഷണിയാണെന്ന ഭീതി വളർത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. 2017ലെ കേന്ദ്ര അഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ആകെ ഉണ്ടായിരുന്നത് 40000 റോഹിംഗ്യൻ അഭയാർത്ഥികളാണ്. എന്നാൽ ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥികൾക്ക് വേണ്ടിയുള്ള ഹൈക്കമ്മീഷണറുടെ കണക്കുകൾ പ്രകാരം 2024ൽ ഇവരുടെ എണ്ണം 22500 ആയി കുറയുകയാണ് ഉണ്ടായത്.

2025 ജനുവരി 28ന് ഡൽഹിയിലെ വികാസ് പുരിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രതിപക്ഷ പാർട്ടികൾ “പ്രദേശവാസികളുടെ അവകാശങ്ങൾ തട്ടിയെടുക്കാൻ ബംഗ്ലാദേശി – റോഹിംഗ്യൻ മുസ്ലീങ്ങൾക്ക് തിരിച്ചറിയൽ കാർഡുകൾ നൽകുന്നു’ എന്ന ആരോപണം ഉന്നയിച്ചത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആയിരുന്നു. തൊട്ടടുത്ത ദിവസം ജനുവരി 29ന് രാജേന്ദ്ര നഗറിൽ നടന്ന റാലിയിൽ അന്നത്തെ ഭരണകക്ഷിയായിരുന്ന ആം ആദ്മി പാർട്ടി സർക്കാർ “ബംഗ്ലാദേശി കടന്നുകയറ്റക്കാരെയും റോഹിംഗ്യകളെയും നിയമവിരുദ്ധമായി താമസിക്കാൻ പ്രോത്സാഹിപ്പിക്കുന്നു’ എന്ന് അദ്ദേഹം തന്നെ ആരോപണം ആവർത്തിച്ചു. അന്നേദിവസം തന്നെ ഡൽഹിയിലെ നജഫ് ഗഡിൽ നടന്ന പ്രചാരണ റാലിയിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പ്രതിപക്ഷത്തെ ലക്ഷ്യംവെച്ച് പറഞ്ഞത് ഇപ്രകാരമായിരുന്നു “ഈ ആളുകൾ റോഹിംഗ്യകളുടെയും ബംഗ്ലാദേശി കടന്നുകയറ്റക്കാരുടെയും സംരക്ഷകരായി മാറുകയും ഉത്തർപ്രദേശിൽ നിന്നും ബീഹാറിൽ നിന്നുമുള്ള നമ്മുടെ സഹോദരങ്ങളെ വെറുക്കുകയും ചെയ്യുന്നു’.

ജനുവരി 30ന് ബദർപൂരിൽ നടന്ന റാലിയിൽ ബിജെപി നേതാവ് അനുരാഗ് താക്കൂർ അവകാശപ്പെട്ടത് ഇപ്രകാരമായിരുന്നു “പ്രതിപക്ഷം ഡൽഹിയിലെ റോഹിംഗ്യൻ മുസ്ലീങ്ങൾക്കായി ആധാർ കാർഡുകളും റേഷൻ കാർഡുകളും വോട്ടർ ഐഡികളും ഉണ്ടാക്കി നൽകി. നിയമവിരുദ്ധരായ ബംഗ്ലാദേശി കടന്നു കയറ്റക്കാർക്ക് അഭയം നൽകി’. തുടർന്ന് അദ്ദേഹം ജനക്കൂട്ടത്തോട് ചോദിച്ചു “റോഹിംഗ്യൻ മുസ്ലീങ്ങൾക്കും നിയമവിരുദ്ധരായ ബംഗ്ലാദേശി കടന്നുകയറ്റക്കാർക്കും നിങ്ങളുടെ അവകാശങ്ങൾ നൽകണോ?’

അതേദിവസം തന്നെ രോഹിണിയിലെ ബാദ്ലിയിൽ, ബിജെപി സ്ഥാനാർത്ഥി ദീപക് ചൗധരി മുസ്ലിം വോട്ടർമാരെ നേരിട്ട് ലക്ഷ്യം വെച്ചുകൊണ്ട് പ്രസ്താവിച്ചത് ഇപ്രകാരമായിരുന്നു. “ബംഗ്ലാദേശിക ളോടും രോഹിംഗ്യകളോടും ഒഴിഞ്ഞുപോകാൻ ഞാൻ പറഞ്ഞു. കാരണം നമ്മുടെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഇല്ലാതാക്കുന്നവരുടെ വോട്ട് എനിക്ക് വേണ്ട. ആ പാർട്ടികളിൽ ഏതെങ്കിലും വിജയിച്ചാൽ അവർ നമ്മുടെ വീടിനെ ബംഗ്ലാദേശ് ആക്കി മാറ്റും. ഇപ്പോൾതന്നെ ചില സ്ഥലങ്ങൾ ബംഗ്ലാദേശ് പോലെ ആയിക്കഴിഞ്ഞു’.

ആഗസ്റ്റ് 15ന് ഡൽഹിയിലെ ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി ഈ ആഖ്യാനത്തിന് ഔദ്യോഗികമായ ഒരു രൂപം നൽകി. “കടന്നുകയറ്റക്കാർ’ ആസൂത്രിതമായ പദ്ധതിയിലൂടെ തൊഴിലവസരങ്ങളും ഭൂമിയും തട്ടിയെടുക്കുന്നുവെന്നും സ്ത്രീകളെ ലക്ഷ്യംവെക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

സമാനമായ സന്ദേശങ്ങൾ തന്നെയാണ് ബിജെപി ബീഹാർ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലും പ്രയോഗിച്ചത്. ഒക്ടോബർ 22ന് ബീഹാറിലെ ദർഭംഗയിലുള്ള ഹയാഘട്ടിൽ നടന്ന പരിപാടിയിൽ “ബീഹാറിലെ ജനസംഖ്യ ഘടന നശിപ്പിക്കാൻ’ പ്രതിപക്ഷം ബംഗ്ലാദേശി – റോഹിംഗ്യൻ കടന്നുകയറ്റക്കാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആരോപിച്ചു. ഒക്ടോബർ 30ന് ലഖി സാരിയയിൽ നടന്ന റാലിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപണങ്ങൾ ആവർത്തിച്ചു. ഓരോ കടന്നുകയറ്റക്കാരെയും ഞങ്ങൾ ബീഹാറിൽ നിന്ന് പുറത്താക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം.

2025 ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണത്തിനുശേഷം ബിജെപി ഭരണത്തിലുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ബംഗാളി വംശജരായ മുസ്ലീങ്ങൾ ലക്ഷ്യംവയ്ക്കപ്പെടുകയും അവർ ബംഗ്ലാദേശികളാണെന്ന് ആരോപിക്കപ്പെടുകയും ചെയ്തു. 2025 ജൂലൈയിലെ ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട് പ്രകാരം “നിയമവിരുദ്ധ കുടിയേറ്റക്കാർ’ എന്ന് ആരോപിച്ച് നൂറുകണക്കിന് ബംഗാളി മുസ്ലിങ്ങളെ ഇന്ത്യൻ അധികൃതർ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തി. ഇത്തരത്തിൽ നാടുകടത്തപ്പെട്ടവരിൽ പലരും ഇന്ത്യൻ പൗരന്മാരായിരുന്നു.

2025 സെപ്റ്റംബറിൽ പശ്ചിമബംഗാളിലെ കൽക്കത്ത ഹൈക്കോടതി ഈ വിഷയത്തിൽ സുപ്രധാനമായ ഒരു വിധി പുറപ്പെടുവിച്ചു. പശ്ചിമബംഗാൾ സ്വദേശികളായ രണ്ടു കുടുംബങ്ങളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുകയും നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തുകയും ചെയ്തത് കോടതി ഇടപെട്ട് റദ്ദാക്കി. ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിച്ചതിന് ഡൽഹി പോലീസിനെയും ഫോറിനറി റീജിയണൽ രജിസ്ട്രേഷൻ ഓഫീസിനെയും കോടതി രൂക്ഷമായി വിമർശിച്ചു. നിയമപരമായി സാധുവായ തിരിച്ചറിയൽ രേഖകൾ അവഗണിക്കുന്നതും നിർബന്ധിച്ച് എഴുതി വാങ്ങിയ കുറ്റസമ്മത മൊഴികൾ ആശ്രയിക്കുന്നതും പോലുള്ള ഭരണകൂടത്തിന്റെ ഏകപക്ഷീയമായ നടപടികൾ ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി പ്രസ്താവിച്ചു. ഗർഭിണിയായ സ്ത്രീയും പ്രായപൂർത്തിയാകാത്ത കുട്ടികളും ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാരെ നാലാഴ്ചയ്ക്കകം ബംഗ്ലാദേശിൽ നിന്ന് തിരികെ എത്തിക്കണമെന്ന് കോടതി ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

ഇതുകൊണ്ടൊന്നും ഹിന്ദു വർഗീയവാദികൾ അടങ്ങിയിരിക്കില്ല. അവർ വിദ്വേഷപ്രസംഗങ്ങളെ നിരന്തരമായി ഉപയോഗപ്പെടുത്തുകയും ജനങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കും എന്നാണ് സമകാലിക ചരിത്രം വ്യക്തമാക്കുന്നത്. ഗുരുവായൂരിൽ ഹിന്ദു എംഎൽഎ വരാത്തതെന്തുകൊണ്ട് എന്ന ചോദ്യം ഉയരുന്നത് ഈ പാശ്ചാത്തലത്തിലാണ്. l

Hot this week

അവസാനിക്കാത്ത യുദ്ധപർവ്വം

ഗാസക്കുശേഷം, അവശേഷിക്കുന്ന ഏക പാലസ്തീൻ തുരുത്തായ വെസ്റ്റ്ബാങ്ക് കൂടി വരുതിയിലാക്കി, വിശാല...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 21

യുദ്ധവും വഞ്ചകനായ കൗട്‌സ്‌കിയും ‘‘1914 ഒക്ടോബർ ആദ്യം ഞങ്ങൾ കണ്ടത്‌, പാരീസിൽനിന്ന്‌ മടങ്ങിയെത്തിയ...

യുദ്ധം നമ്മെ പഠിപ്പിക്കുന്നത്

ഒരു രാസായുധവുമുണ്ടായിരുന്നില്ല സദ്ദാം ഹുസൈന്റെ കയ്യിൽ. പക്ഷേ ആ പേരിലാണ് യൂഫ്രിട്ടീസ്...

ഇ എൻ മോഹൻദാസ്‌

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഇ എൻ മോഹൻദാസ്‌ ഇക്കഴിഞ്ഞ...

പഹൽഗാം

2025 ഏപ്രിൽ 22ന്, ഇന്ത്യൻ ഭരണത്തിലുള്ള ജമ്മു കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ...

Topics

അവസാനിക്കാത്ത യുദ്ധപർവ്വം

ഗാസക്കുശേഷം, അവശേഷിക്കുന്ന ഏക പാലസ്തീൻ തുരുത്തായ വെസ്റ്റ്ബാങ്ക് കൂടി വരുതിയിലാക്കി, വിശാല...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 21

യുദ്ധവും വഞ്ചകനായ കൗട്‌സ്‌കിയും ‘‘1914 ഒക്ടോബർ ആദ്യം ഞങ്ങൾ കണ്ടത്‌, പാരീസിൽനിന്ന്‌ മടങ്ങിയെത്തിയ...

യുദ്ധം നമ്മെ പഠിപ്പിക്കുന്നത്

ഒരു രാസായുധവുമുണ്ടായിരുന്നില്ല സദ്ദാം ഹുസൈന്റെ കയ്യിൽ. പക്ഷേ ആ പേരിലാണ് യൂഫ്രിട്ടീസ്...

ഇ എൻ മോഹൻദാസ്‌

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഇ എൻ മോഹൻദാസ്‌ ഇക്കഴിഞ്ഞ...

പഹൽഗാം

2025 ഏപ്രിൽ 22ന്, ഇന്ത്യൻ ഭരണത്തിലുള്ള ജമ്മു കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ...

മധ്യമാവതിയിലെ പോക്കുവെയിൽ അപരാഹ്നങ്ങൾ

മഞ്ഞുപോലെ ആർദ്രമായ തൂവെണ്ണ മേഘങ്ങൾ തെന്നിനീങ്ങുന്ന ആകാശത്തിനുമപ്പുറത്ത് ഏഴാം ലോകത്ത് സോമരസം...

യുദ്ധവും ഇന്ത്യയുടെ വിനീതവിധേയ വിദേശനയവും

ഈ മാര്‍ച്ച് ആദ്യവാരത്തില്‍ യു എസ്  ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ ഇന്ത്യയെപ്പറ്റി...
spot_img

Related Articles

Popular Categories

spot_imgspot_img