കാർഷിക മേഖലയുടെ കോർപ്പറേറ്റ് വൽക്കരണം – 1

കെ എസ് രഞ്ജിത്ത്

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 63

കൊളോണിയൽ താല്പര്യങ്ങൾക്ക് ഇന്ത്യൻ കർഷകരെ വിധേയരാക്കാൻ നടത്തിയ ശ്രമങ്ങൾ

കാർഷികമേഖലയിലേക്കുള്ള കോർപറേറ്റുകളുടെ കടന്നുവരവും കരാർ കൃഷികൾ പോലുള്ള പുതിയ സംവിധാനങ്ങളും സൃഷ്ടിക്കുന്ന ബഹുവിധങ്ങളായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഇന്ത്യയിൽ വീണ്ടും സജീവമാകുന്നത് 90കൾക്കു ശേഷമുള്ള നിയോ ലിബറൽ കാലഘട്ടത്തിലാണ്. കാർഷികമേഖലയിൽ നിന്നുള്ള സ്റ്റേറ്റിന്റെ പിന്മടക്കവും കർഷകർക്ക് നൽകിപ്പോന്നിരുന്ന സബ്സിഡികൾ പോലുള്ള ധനസഹായങ്ങൾ നൽകുന്നതിൽ നിന്നുമുള്ള സ്റ്റേറ്റിന്റെ വിമുഖതയോടും കൂടിയാണ് ഈ ചർച്ചകൾ സജീവമാകുന്നത്. സമീപകാലത്തുണ്ടായ കർഷകസമരങ്ങൾ ഇതിനു പുതിയ മാനം നൽകുകയും ചെയ്തു. എന്നാൽ ഇതൊരു പുതിയ പ്രതിഭാസമാണോ? അല്ല എന്നാണ് ചരിത്രം നമ്മോട് വ്യക്തമായും പറയുന്നത്. കാർഷികമേഖലയിലേക്കുള്ള കോർപ്പറേറ്റ് ശക്തികളുടെ കടന്നുവരവിന് ഏറെ പഴക്കമുണ്ട്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കാലം മുതൽക്ക് ആരംഭിക്കുന്ന ചരിത്രമാണിത്. മുഖ്യമായും ഭക്ഷ്യധാന്യവിളകൾ കൃഷി ചെയ്ത് കഴിഞ്ഞിരുന്ന ഗ്രാമീണരായ കർഷകരെ നാണ്യവിളകൾ കൃഷി ചെയ്യാൻ നിർബന്ധിതരാക്കുന്ന രീതികൾക്ക് കൊളോണിയൽ ഭരണയുഗത്തിന്റെ ആരംഭത്തോളം തന്നെ ചരിത്രമുണ്ട്. ഉത്തരേന്ത്യയിലും ബംഗാളിലുമൊക്കെ നീലവും കറുപ്പും കൃഷി ചെയ്യാൻ നിർബന്ധിതരാക്കുന്ന നയങ്ങൾ അടിച്ചേൽപ്പിച്ച കാലം മുതൽക്ക് ആരംഭിക്കുന്ന ചരിത്രമാണിത്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് നീലത്തിന്റെ കൃഷിയുമായി കടന്നുവരുന്നത് ആദ്യം യൂറോപ്യന്മാരാണ്. ലൂയി ബോണാഡ് എന്ന ഫ്രഞ്ചുകാരൻ 1777ലാണ് ബംഗാളിൽ നീലം കൃഷിക്ക് തുടക്കമിടുന്നത്. അക്കാലത്ത് യൂറോപ്പിൽ നീലത്തിന് വലിയ ഡിമാൻഡ് ഉണ്ടായിരുന്നു. കച്ചവടക്കണ്ണു മാത്രമുണ്ടായിരുന്ന ഈസ്റ്റ് ഇന്ത്യ കമ്പനി ഭരണം തുടങ്ങിയതോടെ വ്യാപകമായ തോതിൽ ഇന്ത്യൻ കർഷകരെ നാണ്യവിളകളിലേക്ക് തിരിയാൻ പല രീതിയിൽ നിർബന്ധിച്ചു. 1830 ആകുമ്പോഴേക്കും ബംഗാളിൽ ഏതാണ്ട് ആയിരത്തോളം നീലത്തിന്റെ ഫാക്ടറികൾ വികസിച്ചു വന്നുകഴിഞ്ഞിരുന്നു. ഭക്ഷ്യവിളകളുപേക്ഷിച്ച് നീലം കൃഷി ചെയ്യാൻ ഈസ്റ്റ് ഇന്ത്യ കമ്പനി കർഷകരെ നിർബന്ധിച്ചു. ഇതിനുവേണ്ടി വലിയ പലിശയ്ക്ക് ലോൺ നൽകുകയും അതുവഴി കർഷകരെ കടക്കെണിയിലാഴ്ത്തുകയും ചെയ്തു. അതേസമയം കമ്പോളവിലയുടെ 5 ശതമാനം പോലും വില കർഷകർക്ക് നൽകിയതുമില്ല. എല്ലാവിധ ഗവണ്മെന്റ് നിയമങ്ങളും ഈ ചൂഷണത്തെ സഹായിക്കാൻ പറ്റുന്ന രീതിയിൽ രൂപപ്പെടുത്തുകയും ചെയ്തു. കൊളോണിയൽ മൂലധനവും ഇന്ത്യൻ ജന്മിവർഗവും ചേർന്നുകൊണ്ടുള്ള ഒരു ചൂഷണ പദ്ധതിയായിരുന്നു അത്. ദരിദ്രരായ നീലം കർഷകർ കലാപത്തിലേക്ക് തിരിഞ്ഞത് ഈ ചൂഷണത്തിൽ നിന്നും എങ്ങിനെയെങ്കിലും അല്പം ആശ്വാസം പ്രതീക്ഷിച്ചാണ്.

ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നിർബന്ധത്തിൽ കറുപ്പ് കൃഷി ചെയ്യാൻ ബിഹാറിലെ സാധു കർഷകർ ഇറങ്ങിപ്പുറപ്പെടുന്നതും ഇത്തരത്തിൽ തന്നെ കാണാം. ഇതിനു വേണ്ടുന്ന ഭീകരനിയമങ്ങളും കമ്പനി രൂപപ്പെടുത്തി .ഇതേ കാലയളവിലാണ്, 1770ൽ, ബംഗാൾ അതിഭീകരമായ ക്ഷാമത്തിന്റെ പിടിയിലകപ്പെടുന്നത് എന്നതുകൂടി ഇതിനൊപ്പം ചേർത്തുവായിക്കേണ്ടതാണ്. ഇന്ത്യയിൽ കൃഷി ചെയ്ത കറുപ്പ് നിർബന്ധിതമായി ചൈനയിലേക്ക് അടിച്ചേൽപിക്കാൻ ശ്രമിച്ചതും അത് യുദ്ധങ്ങളിൽ ചെന്ന് അവസാനിച്ചതും മറ്റൊരു കഥ. ചൈനയിൽ നിന്നുമുള്ള തേയില ഇറക്കുമതിയിൽ നിന്നുമുള്ള വ്യാപാരകമ്മി നികത്താനായിരുന്നു ഈ നിർബന്ധിത കറുപ്പ് കച്ചവടം.

അതിരൂക്ഷമായ പിന്നോക്കാവസ്ഥയിൽ ഇന്നും ബിഹാർ തുടരുന്നതിന്റെ കരണങ്ങളിലൊന്നായി കാർഷികമേഖലയ്ക്ക് കറുപ്പ് കൃഷിയേൽപ്പിച്ച ആഘാതത്തെ വിലയിരുത്താറുണ്ട്. ബീഹാർ‐-വാരാണസി കോറിഡോറിലെ കൃഷിയിലും വ്യാപാരത്തിലും സമ്പൂർണ ആധിപത്യമാണ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കുണ്ടായിരുന്നത്. ഈ മേഖലയിൽ കറുപ്പുല്പാദനത്തിലും അതിന്റെ അന്താരാഷ്ട്ര വ്യാപാരത്തിലുമാണ് അവർ ഏറ്റവുമധികം ശ്രദ്ധിച്ചിരുന്നത്. 19‐ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ബോംബെ കേന്ദ്രീകരിച്ചു വളർന്നുവന്ന ഇന്ത്യൻ ബിസിനസ്സ് ലോബിയുടെ പിന്നിലും പ്രധാന വരുമാന സ്രോതസ്സായി വർദ്ധിച്ചത് കറുപ്പുകൃഷിയിൽ നിന്നുമുണ്ടായ വരുമാനമായിരുന്നു. ഇന്ത്യയിലെ മുതലാളിത്ത വളർച്ചയ്ക്ക് വിത്തുപാകിയ ആദിമ മൂലധന സഞ്ചയത്തിനു പ്രേരകമായി വർത്തിച്ചത് ഈസ്റ്റ് ഇന്ത്യ കമ്പനി അടിച്ചേൽപ്പിച്ച നാണ്യവിള കൃഷി സമ്പ്രദായമായിരുന്നു. മഹാഭൂരിപക്ഷം വരുന്ന ദരിദ്ര കർഷകരെ നിത്യ ദുരിതത്തിലേക്ക് തള്ളിവിട്ട കമ്പനിയുടെ നയങ്ങൾ ഇന്ത്യയിലെ ഭൂപ്രഭുക്കൾക്കും വളർന്നുവരുന്ന മുതലാളിത്ത ശക്തികൾക്കും ഏറെ സഹായകമായി.

സമാനമായ സാഹചര്യങ്ങളാണ് ലോകത്തെ ഇതര ഭാഗങ്ങളിലും നിലനിന്നിരുന്നത്. ഏതാണ്ട് 17‐ാം നൂറ്റാണ്ടുവരെ അറബികളാണ് ലോകവ്യാപാരത്തെ നിയന്ത്രിച്ചിരുന്നത്. സിൽക്ക് റോഡിലൂടെ നടന്നിരുന്ന വ്യാപാരത്തെയാകെ നിയന്ത്രിച്ചിരുന്നത് ഇവരായിരുന്നു. ചൈനയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള വിലപിടിച്ച വസ്തുക്കൾ മധ്യേഷ്യയിലെ സുൽത്താന്മാർക്ക് നൽകുകയായിരുന്നു പ്രധാന കച്ചവടം. യൂറോപ്പായിരുന്നില്ല വ്യാപാരത്തിന്റെ കേന്ദ്രം. ഈ കൈമാറ്റ വ്യാപാര ഇടപാടുകളിൽ പ്രത്യേകിച്ചൊരു സംഭാവനയും നല്കാൻ സ്വർണവും വെള്ളിയുമല്ലാതെ യൂറോപ്യന്മാർക്ക് മറ്റൊരു സാധ്യതയുമില്ലായിരുന്നു. കയറ്റുമതിയും ഇറക്കുമതിയും വളരെ കുറച്ചുമാത്രം നടത്തി ആഭ്യന്തരമായി ഉല്പാദനശക്തികളെ മെച്ചപ്പെടുത്തി ആഭ്യന്തര കമ്പോളത്തെ ശക്തിപ്പെടുത്തിപ്പോരുന്ന മെർക്കന്റലിസത്തിലായിരുന്നു 1700കൾ വരെ യൂറോപ്യന്മാർ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്.

15‐ാം നൂറ്റാണ്ടോടുകൂടി തന്നെ കടൽ മാർഗേണയുള്ള ഗതാഗത സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ യൂറോപ്യന്മാർ ശ്രദ്ധാലുക്കളായിരുന്നു. ആദ്യം പോർട്ടുഗീസുകാരും പിന്നെ സ്പെയിൻകാരും ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരുമൊക്കെ പുതിയ കമ്പോളങ്ങൾ തേടി സാഹസിക യാത്രകൾ നടത്തി. 1492ൽ കൊളംബസ് അമേരിക്കയിൽ എത്തിപ്പെടുന്നതും അഞ്ചു വർഷങ്ങൾക്കു ശേഷം 1497ൽ വാസ്കോഡിഗാമ കോഴിക്കോട്ടെത്തുന്നതുമൊക്കെ ഇത്തരത്തിലാണ്. തുടർന്ന് ആഫ്രിക്കൻ രാജ്യങ്ങളും തെക്കേ അമേരിക്കൻ രാജ്യങ്ങളുമൊക്കെ കൊളോണിയൽ ഭരണത്തിന് കീഴിലായി. തങ്ങളുടെ കോളനികളിലെ പരമ്പരാഗത കൃഷി സമ്പ്രദായങ്ങളെ യൂറോപ്യൻ ഭരണാധികാരികൾ സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് പൊളിച്ചെഴുതാൻ ശ്രമിച്ചു. ഭക്ഷ്യവിളകൾക്ക് പകരം തേയില, കാപ്പി, കറുപ്പ് തുടങ്ങി തങ്ങൾക്കാവശ്യമുള്ള നാണ്യവിളകൾ കൃഷിചെയ്യാൻ കർഷകരെ നിർബന്ധിച്ചു. ഇതിനാവശ്യമായ നിയമങ്ങൾ കൊണ്ടുവന്നു. കൊളോണിയൽ ആധിപത്യത്തിൻ കീഴിൽ കാർഷികമേഖലയ്ക്ക് അതിന്റെ പരമ്പരാഗത സ്വാഭാവം പാടെ നഷ്ടപ്പെട്ടു. l
(തുടരും)

Hot this week

വർഗസമരവും മാധ്യമങ്ങളും‐ 16

കേംബ്രിഡ്ജ് അനലിറ്റിക്ക ഫെയ്സ്ബുക്കും ബിജെപിയും തമ്മിലുള്ള ബന്ധം ചർച്ചയായതിനെ തുടർന്നാണ് വ്യാപകമായ...

സഹകരണപ്രസ്ഥാനം നേരിടുന്ന വെല്ലുവിളികളും പ്രതീക്ഷകളും

കേരളത്തിന്റെ സാമൂഹികഭദ്രത നിലനിർത്തുന്നതിൽ സഹകരണമേഖലയ്ക്ക് നിർണ്ണായകസ്ഥാനമുണ്ട്. ഗ്രാമങ്ങളിലെ സാധാരണക്കാരെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിലൂടെ,...

കനക്‌ മുഖർജി

ബംഗാളിനെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവും മഹിളാ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളുമാണ്‌ കനക്‌...

വെളിച്ചം വരയ്‌ക്കുന്ന ക്യാമറക്കാഴ്‌ചകൾ

കാഴ്‌ചയുടെ സാധ്യതകൾ കണ്ണിന്റെ ഗുണത്തിനപ്പുറം ബോധമണ്ഡലത്തിന്റെ ഗുണങ്ങളെയും സ്വാധീനിക്കുന്നു/ആശ്രയിക്കുന്നു. പുതിയതും സങ്കീർണവുമായ...

പുതുവർഷം ;പ്രതീക്ഷകളും ആശങ്കകളും 

ആശങ്ക 2025 ന് വെടിമരുന്നിന്റെയും മരണത്തിന്റെയും ഗന്ധമാണെന്നു പറയാം . എല്ലാ സാർവദേശീയ...

Topics

വർഗസമരവും മാധ്യമങ്ങളും‐ 16

കേംബ്രിഡ്ജ് അനലിറ്റിക്ക ഫെയ്സ്ബുക്കും ബിജെപിയും തമ്മിലുള്ള ബന്ധം ചർച്ചയായതിനെ തുടർന്നാണ് വ്യാപകമായ...

സഹകരണപ്രസ്ഥാനം നേരിടുന്ന വെല്ലുവിളികളും പ്രതീക്ഷകളും

കേരളത്തിന്റെ സാമൂഹികഭദ്രത നിലനിർത്തുന്നതിൽ സഹകരണമേഖലയ്ക്ക് നിർണ്ണായകസ്ഥാനമുണ്ട്. ഗ്രാമങ്ങളിലെ സാധാരണക്കാരെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിലൂടെ,...

കനക്‌ മുഖർജി

ബംഗാളിനെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവും മഹിളാ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളുമാണ്‌ കനക്‌...

വെളിച്ചം വരയ്‌ക്കുന്ന ക്യാമറക്കാഴ്‌ചകൾ

കാഴ്‌ചയുടെ സാധ്യതകൾ കണ്ണിന്റെ ഗുണത്തിനപ്പുറം ബോധമണ്ഡലത്തിന്റെ ഗുണങ്ങളെയും സ്വാധീനിക്കുന്നു/ആശ്രയിക്കുന്നു. പുതിയതും സങ്കീർണവുമായ...

പുതുവർഷം ;പ്രതീക്ഷകളും ആശങ്കകളും 

ആശങ്ക 2025 ന് വെടിമരുന്നിന്റെയും മരണത്തിന്റെയും ഗന്ധമാണെന്നു പറയാം . എല്ലാ സാർവദേശീയ...

വർഗസമരവും മാധ്യമങ്ങളും‐ 15

വിനോദ് ദുവ 2020 ആഗസ്റ്റ് 22ന്റെ ഹിന്ദു ദിനപത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു...

ബംഗ്ലാദേശിലെ സംഭവഗതികളും സിഐഎയുടെ അസ്ഥിരീകരണ അജൻഡയും

ദക്ഷിണേഷ്യൻ ഭൂമേഖലയിലാകെ സാമ്രാജ്യത്വത്തിന്റെ അസ്ഥിരീകരണ പ്രക്രിയക്ക് ആവശ്യമായ രീതിയിൽ ആഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്...

റംബ്രാന്റ്‌: പ്രകാശം കീഴടക്കിയ ചിത്രകാരൻ

ഡച്ച്‌ കലയുടെ സുവർണ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ചിത്രകാരനായിരുന്നു റംബ്രാന്റ്‌ (റംബ്രാന്റ്‌ വാൻജിൻ)...
spot_img

Related Articles

Popular Categories

spot_imgspot_img