
മാര്‍ക്സിസ്റ്റ് വിമര്‍ശനം രണ്ട് തരത്തിലുണ്ട്. ഒന്ന് ചൂഷിതരും നിന്ദിതരും അടിച്ചമര്‍പ്പെട്ടവരുമായ മനുഷ്യകുലത്തിന് മാര്‍ക്സിസം അനിവാര്യമാണ് എന്ന ചിന്തയില്‍ നിന്നുള്ള വിമര്‍ശനം. കാലാനുസൃതവും ദേശാനുസൃതവുമായ മാറ്റങ്ങള്‍ക്ക് വിധേയമാണ് മാര്‍ക്സിസം എന്ന് കൂടി ആലോചിക്കുമ്പോള്‍ വിമര്‍ശനം പുത്തന്‍ ആശയധാരകളെ ചലനാത്മകമാക്കുകയേ ഉള്ളൂ. രണ്ടാമത്തേത് മാര്‍ക്സിസം നശിക്കണം, അതിന് മനുഷ്യരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമോ അന്വേഷണങ്ങള്‍ക്ക് അടിത്തറയോ അല്ല എന്ന വാദത്തിലൂന്നിയ ഉന്മൂലനസ്വഭാവമുള്ള വിമര്‍ശനമാണ്.

കെ.കെ. കൊച്ച് ആദ്യത്തെ വിഭാഗത്തില്‍ നിലയുറപ്പിച്ചയാളാണ് എന്ന് ‘ദലിതന്‍’ എന്ന ആത്മകഥ വായിക്കുമ്പോള്‍ പല അധ്യായങ്ങളിലും സൂക്ഷ്മമായും പ്രകടമായും മനസിലാവുന്ന കാര്യമാണ്.
സാഹിത്യകാരന്‍, സാംസ്കാരികപ്രവര്‍ത്തകന്‍, പ്രാസംഗികന്‍, വിമര്‍ശകന്‍, ചരിത്രകാരന്‍, സമുദായപരിഷ്കര്‍ത്താവ്, സംഘാടകന്‍, പ്രസാധകന്‍, പബ്ലിഷര്‍ എന്നിങ്ങനെ സര്‍വതലങ്ങളിലും അംബേദ്കറേറ്റ് മാര്‍ക്സിസ്റ്റ് ആശയാദര്‍ശങ്ങളുമായി നിലകൊണ്ടു. ആത്മാഭിമാനത്തെ പ്രധാനമായി കണ്ടു. കേവല സ്വത്വാധിഷ്ഠിത ആശയധാരയല്ല, വിശാലാര്‍ഥത്തില്‍ അകത്തേക്കും പുറത്തേക്കും തുറക്കാവുന്ന വെളിച്ചമുള്ള വാതിലായാണ് ദലിത് ജ്ഞാനധാരയെയും പ്രവര്‍ത്തനവഴികളെയും കെ.കെ.കൊച്ച് കണ്ടത്. സി.പി.ഐ (എം), സി.പി.ഐ.എം.(എല്‍) സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചപ്പോഴൊക്കെ വിമര്‍ശനാത്മകനിലപാട് എടുത്തു. എന്നാല്‍ വ്യത്യസ്ത ആശയധാരയിലുള്ള രാഷ്ട്രീയത്തെ ശത്രുതയോടെ കണ്ടില്ല. ദലിതര്‍ ഒരു സ്വതന്ത്രസമുദായമാണെന്ന് ആദ്യമായി ഉന്നയിച്ചു. സ്വത്ത്, അറിവ്, അധികാരം ഇവയെ പ്രധാനമായി കണ്ടു.
തന്‍റെ ബാല്യകാലത്തെ ഒട്ടനവധി സംഭവങ്ങള്‍, സ്കൂള്‍പഠനകാലത്തെ വായനയും സാഹിത്യപ്രവര്‍ത്തനവും, 150 ഏക്കറോളം ഭൂമിയുള്ള വല്യാച്ചന്‍ ഇ.എം.എസിന് അഞ്ച് പവന്‍ സ്വര്‍ണമാല സംഭാവന കൊടുക്കുന്നതും ചേച്ചിക്ക് ഇഷ്ടമില്ലാതിരുന്നിട്ടും ചെറുപ്പത്തിലേ വിവാഹം കഴിക്കേണ്ടിവന്നതും ചാച്ചന്‍ നിര്‍ബന്ധപൂര്‍വം അധ്യാപികയാവാന്‍ പഠിപ്പിക്കുന്നതും, ഇച്ചായന്‍ എന്ന മൂത്ത ചേട്ടന്‍റെ ബി.എ പഠനകാലത്തെ മാനസികരോഗവും ചികിത്സയ്ക്കായി ഉണ്ടായിരുന്ന ഭൂമി വില്‍ക്കേണ്ടിവന്നതും, അമ്മയും മറ്റ് സ്ത്രീകളും പുല്ലുചെത്തും പായനെയ്ത്തുമായി തൊഴില്‍ജീവിതം നയിച്ചതും എല്ലാം ആത്മകഥയുടെ ആദ്യഭാഗങ്ങളില്‍ വിവരിക്കുന്നുണ്ട്.
ഒരു ചരിത്രഘട്ടത്തില്‍, നീതി തേടിയവരെ സംബന്ധിച്ചിടത്തോളം നിശ്ശബ്ദരായിരിക്കാന്‍ കഴിയുമായിരുന്നില്ല. പരന്ന വായനയുള്ള തന്‍റെ യൗവനകാലത്തെക്കുറിച്ച് കെ.കെ. കൊച്ച് ഇങ്ങനെ എഴുതുന്നു. ‘’ഓഫീസിലെ ഒഴിവുസമയങ്ങളില്‍ ‘മൂലധന’വും ലെനിന്‍റെ തിരഞ്ഞെടുത്ത കൃതികളടക്കം വായിച്ച് പ്രസക്തഭാഗങ്ങള്‍ അടിവരയിട്ട് ഉദ്ധരിക്കാന്‍ ഹൃദിസ്ഥമാക്കുകയും ചെയ്തു.’’
അസംതൃപ്തമായ രാഷ്ട്രീയപാർടികള്‍, പ്രവര്‍ത്തനങ്ങള്‍, അസമത്വങ്ങള്‍, സമ്പത്തിന്‍റെ അസമമായ വിതരണം ഇവയൊക്കെ പ്രശ്നവല്‍കരിച്ച് നിരന്തരമായ സംവാദ(Discourses)ങ്ങളിലേര്പ് പെട്ടു. സ്വകാര്യസംഭാഷണങ്ങള്‍ പോലും തന്‍റെ ജനതയ്ക്ക് വെളിച്ചമാകാന്‍ ഉപകരിക്കണമെന്ന നിര്‍ബന്ധബുദ്ധിയുണ്ടായി. വേണ്ടെന്ന് വെച്ച ആനന്ദങ്ങള്‍, നിറങ്ങള്‍ (സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിട്ടും വെള്ളവസ്ത്രം മാത്രമേ ധരിക്കുമായിരുന്നുള്ളൂ) ഇവയും നാം ഓര്‍ക്കേണ്ടതാണ്.
പോത്തേരി കുഞ്ഞമ്പുവിന്‍റെ സരസ്വതീവിജയം, ആശാന്‍റ കവിതകള്‍, തകഴിയുടെ കഥകള്‍, പൊയ്കയില്‍ അപ്പച്ചന്‍റെ പാട്ടുകള്‍ ഇവയൊക്കെ സാഹിത്യവിമര്‍ശനത്തന് വിധേയമാക്കി. മാഹാരാജാസ് കോളേജില്‍ എം.കെ സാനുമാഷിന്‍റെ ശിഷ്യനായി. വിദ്യാര്‍ഥിജീവിതകാലത്ത് ജീവിതപ്രാരാബ്ധങ്ങളില്‍ കുടുംബം പ്രതിസന്ധിയിലായപ്പോള്‍ വയനാട്ടിലേക്ക് കുടിയേറി.
ടി.എച്ച്.പി ചെന്താരശ്ശേരി രചിച്ച അയ്യങ്കാളിയുടെ ജീവചരിത്രം വായിച്ചപ്പോള്‍ അയ്യങ്കാളി ജ്ഞാനാവബോധമായി മാറി എന്നും തന്‍റെ ജീവിതത്തെ മാറ്റിമറിച്ചു എന്നും പറയുന്നു. 1932 ല്‍ ഏപ്രില്‍ 22ന് ബോംബെ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ അംബേദ്കര്‍ നടത്തിയ പ്രസംഗം ‘’അധസ്ഥിതരുടെ പ്രശ്നം ഒരു സാമൂഹ്യപ്രശ്നം മാത്രമാണെന്നും അതിന്‍റെ പ്രശ്നം രാഷ്ട്രീയേതരമാണെന്നും നമ്മുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനായി പലപ്പോഴും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അധസ്ഥിതരുടെ കൈകളിലേക്ക് രാഷ്ട്രീയാധികാരം ഏല്‍പിക്കപ്പെടുന്നതുവരെ അവരുടെ പ്രശ്നങ്ങള്‍ പരിഹൃതമാവുകയില്ലെന്ന് ഞങ്ങള്‍ ഉറക്കെ പ്രഖ്യാപിക്കുന്നു’’. ദലിത് ജനതയ്ക്ക് രാഷ്ട്രീയദിശാബോധം പകര്‍ന്ന ഈ പ്രസംഗം സീഡിയന്‍ വാരികയില്‍ പ്രസിദ്ധീകരിച്ചതും വലിയ ഉണര്‍വുണ്ടാക്കി.
സി.ടി.സുകുമാരന്‍ ഐ.എ.എസ് ന്‍റെ കൊലപാതകം അന്വേഷിക്കണമെന്നും കേസ് സിബി.ഐക്ക് വിടണം എന്നും ആവശ്യപ്പെട്ട് നടത്തിയ രണ്ടുവര്‍ഷം നീണ്ടുനിന്ന സമരം സിബിഐ അന്വേഷിക്കാന്‍ ഉത്തരവ് ഉണ്ടാക്കും വരെ തുടര്‍ന്നു. ദലിത് വിദ്യാര്‍ഥി ഏകോപനസമിതിയെ ഒരു സംഘടനയെന്നതിലുപരി ഒരു പരിഷ്കരണപ്രസ്ഥാനമായി വിഭാവനം ചെയ്തു. നവോത്ഥാനനായകരുടെ സംഭാവനകളെ വൈജ്ഞാനികാനുഭവമാക്കി മാറ്റി. വിദ്യാര്‍ഥികളുടെ വിജയശതമാനം പത്തുശതമാനത്തില്‍ നിന്ന് തൊണ്ണൂറ് ശതമാനം വരെയാക്കി. പെണ്‍കുട്ടികളുടേതടക്കം പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെട്ടു.
‘’മാര്‍ക്സിസവും ദലിത് സാഹിത്യവുമായി എവിടെയോ സന്ധിക്കുന്നുണ്ടെന്ന് ഞാനക്കാലത്ത് തിരിച്ചറിഞ്ഞിരുന്നു. ഈ തിരിച്ചറിവിലൂടെ ദലിത് സാഹിത്യത്തിന്‍റെ സ്ഥാപനവല്‍കരണത്തിനായി ഒരു മാസിക പ്രസിദ്ധീകരി്ക്കണമെന്ന് തീരുമാനിക്കുകയുണ്ടായി.’’ ഇത്തരത്തില്‍ ഉറച്ച തീരുമാനങ്ങളെടുക്കുകയും പ്രവര്‍ത്തനനിരതനാവുകയും ചെയ്തു. ഇളയ സഹോദരന്‍ കെ.കെ.ബാബുരാജിനും ബൗദ്ധികസംഭാവനകള്‍ നല്‍കാനായി.
നവംബര്‍ ബുക്സ്, സിഡിയന്‍ വാരിക ഇവയുടെ പ്രവര്‍ത്തനങ്ങല്‍ വായനയെ ഒരു രാഷ്ട്രീയപവര്‍ത്തനമാക്കി. വിശാലമായ ഇടതുപക്ഷം, സാമ്രാജ്യത്വവിരുദ്ധത, മതേതരവാദം എന്നിവ ഉള്‍ക്കൊള്ളുന്ന വിഷയങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തു. കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കേ നിലവില്‍ വന്ന സാമ്പത്തികസംവരണശ്രമങ്ങള്‍, അതിനെതിരായ നിലപാടുമായി സിഡിയന്‍ മുന്നോട്ടുവന്നു. ഡോ.ബി.ആര്‍. അംബേദ്കറിന്‍റെ ‘ജാതിനിര്‍മൂലനം’ വായിച്ചതോടെ സംവരണവും ന്യൂനപക്ഷാവകാശങ്ങളും പരസ്പരബന്ധിതമാണെന്ന് തിരിച്ചറിയുന്നു.രാജ്യത്തെമ്പാ ടും നടന്ന ദലിത് മുസ്ലിം കൂട്ടക്കൊലകളുടെ പശ്ചാത്തലത്തില്‍ ദലിത് മുസ്ലീം ഐക്യം അനിവാര്യമാണെന്ന് ബോധ്യപ്പെടുന്നു.
‘’അഖണ്ഡഭാരതം എന്ന മുദ്രാവാക്യമുയര്‍ത്തി മുന്നോട്ടുവന്ന ബി.ജെ.പി ദലിത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ മേലുള്ള സവര്‍ണമെധാവിത്വവും അധീശത്വവും ലക്ഷ്യമാക്കി. ഇതിനായി ബാബറി മസ്ജിദ് പ്രശ്നം കുത്തിപ്പൊക്കി. മുസ്ലിം വിരോധത്തിലൂടെ ഹിന്ദു ഏകീകരണം സൃഷ്ടിക്കലായി. മറുവശത്ത് സംവരണവിരുദ്ധസമരത്തിലൂടെ സവര്‍ണഹിന്ദുത്വത്തെ ദേശീയരാഷ്ട്രീയത്തിലെ മുഖ്യശക്തിയാക്കുകയായിരുന്നു’’ (പേജ് 254)
ആദിവാസികളുടെ പ്രശ്നത്തിലും സജീവമായി ഇടപെടുന്നു. അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനല്‍കണമെന്ന ആവശ്യം ദേശീയരാഷ്ട്രീയാവകാശമായി കണക്കാക്കി സിഡിയന്‍ നടത്തിയ 72മണിക്കൂര്‍ നിരാഹാരസത്യാഗ്രഹം ഇത്തരത്തില്‍ നിര്‍ണായകവും ശ്രദ്ധേയവുമായി.
ദലിത് ക്രിസ്ത്യന്‍ സമരങ്ങളിലും ഫലപ്രദമായി ഇടപെട്ടു. മാര്‍പ്പാപ്പയ്ക്ക് നിവേദനം നല്‍കിയതിന്‍റെ ഫലമായി സെമിത്തേരികളിലടക്കമുള്ള ജാതിവിവേചനം അവസാനിപ്പിക്കാനായി. കേരളത്തിലുടനീളമുള്ള പള്ളികളിലെ ദലിത് ക്രിസ്ത്യന്‍ വിഭാഗങ്ങളോടുള്ള വിവേചനത്തിന് അവസാനമായി.
സര്‍ക്കാര്‍ ഉദ്യോഗത്തിലിരിക്കേ ‘’ഞാന്‍ ബൂര്‍ഷ്വാസിയുടെ കൂലിവേലക്കാരനാവുകയില്ല’’ എന്ന കാറല്‍ മാര്‍ക്സിന്‍റെ വാക്കുകളം കെ.കെ. കൊച്ചിനെ വേട്ടയാടി. ഓഫീസിലെ മധ്യവര്‍ഗാന്തരീക്ഷം മടുപ്പുളവാക്കിയതിനെക്കുറിച്ചും എഴുതുന്നുണ്ട്..
ഉല്ലലയില്‍ നടന്ന പുലയമഹാസമ്മേളനമാണ് വൈക്കം ക്ഷേത്രത്തിലെ അയിത്തജാതിക്കാര്‍ക്ക് നിഷേധിച്ച വഴികളിലൂടെ സഞ്ചരിക്കാനുള്ള തീരുമാനമെടുത്തത്. ഇത്തരമൊരു മുന്നേറ്റത്തിന്‍റെ പശ്ചാത്തലത്തിലായിരിക്കണം അയ്യങ്കാളി തലയോലപ്പറമ്പിലെ പുലയരെ അഭിസംബോധന ചെയ്യുന്നത് എന്ന് കെ.കെ.കൊച്ച് തന്‍റെ ആത്മകഥയില്‍ നിരീക്ഷിക്കുന്നുണ്ട്.
ചാച്ചനടക്കമുള്ള പാര്‍ടിഅനുഭാവികള്‍ വിധേയത്വം പുലര്‍ത്തിയത് നേതാക്കന്മാരോടായിരുന്നു എന്നും അവര്‍ വീടുകളില്‍ വരുന്നതും ആഹാരം കഴിക്കുന്നതും അഭിമാനമായി കരുതി എന്നും തുടര്‍ന്ന് എഴുതുന്നു. പി.യു യൂസഫ് എന്ന ഡോക്ടര്‍ നാട്ടിലെത്തിയപ്പോള്‍ ചാച്ചന്‍ ഡിസ്പെന്‍സറി തുടങ്ങാന്‍ സഹായിച്ചെന്നും പാര്‍ടി നിയോഗിച്ചതാണ് എന്ന് സംശയിക്കുംവിധം ജനസമ്മതി നേടിയ ഡോക്ടറെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുകയും ചെയ്യുന്നുണ്ട്. കമ്യൂണിസ്റ്റനുഭാവികള്‍ പെരുകി, അടിത്തട്ടുമനുഷ്യരാണ് പാര്‍ടിയില്‍ ആകൃഷ്ടരായവര്‍. പ്രാദേശികരാഷ്ട്രീയത്തിന്‍റെ ചരിത്രവഴികളും ചരിത്രത്തിലിടം കിട്ടിയ പ്രഥമ കമ്യൂണിസ്റ്റ് ഗവണ്‍മെന്‍റും വിമോചനസമരം അരങ്ങേറിയതും സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. തന്‍റെ ആത്മകഥ തന്‍റെ ജനതയുടെ ജീവിതവും പ്രശ്നങ്ങളും പ്രവര്‍ത്തനങ്ങളുമായി ചേര്‍ത്തേ പറയാന്‍ കഴിയൂ എന്ന് മനസ്സിലാക്കിയത് ഔന്നത്യമായി തന്നെ കാണാം.
വിമോചനസമരം അരങ്ങേറിയത് ക്രൈസ്തവമേലധ്യക്ഷന്മാര്‍ ഈഴവരോടും പുലയരോടും പുലര്‍ത്തിയ വംശീയവിദ്വേഷത്തില്‍ നിന്നുമായിരുന്നു എന്നും കടുത്തുരുത്തി മുട്ടുചിറ പ്രദേശങ്ങളിലെ 42 വീടുകളാണ് തീവെച്ചുനശിപ്പിക്കപ്പെട്ടത് എന്നും പറയുന്നു. ഇവിടങ്ങളില്‍ ടി.കെ.രാമകൃഷ്ണന്‍, കെ.കെ.ജോസഫ് എന്നിവരോടൊപ്പം എകെജി സന്ദര്‍ശിക്കുകയുണ്ടായി.
ദലിതന്‍റെ ആമുഖത്തില്‍ കെ.കെ.ബാബുരാജ് എഴുതുന്നു. ‘’കഥ വളരെ കുറവുള്ള ഒരു ആത്മകഥയാണ് കെ.കെ.കൊച്ചിന്‍റേത്. ഒരു ദലിത് പൊതുവ്യക്തിത്വമായി അറിയപ്പെടുന്നതിന് മുമ്പു തന്നെ അദ്ദേഹം കേരളത്തില്‍ എഴുത്തുകാരന്‍ എന്ന നിലയില്‍ വായിക്കപ്പെടുകയും സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകനായി അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എങ്കിലും ഈ പുസ്തകത്തിന്‍റെ പ്രത്യേകത എന്ന് പറയാവുന്നത് സ്വന്തമായ ആഖ്യാനപരതയില്‍ നിന്നുകൊണ്ട് ഒരു ദലിത് പൊതുവ്യക്തിത്വം മലയാളത്തില്‍ എഴുതിയ ആദ്യത്തെ ആത്മകഥയാണെന്നതാണ്. കല്ലേല്‍ പൊക്കുടനും സി.കെ ജാനുവും സെലീന പ്രക്കാനവും വി.ഡി.ജോണുമെല്ലാം ആത്മകഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം മറ്റുള്ളവര്‍ പകര്‍ത്തിയെഴുതിയവയായിരുന്നു’’.
നാനാത്വത്തിൽ ഏകത്വം എന്ന പഴയ സങ്കല്‍പനത്തിന് പകരം ദലിത് പിന്നാക്ക ന്യൂനപക്ഷ ജനതയെ പ്രതിനിധീകരിച്ച് ബഹുസ്വരത എന്ന സങ്കല്‍പനത്തിലൂന്നിയ ആശയമാണ് കെ..കെ. കൊച്ച് എന്ന ധിഷണാശാലി മുന്നോട്ടുവെച്ചത്. യാഥാസ്ഥിതിക രീതിശാസ്ത്രങ്ങളെ പിന്തള്ളി ചരിത്രരചന നടത്തി പതിവുവഴക്കങ്ങളെ പിന്തുടരാതെ ആത്മകഥനങ്ങള്‍ പരമാവധി ഒഴിവാക്കി ആത്മകഥയും രചിച്ചു. നിരവധി സംഭവങ്ങളും സമരങ്ങളും ഒറ്റയ്ക്കും കൂട്ടായുമുള്ള ഇടപെടലുകളും പ്രസ്ഥാനങ്ങളും വ്യക്തികളും ആശയലോകങ്ങളും ഇതിലൂടെ പുനരാവിഷ്കരിക്കപ്പെടുന്നുണ്ട്. സമകാലികവും ചരിത്രപ്രധാനവും ഭാവിയിലേക്ക് നീതിചിന്തയ്ക്കുള്ള ചാലകശക്തിയായും ഈ ആത്മകഥ എപ്പോഴും തുറന്നുനോക്കാന്‍ കഴിയുന്നവിധത്തില്‍ പല ഋതുക്കളില്‍ പാകപ്പെട്ടതാണ്