പി കെ ചാത്തൻ മാസ്റ്റർ

കെ ബാലകൃഷ്‌ണൻ

വിപ്ലവപാതയിലെ ആദ്യപഥികർ‐ 73

ന്നാം കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ തദ്ദേശസ്വയംഭരണവകുപ്പും ഹരിജനക്ഷേമവകുപ്പും കൈകാര്യംചെയ്ത മന്ത്രി പി കെ ചാത്തൻമാസ്റ്റർ. അധഃസ്ഥിതജനവിഭാഗങ്ങളെ കമ്യൂണിസ്റ്റ് പാർട്ടിയിൽ അണിനിരത്തുന്നതിനും സാമൂഹ്യ അസമത്വത്തിനെതിരെ പോരാട്ടം നടത്തുന്നതിനും ത്യാഗപൂർവം നേതൃത്വംനല്കിയ വിപ്ലവകാരിയായിരുന്നു അദ്ദേഹം. ഇരിങ്ങാലക്കുടയ്‌ക്കടുത്ത് മാടായിക്കോണത്തെ കോൾനിലങ്ങളുടെ കരയിൽ ആ നിലങ്ങളുടെ ജന്മിയായ പയ്യപ്പിള്ളിമനക്കാരുടെ തലപ്പുലയനായ കോന്നിപ്പുലത്ത് പയ്യപ്പിള്ളി വീട്ടിൽ കാവലന്റെയും ചക്കിയുടെയും മകനാണ് പി.കെ.ചാത്തൻമാസ്റ്റർ.  പയ്യപ്പിള്ളിമനയിലെ നമ്പൂതിരിമാർ അക്കാലത്തേതന്നെ ഉല്പതിഷ്ണുക്കളായിരുന്നു. അവർ ഇടതുപക്ഷ അനുഭാവികളായിരുന്നു. ആ അനുഭാവത്തിന്റെ പേരിൽ മനയ്ക്ക് ഭ്രഷ്ട് കല്പിക്കപ്പെട്ടിരുന്നു. ചാത്തൻമാസ്റ്റർ ജനിക്കുന്ന കാലത്ത് ആ മനയിലെ തറവാട്ടമ്മ മരണപ്പെട്ടു. ഭ്രഷ്ടരായതിനാൽ മറ്റു നമ്പൂതിരിമാർ ഭൂരിഭാഗവും സംസ്കാരചടങ്ങിൽ പങ്കെടുത്തില്ല. തറവാട്ടുകാരണവരായ മാധവൻ നമ്പൂതിരി അതിനെ നേരിട്ടത് അക്കാലത്ത് സ്വപ്നത്തിൽപോലും വിചാരിക്കാനാവാത്ത ഒരു നടപടിയിലൂടെയാണ്, ചാവടിയന്തരത്തിന് നാട്ടിലെ മുഴുവൻ പുലയസമുദായാംഗങ്ങളെയും ക്ഷണിച്ചുകൊണ്ട്.

എം കെ കൃഷ്‌ണൻ

ഇങ്ങനെ ഉല്പതിഷ്ണുത്വത്തിന്റെ വരവുകണ്ടുകൊണ്ടാണ് ചാത്തൻമാസ്റ്റർ വളർന്നത്. എന്നാൽ ഇത് താൽക്കാലികവും ഒറ്റപ്പെട്ടതുമായിരുന്നു. പല കാരണങ്ങളാൽ പയ്യപ്പിള്ളി മന സാമ്പത്തികമായി തകർന്നു. കാവലനും കുടുംബവും മറ്റ് ജന്മിമാരുടെ പണിക്കാരായി. പുലയരായ കർഷകത്തൊഴിലാളികൾ കൂലിക്കൂടുതൽ വേണമെന്ന് അടക്കംപറഞ്ഞത് ജന്മിമാരുടെ കാതിലെത്തിയപ്പോൾ അവർ സംശയിച്ചത് കാവലനെയാണ്. കാവലന്റെ പ്രേരണയിലാണ് തൊഴിലാളികളുടെ മുറുമുറുപ്പ് എന്നാണവർ വിചാരിച്ചത്. പ്രമാണിമാർ കാവലനെ പിടിച്ചുകൊണ്ടുവന്ന് ഒരു തെങ്ങിൽ കെട്ടിയിട്ടു. പ്രദേശത്തെ മുഴുവൻ പുലയസമുദായക്കാരും അവിടേക്കെത്തി പ്രതിഷേധിച്ചപ്പോൾ കാവലനെ കെട്ടഴിച്ചുവിടേണ്ടിവന്നു. ഈ സംഭവത്തെ തുടർന്നാണ് മാടായിക്കോണത്ത് സമസ്ത കൊച്ചി പുലയമഹാസഭയുടെ ഘടകമുണ്ടാക്കുന്നത്. വേങ്ങാശ്ശേരി മനക്കാരുടെ കുടിയാനും പണിക്കാരനുമായ വള്ളോന്റെ വീട്ടുമുറ്റത്താണ് രൂപീകരണയോഗം നടന്നത്‌. ജന്മിമാരുടെ കിങ്കരന്മാർ ഒറ്റുകൊടുത്തതിനെത്തുടർന്ന്‌ പോലീസ് എത്തി വള്ളോനെ അറസ്റ്റ്‌ ചെയ്തു. കേസ് മറ്റൊന്നുമല്ല, കമ്യൂണിസ്റ്റുകാരുടെ രഹസ്യയോഗം നടത്താൻ സൗകര്യംചെയ്തുകൊടുത്തു. കമ്യൂണിസ്റ്റ് പാർട്ടി അക്കാലത്ത് ആ മേഖലയിൽ പ്രവർത്തനം തുടങ്ങിയിട്ടേയില്ല. വള്ളോന് കമ്യൂണിസമെന്നാൽ എന്തെന്നറിയുകയുമില്ല.

പി കെ കൊടിയൻ

ഈ പശ്ചാത്തലത്തിലാണ് ചാത്തൻ വളർന്നത്. ആദ്യം ചില്ലിയിൽ മാധവമേനോന്റെ നിശാപാഠശാലയിലാണ് ചാത്തൻ അക്ഷരാഭ്യാസത്തിനു പോയത്. തുടർന്ന് പ്രാഥമിക വിദ്യാഭ്യാസം മാപ്രാമം പള്ളി സ്കൂളിൽ. ഇരിങ്ങാലക്കുട ഗവ. ബോയ്സ് ഹൈസ്കൂളിൽ തുടർവിദ്യാഭ്യാസം. നല്ല നിലയിൽ സ്കൂൾ ഫൈനൽ പാസായ സാഹചര്യത്തിൽ കോളേജിൽ ചേരാൻ മോഹം. സുഹൃത്തായ കെ.കെ.പേങ്ങനും നല്ല മാർക്കോടെ പാസായിട്ടുണ്ട്്. ഇരുവരും എറണാകുളം മഹാരാജാസിൽ ഇന്റർമീഡിയറ്റിന് ചേരാൻപോയത് ഉദാരമതികളുടെ സഹായത്തോടെ. ഹരിജൻസേവാസംഘം നടത്തുന്ന ഹോസ്റ്റലിൽ പേങ്ങന് അഡ്മിഷൻ കിട്ടിയെങ്കിലും ചാത്തന് കിട്ടിയില്ല. കോളേജിലെ അധ്യാപകരുടെ സഹായത്തോടെ ചാത്തൻ കെ പി വള്ളോൻ എം.എൽ.സി.യെ സമീപിച്ചു. വള്ളോൻ പുലയസമുദായത്തിന്റെ ഏറ്റവും പ്രമുഖനായ നേതാവാണ്, കൊച്ചി നിയമസഭയിൽ അംഗമാണ്. ഗാന്ധിജി ആവിഷ്കരിച്ച ഹരിജൻ സേവാസംഘം ഹോസ്റ്റലുകൾ അക്കാലത്ത് സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. പൂട്ടാൻ തീരുമാനിച്ച ഹോസ്റ്റലുകൾ വള്ളോന്റെ ശ്രമഫലമായി സർക്കാർ ഏറ്റെടുത്തു. ആ ഹോസ്റ്റലിലാണ് ചാത്തൻ താമസിക്കാൻ ഇടംതേടിയെത്തുന്നത്. മുറി ഒഴിവില്ലാത്തതിനാൽ  ചാത്തനെ വള്ളോൻ തന്റെ മുറിയിൽ പാർപ്പിക്കുന്നു. എം.എൽ.സി. പലദിവസവും യാത്രയിലായിരിക്കും. രണ്ടുവർഷത്തെ പഠനകാലം മുഴുവൻ ചാത്തൻ താമസിച്ചത് ആ മുറിയിലാണ്‌. വള്ളോൻ സമസ്തകേരള പുലയമഹാസഭയുടെ നേതാവാണ്, എം.എൽ.സി.യാണ്. നാടിന്റെ നാനാഭാഗങ്ങളിൽനിന്നും അദ്ദേഹത്തെ കാണാൻ, പരാതിപറയാൻ ഒരുപാടുപേർ എത്തും. പരാതി കേട്ടെഴുതൽ  ചാത്തന്റെ ജോലിയായി. വള്ളോന്റെ അസിസ്റ്റന്റിനെപ്പോലെയായിരുന്നു ജോലി. അതൊരു പൊതുപ്രവർത്തനമായി വളരുകയായിരുന്നു. പകൽ കോളേജിൽ പഠനം രാത്രി പരാതിയെഴുത്ത്. പാവപ്പെട്ട അധഃസ്ഥിതജനത അനുഭവിക്കുന്ന ദുരിതങ്ങളാണ് കാണുന്നതും കേൾക്കുന്നതും. പൊതുപ്രവർത്തകനാവണം, ഉദ്യോഗമല്ല പ്രധാനം എന്ന ചിന്തയിലേക്കാണിത്് നയിച്ചത്. ഏതായാലും ഇന്റർമീഡിയറ്റ് കോഴ്സ് പൂർത്തിയക്കായെങ്കിലും പരീക്ഷയെഴുതാനായില്ല. കാരണം പരീക്ഷാഫീസടക്കാൻ നിർവാഹമില്ല.

കെ പി വള്ളോൻ

കൊച്ചിയിൽ മഹാകവി പണ്ഡിറ്റ് കെ പി കറുപ്പന്റെ നേതൃത്വത്തിൽ അധഃസ്ഥിതജനതയുടെ ഉന്നമനത്തിനായി വലിയ പരിശ്രമങ്ങൾ നടക്കുന്ന കാലമാണ്. എറണാകുളം ചേരാനെല്ലൂരിലെ കണ്ടത്തിപ്പറമ്പ് പപ്പുവിന്റെയും കൊച്ചുപണ്ണിന്റെയും മകനായി 1885 മെയ് 24‐ന് ജനിച്ച ശങ്കരൻ വെളുത്തിട്ടായിരുന്നു. പക്ഷേ തമിഴ്നാട്ടുകാരനായ ഒരു ജ്യോതിഷി, പണ്ഡിതൻ എന്ന അർഥത്തിലുള്ള കറുപ്പൻ എന്ന പേരാണ് നല്ലതെന്ന് പറഞ്ഞു. അങ്ങനെയാണ് കറുപ്പനാകുന്നത്. മലയാളത്തിലും സംസ്കൃതത്തിലും ഇംഗ്ലീഷിലും നല്ല വ്യുൽപ്പത്തി നേടിയ കറുപ്പനെ കൊച്ചിരാജാവ് 1925ൽ രൂപീകൃതമായ കൊച്ചിനിയമസഭയിലേക്ക് നാമനിർദശം ചെയ്യുന്നു. അതൊരു വലിയ സംഭവമായിരുന്നു അക്കാലത്ത്. ധീവരസമുദായത്തിൽപ്പെട്ട കറുപ്പനും കൂട്ടരും കൊച്ചിരാജാവുമായി അടുക്കുന്നത് രാജകുടുംബാംഗങ്ങളുടെ ജലയാത്രയുമായി ബന്ധപ്പെട്ടാണ്. അന്ന് ജലയാനങ്ങളാണ് മുഖ്യമെന്നതിനാൽ ധീവരർ അനിവാര്യരായിരുന്നു.

പണ്ഡിറ്റ്‌ കെ പി കറുപ്പൻ

എം.എൽ.സി. എന്ന നിലയിൽ പണ്ഡിറ്റ് കറുപ്പൻ സ്വസമുദായത്തിന്റെ മാത്രമല്ല പുലയരടക്കമുള്ള മറ്റ് അധഃസ്ഥിത ജനവിഭാഗങ്ങളുടെ മോചനത്തിനായും നിരവധി അടിസ്ഥാനപരമായ പ്രവർത്തനങ്ങൾ നടത്തി. ആചാരഭൂഷണം എന്ന ഒരു പുസ്തകം രചിച്ച് സ്വന്തം ചെലവിൽ അച്ചടിപ്പിച്ച് പ്രചരിപ്പിച്ചത് അതിന്റെ ഭാഗമായാണ്. ഈ പുസ്തകം വലിയ പരിവർത്തനങ്ങൾക്ക് പ്രേരകമായി. കൊച്ചി പുലയമഹാസഭ രൂപീകരിക്കാൻ മുന്നിട്ടിറങ്ങിയത് കൃഷ്ണാതിയാണ്. മുളവുകാട് ദ്വീപിലെ കല്ലച്ചംമുറി ചാത്തന്റെയും കാളിയുടെയും മകനായി 1877 ഒക്ടോബർ ആറിന് ജനിച്ച കൃഷ്ണാതിയാണ് പുലയമഹാസഭയുടെ രൂപീകരണത്തിന് മുന്നിട്ടിറങ്ങിയത്. കൊച്ചികായലിൽ ഇന്നത്തെ രാജേന്ദ്രമൈതാനത്തനഭിമുഖമായാണ്‌ 1913 ഏപ്രിൽ 21ന് പുലയസമ്മളനം നടക്കുന്നത്. അതോടെ കൃഷ്ണാതി പുലയരുടെ നേതൃസ്ഥാനത്തെത്തി. ഈ കായൽസമ്മേളനത്തെ തുടർന്നാണ് കറുപ്പൻമാസ്റ്റർ 1914 ഏപ്രിലിൽ എറണാകുളം സെന്റ്‌ ആൽബർട്സ് സ്കൂളിൽ കൊച്ചിപുലയമഹാസഭാ രൂപീകരണ സമ്മേളനം വിളിച്ചുചേർക്കുന്നത്. കെ സി കൃഷ്ണാതി പ്രസിഡന്റും പി സി ചാഞ്ചൻ സെക്രട്ടറിയും.

മൂന്നുവർഷം കഴിഞ്ഞ് എറണാകുളത്ത് വൻ കാർഷികപ്രദർശനം സർക്കാർ വകയായി നടന്നു. പക്ഷേ അവിടെ പുലയർക്കോ പറയർക്കോ മറ്റ് അയിത്തജാതിക്കാർക്കോ പ്രവേശനമില്ല. ആ യോഗത്തിൽ ക്ഷണിതാവായിരുന്ന കറുപ്പൻ മാസ്റ്റർ പ്രസംഗിച്ചത് ഇങ്ങനെയാണ്‌: ‘‘ഇവിടെ പ്രദർശിപ്പിക്കുന്ന സാധനങ്ങളെല്ലാം ഉണ്ടാക്കിയത് അധഃസ്ഥിത വിഭാഗത്തിൽപ്പെട്ട കർഷകരും കർഷകത്തൊഴിലാളികളുമാണ്. പക്ഷേ ആ ഉല്പാദകർക്ക് ഇവിടെ പ്രവേശനമില്ല, എന്തൊരു വിരോധാഭാസമാണിത്’’. ഈ പ്രസംഗം കേട്ട ഉദ്ഘാടകൻ ദിവാൻ സായിപ്പ് അപ്പോൾത്തന്നെ ഉത്തരവിടുകയാണ് പ്രദർശനം കാണാൻ എല്ലാവർക്കും വരാം‐ അതായത് ക്ഷേത്രപ്രവേശനവിളമ്പരം വരുന്നതിന് രണ്ട്് പതിറ്റാണ്ടുമുമ്പ് ഇത്തരത്തിൽ ഒരു  പ്രവേശന ഉത്തരവ് വന്നു. കൊച്ചിനഗരത്തിൽ പുലയരടക്കമുള്ള യഥാർഥ അടിസ്ഥാനവർഗത്തിന് പ്രവേശനം ലഭിച്ചത് അന്നാണ്.

പി കെ കുഞ്ഞച്ചൻ

കറുപ്പൻ മാസ്റ്റർക്ക് ശേഷം പി സി ചാഞ്ചനാണ് കൊച്ചി നിയമസഭയിൽ അധഃസ്ഥിത സമുദായപ്രതിനിധിയായി നോമിനേറ്റ് ചെയ്യപ്പെട്ടത്. മൂന്നാമതായാണ് കെ പി വള്ളോൻ എം.എൽ.സി.യാകുന്നത്. വള്ളോൻ കൊച്ചി പുലയമഹാസഭാ പ്രസിഡന്റായിരിക്കെയാണ് സംഘടനാ സെക്രട്ടറിമാരിലൊരാളായി പി കെ ചാത്തനെ നിയോഗിക്കുന്നത്. വള്ളോന്റെ നേതൃത്വത്തിൽ നടത്തിയ ഹരിജൻ ഹോസ്റ്റലിൽ താമസിച്ച് പഠിച്ചവർ ചേർന്നാണ് ഷെഡ്യൂൾഡ്് കാസ്റ്റ് ഫെഡറേഷൻ എന്ന സംഘടന രൂപീകരിച്ചത്. പി കെ ചാത്തൻ, കെ കെ മാധവൻ, കെ കെ കണ്ണൻ, കെ കൊച്ചുകുട്ടൻ, സി സി അയ്യപ്പൻ, സി സി കുഞ്ഞൻ, കെ കെ മാമൻ എന്നിവർ ചേർന്നാണ് ആ സംഘടന രൂപീകരിച്ചത്. വഴിനടക്കാനുള്ള സ്വാതന്ത്ര്യം, സർക്കാർ സർവീസിൽ പ്രാതിനിധ്യം എന്നീ മുദ്രാവാക്യങ്ങളാണ് സംഘടന മുന്നോട്ടുവെച്ചത്.

പുലയമഹാസഭയിൽ രണ്ട് ആശയഗതിക്കാരുണ്ടായിരുന്നു. കമ്യൂണിസ്റ്റാശയക്കാരും കോൺഗ്രസ് ആശയക്കാരും. സ്വത്വത്തിൽ മാത്രം കേന്ദ്രീകരിക്കുന്നവരുമുണ്ടായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയിൽ അണിനിരന്നവരും അണിനിരക്കേണ്ടവരുമായവരെ സ്വത്വരാഷ്ട്രീയത്തിന്റെ രീതിയിൽ സംഘടിപ്പിക്കുന്നതിനെതിരെ പാർട്ടിയുടെ കൊച്ചി പ്രവിശ്യാ സെക്രട്ടറി സി അച്ചുതമേനോൻ നിശിതമായി വിമർശിച്ച് പ്രസ്താവനകളിറക്കി. ഇത് സംഘടനയ്‌ക്കകത്ത് അസ്വാരസ്യങ്ങളുളവാക്കി. എന്നാൽ ക്രമേണ കമ്യൂണിസ്റ്റ്് പാർട്ടിക്ക് ആ സംഘടനയിൽ മേധാവിത്വം ലഭിക്കുകയായിരുന്നു. 1945‐ൽ എറണാകുളത്ത് നടന്ന സമ്മേളനത്തിൽ കെ കെ അയ്യപ്പൻ, എം കെ കൃഷ്ണൻ, പി കെ കൊടിയൻ, എൻ പി വേലായുധൻ തുടങ്ങിയവർ നേതൃസ്ഥാനത്തെത്തി. പുലയമഹാസഭയുടെ ഭാരവാഹികളായ പി കെ കൊടിയനും എം കെ കൃഷ്ണനും അക്കാലംമുതലേ കമ്യൂണിസ്റ്റ് നേതാക്കളാണ്. പിൽക്കാലത്ത് നിയമസഭയിലും പാർലമെന്റിലുമെല്ലാമെത്തി. കൃഷ്ണൻ മന്ത്രിയുമായി. സഭയുടെ സമ്മേളനനടത്തിപ്പിൽ കമ്യൂണിസ്റ്റുകാർ വലിയ പിന്തുണ നൽകി.

1946‐ൽ ഇരിങ്ങാലക്കുടയിലാണ് പുലയമഹാസഭാ സമ്മേളനം സംഘടിപ്പിച്ചത്. പി കെ ചാത്തൻമാസ്റ്ററുടെ നേതൃത്വത്തിലാണ് പരിപാടി. അധ്യാപകജോലി രാജിവെച്ച് അദ്ദേഹം പൂർണസമയ സമുദായപ്രവർത്തനത്തിൽ മുഴുകിയിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുമായി സഹവർത്തിത്വവുമുണ്ട്. ഇരിങ്ങാലക്കുടയിലെ സമ്മേളനത്തിന്റെ പിരിവിനായി കൂടൽമാണിക്യംക്ഷേത്രത്തിന്റെ പൊതുവഴിയിലൂടെ നടക്കുകയായിരുന്ന കെ വി കാളി (പിന്നീട് കാളി ചാത്തൻമാസ്റ്ററുടെ ജീവിതസഖിയായി), കെ കെ അയ്യപ്പന്റെ ഭാര്യ കെ കെ ചക്കി, പേങ്ങി ടീച്ചർ എന്നിവരുടെ മുഖത്തേക്ക്‌ സവർണരായ ചിലർ മുറുക്കിത്തുപ്പി. ഇതിൽ പ്രതിഷേധിച്ച് ആ റോഡിലൂടെതന്നെ പുലയമഹാസഭയുടെ യുവ പ്രവർത്തകർ സൈക്കിൾ ജാഥ നടത്തി. അവരെ സവർണഗുണ്ടകൾ തല്ലിച്ചതച്ചു. ഈ സംഭവത്തിൽ പ്രതിഷേധിക്കാൻ കമ്യൂണിസ്റ്റ്് പാർട്ടി ആഹ്വാനംചെയ്തു. പാർട്ടിയുടെ നേതൃത്വത്തിൽ 1946 ജൂൺ 23‐ന് അയ്യങ്കാവ് മൈതാനത്ത് സഞ്ചാരസ്വാതന്ത്ര്യ പ്രഖ്യാപനവുമായി വൻ റാലി. എസ്.എൻ.ഡി.പി.യോഗവും സാംബവസഭയും പുലയമഹാസഭയും കണക്കൻസഭയുമെല്ലാം റാലിയിൽ അണിനിരന്നു. റാലിയെ പോലീസ് നിരോധിക്കുകയും ലാത്തിച്ചാർജ്് നടത്തുകയും ലോക്കപ്പ് മർദനം നടത്തുയും വനിതാപ്രവർത്തകരെ മർദിച്ചതമടക്കമുള്ള സംഭവങ്ങൾ പി.ഗംഗാധരനെക്കുറിച്ചുള്ള അധ്യാത്തിൽ വിശദമായി പ്രതിപാദിച്ചത് ഓർക്കുമല്ലോ.

കൂടൽമാണിക്യം സംഭവത്തിന്റെ തുടർച്ചയാണ് കുട്ടംകുളം സമരം. കുട്ടംകുളം റോട്ടിലൂടെ തീണ്ടൽജാതിക്കാർ നടക്കാൻ പാടില്ല, കൂടൽമാണിക്യം ക്ഷേത്രത്തിന്റെ ചുറ്റുമതിലിനടുത്തുകൂടെ നടന്നുകൂട എന്ന് നിരോധന ഉത്തരവ് പുറപ്പെടുവിച്ച് തീണ്ടൽപലക സ്ഥാപിച്ചിരുന്നു. തീണ്ടൽപലക നീക്കണമെന്നും വഴിനടക്കാൻ സ്വാതന്ത്ര്യം അനവദിക്കണമെന്നും ആവശ്യപ്പെട്ട് പാർട്ടി നേതാവായ പി.കെ.കുമാരന്റെ നേതൃത്വത്തിൽ കുട്ടംകുളം റോട്ടിൽ പ്രകടനം നടത്തി.( ജാതിക്കെതിരായ പോരാട്ടത്തിലും തൊഴിലാളികളുടെയം കർഷകരുടെയും അവകാശസമരത്തിലും പങ്കെടുത്ത്്്, നേതൃത്വംനൽകി ഏറ്റവുമധികം പീഡനത്തിനിരയായ നേതാക്കളിലൊരാളാണ് കുമാരൻ. ഒരിക്കൽ പോലീസ് കുമാരനെ അറസ്റ്റ്‌ ചെയ്്്്ത്‌ സെല്ലിലടച്ചപ്പോൾ മറ്റൊരു സമരേസേനാനിയായ പി സി കുറുമ്പയെയും അറസ്റ്റ്‌ ചെയ്ത് അതേ സെല്ലിലിട്ടു. ഇരുവരെയും വസ്ത്രാക്ഷേപം ചെയ്ത്് ക്രൂരമായി പെരുമാറുകയായിരുന്നു പോലീസ്. പോലീസ്ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ക്രൂരതകളിലൊന്ന്.  പ്രകടനത്തിനെതിരെ പോലീസ് മർദനമഴിച്ചുവിട്ടത് വലിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഈ സംഭവത്തിന്റെ തുടർച്ചയായി ചാത്തൻ മാസ്റ്ററുടെ നേതൃത്വത്തിൽ 1946 ജൂലായ്ആറിന് അയ്യങ്കാവ് മൈതാനത്തുതന്നെ വലിയ റാലി നടത്തി. റാലിയിൽ പ്രസംഗിച്ചശേഷം പി ഗംഗാധരന്റെ നേതൃത്വത്തിൽ തീണ്ടൽപലക പിഴുതുമാറ്റാൻ മുന്നോട്ടുകുതിച്ചതും പോലീസ് ഭീകരമർദനമഴിച്ചുവിട്ടതും മുമ്പ് വിശദീകരിച്ചതാണ്. മർദനത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയതിന് ചാത്തൻമാസ്റ്ററെയും എം കെ തയ്യിൽ അടക്കമുള്ളവരെയും ജയിലിലടച്ചു.

കുട്ടംകുളം സമരത്തിനുശേഷം പാലിയം സമരത്തിലും ചാത്തൻമാസ്റ്റർ തനതായ പങ്കുവഹിച്ചു. പുലയമഹാസഭയുടെ നിരവധി പ്രവർത്തകരെ പാലിയം സത്യാഗ്രഹത്തിലും പരിയാരം ഭൂസമരത്തിലും പങ്കെടുപ്പിക്കാൻ നേതൃത്വംനൽകിയത് ചാത്തൻമാസ്റ്ററാണ്. 1948‐ൽ കൊൽക്കത്താ തീസിസിനെ തുടർന്ന് പാർട്ടി നിരോധിക്കപ്പെട്ടതോടെ പുലയമഹാസഭയുടെ പ്രവർത്തനത്തിൽനിന്ന് മാറി പൂർണമായും കമ്യൂണിസ്റ്റ് പ്രവർത്തകനും നേതാവുമാവുകയായിരുന്നു ചാത്തൻമാസ്റ്റർ. കാരണം ഒളിവിൽ കഴിഞ്ഞുകൊണ്ടാണ് പ്രവർത്തനം. സ്വയം ഒളിവിൽ കഴിഞ്ഞ്‌ പ്രവർത്തിച്ചുവന്നതിനൊപ്പം തന്റെ സമുദായത്തിൽപ്പെട്ടവരുടെ കുടിലുകളിൽ പാർട്ടി നേതാക്കളെയും പ്രവർത്തകരെയും ഒളിവിൽ പാർപ്പിക്കാൻ അദ്ദേഹം ത്യാഗപൂർവം പ്രവർത്തിച്ചു. ചാത്തൻമാസ്റ്ററെ പിടികിട്ടാത്തതിനാൽ അദദേഹത്തിന് ഒളിസങ്കേതം ഒരുക്കിനൽകിയെന്ന കുറ്റംചുമത്തി അരഡസനോളം സ്ത്രീകളെ കേസിൽ കുടുക്കി അറസ്റ്റ്്് ചെയ്തത് അക്കാലത്ത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. മുഷിഞ്ഞുകീറിയ വസ്ത്രം മാത്രമുള്ള പെൺകിടാങ്ങളെ ബലംപ്രയോഗിച്ച്്്് അറസ്റ്റ്‌ ചെയ്ത്്് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

പുലയമഹാസഭയുടെ നേതാക്കളിലും പ്രവർത്തകരിലും ഭൂരിഭാഗത്തെയും കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമാക്കുന്നതിൽ വലിയ പങ്കാണിക്കാലത്ത് അദ്ദേഹം വഹിച്ചത്. നേതൃരംഗത്തുതന്നെ എം കെ കൃഷ്ണനും പി കെ കുഞ്ഞച്ചനും പി കെ കൊടിയനും അടക്കമുള്ളവർ. ഷെഡ്യൂൾഡ് കാസ്റ്റ്‌ ഫെഡറേഷൻ അഥവാ ഷെഡ്യൂൾഡ് കാസ്റ്റ്് സ്റ്റുഡന്റ്സ് ഫെഡറേഷന്റെ സ്ഥാപകനേതാക്കളിലൊരാളായ എം കെ കൃഷ്ണൻ എറണാകുളം ജില്ലയിലെ വൈപ്പിനിൽ മുള്ളവാതുക്കത്തറ കണ്ണന്റെയും അഴകിയുടെയും മകനായി 1924 ജനുവരി 15‐നാണ് ജനിച്ചത്. എറണാകുളം മഹാരാജാസ് കോളേജിൽ പി കെ കൊടിയന്റെ സതീർഥ്യൻ. കെ പി വള്ളോൻ നേതൃത്വംനൽകുന്ന ഹോസ്റ്റലിൽ ചാത്തൻമാസ്റ്ററടക്കമുള്ളവരുമൊത്ത് താമസം. ഹരിജൻ വിദ്യാർഥി ഫെഡറേഷൻ രൂപീകരണത്തിന് നേതൃത്വം നൽകി. അതിന്റെ പ്രസിഡന്റായും തുടർന്ന് സമസ്ത കൊച്ചി പുലയമഹാസഭയുടെ ജനറൽസെക്രട്ടറിയായം പ്രവർത്തിച്ചു. പാലിയം സമരഭൂമിയിലേക്ക്‌ നടന്ന വോളന്റിയർ ജാഥയ്‌ക്ക് എടവനക്കാട്ട്‌ ചന്തയിൽ സ്വീകരണമൊരുക്കിയത് കൃഷ്ണനാണ്. വി വിശ്വനാഥമേനോനടക്കമുള്ളവരുമായുണ്ടായ സൗഹൃദം കമ്യൂണിസ്റ്റ്‌ പാർട്ടിയുമായി അദ്ദേഹത്തെ അടുപ്പിച്ചു. പുലയമഹാസഭയുടെ നേതാവായിരിക്കെത്തന്നെ 1947ൽ പാർട്ടിയിൽ അംഗത്വം നേടി. കണ്ണംപിള്ളക്കെട്ടിൽ സമരം എന്നറിയപ്പെടുന്ന കർഷകത്തൊഴിലാളിസമരത്തിന് ധീരമായ നേതൃത്വം നൽകിയത് ഒളിവിലും തെളിവിലും നിന്നുകൊണ്ട്‌ എം കെ കൃഷ്ണനാണ്. പുലയരായ കർഷകത്തൊഴിലാളികൾക്ക്‌ കണ്ണംപിള്ളക്കെട്ടിൽ മേഖലയിൽ തുഛമായ കൂലിയായിരുന്നു. കൂലിയിലും ജാതിവിവേചനമുണ്ടായിരുന്നു. ഇതിനെതിരെ കൃഷ്ണൻ തൊഴിലാളികളെ സംഘടിപ്പിച്ച് സമരംചെയ്തു. ഏതാനും തൊഴിലാളികൾക്ക് തൊഴിൽ നിഷേധിക്കുന്നിടത്തെത്തി. അതിനെതിരെ അതിശക്തമായ സമരം തുടങ്ങി. തൊഴിലാളികളെ പോലീസ് ക്രൂരമായി വേട്ടയാടി. കൃഷ്ണനെ പിടിക്കാൻ സാധിക്കാത്തതിനാൽ കുടുംബാംഗങ്ങളെ ഉപദ്രവിച്ചു. ഒടുവിൽ പോലീസ് ഭീകരത രൂക്ഷമായപ്പോൾ ആദ്യം കുടകിലേക്ക് മുങ്ങി. അവിടെയും പോലീസ് എത്തിയതോടെ ബംഗളുരുവിലേക്ക് കടന്നു. അവിടെ അവിചാരിതമായ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിൽ ജോലി ലഭിച്ചു. പാർട്ടിക്കുമേലുള്ള നിരോധനം പിൻവലിച്ചതോടെ വീണ്ടും എടവനക്കാട്ടെത്തി വിവിധ തൊഴിലാളിവിഭാഗങ്ങളെ സംഘടിപ്പിച്ച് അവകാശസമരങ്ങൾ നയിക്കുകയായിരുന്നു. l

Hot this week

മാറുന്ന മലയാള സിനിമയുടെ കാഴ്ച

മലയാള സിനിമയുടെ വിഷ്വൽ നരേറ്റീവിനെ റീഡിസൈൻ ചെയ്‌ത സംവിധായകനാണ്‌ ഖാലിദ്‌ റഹ്‌മാൻ....

ഉരുകുന്ന മഞ്ഞും ഉരുകാത്ത നൊമ്പരങ്ങളും

കൂട്ടുകുടുംബത്തിന്റെയും പരിചിതമായ ഭൂഭാഗങ്ങളുടെയും പരിധിവിട്ട്‌ ഒരു വടക്കേ ഇന്ത്യൻ സുഖവാസകേന്ദ്രത്തിന്റെ പശ്ചാത്തലം...

എൻ ശങ്കരയ്യ: സമരരംഗത്തെ നിറസാന്നിധ്യം

സിപിഐ എം തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി, അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ദേശീയ...

അടയുന്ന വാതിലുകൾ നൽകുന്ന സൂചനകൾ

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 84 സ്വന്തം രാജ്യത്തെ വ്യവസായത്തെയും തൊഴിലുകളെയും സംരക്ഷിക്കാൻ ഏതെങ്കിലും ഭരണാധികാരി...

കലാപരിണാമം ഗോഥിക്‌ കാലത്തിലൂടെ

യൂറോപ്പിലാകെ കലാസാംസ്‌കാരിക വിദ്യാഭ്യാസമേഖല മന്ദീഭവിച്ചിരുന്നത്‌ 5‐ാം നൂറ്റാണ്ടുകളിലെന്നാണ്‌ ചരിത്രം രേഖപ്പെടുത്തുന്നത്‌. യുദ്ധം,...

Topics

മാറുന്ന മലയാള സിനിമയുടെ കാഴ്ച

മലയാള സിനിമയുടെ വിഷ്വൽ നരേറ്റീവിനെ റീഡിസൈൻ ചെയ്‌ത സംവിധായകനാണ്‌ ഖാലിദ്‌ റഹ്‌മാൻ....

ഉരുകുന്ന മഞ്ഞും ഉരുകാത്ത നൊമ്പരങ്ങളും

കൂട്ടുകുടുംബത്തിന്റെയും പരിചിതമായ ഭൂഭാഗങ്ങളുടെയും പരിധിവിട്ട്‌ ഒരു വടക്കേ ഇന്ത്യൻ സുഖവാസകേന്ദ്രത്തിന്റെ പശ്ചാത്തലം...

എൻ ശങ്കരയ്യ: സമരരംഗത്തെ നിറസാന്നിധ്യം

സിപിഐ എം തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി, അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ദേശീയ...

അടയുന്ന വാതിലുകൾ നൽകുന്ന സൂചനകൾ

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 84 സ്വന്തം രാജ്യത്തെ വ്യവസായത്തെയും തൊഴിലുകളെയും സംരക്ഷിക്കാൻ ഏതെങ്കിലും ഭരണാധികാരി...

കലാപരിണാമം ഗോഥിക്‌ കാലത്തിലൂടെ

യൂറോപ്പിലാകെ കലാസാംസ്‌കാരിക വിദ്യാഭ്യാസമേഖല മന്ദീഭവിച്ചിരുന്നത്‌ 5‐ാം നൂറ്റാണ്ടുകളിലെന്നാണ്‌ ചരിത്രം രേഖപ്പെടുത്തുന്നത്‌. യുദ്ധം,...

ഫാസിസം: ഉത്ഭവം,വളർച്ച

ഫാസിസവും നവഫാസിസവും -4 കമ്മ്യൂണിസം ഉണ്ടാക്കിയ  അനന്തരഫലങ്ങളിലൊന്നായി ചിലർ ഫാസിസത്തെ വിശേഷിപ്പിക്കാറുണ്ട്. 1933ൽ...
spot_img

Related Articles

Popular Categories

spot_imgspot_img