ചങ്ങമ്പുഴ കൃഷ്ണപിള്ള : ആദ്യത്തെ വിപ്ലവഗായകൻ  

കെ ബാലകൃഷ്ണൻ

വിപ്ലവപാതയിലെ ആദ്യപഥികര്‍- 76

കെ ബാലകൃഷ്ണൻ

കേരളത്തില്‍ ജന്മിത്തവിരുദ്ധ-നാടുവാഴിത്തവിരുദ്ധ സമരത്തിന് മണ്ണൊരുക്കുന്നതില്‍ വലിയ സംഭാവന നല്‍കിയ മഹാകവിയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള. സര്‍വപുരോഗമനത്തെയും എതിര്‍ത്തുപോന്ന കാവിസംസ്കാരത്തിനെതിരെ ഏറ്റവും ശക്തമായി ആഞ്ഞടിക്കുകയും ഉല്പതിഷ്ണുത്വത്തിന്‍റെയും ഭൗതികവാദത്തിന്‍റെയും കൊടി ഉയര്‍ത്തിപ്പിടിക്കുകയുംചെയ്ത മഹാകവി. മുപ്പത്തേഴാമത്തെ വയസ്സില്‍ മരിച്ചുപോയ കവി അതിന് മുമ്പത്തെ ഒന്നരപതിറ്റാണ്ടിലാണ് വര്‍ഗസമരത്തെ പ്രോജ്ജ്വലിപ്പിക്കാന്‍ കൈമെയ് മറന്നെഴുതിയത്.

ചങ്ങമ്പുഴ കൃഷ്ണപിള്ള

കേരളത്തില്‍ കമ്മ്യൂണിസ്റ്റാശയം, വര്‍ഗസമരത്തിന്‍റെ ആശയം ആദ്യമായി വിതയ്ക്കാന്‍ തുടങ്ങിയവരിലൊരാള്‍ ചങ്ങമ്പുഴ കൃഷ്ണപിള്ളയാണ്. കടുത്ത ദാരിദ്ര്യവും പട്ടിണിയും അനുഭവിച്ച് പീഡിതനായി വളര്‍ന്ന ചങ്ങമ്പുഴയുടെ കാവ്യത്തുടക്കംതന്നെ മുതലാളിത്തവിരുദ്ധ കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ളതാണെന്ന് പറയാം. 1933-ലെ ഓണക്കാലത്ത് അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ കവിതയാണ് നവവര്‍ഷനാന്ദി.

തമ്പുരാന്‍ പൈമ്പാലടപ്രഥമന്‍ ഭുജിക്കട്ടെ
കുമ്പിളില്‍ കുറേക്കഞ്ഞി കോരനും കുടിക്കട്ടെ
ഓണമാണോണംപോലും ധനദര്‍ ഘോഷിക്കുന്നൂ
താണവര്‍ക്കുയിര്‍നില്‍ക്കാനുമിനീര്‍ മതിയെന്നോ

എന്ന് രോഷാകുലനായി ചോദിച്ചുകൊണ്ട് പിന്നീട് കവി പ്രഖ്യാപിക്കുകയാണ്,

” വരട്ടെ, വിശപ്പിന്‍റെ വിപ്ലവക്കൊടുങ്കാറ്റി-
ലൊരിക്കല്‍ തകര്‍ന്നുപോം മദിക്കും മേലാളിത്തം”

മലയാളകവിതയില്‍ വിപ്ലവത്തിന്‍റെ ആദ്യത്തെ ശക്തമായ പ്രഖ്യാപനമാണിത്. ചൂഷിതരായ തൊഴിലാളികള്‍ സ്വയം തിരിച്ചറിയുകയും മുതലാളിത്തത്തോട് മുഖത്തുനോക്കിപ്പറയുകയുമാണ്- ഞങ്ങളുടെ ഹൃദ്രക്തംകൊണ്ടാണ് മുതലാളിത്തം തടിച്ചുകൊഴുക്കുന്നത്, ഞങ്ങള്‍ അരിവാള്‍ കയ്യിലേന്തുന്നതിനാലാണ് മേലാളര്‍ അമൃതം ഭുജിക്കുന്നത്, ഞങ്ങള്‍ എരിയുന്ന വെയിലില്‍ ചേറില്‍ അധ്വാനിക്കുന്നില്ലെങ്കില്‍ ചൂഷകര്‍ക്ക് പട്ടുമെത്തയില്‍ ശയിക്കാനാവില്ല’- ഈ തിരിച്ചറിവോടെ അവര്‍ പോരിനൊരുങ്ങുകയാണ്. മുതലാളിത്തചൂഷണത്തിനെതിരായ പോരാട്ടത്തില്‍ തൊഴിലാളിവര്‍ഗത്തെ തടഞ്ഞുനിര്‍ത്തുകയും ഭിന്നിപ്പുണ്ടാക്കുകയും ചെയ്യുന്നത് മതവും അന്ധവിശ്വാസവുമാണെന്നവര്‍ മനസ്സിലാക്കുന്നു.

“ഈശ്വരന്‍-നിരര്‍ഥമാമപ്പദം പറഞ്ഞിനി-
ശ്ശാശ്വതമാക്കാനാകാ ഞങ്ങള്‍ തന്നടിമത്തം
ശിലയെപ്പൂജിക്കാനു, മീശ്വരനിടയ്ക്കിടെ-
ച്ചില കൈക്കൂലിയേകി നിര്‍വാണം പിടുങ്ങാനും
ലോകത്തിന്‍ പുരോഹിതന്‍ വിലയ്ക്കുവിറ്റീടുന്ന
നാകലോകത്തേക്കുള്ള പാസ്പോര്‍ട്ട്‌ നേടീടാനും
ഭാവിച്ചിട്ടില്ല ഞങ്ങള്‍ , പാവനസ്വാതന്ത്ര്യത്തിന്‍
ഭാസുരപ്രഭാതം വന്നണഞ്ഞാല്‍ പോരും വേഗം!
തകരും കിരീടത്തിന്‍റെ ശകലങ്ങളെക്കൊണ്ടു
നികരാന്‍ വൈകീ കാലം പരാതന്ത്ര്യത്തിന്‍ ഗര്‍ത്തം”

നിരപ്പിന്‍റെ തത്വശാസ്ത്രം മലയാളകവിതയില്‍ മുഴക്കുകയായിരുന്നു കവി. അവിടെയും നില്‍ക്കാതെ ‘സഖാക്കളേ നിങ്ങള്‍ പുതിയ പന്ഥാവിലൂടെ കര്‍മനിരതരാകൂ’ എന്ന ആഹ്വാനത്തോടെയാണ് കവിത അവസാനിക്കുന്നത്. സഖാവ് എന്ന അഭിസംബോധന നേരത്തെ റഷ്യയെക്കുറിച്ചെഴുതിയ ഒരു ഗദ്യകവിതയില്‍ സഹോദരന്‍ അയ്യപ്പന്‍ ഉപയോഗിച്ചിരുന്നു. സഖാവിനെ കൂടുതല്‍ അര്‍ഥവത്താക്കിയാണ്, ജനകീയവിപ്ലവമുന്നേറ്റത്തിനുള്ള ആഹ്വാനം ചങ്ങമ്പുഴ മുഴക്കുന്നത്. സോഷ്യലിസ്റ്റ് ആശയത്തോടെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തനമാരംഭിക്കുന്നതിനും ഒരുവര്‍ഷത്തിലേറെ മുമ്പാണ് ‘നവവര്‍ഷനാന്ദി’ എന്ന കവിതയുണ്ടാകുന്നത്. ജീവത്സാഹിത്യപ്രസ്ഥാനം വരുന്നത് പിന്നെയും മൂന്നുവര്‍ഷം കഴിഞ്ഞാണ്. ജന്മിത്തചൂഷണത്തിനെതിരെ കര്‍ഷകര്‍ സംഘടിക്കാന്‍ തുടങ്ങിയതും രണ്ടുവര്‍ഷം കഴിഞ്ഞാണ്.

1936 അവസാനം എഴുതിയ ‘ദാരിദ്ര്യത്തിന്‍റ മുമ്പില്‍’ എന്ന കവിത വിപ്ലവത്തിന്‍റെ പാതയിലേക്ക്  യുവാക്കളെ മാടിവിളിക്കുയാണ്, ആഹ്വാനംചെയ്യുകയാണ്.
തനിക്കുതന്നെ ഭാരമായിത്തീര്‍ന്ന എല്ലുംതോലുമായ തൊഴിലാളിയോട് ചോദിക്കുന്ന മട്ടില്‍. കവി പറയുകയാണ്, മണിമേടയില്‍ ഇരുന്നരുളുന്ന മുതലാളിയെ തടിപ്പിക്കുന്നതിനല്ലയോ നീ പണിയെടുത്തത്, പരന്നുകിടക്കുന്ന പാടങ്ങളാകെ പച്ചപിടിപ്പിച്ചത് നിന്‍റെ യൗവ്വനമാണ്, അന്യന്‍റെ പത്തായങ്ങള്‍ നിറച്ചത് നീയാണ്, എന്നിട്ടും നീ പഴയ ചെരിപ്പുപോലെ വലിച്ചെറിയപ്പെട്ടു. വെണ്‍പങ്കവീശിയിന്നാര്‍ക്കു സുഖിക്കുവാന്‍ നിന്‍പ്രാണവാതം പകുത്തുകൊടുത്തുനീ… നീ നിസ്സഹായനാണ്, എന്നാല്‍ നിന്‍റെ മക്കള്‍, ഭാവിതലമുറ, വിപ്ലവകാരികളായി മുന്നോട്ടുവരുമെന്ന്‌ കവി പറയുന്നു.
‘വിത്തപ്രതാപം തഴുതിട്ടു ഭദ്രമായ്-
ക്കൊട്ടിയടച്ച കവാടങ്ങളൊക്കെയും
വെട്ടിപ്പൊളിക്കാന്‍ സുശക്തരാണാ
വയറൊട്ടിയ, യൗവ്വനത്തീക്കനല്‍ക്കട്ടകള്‍’

അത്രയുംകൊണ്ട്‌ നിര്‍ത്താതെ കവി സോഷ്യലിസത്തെക്കുറിച്ച്‌ സ്വപ്നംകാണുകയാണ്.

‘ ഹാ, സമത്വത്തിന്‍റെ സുപ്രഭാതാഭയില്‍
ഭാസുരക്ഷേമമുകുളം വിരിയണം!
സ്വാതന്ത്ര്യമേഖലയിങ്കല്‍ സ്വയം മര്‍ത്ത്യ-
ചേതന പൊന്നിന്‍ ചിറകടിച്ചാര്‍ക്കണം
സുന്ദരമാരംഗമാനയിച്ചീടുവാന്‍
സന്നദ്ധമാകൂ സധീരം യുവത്വമേ’

1937 ഏപ്രിലിലാണ് ജീവത്സാഹിത്യസംഘടന നിലവില്‍വരുന്നത്. അതേവര്‍ഷമാണ് രഹസ്യമായി കമ്മ്യൂണിസ്റ്റ്‌ ഗ്രൂപ്പ്‌ കേരളത്തില്‍ രൂപീകരിക്കുന്നത്. എന്നാല്‍ കമ്മ്യൂണിസ്റ്റ്‌പാര്‍ട്ടി രൂപീകരിച്ചതായി പരസ്യപ്പെടുന്നത് 1940 ജനുവരിയില്‍ മാത്രമാണ്. വര്‍ഗസമരം, ശാസ്ത്രീയസോഷ്യലിസം, കമ്മ്യൂണിസം എന്നിങ്ങനെയുള്ള വാക്കുകള്‍തന്നെ പ്രചുരപ്രചാരം നേടുന്നത് നാല്പതുകളോടെ മാത്രമാണ്. സി.എസ്.പി.യുടെ പ്രവര്‍ത്തനത്തിലൂടെ സോഷ്യലിസ്റ്റാശയം പ്രചാരത്തിലുണ്ട്‌, സോഷ്യലിസ്റ്റാശയമുള്ള ഇടതുപക്ഷ കോണ്‍ഗ്രസ്സാണ് കേരളത്തില്‍ ദേശീയപ്രസ്ഥാനത്തിന്‍റെ മുന്നണിയില്‍. എന്നാല്‍ അക്കാലത്ത്‌ പരക്കെ വായിക്കപ്പെട്ട, ക്ലാസെടുക്കപ്പെട്ട സോഷ്യലിസം ജയപ്രകാശ് നാരായണനടക്കമുള്ളവര്‍ ഉയര്‍ത്തിയ മിതവാദിസോഷ്യലിസ്റ്റ്‌ ആശയമായിരുന്നു.

1937-ല്‍ ചങ്ങമ്പുഴയുടെ ‘വാഴക്കുല’ പ്രസിദ്ധീകരിക്കപ്പെട്ടു. ജന്മിത്തചൂഷണത്തിനെതിരെ മലയാളത്തിലുണ്ടായ ഏറ്റവും ശക്തമായ കവിതയെന്നല്ല, കേരളത്തിലുണ്ടായ ഏറ്റവും ശക്തമായ സമരം എന്നുതന്നെ വാഴക്കുലയെ വിശേഷിപ്പിക്കാം. എത്രയോ പ്രസംഗങ്ങളോ, ജാഥകളോകൊണ്ട്‌ സൃഷ്ടിക്കാന്‍ കഴിയുന്നതിലുമേറെ സമരസംഘാടനംനിര്‍വഹിക്കാന്‍ ആ കവിത കൊണ്ട്‌ സാധിച്ചു. നാല്പതുകളില്‍ കേരളമങ്ങോളമിങ്ങോളം ആ കവിത കഥാപ്രസംഗമായും ചൊല്‍ക്കാഴ്ചയായുമെല്ലാം അവതരിപ്പിക്കപ്പെട്ടു. അക്ഷരം പഠിച്ച എല്ലാ മലയാളികളുടെയും ചുണ്ടില്‍ തത്തിക്കളിക്കുന്ന മനോഹരമായ വരികള്‍. രമണനെപ്പോലെയോ അതിലുമേറെയോ വായിക്കപ്പെട്ട, അവതരിപ്പിക്കപ്പെട്ട കാവ്യം.

കേരളത്തില്‍ ഭൂമിയുടെ അവകാശികള്‍ ആരാണ് എന്ന ചോദ്യം ആദ്യമുയര്‍ത്തിയ കാവ്യമാണ് വാഴക്കുല. അക്ഷരമറിയാത്തവര്‍ക്കും മനസ്സിലാകുന്ന വിധത്തില്‍ ഏറ്റവും ലളിതമായി വര്‍ഗരാഷ്ട്രീയം പഠിപ്പിക്കുകതന്നെയായിരുന്നു ആ കവിത. ജന്മിയുടെ പണിക്കാരനായ, കുടിയാനായ മലയപ്പുലയന്‍ അവന്‍റെ ചാളയുടെ അരികില്‍ ഒഴിഞ്ഞ സ്ഥലത്ത് ഒരു വാഴ നട്ടു. അയാളുടെ ഭാര്യ അതിനെ പരിചരിച്ചു. അതില്‍ കുലവരുന്നതും നോക്കി കുട്ടികള്‍ ആഹ്ളാദിച്ചു. അതിന്‍റെ പഴത്തിന്‍റെ രുചിയെക്കുറിച്ചവര്‍ വാചാലരായി… പക്ഷേ മലയപ്പുലയനെക്കൊണ്ടുതന്നെ ആ കുല കൊത്തിച്ച്‌ തന്‍റെ വീട്ടിലേക്കെടുപ്പിക്കുകയാണ് ജന്മി.
ആ സന്ദര്‍ഭത്തെ കവി അവതരിപ്പിച്ചശേഷം കവി ക്ഷോഭിക്കുകയാണ്, കവിയുടെ രോഷം അണപൊട്ടുകയാണ്…
‘ അഴിമതി,യക്രമ,മത്യന്തരൂക്ഷമാ-
മപരാധം, നിശിതമാമശനിപാതം!
കളവെന്തെന്നറിയാത്ത പാവങ്ങള്‍ പൈതങ്ങള്‍
കനിവറ്റ ലോകം, കപടലോകം!
നിസ്വാര്‍ഥ സേവനം, നിര്‍ദയമര്‍ദനം
നിസ്സഹായത്വം, ഹാ നിത്യദുഖം
നിഹതനിരാശാതിമിരം ഭയങ്കരം!
നിരുപാധികോഗ്രനിയമഭാരം!
ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ നിങ്ങള്‍തന്‍ പിന്മുറക്കാര്‍?…
കവിയുടെ നേരിട്ടുള്ള വാക്കുകളോടെതന്നെയാണ് കവിത അവസാനിക്കുന്നത്.

‘ അവശന്മാ,രാര്‍ത്തന്മാ,രാലംബഹീനന്മാ-
രവരടെ സങ്കടമാരറിയാന്‍?
പണമുള്ളോര്‍ നിര്‍മിച്ച നീതിക്കിതിലൊന്നും
പറയുവാനില്ലേ ഞാന്‍ പിന്‍വലിച്ചു!

ഈ കവിതിയടക്കം പ്രത്യക്ഷത്തില്‍ത്തന്നെ സോഷ്യലിസ്റ്റ്‌ വിപ്ലവത്തിന്‍റെ പാട്ടുകളായ ചങ്ങമ്പുഴക്കവിതകള്‍ 1942-ല്‍ പ്രസിദ്ധപ്പെടുത്തിയ ‘രക്തപുഷ്പങ്ങളി’ലാണ് സമാഹരിച്ചിട്ടുള്ളത്.
1937-ല്‍ത്തന്നെ എഴുതിയ ‘ഇന്നത്തെ നില’ എന്ന കവിതയില്‍

‘ നീതി! മനുഷ്യന്‍ മനുഷ്യനെ തിന്നുന്ന
നീതി! ലോകത്തിന്‍റെ നീതിയതാണുപോല്‍
ഉദ്ധാരണത്തിനുമാകാതധപ്പതി-
ച്ചത്രമാത്രം നീ ദുഷിച്ചുപോയ് ലോകമേ!
പാടേ,യൊരു കൊടുങ്കാറ്റുവന്നിന്നുള്ള
പാഴ്മരച്ചാര്‍ത്തുകള്‍ വേരറ്റുവീഴണം
കുന്നുംകുഴിയും നികന്നകന്നൊക്കെയു-
മൊന്നായൊരോമല്‍ സമതലമാകണം!
തെല്ലുമലസരായാരും നശിച്ചിടാ-
തെല്ലാരുമോരോ തൊഴിലാളിയാവണം!
ദാസനും നാഥനുമില്ലാതെ മേല്‍ക്കുമേല്‍
ഭാസിക്കണം തോളുരുമ്മിസ്സഹജര്‍ നാം’ എന്നാണ് കവി ആഹ്വാനംചെയ്യുന്നത്.

ഇതിന്‍റെ തുടര്‍ച്ചയായന്നോണം അക്കാലത്തുതന്നെ എഴുതിയ ‘ആ കൊടുങ്കാറ്റ്’ എന്ന കവിതയില്‍ ഇന്ത്യന്‍ അവസ്ഥയെ ചൂണ്ടിക്കാണിച്ചശേഷം ഈ അവസ്ഥ മാറ്റി പാവങ്ങളെ മോചിപ്പിക്കാന്‍ ഒരു കൊടുങ്കാറ്റ്- സോവിയറ്റുനാട്ടില്‍ നടന്നതുപോലുള്ള വിപ്ലവക്കൊടുങ്കാറ്റ് അനിവാര്യമാണ് എന്ന് പ്രഖ്യാപിക്കുകയാണ്.
‘ ചെന്നിണം പെയ്തെങ്ങെങ്ങും വിപ്ലവക്കനല്‍മേഘ-
മെന്നെന്നും പടിഞ്ഞാറു നടന്നാല്‍ മതിയെന്നോ?
ഒന്നിതിങ്ങോട്ടേക്കെത്തിനോക്കുമ്പോഴേക്കും ത്യാഗ-
തുന്ദിലേ, ഭാരതാംബേ, നീ മുഖം പൊത്തുന്നതെന്തേ?
പണ്ടത്തെ ശ്ശിബികളും രന്തിദേവരുമാരും
കണ്ടിടാനിന്നില്ലെങ്ങും വേനര്‍ മാത്രമേയുള്ളൂ!
സ്വന്തസ്സോദരന്മാര്‍തന്‍ ഹൃദ്രക്തമൂറ്റിക്കുടി-
ച്ചന്തസ്സില്‍ തലപൊക്കുമന്തകന്മാരേയുള്ളൂ!
പാടത്തുപണിചെയ്യും പട്ടിണിക്കാരെപ്പേര്‍ത്തും
പാദത്താല്‍ ചവിട്ടുന്ന പാപിഷ്ഠന്മാരേയുള്ളൂ-
അവര്‍ നിന്‍ സുതന്മാരാണെങ്കിലെ,ന്താദ്യം ഞങ്ങള്‍-
ക്കവരെ -ക്കുറച്ചിട കണ്ണടച്ചാലും മാതേ!

ആ രക്തക്കളമെല്ലാം വറ്റിപ്പോം , ഞൊടിക്കുള്ളി-
താരമ്യാമൃതസരസ്സാഗതമാമങ്ങെല്ലാം,
മുന്നിലക്കാണും കുന്നും കുഴിയും നീങ്ങിപ്പച്ച
മിന്നിടും സമതലമുയരും സസ്യാഢ്യമായ്!
അവിടെപ്പാടിപ്പാടിപ്പറക്കും , ക്ഷേമത്തിന്‍റെ
പവിഴക്കതിര്‍ കൊത്തിത്തിന്നുകൊ,ണ്ടാശ്വാസങ്ങള്‍,
ദാസനാഥന്മാരറ്റോരാ നവനാകത്തിങ്കല്‍
ഭാസുരേ നീ രാജിക്കും സ്വഛന്ദം സ്വതന്ത്രയായ്!
ഇപ്പൊരിവെയിലത്തമ്മേ, നിന്നു നീ കേഴുന്നല്ലോ!
കല്പിക്കുകൊന്നാ കൊടുങ്കാറ്റടിക്കട്ടേ!

കൊടുങ്കാറ്റ്‌ ചങ്ങമ്പുഴയക്ക്‌ ഏറെ ഇഷ്ടപ്പെട്ട ഒരു പ്രതീകമാണ്. വിപ്ലവത്തെ കൊടുങ്കാറ്റായാണ് അദ്ദേഹം കല്പിച്ചത്‌. ചൂഷണം അവസാനിപ്പിക്കാന്‍, മുതലാളിത്തത്തെ തകര്‍ക്കാന്‍ ബലപ്രയോഗത്തിലൂടെയുള്ള വിപ്ലവം അനിവാര്യമാണ് എന്നും അത്‌ രക്തരൂഷിതാമാകും എന്നും അങ്ങനെയെങ്കിലും അതില്‍ ഭാരതമാതാവ് പ്രയാസപ്പെടേണ്ടെന്നും ഉടന്‍തന്നെ സമത്വസ്വര്‍ഗം സമാഗതമാവുമെന്നുമാണ് കവി പറയുന്നത്.
1946-ല്‍ യുദ്ധാനന്തരം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി കേരളത്തില്‍ സജീവമായ കാലത്താണ് ചങ്ങമ്പുഴ ‘രാക്കിളികള്‍’ എന്ന കവിതയെഴുതിയത്. ഒരു യവതിയും യുവാവും, കാമുകിയും കാമുകനും തുയിലുണര്‍ത്ത്‌ പാട്ടുപാടുകയാണ്‌.  തുയിലുണര്‍ത്തുപാട്ടെന്നാല്‍ തീവ്രഉറക്കത്തില്‍നിന്നുണര്‍ത്തലാണ്. തമിഴകത്ത് നിലനിന്നിരുന്ന ഒരു ഫോക്ലോറുമാണത്. ഭയങ്കര ഉറക്കത്തിലായ പരമശിവനെ ഉണര്‍ത്താന്‍ പാടുന്ന പാട്ട്‌. ഇവിടെ ആ ശൈലിയില്‍ പുതിയ കാലത്തേക്ക്‌, പാട്ടുപാടി ജനതയെ ഉണര്‍ത്താനാണ് ചങ്ങമ്പുഴ ശ്രമിക്കുന്നത്. തമിഴകത്തെ തിരുവരങ്കന്‍റെ ഉണര്‍ത്തുപാട്ടുപോലെ 12 മാസത്തെയും പ്രതീകവല്‍ക്കരിച്ച്‌ പാടുകയാണ്… കാള്‍ മാര്‍ക്സിനെ പ്രതിപാദിക്കുന്ന ആവേശകരമായ ദീര്‍ഘകവനം…
ആ കാമുകീകാമുകന്മാര്‍ കവിമാതാവിനോട് അര്‍ഥിക്കുകയാണ്… കവി മാതേ പുതിയ ലോകം കണികാണാന്‍ തുയിലുണരൂ… തുയിലുണരൂ പഴയ ലോകം തുലഞ്ഞുകാണാന്‍ തുയിലുണരൂ! എന്നാണര്‍ഥന.
പി്ന്നീടവര്‍ പറയുകയാണ്- ‘ തുയിലുണരൂ , ചെങ്കൊടിതന്‍
തൂമ കാണാന്‍ തുയിലുണരൂ!

അതങ്ങനെ തുടരുകയാണ്.. യുവതീയുവാക്കളുടെ സംഭാഷണം– ‘ അവനിയിലിന്നപഗതാമാ-യവശതകളലസതകള്‍.
അലസതകളൊടിയൊഴിയാന്‍ അരിവാളിന്‍ തിരുനാമം… എന്നൊക്കെ പുരോഗമിച്ച് വിപ്ലവവെയിലേറ്റ്‌ വിത്തമദം തകരാന്‍പോകുന്നതിനെക്കുറിച്ച്- കര്‍ക്കടകം പോകാന്‍പോകുന്നതിനെക്കുറിച്ച്‌ അവര്‍ സംസാരിക്കുകയാണ്, ആ രാക്കിളികള്‍ പാടുകയാണ്.. അതങ്ങനെ പോയ്പോയ്‌ വിപ്ലവത്തിന്‍റെ തുയിലുണര്‍ത്തലായി മാറുകയാണ്…
‘ മുനികള്‍ക്കും മുനിയായി,
നവരത്നഖനിയായി-
ഖനിയായി, ദ്ധനതത്ത്വ-
പ്രണവത്തിനുയിരേകി-
ഉയിരേകി, ത്തൊഴിലുകളി-
ലുണര്‍വേകി കാറല്‍ മാര്‍ക്സ്!
മാര്‍ക്സിനെ നീ കവിമാതേ,
മാനിക്കാന്‍ തുയിലുണരൂ!
അലസതയറ്റവശതയ-
യറ്റഴിമതിയറ്റാനന്ദം-
ആനന്ദപ്പുലരിപൊടി-
ച്ചണയുകയായ്‌ നവലോകം!
സാഹിത്യം, കവിത പ്രചാരണപരമാകരുതെന്ന്‌ ശുദ്ധകലാവാദികള്‍ പ്രചണ്ഡമായി വാദിച്ചുപോരുന്ന കാലത്താണ് ചങ്ങമ്പുഴ താനൊരു പ്രചാരകകവിയാണെന്നുതന്നെ സധൈര്യം പ്രഖ്യാപിച്ചുകൊണ്ട്‌ നൂറുനൂറു കവനങ്ങള്‍ നടത്തിയത്. l
(അവസാനിക്കുന്നില്ല)

 

Hot this week

മാറുന്ന മലയാള സിനിമയുടെ കാഴ്ച

മലയാള സിനിമയുടെ വിഷ്വൽ നരേറ്റീവിനെ റീഡിസൈൻ ചെയ്‌ത സംവിധായകനാണ്‌ ഖാലിദ്‌ റഹ്‌മാൻ....

ഉരുകുന്ന മഞ്ഞും ഉരുകാത്ത നൊമ്പരങ്ങളും

കൂട്ടുകുടുംബത്തിന്റെയും പരിചിതമായ ഭൂഭാഗങ്ങളുടെയും പരിധിവിട്ട്‌ ഒരു വടക്കേ ഇന്ത്യൻ സുഖവാസകേന്ദ്രത്തിന്റെ പശ്ചാത്തലം...

എൻ ശങ്കരയ്യ: സമരരംഗത്തെ നിറസാന്നിധ്യം

സിപിഐ എം തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി, അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ദേശീയ...

അടയുന്ന വാതിലുകൾ നൽകുന്ന സൂചനകൾ

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 84 സ്വന്തം രാജ്യത്തെ വ്യവസായത്തെയും തൊഴിലുകളെയും സംരക്ഷിക്കാൻ ഏതെങ്കിലും ഭരണാധികാരി...

കലാപരിണാമം ഗോഥിക്‌ കാലത്തിലൂടെ

യൂറോപ്പിലാകെ കലാസാംസ്‌കാരിക വിദ്യാഭ്യാസമേഖല മന്ദീഭവിച്ചിരുന്നത്‌ 5‐ാം നൂറ്റാണ്ടുകളിലെന്നാണ്‌ ചരിത്രം രേഖപ്പെടുത്തുന്നത്‌. യുദ്ധം,...

Topics

മാറുന്ന മലയാള സിനിമയുടെ കാഴ്ച

മലയാള സിനിമയുടെ വിഷ്വൽ നരേറ്റീവിനെ റീഡിസൈൻ ചെയ്‌ത സംവിധായകനാണ്‌ ഖാലിദ്‌ റഹ്‌മാൻ....

ഉരുകുന്ന മഞ്ഞും ഉരുകാത്ത നൊമ്പരങ്ങളും

കൂട്ടുകുടുംബത്തിന്റെയും പരിചിതമായ ഭൂഭാഗങ്ങളുടെയും പരിധിവിട്ട്‌ ഒരു വടക്കേ ഇന്ത്യൻ സുഖവാസകേന്ദ്രത്തിന്റെ പശ്ചാത്തലം...

എൻ ശങ്കരയ്യ: സമരരംഗത്തെ നിറസാന്നിധ്യം

സിപിഐ എം തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി, അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ദേശീയ...

അടയുന്ന വാതിലുകൾ നൽകുന്ന സൂചനകൾ

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 84 സ്വന്തം രാജ്യത്തെ വ്യവസായത്തെയും തൊഴിലുകളെയും സംരക്ഷിക്കാൻ ഏതെങ്കിലും ഭരണാധികാരി...

കലാപരിണാമം ഗോഥിക്‌ കാലത്തിലൂടെ

യൂറോപ്പിലാകെ കലാസാംസ്‌കാരിക വിദ്യാഭ്യാസമേഖല മന്ദീഭവിച്ചിരുന്നത്‌ 5‐ാം നൂറ്റാണ്ടുകളിലെന്നാണ്‌ ചരിത്രം രേഖപ്പെടുത്തുന്നത്‌. യുദ്ധം,...

ഫാസിസം: ഉത്ഭവം,വളർച്ച

ഫാസിസവും നവഫാസിസവും -4 കമ്മ്യൂണിസം ഉണ്ടാക്കിയ  അനന്തരഫലങ്ങളിലൊന്നായി ചിലർ ഫാസിസത്തെ വിശേഷിപ്പിക്കാറുണ്ട്. 1933ൽ...
spot_img

Related Articles

Popular Categories

spot_imgspot_img