എൻ ശങ്കരയ്യ: സമരരംഗത്തെ നിറസാന്നിധ്യം

ഗിരീഷ്‌ ചേനപ്പാടി

സിപിഐ എം തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി, അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗം, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗ, കേന്ദ്ര കൺട്രോൾ കമ്മീഷൻ ചെയർമാൻ, കർഷകസംഘം സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജനസൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച നേതാവാണ്‌ എൻ ശങ്കരയ്യ. അവശജനവിഭാഗങ്ങളുടെ അവകാശസമരപോരാട്ടങ്ങളിൽ എന്നും നിറസാന്നിധ്യമായിരുന്നു അദ്ദേഹം. നൂറുവയസ്സിനു മേൽ ജീവിച്ച അദ്ദേഹം ജീവിതാന്ത്യം വരെ ലാളിത്യവും എളിമയും കാത്തുസൂക്ഷിച്ച നേതാവായിരുന്നു.

മൂന്നുതവണ സംസ്ഥാന നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ശങ്കരയ്യ പാർലമെന്ററി പ്രവർത്തനരംഗത്തെ മാതൃകയായിരുന്നു. പാർട്ടി പ്രവർത്തനത്തെയും പാർലമെന്ററി പ്രവർത്തനത്തെയും വിദഗ്‌ധമായി കണ്ണിചേർത്തുകൊണ്ടുള്ള പ്രവർത്തനശൈലിയായിരുന്നു അദ്ദേഹത്തിന്റേത്‌. നാടിന്റെ വികസനപ്രവർത്തനങ്ങളിൽ ഒരു ജനപ്രതിനിധിക്ക്‌ ഏതൊക്കെ തരത്തിലുള്ള ഇടപെടലുകൾ നടത്താം എന്നതിന്റെ മികച്ച മാതൃകയായിരുന്നു അദ്ദേഹം.

എട്ടു പതിറ്റാണ്ടിലേറെക്കാലത്തെ പൊതുപ്രവർത്തനത്തിനിടയിൽ എട്ടുവർഷം ജയിലിലും മൂന്നുവർഷം ഒളിവിലും ശങ്കരയ്യയ്‌ക്ക്‌ കഴിയേണ്ടിവന്നു. തമിഴ്‌നാട്ടിലൊട്ടാകെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനും ട്രേഡ്‌ യൂണിയൻ സംഘടനകൾക്കും വേരോട്ടമുണ്ടാക്കുന്നതിന്‌ ഊർജസ്വലമായ പ്രവർത്തനങ്ങൾക്ക്‌ അദ്ദേഹം നേതൃത്വം നൽകി. മികച്ച സംഘാടകനും പ്രഗത്ഭനായ പ്രസംഗകനുമായിരുന്നു അദ്ദേഹം.

തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ കോവിൽപട്ടിയിൽ 1922 ജൂൺ 15‐നാണ്‌ എൻ ശങ്കരയ്യ ജനിച്ചത്‌. അച്ഛന്റെ പേര്‌ നരസിമ്മലു. അമ്മയുടെ പേര്‌ രാമാനുജം. നരസിമ്മലു കോവിൽപട്ടിയിലുണ്ടായിരുന്ന ഒരു ജപ്പാൻ കന്പനിയിൽ എഞ്ചിനീയറായിരുന്നു. അച്ഛന്‌ സ്ഥലംമാറ്റമായതിനാൽ ശങ്കരയ്യയ്‌ക്ക്‌ തൂത്തുക്കുടിയിലുള്ള അമ്മയുടെ അച്ഛന്റെ വീട്ടിലേക്ക്‌ താമസം മാറ്റേണ്ടിവന്നു. തൂത്തുക്കുടിയിലെ നഗരസഭ സ്‌കൂളിലാണ്‌ ശങ്കരയ്യയെ ചേർത്തത്‌.

ശങ്കരയ്യയുടെ കുട്ടിക്കാലത്തെ വലിയ ഒരു സംഭവമായിരുന്നു കോൺഗ്രസ്‌ നേതാക്കളായ മോത്തിലാൽ നെഹ്‌റുവും ജവഹർലാൽ നെഹ്‌റുവും തൂത്തുക്കുടി തുറമുഖത്ത്‌ കപ്പലിറങ്ങിയത്‌. സ്വാതന്ത്ര്യസമരത്തിന്റെ ആവേശത്തിൽ, ജനങ്ങൾ ഈ നേതാക്കൾക്ക്‌ ഗംഭീരമായ സ്വീകരണമാണ്‌ നൽകിയത്‌. തൂത്തുക്കുടിയിലെ സ്വീകരണത്തിനു സാക്ഷ്യംവഹിച്ച ശങ്കരയ്യയിൽ സ്വാതന്ത്ര്യസമരത്തോടുള്ള അഭിനിവേശം പതിന്മടങ്ങ്‌ വർധിച്ചു.

ശങ്കരയ്യയുടെ അമ്മയുടെ അച്ഛനും അമ്മാവനും പെരിയാർ ഇ വി രാമസ്വാമി നായ്‌ക്കരുടെ സ്വാഭിമാൻ പ്രസ്ഥാനത്തിന്റെ അനുഭാവികളായിരുന്നു. ഈ പ്രസ്ഥാനത്തിന്റെ പ്രചാരണത്തിനായി ‘കുടിയരശ്‌’ എന്ന പത്രം 1925ൽ ആരംഭിച്ചു. അതിന്റെ വരിക്കാരനായിരുന്നു മുത്തച്ഛൻ. കോൺഗ്രസിന്റെ മദ്രാസ്‌ സംസ്ഥാന പ്രസിഡന്റും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ തലമുതിർന്ന നേതാവുമായിരുന്നു പെരിയാർ സ്വാഭാവികമായും സ്വാതന്ത്ര്യസമരത്തോടും പുരോഗമന ചിന്തകളോടുമുള്ള ആഭിമുഖ്യം കുട്ടിക്കാലം മുതലേ ശങ്കരയ്യയ്‌ക്കുണ്ടായിരുന്നു.

ശങ്കരയ്യ എട്ടാംക്ലാസ്‌ പാസായപ്പോഴേക്കും അച്ഛൻ നരസിമ്മലുവിന്‌ മധുരയിലേക്ക്‌ സ്ഥലംമാറ്റം ലഭിച്ചു. മധുര നഗരസഭയിൽ എഞ്ചിനീയറായി അദ്ദേഹം ചുമതലയേറ്റയുടൻ കുടുംബത്തെയും അവിടേക്ക്‌ കൊണ്ടുവന്നു. മധുരയിലെ സെന്റ്‌ മേരീസ്‌ ഹയർ സെക്കൻഡറി സ്‌കൂളിലാണ്‌ ശങ്കരയ്യയെ ഒന്പതാം ക്ലാസിൽ ചേർത്തത്‌. പഠിത്തത്തിൽ സമർഥനായിരുന്ന ശങ്കരയ്യ പത്താംക്ലാസിൽ പഠിക്കുമ്പോൾ ഇംഗ്ലീഷ്‌ പ്രസംഗമത്സരത്തിലും കവിതാമത്സരത്തിലും ഒന്നാംസ്ഥാനം കരസ്ഥമാക്കി.

എസ്‌എസ്‌എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ ശങ്കരയ്യ ഇന്റർമീഡിയറ്റിന്‌ അമേരിക്കൻ കോളേജിലാണ്‌ ചേർന്നത്‌.

1937ൽ പ്രസിഡൻസി നിയമസഭകളിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്‌ വലിയ മുന്നേറ്റമാണുണ്ടായത്‌. ബ്രിട്ടീഷ്‌ പിന്തുണയുള്ള നീതി കക്ഷിയെയാണ്‌ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ തറപറ്റിച്ചത്‌. മധുരയിലെ കോൺഗ്രസിന്റെ ഈ മുന്നേറ്റം ശങ്കരയ്യയുൾപ്പെടെയുള്ള വിദ്യാർഥികളെ കുറച്ചൊന്നുമല്ല ആവേശഭരിതരാക്കുന്നത്‌.

എ കെ ജിയുടെ പ്രിയപ്പെട്ട വിദ്യാർഥിനേതാവ്‌
1938 ആയതോടെ മധുരയിൽ കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയുടെ പ്രവർത്തനം കരുത്താർജിച്ചു. കോൺഗ്രസ്‌ നേതാക്കളായിരുന്ന പി രാമമൂർത്തി, ജീവാനന്ദം, പി ശ്രീനിവാസറാവു തുടങ്ങിയ കോൺഗ്രസ്‌ നേതാക്കളായിരുന്നു കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടി രൂപീകരിക്കാൻ മുൻകൈയെടുത്തത്‌.

എ കെ ജി, സുബ്രഹ്മണ്യ ശർമ തുടങ്ങിയ നേതാക്കൾ മധുരയിൽ തന്പടിച്ച്‌ കമ്യൂണിസ്റ്റ്‌ പാർട്ടി കെട്ടിപ്പടുക്കുന്ന സമയമായിരുന്നു അത്‌. വിദ്യാർഥികൾക്കിടയിൽ പ്രവർത്തിക്കുന്നതിനാണവർ കൂടുതൽ ശ്രദ്ധിച്ചത്‌. മധുരയിലെ ഗോരിപ്പാലത്തെത്തുന്ന എ കെ ജിയെ കൂട്ടിക്കൊണ്ടുപോകുന്നത്‌ ശങ്കരയ്യയായിരുന്നു. ചിലപ്പോൾ ശങ്കരയ്യ വിദ്യാർഥിയായിരിക്കുന്ന അമേരിക്കൻ കോളേജിന്റെ ഹോസ്റ്റലിൽ എ കെ ജി താമസിച്ചു. എ കെ ജിയും ശർമാജിയും മധുരയിലെ കോൺഗ്രസിന്റെയും സിഎസ്‌പിയുടെയും നേതാക്കളെ കണ്ട്‌ സംസാരിച്ചിരുന്നു. എ കെജിക്കൊപ്പമുള്ള യാത്ര മധുരയിലെ കോൺഗ്രസിന്റെയും സിഎസ്‌പിയുടെയും നേതാക്കളുമായി പരിചയപ്പെടാൻ വിദ്യാർഥിയായ ശങ്കരയ്യയ്‌ക്ക്‌ അവസരമൊരുക്കി.

1938ൽ മധുരയിൽ മദ്രാസ്‌ സ്റ്റുഡന്റ്‌സ്‌ ഓർഗനൈസേഷന്റെ ഘടകം രൂപീകരിക്കപ്പെട്ടു. ശങ്കരയ്യയായിരുന്നു അതിന്റെ സെക്രട്ടറി. സമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്‌ മോഹൻ കുമാരമംഗലവും. വിദ്യാർഥി സംഘടനയ്‌ക്ക്‌ വിദ്യാർഥികളിൽനിന്ന്‌ വലിയ പിന്തുണയാണ്‌ നൽകിയത്‌. ശങ്കരയ്യയാണ്‌ വിദ്യാർഥികളുടെ നേതാവെന്നറിഞ്ഞ കോളേജ്‌ പ്രിൻസിപ്പൽ രോഷാകുലനായി; കോളേജിൽനിന്ന്‌ ടിസി നൽകി. കോളേജിൽനിന്ന്‌ പുറത്താക്കിയാൽ പഠിപ്പുമുടക്ക്‌ നടത്തുമെന്ന്‌ സുബ്രഹ്മണ്യ ശർമയുടെ നിർംദേശമനുസരിച്ച്‌ ശങ്കരയ്യ പറഞ്ഞു. അതോടെ കോളേജ്‌ അധികൃതർക്ക്‌ വീണ്ടുവിചാരമായി. വിദ്യാർഥികൾ പഠിപ്പുമുടക്കിയാൽ പ്രശ്‌നമാകുമെന്ന്‌ തിരിച്ചറിഞ്ഞ കോളേജ്‌ അധികൃതർ അവരുടെ തീരുമാനം മാറ്റി.

1939ൽ രണ്ടാംലോകയുദ്ധം ആരംഭിച്ചതോടെ, യുദ്ധത്തിനെതിരെ ജനങ്ങളെ അണിനിരത്താൻ കമ്യൂണിസ്റ്റ്‌ പാർട്ടി തീരുമാനിച്ചു. അതനുസരിച്ച്‌ അമേരിക്കൻ കോളേജിൽ ലുദ്ധവിരുദ്ധ പ്രകടനങ്ങൾ നടന്നു. ശങ്കരയ്യയാണ്‌ പ്രകടനങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌. ഇതും കോളേജ്‌ അധികൃതരുടെ എതിർപ്പ്‌ ക്ഷണിച്ചുവരുത്തി; പക്ഷേ താക്കീതിൽ ഒതുക്കി.

1940 ജനുവരിയിൽ മധുരയിൽ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ആദ്യഘടകം രൂപീകരിക്കപ്പെട്ടു. ഒന്പതുപേരടങ്ങിയ ഘടകത്തിൽ വിദ്യാർഥിയായ ശങ്കരയ്യയും ഉണ്ടായിരുന്നു.

1941ൽ ബ്രിട്ടീഷുകാർക്കെതിരായി അണ്ണാമല സർവകലാശാലയിലെ വിദ്യാർഥികൾ ഉജ്വലമായ പ്രതിഷേധപ്രകടനം നടത്തി. ബ്രിട്ടീഷ്‌ അധികൃതരെ ശരിക്കും അത്‌ ചൊടിപ്പിച്ചു. ആറ്‌ വിദ്യാർഥികളെ ദേശീയ സുരക്ഷാ നിയമമനുസരിച്ച്‌ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചു. ഈ നടപടിയെ എതിർത്ത്‌ പ്രകടനം നടത്തിയ വിദ്യാർഥികളെ ഭീകരമായി പൊലീസ്‌ മർദിച്ചു. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾ നടന്നു. മധുരയിൽ ഒളിവിൽ കഴിഞ്ഞിരുന്ന എ കെ ജി, മധുരയിൽ ശക്തമായ പ്രതിഷേധപ്രകടനം നടത്താൻ ശങ്കരയ്യയോട്‌ നിർദേശിച്ചു.

ശങ്കരയ്യ മുൻകൈയെടുത്ത്‌ അമേരിക്കൻ കോളേജിന്റെ ഫുട്ട്‌ബോൾ ഗ്രൗണ്ടിൽ പ്രതിഷേധയോഗം നടത്തി. യോഗത്തിന്‌ മുന്നോടിയായി, ഇംഗ്ലീഷിൽ ശങ്കരയ്യ തയ്യാറാക്കിയ ലഘുലേഖ വിതരണം ചെയ്യപ്പെട്ടു. യോഗത്തിൽ ശങ്കരയ്യ നടത്തിയ പ്രസംഗം പൊലീസ്‌ റിക്കാർഡാക്കി. അതോടെ അദ്ദേഹം ഏതുനിമിഷവും അറസ്റ്റ്‌ ചെയ്യപ്പെടുമെന്ന അവസ്ഥയായി.

ബിഎ അവസാനവർഷ പരീക്ഷയെഴുതാൻ കാത്തിരിക്കെ ശങ്കരയ്യയെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ആദ്യം മധുര ജയിലിലും പിന്നീട്‌ വെല്ലൂർ സെൻട്രൽ ജയിലിലുമാണ്‌ അദ്ദേഹത്തെ താമസിപ്പിച്ചത്‌. ശങ്കരയ്യയെ അറസ്റ്റ്‌ ചെയ്‌തതിൽ പ്രതിഷേധിച്ച്‌ മധുര ജില്ലയിലാകമാനം പ്രകടനങ്ങൾ നടന്നു. നിരവധി കമ്യൂണിസ്റ്റ്‌ നേതാക്കളുമായി അടുത്തു പരിചയപ്പെടാൻ ജയിൽവാസം അദ്ദേഹത്തിന്‌ അവസരമൊരുക്കി. ജയിലിൽതന്നെ നിരാഹാരസത്യഗ്രം ഉൾപ്പെടെയുള്ള സമരങ്ങൾ അദ്ദേഹം നടത്തി. 18 മാസത്തെ ജയിൽവാസത്തിനുശേഷമാണ്‌ അദ്ദേഹത്തെ ജയിൽമോചിതനാക്കിയത്‌.

എഐഎസ്‌എഫ്‌ സംസ്ഥാന സെക്രട്ടറി
1942 ജൂൺ 26നാണ്‌ ശങ്കരയ്യ ജയിൽമോചിതനായത്‌. ജൂലൈയിൽ എഐഎസ്‌എഫിന്റെ ദക്ഷിണേന്ത്യൻ വിദ്യാർഥികളുടെ സമ്മേളനം സേലത്ത്‌ നടന്നു. ഈ സമ്മേളനത്തിലാണ്‌ വിദ്യാർഥിസംഘടനയെ സംസ്ഥാനാടിസ്ഥാനത്തിൽ പുനഃസംഘടിപ്പിച്ചത്‌. തമിഴ്‌നാട്ടിൽ നിന്നുള്ള പ്രതിനിധികൾ പ്രത്യേകം യോഗം ചേർന്ന്‌ ശങ്കരയ്യയെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. സമ്മേളനാനന്തരം ആയിരക്കണക്കിനു വിദ്യാർഥികൾ അണിനിരന്ന മഹാറാലിയെ പി രാമമൂർത്തിയും മോഹൻ കുമാരമംഗലവും ഉൾപ്പെടെയുള്ള നേതാക്കൾ അഭിസംബോധന ചെയ്‌തു. പി രാമമൂർത്തിയെ ശങ്കരയ്യ പരിചയപ്പെട്ടത്‌ ഈ സള്ളേനത്തിൽ വെച്ചാണ്‌.

എഐഎസ്‌എഫിന്റെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശങ്കരയ്യ തമിഴ്‌നാട്ടിലൊട്ടാകെ സഞ്ചരിച്ചു. ചെന്നൈ രായപേട്ടയിലെ മൈതാനത്ത്‌ നടന്ന പൊതുയോഗത്തിൽ ശങ്കരയ്യ പ്രസംഗിച്ചു. കയ്യൂർ സമരസഖാക്കളെ വധശിക്ഷയ്‌ക്ക്‌ വിധേയരാക്കരുതെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടുള്ള യോഗമായിരുന്നു അത്‌. എം ആർ വെങ്കിട്ടരാമന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ്‌ പാർട്ടി സംഘടിപ്പിച്ച ആ പൊതുയോഗത്തിൽ ശങ്കരയ്യ തകർപ്പൻ പ്രസംഗമാണ്‌ നടത്തിയത്‌.

ആർ വെങ്കിട്ടരാമൻ സഹതടവുകാരൻ
1942 ആഗസ്‌തിൽ അറസ്റ്റ്‌ ചെയ്യപ്പെട്ട ശങ്കരയ്യയെ ആദ്യം മധുര ജയിലിലും പിന്നീട്‌ വെല്ലൂർ ജയിലിലും തുടർന്ന്‌ കണ്ണൂർ സെൻട്രൽ ജയിലും തഞ്ചാവൂർ ജയിലിലും അടച്ചു. കോൺഗ്രസിന്റെയും കമ്യൂണിസ്റ്റ്‌ പാർട്ടിയുടെയും നിരവധി നേതാക്കളെ ജയിലിൽവെച്ച്‌ പരിചയപ്പെടാൻ ശങ്കരയ്യയ്‌ക്ക്‌ സാധിച്ചു. കോൺഗ്രസ്‌ പ്രവർത്തകർക്കൊപ്പം ശങ്കരയ്യ താമസിക്കുന്നത്‌ അപകടമാണെന്ന്‌ ജയിൽ അധികൃതർ റിപ്പോർട്ട്‌ നൽകിയതിനാലാണ്‌ അദ്ദേഹത്തെ തുടർച്ചയായി ജയിൽ മാറ്റിക്കൊണ്ടിരുന്നത്‌. പരിചയപ്പെടുന്ന കോൺഗ്രസ്‌ തടവുകാരെ ശങ്കരയ്യ കമ്യൂണിസ്റ്റുകാരായി മാറ്റുമെന്നതായിരുന്നു അധികൃതരുടെ ന്യായം. പിൽക്കാലത്ത്‌ ഇന്ത്യൻ പ്രസിഡന്റായിത്തീർന്ന ആർ വെങ്കിട്ടരാമൻ തഞ്ചാവൂർ ജയിലിൽ ശങ്കരയ്യയുടെ സഹതടവുകാരനായിരുന്നു. കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ആശയങ്ങളോടും പ്രവർത്തനശൈലിയോടും ആദരവ്‌ തോന്നിയ വെങ്കിട്ടരാമൻ, താൻ ജയിമോചിതനായാലുടൻ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ പ്രവർത്തകനാകുമെന്ന്‌ വ്യക്തമാക്കിയിരുന്നു. എന്നാൽ അങ്ങനെയല്ല സംഭവിച്ചത്‌ എന്നത്‌ ചരിത്രം.

1944ൽ മഹാത്മാഗാന്ധി ജയിൽമോചിതനായി. അതിനൊപ്പം നിരവധി കോൺഗ്രസ്‌ നേതാക്കളെയും പ്രവർത്തകരെയും ജയിലിൽനിന്ന്‌ മോചിപ്പിച്ചു. ശങ്കരയ്യ ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ്‌ നേതാക്കളെ മോചിപ്പിച്ചത്‌ പിന്നീടാണ്‌. ശങ്കരയ്യ ജയിൽമോചിതനായി ഏതാനും ആഴ്‌ചകൾക്കുള്ളിൽ പി രാമമൂർത്തിയുടെ സാന്നിധ്യത്തിൽ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ജില്ലാകമ്മിറ്റി യോഗം നടന്നു; ശങ്കരയ്യ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ലോകയുദ്ധത്തിന്റെ കെടുതികൾ സമൂഹമാകെ ഏറ്റുവാങ്ങിയ കാലമായിരുന്നു അത്‌. ബംഗാൾ ക്ഷാമം ഇന്ത്യയുടെയാകെ ദുരന്തമായി മാറിയ കാലം കൂടിയായിരുന്നു അത്‌. പട്ടിണിയും രോഗങ്ങളും മൂലം ലക്ഷക്കണക്കിന്‌ പേരാണ്‌ ബംഗാളിൽ ദാരുണമായി മരിച്ചത്‌. മധുരയിൽനിന്ന്‌ ബംഗാളിലേക്ക്‌ ഭക്ഷ്യവസ്‌തുക്കളും മരുന്നും മറ്റും സമാഹരിക്കുന്നതിൽ ശങ്കരയ്യ മുൻനിന്നു പ്രവർത്തിച്ചു. മധുരയിൽ നിരവധി കലാപരിപാടികളും ഇതിനായി സംഘടിപ്പിക്കപ്പെട്ടു.

1945 ഡിസംബർ 24, 25 എന്നീ തീയതികളിലായി തമിഴ്‌നാട്‌ ട്രേഡ്‌ യൂണിയൻ കോൺഗ്രസിന്റെ സമ്മേളനം മധുരയിൽ ചേർന്നു. ശങ്കരയ്യയായിരുന്നു സ്വാഗതസംഘം സെക്രട്ടറി. എസ്‌ എ ഡാങ്കേ, പി രാമമൂർത്തി തുടങ്ങിയ നേതാക്കൾ അതിൽ പങ്കെടുത്തു. സമാപനദിവസമായ ഇരുപത്തഞ്ചാം തീയതി ശങ്കരയ്യയുടെ അച്ഛൻ നരസിംഹലു ആകസ്‌മികമായി അന്തരിച്ചു. നേതാക്കളുടെ പ്രസംഗം കേൾക്കാൻ എത്താമെന്ന്‌ അദ്ദേഹം വാക്കുനൽകിയിരിക്കെയാണ്‌ മരണം വിരുന്നുകാരനായി എത്തിയത്‌.

മധുര ഗൂഢാലോചനക്കേസിൽ പ്രതി
1946ൽ മധുര ഗൂഢാലോചന കേസിന്റെ പേരിൽ ശങ്കരയ്യയെ അറസ്റ്റ്‌ ചെയ്‌തു. പി രാമമൂർത്തിയും ശങ്കരയ്യയും ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ്‌ നേതാക്കൾ കോൺഗ്രസിന്റെയും ഐഎൻടിയുസിയുടെയും നേതാക്കളെ കൊല്ലാൻ പദ്ധതി തയ്യാറാക്കി എന്ന കള്ളക്കേസ്‌ ഉണ്ടാക്കിയാണ്‌ പൊലീസ്‌ ശങ്കരയ്യയെയും മറ്റു നേതാക്കളെയും അറസ്റ്റ്‌ ചെയ്‌തത്‌. എന്നാൽ ഈ കേസ്‌ അടിസ്ഥാനരഹിതണമാണെന്ന്‌ ബോധ്യപ്പെട്ട കോടതി പാർട്ടി നേതാക്കളെ വെറുതെവിട്ടു. 1947 ആഗസ്‌ത്‌ 14ന്‌ അർധരാത്രിക്കുശേഷമാണ്‌ വിട്ടയയ്‌ക്കപ്പെട്ടത്‌.

മധുര ഗൂഢാലോചന കേസിൽനിന്നും മോചിതനായശേഷം അധികം താമസിയാതെ ശങ്കരയ്യയുടെ വിവാഹം നടന്നു. പ്രൊട്ടസ്റ്റന്റ്‌ ക്രിസ്‌ത്യാനിയായ നവമണിയെയാണ്‌ അദ്ദേഹം വിവാഹം ചെയ്‌തത്‌. പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്ന നല്ലതന്പിയുടെ സഹോദരിയാണ്‌ നവമണി. മിശ്രവിവാഹമായതിനാൽ ഇരുകൂട്ടരുടെയും അടുത്ത ബന്ധുക്കൾ എതിർത്തു. എന്നാൽ അതിനെയെല്ലാം അവഗണിച്ചുകൊണ്ട്‌ ശങ്കരയ്യ, നവമണിയെ വിവാഹം കഴിച്ചു. നല്ലതന്പിയുടെ പിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു. പി സുന്ദരയ്യയുടെ സാന്നിധ്യത്തിൽ പാർട്ടി ഓഫീസിൽവെച്ച്‌ വിവാഹം നടന്നു.

1948ലെ കൊൽക്കത്ത കോൺഗ്രസിൽ ശങ്കരയ്യ പ്രതിനിധിയായിരുന്നു. കൽക്കത്ത കോൺഗ്രസ്‌ അംഗീകരിച്ച പ്രമേയത്തിന്റെ പേരിൽ പാർട്ടി നിരോധിക്കപ്പെട്ടു. അതോടെ പാർട്ടി നേതാക്കളെയും പ്രവർത്തകരെയും വ്യാപകമായി അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചു. എല്ലാവരും ഒളിവിൽപോകാൻ പാർട്ടിയിൽനിന്ന്‌ നിർദേശമുണ്ടായി. അതോടെ ശങ്കരയ്യ ഒളിവിൽ പോയി.

1952ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മധുര നിയോജകമണ്ഡലത്തിൽനിന്ന്‌ ശങ്കരയ്യ വിജയിച്ചു. ഉജ്വലമായ വരവേൽപ്പാണ്‌ അദ്ദേഹത്തിന്‌ ലഭിച്ചത്‌.

കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ മൂന്നാം കോൺഗ്രസ്‌ 1953 ഡിസംബർ 27 മുതൽ 1954 ജനുവരി 4 വരെയാണ്‌ ചേർന്നത്‌. മധുരയിൽ നടന്ന ആ പാർട്ടി കോൺഗ്രസിന്റെ സംഘാടനത്തിൽ സജീവമായ ഇടപെടലാണ്‌ ശങ്കരയ്യ നടത്തിയത്‌. പാർട്ടി കോൺഗ്രസിനുശേഷം ശങ്കരയ്യ സംസ്ഥാന സെക്രട്ടറിയറ്റംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അതോടെ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ അദ്ദേഹം പ്രവർത്തനം മദിരാശിയിലേക്ക്‌ മാറ്റി. 1958ൽ പഞ്ചാബിൽ ചേർന്ന അഞ്ചാം പാർട്ടി കോൺഗ്രസിൽ ശങ്കരയ്യ ദേശീയ കൗൺസിലിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു.

കമ്യൂണിസ്റ്റ്‌ പാർട്ടി തമിഴ്‌നാട്‌ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ജനശക്തി എന്ന പേരിൽ പത്രം ആരംഭിച്ചു. അതിന്റെ എഡിറ്റർ എം ആർ വെങ്കിട്ടരാമനും എഡിറ്റർ ഇൻ ചാർജ്‌ ശങ്കരയ്യയുമായിരുന്നു.

1962ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ്‌ പാർട്ടിക്ക്‌ രണ്ടു സീറ്റേ ലഭിച്ചുള്ളൂ. ഡിഎംകെയ്‌ക്ക്‌ 50 സീറ്റ്‌ ലഭിച്ചു. കമ്യൂണിസ്റ്റ്‌ പാർട്ടി കോൺഗ്രസുമായി കൂട്ടുകൂടണമെന്ന്‌ ഒരു വിഭാഗം ശക്തിയായി വാദിച്ചു. സംസ്ഥാന സമിതിയിൽ ഈ വിഭാഗത്തിനായിരുന്നു ഭൂരിപക്ഷം. ശങ്കരയ്യ ഈ നിലപാടിനെ ശക്തിയായി എതിർത്തു. അതുകൊണ്ടുതന്നെ ശങ്കരയ്യയുൾപ്പെടെയുള്ള നേതാക്കൾ സംസ്ഥാന സെക്രട്ടറിയറ്റിൽനിന്ന്‌ ഒഴിവാക്കപ്പെട്ടു.

ചൈന‐ഇന്ത്യ അതിർത്തിസംഘട്ടനത്തിന്റെ പശ്ചാത്തലത്തിൽ ശങ്കരയ്യ ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റ്‌ ചെയ്യപ്പെട്ടു. ആറുമാസക്കാലം അദ്ദേഹത്തിന്‌ ജയിലിൽ കിടക്കേണ്ടിവന്നു. ശങ്കരയ്യ ഉൾപ്പെടെയുള്ളവർ ഹേബിയസ്‌ കോർപസ്‌ ഹർജി ഫയൽ ചെയ്‌തതിനെത്തുടർന്ന്‌ ജയിലിൽനിന്ന്‌ വിട്ടയച്ചു.

1964ൽ പാർട്ടി ഭിന്നിച്ചതിനെത്തുടർന്ന്‌ ശങ്കരയ്യ സിപിഐ എമ്മിനൊപ്പം അടിയുറച്ചുനിന്നു. ‘ചൈന ചാര’ന്മാരെന്നാക്ഷേപിച്ച്‌ സിപിഐ എം നേതാക്കളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ജയിലിലടയ്‌ക്കപ്പെട്ട ശങ്കരയ്യയെ 16 മാസത്തിനുശേഷമാണ്‌ ജയിലിൽനിന്ന്‌ വിട്ടയച്ചത്‌.

സിപിഐ എമ്മിന്റെ പ്രഥമ കേന്ദ്രകമ്മിറ്റിയിലേക്ക്‌ ശങ്കരയ്യ തിരഞ്ഞെടുക്കപ്പെട്ടു.

1995 മുതൽ 2002 വരെ അദ്ദേഹമായിരുന്നു സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറി. നിരവധി സമരങ്ങൾക്ക്‌ നേതൃത്വം നൽകിയ അദ്ദേഹം ആരോഗ്യസ്ഥിതി മോശമായതിനാലാണ്‌ സെക്രട്ടറിസ്ഥാനം ഒഴിഞ്ഞത്‌.

പാർട്ടി വിദ്യാഭ്യാസത്തിനും രാഷ്‌ട്രീയ ക്ലാസുകൾക്കും വലിയ പ്രാധാന്യമാണ്‌ അദ്ദേഹം നൽകിയത്‌. 1940‐1980 കാലയളവിൽ നൂറുകണക്കിന്‌ രാഷ്‌ട്രീയ ക്ലാസുകളാണ്‌ അദ്ദേഹം എടുത്തത്‌. പാർട്ടി അച്ചടക്കത്തിന്‌ മുന്തിയ പരിഗണന നൽകിയ അദ്ദേഹം പാർട്ടി സഖാക്കളെ ഉള്ളുതുറന്ന്‌ സ്‌നേഹിച്ചു; അവരുടെ പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞു. സഹായിക്കാൻ കഴിയുന്നതാണെങ്കിൽ അപ്പോൾതന്നെ സഹായമെത്തിക്കും.

ആയുഷ്‌കാലം മുഴുവൻ ലാളിത്യവിശുദ്ധി കാത്തുസൂക്ഷിച്ച അദ്ദേഹം. 102‐ാം വയസ്സിലാണ്‌ അന്തരിച്ചത്‌. 2023 നവംബർ 15ന്‌ അദ്ദേഹം അന്ത്യശ്വാസം വലിച്ചു.

ചന്ദ്രശേഖരൻ, ചിത്ര, നരസിമ്മൻ എന്നിവരാണ്‌ ശങ്കരയ്യ‐നവമണി ദന്പതികളുടെ മക്കൾ. l

Hot this week

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 2

അടിയന്തിരാവസ്ഥയ്ക്കു ശേഷമുള്ള തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടി പുതിയ മുദ്രാവാക്യങ്ങളിലേക്ക് തിരിയുവാൻ ഇന്ദിരയെ...

അതിനിർണയവാദം

മനുഷ്യർ നടത്തുന്ന പ്രവർത്തനങ്ങൾ അവരുടെ സ്വമേധയാ ഉള്ള തീരുമാനങ്ങളാൽ മാത്രം നിശ്ചയിക്കപ്പെടുന്നതാണോ....

വരയാണ്‌ ലഹരി: വരയുത്സവം

വികസനവഴികളിൽ നഷ്ടമാകുന്ന പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്‌പര്യത്തിന്റെയും സാംസ്‌കാരിക ഭൂമികയുടെയും കാഴ്‌ചകളിലേക്ക്‌/ചിന്തകളിലേക്ക്‌...

കെ. എം. സലിംകുമാർ: സത്യനീതികൾക്കായുള്ള സമരജീവിതം

സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ...

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

Topics

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 2

അടിയന്തിരാവസ്ഥയ്ക്കു ശേഷമുള്ള തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടി പുതിയ മുദ്രാവാക്യങ്ങളിലേക്ക് തിരിയുവാൻ ഇന്ദിരയെ...

അതിനിർണയവാദം

മനുഷ്യർ നടത്തുന്ന പ്രവർത്തനങ്ങൾ അവരുടെ സ്വമേധയാ ഉള്ള തീരുമാനങ്ങളാൽ മാത്രം നിശ്ചയിക്കപ്പെടുന്നതാണോ....

വരയാണ്‌ ലഹരി: വരയുത്സവം

വികസനവഴികളിൽ നഷ്ടമാകുന്ന പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്‌പര്യത്തിന്റെയും സാംസ്‌കാരിക ഭൂമികയുടെയും കാഴ്‌ചകളിലേക്ക്‌/ചിന്തകളിലേക്ക്‌...

കെ. എം. സലിംകുമാർ: സത്യനീതികൾക്കായുള്ള സമരജീവിതം

സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ...

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

ഫാസിസവും നവഫാസിസവും‐ 10

സൈനികവൽക്കരണം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത്...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 88 1975‐77 കാലയളവിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം നടപ്പിലാക്കിയ...

റോന്തിലെ ‌ഉള്ളുല‌യ്‌ക്കുന്ന കാഴ്ചകൾ

കാഴ്‌ച പരിസരത്തിലേക്ക്‌ പ്രേക്ഷകനെ ഉൾച്ചേർക്കുന്ന ആഖ്യാനഘടനയാണ്‌ ഓരോ ഷാഹി കബീർ സിനിമകളും....
spot_img

Related Articles

Popular Categories

spot_imgspot_img