എൽ ബാലഗംഗാധര റാവു

ഗിരീഷ്‌ ചേനപ്പാടി

വിഭക്ത ആന്ധ്രയിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ശക്തനായ നേതാവായിരുന്നു ലാബു ബാലഗംഗാധർ റാവു. എൽ ബി ജി എന്ന പേരിലറിയപ്പെട്ട അദ്ദേഹം സമർഥനായ സംഘാടകനും കിടയറ്റ പോരാളിയുമായിരുന്നു. കുട്ടിക്കാലം മുതലേ ഇടതുപക്ഷ രാഷ്‌ട്രീയത്തിൽ ആകൃഷ്‌ടനായിരുന്ന അദ്ദേഹം കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമാകുമ്പോൾ കേവലം 17 വയസ്സേ ഉണ്ടായിരുന്നുള്ളൂ. കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ഉയർച്ചതാഴ്‌ചകളിലെല്ലാം പാർട്ടിക്കുവേണ്ടി അടിയുറച്ചുനിന്ന്‌ അദ്ദേഹം പ്രവർത്തിച്ചു. നിരവധി മർദനമുറകൾ നേരിട്ട അദ്ദേഹം കറകളഞ്ഞ വിപ്ലകാരിയായിരുന്നു. മാതൃകാ കമ്യൂണിസ്റ്റ്‌ എന്ന്‌ എക്കാലത്തും വിശേഷിപ്പിക്കാവുന്ന അദ്ദേഹം തലമുറകൾക്കുതന്നെ മാതൃകയാണ്‌.

തെലുങ്കാന സായുധസമരത്തിൽ നേരിട്ട്‌ പങ്കെടുക്കുകയും പാർട്ടി ഏൽപിച്ച സുപ്രധാനമായ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിക്കുകയും ചെയ്‌ത ധീരനേതാവാണ് അദ്ദേഹം. അമ്രാബാദ്‌ വനപ്രദേശത്ത്‌ പാർട്ടി മേഖലാ സെക്രട്ടറിയായി പ്രവർത്തിച്ച നിരവധി ഗറില്ലാ സ്‌ക്വാഡുകൾക്ക്‌ നേതൃത്വം നൽകി. അബദ്ധത്തിൽ വെടിയേറ്റതുമൂലം അദ്ദേഹത്തിന്‌ ഗുരുതരമായി പരിക്കേൽക്കുകയുണ്ടായി. എന്നാൽ അതിനെയൊന്നും കൂസാതെ സംഘടനാ പ്രവർത്തനങ്ങൾ ശക്തമായി അദ്ദേഹം മുന്നോട്ടു കൊണ്ടുപോയി.

1921 ആഗസ്‌ത്‌ 3ന്‌ ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ലാവു സുബ്രഹ്മണ്യത്തിന്റെ മകനായാണ്‌ എൽ ബി ജി ജനിച്ചത്‌. പഠിത്തത്തിൽ സമർഥനായിരുന്ന അദ്ദേഹം കുട്ടിക്കാലത്തു തന്നെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ ആകൃഷ്‌ടനായി. സ്വാതന്ത്ര്യസമരത്തിൽ നിരവധി വിദ്യാർഥികളും യുവജനങ്ങളും ആവേശത്തോടെ പങ്കെടുത്തു. കോൺഗ്രസിന്റെ തണുപ്പൻ സമീപനത്തിൽ നിരാശരായിരുന്ന ചെറുപ്പക്കാർ കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയോടും കമ്യൂണിസ്റ്റ്‌ പാർട്ടിയോടും അടുത്തുതുടങ്ങി.

എൽ ബി ജിയുടെ രാഷ്‌ട്രീയ ജീവിതത്തിൽ വഴിത്തിരിവായത്‌ കോതപട്ടണം രാഷ്‌ട്രീയ സ്‌കൂളിൽ 1937ൽ അദ്ദേഹം പങ്കെടുത്തതോടെയാണ്‌. കമ്യൂണിസ്റ്റുകാരുടെ സജീവ പങ്കാളിത്തത്തോടെ കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടി സംഘടിപ്പിച്ചതായിരുന്നു ആ രാഷ്‌ട്രീയ സ്‌കൂൾ. ബ്രിട്ടീഷ്‌ പൊലീസ്‌ അപകടം മണത്തറിഞ്ഞ്‌ ആ സ്‌കൂൾ റെയ്‌ഡ്‌ നടത്തി. അതേത്തുടർന്ന്‌ സ്‌കൂൾ 11 ദിവസം കൊണ്ട്‌ അവസാനിപ്പിക്കാൻ സംഘാടകർ നിർബന്ധിതരായി.

ആ രാഷ്‌ട്രീയ സ്‌കൂളിലെ ക്ലാസുകളിൽനിന്ന്‌ എൽ ബി ജിക്ക്‌ ലഭിച്ച അറിവും അവബോധവും അമൂല്യമായിരുന്നു. അതുവരെയുണ്ടായിരുന്ന കാഴ്‌ചപ്പാടുകളെ അടിമുടി മാറ്റിമറിക്കുന്ന അനുഭവമായിരുന്നു അത്‌.

അറസ്റ്റിനെതിരെ വിദ്യാർഥിപ്രസ്ഥാനം അതിശക്തമായ പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം നൽകി. എം ബസവപുന്നയ്യയായിരുന്നു പ്രക്ഷോഭത്തിന്‌ നേതൃതവം നൽകിയത്‌. കൗമാരക്കാരനായിരുന്ന എൽ ബി ജിയും ആവേശത്തോടെ അതിൽ പങ്കെടുത്തു. പ്രക്ഷോഭത്തിന്റെ മുന്നണി പോരാളികളിലൊരാളായി മാറിയ അദ്ദേഹം വളരെ വേഗം അറിയപ്പെടുന്ന വിദ്യാർഥി നേതാവായി മാറി.

വിദ്യാർഥി നേതാവെന്ന നിലയിലുള്ള എൽ ബി ജിയുടെ പ്രവർത്തനങ്ങൾ മതിപ്പോടെയാണ്‌ കമ്യൂണിസ്റ്റ്‌ പാർട്ടി നേതൃത്വം വീക്ഷിച്ചത്‌. എൽ ബി ജിയെ പാർട്ടിയോടടുപ്പിക്കുന്നത്‌ പ്രസ്ഥാനത്തിന്‌ മുതൽക്കൂട്ടാകുമെന്ന്‌ നേതൃത്വം തിരിച്ചറിഞ്ഞു. അങ്ങനെയാണ്‌ 1937ൽ എൽ ബി ജി കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായത്‌.

1942 മുതൽ മുഴുവൻസമയ പർട്ടി പ്രവർത്തകനായി അദ്ദേഹം മാറി. കമ്യൂണിസ്റ്റുകാർ ഏറ്റവും കൂടുതൽ ഒറ്റപ്പെടുത്തലിനു വിധേയമായ സമയമായിരുന്നു അത്‌. രണ്ടാം ലോകയുദ്ധത്തിൽ ഹിറ്റ്‌ലർ സോവിയറ്റ്‌ യൂണിയനുനേരെ ആക്രമണം നടത്തിയപ്പോൾ യുദ്ധത്തിന്റെ ഗതിമാറിയതായി കമ്യൂണിസ്റ്റ്‌ പാർട്ടി നിരീക്ഷിച്ചു. കമ്യൂണിസ്റ്റ്‌ പാർട്ടിക്കെതിരായ നിയന്ത്രണം സർക്കാർ പിൻവലിച്ചെങ്കിലും കോൺഗ്രസിന്റെ നേതൃത്വത്തിൽ വലിയ ദുഷ്‌പ്രചാരണമാണ്‌ കമ്യൂണിസ്റ്റ്‌ പാർട്ടിക്കെതിരെ നടന്നത്‌.

രണ്ടാംലോക യുദ്ധത്തിന്റെ അനന്തരഫലമായി പല സ്ഥലങ്ങളിലും പകർച്ചവ്യാധി പടർന്നുപിടിച്ചു. സ്വന്തക്കാർ പോലും പലരെയും ഉപേക്ഷിച്ചു പോകുന്ന അവസ്ഥ സംജാതമായി. ആതുരർക്കുവേണ്ട മരുന്നും ചികിത്സയും പരിചരണവുമെല്ലാം കമ്യൂണിസ്റ്റുകാർ ഏറ്റെടുത്തു. സാധാരണ ജനങ്ങളുടെ പിന്തുണ കമ്യൂണിസ്റ്റ്‌ പാർട്ടിക്ക്‌ ലഭിക്കാൻ അത്‌ ഏറെ സഹായകമായി.

എന്നാൽ കോൺഗ്രസുകാർ അക്രമങ്ങൾ അഴിച്ചുവിടുന്നത്‌ നിത്യസംഭവമായി. കമ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും തെരഞ്ഞുപിടിച്ച്‌ ആക്രമിക്കാൻ തുടങ്ങി. കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ നേതൃത്വത്തിൽ എവിടെ പൊതുയോഗം സംഘടിപ്പിച്ചാലും കോൺഗ്രസുകാർ അത്‌ കലക്കാൻ കച്ചകെട്ടിയിറങ്ങി. പൊതുയോഗങ്ങളിൽ പങ്കെടുക്കുമെന്നു കരുതുന്നവരെ അതിൽനിന്ന്‌ പിന്തിരിപ്പിക്കാൻ പരമാവധി നോക്കും. അതിനായി ചതുരുപായങ്ങളും അവർ പ്രയോഗിച്ചു. ഭീഷണി വകവെക്കാതെ മീറ്റിങ്ങിൽ പങ്കെടുക്കുന്നവരെ കായികമായി അവർ ആക്രമിച്ചു.

അതോടെ അക്രമങ്ങളെ എങ്ങനെയും ചെറുത്തേ മതിയാകൂ എന്ന്‌ പാർട്ടി തീരുമാനിച്ചു. അതോടെ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ പൊതുയോഗങ്ങളും മറ്റു പരിപാടികളും നന്നായി സംഘടിപ്പിക്കുന്നതിന്‌ പാർട്ടി വളന്റിയർ സേന രൂപീകരിച്ചു. ഉശിരൻ പ്രവർത്തകരും ചെറുപ്പക്കാരും ഉൾപ്പെട്ടതായിരുന്നു വളന്റിയർ സേന. പാർട്ടിക്കെതിരായ അക്രമങ്ങളെ ഈ വളന്റിയർ സേന ഫലപ്രദമായി ചെറുത്തു. സേനയുടെ മുൻനിരയിൽ എൽ ബി ജിയുണ്ടായിരുന്നു.

വളന്റിയർ സേനയുടെ വരവോടെ കോൺഗ്രസ്‌ ഗുണ്ടകൾ പത്തിമടക്കി, അടിച്ചാൽ തിരിച്ചറി ഉറപ്പാണെന്ന്‌ വ്യക്തമായതോടെ.

1952ൽ ലോക്‌സഭയിലേക്ക്‌ നടന്ന ഒന്നാം പൊതുതിരഞ്ഞെടുപ്പിൽ തെലങ്കാന‐ആന്ധ്ര മേഖലകളിൽനിന്ന്‌ 19 പേർ കമ്യൂണിസ്റ്റ്‌ പാർട്ടി ടിക്കറ്റിൽ വിജയിച്ചു. 85 പേർ നിയമസഭയിലേക്കും പാർട്ടി ചിഹ്നത്തിൽ വിജയിച്ചു. 1955ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആന്ധ്ര മേഖലയിൽനിന്ന്‌ 35 ശതമാനം വോട്ട്‌ നേടാൻ പാർട്ടിക്ക്‌ സാധിച്ചു. എന്നാൽ ആന്ധ്ര മേഖലയിൽനിന്നുള്ള പാർട്ടിയുടെ സീറ്റിന്റെ എണ്ണം ഗണ്യമായി കുറഞ്ഞു‐ 40ൽ നിന്ന്‌ 15 ആയി കുറഞ്ഞു. ആന്ധ്രയിലെ ദുഗ്ഗിരാല നിയമസഭാ മണ്ഡലത്തിലേക്ക്‌ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ ബി ജിയായിരുന്നു പാർട്ടി സ്ഥാനാർഥി. വിജയിച്ചില്ലെങ്കിലും 44.5 ശതമാനം വോട്ട്‌ നേടാൻ അദ്ദേഹത്തിന്‌ സാധിച്ചു. തിരഞ്ഞെടുപ്പിലെ പരാജയംമൂലം കമ്യൂണിസ്റ്റ്‌ പാർട്ടി നേതൃത്വത്തിലെ പ്രബലമായ ഒരു വിഭാഗം കടുത്ത നിരാശയിൽ പതിച്ചു. പലരും പാർട്ടി പ്രവർത്തനത്തിൽനിന്ന്‌ പിന്മാറി. ബിസിനസ്‌ ചെയ്യുകയോ കൃഷിപ്പണികളിൽ ഏർപ്പെടുകയോ ചെയ്യാൻ ചിലർ പാർട്ടി കേഡർമാരെ ഉപദേശിച്ചു.

എന്നാൽ എൽ ബി ജിക്ക്‌ ഒരു കുലുക്കവുമുണ്ടായില്ല. താൽക്കാലികമായ തിരിച്ചടികളെ അവഗണിച്ച അദ്ദേഹം പാർട്ടി പ്രവർത്തനം ശക്തമാക്കി. സഖാക്കളെയും സുഹൃത്തുക്കളെയും പാർട്ടിയിൽ ഉറപ്പിച്ചു നിർത്താൻ അദ്ദേഹം കഠിനമായി പ്രയത്‌നിച്ചു.

പാർട്ടിക്കുള്ളിൽ നടന്ന ആശയസമരത്തിൽ ശരിയായ പക്ഷത്താണ്‌ അദ്ദേഹം നിലകൊണ്ടത്‌. ഇടത്‌‐വലത്‌ വ്യതിയാനങ്ങൾക്കെതിരെ ശക്തമായ നിലപാടാണ്‌ അദ്ദേഹം സ്വീകരിച്ചത്‌. ഗുണ്ടൂർ ജില്ലാ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച എൽ ബി ജിയുടെ ഈ നിലപാടുമൂലം സിപിഐ എമ്മിന്‌ വലിയ നേട്ടമുണ്ടായി.

1964ൽ പാർട്ടി ഭിന്നിച്ചപ്പോൾ അദ്ദേഹം സിപിഐ എമ്മിനൊപ്പം അടിയുറച്ചു നിന്നു. 1960കളുടെ അവസാനം നക്‌സൽ പ്രസ്ഥാനം പാർട്ടിയിൽ തലപൊക്കിയപ്പോൾ അതിനെതിരെ ആശയപരമായി പോരാടിയവരുടെ മുൻനിരയിൽ അദ്ദേഹമുണ്ടായിരുന്നു.

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ശക്തമായ പ്രവർത്തനങ്ങളാണ്‌ കാഴ്‌ചവെച്ചത്‌. 20 വർഷം അദ്ദേഹം കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. 1978ൽ കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. കാർഷികമേഖലയിൽ ഒട്ടനവധി സമരങ്ങൾക്കാണ്‌ അദ്ദേഹം ഈ കാലയളവിൽ നേതൃത്വം നൽകിയത്‌. കൂലി വർധന ആവശ്യപ്പെട്ട്‌ കർഷകത്തൊഴിലാളികൾ നടത്തിയ നിരവധി സമരങ്ങൾക്ക്‌ അദ്ദേഹം നേതൃത്വം നൽകി. കർഷകത്തൊഴിലാളി യൂണിയന്റെ അഖിലേന്ത്യാ പ്രസിഡന്റായും എൽ ബി ജി സേവനമനുഷ്‌ഠിച്ചു.

1985ൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയായി എൽ ബി ജി തിരഞ്ഞെടുക്കപ്പെട്ടു. 1991 വരെ അദ്ദേഹം പാർട്ടിയുടെ അമരക്കാരനായി തുടർന്നു. 1989ൽ പൊളിറ്റ്‌ ബ്യൂറോ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പത്തുവർഷക്കാലം ആ സ്ഥാനത്ത്‌ തുടർന്നു. അനാരോഗ്യംമൂലമാണ്‌ അദ്ദേഹം പാർട്ടിയിലെ സ്ഥാനങ്ങൾ ഒഴിഞ്ഞത്‌.

പ്രായാധിക്യത്തിന്റെയും രോഗത്തിന്റെയും അലട്ടലുകളെ വകവെക്കാതെ അദ്ദേഹം ഹൈദരാബാദിലെ സുന്ദരയ്യ വിജ്ഞാനകേന്ദ്രം സ്ഥാപിക്കുന്നതിനും അതിന്റെ പ്രവർത്തനങ്ങൾക്ക്‌ മാർഗനിർദേശങ്ങൾ നൽകുന്നതിനും പ്രത്യേകം ശ്രദ്ധിച്ചു. സുന്ദരയ്യ വിജ്ഞാനകേന്ദ്രം ഇന്ന്‌ നല്ല ഒരു വിദ്യാഭ്യാസ, സാംസ്‌കാരിക, ഗവേഷണ സ്ഥാപനമായി വളർന്നിട്ടുണ്ട്‌. ഈ സെന്ററിന്റെ നേതൃത്വത്തിൽ നിരവധി സേവനപ്രവർത്തനങ്ങളും സാമൂഹിക പരിഷ്‌കരണ പ്രവർത്തനങ്ങളും നടന്നുവരുന്നു. സുന്ദരയ്യ വിജ്ഞാനകേന്ദ്രത്തിന്റെ മാതൃകയിൽ ആന്ധ്രയിലും തെലുങ്കാനയിലും നിരവധി വിജ്ഞാനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്‌. എട്ട്‌ പതിറ്റാണ്ടുകാലത്തെ പൊതുപ്രവർത്തനത്തിനിടയിൽ അഞ്ചു തവണകളായി എട്ടുവർഷക്കാലം എൽ ബി ജി ഒളിവിൽ കഴിഞ്ഞു. മൂന്നു തവണകളായി രണ്ടരവർഷക്കാലം അദ്ദേഹം ജയിൽവാസമനുഷ്‌ഠിച്ചു.

പാർട്ടി കേഡർമാരെ കണ്ടെത്തുന്നതിനും അവരുടെ കഴിവിനനുസരിച്ച്‌ ചുമതലകൾ ഏൽപിക്കുന്നതിനും അദ്ദേഹം അസാധാരണമായ മികവാണ്‌ പ്രദർശിപ്പിച്ചത്‌. ലളിതവും സംശുദ്ധവുമായ പൊതുപ്രവർത്തനശൈലിക്ക്‌ ഉടമയായിരുന്ന എൽ ബി ജി തലമുറകൾക്കുതന്നെ മാതൃകയാണ്‌.

2003 മാർച്ച്‌ 28ന്‌ എൽ ബി ജി അന്ത്യശ്വാസം വലിച്ചു. l

Hot this week

വിവാഹാലോചനയുമായി റഷ്യയിലേക്ക്

ഇമിഗ്രേഷൻ കൗണ്ടറിലെ ക്യാമറയിൽ ഞാൻ നിസ്സഹായനായി നോക്കി നിന്നു. എന്റെ കൂടെവന്നവരെല്ലാം...

നിസ്വവർഗത്തോടൊപ്പം നിലയുറപ്പിച്ച സർഗവ്യക്തിത്വം

സ്കൂൾ ഓഫ് ഡ്രാമയുടെ താളം കൃഷ്ണൻ നമ്പൂതിരി മാഷായിരുന്നുവെങ്കിൽ അതിന്റെ സംഗീതം...

ആത്മനൊമ്പരങ്ങളുടെ നേർക്കാഴ്‌ചകൾ

സ്വയം എരിയാൻ കൂട്ടാക്കാത്ത കുറേ നോവുകളെ പുനരാവിഷ്കരിക്കുകയാണ് കാവ്യരചനയിലൂടെ പൊതുവേ കവികൾ...

അതിരുകൾക്കപ്പുറമുള്ള കലാലോകം

ചേർത്തുനിർത്തലിന്റെയും ഒഴിവാക്കലിന്റെയും അതിരുകൾ എങ്ങനെ രൂപപ്പെടുന്നുവെന്ന ചിന്ത പങ്കുവയ്‌ക്കുകയാണ്‌ ദർബാർ ഹാൾ...

ചോരചിന്തിയ കുട്ടംകുളം സമരവും സാമൂഹ്യ‐രാഷ്ട്രീയ മുന്നേറ്റങ്ങളും

ചരിത്രപ്രസിദ്ധമായ കുട്ടംകുളം സമരത്തിന്റെ 79-‐ാം വാർഷികദിനമായിരുന്നു ഈ ജൂലായ് 6. കൂട്ടംകുളത്ത്...

Topics

വിവാഹാലോചനയുമായി റഷ്യയിലേക്ക്

ഇമിഗ്രേഷൻ കൗണ്ടറിലെ ക്യാമറയിൽ ഞാൻ നിസ്സഹായനായി നോക്കി നിന്നു. എന്റെ കൂടെവന്നവരെല്ലാം...

നിസ്വവർഗത്തോടൊപ്പം നിലയുറപ്പിച്ച സർഗവ്യക്തിത്വം

സ്കൂൾ ഓഫ് ഡ്രാമയുടെ താളം കൃഷ്ണൻ നമ്പൂതിരി മാഷായിരുന്നുവെങ്കിൽ അതിന്റെ സംഗീതം...

ആത്മനൊമ്പരങ്ങളുടെ നേർക്കാഴ്‌ചകൾ

സ്വയം എരിയാൻ കൂട്ടാക്കാത്ത കുറേ നോവുകളെ പുനരാവിഷ്കരിക്കുകയാണ് കാവ്യരചനയിലൂടെ പൊതുവേ കവികൾ...

അതിരുകൾക്കപ്പുറമുള്ള കലാലോകം

ചേർത്തുനിർത്തലിന്റെയും ഒഴിവാക്കലിന്റെയും അതിരുകൾ എങ്ങനെ രൂപപ്പെടുന്നുവെന്ന ചിന്ത പങ്കുവയ്‌ക്കുകയാണ്‌ ദർബാർ ഹാൾ...

ചോരചിന്തിയ കുട്ടംകുളം സമരവും സാമൂഹ്യ‐രാഷ്ട്രീയ മുന്നേറ്റങ്ങളും

ചരിത്രപ്രസിദ്ധമായ കുട്ടംകുളം സമരത്തിന്റെ 79-‐ാം വാർഷികദിനമായിരുന്നു ഈ ജൂലായ് 6. കൂട്ടംകുളത്ത്...

കാഴ്‌ചയിലെ അപൂർവ നിമിഷങ്ങൾ

പ്രകൃതിയും മനുഷ്യനും മറ്റ്‌ ജീവജാലങ്ങളുമൊക്കെച്ചേരുന്ന രൂപങ്ങളിൽ പ്രകാശനിർണയത്തിലൂടെ ലഭ്യമാകുന്ന വർണസങ്കലനത്തെ സൂക്ഷ്‌മമായി...

ജാനകിvs ജാനകി വി : അപായമണിമുഴക്കം പ്രമുഖരുടെ പ്രതികരണം

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമക്ക്   സെൻസർ ബോർഡ് ...

ഫാസിസവും നവഫാസിസവും‐ 12

അപരത്വം നവലിബറൽ സാമ്പത്തിക നയങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വരുത്തിയ മാറ്റങ്ങളും...
spot_img

Related Articles

Popular Categories

spot_imgspot_img