‘തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട് എന്നാണ് എന്റെ വിശ്വാസം. കുറ്റമൊന്നും ചെയ്തിട്ടില്ല എന്ന് തെളിഞ്ഞു കഴിഞ്ഞു. ബലാൽസംഗം ചെയ്യപ്പെട്ട സ്ത്രീകളെ കുറ്റവാളികളായി കണക്കാക്കുന്ന ഒരു സമൂഹമാണ് ഇന്ത്യയിൽ ഉള്ളത്. തിരിച്ചു പോകാൻ എനിക്ക് താല്പര്യമില്ല “(376).’ ‘സിൻ’ എന്ന നോവലിലെ പ്രധാന കഥാപാത്രമായ സീതയുടെ വാക്കുകളാണിത്. കേരളത്തിൽനിന്ന് ബാഴ്സലോണ യൂണിവേഴ്സിറ്റിയിലേക്ക് ഗവേഷണത്തിന് പോയ പെൺകുട്ടിയാണ് സീത. അവിടെവച്ച് പരിചയപ്പെട്ട പ്രിയപ്പെട്ടവനെ തേടി ടർക്കിയിലെ കുർദ് വംശജരുടെ പോരാട്ട ഭൂമിയിലേക്ക് പോയതാണ് സീത. ഏകാധിപത്യ ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്ര ഉപകരണങ്ങൾക്ക് കലാപകാലത്ത് എന്തൊക്കെയാണോ ഒരു സ്ത്രീയോട് ചെയ്യാൻ കഴിയുന്നത് അതൊക്കെ അവർ അവളുടെ ശരീരത്തോട് ചെയ്തു. വംശീയതയുടെ ആശയം ഭരണകൂട ഭീകരതയായി മാറുന്ന സന്ദർഭങ്ങളെയാണ് സീതയ്ക്ക് ആഭിമുഖീകരിക്കേണ്ടി വന്നത്. പ്രിയപ്പെട്ടവരുടെ കരുതലിൽ മാത്രം ഒരു സ്ത്രീ ഇതിനെയെല്ലാം അതിജീവിച്ചതിന്റെ കഥയാണ് ‘സിൻ’. അതിജീവതയായ സീത അവിടെനിന്ന് സ്വന്തം അമ്മാവനോടൊപ്പം രക്ഷപ്പെടുന്ന സന്ദർഭത്തിൽ പറഞ്ഞ വാക്കുകളാണ് തുടക്കത്തിൽ നൽകിയിരിക്കുന്നത്. ഇന്ത്യയിലെ ആണധികാര കുടുംബവ്യവസ്‌ഥയ്ക്ക് അംഗീകരിക്കാൻ കഴിയുന്ന ഒരുവളല്ല താൻ എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇന്ത്യയിലേക്ക് തിരിച്ചു വരുന്നില്ല എന്നവൾ തീരുമാനിക്കുന്നത്.
അവതാരിക എഴുതിയ എൻ എസ് മാധവൻ ഈ നോവലിന്റെ ദേശാന്തര സഞ്ചാരത്തെക്കുറിച്ചാണ് എടുത്തുപറയുന്നത്. നമ്മുടെ സാഹിത്യം കടൽകടന്നുപോകുന്നത് അപൂർവമാണെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ‘ഉത്തരേന്ത്യയ്ക്കും ഗൾഫ് നാടുകൾക്കും അപ്പുറം അധികം സഞ്ചരിക്കാത്ത മലയാളസാഹിത്യത്തെ ഈ നോവലിന്റെ തുടക്കത്തിൽത്തന്നെ നേരെ കൂട്ടികൊണ്ടുപോകുന്നത് ദിയർബക്കിറിലേക്കാണ്’ അത്തരം സാഹസികമായ ഒരു യാത്രയ്ക്ക് തയ്യാറാവുന്നത് ഒരു സ്ത്രീകഥാപാത്രമാണ്. ഹരിത സാവിത്രി എന്ന എഴുത്തുകാരിയുടെ യാത്രയിൽ നിന്നാണ് ഈ നോവൽ പിറക്കുന്നത്. ആ യാത്രയെക്കുറിച്ച് എഴുത്തുകാരി ഇങ്ങനെ എഴുതുന്നുണ്ട്. “ലോകത്തെല്ലായിടത്തും നടക്കുന്ന മനുഷ്യാവകാശലംഘനങ്ങൾ ഒരു അച്ചിൽ വാർത്തതാണ് എന്ന തിരിച്ചറിവാണ് ഈ യാത്ര നൽകിയ ഏറ്റവും വലിയ വെളിപാട്. ഓരോ ദേശവും അവിടുത്തെ ന്യൂനപക്ഷ സമുദായങ്ങളോട് കാട്ടുന്ന വേർതിരിവ്. അധികാരത്തെ ആയുധമാക്കി അവരെ അടിച്ചമർത്താനുള്ള ഭരണകൂട തന്ത്രങ്ങൾ. വംശഹത്യകളുടെ ആസൂത്രണവും നടപ്പിലാക്കലും. നിർബന്ധിത നിരോധനങ്ങൾ, രാഷ്ട്രീയ പകപോക്കലുകൾ, ഒളിച്ചോട്ടങ്ങൾ, പീഡന കേന്ദ്രങ്ങൾ, സഹജീവികളെ ഈച്ചകളെപ്പോലെ കൊന്നൊടുക്കുന്നതിനെ ദേശീയ വാദത്തിന്റെ മറവിൽ ന്യായീകരിക്കാനുള്ള അറപ്പില്ലായ്മ, മതത്തിന്റെ പേരിലുള്ള ഭിന്നിപ്പിക്കൽ, രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി മതത്തിനെ ദുരുപയോഗം ചെയ്യൽ. എല്ലാറ്റിനും പുറമേ ഭയം കൊണ്ട് ഒരു ജനതയുടെ വായടക്കാൻ ഭരണകൂടം പ്രയോഗിക്കുന്ന കുറുക്കുവഴികൾ. തീവ്ര വലതുപക്ഷ ദേശീയതയുടെ അധികാരത്തിന്റെ വഴികളെത്തന്നെയാണ് ഇവിടെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഈ യാത്രയിലുടനീളം ഒരു നീറ്റലോടെ ഇന്ത്യയെക്കുറിച്ചാണ് ഓർത്തിരുന്നതെന്ന് ഹരിത സാവിത്രി ഓർമ്മിക്കുന്നുണ്ട്. ടർക്കിയിൽ നടക്കുന്ന പല കാര്യങ്ങളും നടക്കുന്നത് ഇന്ത്യയിലാണോ എന്ന് തോന്നും എന്ന് ഹരിത എഴുതുന്നുണ്ട്. രാഷ്ട്രം പുരുഷാധിപത്യത്തിന്റെ ആൾരൂപമായി മാറുന്നു. ആണധികാരത്തിന്റെ വ്യവസ്ഥയാണ് രാഷ്ടത്തിനുമുള്ളത്. സൈന്യം, പൊലീസ്, വ്യവസായം, സാങ്കേതികത, സർവ്വകലാശാല, ശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തികം എന്നിങ്ങനെ സമൂഹത്തിലെ അധികാരത്തിലേക്കുള്ള എല്ലാ പ്രവേശനവഴികളും പുരുഷാധിപത്യത്തിന്റെ കൈകളിലാണ്. രാഷ്ടത്തിന്റെ സത്ത തന്നെ അധികാരമാണ്. ആയതിനാൽ അതിന്റെ സാക്ഷാത്കാരം എന്നത് അധികാരത്തിന്റെ പ്രയോഗം തന്നെയാണ്. ലിംഗാധികാര രാഷ്ട്രീയത്തെക്കറിച്ച് കെയിറ്റ് മില്ലറ്റ് സൂചിപ്പിച്ച കാര്യങ്ങളാണിത്. വംശീയമായ ഉന്മൂലനം ലക്ഷ്യമാക്കിയുള്ള ടർക്കിയിലെ ഭരണകൂടം സീത അടക്കമുള്ളവരോട് ഈ അധികാരപ്രയോഗം തന്നെയാണ് നടത്തിയത്.
ദേവ്റാൻ എന്ന അവളുടെ കാമുകനെ അന്വേഷിച്ചാണ് സീത സുഹൃത്തായ തിമൂറിനൊപ്പം ദിയർബക്കിറിൽ എത്തിയിരിക്കുന്നത്. ബാഴ്സലോണ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ് സീതയും തിമൂറും. ഗുൽ എന്ന സഹോദരിയെ സന്ദർശിക്കുന്നതിനാണ് ദേവ്റാൻ അവളും സീതയും താമസിക്കുന്നിടത്ത് എത്തുന്നതും പരിചയത്തിലാവുന്നതും. ദേവ്റാൻ കുർദ് പോരാട്ടങ്ങൾക്കായി നാട്ടിലേക്ക് പോകുന്നു. പിന്നീട് ദേവ്റാനെ അന്വേഷിച്ച് ഗർഭിണിയായ സീത അവന്റെ നാട്ടിലെത്തുമ്പോഴാണ് പട്ടാളത്തിന്റെ പിടിയിലാവുന്നത്. കുർദുകളുടെ വിമോചന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഗുൽ അടക്കമുള്ളവർക്ക് പഠനം ഉപേക്ഷിക്കേണ്ടിവരുന്നു. അർമാൻ അവന്റെ സഹോദരനായ ദേവ്റാനോട് ഇങ്ങനെ പറയുന്നുണ്ട്. “നമ്മൾ കുറുദുകൾ ഭാഗ്യം കെട്ടവരാണ്. നല്ല വിദ്യാഭ്യാസം. നല്ല ജോലി. പ്രണയം….. ഇതൊന്നും നമുക്ക് വിധിച്ചിട്ടില്ല. ശാപം കിട്ടിയ ജന്മങ്ങൾ’ ( 177). സ്വന്തം രാജ്യത്ത് അന്യരായി ജീവിക്കേണ്ടിവരുന്ന മനുഷ്യരുടെ നിസ്സഹായതയാണ് ഈ വാക്കുകളിലുള്ളത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ന്യൂനപക്ഷങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. വംശഹത്യയുടെ രാഷ്ട്രീയമാണ് ഭരണകൂടം പലസ്ഥലങ്ങളിലും പരീക്ഷിക്കുന്നത്. കുർദുകളുടെ രാജ്യമില്ലാത്ത അവസ്ഥയെക്കുറിച്ച് എൻ എസ് മാധവൻ ഇങ്ങനെ എഴുതുന്നുണ്ട്. “അവിടുത്തെ ജനസംഖ്യയുടെ ഏതാണ്ട് അഞ്ചിലൊന്നു വരുന്ന കുർദുകളെ ഭൂരിപക്ഷം വേട്ടയാടാൻ തുടങ്ങിയിട്ട് നൂറ്റാണ്ട് തികയുന്നു. കുറുദുകളുടെ അസ്തിത്വം തന്നെ ടർക്കിയിൽ നിഷേധിക്കപ്പെട്ടു. കുർദ്, കുർദിസ്റ്റാൻ തുടങ്ങിയ വാക്കുകൾ ഉച്ചരിക്കാൻ പോലും പാടില്ലായിരുന്നു. മലകളിലെ തുർക്കികൾ എന്നാണ് കുറുദുകളെ 1991 വരെ ഔദ്യോഗികമായി വിളിച്ചിരുന്നത്’. വംശീയതയുടെ പ്രത്യയശാസ്ത്രം എങ്ങനെയാണ് ന്യൂനപക്ഷങ്ങളെ അപരവൽക്കരിക്കുന്നത് എന്ന കാര്യമാണ് ഇവിടെ സൂചിപ്പിക്കുന്നത്. എന്നെങ്കിലും അങ്ങനെയൊരു രാജ്യം നിലവിൽ വരികയാണെങ്കിൽ തലസ്ഥാനമായി കുർദുകൾ സങ്കൽപ്പിക്കുന്ന ‘ദിയർബക്കിർ’ എന്ന പ്രദേശത്താണ് ഈ നോവൽ തുടങ്ങുന്നത്. യുദ്ധം, വംശീയമായ കലാപം എന്നിവയൊന്നും കേരളീയരുടേതായ അനുഭവമല്ല. പക്ഷെ ആധുനിക മലയാളി എന്നും ലോകചലനങ്ങളോട് സംവദിച്ചിട്ടുണ്ട്. മലയാളിയായ സീത എന്ന ഗവേഷക വംശീയ കലാപങ്ങളുടെ ഇരയായിത്തീരുന്ന അനുഭവങ്ങളുടെ കഥയാണ് ഈ നോവൽ.
ലോകത്തിലെ വിമോചനപരമായ ചെറുത്തുനിൽപ്പുകളോട് സർഗാത്മകമായി പ്രതികരിക്കുന്ന ഒരിടമാണ് സീത അടക്കമുള്ള വിദ്യാർത്ഥികൾ ഗവേഷണം ചെയ്യുന്ന ബാഴ്സലോണയിലെ ഗവേഷണ കേന്ദ്രം. സീതയും തിമൂറും രാജ്യം വിട്ടുപോരുമ്പോൾ അവരുടെ ഗവേഷകഗൈഡിനോട് വിവരം പറഞ്ഞിരുന്നില്ല. സീത മരണാസന്നയായി ആശുപത്രിയിൽ കിടക്കുമ്പോൾ എൻറിക് എന്ന അവരുടെ പ്രൊഫസർ അവളെ കാണാൻ വരുന്നുണ്ട്. “തിമൂർ നീയും സീതയും എന്റെ കീഴിലാണ് റിസർച്ച് ചെയ്യുന്നത്. നമ്മൾ തമ്മിൽ നല്ല അടുപ്പമാണ് എന്നായിരുന്നു എന്റെ വിശ്വാസം. ഇത്രയും വലിയ ഒരു പ്രശ്നത്തിൽ ചെന്നു ചാടിയിട്ടും എന്നെ അറിയിക്കാൻ നിനക്ക് തോന്നിയില്ലല്ലോ’ (222). വിദ്യാർത്ഥികളും അധ്യാപകരും തമ്മിൽ നിലനിൽക്കുന്ന ജനാധിപത്യപരമായതും ആർദ്രവുമായ സവിശേഷമായ ബന്ധത്തെ സൂചിപ്പിക്കുന്നതാണ് ഈ വാക്കുകൾ. സീതയുടെ സാഹസികമായ യാത്രയെക്കുറിച്ച് എന്തെങ്കിലും അറിഞ്ഞിരുന്നെങ്കിൽ അവളെ രക്ഷിക്കാമായിരുന്നു എന്ന തോന്നലാണ് പ്രൊഫസർക്കുള്ളത്. പിന്നീട് അവളുടെ വിമോചനത്തിനായുള്ള പ്രവർത്തനങ്ങളിൽ ആ പ്രൊഫസർ സജീവമായി ഇടപെടുന്നുണ്ട്. ആ ഇടപെടൽ ലോകം ശ്രദ്ധിക്കുന്നു. ആ പ്രതിരോധമാണ് സീതയുടെ വിമോചനം സാധ്യമാക്കുന്നത്. വിദ്യാഭ്യാസം ഗവേഷണം എന്നതിന്റെയെല്ലാം വിമോചനാത്മകമായ അർത്ഥങ്ങൾ സർവ്വകലാശാലകളിൽനിന്ന് ചോർന്നുപോകുന്ന സന്ദർഭങ്ങളിലാണ് ഇത്തരത്തിലുള്ള രാഷ്ട്രീയമായ സൗഹൃദത്തിന്റെ പച്ചപ്പ് ‘സിൻ’ ആവിഷ്കരിക്കുന്നത്. അവൾക്ക് നേരിടേണ്ടിവന്ന ദുരന്തത്തെ ലോകം മുഴുവൻ അറിയുന്നതിനെക്കുറിച്ച് ഇങ്ങനെ നോവലിൽ പറയുന്നുണ്ട്. “ബാഴ്സലോണ യൂണിവേഴ്സിറ്റിയിലെ സീത എന്ന വിദ്യാർഥിനി ടർക്കി സന്ദർശിക്കാൻ പോകുന്നു. അവളെ അവിടെ വച്ച് കാണാതാകുന്നു. പൊലീസ് പിടിച്ചു കൊണ്ടുപോയതിന് സാക്ഷികളുണ്ട്. കുറച്ചു ദിവസങ്ങൾക്ക് ശേഷം ക്രൂരമായ ബലാത്സംഗത്തിനിരയായി. ഗർഭം അലസിയ നിലയിൽ അവൾ ബെയ്ക്കോസ് സ്റ്റേറ്റ് ഹോസ്പിറ്റലിൽ ചികിത്സയിലുണ്ട് എന്ന് മനസ്സിലാവുന്നു’ (232). എങ്ങനെയാണ് മനുഷ്യാവകാശ സംഘടനകളുടെയും ഫെമിനിസ്റ്റ് ഗ്രൂപ്പുകളുടെയും പങ്കാളിത്തത്തോടെ ലോകം ഈ വാർത്ത അറിയുന്നത്. ഭരണഘടനക്കെതിരായി എന്തെങ്കിലും ചെയ്തതു കൊണ്ടല്ല കുർദുക്കൾ രാജ്യദ്രോഹികളായി മാറുന്നത്. മറിച്ച് മനുഷ്യാവകാശ പ്രശ്നങ്ങളാണ് അവർ ഉന്നയിക്കുന്നത്. വംശീയത ദേശീയതയുടെ മുഖമുദ്രയാകുമ്പോൾ ഭരണകൂടം പൗരരോട് ഇടപെടുന്നത് ഒരിയ്ക്കലും ജനാധിപത്യപരമായ രീതിയിലല്ല എന്നതിന്റെ അടയാളങ്ങളാണ് ഈ നോവലിലെ ഓരോ സംഭവങ്ങളും.
രാഷ്ട്രീയ ജീവിതം നയിക്കുന്ന ഒരുപാട് സ്ത്രീ കഥാപാത്രങ്ങൾ ഈ നോവലിലുണ്ട് എന്നതുതന്നെയാണ് ഇതിന്റെ വ്യതിരിക്തത. പുരുഷന്മാർ രാഷ്ട്രീയത്തിൽ ഇടപെടുമ്പോൾ ഗാർഹികമായി അതിന്റെ പീഡനം അനുഭവിക്കുന്നവരായി സ്ത്രീകളെ ആഖ്യാനം ചെയ്യുന്നതാണ് സാഹിത്യത്തിന്റെ പൊതുരീതി. അത്തരമൊരു ആഖ്യാനത്തോടു വിട പറഞ്ഞുകൊണ്ടാണ് ‘സിൻ’ വ്യത്യസ്തത പ്രകടിപ്പിക്കുന്നത് ജീവൻ തിരിച്ചുകിട്ടിയ നിർണായകമായ ഒരു സന്ദർഭത്തിൽ ഡോക്ടറുമായി സീത നടത്തുന്ന സംഭാഷണമുണ്ട് നോവലിൽ.
“നീ എന്താണ് ആലോചിക്കുന്നത്?
അമ്മയെക്കുറിച്ച്
നിന്റെ അമ്മയെ ഞാൻ വിവരം അറിയിക്കട്ടെ?
വേണ്ട
അതെന്താ?
അവർക്ക് ഞാൻ അപമാനമാവുകയേയുള്ളൂ
മകൾ എങ്ങനെയാണ് അമ്മയ്ക്ക് അപമാനമാവുക?
എന്റെ നാട്ടിലങ്ങനെയാണ്. പെൺകുട്ടികളുടെ കാലുകൾക്കിടയിലാണ് ഞങ്ങളുടെ കുടുംബങ്ങളുടെ അഭിമാനം സ്ഥിതി ചെയ്യുന്നത്’ (306) വിവാഹിതയല്ലാത്ത തന്റെ മകൾ ഗർഭിണിയായി എന്നതായിരിക്കാം അവളുടെ ജീവിതത്തേക്കാൾ നാട്ടിലുള്ളവർക്ക് പ്രധാനം. അവളെ അന്വേഷിച്ച് നാട്ടിൽ നിന്ന് പുറപ്പെട്ട അമ്മാവനോട് അച്ഛൻ ഫോണിൽ സംസാരിക്കുന്ന ഒരു രംഗം നോവലിലുണ്ട്.
‘സോമാ…
സീതയുടെ അച്ഛന്റെ നനഞ്ഞ ശബ്ദം കേട്ടപ്പോൾ പൊതുവേ വാചാലനായ സോമശേഖരന്റെ തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്നത് പോലെ തോന്നി.
ചേട്ടൻ വിഷമിക്കരുത്. ഞാൻ ഇസ്‌താംബൂളിൽ എത്തിയിട്ടുണ്ട് ഇവിടെ ചില ചർച്ചകളൊക്കെ നടക്കുന്നുണ്ട്. നമുക്ക് നോക്കാം അയാൾ പറഞ്ഞൊപ്പിച്ചു.
സോമനറിയാമല്ലോ ഇവിടുത്തെ അവസ്ഥ. തറവാടിന്റെ പേര് നശിച്ചു. അദ്ദേഹത്തിന്റെ ശബ്ദം ഇടറി’ (311) അച്ഛനും അമ്മാവനും തമ്മിൽ നടന്ന ഈ സംഭാഷണത്തിൽ മകളുടെ ആരോഗ്യത്തേക്കാൾ അച്ഛന് പ്രധാനം തറവാടിന്റെ പേരാണ്. ഭരണകൂടം മുതൽ കുടുംബംവരെ എങ്ങനെയാണ് സ്ത്രീകളോട് പെരുമാറുന്നത് എന്ന് വ്യക്തമാക്കുന്നതാണ് സീതയുടെ അനുഭവങ്ങൾ. അതുകൊണ്ടാണ് തിരിച്ചുകിട്ടിയ ജീവനുമായി അവൾ ബാഴ്സലോണയിലേക്ക് പോകുന്നത്.
ഈ നോവലിന്റെ ആഖ്യാനംതന്നെ അടിമുടി രാഷ്ട്രീയമാണ്. അതിലാകട്ടെ പെണ്ണുങ്ങൾക്ക് സജീവമായ പങ്കാളിത്തവുമുണ്ട് കുർദുകളുടെ വിമോചന പോരാട്ടത്തോടൊപ്പം സഞ്ചരിക്കുന്നവളാണ് ഗുൽ.” ഗുൽ വിദഗ്ധയായ ഒരു നർത്തകിയാണ്. നൃത്തപരിശീലനവും കൂട്ടുകാരികൾക്കൊപ്പമുള്ള യാത്രകളും പഠനവുമായി അവൾക്ക് എല്ലായിപ്പോഴും നല്ല തിരക്കായിരുന്നു’ (69). മറ്റൊരു കഥാപാത്രമായ ദിൽവ പോരാട്ടങ്ങൾക്കിടയിൽ രക്തസാക്ഷിയായവളാണ്. “എത്ര ഉപദേശിച്ചിട്ടും കാര്യങ്ങൾ മനസ്സിലാക്കാൻ കൂട്ടാക്കാതെ ദിൽവ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്ന യുവാക്കളുടെ പ്രവർത്തനങ്ങളിൽ കൂടുതൽ ഇടപെട്ടു കൊണ്ടേയിരുന്നു. അവൾ സൂറിലേക്ക് വരുന്നത് അവസാനിപ്പിച്ചിരുന്നു. കൂട്ടുകാരുമൊത്ത് പ്രകടനങ്ങൾ സംഘടിപ്പിക്കാനും മറ്റുമായി ആ സമയം കൂടെ ചെലവഴിക്കാനായിരുന്നു ദിൽവയ്ക്ക് താൽപര്യം. അർമാൻ അവളെ കാണാൻ ഒന്നു രണ്ടു തവണ ജിസ്‌റെയിലേക്ക് പോയെങ്കിലും സ്വസ്ഥമായി എവിടെയെങ്കിലും ഇരുന്നു സംസാരിക്കാൻ അവസരം കിട്ടാതെ നിരാശനായി അവൻ തിരിച്ചു വരേണ്ടിവന്നു’ (72). വിപ്ലവ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന കാമുകിയെക്കുറിച്ചുള്ള ഇത്തരമൊരു വിവരണം നമുക്ക് പരിചയമുള്ളതല്ല. അധികാരത്തിന്റെ മുൻപിൽ കുനിഞ്ഞുനിൽക്കാൻ കൂട്ടാക്കാത്ത പിനാർ എന്ന പത്രപ്രവർത്തകയും ദൈനംദിന രാഷ്ട്രീയത്തിൽത്തന്നെയാണ് നിലയുറപ്പിക്കുന്നത്. ഇങ്ങനെ കുർദുകളുടെ വിമോചനപോരാട്ടങ്ങളുടെ ചരിത്രമെഴുതുമ്പോൾ ഹരിത സാവിത്രി എന്ന എഴുത്തുകാരിക്ക് ഹെർസ്റ്റോറിയിൽനിന്നുകൊണ്ട് എഴുതാൻ കഴിയുന്നു. എലൈൻ ഷോവാൾട്ടർ പറയുന്ന ‘എ ലിറ്ററേച്ചർ ഓഫ് ദെയർ ഓൺ’ എന്നതിന്റെ സൗന്ദര്യം ആവോളം അനുഭവിപ്പിക്കുന്ന ഒരു നോവലാണ് സിൻ. l
സിൻ (നോവൽ)
ഹരിത സാവിത്രി
മാതൃഭൂമി ബുക്സ് 2023
വില 460