ആന്ധ്രയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളാണ് എൻ പ്രസാദറാവു. കമ്യൂണിസ്റ്റ് പാർട്ടിയും കിസാൻസഭയും ട്രേഡ് യൂണിയനുകളും കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ പങ്കാണ് അദ്ദേഹം നിർവഹിച്ചത്. നൽഗൊണ്ട ജില്ലയിലും ആന്ധ്രപ്രദേശിലാകമാനവും പാർട്ടിക്കും ബഹുജനസംഘടനകൾക്കും വേരോട്ടമുണ്ടാക്കുന്നതിൽ പ്രസാദറാവു വഹിച്ച പങ്ക് അതുല്യമാണ്. ഐതിഹാസികമായ തെലങ്കാന സമരത്തിന്റെ നായകരിലൊരാളാണ് അദ്ദേഹം. അസാമാന്യമായ ധീരതയും ഉറച്ച രാഷ്‌ട്രീയബോധ്യവും അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു.
അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗം, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം, കിസാൻസഭ അഖിലേന്ത്യ ജനറൽ സെക്രട്ടറി, സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം അനുപമമായ സംഘടനാപാടവത്തിനുടമയായിരുന്നു. പാർ ട്ടി കേഡർമാരെ കണ്ടെത്തുന്നതിനും അവരുടെ കഴിവുകളെ ഫലപ്രദമായി ഉപയോഗിക്കുന്നതിനും അദ്ദേഹത്തിനുണ്ടായിരുന്ന സാമർഥ്യം അപാരമായിരുന്നു.
ധനിക കുടുംബത്തിലാണ് ജനിച്ചതെങ്കിലും വളരെ ലളിതമായ ജീവിതമാണ് പ്രസാദറാവു നയിച്ചത്. എന്നും കമ്യൂണിസ്റ്റ് മൂല്യങ്ങൾ അദ്ദേഹം ഉയർത്തിപ്പിടിച്ചു. തന്റെ മുഴുവൻ സ്വത്തുക്കളും അദ്ദേഹം പാർട്ടിക്ക് സംഭാവന ചെയ്യുകയായിരുന്നു.
1912 സെപ്‌തംബർ 24ന് ആന്ധ്രപ്രദേശിലെ കൃഷ്‌ണ ജില്ലയിൽ അരുഗൊലനൂർ ഗ്രാമത്തിൽ ഒരു ധനികകുടുംബത്തിലാണ് എൻ പ്രസാദറാവു ജനിച്ചത്. പിതാവിന്റെ പേര് ജാനകിരാമയ്യ. മച്ചിലിപട്ടണത്ത് ഗുഡിവാടയിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ബനാറസ് ഹിന്ദു സർവകലാശാലയിൽ ഉപരിപഠനം നടത്തുമ്പോഴാണ് അദ്ദേഹം സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്‌ടനാകുന്നത്. നിസ്സഹകരണപ്രസ്ഥാനത്തിന്റെ ഭാഗമായ വിദേശവസ്‌ത്ര ബഹിഷ്‌കരണത്തിന്റെയും മദ്യഷാപ്പ് പിക്കറ്റു ചെയ്യുന്നതിന്റെയും മുന്നണിയിൽ അദ്ദേഹം പ്രവർത്തിച്ചു. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിൽ അത്യാവേശത്തോടെ അദ്ദേഹം പ്രവർത്തിച്ചു.
ബനാറസ് ഹിന്ദു സർവകലാശാല അന്ന് വിപ്ലവകാരികളുടെ ഈറ്റില്ലമായിരുന്നു. ഒട്ടനവധി യുവവിപ്ലവകാരികളുമായുുള്ള ഈ കാലത്തെ സന്പർക്കം തൊഴിലാളിവർഗ രാഷ്‌ട്രീയത്തിലേക്ക് അദ്ദേഹത്തെ ആകർഷിച്ചു. ആന്ധ്രയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാക്കളിലൊരാളായ പി നരസിംഹമൂർത്തിയുമായുള്ള അടുപ്പം കമ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ച് കൂടുതൽ അറിയാൻ അദ്ദേഹത്തെ സഹായിച്ചു. താമസിക്കാതെ പ്രസാദറാവു കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. അതിനു മുന്പുതന്നെ കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ, ലെനിന്റെ കൃതികളായ ഭരണകൂടവും വിപ്ലവവും, ഇടതുപക്ഷ കമ്യൂണിസം ഒരു ബാലാരിഷ്‌ടത എന്നിവ തെലുങ്കിൽ തർജുമ ചെയ്‌ത് പ്രസിദ്ധീകരിക്കാൻ പി സുന്ദരയ്യയ്‌ക്ക് എല്ലാ സഹായവും ചെയ്‌തത് പ്രസാദറാവുവാണ്.
1934ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ പ്രസാദറാവു പൂർണസമയ പാർട്ടി പ്രവർത്തകനായി മാറി. നിരവധിപേരെ പാർട്ടിയിലേക്കും കർഷകപ്രസ്ഥാനത്തിലേക്കും ട്രേഡ് യൂണിയനുകളിലേക്കും ആകർഷിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
1936ൽ 24‐ാം വയസ്സിൽ കിഴക്കൻ ഗോദാവരി ജില്ലയിൽ പാർട്ടി കെട്ടിപ്പടുക്കാൻ പ്രസാദറാവുവിനെയാണ് നിയോഗിച്ചത്. വീട്ടുകാർ വലിയ ധനികരായിരുന്നെങ്കിലും കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങൾക്കായി വീട്ടിൽനിന്ന് പണം ലഭ്യമല്ലായിരുന്നു. എന്നു മാത്രമല്ല വീട്ടുകാരിൽ നിന്ന് കടുത്ത എതിർപ്പ് നേരിടേണ്ടിയും വന്നു. അതിനു വഴികണ്ടെത്തിയത് സുന്ദരയ്യയാണ്. പ്രസാദറാവുവിന് പ്രതിമാസം 14 രൂപ വീതം അലവൻസ് അനുവദിക്കാൻ പാർട്ടി നിശ്ചയിച്ചു. സുന്ദരയ്യയാണ് അതിന് മുൻകൈയെടുത്തത്. അത്യാവശ്യ ചെലവുകൾക്ക് ആ പണം മതിയാകുമായിരുന്നുവെന്ന് പ്രസാദറാവു തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
1936‐38 കാലത്ത് ജന്മിത്തത്തിനെതിരെ പാട്ടവ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ടും ‘‘കൃഷിഭൂമി കർഷകന്’’ എന്ന മുദ്രാവാക്യമുയർത്തിയും നൽഗൊണ്ട ജില്ലയിൽ ആരംഭിച്ച പ്രക്ഷോഭത്തിന്റെ പ്രധാന നായകൻ പ്രസാദറാവുവായിരുന്നു. അന്ന് ഹൈദരാബാദ് നൈസാമിന്റെ ഭരണത്തിലയിരുന്ന മനഗാല, പരഗാണ എന്നീ പ്രദേശങ്ങളായിരുന്ന പ്രധാന സമരകേന്ദ്രങ്ങൾ.
ഐതിഹാസികമായ തെലങ്കാന സമരത്തിന്റെ മുൻനിരയിലും പ്രസാദറാവു ഉണ്ടായിരുന്നു. ഖമ്മം പ്രദേശത്തിന്റെ ചുമതലയായിരുന്നു പാർട്ടി അദ്ദേഹത്തെ ഏൽപിച്ചിരുന്നത്. തെലങ്കാന സമരം പിൻവലിക്കുന്നതുവരെ അവിടെത്തന്നെ നിന്ന് സമരത്തിന് അദ്ദേഹം നേതൃത്വം നൽകി. സേനയുമായി നിരന്തരം ഏറ്റുമുട്ടിക്കൊണ്ടിരുന്നവർക്ക് പരിക്കേൽക്കുക എന്നത് സ്വാഭാവികമാണല്ലോ. സമരഭടന്മാർക്ക് മരുന്നും മറ്റ് ചികിത്സാസൗകര്യങ്ങളും പരമരഹസ്യമായി എത്തിച്ചുകൊടുക്കുന്നതിനും പ്രസാദറാവു നേതൃത്വം നൽകി. മരുന്നും മറ്റും സംഘടിപ്പിക്കുന്നതും ആവശ്യമായ സ്ഥലത്ത് എത്തിക്കുന്നതും അങ്ങേയറ്റം സാഹസികമായ പ്രവർത്തനമായിരുന്നു. അതദ്ദേഹം ഭംഗിയായി നിറവേറ്റി. തെലങ്കാന സമരകാലത്ത് ദീർഘകാലം ഒളിവിൽ പ്രവർത്തിച്ച അദ്ദേഹം 1952ൽ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് ഒളിവു ജീവിതം അവസാനിപ്പിച്ചത്.
ആന്ധ്രപ്രദേശ് റെയ്‌നു സംഘത്തിന്റെ ജനറൽ സെക്രട്ടറിയായി എട്ടുവർഷം അദ്ദേഹം പ്രവർത്തിച്ചു. തുടർന്ന് കിസാൻസഭയുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായി. ആന്ധ്രപ്രദേശ് കർഷകത്തൊഴിലാളി യൂണിയന്റെ ജനറൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു.
1970ൽ സിഐടിയു സ്ഥാപിക്കപ്പെട്ടതോടെ ആന്ധ്ര സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രസാദറാവു തിരഞ്ഞെടുക്കപ്പെട്ടു. ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ നിരവധി പ്രക്ഷോഭങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. 1996 വരെ, കാൽ നൂറ്റാണ്ടിലേറെക്കാലം അദ്ദേഹം സിഐടിയുവിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. 1996 മുതൽ സംസ്ഥാന പ്രസിഡന്റായാണ് അദ്ദേഹം സേവനം അനുഷ്‌ഠിച്ചത്. 2000 വരെ സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റായും സേവനമനുഷ്‌ഠിച്ചു.
1953ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ മൂന്നാം കോൺഗ്രസിൽ പ്രസാദറാവു ദേശീയ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിവന്ന 32 പേരിൽ ഒരാൾ പ്രസാദറാവുവാണ്. 1964ൽ സിപിഐ എം രൂപീകരിക്കപ്പെട്ടതോടെ പാർട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1998 വരെ ആ സ്ഥാനത്ത് തുടർന്നു. പതിനാറാം പാർട്ടി കോൺഗ്രസിൽ അനാരോഗ്യംമൂലം ഒഴിഞ്ഞു.
റിവിഷനിസത്തിനെതിരെയും ഇടതുപക്ഷ തീവ്രവാദത്തിനെതിരെയും അതിശക്തമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. 1964‐66 കാലത്ത് ചൈനാ ചാരത്വം ആരോപിച്ച് പാർട്ടി നേതാക്കളെ കൂട്ടത്തോടെ ജയിലിലടച്ചു. എന്നാൽ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞ അദ്ദേഹം നിരവധി പാർട്ടി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
പാർലമെന്റേറിയൻ എന്ന നിലയിലും പ്രസാദറാവു മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചത്. 1953 മുതൽ 1956 വരെ അദ്ദേഹം രാജ്യസഭാംഗമായി പ്രവർത്തിച്ചു. ഒരുതവണ ആന്ധ്ര നിയമസഭാംഗമായും അദ്ദേഹം പ്രവർത്തിച്ചു. ജനപ്രതിനിധിയെന്ന നിലയിൽ ജനകീയപ്രശ്‌നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. രണ്ടും മൂന്നും ആസൂത്രണ കമീഷനുകളിലെ ഭൂപരിഷ്‌കരണ സബ്‌കമ്മിറ്റി അംഗമായിരുന്നു പ്രസാദറാവു. അദ്ദേഹം സമർപ്പിച്ച നിർദേശങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
തെലങ്കാന സമരത്തിലെ രക്തസാക്ഷി ഗംഗാ റെഡ്ഡിയുടെ വിധവ സുമിത്രയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. ഒരു മകൻ.
2001 നവംബർ 29ന് പ്രസാദറാവു അന്ത്യശ്വാസം വലിച്ചു. l