ഗുണ്ടൂർ ബാപ്പനയ്യ എന്ന പേരിലറിയപ്പെട്ടിരുന്ന ജി ബാപ്പനയ്യ ആന്ധ്രപ്രദേശിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ഗണ്യമായ സംഭാവന ചെയ്‌ത നേതാവാണ്. സ്വാതന്ത്ര്യസമരസേനാനിയും ഊർജസ്വലനായ പോരാളിയുമായിരുന്നു അദ്ദേഹം. കർഷകസംഘവും കർഷകത്തൊഴിലാളി യൂണിയനും കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ പങ്കാണ് അദ്ദേഹം വഹിച്ചത്.
1919ൽ ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ ഒരു കർഷകത്തൊഴിലാളി കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. കുട്ടിക്കാലത്ത് വളരെയേറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചാണ് അദ്ദേഹം വളർന്നത്. കുട്ടിക്കാലം മുതൽ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ ആകൃഷ്‌ടനായ അദ്ദേഹം നേതാക്കളുടെ പ്രസംഗങ്ങൾ കേൾക്കാൻ, കോൺഗ്രസ് യോഗങ്ങളിൽ ആവേശത്തോടെ പങ്കെടുത്തിരുന്നു.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ആകൃഷ്‌ടനായ ബാപ്പനയ്യ 1930കളിൽ തന്നെ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. കർഷകരെയും കർഷകത്തൊഴിലാളികളെയും സംഘടിപ്പിക്കാനാണ് അദ്ദേഹം നിയോഗിക്കപ്പെട്ടത്.
1939ൽ കർഷകത്തൊഴിലാളി പ്രസ്ഥാനമായ റൈതുകൂലി സംഘത്തിന്റെ ഉശിരൻ പ്രവർത്തകനായി. കർഷകത്തൊഴിലാളികളിൽ മഹാഭൂരിപക്ഷവും ദളിതരായിരുന്നു. സവർണജാതിക്കാരുടെ വീടുകളിൽ പ്രവേശിക്കാൻ പോലും അന്ന് ദളിതരെ അനുവദിച്ചിരുന്നില്ല. ഭൂപ്രഭുക്കളിൽ മഹാഭൂരിപക്ഷവും സവർണരായിരുന്നു താനും. അയിത്തം കൽപിച്ച് മാറ്റിനിർത്തപ്പെട്ട ദളിതർ അനുഭവിച്ച വിവേചനത്തെ കമ്യൂണിസ്റ്റ് പാർട്ടി അതിശക്തമായി എതിർത്തു. പി സുന്ദരയ്യയും എം ബസവപുന്നയ്യയും ഈ അയിത്തവിരുദ്ധ പ്രവർത്തനത്തിന്റെ മുൻനിരയിലുണ്ടായിരുന്നു.
കർഷകത്തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ച ബാപ്പനയ്യയുൾപ്പെടെയുള്ള നേതാക്കൾ സാമൂഹികമായ അടിച്ചമർത്തലിന്റെയും സാമ്പത്തിക ചൂഷണത്തിന്റെയും കാരണങ്ങൾ അവർക്ക് വിശദീകരിച്ചുകൊടുത്തു. സാമൂഹികവും സാമ്പത്തികവുമായ സമത്വത്തിൽ അധിഷ്‌ഠിതമായ സമൂഹം കെട്ടിപ്പടുക്കുന്നതിന് പോരാട്ടം അനിവാര്യമാണെന്ന് ബാപ്പനയ്യയും മറ്റു നേതാക്കളും കർഷകത്തൊഴിലാളികളെ ബോധ്യപ്പെടുത്തി. അതിനു സഹായകമായ ഒരേയൊരു പ്രത്യയശാസ്‌ത്രം മാർക്‌സിസം‐ലെനിനസമാണെന്നും ഒരേയൊരു പാർട്ടി കമ്യൂണിസ്റ്റ് പാർട്ടിയാണെന്നും അവർ ഉദ്‌ബോധിപ്പിച്ചു.
അയിരത്തവിരുദ്ധ പോരാട്ടത്തിനൊപ്പം കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലി ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിരവധി പ്രക്ഷോഭങ്ങൾക്ക് ബാപ്പനയ്യ നേതൃത്വം നൽകി. ഭൂപ്രഭുക്കളുടെയും അവരുടെ ഗുണ്ടകളുടെയും ശക്തമായ എതിർപ്പും മർദനവും അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടിവന്നു. എല്ലാ ഭീഷണികളെയും അതിജീവിച്ചുകൊണ്ട് അതിശക്തമായിത്തന്നെ അദ്ദേഹം പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി.
1939ൽ രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഇന്ത്യയിലെ രാഷ്‌ട്രീയ സ്ഥിതിഗതികളിൽ വലിയ മാറ്റമാണ് ഉണ്ടായത്. ഇന്ത്യൻ പ്രതിനികളോടാരോടും ആലോചിക്കാതെ ഇന്ത്യയും യുദ്ധത്തിൽ പങ്കെടുക്കുകയാണെന്ന് ബ്രിട്ടീഷ് വൈസ്രോയി പ്രഖ്യാപിക്കുകയായിരുന്നല്ലോ. യുദ്ധ പ്രഖ്യാപനത്തോടെ അവശ്യസാധനങ്ങളുടെ വില വലിയതോതിൽ കുതിച്ചുയർന്നു. ജീവിതച്ചെലവ് ഭീമമായി വർധിച്ചതോടെ ജനങ്ങൾക്കിടയിൽ കടുത്ത അസംതൃപ്‌തിയും വെറുപ്പും വളർന്നു. സാമ്രാജ്യത്വം അടിച്ചേൽപ്പിച്ച യുദ്ധത്തിനെതിരെ അതിവേഗം കമ്യൂണിസ്റ്റ് പാർട്ടി രംഗത്തുവന്നു. പാർട്ടിയുടെ ഔദ്യോഗിക മുഖപത്രമായ ദി കമ്യൂണിസ്റ്റിൽ പ്രസിദ്ധീകരിച്ച പ്രസ്‌താവനയിൽ യുദ്ധത്തിനെതിരെ രംഗത്തിറങ്ങാൻ കമ്യൂണിസ്റ്റ് പാർട്ടി ജനങ്ങളോടഭ്യർഥിച്ചു.
യുദ്ധത്തിനെതിരെ ജനങ്ങളെ അണിനിരത്താൻ കമ്യൂണിസ്റ്റുകാർ അഹോരാത്രം ജോലിചെയ്‌തു. അതിനായി ഇന്ത്യയൊട്ടാകെ പണിമുടക്കുകളുടെയും പ്രക്ഷോഭങ്ങളുടെയും വേലിയേറ്റം തന്നെ സംഘടിപ്പിച്ചു. അതോടെ ബ്രിട്ടീഷ് സർക്കാർ കമ്യൂണിസ്റ്റുകാർക്കെതിരായ വേട്ട ശക്തിപ്പെടുത്തി. പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും പാർട്ടിയുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെടുന്നവരെയുമെല്ലാം തിരഞ്ഞുപിടിച്ച് ആക്രമിക്കാൻ തുടങ്ങി. അതോടെ കമ്യൂണിസ്റ്റുകാർ ഒളിവിലാണ് പ്രവർത്തനങ്ങൾ നടത്തിയത്.
ഗുണ്ടൂർ ജില്ലയിലും പരിസരപ്രദേശങ്ങളിലും യുദ്ധവിരുദ്ധ പ്രവർത്തനങ്ങളിൽ ജനങ്ങളെ അണിനിരത്താൻ ബാപ്പനയ്യ കഠിനാധ്വാനം ചെയ്‌തു. പൊലീസിന്റെ നിരീക്ഷണത്തെയും വലവീശലിനെയും കർഷകത്തൊഴിലാളി കുടുംബങ്ങളുടെ പിന്തുണയേടെ പരാജയപ്പെടുത്താൻ അദ്ദേഹത്തിനു സാധിച്ചു.
സോവിയറ്റ് യൂണിയനുനേരെ ഹിറ്റ്‌ലറുടെ നാസി സൈന്യത്തിന്റെ ആക്രമണം 1941 ജൂൺ 22ന് ആരംഭിച്ചു. ഇതോടെ യുദ്ധത്തിന്റെയും ലോക രാഷ്‌ട്രീയത്തിന്റെയും സ്വഭാവം പാടേ മാറി. യുദ്ധത്തിന് ജനകീയ യുദ്ധത്തിന്റെ സ്വഭാവം കൈവന്നതായി കമ്യൂണിസ്റ്റ് പാർട്ടി നിരീക്ഷിച്ചു. ഫാസിസത്തിനെതിരായ യുദ്ധം വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകതയ്‌ക്കാണ് കമ്യൂണിസ്റ്റ് പാർട്ടി ഊന്നൽ നൽകിയത്.
യുദ്ധത്തിനെതിരായ കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടിൽ മാറ്റം വന്നതോടെ പാർട്ടിക്ക് മേലുള്ള നിയന്ത്രണം സർക്കാർ പിൻവലിച്ചു. അതോടെ ജയിലിൽ കഴിഞ്ഞിരുന്ന നേതാക്കളെയും പ്രവർത്തകരെയും മോചിപ്പിച്ചു. ഒളിവിൽ കഴിഞ്ഞ നേതാക്കൾക്ക് തെളിവിൽ പ്രവർത്തിക്കാൻ കഴിഞ്ഞു. ബാപ്പനയ്യയും പ്രവർത്തനങ്ങൾ ഊർജിതമാക്കി. കർഷകത്തൊഴിലാളികൾക്കും കർഷകർക്കുമിടയിൽ മാത്രമല്ല ട്രേഡ് യൂണിയൻ രംഗത്തും അദ്ദേഹം സജീവമായി ഇടപെട്ടു. നിരവധി ട്രേഡ് യൂണിയൻ സംഘടനകൾ രൂപീകരിക്കുന്നതിന് മുൻകൈയെടുത്തു.
1948 ഫെബ്രുവരി 28 മുതൽ മാർച്ച് 6 വരെ കമ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാം കോൺഗ്രസ് കൽക്കത്തയിൽ ചേർന്നു. ആ്രന്ധ്രയിൽനിന്നുള്ള പ്രതിനിധികളിൽ ബാപ്പനയ്യയും ഉണ്ടായിരുന്നു. 632 പ്രതിനിധികളാണ് ആ പാർട്ടി കോൺഗ്രസിൽ പങ്കെടുത്തത്. രണ്ടാം കോൺഗ്രസ് അംഗീകരിച്ച തീസിസിന്റെ പേരിൽ സർക്കാർ കമ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചു. അതോടെ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളും പ്രവർത്തകരും വീണ്ടും ഒളിവിൽ പ്രവർത്തിച്ചു.
1952 ഒക്ടോബർ ഒന്നിന് സംയുക്ത മദ്രാസ് സംസ്ഥാനത്തിലെ തെലുങ്കുഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ ഉൾപ്പെടുത്തി പ്രത്യേക നിയമസഭ രൂപീകരിച്ചു. അതോടെ ബാപ്പനയ്യയുടെ നിയമസഭാ മണ്ഡലം ഇവിടെയായി. ദിവി നിയമസഭാ മണ്ഡലത്തിൽനിന്നായിരുന്നു അദ്ദേഹം വിജയിച്ചത്. ഭാഷാ സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിലും അദ്ദേഹം സജീവമായിരുന്നു.
1962ലും 1978ലും നിഡുമോളു നിയോജകമണ്ഡലത്തിൽ നിന്ന് ബാപ്പനയ്യ ആന്ധ്രപ്രദേശ് നിയമസഭയിലേക്ക് വിജയിച്ചു. പാർലമെന്ററി പ്രവർത്തനത്തെ ഒരു കമ്യൂണിസ്റ്റുകാരന് സഹജമായ രീതിയിൽ ഫലപ്രദമായി ഉപയോഗിക്കാൻ അദ്ദേഹത്തിന് സാധിച്ചു. സാന്പത്തികമായും സാമൂഹികമായും അടിച്ചമർത്തപ്പെടുന്നവരുടെയും അരുകുവത്‌കരിക്കപ്പെടുന്നവരുടെയും ശബ്ദം നിയമസഭയിൽ പ്രതിഫലിപ്പിക്കുന്നതിൽ അദ്ദേഹം വിജയിച്ചു.
കമ്യൂണിസ്റ്റ് പാർട്ടിയിൽ റിവിഷനിസത്തിനെതിരെ ശക്തമായ നിലപാടാണ് അദ്ദേഹം എടുത്തത്. 1964ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിവന്ന 32 പേരിലൊരാൾ ജി ബാപ്പനയ്യയായിരുന്നു. സിപിഐ എം കെട്ടിപ്പടുക്കുന്നതിൽ മികച്ച സംഭാവന ചെയ്‌ത നേതാവാണ് അദ്ദേഹം.
1978 മാർച്ച് 25ന് ബാപ്പനയ്യ അന്തരിച്ചു. നിയമസഭാംഗമായിരിക്കെയാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്. l