മനുഷ്യൻ മനുഷ്യരോട് നേരിട്ട് വർത്തമാനം പറയുന്ന കലയുടെ രാഷ്‌ട്രീയ ദൃശ്യാത്മക പ്രത്യയശാസ്‌ത്ര സങ്കേത (രാഷ്‌ട്രീയ ഭൂമിശാസ്‌ത്രമായും കലയുടെ പടവിൽനിന്നും രാഷ്‌ട്രീയസത്യങ്ങളെ ദിശാസൂചകങ്ങളാക്കുന്ന സൂചകങ്ങളായും)മാണ് നാടകം എന്ന കല. (മാറിക്കൊണ്ടിരിക്കുന്നു). (വാസ്‌തവത്തിൽ വിശുദ്ധി കുറവാണെങ്കിലും, വിശുദ്ധീകരിക്കാൻ ചില വാസ്‌തവങ്ങൾ വിളിച്ചുപറയേണ്ടി വരും). അവിടെ തമാശകൾക്കുപോലും അലറിക്കരയുന്ന മുദ്രാവാക്യത്തിന്റെ കറുത്ത ചിരിയുടെ രക്തഭംഗിയുണ്ടാകും. അതുതന്നെയാണ് നാടകത്തിന്റെ പൊളിറ്റിക്കൽ സൗന്ദര്യശാസ്‌ത്രവും. ഇവിടെയൊരു മത്സരാധിഷ്‌ഠിത നാടകോത്സവം അരങ്ങേറുകയാണ്.
മത്സരസ്വഭാവത്തിനപ്പുറത്തേക്ക് സാമൂഹിക പ്രതിബദ്ധതയുടെ കൂട്ടായ്‌മകളാക്കാൻ സജ്ജരാക്കുകയും, നാടകത്തെ ആത്മാർഥമായി ഹൃദയത്തോട് ചേർത്തുനിർത്തുകയും ചെയ്യുന്ന ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ (ലൈബ്രറി കൗൺസിൽ നാടകോത്സവം പ്രതീക്ഷയുണർത്തുന്ന ഒന്നുതന്നെയാണ്.) ചിലത് ആകാശത്തിലെ നക്ഷത്രങ്ങൾപോലെ പൂത്തും മറ്റു ചിലത് ഭൂമിയിലെ പച്ചപ്പുപോലെ ആർദ്രവും വേറെ ചിലത് മരുഭൂമിയിൽ മഴക്കാടുകൾ തളിർത്തതുപോലെയും പ്രേക്ഷകഹൃദയങ്ങളിൽ മഴവില്ല് വിരിയിച്ചു. നവോത്ഥാന കേരളത്തിന്റെ കലാ‐സാഹിത്യ ദാർശനിക സൗന്ദര്യശാസ്‌ത്രബോധത്തെ നിരന്തരം പുനർനിർവചിച്ചും നവീകരിച്ചും പുരോഗമന രാഷ്‌ട്രീയ കേരളത്തിന്റെ ഗതിസഞ്ചാരവീഥികൾക്ക് വഴിവിളക്കുകൾ കത്തിച്ച ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സംസ്ഥാനതല സമിതി സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സംസ്ഥാന അമേച്വർ നാടകോത്സവ വേദിയാണ്. ബാഹ്യവും സ്ഥൂലവുമായ സാമ്പ്രദായിക ബൗദ്ധികവ്യായാമ വിമർശനങ്ങൾക്കപ്പുറം ഈ അരങ്ങിന്റെ കളിയാട്ടം പ്രതീക്ഷയുണർത്തുന്നതുതന്നെയാണ്.
രംഗപടം നാടകത്തിനുമേൽ ആധിപത്യം സ്ഥാപിക്കുന്ന നൂതന പ്രവണതകളിൽനിന്നും വ്യത്യസ്‌തമായി രംഗപടവും, രംഗോപകരണങ്ങളും നാടകങ്ങൾക്ക് അനുയോജ്യമാവുകയും, കൃത്യമായ അളവിൽ ഉപയോഗിക്കുകയും ചെയ്‌ത നാടകങ്ങൾകൊണ്ട് സന്പന്നമായി ഈ നാടകോത്സവം.
ആണധികാരത്തിനും, സാമൂഹിക വിവേചനത്തിനുമെതിരെ സ്‌ത്രീയുടെ സ്വത്വപ്രഖ്യാപനം, കാർഷികസംസ്‌കൃതി, ജീവിതത്തിനും, മരണത്തിനുമിടയിൽ സംഭവിക്കുന്ന ശിഥിലതയും ജീവിതത്തിന്റെ അനുഭവസത്യങ്ങൾ, ലിംഗരാഷ്‌ട്രീയം, സ്‌ത്രൈണബിംബങ്ങളുടെ കച്ചവടവത്‌കരണം, മതമാമൂലുകളുടെ പുരോഗമനവിരുദ്ധ നിലപാടുകൾ, ചരിത്രപുരുഷന്മാർ, പുരാണകഥാപാത്രങ്ങൾ, സമകാലികമായ വിഷയങ്ങൾ എന്നിവ പ്രമേയമാക്കി അവതരിപ്പിച്ച 13 നാടകങ്ങൾ.
പൊതുവേ ചരിത്രത്തെയും വർത്തമാനത്തെയും വിളക്കിച്ചേർക്കുന്നതിനും ക്രിയാത്മകതയും, കരുതലിന്റെ രാഷ്‌ട്രീയവും, സ്‌ത്രീശാക്തീകരണവും ജീവിതത്തിന്റെ നേർക്കാഴ്‌ചകളിലൂടെയും മുന്നേ പോകുന്നതിന് രചനകൾക്ക് സാധിച്ചിട്ടുണ്ട്. 13ൽ ഏകദേശം പത്തോളം നാടകങ്ങളിലെയും ചിട്ടപ്പെടുത്തലിന്റെ ക്രിയാപരത എടുത്തുപറയേണ്ടതാണ്. ആശയത്തെ തീക്ഷ്‌ണമായി അവതരിപ്പിക്കുന്നതിന് അഭിനേതാക്കൾക്ക് സാധിച്ചു. ചുരുക്കം ചില നാടകങ്ങളിൽ ഉപരിപ്ലവമായ അനാന്യൈ മുദ്രാവാക്യത്വര അഥവാ ആവർത്തിച്ചുവരുന്ന സ്‌റ്റേറ്റ്‌മെന്റ് സ്വഭാവവും അതിഭാവുകത്വത്തോടെയുള്ള അഭിനയവും രചനയിൽ മികച്ചതായിരുന്നെങ്കിൽ പോലും നാടകത്തിന്റെ ക്രിയാപരതയെ ആഹ്വാനത്തിന്റെ ആവർത്തനങ്ങളിലേക്ക് തള്ളിയിട്ടു.
പരിശീലനത്തിന്റെ അഭാവം ചില നാടകങ്ങളിൽ പ്രകടമായിരുന്നു. മൈക്കിനെ ചുറ്റിപ്പറ്റിയുള്ള അഭിനയപരത, പരസ്‌പരമുള്ള കൊടുക്കൽവാങ്ങലുകളുടെ അഭാവം, ശബ്ദനിയന്ത്രണം, സംഗീതത്തിന്റെ ശരിയായ പ്രയോഗം, പ്രകാശവിന്യാസത്തിന്റെ ഏറ്റക്കുറച്ചിലുകൾ ഇവയെല്ലാം കുറവുകളായി മനസ്സിലാക്കി തിരുത്തി മുന്നോട്ടുപോകേണ്ടതായിട്ടുണ്ട്.
നാടകത്തിൽ സംവിധായകന്റെ ദൃശ്യവ്യാഖ്യാനാത്മകതയും ഭാവാത്മക ഇടപെടലും രംഗരൂപരേഖയും കൃത്യമായ ഒരു അലക്ഷ്യതലമെങ്കിലും ഗുണപരമായി നാടകങ്ങൾക്ക് ഉണ്ടാക്കിയോ എന്ന ഗൗരവമായ ഒരു പരിശോധന നടക്കേണ്ടതായിട്ടുണ്ട്. അത്തരത്തിൽ നാടകങ്ങളിൽ സംവിധായകൻ സ്വീകരിച്ച ശരിയെയും, തെറ്റിനെയും മാനിച്ചുകൊണ്ടുള്ള സൂക്ഷ്‌മമായ അവലോകനമായിരുന്നു. വിധികർത്താക്കളുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത് എന്നു കാണാം. ശ്രീ ടി പി രാജഗോപാൽ, ശ്രീ. മനോജ് നാരായണൻ, ശ്രീമതി, എൻ എസ് താര എന്നിവരായിരുന്നു വിധികർത്താക്കൾ. തിരിച്ചറിവുകൾ, റിയാന്റെ കിണറുകൾ, കായൽകഹാനി, ദ്വയം, കാരാമ, ബഷീറും ഫാബിയും ചില കഥാപാത്രങ്ങളും, കളിയാട്ടം, വാറങ്കൽ, മഹാകവി കുമാരനാശാൻ, ഹാപ്പി ഡെത്ത്, മണ്ണോർപ്പാട്ട്, ഒന്നാം പ്രേതലഹള, പെൺപൊറാട്ട് എന്നിവയായിരുന്നു ഈ 13 നാടകങ്ങൾ. ഇതിൽ ഒരു നാടകം റെക്കോർഡഡ് ആയിരുന്നു. നാടകം റെക്കോർഡഡ് ആയതുകൊണ്ട് തന്നെ കൈകാലുകൾ ചങ്ങലയിൽ ബന്ധിക്കപ്പെട്ട ഒരു നാടകത്തിന്റെ ശ്വാസംമുട്ടലായി അവതരണം തീർന്നു. (യന്ത്രങ്ങളാക്കി മാറ്റുകയല്ല വേണ്ടത് യാന്ത്രികതയ്‌ക്കപ്പുറം) യാന്ത്രികതയല്ല ജൈവീകതയുടെ സാദ്ധ്യത തിരഞ്ഞുപോകലാണ് നാടകത്തിന്റെ ദൗത്യം എന്നുകൂടി ഓരോ സംഘവും തിരിച്ചറിയേണ്ടതുണ്ട്.
നിർണയത്തിന് അധ്വാന നൽകിയ നടീനടന്മാരെയും ബാലതാരങ്ങളെയും എടുത്തുപറയേണ്ടതു തന്നെയാണ്. കായൽ കഹാനിയിലെ കായൽ, കാളിയമ്മ, അവറാച്ചൻ മുതലാളി, ദ്വയത്തിലെ ബാലി, മാതു, ബഷീറും, ഫാജിയും, വാറങ്കലിലെ സാമയ്യയും, ഭാര്യയും, മകളും മഹാകവി കുമാരനാശാനിലെ കുമാരനാശാൻ, ശ്രീനാരായണഗുരു, കളിയാട്ടത്തിലെ നടന്മാർ. ഹാപ്പി ഡെത്തിലെ പ്രധാന കഥാപാത്രം മേലമൽ, മറ്റ് അഭിനേതാക്കൾ, കാരാമയിലെ നടീനടന്മാർ, ജൈവീകതയുടെ മുഴുവൻ ഊർജവും ആവാഹിച്ച് അഭിനയിച്ച ഒന്നാം പ്രേതലഹളയിലെ കോറസ്, പെൺപൊറാട്ടിലെ കലാകാരർ ഇവിടെ ശരീരരാഷ്‌ട്രീയത്തിനെയും നിശബ്ദതയുടെ സൗന്ദര്യബോധത്തെയും പ്രേക്ഷകരിലേക്ക് ഗുണപക്ഷോയി വിനിയോഗിക്കാൻ അഭിനേതാക്കൾക്ക് കഴിഞ്ഞു. കായൽ കഹാനിയിലെ കാളിയും ബഷീറും ഫാബിയും ചില കഥാപാത്രങ്ങളിലെ ഫാബിയും മികച്ച അഭിനേത്രികളായി തിരഞ്ഞെടുക്കപ്പെട്ടു.
വാറങ്കൽ എന്ന നാടകത്തിലെ ‘സാമയ്യ’ മികച്ച നടനായി.
മണ്ണേർപ്പാട്ടിലെ കുട്ടികൾ മികച്ച ബാലതാരങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.
കടൽ കടന്ന് പോകണം, യാത്രകൾ ചെയ്യണം, കഥാപാത്രങ്ങൾ യാത്ര ചെയ്യും, അവർ സഞ്ചരിച്ച ഇടങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകും, ആ യാത്രയാണ്, ആ അക്ഷരങ്ങളെയാണ് അതിന്റെ സത്യത്തെയാണ് ഭരണാധികാരികൾ ഭയക്കുന്നത്. അതുകൊണ്ട് അവർ തീരുമാനിക്കുന്നു, കഥാപാത്രങ്ങൾ സഞ്ചരിക്കാൻ പാടില്ല.
ഓർമകൾ ഒരിക്കലും കൊല്ലപ്പെട്ടിട്ടില്ല. ഓർമകൾ സഞ്ചരിക്കുന്ന ചരിത്രമാണ്. അതിനെ ഭരണകൂടം മയപ്പെടണം. സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഭരണാധികാരം എല്ലാ ശക്തിയുമാവാഹിച്ച് ജനങ്ങൾക്കുമേൽ രഥചക്രമുരുട്ടുമ്പോൾ, ചിതറിത്തെറിക്കുന്ന, പാർശ്വവത്‌കരിക്കപ്പെടുന്നവരുടെ സ്വപ്‌നങ്ങൾക്ക് നാവുകളാകണം. കലയും ചിന്തയും.
മതവർഗീയതയുടെ അധികാരം കൈയാളലുകൾക്കെതിരെ, വർത്തമാനകാലത്തെ സാമൂഹ്യ വെല്ലുവിളികളെ അതിജീവിക്കാൻ ചെറുത്തുനിൽപിന് സമയമായെന്ന് പുതുതലമുറയെ ഓർമിപ്പിച്ചുകൊണ്ടും, അധികാരത്തിന്റെ വലിയ ഒച്ചയിൽ ചതഞ്ഞരയുന്ന ചെറുശബ്ദങ്ങളെ ഉയർത്തിക്കാട്ടിയ കൊല്ലം ജില്ലാ ലൈബ്രറി കൗൺസിലിൻെറ ‘കാരാമ’ എന്ന നാടകം ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഈ നാടകത്തിന്റെ സംവിധായകൻ ശ്രീ. മോഹൻരാജ് പി എൻ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നമയം, മികച്ച അവതരണം എന്നീ അവാർഡുകളും ഈ നാടകം കരസ്ഥമാക്കി. കതിർവിളയുന്ന പാടത്ത് കോർപറേറ്റ് സംസ്‌കാരത്തിന്റെ മോഹവലയത്തിൽപെട്ട് പരുത്തികൃഷി ചെയ്യേണ്ടിവരികയും, കഠിനാധ്വാനം ചെയ്‌ത് പൊന്ന് വിളയിച്ചപ്പോൾ ഉപഭോഗ കമ്പോളം കർഷകന്റെ കനവുകൾക്കും ജീവിതത്തിനുതന്നെയും ഒരു തുള്ളി വിലപോലും കൽപിക്കാത്ത അവനെ ആത്മഹത്യയിലേക്കും തള്ളിവിടുന്നു. ആന്ധ്രപ്രദേശിലെ വാറങ്കലിലെ പരുത്തി കർഷകരുടെ ജീവിതകഥ വളരെ തീവ്രമായി ആവിഷ്‌കരിച്ച കാസർകോട് ജില്ലയിലെ ‘മാറങ്കൽ’ എന്ന ഹൃദയസ്‌പർശിയായ നാടകത്തിനായിരുന്നു രണ്ടാംസ്ഥാനം ലഭിച്ചത്. ചന്ദ്രൻ കരുവാക്കോട് സംവിധായകനുള്ള സ്‌പെഷ്യൽ ജൂറി പുരസ്‌കാരം, മികച്ച നടൻ, മികച്ച പ്രകാശവിതാനം എന്നിവയും ഈ നാടകം കരസ്ഥമാക്കി.
മരണം നാടകത്തിന്റെ കഥാതന്തുവായി സ്വീകരിക്കുകയും, ജീവിതത്തിന്റെ നേർക്കാഴ്‌ചകളടെ വിതാനവിഹായസിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോയ നാടകമായിരുന്നു ഹപ്പി ഹെത്ത്. അരക്ഷിതമായ ഒരു കാലഘട്ടത്തിൽ വിഭ്രമത്തിന്റെ നിലയില്ലാക്കയത്തിലേക്ക് നാം എടുത്തുചാടേണ്ടതില്ല എന്നും, മത്സരത്തിന്റെ ഭാവം മനുഷികമല്ലെന്നും, അവസാനം എത്തിച്ചേരേണ്ട ഒരു തുരുത്ത് മരണത്തിന്റേതാണെന്നും രംഗാവിഷ്‌കാരത്തിലൂടെ ‘ഹാപ്പി ഡെത്ത്’ പറഞ്ഞുവെക്കുന്നു.
രംഗഭൂമികയിൽ പരീക്ഷണാർഥമുള്ള ഒരു ചുവടുവെച്ച നാടകമായിരുന്നു ഒന്നാം പ്രേതലഹള, ഉത്സാഹോർം, സമയത്തിന്റെ കൃത്യത, ശബ്ദനിയന്ത്രണം എന്നിവയുള്ള കോറസ് ആണ് ഈ നാടകത്തിന്റെ ശക്തിയായി തോന്നിയത്. മരണത്തിന്റെ അന്വേഷണാത്മകതയും, മരിച്ചുപോയവർക്ക് കട്ടൊതെപോയ നീതിയെയും സൂക്ഷ്‌മമായി അവതരിപ്പിച്ചു. ഉണ്ടാകുന്ന ഓരോ മരണവും കൊലപാതകങ്ങളാണ് എന്നും രഹസ്യങ്ങളുടെ വിശ്വാസ്യതയിൽ പരസ്യത്തിന്റെ കുറുക്കനാണ് ഒളിഞ്ഞിരിക്കുന്നതെന്നും കഥ പറഞ്ഞുവെയ്‌ക്കുന്നു. നഗ്നതയുടെ രാഷ്‌ട്രീയം ശാരീരികചലനങ്ങളിലൂടെ രംഗഭാഷയിൽ ഉപയോഗിച്ചു. രംഗപടം ജീവിതസാഹചര്യങ്ങളാക്കുന്നതിൽ സംവിധായകൻ വഹിച്ച പങ്ക് ശ്രദ്ധേയമായി. ഊർജം കൂടുമ്പോഴുള്ള അതിഭാവു്വേം ചിലയിടങ്ങളിൽ അരോചകമാകാതെ ശ്രദ്ധിക്കേണ്ടതൊഴിച്ചാൽ നാടകസങ്കേതങ്ങൾ കൊണ്ടും പ്രമേയം, സംവിധായക മികവുകൊണ്ടും ശ്രദ്ധേയമായ നാടകം തന്നെയായിരുന്നു ‘ഒന്നാം പ്രേതലഹള’.
വൈകാരികമായ മുഹൂർത്തങ്ങളിലെ വേദന പ്രേക്ഷകരിലേക്ക് വിന്യസിക്കാനുള്ള ശ്രമം നടത്തിയ കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ അവതരിപ്പിച്ച ‘ഹാപ്പി ഡെത്ത്’, എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ അവതരിപ്പിച്ച ‘ഒന്നാം പ്രേതലഹള’ എന്നീ രണ്ട് നാടകസംഘങ്ങൾക്കും മൂന്നാംസ്ഥാനം ലഭിച്ചു.
ഹൃദയത്തിന്റെ ഉദ്യാനത്തിൽ ഓർമകളുടെ വസന്തം വിരിയിക്കുന്ന, ഭാവിയുടെ വഴികളിൽ നാടകമെന്ന കലകൊണ്ട് മനുഷ്യനെ മനുഷ്യനാക്കി നിലനിർത്തുവാൻ സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച നാടകോത്സവം നാടക പ്രണയികൾക്ക് തീർച്ചയായും ഒരു വഴികാട്ടി തന്നെയാണ്. l