സാമൂഹിക ഇടകലരലുകളിൽ (Intersectionality) കേന്ദ്രികരിച്ചിരിക്കുന്ന കഥകളാണ് പുണ്യ സി. ആറിന്റെ കൊളം കര കൊളം എന്ന ചെറുകഥാ സമാഹാരത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.
ജാതി, വർഗ്ഗം, തൊഴിൽ, ജൻഡർ മുതലായവയുടെ ഭാരം ചുമക്കുന്ന സാമൂഹിക ശരീരങ്ങളാണ് പുണ്യയുടെ കഥാപാത്രങ്ങൾ. സ്ത്രീജീവിതങ്ങൾക്ക് നേരെയുള്ള ഏകീകൃത വീക്ഷണത്തെ വൈരുദ്ധ്യവും ബഹുത്വവും ഉൾക്കൊള്ളുന്ന പാളികളുള്ളതും ഭാവനാത്മകവുമായ ആഖ്യാനത്തിലൂടെ അപനിർമ്മിക്കുന്നു എന്നതാണ് കൊളം കര കൊളമിലെ കഥകളെ ആകർഷകമാക്കുന്നത്. ‘പുതിയ കാലഘട്ടത്തിന്റെ കഥകൾ’ എന്ന് ബെന്യാമിൻ ഈ കഥകളെ വിശേഷിപ്പിക്കുന്നുണ്ട്, ഇതിനെ കൂടുതൽ താത്പര്യമുണർത്തുന്നതാക്കുന്നത് ലിബറൽ സ്ത്രീവാദത്തിന്റെ കേവല വാദങ്ങളിലേക്ക് പുണ്യ വീണുപോകുന്നില്ല എന്നിടത്താണ്. വിവിധ രീതികളിൽ അരികുവൽകരിക്കപ്പെട്ട സ്ത്രീകളുടെ അപരവത്കരണത്തെ പറ്റിയും, അവരുടെ സ്വതന്ത്രമായ കർതൃത്വം വികസിക്കുന്നതിനെ കുറിച്ചുമുള്ള സൂചനകൾ ധാരാളം കഥകളിലുണ്ട്.
“ഓൾ എബൗട്ട് ലവ്” എന്ന പുസ്തകത്തിൽ, ബെൽ ഹുക്ക്സ് പുരുഷാധിപത്യം സ്ത്രീകളെ പഠിപ്പിക്കുന്നത് സ്നേഹം നേടേണ്ടത് സഹനത്തിലൂടെയും ത്യാഗത്തിലൂടെയും, സ്വന്തം അസ്ഥിത്വം നഷ്ടപ്പെടുത്തുന്നത്തിലൂടെയും ആണെന്ന് ബെൽ ഹുക്ക്സ് എഴുതിയിട്ടുണ്ട്. ബ്രേക്കപ്പ് പാർട്ടി എന്ന കഥയിലും തെളിയുന്നത് അതുതന്നെയാണ്. ആശ എന്ന പെൺകുട്ടിയുടെ ബ്രേക്കപ്പ് പാർട്ടിയോട് കൂടിയാണ് കഥ ആരംഭിക്കുന്നത്, ബ്രേക്കപ്പ് പാർട്ടി എന്ന ലളിതമായ ഘട്ടത്തിൽ നിന്ന് കഥ അവളുടെ ജീവിതത്തിലേക്കും മുൻ ബ്രേക്കപ്പുകളിലേക്കും അവയുടെ മറഞ്ഞിരിക്കുന്ന കാരണങ്ങളിലേക്കും പതുക്കെ സഞ്ചരിക്കുന്നു. എട്ട് ബ്രേക്കപ്പുകൾ പിന്നിട്ട് ഒമ്പതാമത്തെ ബ്രേക്കപ്പിന്റെ പാർട്ടിയിൽ എത്തി നിൽക്കുമ്പോൾ, പതിവായി മുൻ കാമുകൻമാരെയെല്ലാം കുറ്റപ്പെടുത്തുന്ന സുഹൃത്തുക്കൾ തന്നെയാണ് ഈ തവണ അവളുടെ കാമുകനെ ന്യായീകരിച്ച്, അവന്റെ ‘ഗുണഗണങ്ങൾ’ പറഞ്ഞ് ആശ വീണ്ടും ബന്ധത്തിലേക്ക് മടങ്ങണമെന്ന് പ്രേരിപ്പിക്കുന്നത്. അവളുടെ ചിന്തകളിലൂടെയും ഓർമ്മകളിലൂടെയും കഥ തുറക്കുമ്പോൾ, സമ്പൂർണ്ണമായി വ്യക്തിഗതമായതായി തോന്നുന്ന ഒരു ബ്രേക്കപ്പിന്റെ കാരണം, വാസ്തവത്തിൽ സ്ത്രീകളുടെ അനുഭവങ്ങളെ ചുറ്റിപ്പറ്റിയുള്ള വലിയ സാമൂഹിക ഘടനകളിലേക്ക് വിരൽ ചൂണ്ടുന്നു. ഇത് ബെൽ ഹൂക്ക്സ് പറയുന്ന, സ്ത്രീകളുടെ വേദനയെ ‘സ്വാഭാവികമാക്കുന്ന’ സംസ്കാരത്തിന്റെ ഒരു മുഖമാണ്. പിന്നീട് അവൾ സുഹൃത്തായ സ്റ്റെല്ലയോട് അതിന്റെ കാരണം വെളിപ്പെടുത്തുമ്പോൾ, അവന്റെ മുഖമപ്പോൾ അവളുടെ അച്ഛന്റേതു പോലെയിരുന്നെന്നുപറയുന്നുണ്ട്. തന്റെ കുട്ടിക്കാലത്തെക്കുറിച്ചും അച്ഛനിൽ നിന്നും അമ്മയ്ക്ക് ഏൽക്കേണ്ടി വന്ന പീഡനങ്ങളെക്കുറിച്ചും അമ്മയുടെ മരണം അവളിൽ ഏൽപ്പിച്ച ആഘാതത്തെക്കുറിച്ചുമെല്ലാം വേദനയോടെ പറയുന്നു. കൈകൾ കഴുകി വാഷ്ബേസിനിലെ കണ്ണാടിയിൽ നോക്കുമ്പോൾ ഇറുകിപ്പുണരാനുള്ള ആവേശത്തോടെ അമ്മ കൈകൾ തന്റെ നേർക്ക് നീട്ടുന്നതായി ആശയ്ക്ക് തോന്നുന്നതോടെയാണ് കഥ അവസാനിക്കുന്നത്. തലമുറകൾ കൈമാറി ലഭിച്ച ഈ ട്രോമയിൽ (intergenerational trauma) നിന്ന് കരകയറാനുള്ള ശ്രമമാണ് ഇവിടെ ചിത്രികരിക്കുന്നത്. ഈ തലമുറകൾ കൈമാറുന്ന വൈകാരിക മുറിവുകളുടെ അഘാതത്തിന്റെ ചക്രം തകർക്കുന്നതിന്റ ആദ്യ പടി എന്നത് ഇത് തങ്ങളുടെ വ്യക്തിപരാമായ പരാജയമല്ല മറിച്ച്, വ്യവസ്ഥാപരാമായ പ്രശ്നങ്ങളാണ് എന്ന തിരിച്ചറിവാണ്. ഈ തിരിച്ചറിവും ട്രോമയിൽ നിന്നുള്ള വിമോചനവുമാണ് അവസാനഭാത്ത് ചിത്രികരിക്കപ്പെടുന്നത്. തമിഴ് സിനിമ ‘ബാഡ് ഗേളിലും’ സമാനമായ രംഗം കാണാം. ഇത്തരം മുറിവുകളെ സാമാന്യവത്കരിക്കുന്ന ഒരു സംവിധാനത്തെയും സമൂഹത്തെയും കൂടെയാണ് പുണ്യ ഇവിടെ തള്ളി കളയുന്നത്.
ഈ കഥയോട് ചേർത്തുവയ്ക്കാവുന്നതാണ് ‘ലാലി’. ലാലി തന്റെ മുൻ കാമുകനായ നരേന്ദ്രന്റെ വീട്ടിലേക്ക് എത്തുന്നതാണ് കഥാപരിസരം. ഒരു എടുത്തുചാടിയുള്ള സന്ദർശനമായി കാണക്കാക്കാവുന്ന കഥ, ഓർമ്മകൾ, വർഗ്ഗം, ജൻഡർ, സാമൂഹിക പദവി എന്നിവയുടെ പാളികളടങ്ങിയിരിക്കുന്ന ഒരു പര്യവേക്ഷണത്തിലേക്ക് കടക്കുന്നു.
ലാലി ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുമ്പോൾ, അവളുടെ ഓർമ്മകൾ തന്റെ ഭൂതകാലത്തിലേക്ക് കടക്കുന്നു, നരേന്ദ്രൻ, വെളുത്ത, മെലിഞ്ഞ, വിദ്യാസമ്പന്നനായ സാമൂഹിക ചലനശേഷിയുള്ള ഒരാൾ. അതേസമയം ഇരുണ്ട കണ്ണുകളുള്ള, ദരിദ്രയായ, സാമൂഹികമായി പാർശ്വവൽക്കരിക്കപ്പെട്ട ലാലി. ഇരുവരുടെയും പ്രണയം പൂത്തുലഞ്ഞ് നിൽക്കുമ്പോഴാണ് നരേന്ദ്രൻ, ഉന്നതപഠനത്തിനായി നഗരത്തിലേക്ക് പോകുന്നത്. എന്നിരുന്നാലും എല്ലാ മാസവും അയാള്‍ ലാലിയെ കാണാനെത്തിയിരുന്നു. നരേന്ദ്രന് പട്ടണത്തില്‍ ജോലി കിട്ടി വീടും സ്ഥലവും വിറ്റ് പട്ടണത്തിലേക്ക് ചേക്കേറിയപ്പോള്‍ തിരികെ വന്ന് ലാലിയെ കൊണ്ടു പോവുമെന്ന് വാക്ക് കൊടുത്തിരുന്നുവെങ്കിലും അത് നടപ്പായില്ല. വർഷങ്ങൾക്ക് ശേഷം ഇരവരും കണ്ടുമുട്ടുമ്പോൾ നരേന്ദ്രൻ ഡി.ഇ.ഒ.യും ലാലി സ്കൂളിലെ പാചകതൊഴിലാളിയുമാണ്. ഈ സമയത്ത് സഹപ്രവർത്തകരുടെ മുന്നിൽ ദയ കാണിക്കാൻ മാത്രമാണ് അയാൾ അവളെ വീട്ടിലേക്ക് ക്ഷണിക്കുന്നത്, എന്നാൽ ക്ഷണിക്കപ്പെട്ടതുപോലെ വീട്ടിലെത്തുന്ന ലാലിയുടെ വരവ് നരേന്ദ്രന്റെ പുതിയ ഗാർഹിക ലോകത്തിന്റെ ദുർബലമായ ക്രമത്തെ അസ്വസ്ഥമാക്കുന്നു. പുണ്യ നരേന്ദ്രന്റെ അസ്വസ്ഥതയെ മൂർച്ചയുള്ളതും ഏതാണ്ട് ഹാസ്യാത്മകവുമായ കൃത്യതയോടെ അവതരിപ്പിക്കുന്നു. കഥയുടെ വൈകാരിക കേന്ദ്രം നിലനിക്കുന്നത് നരേന്ദ്രന്റെ ഭാര്യ സീമയും തമ്മിലുള്ള അപ്രതീക്ഷിത ബന്ധത്തിലാണ്. പാചകം ചെയ്തും, സംസാരിച്ചും, പാട്ടുപാടിയും, അടുത്തടുത്തായി ഉറങ്ങിയും, പുരുഷാധിപത്യത്തിന് ഒരിക്കലും സാധ്യമല്ലാത്ത ഒരു ആർദ്രതയാണ് ഈ സ്ത്രീ സൗഹൃദം കാണിക്കുന്നത്. സീമയുടെ നിറംക്കെട്ടതും പരിമിതവുമായ ജീവിതം ലാലിയുടെ സ്വയം തിരഞ്ഞെടുത്ത സ്വാതന്ത്ര്യത്തിനും, ക്ഷമാപണമില്ലാതെ ലോകത്തിലൂടെ സഞ്ചരിക്കാനുള്ള അവളുടെ കഴിവിനും തികച്ചും വിരുദ്ധമാണ്. കഥയുടെ അവസാന വരികൾ ഒരു വിധിന്യായത്തിന്റെ വ്യക്തതയോടെ സ്പർശിക്കുന്നു. “നീ എന്നെ ഉപേക്ഷിച്ചത് നന്നായി. നീ ഒരിക്കലും സ്ത്രീകളെ മനസ്സിലാക്കിയില്ല” എന്ന് ലാലി നരേന്ദ്രനോട് പറയുമ്പോൾ അവൾ കയ്പോടെയല്ല സംസാരിക്കുന്നത് ഒരു വിമോചിക്കപ്പെട്ട സ്വത്വത്തോടെയാണ്. ഒരിക്കൽ അവളെ ഉപേക്ഷിച്ച പുരുഷൻ, താൻ ഒരിക്കലും കാണാൻ ശ്രമിക്കാത്ത ഒരു ജീവിതത്തിന്റെ ആഴം മനസ്സിലാക്കാൻ കഴിയാതെ “ഒരു പാവയെപ്പോലെ” മരവിച്ചു നിൽക്കുന്നു. പുരുഷാധിപത്യ-ഫ്യൂഡൽ വ്യവസ്ഥകൾ സൃഷ്ടിച്ച മൂല്യവ്യവസ്ഥകളെ തള്ളികളയുന്ന ലാലി ഒരു ശക്തമായ സ്ത്രീകഥാപാത്രമാവുകയാണ്. ജീവിതവിജയത്തെ സംബന്ധിച്ച ലിബറൽ സങ്കൽപ്പങ്ങളും ഇവിടെ റദ്ദു ചെയ്യപ്പെടുകയാണ്. നരേന്ദ്രന്റെ വീട്ടില്‍ നിന്ന്‌പോകാന്‍ നേരത്ത് അയാളുടെ മകളോട് ‘നന്നായി പഠിച്ചേക്കണം കേട്ടോ, കല്യാണമൊന്നും കഴിച്ചേക്കല്ല. കൊറേ ഊര് ചുറ്റണം എന്ന് പറയുന്നിടത്ത് പെണ്ണിന് സന്തോഷത്തോടെ ജീവിക്കാന്‍ പുരുഷന്‍ ഒരു അവിഭാജ്യഘടകമല്ലെന്ന കൃത്യമായ ബോധ്യമാണ് പ്രകടമാകുന്നത്. ചുറ്റുമുള്ള പുരുഷന്മാർ കാലഹരണപ്പെട്ട അധികാര സംഹിതകളിൽ കുടുങ്ങിക്കിടക്കുമ്പോഴും, സ്ത്രീകൾ അവരുടെ ജീവിതത്തിന്റെ വൈകാരിക വ്യാകരണം മാറ്റിയെഴുതുന്നതിനെക്കുറിച്ചുള്ള ഒരു കഥയായി “ലാലി” മാറുന്നു.

സാമൂഹികപ്രസക്തിയും രചനാവൈഭവവും ഒരുമിച്ച് ചേരുന്ന കഥകളാണ് ഈ പുസ്‌തകത്തിലേത് എന്ന് ബെന്യാമീൻ അവതാരികയിൽ പറയുന്നുണ്ട്. ഇത് ഏറ്റവും പ്രകടമാവുന്നത് വാട, കൊളം കര കൊളം, അടക്കം എന്നീ കഥകളിലാണ്. ഇവയെ തീർച്ചയായും കീഴാളപക്ഷ രചനകളെന്നോ, കീഴാള സ്ത്രീപക്ഷ രചനകളെന്നോ വിശേഷിപ്പിക്കാം. മനുഷ്യവിസര്‍ജ്യം വൃത്തിയാക്കുന്നതില്‍പ്പോലും ശക്തമായ ജാതിവ്യവസ്ഥ നിശ്ചയിക്കപ്പെട്ടിരിക്കുന്ന നാടാണ് ഇന്ത്യ. അതുകൊണ്ടാണ് പലപ്പോഴും ശുചിത്വപ്രശ്നവും ജാതിയും ഒരുമിച്ച് ചര്‍ച്ചചെയ്യേണ്ടിവരുന്നത്. ജാതിവ്യവസ്ഥയ്ക്കകത്ത് നിലനില്‍ക്കുന്ന വിഭിന്ന ജോലികളില്‍ ഏറ്റവും അധമമെന്ന് കരുതുന്നതാണ് വിസര്‍ജ്യം കോരുന്ന ജോലി-അഥവാ തോട്ടിപ്പണി (manual scavenging). ഇന്ത്യയില്‍ നിയമം മൂലം തോട്ടിപ്പണി നിരോധിച്ചിട്ടുണ്ടെങ്കിലും ജാതീയമായ കാരണങ്ങളാല്‍ അടുത്ത തലമുറ ഈ പണി തുടരാന്‍ നിര്‍ബന്ധിതരാകുന്നു.
മുൽക്ക് രാജ് ആനന്ദ്, ഓം പ്രകാശ് വാൽമീകി മുതലായവരുടെ രചനകൾ വരെ ഈ അക്രമത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്. ഇത് ഒറ്റപ്പെട്ട തൊഴിൽ പ്രതിസന്ധിയല്ല മറിച്ച് ഇന്നും നിലനിൽക്കുന്ന ജാതി വ്യവസ്ഥ ബാല്യത്തെയും ഓർമ്മയെയും ശരീരത്തെയും തന്നെയും രൂപപ്പെടുത്തുന്ന ഒരു വ്യവസ്ഥാപരമായ പ്രതിസന്ധിയായി അവതരിപ്പിക്കപ്പെടുന്നു.ഈ തൊഴിൽ പശ്ചാത്തലത്തിൽ
ജനിക്കുന്ന കുട്ടികളെ കേന്ദ്രീകരിച്ചുള്ള അഖ്യാനം, ജാതി ദൈനംദിന ജീവിതത്തിലൂടെ എങ്ങനെ പുനർനിർമ്മിക്കപ്പെടുന്നുവെന്ന് വെളിപ്പെടുത്തുന്നു, ഇത് വാടയെ ശക്തമായ ഒരു സാഹിത്യകൃതിയും സമൂഹത്തിനെതിരായ ഒരു കുറ്റപത്രവുമാക്കുന്നു.
ഇതുപോലെ തന്നെ വായനക്കാരെ അസ്വസ്ഥരാക്കുന്ന കഥയാണ് “കൊളം കര കൊളം”. കുടുംബങ്ങളിലും അയൽപക്കങ്ങളിലും വിശ്വാസ്യതയുള്ള അക്കപ്പു മാമൻമാർ പെൺകുട്ടികളെ ഒരു “പുതിയ കളി” പഠിപ്പിക്കാൻ വേണ്ടി സമീപിക്കുന്ന ഒരു ലോകത്താണ് കഥ വികസിക്കുന്നത്, ഏറ്റവും സുരക്ഷിതമായിരിക്കേണ്ട വീടുകളിൽ പോലും കുട്ടികൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്നത് എങ്ങനെയെന്ന് ഇത് വെളിപ്പെടുത്തുന്നു. മുൻപ് മാധവി കുട്ടി, പ്രമോദ് രാമൻ, എൻ. എസ്. മാധവൻ, മാനസി, ബെന്യാമീൻ, റിയാ ഫാത്തിമ തുടങ്ങിയ എഴുത്തുകാരുടെ കഥകളിൽ ഈ പ്രമേയം കടന്നു വരുന്നുണ്ട്. എന്നാൽ കഥയുടെ ആഖ്യാനാവും സാമൂഹിക പരിസരവും ‘കൊളം കര കൊളം’ എന്ന കഥയെ വ്യത്യസ്തമാക്കുന്നു. ഇവിടെ വേട്ടക്കാരൻ തന്നെ ധാർമ്മികതയുടെ ഒരു മുഖം മൂടി അണിഞ്ഞ് നടക്കുന്ന അവസ്ഥാണ് തുറന്നുകാട്ടുന്നത്, അതേസമയം പരിചയം, അടിച്ചേൽപ്പിക്കപെടുന്ന നിശബ്ദത, ബന്ധങ്ങൾ, വിശ്വാസം എന്നിവയിലൂടെ അക്രമം സാധാരണവൽക്കരിക്കപ്പെടുന്നു. കഥ വായിക്കുമ്പോൾ ഭയാനകമായ ഒരനുഭവമാണ് ഉണ്ടാവുന്നത്. ഈ അനുഭവത്തെ കൂടുതൽ തീവ്രമാക്കുന്നത് ഇത് മറിച്ച് നമ്മുടെ സ്വന്തം വീടുകളിലും സാമൂഹിക ഘടനകളിലും പതിഞ്ഞുകിടക്കുന്ന ഒരു അനുഭവപരതയിൽ നിന്നാണ് ഈ കഥ രൂപപ്പെടുന്നത് എന്നതാണ്.
കുഞ്ഞുമേരിയും റൂമിയും” എന്ന കഥ ബാല്യത്തിലെ സ്നേഹത്തിന്റെ അഭാവത്തെയും അത് സൃഷ്ടിക്കുന്ന അനിശ്ചിതത്വങ്ങളെയും ഉത്കണ്ഠകളെയുമാണ് ചിത്രീകരിക്കുന്നത്. വാത്സല്യത്തിനും സ്നേഹത്തിനുമുള്ള ആഗ്രഹം ഉയർന്നു നിൽക്കുന്ന ഈ പ്രായത്തിൽ, താൻ സ്നേഹിക്കപ്പെടുന്നുണ്ടോ എന്ന് കുഞ്ഞുമേരി സ്വയം ആവർത്തിച്ച് ചോദിക്കുന്നത്. അതുകൊണ്ട് തന്നെയാണ് റൂമിയുടെ പേര് അവളുടെ നോട്ട്ബുക്കുകളുടെ അരികുകളിൽ നിറഞ്ഞുനിൽക്കുന്നത്. കുഞ്ഞുമേരി റൂമിയെ തന്റെ ഉള്ളിൽ കൊണ്ടുനടക്കുന്നു, ജീവിതകാലം മുഴുവൻ മുറുകെ പിടിക്കുന്നു.
സ്ത്രീത്വപരമായ ആത്മനിഷ്ഠതകളിലെ ചരിത്രപരമായ മാറ്റം ഈ കഥകളിൽ പ്രകടമാണ്, ലിംഗപരമായ പെരുമാറ്റ ചട്ടങ്ങൾ വർത്തമാനകാലത്ത് എങ്ങനെ പുനർനിർമ്മിക്കപ്പെടുന്നു എന്ന് കാണിക്കുന്നു. നിർണായകമായി, സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ വ്യക്തിഗത തിരഞ്ഞെടുപ്പിന്റെയോ, സ്വയം-ഫാഷനിംഗിന്റെയോ, അല്ലെങ്കിൽ വ്യക്തിപരമായ പ്രതിരോധശേഷിയുടെയോ ഒരു വിഷയമായി രൂപപ്പെടുത്തുന്ന നവലിബറൽ യുക്തിയെ പുണ്യ ചെറുക്കുന്നു. ഘടനാപരമായ അക്രമത്തെ നിലനിർത്താൻ സഹായിക്കുന്ന നവലിബറൽ യുക്തിയെ തള്ളികളയുന്നതിലൂടെ നിലനിൽക്കുന്ന വ്യവസ്ഥയുടെ പ്രശ്നങ്ങൾ തുറന്നു കാണിക്കാൻ കഥകൾക്ക് കഴിയുന്നു. പുരുഷാധിപത്യത്തെ മാത്രമല്ല, നവലിബറൽ ഫെമിനിസത്തിന്റെ അരാഷ്ട്രീയവൽക്കരണത്തെയും ഭാഷയെയും ഈ കഥാശേഖരം വിമർശിക്കുന്നു. പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹങ്ങളുടെ ജീവിതത്തിൽ നിർഭാഗ്യം, ഭയം, അസഹനീയമായ വേദന, അടിച്ചമർത്തൽ എന്നിവ ഘടനാപരമായി എങ്ങനെ ഉൽപ്പാദിപ്പിക്കപ്പെടുന്നുവെന്നും, ഇതിനെ കേവലം വ്യക്തിഗത അനുഭവത്തിലേക്ക് എന്തുകൊണ്ട് ചുരുക്കരുത് എന്നും ഈ കഥകൾ തുറന്നുകാട്ടുന്നു. ജൂഡിത്ത് ബട്‌ലർ വാദിക്കുന്നതുപോലെ, “അനിശ്ചിതത്വം രാഷ്ട്രീയമായി പ്രേരിതമാണ്”, ജാതി, ലിംഗഭേദം, തൊഴിൽ തുടങ്ങിയവയുടെ പേരിലുള്ള അടിച്ചമർത്തൽ ചില ജീവിതങ്ങളെ കൂടുതൽ ദുർബലമാക്കുന്നത് എങ്ങനെയെന്ന് പുണ്യ സി.ആറിന്റെ ആഖ്യാനങ്ങൾ വെളിപ്പെടുത്തുന്നു.അരികുവൽക്കരിക്കപ്പെട്ട ജീവിതങ്ങൾ ദൃശ്യമാക്കപ്പെടുകയും, ഘടനാപരമായ അക്രമണം തുറന്നു കാണിക്കുകയും, നിശബ്ദത ശക്തമായി തകർക്കപ്പെടുകയും ചെയ്യുന്ന ഒരു ഇടമായി സാഹിത്യത്തിന് പ്രവർത്തിക്കാൻ കഴിയുമെന്ന് നമ്മെ ഓർമ്മിപ്പിക്കുകയാണ് പുണ്ണ്യ സി. ആർ.





