
ബംഗാളിനെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവും മഹിളാ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളുമാണ് കനക് മുഖർജി. ബംഗാളിലെ പുരോഗമന പ്രസ്ഥാനത്തിന് ഈടുറ്റ സംഭാവനകൾ നൽകിയ കനക് ബംഗാളി ഭാഷയിലെ അറിയപ്പെടുന്ന കവികൂടിയാണ്.
ഇപ്പോൾ ബംഗ്ലാദേശിന്റെ ഭാഗമായ ഇശോർ ജില്ലയിൽ 1921ലാണ് കനക് ജനിച്ചത്. പിതാവ് സതീഷ്‌ചന്ദ്രദാസ് മുപ്‌ത പ്രമുഖ അഭിഭാഷകനായിരുന്നു. മോളിനദേവി എന്നാണ് അമ്മയുടെ പേര്. 1937ൽ കനക് മെട്രിക്കുലേഷൻ പാസായി. കൽക്കത്ത സർവകലാശാലയ്‌ക്ക് കീഴിലുള്ള ബെതൂൺ കോളേജിലാണ് ഡിഗ്രി വിദ്യാഭ്യാസത്തിനു ചേർന്നത്.
കനക്, ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ കൃഷ്‌ണബിനോദ് റേ, സുകുമാർ മിത്ര, ശാന്തിമോയ് ഘോഷ് തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കളുമായി സമ്പർക്കമുണ്ടായിരുന്നു. സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും കമ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ചും അവർക്ക് ആദ്യംതന്നെ നല്ല മതിപ്പായിരുന്നു. മാർക്‌സിസ്റ്റ്‐ലെനിനിസ്റ്റ് കൃതികൾ അവർ ചെറുപ്രായത്തിൽ തന്നെ വായിച്ചു.
1937ൽ കനക് മെട്രിക്കുലേഷൻ പാസായി. ഉപരിവിദ്യാഭ്യാസത്തിനായി അവർ കൽക്കത്തയിലെത്തി. കൽക്കത്ത സർവകലാശാലയ്‌ക്ക് കീഴിലുള്ള ബത്തൂൺ കോളേജിലാണ് അവർ ബിരുദവിദ്യാഭ്യാസത്തിനു ചേർന്നത്. ഈ കാലയളവിൽ വിദ്യാർഥി ഫെഡറേഷന്റെ സജീവപ്രവർത്തകയായി അവർ മാറി. യുണൈറ്റഡ് ഗേൾസ് സ്റ്റുഡന്റ്‌സ് അസോസിയേഷന് രൂപംനൽകിയ നേതാക്കളിലൊരാളാണ് കനക്.
വിദ്യാർഥി ഫെഡറേഷന്റെ പ്രവർത്തനങ്ങൾക്ക് സജീവ പങ്കാളിത്തം വഹിച്ച കനക് 1938ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. പാർട്ടിയുടെ പ്രവർത്തനങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചു തുടങ്ങിയ അവർ വളരെവേഗം അധികാരികളുടെ നോട്ടപ്പുള്ളിയായി മാറി.
1939ൽ രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ, യുദ്ധത്തിനെതിരെ ജനങ്ങളെ അണിനിരത്തി പോരാടാൻ കമ്യൂണിസ്റ്റ് പാർട്ടി ആഹ്വാനം ചെയ്‌തു. യുദ്ധം, സാമ്രാജ്യത്വം ഇന്ത്യയിലെ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ചതാണെന്ന പാർട്ടിയുടെ കാഴ്‌ചപ്പാട് ജനങ്ങളെ ബോധ്യപ്പെടുത്താൻ കനകും സജീവമായി രംഗത്തിറങ്ങി. കമ്യൂണിസ്റ്റുകാരെയും അവർക്കു സഹായം ചെയ്യുന്നവരെയും വേട്ടയാടാൻ പൊലീസ് പരക്കംപാഞ്ഞു. അവരുടെ കണ്ണു വെട്ടിച്ചുകൊണ്ട് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങൾ സജീവമായി മുന്നേറി.
1942ൽ പ്രമുഖ കമ്യൂണിസ്റ്റ് പാർട്ടി നേതാവ് സരോജ് മുഖർജിയുമായുള്ള കനകിന്റെ വിവാഹം നടന്നു. ജീവിതപങ്കാളിയും നേതാവും ഉത്തമനായ സുഹൃത്തുമായിരുന്നു കനകിനെ സംബന്ധിച്ചിടത്തോളം സരോജ് മുഖർജി.
ഇതിനിടയിൽ ഉപജീവനത്തിനായി ഒരു പ്രൈമറി സ്‌കൂളിൽ അധ്യാപികയായും കനക് പ്രവർത്തിച്ചു. ഈ സമയത്തും പാർട്ടിയേൽപ്പിച്ച നിരവധി ഉത്തരവാദിത്വങ്ങൾ അവർ നിറവേറ്റി. 1943ൽ ബോംബെയിൽ ചേർന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം കോൺഗ്രസിൽ കനക് പ്രതിനിധിയായിരുന്നു.
1948 ഫെബ്രുവരിയിൽ കമ്യൂണിസ്റ്റ് പാർട്ടി കൽക്കത്ത തീസിസ് അംഗീകരിച്ചതിനെ തുടർന്ന് പാർട്ടി നിരോധിക്കപ്പെട്ടു. അതേത്തുടർന്ന് ഭർത്താവ് സരോജ് മുഖർജിക്കും രണ്ടു വയസ്സുകാരൻ മകനുമൊപ്പം കനക് ഒളിവിൽപോയി. 1949ൽ അറസ്റ്റ് ചെയ്യപ്പെട്ടു. പ്രസിഡൻസ് ജയിലിൽ വിചാരണ കൂടാതെ അവരെ തടവിലാക്കി. അതിൽ പ്രതിഷേധിച്ച് ജയിലിൽ നിരാഹാരസമരം നടത്തി. 1952ലാണ് മോചിപ്പിക്കപ്പെട്ടത്.
1940കളുടെ ആരംഭത്തിൽ, ബംഗാൾ ക്ഷാമകാലത്ത് അവർ ബംഗിയോ മഹിളാ ആത്മരക്ഷാ സമിതിയുടെ നേതാവായി പ്രവർത്തിച്ചു. വനിതാ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലും അവർ സജീവമായിരുന്നു. പട്ടിണി അനുഭവിക്കുന്ന ജനങ്ങൾക്ക് പരമാവധി ആശ്വാസം എത്തിക്കാൻ അവർ മുന്നിട്ടിറങ്ങി. അരിയും ഗോതന്പും മറ്റു നിത്യോപയോഗ സാധനങ്ങളും സംഭാവനയായി ലഭിച്ചത് പട്ടിണിക്കാരായ ജനങ്ങൾക്ക് എത്തിക്കുന്നതിൽ അസാധാരണമായ വേഗതയോടെ കനകും സഹപ്രവർത്തകരും പ്രവർത്തിച്ചു. ഗണതന്ത്ര മഹിളാസമിതിയുടെ സമുന്നത നേതാക്കളിലൊരാളായി ഇതിനിടയിൽ അവർ മാറി.
സാഹിത്യത്തിൽ ആദ്യംമുതലേ നല്ല താൽപര്യമുണ്ടായിരുന്ന കനക് കവിയെന്ന നിലയിൽ പ്രശസ്‌തയായി. 1957 മുതൽ 1967 വരെ ഘരേ‐ബെയർ മാസികയുടെ എഡിറ്ററായി അവർ നിയോഗിക്കപ്പെട്ടു. പത്തുവർഷക്കാലം ആ പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായി പ്രവർത്തിച്ചു. 1968 ‘എക്ഷതേ’ എന്ന മാസികയുടെ സ്ഥാപക എഡിറ്ററായി.
1967ൽ കനക് മുഖർജി കൽക്കത്ത വനിതാ കോളേജിൽ ഇംഗ്ലീഷ് അധ്യാപികയായി ചേർന്നു. 1981 വരെ ആ ജോലിയിൽ തുടർന്നു.
സിപിഐ എം സംസ്ഥാന കമ്മിറ്റിയിൽ 1964ൽ തന്നെ അംഗമായ കനക് പിന്നീടുള്ള എല്ലാ സംസ്ഥാന കമ്മിറ്റിയിലും അംഗമായി. 1989ൽ തിരുവനന്തപുരത്ത് നടന്ന പതിമൂന്നാം പാർട്ടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റിയിലേക്ക് കനക് തിരഞ്ഞെടുക്കപ്പെട്ടു.
ജനാധിപത്യ മഹിളാ അസോസിയേഷന്റെ സ്ഥാപകനേതാക്കളിലൊരാളായ കനക് 1998 വരെ ആ സംഘടനയുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു.
നിരവധി ലേഖനങ്ങളും കവിതകളും രചിച്ചിട്ടുള്ള കനക് മുഖർജിയുടെ പേരിൽ നാൽപതിലേറെ പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1998ൽ കൽക്കത്ത സർവകലാശാലയിൽനിന്ന് ‘ഭുവൻ മോഹിനിദാസി’ അവാർഡ് അവർക്ക് ലഭിച്ചു.
2005 മാർച്ച് 9ന് കനക് മുഖർജി അന്ത്യശ്വാസം വലിച്ചു. l




