
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം, ഒന്നര പതിറ്റാണ്ടുകാലം പശ്ചിമബംഗാൾ മന്ത്രി, രാജ്യസഭാംഗം, സിഐടിയു ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച നേതാവാണ് മുഹമ്മദ് അമീൻ. മികച്ച സംഘാടകനും സമർഥനായ ഭരണാധികാരിയുമായിരുന്ന അദ്ദേഹം പാവപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായാണ് എന്നും പ്രയത്‌നിച്ചത്.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ട്രേഡ് യൂണിയനും പശ്ചിമബംഗാളിൽ വേരോട്ടമുണ്ടാക്കാൻ അമീന്റെ പ്രവർത്തനങ്ങൾ നിർണായകമായ പങ്കാണ് വഹിച്ചത്. ചണമിൽ തൊഴിലാളികൾ, ബീഡി തൊഴിലാളികൾ, റെയിൽവേ തൊഴിലാളികൾ എന്നിവരെയൊക്കെ സംഘടിപ്പിക്കുന്നതിൽ അസാമാന്യമായ മികവാണ് അദ്ദേഹം പ്രകടിപ്പിച്ചത്. സാധാരണക്കാരോട് അവരുടെ ഭാഷയിൽ സംസാരിക്കാനും പ്രശ്‌നങ്ങൾ പഠിക്കാനും സമർഥനായിരുന്നു അമീൻ. സൗമ്യമായ പെരുമാറ്റത്തിലൂടെയും ലളിതമായ ജീവിതത്തിലൂടെയും തൊഴിലാളികളുടെയും സാധാരണക്കാരുടെയും ഹൃദയം കവരാൻ അദ്ദേഹത്തിന് സാധിച്ചു. അവരെ കമ്യൂണിസ്റ്റ് പാർട്ടിയോട് അടുപ്പിക്കുന്നതിലും അദ്ദേഹം പ്രത്യേകം ശ്രദ്ധയൂന്നി. ദാരിദ്ര്യത്തെ തുടർന്ന് വാരാണസിയിൽനിന്ന് കൊൽക്കത്തയിലേക്ക് കുടിയേറിയ അബ്ദുൾ ഹഖ്‐ബഷീർ മെൻബീവി ദന്പതികളുടെ മകനായി 1928 ഏപ്രിൽ 15നാണ് മുഹമ്മദ് അമീൻ ജനിച്ചത്. കടുത്ത ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിലാണ് അമീന്റെ ബാല്യം പിന്നിട്ടത്. വീട്ടിലെ ദാരിദ്ര്യം മൂലം സ്‌കൂളിൽ പോയി പഠിക്കാൻ സാധിച്ചില്ല. പതിനാലാം വയസ്സിൽതന്നെ അദ്ദേഹം കൊൽക്കത്തയിലെ ഒരു ചണമില്ലിൽ തൊഴിലാളിയായി ചേർന്നു. തൊഴിലാളി ജീവിതത്തിനിടയിൽ കമ്യൂണിസ്റ്റ് ആശയങ്ങളിൽ അദ്ദേഹം ആകൃഷ്‌ടനായി.
ബാരാനഗറിൽ ചണത്തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ് യൂണിയൻ രംഗത്തേക്ക് അദ്ദേഹം പ്രവേശിച്ചു. 1946ൽ പതിനെട്ടാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. റെയിൽവേ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനുള്ള ചുമതല പാർട്ടി അമീനെ ഏൽപിച്ചു.
ഇന്ത്യ വിഭജനത്തെ തുടർന്ന് കിഴക്കൻ പാകിസ്താനിൽ (ഇന്നത്തെ ബംഗ്ലാദേശ്) റെയിൽവേ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് പാർട്ടി അദ്ദേഹത്തെ നിയോഗിച്ചു. ബംഗ്ലാദേശിലെ സെയ്‌ദ്‌പൂരിൽ സംഘടനാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കെ പൊലീസിന്റെ പിടിയിലായി. രണ്ടുവർഷത്തിലേറെക്കാലം വിചാരണ കൂടാതെ അദ്ദേഹത്തിന് ജയിലിൽ കഴിയേണ്ടിവന്നു. ക്രൂരമായ മർദനമാണ് അദ്ദേഹത്തിന് ഏൽക്കേണ്ടിവന്നത്.
1953ൽ ജയിൽമോചിതനായ അമീൻ കൊൽക്കത്തയിലെത്തി. സംഘടനാപ്രവർത്തനങ്ങളിൽ മുഴുകിയ അദ്ദേഹം ട്രേഡ് യുണിയൻ രംഗത്ത് സജീവമായി. കമ്യൂണിസ്റ്റ് പാർട്ടിയുടെ 24 പർഗാനാസ് ജില്ലാകമ്മിറ്റി അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ബാരക്‌പൂർ വ്യവസായമേഖലയിൽ ചണമിൽ തൊഴിലാളികളെയം ബീഡിത്തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിന് അദ്ദേഹം മുൻനിന്നു പ്രവർത്തിച്ചു. ഈ രണ്ടു വിഭാഗത്തിന്റെ അന്നത്തെ സ്ഥിതി വളരെ ദയനീയമായിരുന്നു. അവരുടെ നിരവധി അവകാശസമരപോരാട്ടങ്ങൾക്ക് അമീൻ നേതൃത്വം നൽകി.
ഔപചാരിക വിദ്യാഭ്യാസം ലഭിച്ചില്ലെങ്കിലും അദ്ദേഹം വാശിയോടെ ബംഗാളി ഭാഷയും ഉറുദുവും പഠിച്ചു. നിരവധി പുസ്‌തകങ്ങളും പത്രങ്ങളും ആനുകാലികങ്ങളും വായിച്ചു പഠിച്ചു. മാർക്‌സിസ്റ്റ്‐ലെനിനിസ്റ്റ് സാഹിത്യവും ചിട്ടയായി അദ്ദേഹം പഠിച്ചു. മുസഫർ അഹമ്മദ്, ജ്യോതിബസു, പ്രമോദ്‌ദാസ് ഗുപ്‌ത, സരോജ് മുഖർജി തുടങ്ങിയ നേതാക്കളുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം സ്വയം പഠനത്തിന് ഏറെ സഹായകമായി.
1969ൽ ഗാർഡൻ റീച്ച് നിയമസഭാമണ്ഡലത്തിൽനിന്ന് അദ്ദേഹം നിയമസഭയിലേക്ക് വിജയിച്ചു. അജോയ് മുഖർജിയുടെ നേതൃത്വത്തിൽ കൂട്ടുകക്ഷി മന്ത്രിസഭയാണ് അന്ന് അധികാരമേറ്റത്. ആ മന്ത്രിസഭയിൽ അമീൻ ഗതാഗതമന്ത്രിയായി നിയോഗിക്കപ്പെട്ടു. ബംഗ്ല കോൺഗ്രസും സിപിഐ എമ്മും ഉൾപ്പെടെ സഖ്യകക്ഷി ഗവൺമെന്റായിരുന്നു അത്. ഗാർഡൻ റീച്ചിൽനിന്ന് രണ്ടുതവണയും തിത്താഗഡ് മണ്ഡലത്തിൽനിന്ന് മൂന്നുവട്ടവും എംഎൽഎയായി. പതിനഞ്ചുവർഷം മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചു. മികച്ച ഭരണാധികാരി എന്ന പേര് വളരെവേഗം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. സർഗാത്മകമായ നിരവധി ആശയങ്ങൾ ഉണ്ടായിരുന്ന ഭരണാധികാരിയായിരുന്നു അദ്ദേഹം.
1988ൽ രാജ്യസഭാംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. പതിനൊന്നുവർഷത്തെ ഇടവേളയ്‌ക്കുശേഷം 1999ൽ അദ്ദേഹം വീണ്ടും രാജ്യസഭാംഗമായി. 2007ൽ ചിന്നബ്രദ മജുംദാർ അന്തരിച്ചതിനെത്തുടർന്ന് അമീൻ സിഐടിയു ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 2010 മാർച്ച് വരെ അദ്ദേഹം ആ സ്ഥാനത്ത് പ്രവർത്തിച്ചു. ജനറൽ സെക്രട്ടറിസ്ഥാനം ഒഴിഞ്ഞതിനുശേഷം വൈസ് പ്രസിഡന്റായി തുടർന്നു.
ചണം, റോഡുഗതാഗതം തുടങ്ങി വിവിധ വ്യവസായതല ഫെഡറേഷനുകളുമായി സഹകരിച്ചു പ്രവർത്തിച്ചു. ഈ കാലയളവിലൊക്കെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ നിർണായക പങ്കാണ് അദ്ദേഹം വഹിച്ചത്.
1971ൽ പശ്ചിമബംഗാൾ സംസ്ഥാനകമ്മിറ്റി അംഗമായി അമീൻ തിരെഞ്ഞെടുക്കപ്പെട്ടു. 1985ൽ അദ്ദേഹം പാർട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1998ൽ അദ്ദേഹം പാർട്ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി. 2008 മാർച്ച് അവസാനവും ഏപ്രിൽ ആദ്യവുമായി കോയന്പത്തൂരിൽ നടന്ന പത്തൊന്പതാം പാർട്ടി കോൺഗ്രസിൽ പൊളിറ്റ് ബ്യൂറോയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2012 മുതൽ മരിക്കുന്നതുവരെ കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു അദ്ദേഹം.
ഉറുദു സാഹിത്യത്തിനും മെച്ചപ്പെട്ട സംഭാവന ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചു. വിജ്ഞാനദാഹിയായ അദ്ദേഹം ഉറുദു സാഹിത്യവും ബംഗാളി സാഹിത്യവും സ്വയം പഠിച്ചു. ഉറുദുഭാഷയിൽ കവിതകൾ എഴുതിയിരുന്ന അമീൻ ആ ഭാഷയിൽ ഒരു നിഖണ്ഡു എഴുതുകയുണ്ടായി. 2018 ഫെബ്രുവരി 23ന് മുഹമ്മദ് അമീൻ അന്ത്യശ്വാസം വലിച്ചു. അദ്ദേഹത്തിന്റെ ജീവിതപങ്കാളി മൊയ്‌മുന്നീസ അന്തരിച്ചു. l




