
ഒന്നാം റഷ്യൻ വിപ്ലവം‐ 1905
‘‘1904 നവംബറിൽ എഴുതിയ The Zemstovo Campaign and ‘‘Iskra`s’’ Plan (സെംസ്‌തോവൊ ക്യാമ്പയിനും ‘‘ഇസ്‌ക്ര’’യുടെ പദ്ധതിയും) എന്ന ലഘുലേഖയിലും തുടർന്ന് 1904 ഡിസംബറിൽ വ്‌പെര്യോദിന്റെ 1‐3 ലക്കങ്ങളിൽ എഴുതിയ ലേഖനങ്ങളിലും സ്വാതന്ത്ര്യത്തിനായുള്ള ബഹുജനങ്ങളുടെ യഥാർഥത്തിലുള്ള തുറന്ന പോരാട്ടത്തിന്റെ സമയം സമാഗതമാവുകയാണ് എന്ന് ഇലിച്ച് പറഞ്ഞിട്ടുണ്ട്. ഉരുണ്ടുകൂടിവരുന്ന വിപ്ലവക്കൊടുങ്കാറ്റിന്റെ മുഴക്കം അദ്ദേഹത്തിന് വ്യക്തമായി അനുഭവപ്പെട്ടിരുന്നു. എന്നാൽ വിപ്ലവം ആസന്നമായിരിക്കുന്നുവെന്ന അനുഭൂതിയുണ്ടാകുന്നതും വിപ്ലവം തുടങ്ങിക്കഴിഞ്ഞൂവെന്ന് അറിയുന്നതും രണ്ട് കാര്യമാണ്. അതിനാൽ, 1905 ജനുവരി ഒമ്പതിലെ സംഭവത്തിന്റെ വാർത്ത ജനീവയിൽ എത്തിയ പിറ്റേദിവസം രാവിലെ വ്‌ളാദിമീർ ഇലിച്ചും ഞാനും ലൈബ്രറിയിലേക്ക് പോകുന്നതിനിടയിൽ ലൂണാചാർസ്‌ക്കി ദമ്പതികളെ കണ്ടുമുട്ടി; അവർ ഞങ്ങളെ തേടിവരികയായിരുന്നു. തന്റെ മഫ്‌ളർ ഞങ്ങൾക്കുനേരെ വീശിക്കാണിക്കുന്ന അന്ന ലൂണാചാർസ്‌ക്കയയുടെ രൂപം ഇപ്പോഴും ഞാനോർക്കുന്നു‐ ഒരു വാക്കുച്ചരിക്കാൻ പോലും പറ്റാത്തത്ര ആവേശത്തിലായിരുന്നു അവർ. ഒരു ഉൾവിളിയെന്നപോലെ ഈ വാർത്ത കേട്ട മറ്റെല്ലാ ബോൾഷെവിക്കുകളും ഒത്തുകൂടിയിരുന്ന, ലെപെഷിൻസ്‌കി (Lepeshinsky) ദമ്പതികൾ നടത്തിയിരുന്ന പ്രവാസികളുടെ റസ്‌റ്റോറന്റിലേക്ക് ഞങ്ങൾ പാഞ്ഞു. ഞങ്ങളെല്ലാം പരസ്‌പരം സൗഹൃദം പങ്കിടാൻ ശ്രമിച്ചെങ്കിലും ആർക്കും ഒരു വാക്കുപോലും പറയാൻ കഴിഞ്ഞില്ല‐ അത്രയേറെ ഉത്തേജിതാവസ്ഥയിലായിരുന്നു ഞങ്ങളെല്ലാം… വിപ്ലവം ആരംഭിച്ചിരിക്കുന്നുവെന്നും സാറിലുള്ള വിശ്വാസത്തിന്റെ കെട്ടുപാടുകൾ തകർന്നടിഞ്ഞെന്നും ലെനിൻ പറഞ്ഞു. അദ്ദേഹം തുടർന്നു, ‘‘സ്വേച്ഛാധിപത്യ വാഴ്‌ച തകരുകയാണ്; ജനങ്ങൾ ഉയർത്തേഴുന്നേൽക്കും; മഹത്തും ശക്തവും സ്വതന്ത്രവുമായ തൊഴിലാളിവർഗ മുന്നേറ്റത്തിന്റെ സമയം സമാഗതമാവുകയാണ്…’’ ‐ ലെനിനെക്കുറിച്ചുള്ള സ്‌മരണകൾ
ക്രൂപ്‌സ്‌കായ
ഒന്നാം റഷ്യൻ വിപ്ലവത്തിന് പശ്ചാത്തലമൊരുക്കിയത് 1904 ഫെബ്രുവരി 8ന് ജപ്പാൻ റഷ്യയെ ആക്രമിച്ചതാണ്. പല ആധുനിക ചരിത്രകാരരും ജപ്പാൻ‐റഷ്യ യുദ്ധത്തെ ‘വേൾഡ് വാർ സീറൊ’ (ഒന്നാം ലോകയുദ്ധത്തിനു മുന്പുള്ള, അതിനു മുന്നോടിയായ ലോകയുദ്ധം) എന്നാണ് വിശേഷിപ്പിക്കുന്നത്. 20‐ാം നൂറ്റാണ്ടിന്റെ ഭാഗധേയം നിർണയിച്ച ആദ്യ ആഗോളസംഘർഷമായിരുന്നു ഇത്. റഷ്യൻ സൈന്യത്തെ സംബന്ധിച്ചിടത്തോളം ഈ യുദ്ധം മഹാദുരന്തമായി മാറുകയാണുണ്ടായത്. തുടക്കത്തിൽ യുദ്ധത്തിനോട് ആവേശപൂർവം പ്രതികരിച്ച റഷ്യൻ സമൂഹത്തിൽ ക്രമേണ യുദ്ധവിരുദ്ധവികാരം ആളിക്കത്തുകയും അത് പതുക്കെ വിപ്ലവപരമായ വിദ്വേഷമായി മാറുകയുമായിരുന്നു.
റഷ്യൻ സൈന്യത്തിന് തുടരെ തുടരെ പരാജയം സംഭവിച്ചുകൊണ്ടിരുന്നത് സർവശക്തമെന്ന് കരുതപ്പെട്ടിരുന്ന സാറിസ്റ്റ് ഗവൺമെന്റിന്റെ കരുത്തിനെ സംബന്ധിച്ച വിശ്വാസത്തിൽ ജനങ്ങൾക്കിടയിൽ ഉലച്ചിൽ തട്ടാനിടയാക്കി. 1904 ജൂലൈ 28ന് ജനങ്ങൾ ഏറ്റവുമധികം വെറുത്തിരുന്ന റഷ്യൻ ആഭ്യന്തരമന്ത്രി വ്യചെസ്ലാവ് വോൺ പ്ലെഹാവ് (Vyacheskav Von Plehve) കൊല്ലപ്പെട്ടു; ഭീകരപ്രവർത്തനത്തിൽ വിശ്വസിച്ചിരുന്ന സോഷ്യലിസ്റ്റ് റവല്യൂഷണറികളായിരുന്നു അതിനു പിന്നിൽ. ഈ നടപടിയോടുള്ള സാറിസ്റ്റ് ഗവൺമെന്റിന്റെ പ്രതികരണം പതിവ് രീതിയിൽ ജനങ്ങളെ കടന്നാക്രമിക്കലായിരുന്നില്ല; മറിച്ച് പൊതുജനാഭിപ്രായം കണക്കിലെടുക്കുന്നുവെന്ന തോന്നലുണ്ടാക്കുന്ന തരത്തിലുള്ള ചില ആനുകൂല്യങ്ങൾ നൽകുകയായിരുന്നു. സന്പന്നസമൂഹത്തിലെ ലിബറൽ വിഭാഗങ്ങൾ ഈ സാഹചര്യത്തെ ശരിക്കും മുതലെടുത്തു. 1904 ഒക്ടോബർ മാസത്തിൽ ഈ വിഭാഗക്കാർ ബാംങ്ക്വേ (Banque) ക്യാന്പയിൻ (വിരുന്നുസൽക്കാര ക്യാന്പയിൻ) ആരംഭിച്ചു; ഈ സൽക്കാരങ്ങൾക്കിടയിൽ സമൂഹത്തിന്റെ ബഹുമാനം നേടിയിരുന്ന ചില വ്യക്തികൾ നടത്തിയ പാനോപചാരപ്രസംഗങ്ങൾ പ്രകോപനപരമായി മാറുന്ന സ്ഥിതിയായി. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടേയിരുന്നു.

സോഷ്യൽ ഡെമോക്രാറ്റിക് കാഴ്‌ചപ്പാടുപ്രകാരം 1905ലെ വിപ്ലവത്തിന് തിരികൊളുത്തിയത് രക്തപങ്കിലമായ ഞായർ (Bloody Sunday) എന്നറിയപ്പെടുന്ന 1905 ജനുവരി 9നാണ്. തങ്ങളുടെ അടിസ്ഥാനാവശ്യങ്ങളും സ്വാതന്ത്ര്യവും ആവശ്യപ്പെടുന്ന ഒരു നിവേദനം സാർ ചക്രവർത്തിക്ക് നൽകുന്നതിന് സമാധാനപരമായി പ്രകടനമായെത്തിയ ആൾക്കൂട്ടത്തിനുനേരെ യാതൊരു പ്രകോപനവുമില്ലാതെ സാറിസ്റ്റ് സർക്കാരിന്റെ പൊലീസ് വെടിവെച്ച സംഭവമാണ് 1905ലെ ഒന്നാം റഷ്യൻ വിപ്ലവത്തിന് വഴിമരുന്നിട്ടത്. വെടിവയ്‌പിനെ തുടർന്നുണ്ടായ കൂട്ടക്കൊല, സോഷ്യൽ ഡെമോക്രാറ്റുകൾ സാറിസ്റ്റ് വാഴ്‌ചയെക്കുറിച്ച് നടത്തിയിരുന്ന പ്രചരണം ശരിയാണെന്ന് അനുഭവത്തിലൂടെ ജനങ്ങൾക്ക് ബോധ്യപ്പെടുന്നതിന് ഇടയാക്കി. 1905 ജനുവരി ഒന്പതിനെത്തുടർന്നുള്ള മാസങ്ങൾ റഷ്യയിൽ വിപ്ലവ വിസ്‌ഫോടനത്തിനടുത്തുവരെ എത്തുന്നതായി.
1905ലെ വിപ്ലവമുന്നേറ്റം പെട്ടെന്നൊരു ദിവസത്തെ സംഭവത്തോടെ പൊട്ടിവിടർന്നതല്ല. അതിനുമുന്പ് ഒരു ദശകത്തോളം കാലം സോഷ്യൽ ഡെമോക്രാറ്റിക് ഗ്രൂപ്പുകൾ തൊഴിലാളികൾക്കിടയിൽ നടത്തിക്കൊണ്ടിരുന്ന പ്രവർത്തനങ്ങളുടെയും തൊഴിലാളികളുടെ അവകാശസമരങ്ങളുടെയും അനന്തരഫലമായിരുന്നു അത്.
1890കളുടെ മധ്യത്തോടുകൂടിയാണ് സെന്റ് പീറ്റേഴ്‌സ്‌ബർഗിൽ തൊഴിലാളികളുടെ വലിയ പണിമുടക്കുകൾ പൊട്ടിപ്പുറപ്പെടാൻ തുടങ്ങിയത്. സിഗരറ്റ് ഫാക്ടറിയിലെ സ്‌ത്രീത്തൊഴിലാളികളുടെ പണിമുടക്കാണ് അതിൽ ആദ്യത്തേത്. തുടർന്ന് ലോഹത്തൊഴിലാളികളുടെ (Metal Workers) പണിമുടക്കുൾപ്പെടെ വിവിധ വിഭാഗം തൊഴിലാളികൾ തങ്ങളുടെ ആവശ്യങ്ങളുന്നയിച്ച് പണിമുടക്കാൻ തുടങ്ങി. 1899ൽ വിദ്യാർഥികളുടെ പഠിപ്പുമുടക്കിനെ തുടർന്ന് സെന്റ് പീറ്റേഴ്‌സ്‌ബർഗ് സർവകലാശാല അടച്ചിടുന്നതിനിടയാക്കി. അപ്പോൾ മുതൽ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുംമായി നിരവധി പ്രതിസന്ധികൾ വന്നുംപോയുമിരുന്നു. റോസ്‌റ്റോവിലും ഒഡേസയിലുമുൾപ്പെടെ റഷ്യയിൽ പല പ്രദേശങ്ങളിലും പൊതുപണിമുടക്കുകൾ നടന്നു. ഈ പണിമുടക്കുകളെ അടിച്ചമർത്താൻ അടിക്കടി പട്ടാളത്തെ ഇറക്കേണ്ടതായും വന്നിരുന്നു. പട്ടാളം ഇറങ്ങിയ ഇത്തരം സംഭവങ്ങൾ 1893ൽ 19 എണ്ണമുണ്ടായപ്പോൾ 1900ത്തിൽ 33ഉം 1901ൽ 271ഉം 1902ൽ 522ഉം ഉണ്ടായതായാണ് ക്രിസ്റ്റഫർ റീഡ് രേഖപ്പെടുത്തുന്നത് (Lenin: A Revolutionary Life).
തൊഴിലാളികൾക്കിടയിൽ നടന്ന ഈ പണിമുടക്ക് പരന്പരകൾക്ക് സമാന്തരമായിതന്നെ, ആ കാലത്ത് രൂപീകരിക്കപ്പെട്ട സോഷ്യലിസ്റ്റ് റവല്യൂഷണറി പാർട്ടി (വിപ്ലവ മാർക്‌സിസത്തിനും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്കുമെതിരായി രൂപീകരിക്കപ്പെട്ട പെറ്റിബൂർഷ്വാ പാർട്ടി) നടത്തിയ ഭീകരപ്രവർത്തനങ്ങളും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. മന്ത്രിമാരും പൊലീസ് മേധാവിയും സാധാരണ പൊലീസ് ഉദ്യോഗസ്ഥരുമുൾപ്പെടെ നിരവധി അധികൃതരാണ് ഈ ഭീകരപ്രവർത്തനങ്ങളിൽ കൊല്ലപ്പെട്ടത്. നിശ്ചയമായും ഇത്തരം ഭീകരപ്രവർത്തനങ്ങളേക്കാൾ സാറിസ്റ്റ് ഭരണകൂടത്തിന് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചതും കൂടുതൽ ആഘാതമേൽപ്പിച്ചതും തൊഴിലാളി പണിമുടക്കുകളായിരുന്നു.

ഇത്തരമൊരു സാഹചര്യത്തിൽ ജപ്പാനുമായുള്ള യുദ്ധത്തിൽ റഷ്യൻ പട്ടാളത്തിനേറ്റ പരാജയം സാറിസ്റ്റ് ഭരണകൂടത്തിനോടുള്ള അസംതൃപ്‌തി വർധിക്കുന്നതിനിടയാക്കി. മാത്രവുമല്ല, ജപ്പാനുമായുള്ള ഏറ്റുമുട്ടലിൽ കടലിലും കരയിലും ഒരേപോലെ റഷ്യൻ പട്ടാളത്തിനു തിരിച്ചടി ഉണ്ടാവുകയും ചെയ്‌തു. പുറമേയ്‌ക്ക് കാണുന്നതുപോലെ അത്ര വലിയ കരുത്തൊന്നും സാറിസ്റ്റ് സ്വേച്ഛാധിപത്യത്തിനില്ലെന്നും ജനങ്ങൾ തിരിച്ചറിഞ്ഞു. മറ്റൊരു കാര്യം, ഭരണാധികാരികൾക്കൊപ്പം ഒട്ടിനിന്നിരുന്ന വിഭാഗങ്ങൾക്കിടയിൽ പുതിയൊരു ചിന്ത ഉരുത്തിരിഞ്ഞുവരാൻ തുടങ്ങിയതാണ്. പൊലീസ് സോഷ്യലിസം എന്ന പേരിൽ അറിയപ്പെട്ട അതിനു പിന്നിൽ പ്രവർത്തിച്ചത് സുബാത്തോവ് (Zubatov) എന്ന മോസ്‌കോയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. എത്ര അടിച്ചമർത്തിയിട്ടും അതിനെയെല്ലാം അതിജീവിച്ച് തൊഴിലാളികൾ സോഷ്യൽ ഡെമോക്രാറ്റുകൾ ഉൾപ്പെടെയുള്ള ഇടതുപക്ഷക്കാരുടെ നിയമവിരുദ്ധ സംഘടനകളിൽ അണിനിരക്കുകയും പണിമുടക്കുകൾ നടത്തുകയും ചെയ്യുന്നുണ്ട്. ഇതൊഴിവാക്കാൻ തങ്ങൾതന്നെ ഇവരെ സംഘടിപ്പിച്ച് സാറിന് പിന്തുണ നൽകുന്നവരാക്കി നിർത്തിക്കൂടേ എന്ന ചിന്തയാണ് സുബാത്തോവ് അവതരിപ്പിച്ചത്. ഇതനുസരിച്ച് സംഘടനകൾ രൂപീകരിക്കാനാരംഭിക്കുകയും ചെയ്‌തു. എന്നാൽ ഇത്തരം സംഘടനകളിൽ നിയമവിധേയമായിതന്നെ പ്രവർത്തിക്കാനുള്ള സാധ്യത സാറിസ്റ്റുവിരുദ്ധരായ പുരോഗമനവാദികൾ തിരിച്ചറിഞ്ഞ അവർ, അവയിൽ കടന്നുകൂടി. ഇത്തരമൊരു യൂണിയനായിരുന്നു രക്തപങ്കിലമായ ഞായറിലേക്ക് വഴിതെളിച്ച പ്രകടനത്തിന് നേതൃത്വം നൽകിയത്‐ അസംബ്ലി ഓഫ് റഷ്യൻ ഫാക്ടറി വർക്കേഴ്‌സ്. ഈ സംഘടനയ്‌ക്ക് നേതൃത്വം നൽകിയിരുന്നത് ഫാദർ ഗൃഗറി ഗപ്പോൺ എന്ന റഷ്യൻ ഓർത്തഡോക്‌സ് സഭയിലെ ഒരു പുരോഹിതനായിരുന്നു. ഉക്രെയ്‌ൻകാരനായ ഈ പുരോഹിതൻ പൊലീസ് ഏജന്റായിട്ടായിരുന്നു തൊഴിലാളികളെ സംഘടിപ്പിക്കാനിറങ്ങിയത് എന്നും അറിയപ്പെടുന്നുണ്ട്. ചക്രവർത്തിക്ക് സ്‌തുതിഗീതം പാടി മുന്നോട്ടുനീങ്ങിയ ജനക്കൂട്ടത്തിനുനേരെ പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥർ വെടിവയ്‌ക്കുകയാണുണ്ടയത്. ഈ രക്തച്ചൊരിച്ചിൽ റഷ്യയിൽ പൊതുവെ വിവിധ വിഭാഗം ജനങ്ങളെ രോഷാകുലരാക്കി. അതോടെയാണ് 1905ലെ വിപ്ലവ പ്രക്രിയയ്‌ക്ക് തുടക്കമിട്ടത്.

1905 ജനുവരി 9ലെ തൊഴിലാളി റാലിക്കുനേരെ നടന്ന വെടിവെയ്പിനെ തുടർന്നുള്ള ആഴ്‌ചകളിലും മാസങ്ങളിലുമായി റഷ്യയുടെ വിവിധ ഭാഗങ്ങളിലായി നാനാ ജനവിഭാഗങ്ങൾ സമരോത്സുകരായി തെരുവിലിറങ്ങി. തങ്ങളുടേതായ ആവശ്യങ്ങളുയർത്തി തൊഴിലാളികളും കർഷകരും സർവകലാശാലാ പ്രൊഫസർമാരും വ്യവസായികളും പണമിടപാടുകാരും ദേശീയവാദികളും ചില ഭൂപ്രഭുക്കൾപോലും ഈ മുന്നേറ്റത്തിൽ പങ്കാളികളായി. സൈനിക യൂണിറ്റുകൾപോലും കലാപക്കൊടി ഉയർത്തുന്ന സംഭവങ്ങളും ഉണ്ടായി; ഉക്രൈൻ തീരത്തെ പ്രസിദ്ധമായ ബാറ്റിൽഷിപ്പ് പൊട്ടെംകിൻ കലാപം ഇത്തരത്തിലൊന്നാണ് (പ്രസിദ്ധ സോവിയറ്റ് ചലച്ചിത്രകാരനായ സെർജി ഐസൻസ്റ്റീനിന്റെ ബാറ്റിൽഷിപ്പ് പൊട്ടെംകിൻ എന്നി സിനിമ ഈ കലാപത്തിന്റെ കഥ പറയുന്നതാണ്). അങ്ങനെ റഷ്യയുടെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള ജനങ്ങൾ സാറിസ്റ്റ് സ്വേച്ഛാധിപത്യ വാഴ്‌ചയ്‌ക്കെതിരെ അണിനിരക്കുന്ന സ്ഥിതിയിലെത്തി.

1905ലെ വസന്തത്തിലും വേനൽക്കാലത്തുമെല്ലാം വിപ്ലവ മുന്നേറ്റങ്ങളുടെ ആവർത്തനം ഏറ്റക്കുറച്ചിലുകളോടെ ഉണ്ടായി. എന്നാൽ 1905 ഒക്ടോബറിൽ റെയിൽവേ തൊഴിലാളികൾ നടത്തിയ പണിമുടക്ക്, പൊതുപണിമുടക്കായി മാറിയതോടെയാണ് 1905ലെ ഒന്നാം റഷ്യൻ വിപ്ലവം മൂർധന്യാവസ്ഥയിലെത്തിയത്. റഷ്യൻ സമൂഹവും സർക്കാരും സ്‌തംഭനാവസ്ഥയിലായി; ഭരണാധികാരികൾ പരിഭ്രാന്തിയിലായി. ഇതിന്റെ പ്രതിഫലനമായിരുന്നു 1905 ഒക്ടോബർ 17ന്റെ മാനിഫെസ്‌റ്റോ; ഇതിൽ തന്റെ പ്രജകൾക്ക് അടിസ്ഥാന രാഷ്‌ട്രീയസ്വാതന്ത്ര്യം അനുവദിക്കുന്നതാണെന്ന് സാർ ഉദാരമനസ്‌കനെപോലെ പ്രഖ്യാപിച്ചു. അങ്ങനെ 1905ലെ അവസാന ദിനങ്ങൾ റഷ്യയെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യത്തിന്റെ ദിനങ്ങളായി. പൊലീസിന്റെയോ സെൻസറുടെയോ ഇടപെടലുകളില്ലാതെ രാഷ്‌ട്രീയപ്രവർത്തനം നടത്താമെന്ന സ്ഥിതിയായി. വിപ്ലവകാരികളെ സംബന്ധിച്ചിടത്തോളം പുതിയൊരു ചോദ്യം ഉയർന്നുവന്നു; ലഭ്യമായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിലും അതുപയോഗിക്കുന്നതിലുമാണോ ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അതോ ആത്യന്തിക ലക്ഷ്യം നേടുന്നതുവരെ പോരാട്ടം തുടരണമോയെന്നതായിരുന്നു ഉയർന്നുവന്ന ചോദ്യം. വിപ്ലവകാരികളെ സംബന്ധിച്ചിടത്തോളം സാറിസ്റ്റ് വാഴ്‌ചയ്‌ക്ക് അന്ത്യംകുറിക്കുന്നതിനുള്ള പോരാട്ടം തുടരുകയെന്നതല്ലാതെ മറ്റൊരു മാർഗവും മുന്നിലുണ്ടായിരുന്നില്ല.
ഒക്ടോബർ മാനിഫെസ്‌റ്റോയുടെ ലക്ഷ്യം, പൊതുപണിമുടക്കിൽ അണിനിരന്നവരിലെ ഇടത്തരക്കാരെയും ഉയർന്ന ഇടത്തരക്കാരെയും തൊഴിലാളി‐കർഷക ജനവിഭാഗങ്ങളിൽനിന്നും അകറ്റുകയെന്നതായിരുന്നു. ഇടത്തരം വിഭാഗങ്ങളെ തൃപ്‌തിപ്പെടുത്തുന്നതിനും അവരെ സമരത്തിൽനിന്നും അകറ്റുകയെന്ന ലക്ഷ്യം ഏറെക്കുറെ നേടാനും ഇതോടെ സാർ നിക്കോളാസിന് കഴിഞ്ഞു. എന്നാൽ സോഷ്യൽ ഡെമോക്രാറ്റുകൾ തൊഴിലാളികളുടെയും കർഷകരുടെയും രാഷ്‌ട്രീയാവശ്യങ്ങൾ ഉൾപ്പെടെ ഉന്നയിച്ച് പോരാട്ടം തുടരാനുള്ള തീരുമാനത്തിലായിരുന്നു.

ഇതിനിടയിൽ 1905 നവംബർ 21ന് (പഴയ കലണ്ടർ പ്രകാരം നവംബർ 8) ജനീവയിൽ പ്രവാസിയായി കഴിഞ്ഞിരുന്ന വ്‌ളാദിമീർ ഇലിച്ച് (ലെനിൻ) സെന്റ് പീറ്റേഴ്‌സ്‌ബർഗിൽ മടങ്ങിയെത്തിയിരുന്നു. അന്തിമവിജയംവരെ പോരാട്ടം തുടരണമോയെന്ന ഒരു പ്രശ്‌നവും ആ ഘട്ടത്തിൽ ചർച്ചചെയ്യപ്പെട്ടിരുന്നു. അതിനുള്ള ലെനിന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘‘വിജയമോ?… നമ്മളെ സംബന്ധിച്ചിടത്തോളം ഇപ്പോൾ അതല്ല കാര്യം. നമ്മൾ യാഥാർഥ്യബോധമുള്ളവരാണ്; ഇപ്പോൾ നമുക്ക് വിജയിക്കാനാകുമെന്ന് നമുക്കാർക്കും സങ്കൽപ്പിക്കാനാവില്ല. കാരണം, നാമിപ്പോഴും വളരെ ദുർബലമായ അവസ്ഥയിലാണ്. വിജയിക്കുകയെന്നതല്ല ഇപ്പോഴത്തെ പ്രശ്‌നം; മറിച്ച് ഭരണാധികാരികൾക്ക് കനത്ത ആഘാതമേൽപ്പിക്കുകയും നമ്മുടെ പ്രസ്ഥാനത്തിലേക്ക് കൂടുതൽ ജനങ്ങളെ ആകർഷിക്കുകയും ചെയ്യുകയെന്നതാണ്. അതാണ് ഇപ്പോഴത്തെ കാര്യം. നമുക്ക് വിജയിക്കാനാവില്ലയെന്നതിനാൽ നാം വിപ്ലവമുന്നേറ്റം നടത്തേണ്ടതില്ലയെന്നർഥമില്ല; ഭീരുക്കളുടേതാണ് അത്തരം വർത്തമാനങ്ങളെല്ലാം.’’
ലെനിൻ വ്യക്തമാക്കിയതുപോലെ, സാറിസ്റ്റ് വാഴ്‌ചയെ ഒന്ന് പിടിച്ചുലയ്‌ക്കാനാകുന്ന ഒരാഘാതമേൽപ്പിക്കലായിരുന്നു 1905 ഡിസംബറിലെ മോസ്‌കോ കലാപം. മോസ്‌കോയിലെ തൊഴിലാളി സ്‌ക്വാഡുകളുടെ 150 ഓളം പ്രതിനിധികൾ ഡിസംബർ മൂന്നിന് ഫിഡ്‌ലേഴ്‌സ് (fidler`s) ടെക്‌നിക്കൽ സ്‌കൂളിൽ ഒത്തുചേർന്നു; തൊഴിലാളികളുടെ യുദ്ധകാര്യമന്ത്രാലയം എന്നാണത് അറിയപ്പെട്ടിരുന്നത്. ഉപരോധത്തിലാക്കപ്പെട്ട ഈ സംഘം വെള്ളക്കൊടി വീശിക്കാണിച്ചെങ്കിലും ഷെല്ലാക്രമണം നടത്തിെക്കൊണ്ടിരുന്നു; ഡിസംബർ മൂന്നിന് ഉച്ചയ്‌ക്കുശേഷം തുടങ്ങിയ ആക്രമണം പിറ്റേദിവസം രാവിലെവരെ തുടർന്നു. അവിടെ ഒത്തുകൂടിയ നിരായുധരായ തൊഴിലാളികളിൽ ഏറെപ്പേരും കൊല്ലപ്പെടുകയാണുണ്ടായത്. ഇതിൽ രോഷാകുലരായ മോസ്‌കോ നിവാസികൾ ഡിസംബർ 5ന് പണിമുടക്കി; തുടർന്ന് ഡിസംബർ 7ന് പൊതുപണിമുടക്കിന് ആഹ്വാനം ചെയ്‌തു. ഈ പൊതുപണിമുടക്ക് ഡിസംബർ 9 വരെ നീണ്ടു. തൊഴിലാളി ഡെപ്യൂട്ടികളുടെ നാല് സോവിയറ്റുകളാണ് (പ്രാദേശിക സ്വയംഭരണ സർക്കാർ) ഈ മുന്നേറ്റത്തെ ഏകോപിപ്പിച്ചത്. മോസ്‌കോ ഗവർണർ വൈസ് അഡ്‌മിറൽ ഫ്യോദോർ ദുബാസോവ് (Fyodor Dbasov) സോവിയറ്റുകളുടെ നേതാക്കളെ അറസ്റ്റുചെയ്യാൻ ശ്രമിച്ചത് വിപ്ലവമുന്നേറ്റം നഗരത്തിലാകെ ആളിക്കത്തുന്നതിനിടയാക്കി.
അതിവേഗം ഒരു സായുധകലാപമായി അതുമാറി. മാക്‌സിം ഗോർക്കിയുടെ അപ്പാർട്ട്‌മെന്റ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വളന്റിയർ ഫൈറ്റിങ് സ്‌ക്വാഡുകളുടെ സംയുക്തസമിതി കിട്ടാവുന്നിടത്തോളം ആയുധങ്ങൾ സമാഹരിച്ച് തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്‌തു. നഗരത്തിൽ പലേടങ്ങളിലായി അവർ ബാരിക്കേഡുകൾ സൃഷ്ടിച്ചു. ബാരിക്കേഡുകൾ പൊളിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വിദ്യാർഥികളും ഗവൺമെന്റിന്റെ കാട്ടുനീതിയിൽ അരിശംകൊണ്ട ചില ബൂർഷ്വാവിഭാഗങ്ങൾപോലും തൊഴിലാളികൾക്കൊപ്പം പോരാട്ടത്തിൽ അണിനിരന്നു.
തെരുവ് പോരാട്ടം നടത്തുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന ഒരു ഹാൻഡ്‌ബുക്ക് സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടിയിലെ ബോൾഷെവിക് വിഭാഗം തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്‌തു. ഈ മുന്നേറ്റത്തിനിടയിൽ ലെനിൻ പാർട്ടി അംഗങ്ങൾക്ക് അയച്ച കത്തിൽ പറയുന്നതിങ്ങനെയാണ്: ‘‘സഖാക്കളെ, നഗരഭരണം ജനങ്ങൾക്ക് കൈമാറുകയെന്നതിനാണ് നാം മുൻഗണന നൽകുന്നത്. നാം പിടിച്ചെടുത്ത സ്ഥലങ്ങളിലെല്ലാം തിരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റുകൾ സ്ഥാപിക്കണം; 8 മണിക്കൂർ തൊഴിൽസമയം നടപ്പാക്കണം. നമ്മുടെ ഗവൺമെന്റിന് കീഴിൽ എല്ലാവരുടെയും സ്വാതന്ത്ര്യവും അവകാശങ്ങളും ഇപ്പോഴത്തേതിനെക്കാൾ മികച്ച രീതിയിൽ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം’’.
മോസ്‌കോയിലെ ഏഴ് റെയിൽവേ സ്‌റ്റേഷനുകളിൽ ആറെണ്ണത്തിന്റെയും നിരവധി ജില്ലകളുടെയും നിയന്ത്രണം വിപ്ലവകാരികളുടെ കൈവശമായി. സൈനികരെ താവളങ്ങളിൽ തടഞ്ഞുനിർത്താൻ കഴിഞ്ഞു. വിപ്ലവകാരികൾക്ക് നിയന്ത്രണം ഏറ്റെടുക്കാനാകാതിരുന്ന ഏക റെയിൽവേ സ്‌റ്റേഷൻ വഴി സെന്റ് പീറ്റേഴ്‌സ്‌ബർഗിൽനിന്ന് കൂടുതൽ സൈന്യം എത്തിയാണ് ഈ മുന്നേറ്റത്തെ അടിച്ചമർത്തിയത്. വിപ്ലവകാരികളെ ഒരാളെയും ബാക്കിവെക്കാതെ തീർത്തേക്കുകയെന്ന നിർദേശമാണ് സെന്റ് പീറ്റേഴ്‌സ്‌ബർഗിൽനിന്നെത്തിയ സൈനിക റെജിമെന്റിന്റെ മേധാവി ജനറൽ മിൻ നൽകിയത്. തുടർന്ന് മോസ്‌കോ നഗരം കുരുതിക്കളമാക്കപ്പെട്ടു. സ്‌ത്രീകളും കുട്ടികളുമുൾപ്പെടെ ആയിരത്തിലേറെ പോരാളികൾ കൊല്ലപ്പെട്ടു. ഡിസംബർ 19ന് പോരാട്ടം അവസാനിപ്പിച്ച് തൊഴിലിടങ്ങളിലേക്ക് മടങ്ങാൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടിയുടെ മോസ്‌കോ ഘടകം തൊഴിലാളികളോട് ആവശ്യപ്പെട്ടു. വിപ്ലവമുന്നേറ്റം അവസാനിപ്പിച്ചുകൊണ്ടുള്ള താത്‌കാലികമായി ഈ പ്രഖ്യാപനം അവസാനിപ്പിക്കുന്നത്, ‘‘തൊഴിലാളിവർഗം വിജയിക്കുകതന്നെ ചെയ്യും’’ എന്ന വാക്കുകളോടെയാണ്.
ഭരണകൂടവും ജനങ്ങളും തമ്മിൽ 19‐ാം നൂറ്റാണ്ടിൽ നടന്ന ക്ലാസിക് ബാരിക്കേഡ് സമരങ്ങളിൽ ഏറ്റവും ഒടുവിലത്തേത് എന്നും അതോടൊപ്പംതന്നെ 20‐ാം നൂറ്റാണ്ടിലെ തീവ്രത പ്രകടിപ്പിച്ച പുതിയൊരു പോരാട്ടമെന്നുമാണ് മോസ്‌കോ വിപ്ലവമുന്നേറ്റത്തെ ലെനിന്റെ ജീവചരിത്രകാരിലൊരാളായ ലാർസ് ടി ലി വിലയിരുത്തുന്നത്. ബാരിക്കേഡുകൾ സൃഷ്ടിച്ചിരുന്നെങ്കിലും വിപ്ലവകാരികൾ പ്രധാനമായും ഗറില്ലാ സമരമുറയാണ് നടപ്പാക്കിയിരുന്നത്. ആക്രമിക്കുക, ഉടൻ മുങ്ങുകയെന്ന ഗറില്ല സമരശൈലി തൊഴിലാളികൾക്കു പുറമെ നഗരത്തിലെ സാധാരണ ജനങ്ങളുടെയാകെ അനുഭാവവും പിന്തുണയും ആർജിക്കുന്നതിന് സഹായകമായി. ജനങ്ങൾക്കിടയിൽ ഒളിച്ചിരുന്ന് പ്രവർത്തിക്കാനും ഇതുമൂലം കഴിഞ്ഞു. ഇങ്ങനെയാണ് നഗരത്തിലാകെ വ്യാപിച്ചിരുന്ന സാറിസ്റ്റ് സൈന്യത്തിന്റെ ആക്രമണത്തെ ചെറുത്തത്. മെൻഷെവിക്കുകളും സോഷ്യലിസ്റ്റ് റവല്യൂഷണറികളും ഈ പോരാട്ടത്തിൽ പങ്കെടുത്തിരുന്നെങ്കിലും നേതൃത്വം നൽകിയത് ബോൾഷെവിക്കുകൾ തന്നെയായിരുന്നു.
മോസ്‌കോ പോരാട്ടം ആത്യന്തികമായി പരാജയപ്പെട്ടത് വിപ്ലവ വേലിയേറ്റം ദുർബലമാകുന്നതിന്റെ പല സൂചനകളിൽ ഒന്നായാണ് ലെനിൻ വിശേഷിപ്പിച്ചത്. സെന്റ് പീറ്റേഴ്‌സ്‌ബർഗ് സോവിയറ്റ് പിരിച്ചുവിടപ്പെടുകയും അതിന്റെ നേതാവായ ട്രോട്‌സ്‌കി അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി (തിരഞ്ഞെടുക്കപ്പെട്ട വർഗാധിഷ്‌ഠിതമായ സമിതിയാണ് സോവിയറ്റ്. 1917ലെ വിപ്ലവാനന്തരം രൂപീകരിക്കപ്പെട്ട ഭരണസംവിധാനത്തിന്റെ ആദ്യരൂപമായിരുന്നു ഇത്). 1906 വരെ കർഷകകലാപങ്ങൾ ശക്തമായി തുടർന്നെങ്കിലും സർക്കാരിന്റെ ശക്തമായ കടന്നാക്രമണം കർഷകജനതയെയും ശിഥിലീകരിക്കാൻ തുടങ്ങിയിരുന്നു.
ഗവൺമെന്റ് ഒക്ടോബർ മാനിഫെസ്‌റ്റോയിൽ വാഗ്‌ദാനം നൽകിയിരുന്നതുപോലെ, നിയമനിർമാണസഭ അഥവാ ഡൂമ (Duma) തിരഞ്ഞെടുപ്പ് നടത്താൻ തയ്യാറായി. 1906 മാർച്ചിൽ ഒന്നാം ഡൂമ നിലവിൽവന്നെങ്കിലും 1907 ആദ്യം അത് പിരിച്ചുവിട്ട് രണ്ടാം ഡൂമയിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തി. 1907 ജൂണിൽ കർക്കശമായ നിയന്ത്രണാനുസരണം നടത്തിയ തിരഞ്ഞെടുപ്പിലൂടെ വീണ്ടും പുതിയ ഡൂമ (മൂന്നാം ഡൂമ) നിലവിൽവന്നത്. അപ്പോൾ മാത്രമാണ് ഗവൺമെന്റ് ദൂമയുടെ പ്രവർത്തനം അനുവദിച്ചത്. പുതുതായി നിയമിക്കപ്പെട്ട മന്ത്രി പീറ്റർ സ്‌റ്റൊളിപ്പിൻ (Peter Stolypin) ഒരട്ടിമറിയിലൂടെ കൊണ്ടുവന്ന 1907ലെ പുതിയ തിരഞ്ഞെടുപ്പ് നിയമപ്രകാരമാണ് 1907 ജൂണിൽ തിരഞ്ഞെടുപ്പ് നടന്നത്. 1907 അവസാനത്തോടെ ഒന്നാം വിപ്ലവത്തിന്റെ കാലം അവസാനിച്ചു; പിന്നീട് സ്‌റ്റൊളിപ്പിൻ കാലം‐ കടുത്ത അടിച്ചമർത്തലിന്റെയും ചില്ലറ പരിഷ്‌കാരങ്ങളുടെയും കാലം‐ വന്നു. അപ്പോഴും ഹ്രസ്വമായ ആ വിപ്ലവകാലത്തെ സംബന്ധിച്ച വികാരഭരിതമായ ചർച്ചകൾ റഷ്യൻ സമൂഹത്തിൽ തുടർന്നു. l
(തുടരും)





