ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 16

ജി വിജയകുമാർ

ലെനിനും 1905ലെ വിപ്ലവവും

‘‘ഒക്ടോബർ 17ന്‌ സാർ നടത്തിയ ഒക്ടോബർ മാനിഫെസ്‌റ്റോയെ സംബന്ധിച്ച പ്രഖ്യാപനം, നിലനിന്നിരുന്ന സ്വേച്ഛാധിപത്യ സംവിധാനത്തിന്റെ സ്ഥാനത്ത്‌ ‘രാഷ്‌ട്രീയ ഉദാരവൽക്കരണം’ നടപ്പാക്കുന്നതിന്റെ പ്രഖ്യാപനമായിരുന്നു. ഇതിനെത്തുടർന്ന്‌ ലെനിൻ നവംബർ രണ്ടിന്‌ ജനീവയിൽനിന്ന്‌ സ്‌റ്റോക്‌ഹോം വഴി റഷ്യയിലേക്ക്‌‐ സെന്റ്‌ പീറ്റേഴ്‌സ്‌ബെർഗിലേക്ക്‌‐ തിരിച്ചു. അദ്ദേഹത്തിന്റെ ജീവിതപങ്കാളി പത്തുദിവസത്തിനുശേഷം അദ്ദേഹത്തെ പിന്തുടർന്നു. കുറേക്കാലത്തേക്ക്‌ അദ്ദേഹവും ക്രൂപ്‌സ്‌കായയും നെവ്‌സ്‌കി പ്രോസ്‌പെക്ടിലാണ്‌ താമസിച്ചത്‌; എന്നാൽ അവർക്ക്‌ സ്വകാര്യജീവിതത്തിന്‌ ഏറെ സമയമൊന്നും ലഭിച്ചിരുന്നില്ല; കാരണം സെന്റ്‌ പീറ്റേഴ്‌സ്‌ബെർഗിലെത്തിയ ഉടൻതന്നെ ലെനിൻ എഴുത്തു ജോലികളിലും സംഘടനാപ്രവർത്തനത്തിലും ആണ്ടിറങ്ങുകയായിരുന്നു’’.
‐ തമാസ്‌ ക്രൗസ്‌

Reconstructing Lenin,
Page 52

രണ്ടാം പാർട്ടി കോൺഗ്രസിനെയും പാർട്ടിക്കുള്ളിലെ ചേരിതിരിവിനെയും തുടർന്ന്‌ 1904ൽ ലെനിൻ ഏറെക്കുറെ രാഷ്‌ട്രീയമായി ഒറ്റപ്പെടുത്തപ്പെട്ട അവസ്ഥയിലായിരുന്നു; അതിനു മുൻപോ ശേഷമോ അദ്ദേഹം ഒരിക്കലും അത്തരമൊരവസ്ഥയിൽ എത്തിയിരുന്നില്ല. 1903 അവസാനം ഇസ്‌ക്ര പത്രാധിപസമിതിയിൽനിന്നും രാജിവെച്ചശേഷം അദ്ദേഹത്തിന്‌ തന്റെ ആശയങ്ങൾ വിശദീകരിക്കുന്നതിന്‌ കുറച്ചുകാലം ഒരു പ്രസിദ്ധീകരണത്തിലും ഇടം ലഭിച്ചിരുന്നില്ല. മാത്രമല്ല, റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക്‌ ലേബർ പാർട്ടിയിൽ എന്തെങ്കിലും ഔദ്യോഗിക പദവിയിൽ അദ്ദേഹം കടിച്ചുതൂങ്ങിയിരുന്നതുമില്ല. നേതാവെന്നുള്ള അദ്ദേഹത്തിന്റെ സ്ഥാനംതന്നെ ഒരുപക്ഷേ എന്നെന്നേക്കുമായി നഷ്ടപ്പെട്ടതായി തോന്നിയിരുന്നു.

എന്നാൽ സ്വിറ്റ്‌സർലണ്ടിൽ പ്രവാസികളായി കഴിഞ്ഞിരുന്നവർക്കിടയിൽ മാത്രമായിരുന്നു ഈയൊരു സമീപനം. റഷ്യയിൽ ശരിക്കും പാർട്ടിപ്രവർത്തനം നടത്തിക്കൊണ്ടിരുന്നവർക്കിടയിൽ ഇതായിരുന്നില്ല സ്ഥിതി. അവരിൽ ഏറെപ്പേരും ലെനിനെയാണ്‌ തങ്ങളുടെ വക്താവായി കണ്ടിരുന്നത്‌; പാർട്ടിയുടെ നേതൃനിരയിൽ ലെനിനെ എന്തുകൊണ്ട്‌ കാണുന്നില്ലായെന്ന്‌ അവർ അത്ഭുതപ്പെടുകയായിരുന്നു. റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക്‌ ലേബർ പാർട്ടിക്കുള്ളിലെ ഒരു സംഘടിതവിഭാഗമെന്ന നിലയിൽ ബോൾഷെവിക്‌ വിഭാഗത്തെ ഒന്നാംസ്ഥാനത്ത്‌ എത്തിക്കുന്നതിന്‌ ഈ പിന്തുണയെ ഒന്നിച്ചുകൊണ്ടുവരാനായിരുന്നു ലെനിൻ അക്കാലത്ത്‌ ശ്രമിച്ചത്‌. അത്‌ സാധ്യമാക്കാൻ അദ്ദേഹത്തിന്‌ കഴിയുകയും ചെയ്‌തു. പ്ലെഖാനോവും ആക്‌സൽറോഡും ഉൾപ്പെടെയുള്ള മെൻഷെവിക്കുകാരെ സംബന്ധിച്ചിടത്തോളം ‘ശല്യക്കാരാനാ’യിരുന്ന ലെനിൻ പക്ഷേ, റഷ്യയിൽ ഒളിവിൽ പ്രവർത്തിച്ചിരുന്ന സോഷ്യൽ ഡെമോക്രാറ്റിക്‌ പ്രവർത്തകരുടെ ആരാധനാപാത്രമായിരുന്നു. 1910ൽ എഴുതിയ ഒരു ലേഖനത്തിൽ ലെനിൻ പറയുന്നത്, ‘‘ബോൾഷെവിസം ഒരു പ്രവണതയെന്ന നിലയിൽ കൃത്യമായി രൂപംകൊണ്ടത്‌ 1905ലെ വസന്തത്തിലും വേനൽക്കാലത്തുമായിരുന്നു’’.

റഷ്യ‐ജപ്പാൻ യുദ്ധം നടന്നുകൊണ്ടിരുന്നപ്പോഴും ലെനിൻ ഏറെയും ശ്രദ്ധ കേന്ദ്രീകരിച്ചത്‌, പാർട്ടിക്കുള്ളിലെ തർക്കപ്രശ്‌നങ്ങളിലാണ്‌: ആ കാലത്ത്‌ അദ്ദേഹം എഴുതിയതും ഏറെയും പാർട്ടിക്കുള്ളിലെ ആശയസമരത്തിൽ കേന്ദ്രീകരിച്ചായിരുന്നു. എന്നാൽ 1905ലെ വിപ്ലവം ഈ സ്ഥിതിയിൽ മാറ്റംവരുത്തി. 1905 നവംബർ മധ്യത്തോടെ ലെനിൻ ജർമൻ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ നേതാക്കളായ കാറൽ കൗട്‌സ്‌കി, റോസ ലക്‌സംബർഗ്‌, കാറൽ ലീബ്‌നെക്ട്‌ എന്നിവരുമായി കൂടുതൽ ആശയവിനിമയം നടത്തുകയും അലക്‌സാണ്ടർ ബോഗ്‌ദനോവിന്റെ പത്രാധിപത്യത്തിൽ തുടങ്ങിയ നൊവായ ഷിസിൻ (Novaya Zhin‐ നവജീവൻ) എന്ന പ്രസിദ്ധീകരണവുമായി സഹകരിക്കാൻ അവരോട്‌ അഭ്യർഥിക്കുകയും ചെയ്‌തു. ലെനിന്റെ The Dying Autocracy and New Organs of People`s Rule (മരിച്ചുകൊണ്ടിരിക്കുന്ന സ്വേച്ഛാധിപത്യവും ജനകീയ ഭരണത്തിന്റെ പുത്തൻ ആയുധങ്ങളും) എന്ന ലേഖനം ഈ പ്രസിദ്ധീകരണത്തിലാണ്‌ അച്ചടിച്ചുവന്നത്‌.

1905 ഡിസംബറിലെ മോസ്‌കോ സായുധകലാപം പുതിയ ചിന്തകൾക്കും ചർച്ചകൾക്കും വഴിതുറന്നു. എന്നാൽ, അതനുസരിച്ച്‌ പ്രവർത്തനം നടത്താനുള്ള സാധ്യത, കലാപം അടിച്ചമർത്തപ്പെട്ട അതേ സമയത്തുതന്നെ ലെനിനെതിരെ അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിക്കപ്പെട്ടതോടെ, മങ്ങി. The Tasks of Russian Social Democrats (റഷ്യൻ സോഷ്യൽ ഡെമോക്രാറ്റുകളുടെ കടമകൾ) എന്നതുൾപ്പെടെയുള്ള ലഘുലേഖകളുടെ പേരിൽ ലെനിൻ പ്രോസിക്യൂട്ട്‌ ചെയ്യപ്പെട്ടു. സാറിസ്റ്റ്‌ പൊലീസ്‌ ഈ പ്രസിദ്ധീകരണങ്ങളുടെ കോപ്പികൾ കണ്ടുകെട്ടുകയും മറ്റു നഗരങ്ങളിലും സമാനമായ അറസ്റ്റുകൾ നടത്തുകയുമുണ്ടായി. മോസ്‌കോ കലാപത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച്‌ കൂടുതൽ അടുത്തുനിന്ന്‌ പരിശോധിക്കാമെന്ന്‌ കരുതി 1906 ജനുവരി ആദ്യം ലെനിൻ സെന്റ്‌ പീറ്റേഴ്‌സ്‌ബെർഗിൽനിന്ന്‌ മോസ്‌കോയിലെത്തി, അവിടെ അദ്ദേഹം ഒട്ടേറെ പ്രാദേശിക ബോൾഷെവിക്‌ സംഘടനകളുടെ പ്രതിനിധികളുമായി കൂടിയാലോചനകൾ നടത്തി. ജനുവരി 23ന്‌ അദ്ദേഹം ഹെൽസിങ്കിയിൽവെച്ച്‌ മാക്‌സിം ഗോർക്കിയെ കണ്ട്‌ ആശയവിനിമയം നടത്തി. ഫെബ്രുവരിയിൽ പൊലീസ്‌ അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ കൃതികളും കണ്ടുകെട്ടുകയും അപ്പോൾ ഫിൻലാൻഡിലായിരുന്ന അദ്ദേഹത്തെ അറസ്റ്റുചെയ്യാൻ വാറന്റ്‌ പുറപ്പെടുവിക്കുകയും ചെയ്‌തു.

ഇക്കാലമെല്ലാം ലെനിന്റെ, പാർട്ടി സംഘടനാപ്രവർത്തനം സെന്റ്‌ പീറ്റേഴ്‌സ്‌ബെർഗിൽ വളരെ സജീവമായിരുന്നു. നിരവധി പാർട്ടി പരിപാടികളിൽ പ്രാസംഗികനായി അദ്ദേഹം എത്തി. ലെനിനും ക്രൂപ്‌സ്‌കായയും ഫിൻലാൻഡിലെ കൗകാല (Kuokala) എന്ന പട്ടണത്തിലേക്ക്‌ ഇതിനകം താമസം മാറ്റിയിരുന്നു. അവിടെനിന്ന്‌ അദ്ദേഹം നിരന്തരം യാത്രചെയ്‌ത്‌ സെന്റ്‌ പീറ്റേഴ്‌സ്‌ബെർഗിൽ എത്തിയിരുന്നു.

വിപ്ലവം പൊട്ടിപ്പുറപ്പെട്ട ശേഷവും പുതിയ ഒരു പാർട്ടി കോൺഗ്രസ്‌ വിളിച്ചുചേർക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു ലെനിൻ. പാർട്ടി കോൺഗ്രസ്‌ ചേർന്നാൽ പാർട്ടിക്കുമേലുള്ള ബോൾഷെവിക്‌ വിഭാഗത്തിന്റെ പിടി കൂടുതൽ ശക്തിപ്പെടുമെന്ന്‌ അദ്ദേഹത്തിന്‌ ഉറപ്പുണ്ടായിരുന്നു. അങ്ങനെ 1905 ഏപ്രിൽ മാസത്തിൽ പാർട്ടിയുടെ മൂന്നാം കോൺഗ്രസ്‌ ലണ്ടനിൽ ചേർന്നു. മെൻഷെവിക്കുകൾ ആ സമ്മേളനം ബഹിഷ്‌കരിച്ചതോടെ അത്‌ പൂർണമായും ബോൾഷെവിക്‌ പാർട്ടി കോൺഗ്രസായി മാറി. ബോൾഷെവിസത്തിന്‌ അടിത്തറപാകിയ പാർട്ടി കോൺഗ്രസായാണ്‌ പല ചരിത്രകാരും 1905ലെ ലണ്ടൻ പാർട്ടി കോൺഗ്രസിനെ വിലയിരുത്തുന്നത്‌. ലണ്ടൻ കോൺഗ്രസിനുശേഷം ലെനിൻ പിന്നെയും ജനീവയിൽ തുടരുകയായിരുന്നു. ഒക്ടോബർ മാനിഫെസ്‌റ്റോപ്രകാരം റഷ്യയിൽ പൊതുമാപ്പ്‌ പ്രഖ്യാപിക്കപ്പെട്ടശേഷമാണ്‌ 1905 നവംബർ 8ന്‌ അദ്ദേഹം സെന്റ്‌ പീറ്റേഴ്‌സ്‌ബെർഗിലെത്തിയത്‌. 1905 അവസാനനാളുകളിൽ ലെനിൻ സെന്റ്‌ പീറ്റേഴ്‌സ്‌ബെർഗ്‌ സോവിയറ്റിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. പക്ഷേ അപ്പോഴും അദ്ദേഹം തന്റെ ശ്രദ്ധയാകെ കേന്ദ്രീകരിച്ചിരുന്നത്‌ പാർട്ടി സംഘടനാരംഗത്തായിരുന്നു.

1905ലെ ഉശിരൻ പോരാട്ടങ്ങൾ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടിയിൽ താഴെതലങ്ങളിലെ രണ്ടു വിഭാഗങ്ങളും തമ്മിൽ ശ്രദ്ധേയമായവിധം ഐക്യം രൂപപ്പെടുന്നതിനിടയാക്കി. അതാകട്ടെ, ഏറെയും ബോൾഷെവിക്‌ പക്ഷത്തിനനുകൂലവുമായിരുന്നു. തൃപ്‌തികരമായ വിധത്തിൽ ഈ ഘട്ടത്തിൽ പാർട്ടിയെ ഏകോപിപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലായി ലെനിൻ. അങ്ങനെയാണ്‌ 1906 മാർച്ച്‌ പകുതിയോടെ അദ്ദേഹം വീണ്ടും മോസ്‌കോയിലെത്തി നാലാം പാർട്ടി കോൺഗ്രസിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയത്‌. 1906 ഏപ്രിൽ മാസത്തിൽ സ്വീഡനിലെ സ്‌റ്റോക്‌ഹോമിലാണ്‌ ‘ഐക്യ കോൺഗ്രസ്‌’ എന്നറിയപ്പെടുന്ന ആർഎസ്‌ഡിഎൽപിയുടെ നാലാം പാർട്ടി കോൺഗ്രസ്‌ ചേർന്നത്‌. ഐക്യ കോൺഗ്രസ്‌ എന്നാണ്‌ അറിയപ്പെട്ടിരുന്നതെങ്കിലും തർക്കപ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടില്ലെന്നു മാത്രമല്ല, അവ കൂടുതൽ രൂക്ഷമാവുകയും ചെയ്‌തു. ആ കോൺഗ്രസിൽ മെൻഷെവിക്കുകൾക്കായിരുന്നു ഭൂരിപക്ഷം.

എന്നാൽ 1907ൽ അടുത്ത കോൺഗ്രസ്‌ ലണ്ടനിൽ ചേർന്നപ്പോൾ ബോൾഷെവിക്കുകൾക്കായി ഭൂരിപക്ഷം. എന്നാൽ ഇതിനിടയിൽ ലെനിന്റെ രാഷ്‌ട്രീയജീവിതത്തിൽ വഴിത്തിരിവായി മാറിയ ഒരു സംഭവം 1906 മെയ്‌ 9ന്‌ നടന്നു. സെന്റ്‌ പീറ്റേഴ്‌സ്‌ബെർഗിൽ മൂവായിരത്തിലേറെ ആളുകൾ (അതിലധികവും തൊഴിലാളികളായിരുന്നു) പങ്കെടുത്ത വലിയൊരു റാലിയിൽ പ്രസംഗിക്കാൻ കഴിഞ്ഞതാണത്‌. അത്രയും വലിയൊരു റാലിയിൽ ആദ്യമായിട്ടാണ്‌ അദ്ദേഹം പ്രസംഗിക്കുന്നത്‌. ഈ അരങ്ങേറ്റത്തിലുടനീളം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ക്രൂപ്‌സ്‌കായ പരിഭ്രാന്തിയിലായിരുന്നു. തികച്ചും അജ്ഞാതനായെത്തിയ അദ്ദേഹത്തെ പ്രസംഗിപ്പിക്കാൻ ആദ്യം യോഗാധ്യക്ഷ വിസമ്മതിക്കുകയാണുണ്ടായത്‌. എന്നാൽ ഈ അജ്ഞാതൻ ഒരു ബോൾഷെവിക്‌ നേതാവാണെന്ന്‌ അധ്യക്ഷയെ ബോധ്യപ്പെടുത്തിയതോടെ ആ റാലിയെ അഭിസംബോധന ചെയ്യാൻ അദ്ദേഹത്തിന്‌ അവസരം കൊടുത്തു.

അജ്ഞാതൻ ‘‘കാർപ്പോവ്‌’’ എന്ന അപരനാമത്തിലാണ്‌ പ്രസംഗപീഠത്തിനു മുന്നിലെത്തിത്‌. വലിയൊരു റാലിയെ ആദ്യമായി അഭിമുഖീകരിക്കുന്നതിന്റെ സഭാകന്പമുണ്ടായിരുന്നതിനാൽ വിളറിയ മുഖത്തോടെയും അൽപമൊരു വിറയലോടെയുമാണ്‌ ലെനിൻ തുടങ്ങിയത്‌. തന്റെ മുന്നിലുള്ളവർക്ക്‌ ബോധ്യപ്പെടുന്ന വിധത്തിൽ അനുനയസ്വരത്തിലാണ്‌ അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചത്‌. ലിബറലുകൾ യഥാർഥത്തിൽ ഒത്തുകളിക്കുകയാണെന്ന്‌ വ്യക്തമാക്കിയ അദ്ദേഹം പോരാളികളെ കൊന്നൊടുക്കുന്ന സാറിസ്റ്റ്‌ പ്രതിവിപ്ലവത്തെ അതിശക്തമായി അപലപിക്കുകയും ചെയ്‌തു. അദ്ദേഹം ഒരുകാലത്തും വാക്കുകൾകൊണ്ട്‌ അമ്മാനമാടുന്ന ഒരു മഹാ വാഗ്‌മിയായിരുന്നില്ല; പക്ഷേ തങ്ങളെക്കാൾ ഉയർന്ന നിലയിലുള്ള, കൂടുതൽ അറിവും ആശയവ്യക്തതയുള്ള ഒരാളാണ്‌ തങ്ങളോട്‌ സംസാരിക്കുന്നതെന്ന്‌ ശ്രോതാക്കളെ ബോധ്യപ്പെടുത്താൻ ലെനിന്‌ കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ആ ആദ്യ അവസരത്തിലും ഒരലോസരവും കൂടാതെ സശ്രദ്ധം അവർ അദ്ദേഹത്തെ കേട്ടിരുന്നു. തന്റെ ആന്തരിക ബോധ്യങ്ങൾ മറ്റുള്ളവരെ അറിയിക്കുകയെന്നതാണ്‌ എക്കാലത്തും ലെനിൻ സ്വീകരിച്ചിരുന്ന ശൈലി.

1906 ജൂലൈയിൽ സെന്റ്‌ പീറ്റേഴ്‌സ്‌ബെർഗിന്‌ സമീപത്തുള്ള സബ്‌ളിനൊ ഗ്രാമത്തിൽ പാർത്തിരുന്ന മാതാവിനെ ലെനിൻ സന്ദർശിച്ചു. എന്നാൽ ഒന്നാം ഡൂമ പിരിച്ചുവിട്ടതിനെത്തുടർന്നുണ്ടായ രാഷ്‌ട്രീയ പശ്ചാത്തലത്തിൽ ലെനിൻ ആ സന്ദർശനം പെട്ടെന്ന്‌ വെട്ടിച്ചുരുക്കി. ആ വേനൽക്കാലത്ത്‌ വളരെ പ്രധാനപ്പെട്ട പലരുമായും കൂടിക്കാഴ്‌ച നടത്തി; റോസ ലക്‌സംബർഗ്‌, ഫെലിക്‌സ്‌ സെർഷിൻസ്‌കി (Felix Dzerzhinsky), വി ഡി ബോഞ്ച്‌‐ ബ്രുയേവിച്ച്‌ (V D Bonch‐ Bruyevich) എന്നിവർ അവരിൽ ചിലരാണ്‌.

സമയം കിട്ടുമ്പോഴെല്ലാം ലെനിൻ Empiriomonism എന്ന അലക്‌സാണ്ടർ ബോഗ്‌ദനോവിന്റെ പുസ്‌തകം വായിച്ചിരുന്നു. ഗ്രന്ഥകാരനായ ബോഗ്‌ദനോവ്‌ സംഭാവനയായി ലെനിന്‌ നൽകിയതായിരുന്നു അത്‌. ഒരുപാട്‌ എഴുതാനും സംഘടനാപ്രവർത്തനം നടത്താനുമുണ്ടായിരുന്നതിനാൽ അദ്ദേഹത്തിന്‌ തെല്ലും വിശ്രമമുണ്ടായിരുന്നില്ല. 1907 ഏപ്രിൽ ഒടുവിൽ റഷ്യൻ ഗവൺമെന്റിൽനിന്നുള്ള ശക്തമായ സമ്മർദത്തെത്തുടർന്ന്‌ അറസ്റ്റും ജയിൽവാസവും ഒഴിവാക്കാനായി അദ്ദേഹം റഷ്യയിൽനിന്ന്‌ ഫിൻലാൻഡിലേക്ക്‌ കടന്നു. അഞ്ചാം പാർട്ടി കോൺഗ്രസിനുള്ള തയ്യാറെടുപ്പുകൾക്കായി ലണ്ടനിലേക്ക്‌ പോകുന്നതിനിടെ ഏതാനും ദിവസം ബെർലിനിൽ തങ്ങി. അവിടെ അദ്ദേഹം റോസ ലക്‌സംബർഗ്‌, കാറൽ കൗട്‌സ്‌കി, മാക്‌സിം ഗോർക്കി എന്നിവരുമായി കൂടിക്കാഴ്‌ച നടത്തി. ലണ്ടനിലേക്കുള്ള യാത്രയിൽ ഗോർക്കിയും അദ്ദേഹത്തോടൊപ്പം കൂടി, ആ യാത്രയ്‌ക്കിടയിലാണ്‌ അദ്ദേഹം ഗോർക്കിയുടെ Mother (അമ്മ) എന്ന പ്രസിദ്ധ നോവൽ വായിച്ചത്‌. ഗോർക്കിയും ലെനിനും തമ്മിലുള്ള സൗഹൃദം ഈ യാത്രയെത്തുടർന്നാണ്‌ കൂടുതൽ ശക്തമാകുന്നത്‌. മെൻഷെവിക്കുകളുടെ ആഗ്രഹത്തിനു വിരുദ്ധമായി ലെനിൻ ഗോർക്കിയെ അഞ്ചാം പാർട്ടി കോൺഗ്രസിൽ പ്രതിനിധിയാക്കുകയും ചെയ്‌തു.

1907 ജൂലൈ‐ആഗസ്‌ത്‌ കാലത്ത്‌ സ്‌റ്റുട്ട്‌ഗാർട്ടിൽ ചേർന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ്‌ കോൺഗ്രസിൽ പങ്കെടുത്തശേഷം മടങ്ങുന്ന വേളയിൽ ലെനിൻ തന്റെ ഭാവി പരിപാടികളെക്കുറിച്ച്‌ ലൂണാചാർസ്‌കിയുമായി ചർച്ചചെയ്‌തു. സെന്റ്‌ പീറ്റേഴ്‌സ്‌ബെർഗിന്‌ ഏറ്റവും അടുത്തുള്ള ഫിൻലാൻഡിൽ കുറച്ചുകാലം കൂടി പാർപ്പുറപ്പിക്കുന്ന കാര്യവും ഈ ഭാവിപരിപാടിയിൽ ഉൾപെട്ടിരുന്നു. (എന്നാൽ ജൂണിൽ തന്നെ ലെനിനെ പീറ്റേഴ്‌സ്‌ബെർഗിലേക്ക്‌ മടക്കി അയയ്‌ക്കാൻ സെന്റ്‌ പീറ്റേഴ്‌സ്‌ബെർഗിലെ പൊലീസ്‌ അധികൃതർ ഫിൻലാൻഡിനുമേൽ സമ്മർദ്ദം ശക്തമാക്കിയിരുന്നു). ബോൾഷെവിക്‌ മുഖപത്രമായ പ്രോലിത്താറിയിൽ സ്ഥിരമായി എഴുതണമെന്നും ലൂണാചാർസ്‌കിയോട്‌ ലെനിൻ ആവശ്യപ്പെട്ടു. പൊലീസിന്റെ നിരന്തരമുള്ള ശല്യപ്പെടുത്തലുകളെ തുടർന്ന്‌ റഷ്യവിട്ട്‌ വീണ്ടും പ്രവാസിയായി കഴിയാൻ ലെനിൻ തീരുമാനിച്ചു. ഫിൻലാൻഡിൽനിന്ന്‌ സ്‌റ്റോക്‌ഹോമിലേക്കുള്ള ലെനിന്റെ യാത്ര ഏറെക്കുറെ സാഹസികമെന്നുതന്നെ പറയാവുന്നതാണ്‌. ഫിൻലാൻഡിലെ കർഷകരുടെ സഹായത്തോടെയാണ്‌ അദ്ദേഹം മഞ്ഞുറഞ്ഞ്‌ കട്ടപിടിച്ചിരുന്ന ഫിൻലാൻഡ്‌ ഉൾക്കടൽ പിന്നിട്ടത്‌. കർഷകരുടെ സഹായത്തോടെ, കിലോമീറ്ററുകളോളം നടന്നാണ്‌ ലെനിൻ ഉൾക്കടൽ താണ്ടിയത്‌. സ്‌റ്റോക്‌ഹോമിലെത്തിയ അദ്ദേഹം ക്രൂപ്‌സ്‌കായയോടൊപ്പം അവിടെനിന്ന്‌ 1908 ജനുവരി 7ന്‌ ജനീവയിലെത്തി. ലെനിന്റെ രണ്ടാം പ്രവാസജീവിതത്തെക്കുറിച്ച്‌ അദ്ദേഹത്തിന്റെ സഹോദരി അന്ന ഇലിനിച്ചിന ഉല്യാനോവ ലെനിനെക്കുറിച്ചുള്ള ഓർമക്കുറിപ്പുകളിൽ ഇങ്ങനെ എഴുതുന്നു:

‘‘1905ലെയും 1906ലെയും സ്വാതന്ത്ര്യത്തിന്റേതായ കാലം പിന്നിട്ടശേഷം തുടങ്ങിയ ഈ രണ്ടാം പ്രവാസജീവിതം ആദ്യത്തേതിനെക്കാൾ വളരെ പ്രയാസപൂർണമായിരുന്നു. ബുദ്ധിജീവികളിലും വലിയൊരു വിഭാഗം യുവജനങ്ങളിലും ഒപ്പം ഒട്ടേറെ തൊഴിലാളികളിലും ആലസ്യത്തിന്റെയും ഒരുതരത്തിൽ എല്ലാത്തിനോടുമുള്ള വെറുപ്പിന്റെയും വികാരം മേൽക്കൈ നേടി. സാമൂഹ്യപ്രശ്‌നങ്ങളുടെ കാര്യത്തിൽ എല്ലാത്തിനെയും ഉൾപ്പെടുത്തുന്ന സമീപനത്തിന്റെ സ്ഥാനത്ത്‌ വ്യക്തിഗതമായ കാര്യങ്ങൾക്ക്‌‐ ലൈംഗികജീവിതവുമായും ആത്മീയതയുമായും ബന്ധപ്പെട്ട കാര്യങ്ങൾക്ക്‌‐ മുൻഗണന ലഭിക്കുന്ന സ്ഥിതിയുണ്ടായി; മതത്തോട്‌ ചാരിനിൽക്കുന്ന തത്വശാസ്‌ത്രം. എന്നിട്ടും, നിരാശാബോധം എല്ലായിടത്തും കടുത്തരീതിയിൽ പ്രകടമാക്കപ്പെട്ടു. പ്രത്യേകിച്ചും ഇത്‌ യുവജനങ്ങൾക്കിടയിലാണ്‌ കൂടുതൽ പ്രകടമായത്‌; യുവജനങ്ങൾക്കാണ്‌ ഏറെ വൈകാരികതയോടെ സാമൂഹികജീവിതത്തെ വായിക്കാൻ കഴിയുന്നത്‌. അവർക്കിടയിലാകട്ടെ ആത്മഹത്യാപ്രവണത മഹാമാരിയെപ്പോലെ സാർവത്രികമായിരിക്കുകയുമാണ്‌’’ (Reminiscences of Lenin By His Relatives. Page 18‐19)

1905ലെ റഷ്യൻ വിപ്ലവത്തിന്‌ തിരിച്ചടിയേറ്റതിനെ തുടർന്നുള്ള കാലത്ത്‌, 1907നുശേഷം ഭരണകൂട അടിച്ചമർത്തൽ ശക്തമായ കാലത്ത്‌, ബോൾഷെവിക്‌ പക്ഷത്തെ അംഗങ്ങളിൽ പലരും രാഷ്‌ട്രീയം തന്നെ ഉപേക്ഷിച്ചുപോകുന്ന സ്ഥിതിയുണ്ടായി. തന്റെ അടുത്ത സഖാക്കളെ ഉറപ്പിച്ചുനിർത്താൻതന്നെ ലെനിന്‌ ഏറെ ഊർജം ചെലവഴിക്കേണ്ടതായി വന്നു. അതേസമയംതന്നെ, ദാർശനികവും സംഘടനാപരവുമായ ചർച്ചകൾ, സാന്പത്തികശാസ്‌ത്ര വിഷയങ്ങളെ സംബന്ധിച്ച സംവാദങ്ങൾ, ടോൾസ്‌റ്റോയിയുടെ മരണാനന്തരം നടന്ന സാഹിത്യചർച്ചകൾ എന്നിവയെല്ലാം രാഷ്‌ട്രീയമായ അദ്ദേഹത്തിന്റെ വൈദഗ്‌ധ്യത്തിന്റെയും വൈഭവത്തിന്റെയും മൂർച്ചകൂട്ടുകയും സൈദ്ധാന്തികനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടുകൾക്ക്‌ 1907നു ശേഷമുള്ള കാലത്ത്‌ കൂടുതൽ വ്യക്തത കൈവരുകയും ചെയ്‌തു.

1905ലെ വിപ്ലവകാലത്ത്‌, പ്രത്യേകിച്ച്‌, ഒന്നും രണ്ടും ഡൂമ പ്രവർത്തിച്ചിരുന്ന ഹ്രസ്വമായ ഒരു കാലത്ത്‌, ലെനിൻ അതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രവർത്തനത്തെക്കുറിച്ചും നിരവധി ലേഖനങ്ങളെഴുതി തന്റെ സഖാക്കൾക്ക്‌ ആശയവ്യക്തത വരുത്തുകയുണ്ടായി. The Workers Group in the State Duma; The Peasant of `Trudovisk` Group and the RSDLP; The Land Question in Duma; Neither Land Nor Liberty; The Government the Duma and the People; The Cadets Prevent the Duma from Appealing to the People; The Hapless, The Octobrists and the Cadets; Bad Advice; The Cadets, the Trudoviks and the Wokers Party (Lenin Collected Works Volume 10 Progress Publishers, Moscow, 1965) എന്നിവയെല്ലാം തന്നെ കൃത്യമായ കാഴ്‌ചപ്പാടോടെയാണ്‌ ലെനിൻ എഴുതിയത്‌; കർഷകജനതയുമായുള്ള തൊഴിലാളിവർഗത്തിന്റെ സഖ്യം, ഭൂമിക്കും സ്വാതന്ത്ര്യത്തിനുംവേണ്ടിയുള്ള പോരാട്ടത്തിന്‌ കർഷകജനതയെ സജ്ജരാക്കേണ്ടതിന്റെ ആവശ്യകത, ഗവൺമെന്റുമായി വിലപേശി ധാരണയിലെത്തുന്നതിൽനിന്ന്‌ കേഡറ്റുകളെ (കോൺസ്റ്റിറ്റ്യൂഷണൽ ഡെമോക്രാറ്റിക്‌ പാർട്ടി) തടയുക എന്നിങ്ങനെയായിരുന്നു ലെനിൻ മന്നോട്ടുവെച്ച ആശയത്തിന്റെ സത്ത.

1905ലെ റഷ്യൻ വിപ്ലവത്തിൽ നഗരങ്ങളിലെ തൊഴിലാളികളുടെ നേതൃത്വത്തിൽ രാഷ്‌ട്രീയ പൊതുപണിമുടക്ക്‌ എന്ന തൊഴിലാളിവർഗത്തിന്റെ ആയുധമാണ്‌ റഷ്യൻ ജനത പ്രയോഗിച്ചത്‌; അതാകട്ടെ, അതേവരെ ഏറ്റവും വികസിതമായ രാജ്യങ്ങളിൽപോലും സംഭവിച്ചിട്ടില്ലാത്തത്ര വ്യാപകവും വിപുലവുമായാണ്‌ റഷ്യയിൽ നടന്നത്‌. റഷ്യൻ തൊഴിലാളിവർഗം സോവിയറ്റുകൾ എന്ന പുതിയൊരു ജനകീയ ഭരണരൂപത്തിന്‌ ആധികാരികമായി രൂപംനൽകുകയും കർഷകസമിതികളും മറ്റു സംഘടനകളും 1905ലെ വിപ്ലവകാലത്ത്‌ വ്യാപകമായി ഉയർന്നുവരുകയും ചെയ്‌തിരുന്നു. ഈ പുതിയ സംവിധാനങ്ങളുടെ‐ സോവിയറ്റുകളുടെയും കർഷകസമിതികളുടെയുമെല്ലാം‐ സവിശേഷത അവ പൂർണമായും ജനാധിപത്യസ്വഭാവത്തിലുള്ളതായിരുന്നുവെന്നുള്ളതാണ്‌. തിരഞ്ഞെടുക്കപ്പെടുന്നുവെന്നതു മാത്രമല്ല, ജനങ്ങളുടെ കൺമുന്നിൽ സുതാര്യമായാണ്‌ അതിന്റെ പ്രവർത്തനമാകെ നടന്നിരുന്നത്‌ എന്നതും അതിന്റെ സവിശേഷതയായിരുന്നു. ലെനിന്റെ ജീവചരിത്രകാരിലൊരാളായ ലാർസ്‌ ടി ലി ഒന്നാം റഷ്യൻ വിപ്ലവത്തെക്കുറിച്ച്‌ എഴുതുന്നുണ്ട്‌.

അക്രമസംഭവങ്ങളെക്കുറിച്ചുള്ള ലെനിന്റെ കാഴ്‌ചപ്പാടിനെ ലാറസ്‌ ടി ലി അവതരിപ്പിക്കുന്നതിങ്ങനെയാണ്‌: ‘‘ജനങ്ങൾ നടത്തിയ അരാജകമായ അക്രമങ്ങളിൽ ലെനിന്‌ ദുഃഖമുണ്ടായിരുന്നു; പക്ഷേ അത്‌ അക്രമം നടന്നുവെന്നതുകൊണ്ടല്ല, മറിച്ച്‌ അത്‌ അരാജകത്വപരമായിരുന്നുവെന്നതിനാലാണ്‌’’. (Lars T Li, Lenin: Page 94)

ലെനിൻ മുന്നോട്ടുവെച്ച ആശയങ്ങളുടെ അടിസ്ഥാനപരമായ പരിസരം തൊഴിലാളി‐കർഷക ഐക്യത്തിലൂടെയുള്ള പോരാട്ടം, സാറിസ്റ്റ്‌ വാഴ്‌ചയെ തകർത്ത്‌ റഷ്യയെ ജനാധിപത്യ റിപ്പബ്ലിക്കാക്കുന്നതിനുള്ള പോരാട്ടം എന്നതാണ്‌. റഷ്യയിൽ നിലനിൽക്കുന്ന സ്വേച്ഛാധിപത്യ വാഴ്‌ചയുടെ പശ്ചാത്തലത്തിൽ രഹസ്യമായി പ്രവർത്തിക്കുന്ന ഒരു പാർട്ടി അനിവാര്യമാണെന്നും ആ പാർട്ടിയാണ്‌ തൊഴിലാളികളെ രാഷ്‌ട്രീയബോധമുള്ളവരാക്കി ഉയർത്തി കർഷകജനതയുമായി കൈകോർത്ത്‌ ജനാധിപത്യവിപ്ലവത്തിലൂടെ സാറിസ്റ്റ്‌ വാഴ്‌ചയ്‌ക്ക്‌ അറുതിവരുത്തുകയെന്നതുമായിരുന്നു ലെനിന്റെ കാഴ്‌ചപ്പാട്‌. അതുകൊണ്ടായിരുന്നു ലെനിനും ബോൾഷെവിക്കുകൾക്കും 1905ലെ വിപ്ലവത്തിൽ മേൽക്കെ നേടാൻ കഴിഞ്ഞത്‌. പൊലീസ്‌ സോഷ്യലിസം എന്ന്‌ വിശേഷിപ്പിക്കപ്പെടുന്നതിന്റെ പേരിൽ തൊഴിലാളികളെ സംഘടിപ്പിച്ച കർഷകപശ്ചാത്തലമുള്ള ഫാദർ ഗാപ്പോണിനെ മറ്റുള്ളവർ സംശയദൃഷ്ടിയോടെ അകറ്റിനിർത്തിയപ്പോൾ ലെനിൻ ജനീവയിൽ അദ്ദേഹവുമായി ചർച്ചചെയ്യാൻ തയ്യാറാവുകയാണുണ്ടായത്‌. റഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന വിപ്ലവത്തിന്റെ ഒരു കനലായാണ്‌ ലെനിൻ ഫാദർ ഗപ്പോണിനെ കണ്ടത്‌ (1906ൽ ഈ പുരോഹിതൻ വെടിയേറ്റ്‌ കൊല്ലപ്പെടുകയായിരുന്നു. സോഷ്യലിസ്റ്റ്‌ റെവല്യൂഷണറികളാണ്‌ അതിനു പിന്നിലെന്നാണ്‌ കരുതപ്പെടുന്നത്‌). ഗാപ്പോണിന്റെ കർഷക കുടുംബപശ്ചാത്തലവും ലെനിനെ ആകർഷിക്കുകയുണ്ടായി.

കാർഷികവിപ്ലവത്തെ സംബന്ധിച്ച്‌ ലെനിൻ മുന്നോട്ടുവെച്ച കാഴ്‌ചപ്പാട്‌ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതായിരുന്നു. 1907ൽ അദ്ദേഹം എഴുതിയ The Agrarian Programme of Social Democracy in the First Russian Revolution 1905‐1907 എന്ന 200 പേജിലധികം വലിപ്പമുള്ള കൃതി ലെനിനെ സംബന്ധിച്ച്‌ പ്രധാനപ്പെട്ടതാണെങ്കിലും അതവഗണിക്കപ്പെടുകയാണുണ്ടായത്‌. യഥാർഥത്തിൽ ഇത്‌ 1894ൽ എഴുതിയ What the Friends of the People, 1899ലെ Development of Capitalism in Russia, 1903ലെ To the Rural Poor എന്നീ കൃതികളുടെ തുടർച്ചയായിരുന്നുവെന്നു മാത്രമല്ല ആ പരന്പരയിലെ പ്രധാനപ്പെട്ട ഒന്നുമാണ്‌. ലെനിന്റെ സുഹൃത്തും സഖാവുമായ ലെവ്‌ കമനേവ്‌ ഈ ഗ്രന്ഥത്തെ സംബന്ധിച്ച ലെനിന്റെ സമീപനത്തെക്കുറിച്ച്‌ പിൽക്കാലത്ത്‌ രേഖപ്പെടുത്തിയതിങ്ങനെയാണ്‌: ‘‘ബൃഹത്തായ ആ കൈയെഴുത്തുപ്രതി, ദീർഘകാലത്തെ കഠിനാധ്വാനത്തിന്റെ ഫലമായി തയ്യാറാക്കപ്പെട്ട കൈയെഴുത്തുപ്രതി, മറ്റൊരും കടന്നുചെല്ലാൻ തയ്യാറാകാത്ത മേഖലയെ സംബന്ധിച്ച ആ കൈയെഴുത്തു പ്രതി പത്തുവർഷത്തോളം, 1917 വരെ, പുറംലോകത്തെത്താതെ ലെനിന്റെ പെട്ടിയുടെ അടിയിൽ നിദ്രയിലായിരുന്നു. ഫിൻലാൻഡിൽനിന്ന്‌ ജനീവയിലേക്കും പാരീസിൽനിന്ന്‌ ക്രാക്കോവിലേക്കും അത്‌ അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചു. പത്തുവർഷത്തിനുശേഷം വിജയകരമായ വിപ്ലവത്തിന്റെ അലയടികൾക്കൊപ്പം സെന്റ്‌ പീറ്റേഴ്‌സ്‌ബെർഗിൽ ലെനിനൊപ്പം ആ കൈയെഴുത്തുപ്രതിയും മടങ്ങിയെത്തി. അവിടെ അച്ചടിക്കാൻ ഒരച്ചടിശാല ലഭിച്ചു. 1917ൽ റഷ്യയിൽ വിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോൾ ലെനിൻ ഏറെക്കുറെ ഇങ്ങനെയായിരുന്നിരിക്കണം ചിന്തിച്ചത്‌; ഇപ്പോൾ എനിക്ക്‌ എന്റെ പുസ്‌തകം പ്രസിദ്ധീകരിക്കാം’’.

(ലാർസ്‌ ടി ലി ലെനിന്റെ ജീവചരിത്രത്തിൽ ഉദ്ധരിച്ചത്‌, Lenin Page 96, 97) l

Hot this week

പ്രത്യയശാസ്‌ത്ര ഉപകരണം

ജിഹാദ് ഒരു അറബി പദപ്രയോഗമാണ്. ജാഹദ എന്ന അറബി പദത്തിൽ നിന്നും...

ഇടതുപക്ഷത്തിന്റെ അർത്ഥതലങ്ങൾ

കേരളം മുന്നോട്ടുവെച്ചിരിക്കുന്ന ഇടതുപക്ഷബദലിന്റെ സാർവദേശീയ പശ്ചാത്തലവും കോർപ്പറേറ്റ് വർഗീയ കൂട്ടുകെട്ടിന്റേതായ വർത്തമാന...

കോസ്മെറ്റിക് ഫിറ്റ്നസ്: അതിസാങ്കേതികകാലത്തെ സൗന്ദര്യസങ്കല്പ കാഴ്ചപ്പാടുകൾ

പരമ്പരാഗതമായ ആരോഗ്യപരിപാലനരീതി എന്നതിലുപരി, സൗന്ദര്യാത്മകതയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് ആകർഷകമായ ശരീരപ്രകൃതി കൈവരിക്കാൻ...

ബസുദേവ്‌ ആചാര്യ

1980 മുതൽ തുടർച്ചയായി ഒമ്പതു തവണ ലോക്‌സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ബസുദേവ്‌ ആചാര്യ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 20

‘‘മുതലാളിത്തം നിങ്ങളെ നശിപ്പിക്കുന്നു; അത്‌ പേർഷ്യക്കാരെയും നശിപ്പിക്കും; അതെല്ലാവരെയും നശിപ്പിക്കും. മുതലാളിത്തത്തെ...

Topics

പ്രത്യയശാസ്‌ത്ര ഉപകരണം

ജിഹാദ് ഒരു അറബി പദപ്രയോഗമാണ്. ജാഹദ എന്ന അറബി പദത്തിൽ നിന്നും...

ഇടതുപക്ഷത്തിന്റെ അർത്ഥതലങ്ങൾ

കേരളം മുന്നോട്ടുവെച്ചിരിക്കുന്ന ഇടതുപക്ഷബദലിന്റെ സാർവദേശീയ പശ്ചാത്തലവും കോർപ്പറേറ്റ് വർഗീയ കൂട്ടുകെട്ടിന്റേതായ വർത്തമാന...

കോസ്മെറ്റിക് ഫിറ്റ്നസ്: അതിസാങ്കേതികകാലത്തെ സൗന്ദര്യസങ്കല്പ കാഴ്ചപ്പാടുകൾ

പരമ്പരാഗതമായ ആരോഗ്യപരിപാലനരീതി എന്നതിലുപരി, സൗന്ദര്യാത്മകതയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് ആകർഷകമായ ശരീരപ്രകൃതി കൈവരിക്കാൻ...

ബസുദേവ്‌ ആചാര്യ

1980 മുതൽ തുടർച്ചയായി ഒമ്പതു തവണ ലോക്‌സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ബസുദേവ്‌ ആചാര്യ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 20

‘‘മുതലാളിത്തം നിങ്ങളെ നശിപ്പിക്കുന്നു; അത്‌ പേർഷ്യക്കാരെയും നശിപ്പിക്കും; അതെല്ലാവരെയും നശിപ്പിക്കും. മുതലാളിത്തത്തെ...

പോതി തെയ്യം

മലബാറിലെ തെയ്യം അവതരണത്തിൽ പോതി തെയ്യം ഏറെ പ്രത്യേകതയുള്ളതാണ്. വണ്ണാൻ സമുദായക്കാരാണ്...

അതിഥി വേഷങ്ങൾ എന്ന കൺകെട്ട്‌

സിനിമയുടെ വികാസത്തിൽ ഏറ്റവും മികച്ച മുഹൂർത്തങ്ങൾ സൃഷ്ടിച്ചവയാണ്‌ അതിഥി വേഷങ്ങൾ. തിയറ്ററിൽ...

ലെനിൻ സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 19

ബോഗ്‌ദനോവിനും കൂട്ടർക്കുമെതിരായ ആശയസമരം ‘‘ഇല്ലിച്ചിനെ ഗോർക്കി, കാപ്രിയിലേക്ക്‌ ക്ഷണിച്ചു (അക്കാലത്ത്‌ അവിടെയാണ്‌ ബോഗ്‌ദനോവും...
spot_img

Related Articles

Popular Categories

spot_imgspot_img