
മാർക്സിസത്തെ പുനർനിർമിക്കുന്ന ലെനിൻ
‘‘ഇരുപതാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട സുപ്രധാന കൃതികളിലൊന്നാണ് ലെനിന്റെ ‘സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നതഘട്ടം’. ഈ കൃതിയുടെ സവിശേഷപ്രാധാന്യം കുടികൊള്ളുന്നത് അത് നമുക്ക് നൽകുന്ന വിലപ്പെട്ട വിശദാംശങ്ങളിലോ വിവരങ്ങളിലോ അല്ല, സാമ്രാജ്യത്വം, ലോകയുദ്ധം എന്നിവയെ സംബന്ധിച്ച് അത് വ്യക്തമായി വിശദീകരിക്കുന്നുവെന്നതിലുമല്ല, മറിച്ച്, മാർക്‌സിസത്തിന്റെ പുനർനിർമാണത്തിനായുള്ള ഉജ്വലവും ഉരുക്കുപോലെ ഉറച്ചതുമായ ഒരു ചട്ടക്കൂട് അത് മുന്നോട്ടുവയ്‌ക്കുന്നു എന്നതിലാണ്. ഇരുപതാം നൂറ്റാണ്ടിലും തുടർന്നുമുള്ള വിപ്ലവപ്രയോഗത്തിനായുള്ള അടിത്തറ പാകുന്നതുമാണ് ഈ കൃതി. അതുകൊണ്ടുതന്നെ അനന്യസാധാരണമായ ഒരു ഗ്രന്ഥമാണിത്. നമ്മുടെ കാഴ്‌ചയെ പെട്ടെന്ന് അന്ധമാക്കുന്ന സാമ്രാജ്യത്വത്തിന്റെ സഹജമായ ചില ‘പ്രഭാവലയങ്ങളിൽ നിന്നല്ല ഈ കൃതിയുടെ പ്രചോദനം; മറിച്ച്, ഒന്നാം ലോകയുദ്ധം ആരംഭിച്ചതിനെ തുടർന്ന്, തൊഴിലാളിവർഗ പ്രസ്ഥാനത്തെ ഗ്രസിച്ച, വിപ്ലവപ്രയോഗ മാതൃകയുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽനിന്നായിരുന്നു ഈ ഗ്രന്ഥത്തിന്റെ പിറവി. വിപ്ലവകരമായ ഏതൊരു പ്രയോഗമാതൃകയ്‌ക്കും അടിസ്ഥാനപരമായി വേണ്ടത് സൈദ്ധാന്തികമായ വിടവുകൾ പരിഹരിക്കലാണെന്ന് ലെനിൻ മനസ്സിലാക്കി. ഈ കൃതിയിൽ അൽപംപോലും പഴുതുകൾ ഇല്ലാത്തവിധം സൈദ്ധാന്തികമായ വിടവുകൾ കൃത്യമായി അടയ്‌ക്കപ്പെട്ടിരിക്കുന്നു’’
‐ പ്രഭാത് പട്‌നായക് (ലെനിന്റെ Imperialism: Highest Stage of Capitalism എന്ന കൃതിയുടെ Leftword പതിപ്പിന് 2000ത്തിൽ പ്രഭാത് പട്‌നായക് എഴുതിയ അവതാരികയിൽനിന്ന്)

ലിബറൽ മുതലാളിത്തത്തിന് അനുനയത്തിന്റെയും സൗഹൃദത്തിന്റെയും സമീപനമാണെന്ന മുഖംമൂടി വലിച്ചുകീറി അതിനുള്ളിൽ ഒളിച്ചിരുന്ന വന്യമൃഗത്തെ തുറന്നുകാണിക്കുകയായിരുന്നു ഹിൽഫെർഡിങ്. കുത്തകവൽക്കരണത്തിലേക്ക് വീണ്ടും നീങ്ങുംവിധമുള്ള മൂലധനത്തിന്റെ സാന്ദ്രീകരണം നടക്കുന്നതു സംബന്ധിച്ച മാർക്‌സിസത്തിന്റെ അടിസ്ഥാന ധാരണയിൽ ഉറച്ചുനിന്ന് മുന്നോട്ടുനീങ്ങുകയായിരുന്നു അദ്ദേഹം. ഈ കുത്തക മൂലധനം ദയാലുവോ ഉദാരമതിയോ ഒന്നുമല്ലെന്നും അത് കൊള്ളലാഭത്തിനായുള്ള ആർത്തിയോടെ ഈ ഭൂമണ്ഡലമാകെ പതുങ്ങിനടക്കുകയാണെന്നുമുള്ള മാർക്‌സിസ്റ്റ് നിലപാട് ഉയർത്തിപ്പിടിക്കുകയായിരുന്നു ഹിൽഫെർഡിങ്. അതിനുമുന്നിൽ വിലങ്ങുതടിയായി വരുന്ന ആരെയും, എന്തിനെയും അത് പാടെ നശിപ്പിക്കും. ഉദാഹരണമായി ഹിൽഫെർഡിങ് വടക്കെ അമേരിക്കയിലെയും തെക്കെ അമേരിക്കയിലെയും പിന്നീട് ആഫ്രിക്കൻ വംശജരുടെയും അനുഭവത്തെ ചൂണ്ടിക്കാണിക്കുന്നു. മൂലധനം ഇന്ന് ലോകത്തെ ആക്രമിച്ച് കീഴ്‌പ്പെടുത്തുകയാണെന്നും മൂലധനത്തിന്റെ അധിനിവേശത്തിനു വിധേയമാകുന്ന ഓരോ രാജ്യവും അതിനു മറികടക്കാനുള്ള അതിർത്തി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ധനമൂലധനത്തിന്റെ തേരോട്ടം അതിനെ സംബന്ധിച്ച് സാമ്പത്തികമായ ഒരു അനിവാര്യതയാണെന്നും അക്കാര്യത്തിൽ തെല്ലെങ്കിലും പിന്നോട്ടായാൽ അതിന്റെ ലാഭം കുറയുന്നതിനിടയാക്കുമെന്നും മത്സരശേഷി കുറയ്‌ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതിനാൽ തന്നെ ഒടുവിൽ വൻകിട മൂലധനത്തിന്റെ ഇരകളായി ചെറുകിട മൂലധനം മാറ്റപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പുത്തൻ മുതലാളിത്തത്തിന്റെ സ്വാഭാവികവും അനിവാര്യവുമായ അനന്തരഫലമാണ് വംശീയത എന്നുകൂടി ഹിൽഫെർഡിങ് പറഞ്ഞുവയ്‌ക്കുന്നു.
എന്നാൽ, സൈദ്ധാന്തികമായി വിപ്ലവകരമായ നിലപാടുകൾ മുന്നോട്ടുവെച്ചുകൊണ്ട് ബേൺസ്റ്റീനിസത്തിന്റെ വെല്ലുവിളിയെ നേരിട്ട ഹിൽഫെർഡിങ് പക്ഷേ, യുദ്ധത്തോടനുബന്ധിച്ച് രണ്ടാം ഇന്റർനാഷണലിലുണ്ടായ ഭിന്നിപ്പിൽ ബേൺസ്റ്റീനിസത്തിന്റെ പുത്തൻ അവതാരമായി അധഃപതിച്ച കൗട്‌സ്‌കിക്കൊപ്പം നിൽക്കുന്ന വിചിത്രമായ അവസ്ഥയാണുണ്ടായത്. പിന്നീട്, വെയ്‌മർ റിപ്പബ്ലിക്കിലെ ഗവൺമെന്റിൽ 1923ൽ അദ്ദേഹം ധനമന്ത്രിയായി. ഹിറ്റ്‌ലറുടെ അധികാരാരോഹണത്തെ തുടർന്ന് 1941ൽ അദ്ദേഹം തടവിലായിരിക്കെ മരണപ്പെട്ടു.

അവസരവാദികളുടെ ചേരിയിലേക്ക് പ്രായോഗിക രാഷ്‌ട്രീയത്തിൽ ഹിൽഫെർഡിങ് വഴുതിമാറിയെങ്കിലും സൈദ്ധാന്തികമായി അദ്ദേഹം നൽകിയ സംഭാവനയെ ലെനിൻ ഉൾപ്പെടെയുള്ള വിപ്ലവകാരികൾ വിലമതിച്ചു. ഹിൽഫെർഡിങ്ങിന്റെ Finance Capital എന്ന കൃതിയുടെ സ്വാധീനം ലെനിന്റെ Imperialism: The Highest Stage of Capitalism എന്ന കൃതിയിൽ മാത്രമല്ല, 1917ലെ വിപ്ലവത്തിനു തൊട്ടുമുൻപെഴുതിയ State and Revolution എന്ന കൃതിയിലും കാണാം. എന്നിരുന്നാലും ലെനിനും ഹിൽഫെർഡിങ്ങും തമ്മിലുള്ള ബന്ധം ഏതെങ്കിലുമൊരു വിഷയത്തിലുള്ള പൊതുനിലപാടെന്ന നിലയിൽ ലളിതമായി കാണാനാവില്ല. സാമ്രാജ്യത്വത്തെക്കുറിച്ചുള്ള ലെനിന്റെ കൃതിയിൽ ഹിൽഫെർഡിങ്ങിന്റേതിനെക്കാൾ ഹോബ്‌സന്റെ സ്വാധീനമുണ്ടെന്നതാണ് വസ്‌തുത. ഹോബ്‌സണെ ബൂർഷ്വാ ലിബറലായി തന്നെയാണ് കൃത്യമായും ലെനിൻ കണ്ടത്; അതേസമയം ഹിൽഫെർഡിങ്ങിനെയാകട്ടെ, കൗട്‌സ്‌കി അനുകൂലിയായ സോഷ്യലിസത്തിന്റെ മറവിൽ നിൽക്കുന്ന പെറ്റി ബൂർഷ്വായാണെന്നും ആ നിലയിൽ കൂടുതൽ അപകടകാരിയാണെന്നുമാണ് ലെനിൻ കരുതിയത്. എന്നിരുന്നാലും ഹിൽഫെർഡിങ്ങിന്റെയും ലെനിന്റെയും ചില വിശകലനങ്ങളിൽ ശ്രദ്ധേയമായ സാമ്യം കാണാനുമാവും. മൂലധനത്തിന്റെ സാന്ദ്രീകരണം, കുത്തകകൾ, കാർട്ടെലുകൾ എന്നിവയെക്കുറിച്ചെല്ലാമുള്ള നിരീക്ഷണങ്ങളിൽ ഇരുവരും തമ്മിൽ സാദൃശ്യം കാണാൻ കഴിയും. ‘തൊഴിലാളിപ്രഭുക്കൾ’ എന്ന് വിളിക്കപ്പെടുന്ന വിഭാഗത്തിന്റെ ജീവിതനിലവാരം ഉയർത്തുന്നതിനാവശ്യമായ സമ്പത്ത് സാമ്രാജ്യത്വത്തിന്റെ കൊള്ളലാഭത്തിൽനിന്നാണെന്ന ഹിൽഫെർഡിങ്ങിന്റെ നിരീക്ഷണത്തോടും ലെനിൻ യോജിക്കുന്നുണ്ട്. എന്നാൽ അതോടൊപ്പം ലെനിൻ വലിയൊരു ചുവടുകൂടി മുന്നോട്ടുപോകുന്നുമുണ്ട്; അതായത്, സോഷ്യൽ ഡെമോക്രസിക്കുള്ളിൽ പരിഷ്‌കരണവാദ പ്രവണതകൾ കൊണ്ടുവരുന്നത് സാമ്രാജ്യത്വമൂലധനത്തിന്റെ ഈ ഗുണഭോക്താക്കളാണെന്ന് ലെനിൻ വിശദീകരിക്കുന്നു. ഈ വിഭാഗങ്ങളുടെ‐ തൊഴിലാളിപ്രഭുക്കളുടെ (ലേബർ അരിസ്‌റ്റോക്രാറ്റ്‌സ്)‐ പ്രത്യയശാസ്‌ത്രമാണ് ശരിയായ തൊഴിലാളിവർഗ പ്രത്യയശാസ്‌ത്രത്തെ കവച്ചുവെച്ചുകൊണ്ട് ആ ഘട്ടത്തിൽ യൂറോപ്പിൽ ഉയർന്നുനിൽക്കുന്നതെന്ന വിമർശനവും ലെനിൻ മുന്നോട്ടുവയ്‌ക്കുന്നു.
സാമ്രാജ്യത്വയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം കരുതിയ ലോക വിപ്ലവത്തിന് തടസ്സം നിൽക്കുന്നത് ഈ സോഷ്യൽ ഷോവനിസ്റ്റുകളും അവരുടെ ശിങ്കിടികളായ സോഷ്യൽ പെസഫിസ്റ്റുകളുമാണെന്ന് ലെനിൻ ഉറച്ചുവിശ്വസിച്ചു. ഈ വിഭാഗത്തിന്റെ സ്വാധീനവലയത്തിൽനിന്നും തൊഴിലാളിവർഗത്തെ മോചിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹിൽഫെർഡിങ്ങിന്റെ കൃതി രചിക്കപ്പെട്ടത് ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനും നാലുവർഷം മുമ്പാണ്. ലെനിനാകട്ടെ യുദ്ധം ആരംഭിച്ചശേഷമുള്ള സാഹചര്യത്തിലാണ്, 1915‐16 കാലത്താണ് സാമ്രാജ്യത്വത്തെയും യുദ്ധത്തെയും സംബന്ധിച്ച വിശകലനങ്ങളാകെ നടത്തിയത്. എന്തുകൊണ്ട് യുദ്ധമുണ്ടാകുന്നുവെന്ന വിഷയത്തിലാണ് ലെനിൻ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഈ യുദ്ധം (ഒന്നാം ലോകയുദ്ധം) സാമ്രാജ്യത്വയുദ്ധമാണെന്നതാണ്, അതായത് ലോകത്തെ പങ്കിട്ടെടുക്കാനുള്ള സാമ്രാജ്യത്വശക്തികൾ തമ്മിലുള്ള യുദ്ധമാണെന്നതാണ് ലെനിന്റെ ആശയങ്ങളുടെ കേന്ദ്രബിന്ദു.
1914 ആഗസ്‌തിൽ യുദ്ധം തുടങ്ങിയതുമുതലുള്ള ലെനിന്റെ രചനകളിൽ വ്യക്തമാക്കപ്പെട്ടിട്ടുള്ളത് ഇംഗ്ലീഷ്‐ഫ്രഞ്ച് മുതലാളിമാരുടെ ചേരിയും ജർമൻ മുതലാളിമാരുടെ ചേരിയും തമ്മിൽ കമ്പോളങ്ങൾ വെട്ടിപ്പിടിക്കാനും ഇതര ചേരിയെ നശിപ്പിക്കാനുമുള്ള സംഘട്ടനമാണ് ഈ യുദ്ധം എന്നാണ്. ഇംഗ്ലീഷ്‐ഫ്രഞ്ച് മുതലാളിമാരുടെ വാടകക്കൊലയാളിയായിട്ടാണ് റഷ്യ ഈ യുദ്ധത്തിൽ പങ്കെടുക്കുന്നതെന്നും ലെനിൻ വ്യക്തമാക്കുന്നു. ‘സാമ്രാജ്യത്വം: മുതാളിത്തത്തിന്റെ പരമോന്നത ഘട്ടം’ എന്ന യുദ്ധാനന്തരം പ്രസിദ്ധീകരിച്ച ഫ്രഞ്ച്‐ജർമൻ ഭാഷകളിലെ പതിപ്പുകൾക്ക് എഴുതിയ മുഖവുരയിൽ ലെനിൻ ബ്രെറ്റ് ലിറ്റോവ്‌സ്‌ക് ഉടമ്പടിയെയും വേഴ്‌സെയ്‌ത്സ് ഉടമ്പടിയെയും തന്റെ വാദം സ്ഥിരീകരിക്കാനായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ രണ്ട് ഉടമ്പടിയിലും കാണുന്ന പ്രവണതയിലേക്ക്, വിജയികൾ പരാജിതരെ സാമ്പത്തികമായി തകർക്കാനും അവരുടെ ആസ്‌തികളാകെ കവർന്നെടുക്കാനും നടത്തിയ നീക്കത്തിലേക്ക് ലെനിൻ വിരൽചൂണ്ടുന്നു. ജർമനിയുമായി റഷ്യയുണ്ടാക്കിയ ബ്രെറ്റ്‐ലിസ്‌റ്റോവ്‌സ്‌ക് ഉടമ്പടിയെ ആധുനികകാലത്തെ അതേവരെ ഉണ്ടായതിൽവച്ച് ഏറ്റവും നിർദയവും കർക്കശവുമായ സമാധാന ഉടമ്പടിയായാണ് ലെനിൻ വിശേഷിപ്പിക്കുന്നത്. ഈ ഉടമ്പടി പ്രകാരം റഷ്യയുടെ അധീനതയിലുണ്ടായിരുന്ന, പശ്ചാത്തലസൗകര്യങ്ങളും ധാതുവിഭവങ്ങളും വലിയൊരു ജനവിഭാഗവും ഉൾപ്പെടുന്ന ഭൂപ്രദേശം സ്വന്തമാക്കിയതിനുപുറമേ ജർമനി നഷ്ടപരിഹാരമായി വലിയ തുക സ്വർണമായിതന്നെ കവർന്നെടുക്കുകയും ചെയ്‌തു. വേഴ്‌സെയ്‌ത്സ് ഉടമ്പടിപ്രകാരം ഫ്രാൻസും ബ്രിട്ടനും അമേരിക്കയും നടത്തിയ നിഷ്‌ഠൂരമായ പിടിച്ചുപറിയിലേക്കും ലെനിൻ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ വിശദീകരിക്കുന്നതിനൊപ്പം ‘രാജ്യസ്‌നേഹ’ത്തിന്റെ പേരിൽ സാമ്രാജ്യത്വ സർക്കാരുകൾക്കൊപ്പം കൂട്ടുചേർന്ന പെസഫിസ്റ്റുകളെന്നും സോഷ്യലിസ്റ്റുകളെന്നും സ്വയം വിശേഷിപ്പിക്കുന്ന പെറ്റി ബൂർഷ്വാ അവസരവാദികളെ കണക്കിന് കളിയാക്കുന്നുമുണ്ട്.
സമകാലിക സംഭവങ്ങളുടെ വെളിച്ചത്തിൽതന്നെ ലെനിൻ തന്റെ അടിസ്ഥാനാശയങ്ങൾ സംശയരഹിതമായി അവതരിപ്പിക്കുന്നുവെന്നതാണ് സാമ്രാജ്യത്വം എന്ന കൃതിയുടെ സവിശേഷത. ഈ യുദ്ധം കമ്പോളത്തെയും കോളനികളെയും സ്വന്തമാക്കുന്നതിനും മത്സരം ഇല്ലാതാക്കുന്നതിനുംവേണ്ടി നടത്തിയതാണ് എന്നും ലെനിൻ ആവർത്തിച്ച് വ്യക്തമാക്കുന്നു. തങ്ങൾകൂടി അംഗീകരിച്ച രണ്ടാം ഇന്റർനാഷണലിന്റെ ബാസെൽ കോൺഗ്രസിന്റെ വിജ്ഞാപനത്തെ (യുദ്ധം തുടങ്ങുന്നതിന് രണ്ടുവർഷം മുമ്പ്, 1912 കാലത്താണ് ആ വിജ്ഞാപനം അംഗീകരിച്ചത്) തള്ളിക്കളഞ്ഞുകൊണ്ടാണ് അവസരവാദികളായ കൗട്‌സ്‌കിയും കൂട്ടരും ബൂർഷ്വാ ഭരണാധികാരികളുടെ പിന്നാലെ കൂടിയതെന്നും ലെനിൻ ചൂണ്ടിക്കാണിച്ചു. അങ്ങനെയാണ് ഹിൽഫെർഡിങ്ങിനെ ബഹുദൂരം പിന്നിലാക്കിക്കൊണ്ട് ലെനിൻ മുതലാളിത്തകാലത്തിലെ യുദ്ധത്തെ സംബന്ധിച്ച ഏറ്റവും മികച്ചതും വിപ്ലവകരവുമായ മാർക്‌സിസ്റ്റ് കാഴ്‌ചപ്പാട് മുന്നോട്ടുവയ്‌ക്കുന്നത്.
മാർക്‌സിസത്തെ പുനർനിർമിക്കുന്നതിനായുള്ള ഒട്ടേറെ സുപ്രധാന പ്രശ്‌നങ്ങൾ ലെനിൻ ‘സാമ്രാജ്യത്വം’ എന്ന കൃതിയിൽ മുന്നോട്ടുവയ്‌ക്കുന്നുണ്ട്. മാർക്‌സ് വികസിപ്പിക്കാതെവിട്ട, നിർണായകമായ ഒരു പ്രശ്‌നം, ‘‘ഒരു സാമൂഹ്യവ്യവസ്ഥയിൽ ഇടം ലഭിച്ചിട്ടുള്ള എല്ലാ ഉൽപാദനശക്തികളും വികസിക്കുന്നതിനു മുമ്പ് അതൊരിക്കലും ഇല്ലാതാവില്ല’’ എന്നതാണ്. ഒരു സാമൂഹ്യവ്യവസ്ഥ ഇനി മുന്നോട്ടുപോകാനാവാത്തവിധം പരമാവധിയിൽ എത്തിനിൽക്കുന്നുവെന്ന് എങ്ങനെ മനസ്സിലാക്കാനാവും എന്ന പ്രശ്‌നത്തിന് കൃത്യമായ ഉത്തരം മാർക്‌സ് നൽകുന്നില്ല. എന്നാൽ സാമ്രാജ്യത്വം എന്ന കൃതിയിൽ ലെനിൻ ഈ പ്രശ്‌നത്തിന് പ്രായോഗികമായ ഉത്തരം നൽകുന്നുണ്ട്. കമ്പോളങ്ങൾ വെട്ടിപ്പിടിക്കാനായി സാമ്രാജ്യത്വശക്തികൾ യുദ്ധങ്ങൾ ഉണ്ടാക്കുമ്പോൾ ഒരു രാജ്യത്തെ തൊഴിലാളികളെ കൊലപ്പെടുത്താൻ മറ്റൊരു രാജ്യത്തുള്ള തൊഴിലാളികളെ‐ അതായത് അവരുടെ വർഗസഹോദരങ്ങളെ‐ നിർബന്ധിതരാക്കുകയാണ്. ഈ സ്ഥിതിവിശേഷം ഒഴിവാക്കുന്നതിന് ലെനിൻ മുന്നോട്ടുവയ്‌ക്കുന്ന ആശയം ്യേരാജ്യത്തെ തൊഴിലാളികളെ കൊലപ്പെടുത്താൻ ആയുധമണിയിക്കപ്പെട്ട തൊഴിലാളികൾ തങ്ങളുടെ കൈവശം ലഭിച്ച തോക്കുകൾ തങ്ങളുടെതന്നെ ഭരണാധികാരികൾക്കുനേരെ തിരിച്ചുപിടിക്കുക എന്നതാണ്. അതായത്, ഇരുരാജ്യങ്ങളിലായി നിന്ന് സഹോദരപ്പോരിൽ ഏർപ്പെട്ട് സ്വയം നശിക്കുന്നതിനുപകരം തങ്ങളെ അതിനു നിർബന്ധിതമരാക്കുന്ന മുതലാളിത്ത വ്യവസ്ഥയെ തകർക്കുകയെന്ന സന്ദേശമാണ് ലെനിൻ അവതരിപ്പിക്കുന്നത്. മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടമാണ് സാമ്രാജ്യത്വം എന്ന ലെനിന്റെ വിശകലനം നമുക്കുമുന്നിൽ അവതരിപ്പിക്കുന്ന വസ്‌തുത, സാമ്രാജ്യത്വമായി മുതലാളിത്തം വികസിക്കുന്നതോടെ അതിന്റെ പരമാവധിയിൽ എത്തുന്നുവെന്നതാണ്. അവിടെയാണ് ‘‘സാമ്രാജ്യത്വയുദ്ധത്തെ ആഭ്യന്തരയുദ്ധമാക്കി മാറ്റുക’’ എന്ന ലെനിൻ മുന്നോട്ടുവെച്ച മുദ്രാവാക്യം പ്രസക്തമാകുന്നത്. മൂലധനത്തിന്റെ കേന്ദ്രീകരണത്തിലൂടെ കുത്തകകൾ ഉണ്ടാകുന്നുവെന്ന മാർക്‌സിന്റെ സിദ്ധാന്തത്തെയാണ് ലെനിൻ സാമ്രാജ്യത്വം എന്ന സങ്കൽപ്പനത്തിലൂടെ വികസിപ്പിക്കുന്നത്.
സാമ്രാജ്യത്വം എന്ന കൃതിയിൽ ലെനിൻ ചർച്ചചെയ്യുന്ന മറ്റൊരു പ്രധാന വിഷയത്തെക്കുറിച്ച് പ്രൊഫ. പ്രഭാത് പട്‌നായക് ചൂണ്ടിക്കാണിക്കുന്നുണ്ട്. ‘‘വികസിത മുതലാളിത്തരാജ്യങ്ങളിലെ തൊഴിലാളിവർഗത്തിന്റെ വിപ്ലവസമരങ്ങളും കോളനികളിലെ ദേശീയ വിമോചനസമരങ്ങളും എന്ന 20‐ാം നൂറ്റാണ്ടിലെ അതിശക്തമായ രണ്ടു വിപ്ലവധാരകളെ പരസ്‌പരം കൂട്ടിയിണക്കുകയെന്ന ദൗത്യം ലെനിൻ നിർവഹിക്കുന്നുണ്ട്; അതിനുപുറമെേ കോളനികളിലെ ദേശീയ വിമോചനസമരങ്ങളിൽ തൊഴിലാളിവർഗം ഇടപെടേണ്ടതുണ്ടെന്നും അതുകൊണ്ടുതന്നെ ഇന്റർനാഷണലിന്റെ പരിഗണനാവിഷയമായി അതിനെ കരണക്കാക്കണമെന്നും ലെനിൻ വ്യക്തമാക്കുന്നു; ഇത്തരം വിശകലനങ്ങൾക്കപ്പുറം ഈ സമരങ്ങളിൽ പിന്തുടരേണ്ട തന്ത്രത്തിനും കൃത്യമായി അദ്ദേഹം രൂപംനൽകുകയുണ്ടായി’’, മൂർത്തമായ സാഹചര്യങ്ങൾക്കനുസരിച്ച് ഓരോ രാജ്യത്തും വ്യത്യസ്‌ത അടവുകളാണ് പ്രയോഗിക്കേണ്ടതെന്ന ലെനിന്റെ കാഴ്‌ചപ്പാടിലേക്കും പ്രഭാത് പട്‌നായക് വിരൽചൂണ്ടുന്നുണ്ട്.
തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ അജൻഡയിലെ മുഖ്യ ഇനമായി ലോക വിപ്ലവം ഉയർന്നുവരേണ്ട സന്ദർഭത്തിൽ സോഷ്യൽ ഡെമോക്രാറ്റിക് പ്രസ്ഥാനത്തിന്റെ പ്രമുഖരായ ചില നേതാക്കൾ റിവിഷനിസ്റ്റും അവസരവാദപരവുമായ സങ്കുചിത നിലപാടുകൾ സ്വീകരിച്ചത് എന്തുകൊണ്ടെന്നും ലെനിൻ പരിശോധിക്കുന്നുണ്ട്. സാമ്രാജ്യത്വത്തെ സംബന്ധിച്ച ലെനിന്റെ സിദ്ധാന്തം ഈ ചോദ്യത്തിനുള്ള കൃത്യമായ ഉത്തരമാണ് നൽകുന്നത്.
സാമ്രാജ്യത്വം സംബന്ധിച്ച ലെനിന്റെ സിദ്ധാന്തത്തിൽ അദ്ദേഹത്തിന്റെതന്നെ ചിന്തകളുടെ സമഗ്രത കാണാവുന്നതാണ്. വൈരുദ്ധ്യാത്മകമായ വിശകലനരീതിയുടെ ഉജ്വലമായ ദൃഷ്ടാന്തം കൂടിയാണ് ലെനിന്റെ ഈ കൃതിയെന്ന് നിസ്സംശയം പറയാനാവും. എന്തു ചെയ്യണം? (1902), സാമ്രാജ്യത്വം (1916), ഭരണകൂടവും വിപ്ലവവും (1917) എന്നീ മൂന്ന് കൃതികളാണ് ലെനിനിസത്തിന്റെ ആധാരശിലകളായും പ്രാമാണിക രേഖകളായും പൊതുവെ അംഗീകരിക്കപ്പെടുന്നത്. എന്നാൽ പ്രൊഫ. പ്രഭാത് പട്‌നായക് ഇവയ്‌ക്കൊപ്പം മറ്റു ചിലതുംകൂടി കൂട്ടിച്ചേർക്കുന്നു: ‘‘ഈ മൂന്നു കൃതികൾക്കൊപ്പം കാർഷികപ്രശ്‌നത്തെ സംബന്ധിച്ചും തൊഴിലാളി‐കർഷക ഐക്യത്തിന്റെ ആവശ്യകതയെ സംബന്ധിച്ചുമുള്ള ലെനിന്റെ കൃതികളെക്കൂടി കൂട്ടിച്ചേർക്കേണ്ടതുണ്ട്. അവയിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ജനാധിപത്യവിപ്ലവത്തിൽ സോഷ്യൽ ഡെമോക്രസിയുടെ രണ്ടടവുകൾ (1905) എന്ന കൃതി. ഈ നാല് പ്രാമാണികരേഖകൾ പരിശോധിച്ചാൽ അവയിൽ ആ കാലഘട്ടത്തിന്റെ സവിശേഷതകൾ വിശദീകരിച്ചിട്ടുള്ളതായി കാണാം. ആ കാലഘട്ടത്തിലെ ബൂർഷ്വാ ഭരണകൂടത്തിന്റെ സ്വഭാവത്തെക്കുറിച്ച് അവയിൽ ചർച്ചചെയ്യുന്നുണ്ട്. ആ നിലയിൽ വിപ്ലവത്തിന്റെ അന്തസ്സത്തയെക്കുറിച്ചും റഷ്യയെപോലെയുള്ള ഒരു രാജ്യത്ത് വിപ്ലവത്തിന് ആവശ്യമായ വർഗഐക്യത്തെക്കുറിച്ചും വിപ്ലവം നടത്തുന്നതിനാവശ്യമായ പാർട്ടി ഘടനയുടെ സ്വഭാവത്തെക്കുറിച്ചും സവിസ്‌തരം പ്രതിപാദിക്കുന്നുണ്ട്. അവയിൽ വിപ്ലവപ്രക്രിയയെക്കുറിച്ച് ഏറെക്കുറെ സമ്പൂർണമായ വിശകലനമാണ് അടങ്ങിയിട്ടുള്ളത്. ഈ വിശകലനം റഷ്യൻ പരിതസ്ഥിതിയെ പ്രത്യേകം ആധാരമാക്കിയുള്ളതാണെങ്കിലും (രണ്ടടവുകൾ എന്ന കൃതിയിലെപോലെ) അത് വളരെയേറെ പൊതുപ്രാധാന്യമുള്ളവയുമാണ്.’’ (പ്രഭാത് പട്‌നായക്. സാമ്രാജ്യത്വം: മുതലാളിത്തത്തിന്റെ പരമോന്നതഘട്ടം എന്ന കൃതിയുടെ ലെഫ്‌റ്റ്‌വേഡ് ബുക്‌സ് 2000ത്തിൽ പ്രസിദ്ധീകരിച്ച പതിപ്പിനെഴുതിയ മുഖവുര).
ലെനിൻ മുന്നോട്ടുവെച്ച ആശയങ്ങളിൽ പലതും തുടക്കംമുതൽ തന്നെ അദ്ദേഹം ചർച്ചചെയ്‌തുകൊണ്ടിരുന്നവയാണ്. ഭരണകൂടത്തിന്റെ രൂപവും സ്വഭാവവും എന്തുതന്നെയായാലും അത് കൈവശംവച്ചിട്ടുള്ള വിഭാഗത്തിന് എതിർപക്ഷത്തെ, അതായത് മുതലാളിമാർക്ക് അധ്വാനിക്കുന്ന വർഗത്തെ, അടിച്ചമർത്താനുള്ള ഉപകരണംതന്നെയാണ് എന്ന കാര്യത്തിൽ ലെനിന് ഒരു ഘട്ടത്തിലും യാതൊരു സംശയവുമുണ്ടായിരുന്നില്ല. വിപ്ലവം തൊഴിലായി സ്വീകരിച്ചവരുടെ, പ്രൊഫഷണൽ വിപ്ലവകാരികളുടെ അച്ചടക്കമുള്ള ഒരു സംഘമെന്ന നിലയിൽ പാർട്ടിയുടെ പങ്കിനെക്കുറിച്ചും അദ്ദേഹം കൃത്യമായി തുടക്കം മുതൽ പറഞ്ഞിട്ടുണ്ട്. സാമ്രാജ്യത്വത്തിന്റെ കാലഘട്ടത്തിൽ, ഭരണകൂടം കൂടുതൽ ആക്രമണാത്മകമാകുമെന്നതിനാൽ അതിനെ ചെറുക്കാൻ തൊഴിലാളിവർഗത്തെ അണിനിരത്തുന്നതിന് കെട്ടുറപ്പുള്ളതും ശക്തവുമായ പാർട്ടിയുടെ അനിവാര്യതയെക്കുറിച്ചും ലെനിൻ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്.
ബൂർഷ്വാസിക്ക് ജനാധിപത്യവിപ്ലവം നയിക്കാൻ ഇനിയും കഴിയില്ലെന്നും ആ ദൗത്യം തൊഴിലാളിവർഗം ഏറ്റെടുക്കണമെന്നും തൊഴിലാളിവർഗം കർഷകരെക്കൂടി അതിനായി അണിനിരത്തുന്നതിന് നേതൃത്വം നൽകണമെന്നുമുള്ള ആവർത്തിച്ചുറപ്പിച്ചിട്ടുള്ള സങ്കൽപ്പനങ്ങളും സാമ്രാജ്യത്വം എന്ന കൃതിയിലും മുന്നോട്ടുവെയ്‌ക്കുന്നുണ്ട്. മുതലാളിത്തം കുത്തകാധിപത്യത്തിന്റെ ഘട്ടത്തിലേക്ക് കടക്കുന്നതോടെ എല്ലാവിധ പ്രതിലോമശക്തികളുമായും കൂട്ടുകെട്ടുണ്ടാക്കി അത് സ്വന്തം ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കും. മത്സരാധിഷ്‌ഠിത മുതലാളിത്ത ഘട്ടത്തിലേതുപോലെ കുത്തകാധിപത്യ ഘട്ടത്തിൽ മുതലാളിത്തത്തിന് ജനാധിപത്യം ആവശ്യമില്ലാത്ത ഒന്നായി മാറുന്നു. രണ്ടാം ലോകയുദ്ധാനന്തരം ഗ്രീസിലെ സൈനിക സ്വേച്ഛാധിപത്യത്തിനും സ്‌പെയിനിലെയും പോർച്ചുഗലിലെയും ഫാസിസ്റ്റ് ഭരണാധികാരികൾക്കും അമേരിക്കയും അമേരിക്കയും ബ്രിട്ടനും ഫ്രാൻസുമെല്ലാം പിന്തുണ കൊടുത്തത് ലെനിന്റെ ഈ കാഴ്‌ചപ്പാട് ശരിവെയ്‌ക്കുന്നതാണ്. രണ്ടാം ലോകയുദ്ധത്തിനു മുന്പ് ജർമനിയിലെയും ഇറ്റലിയിലെയും സ്‌പെയിനിലെയും ഫാസിസ്റ്റുകൾക്കെതിരെ യോജിച്ചു നീങ്ങണമെന്ന സോവിയറ്റ് യൂണിയന്റെ നിർദേശത്തിന് ബ്രിട്ടനും അമേരിക്കയും മറ്റും ചെവികൊടുക്കാതിരുന്നത് ഫാസിസ്റ്റുകൾ സോവിയറ്റ് യൂണിയനെ, തൊഴിലാളിവർഗ ഭരണകൂടത്തെ തകർത്തശേഷം തങ്ങൾക്ക് മാത്രമായി അനായാസം ഹിറ്റ്‌ലറെയും മുസോളിനിയെയും തകർക്കാമെന്ന വ്യാമോഹംമൂലമാണെന്ന് ചരിത്രം നമ്മെ ഓർമിപ്പിക്കുന്നു. പക്ഷേ ഒടുവിൽ നാസികളും ഫാസിസ്റ്റുകളും ഫ്രാൻസിനെ പിടിച്ചടക്കുകയും ബ്രിട്ടനെതിരെ തിരിയുകയും ചെയ്‌തപ്പോഴാണ് പരിഭ്രാന്തരായ സാമ്രാജ്യത്വശക്തികൾ സോവിയറ്റ് യൂണിയന്റെ ആഹ്വാനത്തിന് ചെവികൊടുക്കാൻ തയ്യാറായത് എന്ന ചരിത്രവും നാം ഓർക്കണം. മുതലാളിത്തത്തിന്റെ ശവക്കുഴി തോണ്ടുന്നതിന് തൊഴിലാളിവർഗം പ്രാപ്‌തരാകുന്നതോടെ, മുതലാളിത്തപൂർവ വ്യവസ്ഥകളോടുള്ള ശത്രുത അവസാനിപ്പിച്ച് പൊതുശത്രുവായി മാറിയ തൊഴിലാളിവർഗത്തെ തകർക്കാൻ മുതലാളിത്തം കൂട്ടുകെട്ടുണ്ടാക്കുമെന്ന മാർക്‌സും ലെനിനും മുന്നോട്ടുവെച്ച ആശയം യാഥാഥ്യമാണെന്നാണ് ഇവിടെ വ്യക്തമാകുന്നത്.
സാമ്രാജ്യത്വത്തെ സംബന്ധിച്ച ലെനിന്റെ സിദ്ധാന്തത്തിൽ അദ്ദേഹം അതേവരെ അവതരിപ്പിച്ചിട്ടുള്ള സമസ്‌ത സിദ്ധാന്തങ്ങളുടെയും ചിന്താധാരകളുടെയും സംയോജിതരൂപം ഉൾച്ചേർക്കപ്പെട്ടിരിക്കുന്നു. ലെനിന്റെ ചിന്താധാരകൾ ഇങ്ങനെ സംയോജിതാവസ്ഥയിൽ സമരസപ്പെട്ടിരിക്കുന്നത് അവ മാർക്‌സിന്റെ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും ലെനിൻ അവയെ വികസിപ്പിച്ച് മുന്നോട്ടേക്ക് കൊണ്ടുപോയതുകൊണ്ടുകൂടിയാണ്. പ്രഭാത് പട്‌നായക് ചൂണ്ടിക്കാണിക്കുന്നത് ഇങ്ങനെ മാർക്‌സിസത്തെ പുനർനിർമിക്കുകയായിരുന്നു ലെനിൻ എന്നാണ്. വൈരുദ്ധ്യാത്മകമായ ഈ സൈദ്ധാന്തിക പ്രക്രിയയുടെ ഉജ്വലമായ പ്രതിഫലനമാണ് സാമ്രാജ്യത്വം എന്ന ലെനിന്റെ കൃതി എന്നും പ്രഭാത് പട്‌നായക് ചൂണ്ടിക്കാണിക്കുന്നുണ്ട്. മാർക്‌സിസത്തിന്റെ പ്രയോഗമാതൃക എന്താണെന്നതിനെക്കുറിച്ചുള്ള പരിശോധനയാണ് ലെനിൻ സാമ്രാജ്യത്വം എന്ന കൃതിയിൽ നടത്തുന്നത്. ദേശീയപ്രശ്‌നത്തെ സംബന്ധിച്ചും കൊളോണിയൽ മേധാവിത്വത്തെ സംബന്ധിച്ചുമെല്ലാം ലെനിൻ എഴുതുന്നത് ഇതിന്റെ തുടർച്ചയായിട്ടാണ്; ഭരണകൂടവും വിപ്ലവവും എന്ന കൃതിയും മാർക്‌സിസത്തിന്റെ പ്രയോഗവുമായി ബന്ധപ്പെട്ട രചന തന്നെയാണ്. l
(തുടരും)



