
ആർഎസ്‌എസിന്റെയും അവരുടെ പരിവാർ സംഘടനകളുടെയും ജീർണമുഖം ഒരിക്കൽകൂടി വെളിവാക്കുന്നതാണ് അയോധ്യയിലെ ശ്രീരാമക്ഷേത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ. സ്ഥലം വാങ്ങൽ, കെട്ടിടനിർമാണം എന്നിവയിൽ നടന്ന അഴിമതികൾ മുമ്പേതന്നെ പുറത്തുവന്നതാണ്. എന്നാൽ അതിനെയും കവച്ചുവെക്കുന്ന കൊള്ളയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റാണ് അമ്പലത്തിന്റെ ഭരണം നിർവഹിക്കുന്നത്. ആർഎസ്‌എസിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത്‌ഷായുടെയും വിശ്വസ്‌തനായ ചമ്പത് റായ് ആയിരുന്നു ട്രസ്റ്റിന്റെ സെക്രട്ടറി. ക്ഷേത്രത്തിലെ എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം വഹിച്ചതും അദ്ദേഹമാണ്. ചമ്പത് റായിയുടെയും അദ്ദേഹത്തിന്റെ അനുചരന്മാരുടെയും നേതൃത്വത്തിൽ കോടിക്കണക്കിന് രൂപയുടെ കൊള്ള നടന്നതായാണ് പ്രധാന ആരോപണം. സ്വർണവും വെള്ളിയുമടങ്ങിയ 10 പെട്ടികൾ കാണാനില്ല; സ്വർണവും പണവും എണ്ണിത്തിട്ടപ്പെടുത്തുന്ന മുറിയിലെ സിസിടിവി ദൃശ്യങ്ങൾ അനധികൃതമായി നീക്കംചെയ്‌തു. ഏതാണ്ട് 200 കോടി രൂപ ചമ്പത് റായിയും ട്രസ്റ്റ് അംഗങ്ങളായ അനിൽ മിശ്രയും ഗോപാൽ റാവുവും ചമ്പത് റായിയുടെ ഡ്രൈവർ ടിന്നു യാദവ് എന്നറിയപ്പെടുന്ന രാമശങ്കർ യാദവും ചേർന്ന് തട്ടിയെടുത്തു എന്നാണ് വിഎച്ച്‌പി നേതാവായ സന്തോഷ് ദുബെ അയോധ്യ പൊലീസിന് നൽകിയ പരാതിയിൽ ആരോപിച്ചത്. ഇതേ ആരോപണം തന്നെ മുൻ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവും അയോധ്യ മുൻ എംഎൽഎ പവൻ യാദവും ഉന്നയിച്ചിരുന്നു.
വിശ്വഹിന്ദു പരിഷത്തിന്റെ അന്താരാഷ്‌ട്ര അധ്യക്ഷൻ അലോക് വർമയും ഈ ആരോപണങ്ങൾ ശരിവെക്കുകയുണ്ടായി. ‘‘കളവിനും കൊള്ളയ്‌ക്കും കേസ് രജിസ്റ്റർ ചെയ്യാൻ വേണ്ടത്ര കാരണങ്ങൾ ഉണ്ട്’’ എന്നാണ് അലോക് വർമ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. സംഘപരിവാറിന്റെ മുതിർന്ന നേതാവ് നൃപേന്ദ്ര മിശ്ര അഭിപ്രായപ്പെട്ടത് അയോധ്യയിൽ നടക്കുന്നത് കളവല്ല, കൊള്ളയാണ് എന്നാണ്.
ആർഎസ്‌എസിലും ബിജെപിയിലും പരിവാർ സംഘടനകളിലും കടുത്ത അഭിപ്രായവ്യത്യാസത്തിനും തമ്മിലടിക്കും അയോധ്യയിലെ കൊള്ള ഇടയാക്കിയിട്ടുണ്ട്.
ഗത്യന്തരമില്ലാതെയാണ് സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. ക്ഷേത്രക്കൊള്ളയുടെ പിന്നിൽ ട്രസ്റ്റ് ഭാരവാഹികൾ എല്ലാവരും ഉണ്ടെന്നാണ് സംഘപരിവാർ നേതാക്കൾ തന്നെ ആരോപിക്കുന്നത്. എന്നാൽ ക്ഷേത്രക്കൊള്ളയ്‌ക്ക് പിന്നിലെ യഥാർഥ സൂത്രധാരന്മാരെ തൊടാതെ ക്ഷേത്ര ജീവനക്കാരിൽ ചിലരെ മാത്രം പ്രതിചേർക്കാനാണ് പൊലീസ് തയ്യാറായത്.
ക്ഷേത്രത്തിൽ പണമായും സ്വർണമായും വെള്ളിയായും ഭക്തജനങ്ങൾ സംഭാവന നൽകുന്നു. അവ ഭണ്ഡാരത്തിൽ നിക്ഷേപിക്കുകയാണ് പതിവ്. ക്ഷേത്രത്തിനുള്ളിൽ 35 ഭണ്ഡാരങ്ങളാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. ഇവയിൽ ഓരോ ദിവസവും 6 മുതൽ 13 ലക്ഷം രൂപവരെ ഭക്തജനങ്ങൾ നിക്ഷേപിക്കുന്നുണ്ട് എന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. സാധാരണ ദിവസങ്ങളിലാണ് ഇത്. വിശേഷദിവസങ്ങളിൽ 50 ലക്ഷം രൂപയ്‌ക്ക് മേൽ സംഭാവന ലഭിക്കുമെന്നാണ് പരിവാർ നേതാക്കൾ തന്നെ വ്യക്തമാക്കിയിട്ടുള്ളത്.
ഭണ്ഡാരങ്ങൾ നിറയുമ്പോൾ അവ പാത്രത്തിലാക്കി വാഹനങ്ങളിൽ എണ്ണുന്ന മുറിയിലേക്ക് കൊണ്ടുപോകുന്നു. നോട്ടുകൾ, നാണയങ്ങൾ ആഭരണങ്ങൾ എന്നിവ അവിടെവെച്ച് പ്രത്യേകം തരംതിരിക്കുന്നു. അന്പലത്തിലെ ജീവനക്കാരും ബാങ്കിന്റെ പ്രതിനിധികളും ചേർന്നാണ് ഇങ്ങനെ തരംതിരിക്കുന്നത്. രണ്ട് ഷിഫ്‌റ്റുകളിലായാണ് ഇതിനായി ജീവനക്കാർ നിയോഗിക്കപ്പെടാറുള്ളത്. രാവിലെ എട്ടുമുതൽ ഉച്ചയ്‌ക്ക് രണ്ടുമണിവരെയും രണ്ടുമുതൽ എട്ടുവരെയുമാണ് ഷിഫ്‌റ്റ്. എണ്ണൽ ജോലിക്കു നിയോഗിക്കപ്പെടുന്നവർ കെട്ടിടംവിട്ട് പുറത്തുപോകാൻ പാടില്ലെന്നാണ് വ്യവസ്ഥ. എന്നാൽ ശുചിമുറിയിലേക്ക് പോകാൻ അവർക്ക് അനുവാദമുണ്ട്. എണ്ണുന്ന സമയത്ത് മോഷ്ടിക്കുന്ന പണം ശുചിമുറിയിൽ എണ്ണുന്ന ജീവനക്കാർ ഒളിപ്പിച്ചുവെക്കുന്നു. ഈ പണം പിന്നീട് ക്ഷേത്രത്തിനു പുറത്തേക്ക് കടത്തും.
ക്ഷേത്ര ഭണ്ഡാരത്തിലെ സംഭാവനകൾ എണ്ണിത്തിട്ടപ്പെടുത്തുന്ന സംഘത്തിലെ അംഗങ്ങളാണ് അനുകൽപ് മിശ്രയും ലവ്‌കുശ് മിശ്രയും. ഇരുവരും ട്രസ്റ്റ് അംഗം അനിൽ മിശ്രയുടെ അടുത്ത ബന്ധുക്കളാണ്. കോടികളുടെ സ്വത്തുവകകളാണ് ഇരുവരും സ്വന്തം പേരിൽ വാങ്ങിക്കൂട്ടിയതെന്ന് സ്‌പെഷ്യൽ അന്വേഷണസംഘം (എസ്‌എടി) കണ്ടെത്തി.
ചമ്പത് റായിയുടെ ഡ്രൈവർ ടിന്നു യാദവിന് അന്പതുകോടി രൂപയുടെ റിയൽ എസ്‌റ്റേറ്റ് നിക്ഷേപമുണ്ടെന്നാണ് എസ്‌എടി കണ്ടെത്തിയത്. അയോധ്യയിൽ 24 മുറിയുള്ള ഒരു ഹോട്ടലും 14 മുറിയുള്ള മറ്റൊരു ഹോട്ടലും ടിന്നു യാദവിന്റെ പേരിലുണ്ട്. അതുകൂടാതെ ലക്‌നൗവിൽ ആഡംബര വീടും ബസ്‌തി ജില്ലയിൽ 14 ഏക്കർ കൃഷിയിടവും നാല് ആഡംബര വാഹനങ്ങളും അയാളുടെ ഉടമസ്ഥതയിലുണ്ട്. വെറും സാധാരണക്കാരനായ ടിന്നു ഇക്കണ്ട സ്വത്തുക്കളെല്ലാം സന്പാദിച്ചത് 2024 ഏപ്രിലിനു ശേഷമാണെന്നും എസ്‌എടി കണ്ടെത്തിയിട്ടുണ്ട്.
ഭണ്ഡാരപ്പെട്ടിയുടെ താക്കോൽ പോലും കൈവശംവെച്ചിരുന്ന് ടിന്നു യാദവായിരുന്നെന്നാണ് ക്ഷേത്ര ജീവനക്കാർ ഉൾപ്പെടെയുള്ളവർ എസ്‌എടിയോട് പറഞ്ഞത്. അതുകൊണ്ടുതന്നെ ടിന്നു യാദവ് ചന്പത് റായിയുടെ ബിനാമിയാണെന്ന കാര്യവും അന്വേഷണസംഘത്തിന് ഉറപ്പായിട്ടുുണ്ട്.
സിസിടിവി ദൃശ്യങ്ങൾ 180 ദിവസം വരെ സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ 45 ദിവസത്തേതു മാത്രമേ അന്വേഷണസംഘത്തിന് ലഭ്യമായിട്ടുള്ളൂ. അവയിൽ തന്നെ പലതും അപ്രത്യക്ഷമായിട്ടുമുണ്ടെന്നാണ് ആരോപണം. എസ്‌എടി പരിശോധിച്ച 2026 ഏപ്രിൽ 24 മുതൽ ജൂൺ അഞ്ചുവരെയുള്ള സിസിടിവി ദൃശ്യങ്ങളിൽനിന്നു തന്നെ 70 മോഷണങ്ങളാണ് കണ്ടെത്തിയത്.
പ്രതിമാസം 12000‐15000 രൂപ ശന്പളം പറ്റുന്ന ക്ഷേത്ര ജീവനക്കാർ കോടിക്കണക്കിന് രൂപയുടെ സന്പത്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ സന്പാദിച്ചത് നാട്ടുകാർ അന്പരപ്പോടെയാണ് കണ്ടത്. ട്രസ്റ്റ് ഭാരവാഹികളുടെയും ആർഎസ്‌എസ് നേതാക്കളുടെയുമൊക്കെ ശ്രദ്ധയിൽ ഈ കാര്യം പലരും പെടുത്തിയെങ്കിലും അവരെല്ലാം അത് അവഗണിക്കുകയായിരുന്നു. ചന്പത് റായിക്കെതിരെ അതിഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. 2021 ജനുവരിയിൽ സിന്ധി സമുദായക്കാർ റായിയെ നേരിട്ടേൽപിച്ച 200 വെള്ളി ഇഷ്ടികകൾ കാണാനില്ല. അഞ്ചുകോടി രൂപയിലേറെ വിലമതിക്കുന്നവയാണ് അവ. അതുപോലെ ക്ഷേത്രത്തിന്റെ തറക്കല്ലിടൽ വേളയിൽ ജ്വല്ലേഴ്‌സ് അസോസിയേഷൻ 60 കിലോ വെള്ളിക്കട്ടികൾ ട്രസ്റ്റിനെ ഏൽപ്പിച്ചു. അതും ഇപ്പോൾ കാണാനില്ലെന്നാണ് ജ്വല്ലേഴ്‌സ് അസോസിയേഷൻ ഭാരവാഹി അനുരാഗ് രസ്‌തോഗി ആരോപിക്കുന്നത്.
ക്ഷേത്ര നിർമാണത്തിന് രാജ്യത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് സ്വർണം, വെള്ളി, മറ്റു വിലയേറിയ രത്‌നങ്ങൾ എന്നിവ പതിച്ച ഇഷ്ടികകൾ സംഭാവനയായി ലഭിച്ചിരുന്നു. അവയും ഇപ്പോൾ കാണാനില്ലെന്നാണ് ആരോപണം.
ക്ഷേത്ര നിർമാണത്തിന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ ഒരുകോടി രൂപയും 25 കിലോ വെള്ളി ഇഷ്ടികകളും ട്രസ്റ്റിന് സംഭാവനയായി നൽകിയിരുന്നു. അതിന് രസീത് ലഭിച്ചില്ലെന്ന് ശിവസേന നേതാവ് സഞ്‌ജയ് റൗത്ത് വ്യക്തമാക്കി.
ക്ഷേത്ര നിർമാണാവശ്യത്തിന് മൂന്നുകോടി രൂപ മാർക്കറ്റ് വിലയുള്ള ഒരു ഭൂമി 24 കോടി രൂപയ്‌ക്ക് ട്രസ്റ്റ് വാങ്ങിയതിന്റെ പിന്നിലും 9 കോടി രൂപ വിലയുള്ള മറ്റൊരു ഭൂമി 55 കോടി രൂപയ്‌ക്ക് വാങ്ങിയതിന്റെ പിന്നിലും നടന്ന ഗൂഢാലോചനയ്‌ക്കും അഴിമതിക്കും പിന്നിലെ പ്രധാന സൂത്രധാരൻ ചന്പത് റായി ആണത്രേ.
ചന്പത് റായിയുടെ പേരിൽ ശതകോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണങ്ങളാണ് ഉണ്ടായിട്ടുള്ളത്. അതുപോലെ മറ്റ് ട്രസ്റ്റ് അംഗങ്ങളും അതീവ ഗുരുതരമായ ഈ കൊള്ളയിൽ പങ്കാളികളോ ഒത്താശക്കാരോ ആണ്. എന്നാൽ അവരെ സംരക്ഷിക്കുന്ന നിലപാടാണ് ആർഎസ്‌എസ് നേതൃത്വവും പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രി ആദിത്യനാഥുമൊക്കെ എടുക്കുന്നത്. പ്രധാനമന്ത്രി മോദിയും ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവതും ക്ഷേത്രക്കൊള്ളയെക്കുറിച്ച് ഇപ്പോഴും മൗനം പാലിക്കുകയാണ് എന്നതും ശ്രദ്ധേയമാണ്. l




