പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക അച്ചടക്ക (austerity/ ചെലവ് ചുരുക്കൽ) നടപടികൾ ഒരു വലിയ രാഷ്ട്രീയ-സാമ്പത്തിക ചോദ്യം ഉയർത്തുന്നു: ഈ പ്രതിസന്ധികളുടെ ഭാരം ആരുടെ മേലാണ് ചുമത്തപ്പെടുന്നത്? ഇത്തരത്തിലുള്ള ആഹ്വാനങ്ങൾ സാധാരണയായി ഉത്തരവാദിത്തം, ത്യാഗം, ദേശീയ താൽപര്യം മുതലായവയുടെ പുകമറയുടെ പിന്നിലാണ് അവതരിപ്പിക്കപ്പെടുന്നത്. എന്നാൽ ലോകചരിത്രം വ്യക്തമാക്കുന്നത്, ബുർഷ്വാ ഭരണകൂടങ്ങളുടെയും മുതലാളിത്ത വ്യവസ്ഥയുടെയും നയപരമായ പരാജയങ്ങൾ സൃഷ്ടിച്ച പ്രതിസന്ധികൾക്ക് ഇത്തരം നടപടികൾ യഥാർത്ഥ പരിഹാരമായി മാറിയിട്ടില്ല എന്നതാണ്. മറിച്ച്, അതിന്റെ യഥാർത്ഥ ഫലം സാമ്പത്തിക അസ്ഥിരതയുടെ മുഴുവൻ ഭാരം സാധാരണ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്നതാണ്.
ഇന്ന് ഇന്ത്യ നേരിടുന്ന സാഹചര്യം ഏതെങ്കിലും സ്വാഭാവികമോ അനിവാര്യമോ ആയ സാമ്പത്തിക അവസ്ഥയുടെ ഫലമല്ല.അസ്ഥിരമായ ആഗോള ഊർജ വിപണികളിലേക്കുള്ള അതിരൂക്ഷമായ ആശ്രയം, സാമ്രാജ്യത്വ ശക്തികേന്ദ്രങ്ങളുമായുള്ള വർധിച്ച രാഷ്ട്രീയ-സാമ്പത്തിക അടുപ്പം, പൊതുക്ഷേമ സംവിധാനങ്ങൾ ദുർബലപ്പെടുത്തൽ, യഥാർത്ഥ സാമ്പത്തിക സ്വയംപര്യാപ്തത കെട്ടിപ്പടുക്കുന്നതിലുള്ള വിമുഖത എന്നിവയൊക്കെയാണ് ഇന്നത്തെ പ്രതിസന്ധിയെ കൂടുതൽ രൂക്ഷമാക്കിയത്. ഇതിനകം തന്നെ കടുത്ത അസമത്വവും തൊഴിലില്ലായ്മയും കാർഷിക പ്രതിസന്ധിയും അനുഭവിക്കുന്ന ഒരു രാജ്യത്ത് “സാമ്പത്തിക അച്ചടക്കം” എന്ന പേരിലുള്ള ആഹ്വാനങ്ങൾ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിലുപരി അതിനെ കൂടുതൽ ആഴത്തിലാക്കാനാണ് സാധ്യത.
വസ്തുത ഇതാണെന്നിരിക്കെ, സാമ്പത്തിക അച്ചടക്കം സ്വഭാവികമായ ആവശ്യമായാണ് പൊതുചർച്ചകളിൽ അവതരിക്കപ്പെടുന്നത്. കാരണം, നവലിബറലിസം ചെലവുചുരുക്കലിനെ ഒരു രാഷ്ട്രീയ തിരഞ്ഞെടുപ്പായി അല്ല, മറിച്ച് “സാമ്പത്തിക സാമാന്യബുദ്ധി”യായാണ് അവതരിപ്പിക്കുന്നത്. ക്ഷേമപദ്ധതികൾ, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സബ്സിഡികൾ, പെൻഷനുകൾ, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിലെ പൊതുചെലവുകൾ “ഉത്തരവാദിത്തമില്ലാത്ത അതിരുകടന്ന ചെലവ്” എന്ന രീതിയിൽ അവതരിപ്പിക്കപ്പെടുന്നു. സാമൂഹ്യ ചെലവുകളാണ് സാമ്പത്തിക അസ്ഥിരതയുടെ പ്രധാന കാരണമെന്ന് വിശ്വസിക്കാൻ തൊഴിലാളിവർഗത്തെയും സാധാരണ ജനങ്ങളെയും പഠിപ്പിക്കപ്പെടുന്നു. എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ്. ഈ പ്രചാരണം മറച്ചുവെക്കുന്നത് ഒരു അടിസ്ഥാന സത്യത്തെയാണ്: ചെലവുചുരുക്കൽ ഒരു സാമ്പത്തിക അനിവാര്യതയല്ല, മറിച്ച് പ്രതിസന്ധിക്കാലങ്ങളിൽ മുതലാളിത്ത വ്യവസ്ഥയെ സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു രാഷ്ട്രീയ പദ്ധതിയാണ്.
അതിനാൽ ചെലവുചുരുക്കൽ നവലിബറൽ ഭരണകൂടത്തിന്റെ വിവേചന സ്വഭാവത്തെ വെളിപ്പെടുത്തുന്നു. നിയോലിബറൽ ഭരണകൂടം സാമൂഹിക സമ്പദ്‌വ്യവസ്ഥയിൽ അതിന്റെ ഇടപെടലുകൾ ഉപേക്ഷിക്കുന്നില്ല; പകരം, മൂലധന സമാഹരണത്തിനുള്ള സാഹചര്യങ്ങൾ സുരക്ഷിതമാക്കുന്നതിനായി സ്ഥാപനങ്ങളെയും നിയമങ്ങളെയും ഭരണസംവിധാനങ്ങളെയും പുനർനിർമ്മിച്ച് മൂലധനത്തിന് അനുകൂലമായി ഇടപെടലുകളെ മാറ്റിയെടുക്കുകയാണ് ചെയ്യന്നത്. ജനാധിപത്യം, സമത്വം, സാമൂഹികക്ഷേമം എന്നിവ ബലികഴിച്ചാണെങ്കിൽപോലും വർഗാധിപത്യം പുനഃസ്ഥാപിക്കുകയും ദൃഢപ്പെടുത്തുകയും ചെയ്യുക എന്നതാണ് അതിന്റെ ആത്യന്തിക ധർമ്മം എന്ന് ഡേവിഡ് ഹാർവി നിരീക്ഷിക്കുന്നുണ്ട്. ഈ വൈരുധ്യം സാമ്പത്തിക അച്ചടക്കത്തിന്റെ ആശയപരമായ പ്രവർത്തനത്തെ തുറന്നുകാട്ടുന്നു. മുതലാളിത്തം സൃഷ്ടിക്കുന്ന ഘടനാപരമായ പ്രതിസന്ധികൾ വ്യക്തികളുടെ ഉത്തരവാദിത്തക്കുറവിന്റെ പ്രശ്നങ്ങളായി പുനർവ്യാഖ്യാനിക്കപ്പെടുന്നു. ദാരിദ്ര്യം മതിയായ പരിശ്രമത്തിന്റെ അഭാവമായി ചിത്രീകരിക്കപ്പെടുന്നു; തൊഴിലില്ലായ്മ വ്യക്തികളുടെ “ഉൽപാദനക്ഷമതയില്ലായ്മ” ഫലമായി അവതരിപ്പിക്കപ്പെടുന്നു; ക്ഷേമാവകാശങ്ങൾ രാജ്യത്തിന്മേലുള്ള സാമ്പത്തിക ഭാരമായി അവതരിപ്പിക്കപ്പെടുന്നു. ഈ ചട്ടക്കൂടിനുള്ളിൽ കൂട്ടായ സാമൂഹിക അവകാശങ്ങൾ അപ്രാമാണികമാക്കപ്പെടുകയും വിപണിയിലേക്കുള്ള ആശ്രയം സ്വാഭാവികവും അനിവാര്യവുമായി സാധൂകരിക്കപ്പെടുകയും ചെയ്യുന്നു. അതിനാൽ മൂലധനത്തിന് അനുകൂലമായ രീതിയിൽ സാമൂഹിക ബോധത്തെതന്നെ പുനർരൂപപ്പെടുത്തുക എന്നൊരു ലക്ഷ്യം കൂടി ഈ സാമ്പത്തിക അച്ചടക്ക ആഹ്വാനങ്ങൾക്ക് പിന്നിലുണ്ട്.
ഇത്തരം നയങ്ങൾ ആവർത്തിച്ച് പരാജയപ്പെടുന്നതാണ് ലോകാനുഭവം കാണിക്കുന്നത്. പൊതുചെലവുകൾ വെട്ടിക്കുറച്ചതിലൂടെ എവിടെയും കടബാധ്യതകൾ ഗണ്യമായി കുറയുകയോ സ്ഥിരതയാർന്ന സാമ്പത്തിക വളർച്ച സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല. മറിച്ച്, തൊഴിലില്ലായ്മ, വേതനസ്‌തംഭനം, ദരിദ്രർക്കുമേലുള്ള വിലക്കയറ്റത്തിന്റെ ദുരിതഭാരം, സാമൂഹ്യസുരക്ഷാ സംവിധാനങ്ങളുടെ തകർച്ച എന്നിവയ്ക്കാണ് അത് വഴിവെച്ചത്. സാമ്പത്തികമായി തുടർച്ചയായി പരാജയപ്പെടുന്ന ഒരു നയത്തെ, എന്തുകൊണ്ടാണ് ഭരണവർഗങ്ങളും ബൂർഷ്വാ ഭരണകൂടങ്ങളും മുതലാളിത്തപക്ഷ സാമ്പത്തിക വിദഗ്ധരും ഇന്നും സാമ്പത്തിക അച്ചടക്കത്തെ പരിഹാരമായി ഉയർത്തിപ്പിടിക്കുന്നത്?
അതിന്റെ ഉത്തരം നിലനിൽക്കുന്നത് ഭരണവർഗ്ഗത്തിന്റെ ആധിപത്യത്തിലാണ്. മുതലാളിത്ത വ്യവസ്ഥയിൽ പ്രതിസന്ധികൾ ഒരിക്കലും തുല്യമായി വിതരണം ചെയ്യപ്പെടുന്നില്ല. സാമ്പത്തിക അസ്ഥിരതയുടെ ഘട്ടത്തിൽ അതിന്റെ ഭാരം തൊഴിലാളികൾക്കും കർഷകർക്കും സാധാരണക്കാർക്കും മേൽ ചുമത്തി, അതേസമയം ലാഭവും സ്വകാര്യ സമ്പത്തും കോർപ്പറേറ്റ് അധികാരവും സംരക്ഷിക്കാനാണ് ഭരണവർഗ്ഗം ശ്രമിക്കുന്നത്. ഈ ഭാരം അടിച്ചേൽപ്പിക്കൽ നടപ്പാക്കാനുള്ള പ്രധാന ഉപാധികളിലൊന്നായി സാമ്പത്തിക അച്ചടക്കം മാറുന്നു.
സർക്കാരുകൾ ക്ഷേമച്ചെലവുകൾ കുറയ്ക്കുകയും പൊതുസേവനങ്ങൾ സ്വകാര്യവൽക്കരിക്കുകയും തൊഴിലാളി നിയമങ്ങൾ ദുർബലപ്പെടുത്തുകയും സബ്സിഡികൾ വെട്ടിക്കുറയ്ക്കുകയും ചെയ്യുമ്പോൾ, ജീവിതത്തിനാവശ്യമായ അടിസ്ഥാന ആവശ്യങ്ങൾക്കായി കൂടുതൽ വിപണിയെ ആശ്രയിക്കേണ്ട അവസ്ഥയിലേക്ക് തൊഴിലാളികളെ തള്ളിവിടുന്നു.ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, വീട്, പെൻഷൻ, ഭക്ഷ്യസുരക്ഷ എന്നിവ സാമൂഹിക അവകാശങ്ങളിൽ നിന്ന് വ്യക്തികൾ സ്വന്തം തൊഴിൽ ശക്തി വിറ്റ് വാങ്ങേണ്ട ചരക്കുകളായി മാറുന്നു.
ഇത് തൊഴിലാളികളിന്മേലുള്ള ബൂർഷ്വാസിയുടെ അധികാരത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു. പൊതുക്ഷേമ സംവിധാനങ്ങളുടെ പിന്തുണയുള്ള ഒരു തൊഴിലാളിക്ക് വിലപേശൽ ശേഷിയുണ്ടാകും. എന്നാൽ സാമൂഹിക സംരക്ഷണങ്ങളില്ലാത്ത ഒരു തൊഴിലാളി തൊഴിലില്ലായ്മ, കടബാധ്യത, കുടിയൊഴിപ്പിക്കൽ, ദാരിദ്ര്യം എന്നിവയുടെ സ്ഥിരമായ ഭീതിയിലാണ് ജീവിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളും സമരങ്ങളും സംഘടിത പ്രതിരോധങ്ങളും വളരെ കൂടുതൽ പ്രയാസകരമാകുന്നു. അതുകൊണ്ടുതന്നെ സാമ്പത്തിക അച്ചടക്ക നയങ്ങൾമൂലധനത്തിന്റെ താൽപര്യങ്ങൾക്ക് അനുകൂലമായി സാമൂഹിക ബന്ധങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള ഭരണവർഗ്ഗത്തിന്റെ ഒരു രാഷ്ട്രീയ-സാമ്പത്തിക പദ്ധതിയാണ്.
‘സാമ്പത്തിക അച്ചടക്കത്തിന്റെ’ ഭാഗമായ വെട്ടിക്കുറയ്ക്കലുകൾ ഏതെല്ലാം മേഖലകളിലാണ് നടപ്പാക്കപ്പെടാത്തത് എന്ന് പരിശോധിച്ചാൽ ഈ വൈരുധ്യം ഏറ്റവും വ്യക്തമാവും. സാമൂഹ്യക്ഷേമ ചെലവുകൾ വെട്ടിക്കുറയ്ക്കുന്ന ഈ ഘട്ടത്തിലും, കോർപ്പറേറ്റുകൾക്കും സ്വകാര്യ മൂലധനത്തിനും സൈനികച്ചെലവുകൾക്കും ഭരണവർഗ്ഗ താൽപര്യങ്ങൾക്കും വൻ ഇളവുകളും ആനുകൂല്യങ്ങളും തുടർന്നുകൊണ്ടിരിക്കുന്നു. നവലിബറൽ രാഷ്ട്രം സമ്പദ്‌വ്യവസ്ഥയിൽ നിന്ന് പിന്മാറുന്നില്ല. മറിച്ച്, മുതലാളിത്ത മൂലധനസമാഹരണത്തെ സംരക്ഷിക്കാനും അതേ സമയം തൊഴിലാളിവർഗത്തെ നിയന്ത്രണത്തിലാക്കാനും അത് സജീവമായി ഇടപെടുന്നു. സാമ്പത്തിക അച്ചടക്കത്തെപ്പറ്റിയുള്ള ഔദ്യോഗിക നിർവചനം തന്നെ ഈ തെറ്റിധാരണ ഉണ്ടാക്കുന്നതാണ്. ഈ നിർവചനപ്രകാരം ഓസ്റ്ററിറ്റി അല്ലെങ്കിൽ സാമ്പത്തിക അച്ചടക്കം എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ചെലവുകൾ കുറയ്ക്കുകയും നികുതി വർധിപ്പിക്കുകയും അതിലൂടെ വിപണിയെ സ്വതന്ത്രമാക്കി സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്ന പ്രക്രിയയെന്നാണ്. വാസ്തവത്തിൽ സർക്കാർ ഇത്തരത്തിൽ സാമ്പത്തിക രംഗത്തിൽ നിന്ന് പിന്മാറുന്നില്ല, വിപണി സംവിധാനത്തെ സംരക്ഷിക്കാൻ കൂടുതൽ സജീവമായി ഇടപെടുകയാണ് ചെയ്യുന്നത്. ഓസ്റ്ററിറ്റി എന്നതിന്റെ മലയാളം പരിഭാഷയായ ചെലവ് ചുരുക്കൽ അഥവാ സാമ്പത്തിക അച്ചടക്കം എന്നതും ഇതേ പരിമിതികൾ സൃഷ്ടിക്കുന്നു. കോർപ്പറേറ്റ് നികുതിയിളവുകളും മറ്റും കുറച്ചുകൊണ്ട് ഭരണവർഗ്ഗം കൂടുതൽ സമ്പന്നരാവുകയും ഭൂരിപക്ഷം സാധാരണക്കാരെ കൂടുതൽ സാമ്പത്തിക അസ്ഥിരതയിലേക്ക് തള്ളിവിടുകയും ചെയ്യുന്നു.
ഇത് വ്യക്തമാക്കുന്നത് സാമ്പത്തിക അച്ചടക്കം, ചെലവുചുരുക്കലിലുപരി ഭരണകൂടത്തിന്റെ ഇടപെടലുകൾ ഭൂരിപക്ഷത്തിന്റെ ആവശ്യങ്ങളിൽ നിന്ന് മാറ്റി ഭരണവർഗ്ഗ താൽപര്യങ്ങളിലേക്ക് തിരിച്ചുവിടുന്ന പ്രക്രിയയാണ്. ഈ അർത്ഥത്തിൽ, പ്രതിസന്ധികളുടെ ഘട്ടങ്ങളിൽ മുതലാളിത്തം സമൂഹത്തെ പുനഃസംഘടിപ്പിക്കുകയും അതുവഴി മുതലാളിത്ത വ്യവസ്ഥയുടെ നിലനിൽപ്പ് ഉറപ്പാക്കുകയും ചെയ്യുന്ന തന്ത്രമായാണിത്.
ആധുനിക ചെലവുചുരുക്കൽ നയങ്ങളുടെ ഉത്ഭവം പരിശോധിച്ചാൽ തന്നെ അതിന്റെ വർഗസ്വഭാവം വ്യക്തമാവും. ഒന്നാം ലോകയുദ്ധത്തിനുശേഷം യൂറോപ്പിലുടനീളമുള്ള സർക്കാരുകൾ സമ്പദ്‌വ്യവസ്ഥയിൽ വൻതോതിൽ ഇടപെട്ടിരുന്നു. യുദ്ധത്തിനുശേഷം വലിയ ത്യാഗങ്ങൾ സഹിച്ച തൊഴിലാളിവർഗം ഉയർന്ന വേതനം, ട്രേഡ് യൂണിയൻ അവകാശങ്ങൾ, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ, ഭവനം, വികസിത ക്ഷേമപരിരക്ഷകൾ എന്നിവ ആവശ്യപ്പെട്ട് രംഗത്തെത്തി. യൂറോപ്പിലുടനീളം പോരാട്ടോത്സുകമായ തൊഴിലാളി പ്രസ്ഥാനങ്ങൾ ശക്തമായ രാഷ്ട്രീയ ശക്തികളായി ഉയർന്നു. ഇത് ഭരണവർഗ്ഗത്തിന്റെ സാമൂഹിക ആധിപത്യത്തിനു നേരേയുള്ള ഭീഷണിയായി. ഈ ജനാധിപത്യപരവും തൊഴിലാളിവർഗ അധിഷ്ഠിതവുമായ ഉയർച്ചയ്‌ക്കെതിരായ പ്രതികരണമായിട്ടാണ് ആധുനിക ചെലവുചുരുക്കൽ ഒരു രാഷ്ട്രീയ തന്ത്രമായി രൂപംകൊണ്ടത്. ഇത്തരത്തിൽ മുതലാളിത്ത വ്യവസ്ഥയുടെ അടിത്തറ തന്നെ ചോദ്യംചെയ്യപ്പെടുന്ന ഒരു ചരിത്രസാഹചര്യത്തിലാണ് ബനിറ്റോ മുസ്സോളിനിയെ ഇറ്റലിയിൽ രാജാവും പാർലമെന്റും ഭരണത്തിലേക്ക് ക്ഷണിക്കുന്നത്. പശ്ചാത്യ രാജ്യങ്ങളിലുടനീളമുള്ള ലിബറൽ, വലതുപക്ഷ ശക്തികൾക്ക് പുറമെ വലിയൊരു വിഭാഗം സാമ്പത്തികശാസ്ത്ര വിദഗ്ധരും മുസ്സോളിനിക്ക് വ്യാപക പിന്തുണ നൽകിയിരുന്നു. മുസ്സോളിനിയുടെ ഭരണകാലത്ത് സാമ്പത്തിക അച്ചടക്ക നയങ്ങൾ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രധാന ഉപാധികളിലൊന്നായി പ്രവർത്തിച്ചു. “സാമ്പത്തിക അച്ചടക്കവും” “ദേശീയ സ്ഥിരത”യും എന്ന പേരിൽ പൊതുചെലവുകൾ വെട്ടിക്കുറയ്ക്കുകയും തൊഴിലാളി സംഘടനകളെ ദുർബലപ്പെടുത്തുകയും. ഇതിലൂടെ യുദ്ധാനന്തര കാലത്ത് ശക്തിപ്രാപിച്ച തൊഴിലാളിവർഗ രാഷ്ട്രീയത്തെ അടിച്ചമർത്തിക്കൊണ്ട്, മൂലധനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുകയായിരുന്നു മുസ്സോളിനി ഭരണത്തിന്റെ ലക്ഷ്യം. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തലവനായിരുന്ന മൊണ്ടാഗു നോർമൻ, തന്റെ സുഹൃത്തും ഹൗസ് ഓഫ് മോർഗന്റെ പ്രതിനിധിയുമായ ജാക്ക് മോർഗന് എഴുതിയ കത്തിൽ മുസ്സോളിനിയെക്കുറിച്ച് പറഞ്ഞത് ശ്രദ്ധേയമാണ്. “അഭിപ്രായസ്വാതന്ത്ര്യം അടിച്ചമർത്തുകയും ഏകാധിപത്യം നടപ്പാക്കുകയും ചെയ്തിരുന്നുവെന്ന് അറിഞ്ഞിട്ടും, തൊഴിലാളി രാഷ്ട്രീയം ശക്തിപ്പെടുന്നില്ല എന്ന് ഉറപ്പാക്കാൻ അത്യാവശ്യ ഘട്ടത്തിൽ വന്ന ശരിയായ വ്യക്തിയായിരുന്നു മുസ്സോളിനി” എന്നാണ് അദ്ദേഹം എഴുതുന്നത്. മുസ്സോളിനിയെ ന്യായീകരിച്ച ഒരു വലിയ സംഘം മുതലാളിത്തപക്ഷ സാമ്പത്തിക വിദഗ്‌ധരുണ്ടായിരുന്നു.
ബ്രൂസ്സെൽസ് കോൺഫറൻസ് 1920 (യൂറോപ്യൻ യുദ്ധാനന്തര സാമ്പത്തിക പുനഃസംഘടന ചർച്ച ചെയ്ത സമ്മേളനം), ജന്നോളാ കോൺഫറൻസ് 1922 (യുദ്ധാനന്തര യൂറോപ്യൻ സാമ്പത്തിക സ്ഥിരതയും ധനകാര്യ നയങ്ങളും കേന്ദ്രീകരിച്ച സമ്മേളനം) തുടങ്ങിയ അന്താരാഷ്ട്ര സമ്മേളനങ്ങളാണ് “സാമ്പത്തിക അച്ചടക്കത്തിന്റെ ത്രിത്വം” എന്ന് വിശേഷിപ്പിക്കാവുന്ന ആശയത്തിന്റെ അടിത്തറപാകിയത്: ധനകാര്യ അച്ചടക്കം, നാണയ അച്ചടക്കം, വ്യവസായ അച്ചടക്കം. പൊതുചെലവുകളും ക്ഷേമസംവിധാനങ്ങളും വെട്ടിക്കുറയ്ക്കുന്നതായിരുന്നു ധനകാര്യ അച്ചടക്കം. ദ്രവ്യത (liquidity) നിയന്ത്രിക്കുകയും വായ്പ ലഭ്യത ചുരുക്കുകയും തൊഴിലില്ലായ്മയെ തൊഴിലാളിവർഗത്തെ നിയന്ത്രിക്കാനുള്ള ആയുധമായി ഉപയോഗിക്കുകയും ചെയ്യുന്നതായിരുന്നു നാണയ ചെലവുചുരുക്കൽ. ട്രേഡ് യൂണിയനുകളെ ദുർബലപ്പെടുത്തുകയും തൊഴിൽ വിപണികളെ നിയന്ത്രണങ്ങളിൽ നിന്ന് മോചിപ്പിക്കുകയും തൊഴിലാളി അവകാശങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നതാണ് വ്യവസായ അച്ചടക്കം. ഈ നയങ്ങൾ ഒന്നിച്ച് ലാഭനിരക്ക് പുനഃസ്ഥാപിക്കാനും തൊഴിലാളിവർഗത്തിന്റെ ശക്തിയെ തകർക്കാനും ലക്ഷ്യമിട്ട ഒരു ക്രമബദ്ധമായ ഭരണവർഗ്ഗ പദ്ധതിയാണ്.
സമകാലിക ഇന്ത്യൻ സാഹചര്യം ഈ അവസ്ഥയെ പ്രതിഫലിപ്പിക്കുന്നതാണ്. 2019നു ശേഷം എൻ.ഡി.എ. സർക്കാർ വലിയ കോർപ്പറേറ്റ് നികുതി ഇളവുകളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അടിസ്ഥാന കോർപ്പറേറ്റ് നികുതി നിരക്ക് 30 ശതമാനത്തിൽ നിന്ന് 22 ശതമാനമായി കുറയ്ക്കുകയും പുതിയ നിർമ്മാണ സ്ഥാപനങ്ങൾക്ക് 15 ശതമാനം നികുതി നിരക്ക് പ്രഖ്യാപിക്കുകയും ചെയ്തു. നിക്ഷേപം ആകർഷിക്കാനും നിർമ്മാണമേഖലയെ പ്രോത്സാഹിപ്പിക്കാനും സാമ്പത്തിക വളർച്ച വേഗത്തിലാക്കാനും വേണ്ടിയുള്ള അനിവാര്യ നടപടികളായിട്ടാണ് ഈ നയങ്ങൾ അവതരിപ്പിക്കപ്പെട്ടത്. എന്നാൽ ഈ നയം സർക്കാരിന്റെ വരുമാനം ഗണ്യമായി കുറച്ചെന്നു മാത്രമല്ല, അതിന് അനുപാതമായ തൊഴിലവസര വർധനയോ വേതനവർധനയോ സൃഷ്ടിക്കുന്നതിലും പരാജയപ്പെട്ടു. സമസ്തമേഖലകളിലുമുള്ള ക്ഷേമപദ്ധതികളും ദുർബലപ്പെട്ട കാലം കൂടിയാണ് കടന്നുപോകുന്നത്. ഉദാഹരണത്തിന് ഭക്ഷ്യസുരക്ഷാമേഖലയും ആരോഗ്യമേഖലയും എടുത്തു പരിശോധിക്കാം. ഭക്ഷ്യസബ്സിഡിക്കുള്ള വകയിരുത്തൽ 2022–23ൽ ഏകദേശം 2.87 ലക്ഷം കോടി രൂപയായിരുന്നത് 2023–24ൽ 1.97 ലക്ഷം കോടി രൂപയായി കുത്തനെ കുറഞ്ഞു.2020–21ൽ ആരോഗ്യമേഖലയിലേക്കുള്ള കേന്ദ്ര വകയിരുത്തൽ ജിഡിപിയുടെ ഏകദേശം 0.35 ശതമാനമായിരുന്നത് 2024–25ഓടെ ഏകദേശം 0.29 ശതമാനമായി കുറഞ്ഞു, കോവിഡ് മഹാമാരി, ആരോഗ്യ സംവിധാനങ്ങളുടെ ദൗർബല്യം തുറന്നുകാട്ടിയ ശേഷവും ഈ അനാസ്ഥ തുടരുകയാണ്.
അതുപോലെ, രാസവള സബ്സിഡിയും 2022–23ലെ 2.25 ലക്ഷം കോടി രൂപയിൽ നിന്ന് 2024–25 ബജറ്റിൽ 1.64 ലക്ഷം കോടി രൂപയായി കുറയ്ക്കപ്പെട്ടു. മൊത്തത്തിൽ, 2024–25 ബജറ്റിലെ ആകെ സബ്സിഡി ചെലവ് ഏകദേശം 4.09 ലക്ഷം കോടി രൂപയായാണ് കണക്കാക്കപ്പെട്ടത്, ഇത് മുൻവർഷത്തെ പുതുക്കിയ കണക്കുകളേക്കാൾ ഏകദേശം 7 ശതമാനം കുറവാണ്. ഈ പ്രതിസന്ധികൾക്ക് നടുവിലാണ് പുതിയ തൊഴിൽ കോഡുകളിലൂടെ തൊഴിലാളി സംരക്ഷണനിയമങ്ങളും ദുർബലപ്പെടുത്തപ്പെടുന്നത്. ഈ നിയമങ്ങൾ പ്രാബല്യത്തിലാകുന്നതോടെ പിരിച്ചുവിടൽ നിയന്ത്രണങ്ങളിൽ ഇളവുവരുത്തുകയും ട്രേഡ് യൂണിയൻ അവകാശങ്ങൾ പരിമിതപ്പെടുത്തുകയും തൊഴിൽസുരക്ഷാ മാനദണ്ഡങ്ങൾ ക്ഷയിപ്പിക്കുകയും ചെയ്യുന്നു. കർഷക മേഖല കടുത്ത പ്രതിസന്ധികൾ നേരിടുമ്പോഴും സർക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാ പിന്തുണയും പിൻവലിക്കുക എന്നതാണ് കേന്ദ്ര ഗവണ്മെന്റ് നിലപാട്. വിലക്കയറ്റം തുടർച്ചയായി ഉയരുകയാണ്. അവശ്യവസ്തുക്കളുടെ വിലവർധന സാധാരണ ജനങ്ങളുടെ ജീവിതത്തെ കൂടുതൽ പ്രതിസന്ധിയിലാഴ്ത്തുന്നു.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഘടനാപരമായ പ്രതിസന്ധികൾ കൂടുതൽ രൂക്ഷമാകുകയും വിലക്കയറ്റവും തൊഴിലില്ലായ്മയും സാമൂഹിക സുരക്ഷിതത്വമില്ലായ്‌മയും വ്യാപിക്കുകയും അങ്ങനെ മുതലാളിത്ത പ്രതിസന്ധി കൂടുതൽ ദൃശ്യമാവുകയും ചെയ്യുന്ന ഈ ഘട്ടത്തിലാണ് “സാമ്പത്തിക അച്ചടക്കം” എന്ന പേരിലുള്ള ആഹ്വാനങ്ങൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിലാളി സമരങ്ങളും സംഘടിത പ്രതിഷേധങ്ങളും ഉയർന്നുവരുന്ന സാഹചര്യത്തിലാണ് ആഹ്വാനങ്ങൾ ഉയരുവെന്നതും ശ്രദ്ധേയമാണ്. അതേസമയം, ചെലവുചുരുക്കൽ നയങ്ങളും യുദ്ധം സൃഷ്ടിച്ച ആഗോള സാമ്പത്തിക ആഘാതങ്ങളും ചേർന്ന് നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയർത്തിയിരിക്കുകയാണ്. ഭക്ഷ്യവസ്തുക്കൾ മുതൽ ഇന്ധനം, ഗതാഗതം, പാചകവാതകം വരെ ജീവിതച്ചെലവിന്റെ എല്ലാ മേഖലകളിലും സാധാരണ ജനങ്ങൾ കടുത്ത സാമ്പത്തിക സമ്മർദ്ദമാണ് നേരിടുന്നത്.
ചെലവുചുരുക്കൽ അസമത്വവും സാമൂഹിക അരക്ഷിതാവസ്ഥയും കൂടുതൽ രൂക്ഷമാക്കുമ്പോൾ, അതിൽ നിന്നുയരുന്ന ജനരോഷത്തെ നിയന്ത്രിക്കാൻ നവലിബറൽ രാഷ്ട്രങ്ങൾ അമിതാധികാര പ്രവണതകളെ ആശ്രയിക്കുന്നു. തൊഴിലില്ലായ്മ, വിലക്കയറ്റം, കാർഷിക തകർച്ച, സാമൂഹിക സുരക്ഷിതത്വത്തിന്റെ തകർച്ച തുടങ്ങിയ പ്രതിസന്ധികളുടെ ഘടനാപരമായ കാരണങ്ങളെ പരിഹരിക്കുന്നതിനുപകരം, ഭരണവർഗങ്ങൾ പൊതുജനങ്ങളുടെ രോഷത്തെ അപരവിദ്വേഷം സൃഷ്ടിച്ചു തിരിച്ചുവിടുന്നു. സാമ്പത്തിക അച്ചടക്കവാദവും നവഫാസിസവും ഒരുമിച്ചാണ് വികസിക്കുന്നത്: മൂലധനത്തിനായി വിപണിസ്വാതന്ത്ര്യങ്ങൾ സംരക്ഷിക്കപ്പെടുമ്പോൾ, സാധാരണ ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളും ക്രമേണ നിയന്ത്രിക്കപ്പെടുകയും ചുരുക്കപ്പെടുകയും ചെയ്യുന്നു.
അതിനാൽ തന്നെ സാമ്പത്തിക അച്ചടക്കവാദം കേവലം യുക്തിരഹിതവും നിർഭാഗ്യകരവുമായ ഒരു നയമാണ് എന്ന കൈനീഷ്യൻ വ്യാഖ്യാനം അപൂർണ്ണമാണ്. അത് പ്രതിസന്ധികളുടെ ഭാരം തൊഴിലാളിവർഗത്തിന്റെയും സാധാരണ ജനങ്ങളുടെയും മേൽ ചുമത്തിക്കൊണ്ട്, മേൽത്തട്ടിൽ നിലകൊള്ളുന്ന സമ്പത്തിനെയും ലാഭനിരക്കിനെയും സംരക്ഷിക്കുന്നതിലൂടെ മുതലാളിത്തവ്യവസ്ഥയുടെ സ്ഥിരത നിലനിർത്തുകയാണ് അതിന്റെ യഥാർത്ഥ ലക്ഷ്യം. ഈ കൈനീഷ്യൻ വീക്ഷണത്തിൽ നിന്നുള്ള വിപരീത നിലപാടായാണ് മാർക്സിസ്റ്റ് വീക്ഷണം ഈ വിഷയത്തിൽ ഉയർത്തിപ്പിടിക്കുന്നത്. സാമ്പത്തിക പ്രതിസന്ധികൾ സ്വാഭാവികമോ ഒഴിവാക്കാനാവാത്തതോ ആയ പ്രതിഭാസങ്ങളല്ല; മറിച്ച്, മുതലാളിത്ത വ്യവസ്ഥയ്ക്കുള്ളിൽ ചരിത്രപരമായി രൂപംകൊണ്ട സാമൂഹിക ബന്ധങ്ങളുടെയും രാഷ്ട്രീയ തീരുമാനങ്ങളുടെയും ഫലമാണ് അവയെന്ന് അത് വാദിക്കുന്നു. അതിനാൽ അസമത്വവും അസ്ഥിരതയും സൃഷ്ടിക്കുന്ന സാമൂഹിക ഘടനകൾ ശാശ്വതമോ മാറ്റാനാവാത്തതോ അല്ല. സാമ്പത്തിക അച്ചടക്കം ഒരു താൽക്കാലിക സാമ്പത്തിക പ്രതികരണം മാത്രമല്ല; മറിച്ച് മുതലാളിത്തത്തിന്റെ ഘടനാപരമായ ആവശ്യകതകളിലൊന്നാണ്. പ്രതിസന്ധികാലങ്ങളിൽ ലാഭനിരക്ക് സംരക്ഷിക്കാനും നിലവിലുള്ള വർഗബന്ധങ്ങൾ നിലനിർത്താനും, പ്രതിസന്ധിയുടെ ഭാരം തൊഴിലാളിവർഗത്തിന്മേൽ ചുമത്താനുമുള്ള പ്രധാന ഉപാധിയായി ഇത് പ്രവർത്തിക്കുന്നു. ഈ അർത്ഥത്തിൽ, സാമ്പത്തിക അച്ചടക്ക നടപടികളില്ലാതെ മുതലാളിത്തത്തിന് നിലനിൽക്കാനാവില്ല.
ഈ സാഹചര്യത്തിൽ ഉയർത്തേണ്ട യഥാർത്ഥ ചോദ്യം സമൂഹത്തിനാകെ ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ഭവനം, ഭക്ഷ്യസുരക്ഷ, തൊഴിൽ, മാന്യമായ ജീവിതം എന്നിവ ഉറപ്പാക്കാൻ ആവശ്യമായ വിഭവങ്ങൾ ഉണ്ടോ എന്നതല്ല. ആധുനിക ഉൽപാദന ശേഷി അതെല്ലാം സാധ്യമാക്കാൻ ഏറെക്കാലം മുമ്പേ ശേഷിയാർജ്ജിച്ചുകഴിഞ്ഞതാണ്. യഥാർത്ഥ ചോദ്യം ആ സമ്പത്ത് ആരുടെ നിയന്ത്രണത്തിലാണ് എന്നതും ആരുടെ താൽപര്യങ്ങൾക്കായാണ് വിഭവങ്ങൾ വിനിയോഗിക്കപ്പെടുന്നത് എന്നതുമാണ്. സാമ്പത്തിക അച്ചടക്കവാദം മുതലാളിത്ത വ്യവസ്ഥയുടെ ഘടനാപരമായ ഭാഗമായതിനാൽ, യഥാർത്ഥ ബദൽ സാമ്പത്തിക അച്ചടക്കവാദത്തിനെതിരായ പ്രതികരണങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല; മറിച്ച് അസമത്വവും അരക്ഷിതാവസ്ഥയും സാമ്പത്തിക പ്രതിസന്ധികളും നിരന്തരം പുനരുത്പാദിപ്പിക്കുന്ന സാമൂഹിക-സാമ്പത്തിക വ്യവസ്ഥയ്‌ക്കെതിരായ, അതായത് മുതലാളിത്തത്തിനെതിരായ, വിപുലമായ രാഷ്ട്രീയ പോരാട്ടത്തിലൂടെയാണ് അത് രൂപംകൊള്ളേണ്ടത്. l




