മഹാനടന്മാർ ഒന്നിച്ചെത്തുന്ന തിരശീല

കെ എ നിധിൻ നാഥ്

ലയാള സിനിമയിലെ രണ്ടു മഹാനടന്മാർ നീണ്ട ഇടവേളയ്‌ക്കു ശേഷം ഒരുമിച്ചെത്തുന്ന ചിത്രമെന്നതായിരുന്നു പാട്രിയറ്റിന്റെ ഏറ്റവും വലിയ വാണിജ്യ സാധ്യത. എന്നാൽ അതിനപ്പുറം മഹേഷ്‌ നാരായണൻ എന്ന പുതിയ കാലത്തിന്റെ ഫിലിം മേക്കർ മമ്മൂട്ടി– മോഹൻലാൽ എന്നിവരെവച്ച്‌ സിനിമ ചെയ്യുന്നു എന്നതാണ് ഏറ്റവും പ്രധാനം. മാസ്‌ സാധ്യതകൾക്ക്‌ പുറകേപോകാതെ കനമുള്ള ഉള്ളടക്കത്തിന്റെ കൃത്യമായ ആഖ്യാനമാണ്‌ ഓരോ മഹേഷ്‌ നാരായണൻ സിനിമകളും. ടേക്ക്‌ ഓഫ്‌, സി യു സൂൺ, മാലിക്‌, അറിയിപ്പ്‌ തുടങ്ങിയ സിനിമകളെല്ലാം ആഖ്യാനത്തിലും ഉള്ളടക്കത്തിനും പ്രേക്ഷകന്റെ സിനിമാ കാഴ്‌ചയെ റീഡിസൈൻ ചെയ്‌തവയായിരുന്നു. ഇറാഖിലെ യുദ്ധഭൂമിയിൽ കുടുങ്ങിപ്പോയ ഇന്ത്യൻ നഴ്സുമാരുടെ കഥ പറയുന്ന ചിത്രമാണ്‌ ടേക്ക്‌ ഓഫ്‌, പൂർണമായും ഐഫോൺ ഉപയോഗിച്ചാണ് സി യു സൂൺ ചിത്രീകരിച്ചത്‌. കോവിഡ്‌ മഹാമാരി കാലഘട്ടത്തിൽ ലോകം നിശ്ചലമായപ്പോഴാണ്‌ സി യു സൂൺ സംഭവിക്കുന്നത്‌. നമ്മുടെ ഡിജിറ്റൽ ഉപകരണങ്ങളുടെ സ്‌ക്രീൻ ആസ്‌പദമാക്കിയുള്ള കഥപറച്ചിലായിരുന്നു ചിത്രം. ഇത്തരത്തിലുള്ള കാഴ്‌ചാപരിസരങ്ങളുടെ തുടർച്ചയിലേക്കാണ്‌ പാട്രിയറ്റ്‌ എത്തിയത്‌.

ഡിഫൻസ് റിസർച്ച് വിങ് സയന്റിഫിക് ഡയറക്ടറായ ‘ഡാനിയൽ ജയിംസ്’ (മമ്മൂട്ടി) എന്ന കേന്ദ്രകഥാപാത്രത്തെ മുൻനിർത്തിയാണ് സിനിമയുടെ കഥ വികസിക്കുന്നത്. സാധാരണക്കാരുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളും, സത്യസന്ധനായ ഡാനിയൽ ജയിംസ് പിന്നീട് എങ്ങനെ രാജ്യത്തിനകത്ത് ഒരു വിമതനും രാജ്യദ്രോഹിയുമായി മാറുന്നു എന്നതുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. സമകാലികവും ഗൗരവമേറിയതുമായ ഒരു ഡിജിറ്റൽ രാഷ്ട്രീയമാണ് പാട്രിയറ്റ്‌ മുന്നോട്ടുവെക്കുന്നത്. പൗരരുടെ സ്വകാര്യത, ഭരണകൂട ഭീകരത, കോർപ്പറേറ്റ് സ്വാധീനം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് സിനിമയുടെ രാഷ്ട്രീയ പശ്ചാത്തലം. സ്വന്തം ജനതയെ നിരീക്ഷിക്കുന്ന ഭരണകൂടവും പ‍ൗരരുടെ സ്വകാര്യതയുമാണ്‌ മുഖ്യ പ്രമേയം. ‘പെഗാസസ്’ ചാര സോഫ്റ്റ്‌വെയർ വിവാദങ്ങളെ ഓർമ്മിപ്പിക്കുന്ന ‘പെരിസ്‌കോപ്പ്’ എന്ന മിലിട്ടറി-ഗ്രേഡ് ചാര സോഫ്റ്റ്‌വെയറിനെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. രാജ്യസുരക്ഷയുടെ പേരിൽ സാധാരണ പൗരരുടെയും മാധ്യമപ്രവർത്തകരുടെയും രാഷ്ട്രീയക്കാരുടെയും സ്വകാര്യതയിലേക്ക് ഭരണകൂടം നടത്തുന്ന കടന്നുകയറ്റങ്ങളെ ആസ്‌പദമാക്കിയാണ്‌ ചിത്രം ഒരുക്കിയിട്ടുള്ളത്‌. “തെറ്റ് ചെയ്യാത്തവർക്ക് എന്തിനാണ് സ്വകാര്യത?’ എന്ന വലതുപക്ഷ സർക്കാരുകളുടെ നിരന്തര ചോദ്യത്തിനു നേരെയുള്ള സിനിമാറ്റിക്‌ പ്രതികരണമാണ്‌ പാട്രിയറ്റ്‌.

രാജ്യസുരക്ഷയ്ക്കായി വികസിപ്പിച്ച സാങ്കേതികവിദ്യകൾ എങ്ങനെയാണ് ഭരണാധികാരികളും അവരുടെ പ്രിയപ്പെട്ട കോർപ്പറേറ്റ് ഭീമന്മാരും ചേർന്ന് സ്വന്തം സ്വാധീനമുറപ്പിക്കാൻ ആയുധമാക്കുന്നത് എന്നതാണ്‌ പാട്രിയറ്റിന്റെ രാഷ്‌ട്രീയ ഉള്ളടക്കം. അധികാരം നിലനിർത്താൻ കോർപ്പറേറ്റുകളും രാഷ്ട്രീയക്കാരും നടത്തുന്ന അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച്‌ പറയുന്ന ചിത്രം ഭരണകൂടത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ സംസാരിക്കുന്ന ഡിഫൻസ് എക്സ്പെർട്ട് ആയ ഡോ. ഡാനിയൽ ജയിംസ് (മമ്മൂട്ടി) എന്ന കഥാപാത്രം നേരിടുന്ന പ്രതിസന്ധികളിലൂടെ, വിയോജിക്കുന്ന ശബ്ദങ്ങളെ എങ്ങനെയാണ് ‘രാജ്യദ്രോഹം’ ആയി മുദ്രകുത്തുന്നത് എന്നും കാണിക്കുന്നുണ്ട്‌. വിഖ്യാത വിസിൽബ്ലോവർമാരായ എഡ്വേർഡ് സ്നോഡൻ, ജൂലിയൻ അസാൻജെ തുടങ്ങിയവരുടെ പോരാട്ടങ്ങളുടെ രാഷ്ട്രീയത്തോട് ഡാനിയൽ ജയിംസ് എന്ന കഥാപാത്രത്തിന് സമാനതകളുണ്ട്. സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളെ സിനിമ ഓർമിപ്പിക്കുന്നുണ്ട്‌. സംഭാഷണ ശൈലിയിലൂടെയും അധികാര പ്രയോഗങ്ങളിലൂടെയും ആധുനിക ഇന്ത്യയിലെ രാഷ്ട്രീയ ഫാസിസത്തെയും അധികാരം ദുരുപയോഗം ചെയ്യുന്ന പ്രവണതയെയും ചിത്രം സൂക്ഷ്മമായി വരച്ചുകാട്ടുന്നു. അന്ധമായ ദേശസ്‌നേഹത്തിനപ്പുറം ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളെ ചോദ്യം ചെയ്യുന്നതുമാണ് യഥാർത്ഥ ‘ദേശസ്‌നേഹം’ എന്ന ശക്തമായ രാഷ്ട്രീയ സന്ദേശം കൂടി പാട്രിയറ്റ്‌ നൽകുന്നുണ്ട്‌.

പെഗാസസ് ഫോൺ ചോർത്തലുമായി സിനിമയുടെ കേന്ദ്ര പ്രമേയയത്തിനു സമാനതകളുണ്ട്‌. ‘പെരിസ്‌കോപ്പ്’ എന്ന മിലിട്ടറി-ഗ്രേഡ് ചാര സോഫ്റ്റ്‌വെയറുമായി ബന്ധപ്പെടുത്തിയാണ്‌ സിനിമയുടെ ഉള്ളടക്കം. ഇത് യഥാർത്ഥ ജീവിതത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തെയും അന്താരാഷ്ട്ര സമൂഹത്തെയും പിടിച്ചുകുലുക്കിയ ‘പെഗാസസ്’ ചാര സോഫ്റ്റ്‌വെയർ വിവാദവുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ട്‌. ഇസ്രായേലി കമ്പനിയായ എൻഎസ്‌ഒ ഗ്രൂപ്പ് വികസിപ്പിച്ച പെഗാസസ് ഉപയോഗിച്ച് മാധ്യമപ്രവർത്തകരുടെയും രാഷ്ട്രീയക്കാരുടെയും ഫോണുകൾ ചോർത്തിയ സംഭവമാണ്‌ സിനിമയിലെ പല രംഗങ്ങൾക്കും അടിസ്ഥാനം. മമ്മൂട്ടി അവതരിപ്പിക്കുന്ന ഡോ. ഡാനിയൽ ജയിംസ് എന്ന കഥാപാത്രം ഭരണകൂട രഹസ്യങ്ങൾ പുറത്തുവിട്ടതിന് ശേഷം രാജ്യം വിടേണ്ടിവരികയും, വിദേശത്തിരുന്ന് ‘വിമതൻ’ എന്ന യൂട്യൂബ് ചാനലിലൂടെ സത്യങ്ങൾ വിളിച്ചുപറയുകയും ചെയ്യുന്നുണ്ട്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ ചോർത്തൽ വിവരങ്ങൾ പുറത്തുവിട്ട് ലോകത്തെ ഞെട്ടിച്ച എഡ്വേർഡ് സ്നോഡൻ, വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജെ എന്നിവരുടെ യഥാർത്ഥ ജീവിതവുമായി വളരെയധികം സാദൃശ്യമുണ്ട്‌. വിയോജിക്കുന്ന ശബ്ദങ്ങളെ ഭരണകൂടങ്ങൾ എങ്ങനെ ഇല്ലാതാക്കുന്നു എന്നതിന് സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗ്ഗി കൊല്ലപ്പെട്ട സംഭവം സിനിമയിലേക്ക്‌ ഉൾച്ചേർക്കുന്നുണ്ട്‌. ഫഹദ് ഫാസിലിന്റെ കഥാപാത്രം വികസിപ്പിക്കുന്ന ‘സമാജ് സേവ’ എന്ന ആപ്പ് വഴി ജനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതായി സിനിമയിൽ കാണിക്കുന്നുണ്ട്. ഇത് ആഗോളതലത്തിൽ തിരഞ്ഞെടുപ്പുകളെപ്പോലും സ്വാധീനിക്കാൻ ഫേസ്ബുക്ക് ഡാറ്റ ചോർത്തിയ ‘കേംബ്രിഡ്ജ് അനലിറ്റിക്ക’ വിവാദത്തെയും, വൻകിട കോർപ്പറേറ്റ് കമ്പനികൾ നമ്മുടെ ഡിജിറ്റൽ ജീവിതത്തെ നിരീക്ഷിക്കുന്ന യഥാർത്ഥ സാഹചര്യത്തെയും ഓർമിപ്പിക്കുന്നതാണ്. ഇങ്ങനെ നിരവധി യഥാർഥ രാഷ്ട്രീയ-– സാമൂഹിക സംഭവങ്ങളുമായി ബന്ധപ്പെടുന്നതാണ്‌ ചിത്രം.

ഇന്ത്യയിലെ പ്രശസ്തമായ ഭീമാ കൊറേഗാവ് കേസിനെ സിനിമയുടെ പശ്ചാത്തലവുമായി ബന്ധിപ്പിച്ചിരിക്കുന്നു. യഥാർഥ ജീവിതത്തിൽ ഈ കേസിൽ അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകരുടെയും അഭിഭാഷകരുടെയും കമ്പ്യൂട്ടറുകളിലും ഫോണുകളിലും ‘പെഗാസസ്’ പോലുള്ള ചാര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വ്യാജ തെളിവുകൾ പ്ലാന്റ് ചെയ്തതായി അന്താരാഷ്ട്ര ഫോറൻസിക് ഏജൻസികൾ കണ്ടെത്തിയിരുന്നു. ഇതേ രീതിയിലാണ് സിനിമയിൽ ഫഹദ് ഫാസിലിന്റെ കോർപ്പറേറ്റ് കമ്പനിയും ഭരണകൂടവും ചേർന്ന് വിയോജിക്കുന്നവരുടെ ഡിജിറ്റൽ ഡിവൈസുകൾ ഹാക്ക് ചെയ്യുന്നതായി കാണിക്കുന്നത്. സിനിമയിലെ ഭരണകൂടവും കോർപ്പറേറ്റും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട്, സമകാലിക കേന്ദ്ര ബിജെപി സർക്കാരിന്റെയും നരേന്ദ്രമോദി ഭരണകൂടത്തിന്റെയും രാഷ്ട്രീയ നയങ്ങളോടുള്ള വ്യക്തമായ ഒരു പരോക്ഷ വിമർശനമാണ്‌. സിനിമയിലെ കഥാസന്ദർഭങ്ങളും കേന്ദ്ര മോദി സർക്കാരിന്റെ ഭരണകാലത്ത് ഇന്ത്യയിൽ ഉയർന്നുവന്ന വിവാദങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധം സിനിമ പറഞ്ഞുവെക്കുന്നുണ്ട്‌. ചിത്രത്തിൽ രാജീവ് മേനോൻ അവതരിപ്പിക്കുന്ന ‘ജെപി സുന്ദരം’ എന്ന കേന്ദ്രമന്ത്രി കഥാപാത്രം ഡാറ്റാ നിരീക്ഷണങ്ങളെയും ചാര സോഫ്റ്റ്‌വെയറുകളെയും പൂർണ്ണമായി പിന്തുണയ്ക്കുന്ന ആളാണ്. കേന്ദ്ര ബിജെപി സർക്കാരിന്റെ കാലത്ത് പ്രതിപക്ഷം വലിയ രീതിയിൽ ഉന്നയിച്ച ‘പെഗാസസ്’ ഫോൺ ചോർത്തൽ വിവാദത്തെയാണ് ഇത് നേരിട്ട് ഓർമിപ്പിക്കുന്നത്. രാജ്യസുരക്ഷയുടെ പേര് പറഞ്ഞ് പൗരരുടെയും മാധ്യമപ്രവർത്തകരുടെയും സ്വകാര്യതയിലേക്ക് ഭരണകൂടം കടന്നുകയറുന്നത് മോദി സർക്കാരിന്റെ ശൈലിയാണെന്ന പ്രതിപക്ഷ വിമർശനങ്ങളെ സിനിമ അടിവരയിടുന്നു. മോദി സർക്കാരിനെതിരെ പ്രതിപക്ഷം നിരന്തരം ഉന്നയിക്കുന്ന പ്രധാന ആരോപണമാണ് വൻകിട കോർപ്പറേറ്റ് കമ്പനികൾക്ക് (ഉദാഹരണത്തിന് അദാനി, അംബാനി ഗ്രൂപ്പുകൾ) വേണ്ടി സർക്കാർ നയങ്ങൾ മാറ്റിയെഴുതുന്നു എന്നത്. ഇതിന് സമാനമായ സാഹചര്യമാണ് സിനിമയിലുള്ളത്. ചിത്രത്തിൽ മന്ത്രി ജെപി സുന്ദരത്തിന്റെ മകനായ ശക്തി സുന്ദരം (ഫഹദ് ഫാസിൽ) നടത്തുന്ന ‘ശക്തി സൊല്യൂഷൻസ്’ എന്ന കോർപ്പറേറ്റ് ടെക് കമ്പനിയെ സഹായിക്കാൻ കേന്ദ്ര മന്ത്രാലയം ഔദ്യോഗിക രഹസ്യങ്ങളും ഡാറ്റയും കൈമാറുന്നു.കോർപ്പറേറ്റുകളുടെ ലാഭത്തിനുവേണ്ടി ഭരണകൂടം പൗരന്മാരുടെ ഡിജിറ്റൽ വിവരങ്ങൾ വിൽക്കാൻ മടിക്കില്ലെന്ന ‘ക്രോണി കാപ്പിറ്റലിസം’ രാഷ്ട്രീയം സിനിമ വ്യക്തമായി ചർച്ചചെയ്യുന്നുണ്ട്. ഫഹദ് ഫാസിലിന്റെ കോർപ്പറേറ്റ് കമ്പനി രാജ്യത്ത് നടപ്പിലാക്കാൻ ശ്രമിക്കുന്ന ‘സമാജ് സേവ’ എന്ന ഡിജിറ്റൽ വെൽഫെയർ ആപ്പ്, യഥാർഥത്തിൽ കേന്ദ്ര സർക്കാരിന്റെ ‘ഡിജിറ്റൽ ഇന്ത്യ’ പദ്ധതികളുടെയും ആധാർ വിവര ശേഖരണത്തിന്റെയും ഒരു മറുവശമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ജനങ്ങൾക്ക് ക്ഷേമപദ്ധതികൾ എത്തിക്കുക എന്ന വ്യാജേന അവരുടെ ഡിജിറ്റൽ ഫൂട്ട്പ്രിന്റുകൾ കോർപ്പറേറ്റുകൾ ചോർത്തുന്നതായി കാണിക്കുമ്പോൾ, മോദി സർക്കാരിന്റെ ഡിജിറ്റൽ നയങ്ങളിലെ സുരക്ഷാവീഴ്ചകളെയാണ് സിനിമ ചോദ്യം ചെയ്യുന്നത്. സിനിമ റിലീസ് ചെയ്യുന്നതിന് തൊട്ടുമുമ്പ് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള സെൻസർ ബോർഡ് ചിത്രത്തിന് വിലക്കേർപ്പെടുത്താൻ ശ്രമിച്ചതും വലിയ വാർത്തയായിരുന്നു. ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിന്റെ പേരിനും പശ്ചാത്തലത്തിനും ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനുമായി സാദൃശ്യമുണ്ടെന്ന കാരണത്താലാണ് സെൻസർ ബോർഡ് രംഗത്തുവന്നത്. ഒടുവിൽ ചില രംഗങ്ങളും ഡയലോഗുകളും മാറ്റിയ ശേഷമാണ് ചിത്രത്തിന് അനുമതി ലഭിച്ചത്. കേന്ദ്ര സർക്കാരിനെ നേരിട്ട് ബാധിക്കുന്ന രാഷ്ട്രീയമുള്ളതിനാലാണ് സിനിമ സെൻസറിങ്ങിൽ കുടുങ്ങിയതെന്ന് വിമർശനം ഉയർന്നിരുന്നു.

ഇന്ത്യയിൽ ബാങ്ക് അക്കൗണ്ടുകൾ മുതൽ ഫോൺ നമ്പറുകൾ വരെ എല്ലാം ‘ആധാർ’ പോലുള്ള ഡിജിറ്റൽ സംവിധാനങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന കാലഘട്ടമാണിത്. കോടിക്കണക്കിന് ഇന്ത്യക്കാരുടെ വ്യക്തിവിവരങ്ങൾ ഡാർക്ക് വെബിലും മറ്റും ചോർന്നു എന്ന വാർത്തകൾ നമ്മൾ നിരന്തരം കേൾക്കാറുണ്ട്. സിനിമയിലെ വില്ലൻ ആപ്പായ ‘സമാജ് സേവ’ കാണിക്കുന്നതുപോലെ, നമ്മുടെ ഏറ്റവും സ്വകാര്യമായ വിവരങ്ങൾ പോലും ഭരണകൂടത്തിനും വൻകിട കമ്പനികൾക്കും മുന്നിൽ പൂർണ്ണമായും തുറന്നുകാട്ടപ്പെട്ടിരിക്കുന്നു എന്ന വലിയൊരു ഭയം ഇന്ത്യൻ സാഹചര്യത്തിൽ നിലനിൽക്കുന്നുണ്ട്. അടുത്തകാലത്തായി ഇന്ത്യയിൽ ഒട്ടനവധി ആളുകൾ ‘ഡിജിറ്റൽ അറസ്റ്റ്’ എന്ന പേരിൽ നടക്കുന്ന സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നുണ്ട്. അതോടൊപ്പം തന്നെ, സാമൂഹിക മാധ്യമങ്ങളിൽ ഭരണകൂട നയങ്ങളെ വിമർശിക്കുന്ന പോസ്റ്റുകൾ ഇട്ടതിന്റെ പേരിൽ ഐടി ആക്ടുകൾ പ്രകാരം കേസെടുക്കുന്ന സാഹചര്യവുമുണ്ട്. തങ്ങൾ എപ്പോൾ വേണമെങ്കിലും ഡിജിറ്റൽ ലോകത്തുവച്ച് ട്രാക്ക് ചെയ്യപ്പെടാം എന്ന, സാധാരണക്കാരായ ഇന്ത്യക്കാരുടെ ഭയത്തെയാണ് സിനിമയിലെ സൈബർ നിരീക്ഷണ രംഗങ്ങൾ ഓർമ്മിപ്പിക്കുന്നത്. ഇന്ത്യയിലെ രാഷ്ട്രീയ-മാധ്യമ പ്രവർത്തകർക്കിടയിൽ നിലനിൽക്കുന്ന ഏറ്റവും വലിയ ഭയങ്ങളിലൊന്നാണ് തങ്ങളുടെ ഫോണുകൾ ചോർത്തപ്പെടുന്നുണ്ടോ എന്നത്. യഥാർത്ഥ ജീവിതത്തിലെ ‘പെഗാസസ്’ (Pegasus) വിവാദവും, മനുഷ്യാവകാശ പ്രവർത്തകർക്കെതിരെ യുഎപിഎ നിയമങ്ങൾ ചുമത്തുന്നതും ഇന്ത്യൻ യാഥാർഥ്യമാണ്‌. ഒരു തെറ്റും ചെയ്യാത്ത സാധാരണക്കാർ പോലും തങ്ങളുടെ ഡിജിറ്റൽ ഡിവൈസുകളിൽ വ്യാജ തെളിവുകൾ പ്ലാന്റ് ചെയ്യപ്പെട്ട് ജയിലിൽ ആകുമോ എന്ന ഭീതിയിലാണ് ജീവിക്കുന്നത്. ഈ ഭയത്തെയാണ് സിനിമയിലെ ഡാനിയൽ ജയിംസ് എന്ന കഥാപാത്രം പ്രതിനിധീകരിക്കുന്നത്. ഇന്ത്യയിലെ രാഷ്ട്രീയ പ്രചാരണങ്ങളിലും സൈബർ ഇടങ്ങളിലും ഇപ്പോൾ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്നത് ഡീപ് ഫേക്ക് ദൃശ്യങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസുമാണ്. നമ്മൾ പറയാത്ത കാര്യങ്ങൾ പറഞ്ഞതായും, ചെയ്യാത്ത കാര്യങ്ങൾ ചെയ്തതായും ഡിജിറ്റലായി നിർമ്മിച്ചെടുക്കാൻ ഇന്ന് സാധിക്കും. ഒരു വ്യക്തിയുടെ കരിയറും ജീവിതവും തകർക്കാൻ ഇത്തരം സാങ്കേതികവിദ്യകൾ ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു എന്ന ഭയം സിനിമ വളരെ വ്യക്തമായി ദൃശ്യവൽക്കരിക്കുന്നുണ്ട്.

അതേസമയം സിനിമയുടെ രാഷ്‌ട്രീയ കനം കഥാന്ത്യത്തിൽ ചോർന്നുപോകുന്നുണ്ട്‌. രാജ്യത്തെ ഡിജിറ്റൽ നിരീക്ഷണങ്ങളെയും പൗരരുടെ സ്വകാര്യതാ ലംഘനങ്ങളെയുംകുറിച്ച് ശക്തമായി സംസാരിക്കുന്നുണ്ടെങ്കിലും, പ്രശ്‌നങ്ങളുടെ കാരണം വ്യക്തികേന്ദ്രീകൃതമാക്കുന്നു ഈ സിനിമ. വലതുപക്ഷത്തിന്റെ ഇന്ത്യയിൽ സംഘപരിവാറിന്റെ നയമയാണ്‌ പ്രശ്‌നം എന്ന്‌ ഉറപ്പിച്ചു പറയാതെ വ്യക്തിയിൽ അവസാനിപ്പിക്കുന്ന അരാഷ്‌ട്രീയത പ്രകടിപ്പിക്കുന്നുണ്ട്‌. കഥയെ ഒരു കോർപ്പറേറ്റ് വില്ലനിസത്തിലേക്ക് ചുരുക്കി സംവിധായകൻ ‘സേഫ് ഗെയിം’ സൃഷ്ടിക്കുന്നുണ്ട്‌. യുഎപിഎ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും ജനകീയ പ്രക്ഷോഭങ്ങളെക്കുറിച്ചും സിനിമയിൽ പരാമർശിക്കുന്നുണ്ടെങ്കിലും, അതിനെയെല്ലാം വളരെ ഉപരിപ്ലവമായി മാത്രമേ സമീപിക്കുന്നുള്ളൂ. l

Hot this week

രാഷ്‌ട്രീയം പറയരുതെന്ന്..!!!

അക്ഷരങ്ങളും എഴുത്തുകാരുമാണ് മനുഷ്യസമൂഹത്തിന്റെ ജ്ഞാനസ്രോതസ്സെന്ന് അറിയാവുന്നവർ കുരീപ്പുഴ ശ്രീകുമാറിനെ പോലുള്ളവർ എന്തു...

സാമ്പത്തിക അച്ചടക്കത്തിന്റെ രാഷ്ട്രീയം

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച...

പിയർ ഒഗസ്റ്റിൻ റെന്വയുടെ ചിത്രപ്രപഞ്ചം

ഫ്രാൻസ് ലോക ചിത്രകലയിൽ ഒരുപാട് മഹാരഥൻമാരെ സംഭാവന ചെയ്ത നാടാണ്. കലയുടെ...

യുഡിഎഫ്‌ വന്ദേമാതരത്തിൽ അലിഞ്ഞുചേരുമ്പോ

മുസ്ലിംലീഗിലെയും കോൺഗ്രസിലെയും സുഹൃത്തുക്കൾക്ക് ഫൗസിയ ഷെയ്ഖിനെയും റുബിന ഇഖ്ബാലിനെയും അറിയുമോ? ഈ...

ചരിത്രത്തിൽ ഇടം നിഷേധിക്കപ്പെട്ടവരുടെ ചരിത്രം

1757ലെ സാമ്രാജ്യത്വത്തിനെതിരെയുള്ള പ്ലാസി യുദ്ധം മുതലിങ്ങോട്ട് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം...

Topics

രാഷ്‌ട്രീയം പറയരുതെന്ന്..!!!

അക്ഷരങ്ങളും എഴുത്തുകാരുമാണ് മനുഷ്യസമൂഹത്തിന്റെ ജ്ഞാനസ്രോതസ്സെന്ന് അറിയാവുന്നവർ കുരീപ്പുഴ ശ്രീകുമാറിനെ പോലുള്ളവർ എന്തു...

സാമ്പത്തിക അച്ചടക്കത്തിന്റെ രാഷ്ട്രീയം

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച...

പിയർ ഒഗസ്റ്റിൻ റെന്വയുടെ ചിത്രപ്രപഞ്ചം

ഫ്രാൻസ് ലോക ചിത്രകലയിൽ ഒരുപാട് മഹാരഥൻമാരെ സംഭാവന ചെയ്ത നാടാണ്. കലയുടെ...

യുഡിഎഫ്‌ വന്ദേമാതരത്തിൽ അലിഞ്ഞുചേരുമ്പോ

മുസ്ലിംലീഗിലെയും കോൺഗ്രസിലെയും സുഹൃത്തുക്കൾക്ക് ഫൗസിയ ഷെയ്ഖിനെയും റുബിന ഇഖ്ബാലിനെയും അറിയുമോ? ഈ...

ചരിത്രത്തിൽ ഇടം നിഷേധിക്കപ്പെട്ടവരുടെ ചരിത്രം

1757ലെ സാമ്രാജ്യത്വത്തിനെതിരെയുള്ള പ്ലാസി യുദ്ധം മുതലിങ്ങോട്ട് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 25

മാർക്‌സിസത്തെ പുനർനിർമിക്കുന്ന ലെനിൻ ‘‘ഇരുപതാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട സുപ്രധാന കൃതികളിലൊന്നാണ്‌ ലെനിന്റെ...

ആനന്ദഭൈരവിയിൽ അലിഞ്ഞുതീരുന്ന വേദന!

കാലം 1800കൾ, മുത്തുസ്വാമി ദീക്ഷിതർ ഉത്തരേന്ത്യാ യാത്രയിൽ... -കാശി, വാരാണസി, ഗംഗാതീരം...
spot_img

Related Articles

Popular Categories

spot_imgspot_img