
ശിഥിലീകരിക്കപ്പെട്ട്, പരസ്പരം എതിരിട്ടുനിന്നിരുന്ന ദക്ഷിണാഫ്രിക്കയിലെ പുരോഗമന ശക്തികൾ ഒന്നിച്ചു നിൽക്കുവാനുറച്ചു മുന്നോട്ടുവന്നിരിക്കുന്നു. സോഷ്യലിസ്റ്റ് സംഘടനകളും കമ്യൂണിസ്റ്റ് പാർട്ടികളും പാൻ ആഫ്രിക്കൻ (അഖില ആഫ്രിക്കൻ) സംഘടനകളും ലെഫ്റ്റ് കോൺഫറൻസിൽ ഒന്നിച്ചുകൂടി. ‘തൊഴിലാളി വർഗ്ഗത്തിനും ജനകീയ അധികാരത്തിനുംവേണ്ടി ഇടതുപക്ഷ മുന്നേറ്റം കെട്ടിപ്പടുക്കുക’ എന്ന ഉറച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ വ്യത്യസ്ത പുരോഗമന സംഘടനകൾ 2026 മെയ് 29ന് ഒരു വേദിയിൽ ഒന്നിച്ചു കൂടിയത്. ആഫ്രിക്കയിലാകെ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ചെലവുചുരുക്കലും കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുകയും പുരോഗമന രാഷ്ട്രീയത്തിന്റെ ശിഥിലീകരണം സംഭവിക്കുകയും ചെയ്ത ഒരു ഘട്ടത്തിലാണ് ഈ ഇടതുപക്ഷ സമ്മേളനം നടക്കുന്നത്. രാജ്യത്തെ ഇടതു രാഷ്ട്രീയത്തിന്റെ ഭാവിയെ സംബന്ധിച്ച് പുനർവിചിന്തനം നടത്തുവാനുള്ള ഒരു ശ്രമമായി ഈ കൂട്ടായ്മയെ കാണേണ്ടതുണ്ട്.
‘‘ഞങ്ങൾ വ്യത്യസ്ത രാഷ്ട്രീയ സംഘടനകളാണ്; ഞങ്ങൾ ഞങ്ങളുടെ സ്വതന്ത്രമായ രാഷ്ട്രീയ സംഘടനകളെ ലയിപ്പിച്ച് ഒന്നാക്കാൻ പോവുകയല്ല. തൊഴിലാളിവർഗ അജൻഡയ്ക്കുവേണ്ടി ഒരു പൊതു ഏകോപന വേദി സൃഷ്ടിക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്.’’- ദക്ഷിണാഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായ സോളി മപ്പായിലയുടെ വാക്കുകളാണിത്.
വ്യത്യസ്ത കാഴ്ചപ്പാടുകൾക്ക് പിന്നിൽ അണിനിരന്നിരിക്കുന്ന സംഘടനകളുടെ വലിയൊരു നിരയെ ഒന്നിച്ചുകൊണ്ടുവന്ന് ഇത്തരത്തിലൊരു ഇടതുപക്ഷ കോൺഫറൻസ് സംഘടിപ്പിച്ചത് ദക്ഷിണാഫ്രിക്കൻ കമ്യൂണിസ്റ്റ് പാർട്ടിയാണ് (SACP). ഇക്കണോമിക് ഫ്രീഡം ഫൈറ്റേഴ്സ്, പാൻ ആഫ്രിക്കനിസ്റ്റ് കോൺഗ്രസ് ഓഫ് അസാനിയ, അസാനിയ പീപ്പിൾസ് ഓർഗനൈസേഷൻ, സോഷ്യലിസ്റ്റ് പാർട്ടി ഓഫ് അസാനിയ, ഉംകൊന്തുവൊ വെ സ്വീസ്വെ, വർക്കേഴ്സ് സോഷ്യലിസ്റ്റ് പാർട്ടി, ഇൻഡിപെൻഡന്റ് ലേബർ പാർട്ടി, രാജ്യത്തെ പ്രധാന ട്രേഡ് യൂണിയൻ ഫെഡറേഷനുകൾ, മാർക്സിസ്റ്റ് അഖില-ആഫ്രിക്കൻ സംഘടനകൾ എന്നിവയെല്ലാം ഈ ലെഫ്റ്റ് കോൺഫറൻസിൽ പങ്കെടുത്തു. ഒപ്പംതന്നെ മറ്റു രാജ്യങ്ങളിൽ നിന്നുള്ള അതിഥികളും ഐക്യദാർഢ്യ പ്രതിനിധികളും ദക്ഷിണാഫ്രിക്കയിൽ ഇടതുപക്ഷ ഐക്യം എന്ന ആശയത്തിനൊപ്പം നിൽക്കുവാൻ ഈ കോൺഫറൻസിലേക്ക് എത്തിച്ചേർന്നിരുന്നു.
പങ്കെടുത്ത ഇടതുപക്ഷ പുരോഗമന ശക്തികളുടെ എണ്ണമല്ല ഈ സമ്മേളനത്തെ വ്യത്യസ്തമാക്കുന്നത്, മറിച്ച്, ചരിത്രപരമായിതന്നെ ഒറ്റയ്ക്കോ പരസ്പരം മത്സരിച്ചു പ്രവർത്തിച്ചോ പോന്നിരുന്ന ഒരു കൂട്ടം സംഘടനകൾ തൊഴിലാളിവർഗ്ഗം നേരിടുന്ന സാമൂഹിക സാമ്പത്തിക വെല്ലുവിളികളെ ഒറ്റപ്പെട്ട പോരാട്ടങ്ങളിലൂടെ മാത്രം ചെറുക്കാനാവില്ല എന്ന് അംഗീകരിച്ചുകൊണ്ട് മുന്നോട്ടുവന്നു എന്നതാണ്. ദക്ഷിണാഫ്രിക്കയിലെ തൊഴിലാളിവർഗം അങ്ങേയറ്റം പരിതാപകരമായ ജീവിത സാഹചര്യങ്ങൾ നേരിടുന്നവരാണ്. അങ്ങേയറ്റം രൂക്ഷമായ തൊഴിലില്ലായ്മയും വർദ്ധിച്ചുവരുന്ന ജീവിത ചെലവും പൊതു സേവനങ്ങളുടെ വഷളാക്കപ്പെട്ട അവസ്ഥയും ഭൂരിപക്ഷ ജനതയുടെ ജീവിതം ദുസ്സഹമാക്കി മാറ്റിയിരിക്കുന്നു. ജനാധിപത്യം എന്ന് പറയപ്പെടുമ്പോഴും അത് കേവലമായ രാഷ്ട്രീയ സംവിധാനമായി തുടരുകയും ഭൂരിപക്ഷ ജനതയുടെ ഭൗതികജീവിതത്തിൽ പുരോഗതി ഉണ്ടാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ആഫ്രിക്കൻ ജനത നേരിട്ടിരുന്ന കടുത്ത സാമ്രാജ്യത്വ ചൂഷണവും സ്വകാര്യ മൂലധന സഞ്ചയവും കോർപ്പറേറ്റ് അധികാര മേധാവിത്വവും ഇപ്പോഴും തുടരുന്നു. പുരോഗമന ശക്തികൾക്കിടയിൽ സാമ്രാജ്യത്വം ബോധപൂർവ്വം ഭിന്നതയുണ്ടാക്കുന്നു. ശിഥിലീകരിക്കപ്പെട്ട അവസ്ഥയിൽ നിന്നുകൊണ്ട് പുരോഗമന ശക്തികൾക്ക്, കോർപ്പറേറ്റ് സംവിധാനത്തിനെതിരെ കാര്യമായി ഒന്നും ചെയ്യാനാവില്ല എന്ന തിരിച്ചറിവിന്റെ ഭാഗമായാണ് ഇപ്പോൾ സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ്, പുരോഗമന, അഖില ആഫ്രിക്കൻ സംഘടനകളെല്ലാം തുടർപോരാട്ടം ഒന്നിച്ചുനടത്താൻ തീരുമാനിച്ചിരിക്കുന്നത്. തീർച്ചയായും ഇത് വളരെ കാതലായ ഒരു നിലപാട് തന്നെയാണ്.
തൊഴിൽരംഗത്തെ അനൗപചാരികവത്കരണം, സുരക്ഷിതമല്ലാത്ത തൊഴിൽ, ട്രേഡ് യൂണിയനുകൾക്കെതിരെ കൂടുതൽ കടുത്തുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾ, വ്യത്യസ്ത പാർട്ടികളിലും യൂണിയനുകളിലും സാമൂഹിക സംഘടനകളിലുമായി പുരോഗമന ശക്തികൾ ഭിന്നിച്ചുകിടക്കുന്നത് എന്നിവയെല്ലാം ആഗോള മുതലാളിത്തത്തിന് കൂടുതൽ കരുത്ത് നൽകുകയാണെന്നും കോൺഫറൻസിൽ അഭിപ്രായമുയർന്നു. അതുകൊണ്ടുതന്നെ തൊഴിലാളി വർഗ്ഗലക്ഷ്യങ്ങൾ മുന്നോട്ടുവച്ചുകൊണ്ട് ഇടതുപക്ഷ സംഘടനകൾക്ക് ഒന്നിച്ചു നിൽക്കാൻ കഴിയുന്ന ഒരു പൊതുവേദി കെട്ടിപ്പടുക്കാനുള്ള ശ്രമമാണ് ദക്ഷിണാഫ്രിക്കയിലെ ഈ ലെഫ്റ്റ് കോൺഫറൻസ്. l





