
പുത്തൻ കാറ്റിന്റെ നേർത്ത ശീതളിമ… പുലരിയുടെ നവോന്മേഷം… ചൂടുള്ള ഒരു ചെറു ചായയുടെ സൗരഭം… മാൻ സാഗർ തടാകക്കരയിലെ പാല ജൽ മഹൽ വ്യൂ പോയിന്റിൽ ഞങ്ങളൊരു കാത്തിരിപ്പിലാണ്… ഡാർജിലിങ്ങ് ടീ യുടെ ഹൃദയഹാരിയായ രുചിക്കും പുലർക്കാറ്റിനുമൊപ്പം എനിക്ക് കൂട്ടിനുള്ളതോ ഹംസധ്വനി രാഗത്തിലുള്ള ത്യാഗരാജ കീർത്തനവും…
‘‘എംദരോ മഹാനുഭാവുലു അംദരികീ വംദനമുലു
ചംദുരൂ വര്ണുനി അംദ ചംദമുനു ഹൃദയാരവുംദമുന
ജൂചി ബ്രഹ്മാനംദമനുഭവിംചു വാരെംദരോ മഹാനുഭാവുലു
സാമഗാന ലോല മനസിജ ലാവണ്യ
ധന്യ മുര്ധന്യുലെംദരോ മഹാനുഭാവുലു
മാനസവന ചര വര സംചാരമു നെരിപി മൂര്തി ബാഗുഗ പൊഗഡനേ
വാരെംദരോ മഹാനുഭാവുലു…’’
അതിങ്ങനെ ഹെഡ്സെറ്റിലൂടെ ഒഴുകിയിറങ്ങുന്നു. പച്ചപ്പിനുമീതെ നീഹാരമണിഞ്ഞ് ചുറ്റിനിൽക്കുന്ന ആരവല്ലി മലനിരകൾ…. എന്റെ വസന്തം വരാനിരിക്കുന്ന സന്ധ്യയിലാണെന്ന് നെടുവീർപ്പിടുന്ന പടിഞ്ഞാറിലെ നഹർഗഡ് കുന്നുകൾ… അത്രയും ശാന്തമായ ജലാശയത്തിൽ അതിവിനയം മൃദുസ്പർശമെന്നപോൽ ജലോപരിതലത്തിലൂടെ നീന്തുന്ന അരയന്നങ്ങൾ! പടിഞ്ഞാർ ദിക്കിൽ നിന്നിറങ്ങുന്ന മുഖപ്പിലെ നടപ്പടവുകളിൽ നിന്ന് തടാകത്തിലെ മത്സ്യങ്ങൾക്ക് ധാന്യ ഉരുളകൾ നൽകുന്ന അനേകർ. അവർ നിശബ്ദമായി മീനൂട്ട് നടത്തുന്നു. അരയന്നങ്ങൾ ജലപ്രതലത്തിൽ നിശ്ചലം നിൽക്കുകയും തടാകത്തിനുള്ളിൽനിന്ന് മുകളിലേക്കെത്തുന്ന നേർത്ത നിശ്വാസങ്ങൾ ഓളങ്ങളായി ഒഴുകുകയാണോ, അതോ അരയന്നങ്ങൾ നീന്തുമ്പോൾ തടാകത്തിൽ ഓളങ്ങൾ വരുന്നതായി തോന്നുന്നതാണോ എന്ന് വേർതിരിച്ചറിയാൻ പ്രയാസമാണ്! ജയ്‌പൂരിലെ മാൻ സാഗർ തടാകത്തിന്റെ നടുവിൽ ചുവന്ന മണൽക്കല്ലിൽ തീർത്ത വിസ്മയം ജൽമഹാൽ! രജപുത്ര -മുഗൾ ശൈലിയുടെ മിശ്രണം. അഞ്ചു നിലകളിൽ നാലും തടാകത്തിനുള്ളിലൊളിപ്പിച്ച് അഞ്ചാംനില മാത്രം പുറത്തേക്ക് വെളിവാക്കുന്ന, നെറുകയിൽ ചമേലിബാഗ് എന്ന മനോഹരമായ ടെറസ് ഗാർഡൻ ചൂടിയ കൊട്ടാരം! ശാന്തമായി പടരുന്ന, ഇളം ഓറഞ്ച് നിറത്തിൽ മൃദുവായി തൊടുന്ന നേർത്ത നറുവെയിൽ കിരണങ്ങൾ ആരവല്ലി നിരകളിലൊത്ത നടുവിലൂടെ മന്ദം മന്ദം വെളിവാകുകയാണ്. അതാ ആ കിരണങ്ങൾ ചിതറിക്കുന്ന മോഹിപ്പിക്കുന്ന നിറമുള്ള വെളിച്ചം കൂടിക്കൂടി വരുന്നു. ആരവല്ലിയിലെ ആമേർ- ജയ്ഗഡ് കുന്നുകൾ വിജൃംഭിതമായി. അരയന്നങ്ങൾ നിശ്ചലമായി. തടാകം പിന്നെയും തെളിഞ്ഞു. അവർണ്ണനീയമായ ഒരു കാഴ്‌ചയുടെ വിരുന്നൊരുക്കി കുന്നുകൾക്ക് മുകളിലൂടെ സൂര്യൻ പൊങ്ങിവരുന്നു. ജൽമഹാൽ ടെറസ് ഗാർഡനിലെ പൂക്കൾ ഇളംവെയിലിൽ കുളിച്ചു. ആകാശച്ചെരുവിനെ തീക്ഷ്ണമാക്കി നിറമാർന്ന ആ ഉദയം പൂർണമായി. അപ്പോൾ പിറന്നുവീണ പൈതലിന്റെ കണ്ണുനീർപോലെ തെളിഞ്ഞ മാൻ സാഗർ തടാകത്തിൽ ജൽ മഹാലിനു മുമ്പിൽ ആ ദൃശ്യം പ്രതിഫലിച്ചു! ഇളം ചൂടുള്ള വർണ്ണാഭമായ അരുണോദയത്തെ ഉള്ളിൽ സ്വീകരിച്ച തടാകത്തിന്റെ പ്രശാന്തമായ നിർവൃതി, ചിറകുകൾ ഒതുക്കിവച്ച് നിശ്ചലമായി നീന്തുന്ന അരയന്നങ്ങളെപ്പോലെ ധ്യാനാത്മകം! ആഹ്. ഇന്നത്തേക്ക് മുഴുവനുമുള്ള ഊർജ്ജവും ഉന്മേഷവുമായി.
ഫങ്ഷണൽ മാഗ്നറ്റിക് റെസണൻസ് ഇമേജിങ് സ്റ്റഡീസ് (Functional Magnetic Resonance Imaging Studies- FMRI) പറയുന്നത്, ഹംസധ്വനി രാഗം തുടർച്ചയായി 15 മിനിറ്റ് ശ്രവിച്ചാൽ സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ 25% കുറയുമെന്നാണ്. മാത്രമല്ല, ഹംസധ്വനിയുടെ താളബദ്ധമായ ആലാപനം ശരീരത്തിലെ സ്വാഭാവിക വേദനസംഹാരി(Natural Painkiller)യും, സുഖ- സന്തോഷ – സൗഖ്യത്തിന്റെ കാരണവരുമായ എൻഡോർഫിൻ (Endorphin) റിലീസിനെ ത്വരിതപ്പെടുത്തുകയും സഹായിക്കുകയും ചെയ്യുമത്രേ! ഇതിൽപ്പരമിനിയെന്തു വേണമെന്ന് ഹംസധ്വനി ലവേഴ്സ് ചോദിച്ചേക്കും! പോരെങ്കിലിതാ, ഹംസധ്വനിയിലെ സ്ഥിരമായ പഞ്ചമം സെറോടോണിൻ റിലീസ് ചെയ്യിച്ച് ശാന്തത പ്രദാനം ചെയ്യുന്നു. എന്നാൽപ്പിന്നെ ഒരിത്തിരി ടോപ്പമൈൻ (Dopamine) കൂടി ഇരുന്നോട്ടെ. ആരാണ് ഒരൽപ്പം മോട്ടിവേഷനും ആനന്ദവുമാഗ്രഹിക്കാത്തത്! ഹംസധ്വനിയിലെ രി2-ഗ3-പ പ്രോഗ്രഷൻ (Progression) ടോപ്പമൈൻ റിലീസ് കൂട്ടി ആനന്ദത്തിന്റെ ആ….ഹ് ഫീലിങ്ങ് സൃഷ്ടിക്കുന്നു. എന്നാലിനി നമുക്ക് ഹംസധ്വനിയെ വിളിക്കാം…
‘‘നാദങ്ങളായ് നീ വരൂ
രാഗങ്ങളായ് തേൻ തരൂ പ്രിയകരമൊരു നവ ഗീതം വിരിയണമതിൽ ലയ ഭാവം നാദങ്ങളായ് നീ വരൂ… ”
നിന്നിഷ്ടം എന്നിഷ്ടം എന്ന സിനിമക്കുവേണ്ടി ശ്രീ മങ്കൊമ്പ് ഗോപാലകൃഷ്ണൻ സാർ രചിച്ച് നമ്മുടെ പ്രിയ വാനമ്പാടി ചിത്ര ചേച്ചിയും ഗായകൻ ജയചന്ദ്രൻ സാറും ആലപിച്ച ഗാനം ഇങ്ങനെ രാഗവഴികളായൊഴുകുന്നു…
‘‘മധുര മധുര സ്വര നിരകൾ നിറയുമക തളിരിൽ
വിളയുമൊരു താളം
ലളിത സരള പദമൊഴുകി വഴിയുമൊരു
പുതിയ കവിതയുടെ ഈണം
ഗരി ഗരിസനി രിസനിപ
പനി പനിസ നിസരി സരിഗരി ഗപനിസ
രിസനി രിസനിപ ഗപനി സനിപ നിപഗ പഗരി ഗരിസ നിസ
മധുര മധുര…
മോഹം പുളക തരമോദം(2)
(നാദങ്ങളായ്….)
സരി സനി പാനിസരീ
സരി സനീ പഗാരീസനീ
സരിസരി ഗപഗപ
ഗപഗപ നിസനിസ
ഗരിഗരിസനിപ രിസനിപഗരിസനി
സരിസരിഗരിഗപ ഗപനി പനിസാ….
തൊഴുതു വിടരുമുഷമലരി കരളിൽഹിമ
കണിക ചൊരിയുമൊരു മാസം
ഇളമ പുണരുമിരു ചിറകു ചിറകുകളിൽ
അമൃതു പകരുമൊരു നേരം
ആ…
പാടും മനസ്സിലൊരു ധ്യാനം (2)
നാദങ്ങളായ് നീ വരൂ…”
ഭാരതീയ കാവ്യങ്ങളുടെ സ്ഥിരം ബിംബമാണ് ഹംസം! ഹംസം നമുക്ക് വെൺമയുടെ, വിവേകത്തിന്റെ, പരിശുദ്ധിയുടെ പക്ഷിയാണ്. പാലും വെള്ളവും വേർതിരിക്കുമെന്ന് സങ്കൽപം. ധ്വനി എന്നാൽ, അതിന്റെ നാദം. തെളിഞ്ഞ തടാകത്തിൽ ഓളമുണ്ടാക്കാതെ നീന്തുന്ന അരയന്നം പോലെയാണ് ഹംസധ്വനി രാഗത്തിന്റെ സഞ്ചാരം. കുത്തൊഴുക്കില്ല, കലക്കമില്ല. ‘സ രി2 ഗ3 പ നി3 സ’ – മധ്യമവും ധൈവതവും ഇല്ല. വെറും അഞ്ച് (5) സ്വരം കൊണ്ട് ഒരു തടാകം വരയ്ക്കുന്ന രാഗം. ഭാരം കുറഞ്ഞ, ആകാശത്തേക്ക് പറക്കാൻ വെമ്പുന്ന രാഗം. അതുകൊണ്ടു തന്നെ രാഗഭാവം -ശാന്തം, മംഗളം, പ്രസന്നം! ഒക്കെയാണ്. ഹംസധ്വനി എന്ന പേര് തന്നെ ഒരു ചിത്രകാവ്യമാണ്.
ആരോഹണം സ രി2 ഗ3 പ നി3 സ
അവരോഹണം- സ നി3 പ ഗ3 രി2 സ
കർണാടക സംഗീതത്തിലെ 29-ാം മേളകർത്താരാഗമായ ശങ്കരാഭരണത്തിന്റെ ജന്യ രാഗമാണ് ഹംസധ്വനി. ആലാപന സമയം പ്രഭാതം. ഒരു സർവ്വകാല മംഗള രാഗം. രാഗരസം ശാന്തിയും, ഭക്തിയും വാത്സല്യവുമാണ്.
ഭക്തി ഇഷ്ടപ്പെടുന്നവർക്ക് ഹംസധ്വനി എന്നാൽ മുത്തുസ്വാമി ദീക്ഷിതർ ചിട്ടപ്പെടുത്തിയ ഗണേശ കീർത്തനമായ ‘വാതാപി ഗണപതിം’ ആണ്.
“വാതാപി ഗണപതിം ഭജേ ഹം…’– ആദ്യത്തെ ‘വാ’ എന്ന അക്ഷരം തന്നെ ഹംസധ്വനിയുടെ മംഗളാരംഭം. പിള്ളയാർ പാട്ടായതു (ഗണപതി സ്തുതി) കൊണ്ട് തന്നെ എല്ലാ കച്ചേരിയും ഈ രാഗത്തിൽ തുടങ്ങുന്നത് പതിവാണ്. കാരണം ഹംസധ്വനി ഐശ്വര്യവും തടസ്സമില്ലാത്ത തുടക്കവും നൽകുന്നൂവെന്നാണ് വിശ്വാസം.
കാളിദാസന്റെ മേഘദൂതത്തിൽ യക്ഷൻ മേഘത്തോട് പറയുന്നു: “ഹംസദ്വാരം ഭൃഗുപതിയശോവർത്മ യത്ക്രൗഞ്ചരന്ധ്രം’
അർത്ഥം -“ക്രൗഞ്ചം എന്ന മലയിലെ വിടവ്, അത് ഭൃഗുപതിയായ പരശുരാമന്റെ കീർത്തിയുടെ വഴിയാണ്, അരയന്നങ്ങൾക്ക് കവാടമാണ്’.
അതായത് ഹിമാലയത്തിലെ ക്രൗഞ്ചപർവ്വതത്തിലെ ഒരു വിടവിലൂടെ അരയന്നങ്ങൾ മാനസസരസ്സിലേക്ക് പോകും. ആ വഴി പരശുരാമൻ വെട്ടിയുണ്ടാക്കിയതാണ് എന്നാണ് ഐതിഹ്യം. യക്ഷൻ മേഘത്തോട് പറയുന്നത്: “നീ ആ ക്രൗഞ്ചരന്ധ്രം വഴി പോയാൽ മതി, ഹംസങ്ങൾ പോകുന്ന വഴിയാണ്’.
ആ മാനസസരസ്സിന്റെ വർണ്ണനാതീതമായ ശാന്തതയ്ക്ക് സംഗീതം നൽകിയാൽ അതാണ് ഹംസധ്വനി. ആനന്ദഭൈരവി കരയിപ്പിക്കും, കല്യാണി ആഘോഷിപ്പിക്കും, മോഹനം കൊഞ്ചിക്കും. ഹംസധ്വനി? ഹംസധ്വനി നിന്നെ നീയായി ഇരിക്കാൻ അനുവദിക്കുന്നു. തടാകത്തിന് കരയേണ്ട ആവശ്യമില്ലല്ലോ. വെറുതെ തെളിഞ്ഞു കിടന്നാൽ മതി. അരയന്നം വന്ന് നീന്തിക്കോളും.
ഹംസധ്വനി കേൾക്കേണ്ടത് എപ്പോൾ?
രാവിലെ 6 മണി മുതൽ 8 വരെ: മനസ്സ് തടാകം പോലെ തെളിഞ്ഞിരിക്കുമ്പോൾ.
ഇനി മനസ്സ് കലങ്ങിയാൽ: ധ്യാനത്തിന് പകരം ‘വാതാപി’ മൂന്നു തവണ കേൾക്കൂ. കോർട്ടിസോൾ കുറയും, ചിന്ത തെളിയും.
എഴുതുമ്പോൾ, വരയ്ക്കുമ്പോൾ: ക്രിയേറ്റിവിറ്റിക്ക് ശാന്തത വേണം. ഹംസധ്വനി ആ ഫ്ലോ സ്‌റ്റേറ്റ് (flow state) ഉണ്ടാക്കും.
ഹംസധ്വനി ഒരു ദൃശ്യമാകുമ്പോൾ… സൂര്യൻ ഉദിച്ചുതുടങ്ങുന്ന മാനസസരസ്സ്. ഓളമില്ലാത്ത ജലം. അതിൽ ചിറക് നനയ്ക്കാതെ നീന്തുന്ന വെള്ള അരയന്നങ്ങൾ.
അതു ശബ്ദമാകുമ്പോൾ… ക്ഷേത്രനട തുറക്കുമ്പോൾ കേൾക്കുന്ന മണിനാദം. തെറ്റില്ലാതെ, പിഴവില്ലാതെ.
ഹംസധ്വനിയുടെ ഗന്ധം… താമരപ്പൂവിന്റെയും ചന്ദനത്തിരിയുടെയും മണം.
അതു സ്പർശമാകുന്നത്… രാവിലെ മുഖത്ത് തലോടിപ്പോകുന്ന ഇളംകാറ്റായി!
മനസ്സ് ഓടിക്കൊണ്ടിരിക്കുമ്പോൾ വെറുതെ ഒന്ന് ഹംസധ്വനി പ്ലേ (Play) ചെയ്യൂ. അഞ്ചു മിനിറ്റിൽ ചിന്തയുടെ വേഗം കുറയും. തടാകം പോലെ അതു തെളിയും. l




