പെറുവിൽ തിരഞ്ഞെടുപ്പ്‌ അട്ടിമറി

ആര്യ ജിനദേവൻ

പെറുവിലെ രാഷ്‌ട്രീയം കൂടുതൽ കലുഷിതമായിരിക്കുന്നു. പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ടത്തിൽ വലതുപക്ഷ സ്ഥാനാർഥിയായ കെയ്‌ക്കോ ഫുജിമൊറി ജയിച്ചുവെന്ന്‌ അവകാശപ്പെടുമ്പോഴും അത്‌ അട്ടിമറി വിജയമാണെന്നും ഒരു ശതമാനത്തിൽ താഴെ ബാലറ്റുകൾ കൂടി എണ്ണാനുണ്ടെന്നും അത്‌ എണ്ണാൻ പെറുവിലെ ഇലക്‌ഷൻ കാര്യാലയം തയ്യാറാകുന്നില്ലെന്നും ഇടതുപക്ഷം ആരോപിക്കുന്നു. വളരെ നേരിയ വോട്ടുവ്യത്യാസമാണ്‌ കെയ്‌ക്കോ ഫുജിമൊറിയും ഇടതുപക്ഷ സ്ഥാനാർഥിയായ റോബെർട്ടോ സാഞ്ചസും തമ്മിലുള്ളത്‌. ഒരു ശതമാനത്തിൽ താഴെ ബാലറ്റുകൾ കൂടി എണ്ണാനുണ്ടെന്നിരിക്കെ ഫുജിമൊറിക്ക്‌ 50.097 ശതമാനവും (91,29,316 വോട്ടുകൾ) സാഞ്ചസിന്‌ 49.903 ശതമാനവും (90,93,792 വോട്ടുകൾ) വോട്ടാണ്‌ ലഭിച്ചിട്ടുള്ളത്‌. അതായത്‌, ഒരു ശതമാനത്തിൽ താഴെ ബാലറ്റുകൂടി എണ്ണാനുണ്ടെന്നിരിക്കെ ഫുജിമൊറി സാഞ്ചസിനോട്‌ 35,524 വോട്ടിന്‌ മുന്നിട്ടുനിൽക്കുന്നു. ഈ നേരിയ ഭൂരിപക്ഷം ബാക്കി വോട്ടുകൂടി എണ്ണുമ്പോൾ നഷ്ടമാകുമെന്ന ഭയത്താലാണ്‌ ഫുജിമൊറിയും രാജ്യത്തെ വലതുപക്ഷ ഭരണസംവിധാനവും ഇലക്‌ഷൻ കാര്യാലയവും (National Office of Electoral Process) വോട്ടെണ്ണൽ അവിടെവെച്ച്‌ നിർത്തിയത്‌. 99.082% ബാലറ്റുകളാണ്‌ നിലവിൽ എണ്ണിയത്‌; അത്‌ 100 ശതമാനമാക്കാൻ തയ്യാറാകാതെ വോട്ടെണ്ണൽ അവിടെവെച്ച്‌ നിർത്തിയിരിക്കുകയാണ്‌. വോട്ടെണ്ണലിലാകെ കൃത്രിമത്വമുണ്ടെന്നും വീണ്ടും എണ്ണണമെന്നും റോബർട്ടോ സാഞ്ചസ്‌ ആവശ്യപ്പെട്ടുവെങ്കിലും ഫുജിമൊറി അതിന്‌ തയ്യാറായില്ല.

പെറുവിലെ ഇടത്‌‐പുരോഗമനപ്രസ്ഥാനമായ ‘ടുഗെതർ ഫോർ പെറു’വിന്റെ സ്ഥാനാർഥിയാണ്‌ റോബർട്ടോ സാഞ്ചസ്‌. സൈക്കോളജിസ്റ്റായ അദ്ദേഹം മുൻ മേയറും 2021ലെ പെറൂവിയൻ കോൺഗ്രസിൽ അംഗവുമായിരുന്നു. 2021ൽ പുതുതായി അധികാരത്തിലേറിയ ഇടതുപക്ഷക്കാരനായ പ്രസിഡന്റ്‌ പെദ്രോ കാസ്റ്റിയോ അദ്ദേഹത്തെ വിദേശവ്യാപാര‐ടൂറിസംവകുപ്പ്‌ മന്ത്രിയായി നിയമിക്കുകയും ചെയ്‌തിരുന്നു. താൻ അധികാരത്തിൽ വന്നാൽ പുരോഗമനാത്മകവും ജനപക്ഷവുമായ ഒട്ടേറെ പരിഷ്‌കാരങ്ങൾ നടപ്പാക്കുമെന്ന്‌ സാഞ്ചസ്‌ ഉറപ്പുനൽകുന്നു. തിരഞ്ഞെടുപ്പിനു മുന്പ്‌ കാസ്റ്റിയോയെ ജയിലിലെത്തി സന്ദർശിക്കുകയും, പെറുവിലെ ഗോത്രവിഭാഗങ്ങളുടെ അടയാളമായി താൻ അണിയാറുള്ള തൊപ്പി കാസ്റ്റിയോ സാഞ്ചസിന്‌ സമ്മാനിക്കുകയും ചെയ്‌തു. ആ തൊപ്പി അണിഞ്ഞാണ്‌ സാഞ്ചസ്‌ പലയിടത്തും തിരഞ്ഞെടുപ്പ്‌ പ്രചരണത്തിൽ പങ്കെടുത്തത്‌.

1990 മുതൽ 2000 വരെയുള്ള പത്തുവർഷം പെറുവിനെ അടക്കിവാണ സ്വേച്ഛാധിപതിയായ പ്രസിഡന്റ്‌ ആൽബെർട്ടോ ഫുജിമൊറിയുടെ (മരണം‐ 2024) മകളും പോപ്പുലർ ഫോഴ്‌സ്‌ പാർട്ടിയുടെ നേതാവുമാണ്‌ കെയ്‌ക്കോ ഫുജിമൊറി. രാജ്യത്തെ സുരക്ഷാ പ്രതിസന്ധിയെ ഉരുക്കുമുഷ്ടികൊണ്ട്‌ നേരിടുമെന്നാണ്‌ ഫുജിമൊറിയുടെ തിരഞ്ഞെടുപ്പ്‌ വാഗ്‌ദാനം; അതുതന്നെ വീണ്ടും സ്വേച്ഛാധിപത്യ വാഴ്‌ച നടപ്പാക്കുമെന്നതിന്റെ സൂചനയാണ്‌. അമേരിക്കയുമായി അടുത്ത ബന്ധമുള്ളയാളുമാണ്‌ ഫുജിമൊറി. ഖനനം അടക്കമുള്ള രാജ്യത്തെ എല്ലാ മേഖലയിലും കൂടുതൽ കോർപറേറ്റ്‌ കൊള്ള വർധിപ്പിക്കുന്നതും സ്വേച്ഛാധിപത്യ സമീപനമുള്ളതുമായിരിക്കും ഫുജിമൊറിയുടെ ഭരണകാലം എന്നതിന്‌ അവസാനഘട്ട വോട്ടണ്ണലിൽ അവർ കാണിക്കുന്ന ഈ അസഹിഷ്‌ണുതതന്നെ തെളിവാണ്‌.

ഏപ്രിൽ 12നാണ്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ്‌ നടന്നത്‌. 30 സ്ഥാനാർഥികൾ മത്സരിച്ചതിൽ, മെയ്‌ 17ന്‌ വോട്ടെണ്ണിയപ്പോൾ സാഞ്ചസിന്‌ 12%, ഫുജിമൊറിക്ക്‌ 17.2%, റാഫേൽ ലോപസിന്‌ 11.99% എന്നിങ്ങനെയായിരുന്നു. അന്നത്തെ ദേശീയ തിരഞ്ഞെടുപ്പ്‌ കാര്യാലയത്തിന്റെ പ്രവർത്തനം കുറ്റകരമാണെന്ന്‌ ആരോപണമുയർന്നിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടയ്‌ക്ക്‌ എട്ടാമത്തെ പ്രസിഡന്റാണ്‌ പെറുവിൽ ചുമതലയേൽക്കുന്നത്‌. 2021 ജൂലൈയിൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന പെദ്രോ കാസ്റ്റിയോയെ 2022 ഡിസംബറിൽ അട്ടിമറിച്ചു; അദ്ദേഹത്തെ 11 വർഷത്തെ തടങ്കലിലുമാക്കി. പെറൂവിയൻ രാഷ്‌ട്രീയത്തിലെ ഗൗരവതരമായ രാഷ്‌ട്രീയ പ്രതിസന്ധിയും വലതുപക്ഷ‐സാമ്രാജ്യത്വ ഇടപെടലുമാണ്‌ ഇത്‌ പ്രതിഫലിപ്പിക്കുന്നത്‌.

വോട്ട്‌ വീണ്ടും എണ്ണണമെന്ന സാഞ്ചസിന്റെ ആവശ്യം കെയ്‌ക്കോ ഫുജിമൊറി അംഗീകരിക്കാത്ത സ്ഥിതിക്ക്‌ എന്തുകൊണ്ട്‌ സാഞ്ചസിന്‌ തിരഞ്ഞെടുപ്പ്‌ ഫലത്തെ വെല്ലുവിളിച്ചുകൂടാ എന്ന്‌ ആരും ചോദിക്കും. എന്നാൽ, പെറുവിലെ സംവിധാനമനുസരിച്ച്‌ ഒരു വോട്ടെണ്ണൽ ഷീറ്റിനെ വെല്ലുവിളിക്കണമെങ്കിൽ അതിന്‌ അത്രയേറെ പണം വേണം; അത്രമാത്രം ചെലവേറിയ ഒരു പ്രക്രിയയാണത്‌. എന്നിരുന്നാലും, സന്പന്നനായ ഒരു സ്‌പോൺസർ ഇല്ലാതെ തന്നെ Together for Peru, ഗൗരവതരമായ പിഴവുകൾ കണ്ടെത്തിയ 2400 പോളിങ്‌ സ്‌റ്റേഷനുകളെ നിയമപരമായി ചോദ്യം ചെയ്യുന്നതിനുള്ള ക്യാന്പയിന്‌ തുടക്കമിട്ടിരിക്കുകയാണ്‌. പക്ഷേ, അതിന്‌ ഒന്പര കോടിയോളം രൂപ (10 ലക്ഷം ഡോളർ) ആവശ്യമാണ്‌; അതായത്‌, ഓരോ പൊളിങ്‌ സ്‌റ്റേഷനിലെയും വോട്ടെണ്ണലിനെ ചോദംചെയ്യുന്നതിന്‌ 1337 സോൾ (പെറുവിലെ നാണയം) ആവശ്യമാണ്‌ (37,198 രൂപ). ഇത്തരത്തിൽ വൻതോതിലുള്ള ഫണ്ട്‌ ഉണ്ടെങ്കിൽ മാത്രമേ അവർക്ക്‌ വോട്ടെണ്ണലിനെ ചോദ്യംചെയ്യാനാകൂ. പ്രതിസന്ധികൾക്കിടയിലും, ജനത്തെ ഒപ്പം നിർത്തിക്കൊണ്ട്‌ നീതിരഹിതവും ജനാധിപത്യത്തിന്‌ അഹിതവുമായ ഈ തിരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനത്തെ ചോദ്യംചെയ്യുമെന്ന ഉറച്ച നിലപാടിലാണ്‌ സാഞ്ചസും പെറുവിലെ ഇടതുപക്ഷവും. l

Hot this week

ജാനമ്മ കുഞ്ഞുണ്ണിയുടെ കനൽ വഴികൾ  താണ്ടിയ വിസ്മയജീവിതം

പ്രശസ്ത സാഹിത്യകാരി ജാനമ്മ കുഞ്ഞുണ്ണിയുമായി ആർ പാർവതി ദേവി നടത്തിയ അഭിമുഖം  കേരള...

നിറങ്ങൾ തൻ നൃത്തം – ജോൺ മിറോ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. ജോൺ...

പ്രകൃതിയിലെ വിസ്മയങ്ങൾ – വണ്ടുകൾ പലതരം

ഗ്രീക്ക് വാക്കുകളായ 'koleos' (ഉറ/കവചം), 'pteron ' (ചിറക്) എന്നിവയിൽ നിന്നാണ്...

മരണപ്പെടുന്ന സ്ത്രീയും മാപ്പാക്കപ്പെടുന്ന പുരുഷനും 

ഒരു മനുഷന്റെ അനാഥമായേക്കാവുന്ന ജീവിതം സനാഥമായി മാറിയ അനുഭവമാണ് കമ്പിളി കണ്ടത്തെ...

സിൽക്ക് സ്മിത : ഓർമ്മയ്ക്കും മറവിക്കും ഇടയിലെ നിഗൂഢ സ്മിതങ്ങൾ

കാലം അറിഞ്ഞു കൊണ്ടോ അല്ലാതെയോ ഒരൊറ്റ ശരീരത്തിനൊപ്പം പോവുക. കാമനകളുടെ പുരുഷസൂക്തങ്ങളെല്ലാം...

Topics

ജാനമ്മ കുഞ്ഞുണ്ണിയുടെ കനൽ വഴികൾ  താണ്ടിയ വിസ്മയജീവിതം

പ്രശസ്ത സാഹിത്യകാരി ജാനമ്മ കുഞ്ഞുണ്ണിയുമായി ആർ പാർവതി ദേവി നടത്തിയ അഭിമുഖം  കേരള...

നിറങ്ങൾ തൻ നൃത്തം – ജോൺ മിറോ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. ജോൺ...

പ്രകൃതിയിലെ വിസ്മയങ്ങൾ – വണ്ടുകൾ പലതരം

ഗ്രീക്ക് വാക്കുകളായ 'koleos' (ഉറ/കവചം), 'pteron ' (ചിറക്) എന്നിവയിൽ നിന്നാണ്...

മരണപ്പെടുന്ന സ്ത്രീയും മാപ്പാക്കപ്പെടുന്ന പുരുഷനും 

ഒരു മനുഷന്റെ അനാഥമായേക്കാവുന്ന ജീവിതം സനാഥമായി മാറിയ അനുഭവമാണ് കമ്പിളി കണ്ടത്തെ...

സിൽക്ക് സ്മിത : ഓർമ്മയ്ക്കും മറവിക്കും ഇടയിലെ നിഗൂഢ സ്മിതങ്ങൾ

കാലം അറിഞ്ഞു കൊണ്ടോ അല്ലാതെയോ ഒരൊറ്റ ശരീരത്തിനൊപ്പം പോവുക. കാമനകളുടെ പുരുഷസൂക്തങ്ങളെല്ലാം...

നിറങ്ങൾ തൻ നൃത്തം – സോമനാഥ ഹോർ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ആധുനിക...

പ്രകൃതിയിലെ വിസ്മയങ്ങൾ – പൊള്ളും വണ്ടുകൾ

Meloidae കുടുംബത്തിൽപ്പെട്ട വണ്ടുകളാണ് Blister beetles എന്ന 'പൊള്ളും വണ്ടുകൾ '....
spot_img

Related Articles

Popular Categories

spot_imgspot_img