ലോകത്തുടനീളമുള്ള വികസ്വര അവികസിതരാജ്യങ്ങളിലെ ഇടതുപക്ഷമെന്ന ആശയത്തെ, കമ്യൂണിസ്റ്റ് പാർട്ടികളുടെ തിരഞ്ഞെടുപ്പുകളിലെ ഭാഗധേയമായോ കേവലം കൊളോണിയലനന്തര രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് മുദ്രാവാക്യങ്ങളുടെ നിലനിൽപായോ ചുരുക്കിക്കാണുന്നത് ശരിയല്ല. കൊളോണിയൽവിരുദ്ധ പോരാട്ടത്തിലൂടെയും ഇനിയും പൂർത്തിയാക്കപ്പെട്ടിട്ടില്ലാത്ത ദേശീയ വിമോചന പരിപാടിയിലൂടെയും ഒപ്പംതന്നെ ആഗോള മുതലാളിത്തവുമായുള്ള ഇന്നത്തെ ഏറ്റുമുട്ടലിലൂടെയും രൂപംകൊണ്ട ചരിത്രപരമായൊരു ശക്തിയാണ് ഇവിടുത്തെ ഇടതുപക്ഷം. അതിനെ കൃത്യമായി മനസ്സിലാക്കുന്നതിന് നമ്മൾ യൂറോപ്പിലും വടക്കേ അമേരിക്കയിലും വികസിപ്പിച്ചിട്ടുള്ള രീതികൾക്കപ്പുറം പോകുകയും, പകരം ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും ദ്വീപുകളിലെയും രാഷ്‌ട്രീയജീവിതത്തിന്റെ യഥാർഥ പോരാട്ടഭൂമികയെക്കുറിച്ച് പഠിക്കുകയും ചെയ്യണം.
നമ്മുടെ കൊളോണിയൽവിരുദ്ധ അടിവേരുകൾ
ലോകത്താകമാനമുള്ള വികസ്വര അവികസിതരാജ്യങ്ങളിലെ ഇടതുപക്ഷം ഉദയംകൊണ്ടത് മുതലാളിത്തത്തിന്റെ വൈരുദ്ധ്യങ്ങളിൽനിന്നു മാത്രമല്ല, മറിച്ച് കൊളോണിയലിസത്തിന്റെയും സാമ്രാജ്യത്വാധിപത്യത്തിന്റെയും അക്രമങ്ങളിൽനിന്നുകൂടിയാണ്. ഈ വേർതിരിവ് നിർണായകമായ ഒന്നാണ്. യൂറോപ്പിൽ, ക്ലാസിക്കൽ ഇടതുപക്ഷം ആവിർഭവിച്ചത് പ്രാഥമികമായും വ്യാവസായിക വർഗസമരത്തിലൂടെയാണ്: അതായത്, മൂലധനത്തിനെതിരെ തൊഴിലാളികൾ അണിനിരന്നതിലൂടെയാണ്. എന്നാൽ, കോളനിവത്‌കൃത ലോകത്തിൽ, വർഗസമരമെന്നത് ദേശീയ വിമോചനപോരാട്ടത്തിൽനിന്നും അഭേദ്യമായ ഒന്നായിരുന്നു. തൊഴിലാളികളും കർഷകരും തദ്ദേശീയ ജനവിഭാഗങ്ങളും റാഡിക്കൽ ബുദ്ധിജീവികളും പ്രാഥമികമായും കൊളോണിയൽ ഭരണകൂടത്തിനും സാമ്രാജ്യത്വ സൈന്യങ്ങൾക്കും കൊളോണിയൽ അധികാരികൾക്ക് ഒത്താശചെയ്യുന്ന വർഗങ്ങൾക്കുമെതിരായി പോരാടി. അതുകൊണ്ടുതന്നെ ആഗോള വികസ്വര അവികസിത രാജ്യങ്ങളിലെ ഇടതുപക്ഷത്തിന് എല്ലായ്‌പ്പോഴും ഇരട്ടസ്വഭാവമുണ്ട്: സാമ്രാജ്യത്വവിരുദ്ധസ്വഭാവവും സോഷ്യലിസ്റ്റ്‌സ്വഭാവവും.
വിവിധ പശ്ചാത്തലങ്ങളിൽനിന്നുള്ള പ്രധാന വ്യക്തിത്വങ്ങൾ, അതായത് വ്‌ളാദ്‌മിർ ലെനിൻ (1870‐1924), ജവഹർലാൽ നെഹ്‌റു (1889‐1964), ഹോചിമിൻ (1890‐1969), ഹൊസെ കാർലോസ് മരിയാത്വെഗി (1894‐1930), ക്ലൗദിയ ജോൺസ് (1915‐1964), അമിൽകാർ കബ്രാൾ (1924‐1973), ഫിദൽ കാസ്‌ട്രോ (1926‐2016), തോമസ് സങ്കാര (1949‐1987) തുടങ്ങിയവരെല്ലാംതന്നെ ബൃഹത്തായ പ്രത്യയശാസ്‌ത്ര വ്യത്യസ്‌തകളുണ്ടെങ്കിൽപോലും, ലോകത്തുടനീളമുള്ള വികസ്വര‐അവികസിത രാജ്യങ്ങളിലെ ഇടതുപക്ഷത്തിന്റെ വംശാവലിയിൽ ഉൾപ്പെടുന്നവരാണ്. അവരോരോരുത്തരും സാമ്രാജ്യത്വശക്തി രൂപംകൊടുത്തിട്ടുള്ള ലോകത്തിൽ, പരമാധികാരത്തിന്റെ പ്രശ്‌നത്തെ അഭിമുഖീകരിച്ചവരാണ്.
1955ലെ ബാന്ദൂങ് കോൺഫറൻസ് ഈ രാഷ്‌ട്രീയ ചക്രവാളത്തിന്റെ വ്യക്തമായ പ്രകടനമാണ്. സ്വന്തം ഭാഗധേയം സ്വയം നിർണ്ണയിക്കുവാനുള്ള അവകാശം ഉറപ്പാക്കുന്നതിനുവേണ്ടി പുതുതായി സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളിലെ നേതാക്കൾ ഇന്തൊനേഷ്യയിൽ ഒത്തുകൂടി. ബാന്ദൂങ് കേവലമൊരു നയതന്ത്രവേദിയായിരുന്നില്ല. രാഷ്‌ട്രീയ സ്വാതന്ത്ര്യത്തിനും സാന്പത്തിക വികസനത്തിനും സാമൂഹിക നീതിക്കുംവേണ്ടിയുള്ള അഭിലാഷം പ്രകടമാക്കിയ വേദിയായിരുന്നു അത്. സാന്പത്തിക പരമാധികാരമില്ലാതെയുള്ള രാഷ്‌ട്രീയ സ്വാതന്ത്ര്യം കേവലം ഔപചാരിക സ്വാതന്ത്ര്യം മാത്രമാണ് സാധ്യമാക്കുകയെന്ന് ബാന്ദൂങ് സമ്മേളനത്തിലെ ഇടതുപക്ഷധാരകൾ മനസ്സിലാക്കിയിരുന്നു. ഈ വൈരുദ്ധ്യം പരിഹരിക്കപ്പെടാതെ തുടരുന്നു.
സാമൂഹികാധികാരത്തിന്റെ ജനാധിപത്യവത്‌കരണം
ഇന്ന്, ലോകത്തുടനീളമുള്ള വികസ്വര‐അവികസിതരാജ്യങ്ങൾ സാമ്രാജ്യത്വത്തിന്റെ പുതിയൊരു ഘട്ടത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്; കടം, ധനമൂലധനം, മൾട്ടിനാഷണൽ കോർപറേഷനുകൾ, സൈനിക സഖ്യങ്ങൾ, സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട കുത്തകകൾ എന്നിവയിലൂടെ ചിട്ടപ്പെടുത്തിയ സാമ്രാജ്യത്വത്തിന്റെ പുതിയ ഘട്ടം. 1980കളിലും 1990കളിലും ഐഎംഎഫ് ചുമത്തിയ ഘടനാപരമായ ക്രമീകരണ പരിപാടികൾ ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും പൊതുമേഖലയെയാകെ തകർത്തു. അവിടങ്ങളിലെല്ലാമുള്ള സമൂഹങ്ങൾ ചെലവുചുരുക്കൽ മുതലാളിത്തത്തിലേക്ക് (Austerity Capitaolism) ചിട്ടപ്പെടുത്തപ്പെട്ടു. അതിന്റെ പ്രത്യാഘാതങ്ങൾ ഇന്നും പ്രകടമായിതന്നെ നിലനിൽക്കുന്നു: സ്വകാര്യവത്‌കരിക്കപ്പെട്ട ആരോഗ്യരക്ഷാ മേഖല, ദുർബലമാക്കപ്പെട്ട തൊഴിലാളിപ്രസ്ഥാനങ്ങൾ, ഭക്ഷ്യ ആശ്രിതത്വം, വൻതോതിലുള്ള തൊഴിലില്ലായ്‌മ, രാഷ്‌ട്രീയമായ ശിഥിലീകരണം എന്നിവയെല്ലാം അതിന്റെ പ്രത്യാഘാതങ്ങളാണ്. എന്തുതന്നെയായാലും, ഉത്തര അറ്റ്‌ലാന്റിക് അധികാരശക്തികൾ കയറ്റിറക്കങ്ങളോടുകൂടിയ വളർച്ചാനിരക്കിനോട് മല്ലിടുമ്പോൾതന്നെ, സൈനികശക്തിയും വിവരവിനിമയ സാങ്കേതികശക്തിയും ഉപയോഗിച്ച് അധീശാധിപത്യം പ്രയോഗിക്കാൻ ശ്രമിക്കുകയാണ്‐ അതിനെയാണ് ട്രൈകോണ്ടിനെന്റൽ: ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ച് അതിസാമ്രാജ്യത്വം (Hyper‐ Imperialism) എന്നു വിളിച്ചത്. അതിസാമ്രാജ്യത്വം ഇത്തരത്തിൽ ഏകീകരിക്കപ്പെടുന്നതിനുള്ള കാരണം, ആഗോള സന്പദ്‌വ്യവസ്ഥയുടെ ആകർഷണകേന്ദ്രം ഏഷ്യയിലേക്ക് തിരിഞ്ഞു എന്നുള്ളതാണ്. ഇതിനെ തുടർന്ന്, പ്രതികരണമായി, അമേരിക്ക നയിക്കുന്ന ഉത്തര അറ്റ്‌ലാന്റിക് അധികാരകേന്ദ്രം ഗാസയിൽ പലസ്‌തീനിയൻ ജനതയെ കൂട്ടക്കൊല ചെയ്യുന്നതിൽ പങ്കുചേർന്നു; ഇറാനെതിരായി നിയമവിരുദ്ധമായ യുദ്ധത്തിനു തുടക്കമിട്ടു; ക്യൂബയ്‌ക്കെതിരായ നിയമവിരുദ്ധമായ ഉപരോധം കൂടുതൽ കടുപ്പിച്ചു. ഗതികെട്ട്, എന്തും ചെയ്യാൻ മടിക്കാത്ത മാനസികാവസ്ഥയിലെത്തിയ ഉത്തര അറ്റ്‌ലാന്റിക് രാജ്യങ്ങളിലെ ഭരണനേതാക്കൾ കൂടുതൽ അപകടകാരികളാവുകയും ഒരുതരം ജീർണ്ണാവസ്ഥയിലേക്ക് കൂപ്പുകുത്തുകയും ചെയ്‌തിരിക്കുന്നു‐ ലോകത്തിലെ ശതകോടീശ്വരരുടെ പ്രതീക്ഷകളെ സാധ്യമാക്കാനുതകുന്ന ഒരു പ്രൊജക്ട് മുന്നോട്ടുവെക്കാൻ അവർക്ക് കഴിയുന്നില്ല. ഇടയ്‌ക്കിടെ, വ്യത്യസ്‌ത സ്വഭാവങ്ങളുള്ള ഗവൺമെന്റുകളോടുകൂടിയ രാജ്യങ്ങളുടെ കൂട്ടങ്ങൾ പുതിയ വ്യാപാരസംവിധാനങ്ങളും പുതിയ നയതന്ത്ര സഹകരണങ്ങളും രൂപീകരിക്കാൻ തുടങ്ങി (ബ്രിക്‌സ് +ഉം ഷാങ്‌ഹായ് സഹകരണസംഘടനയും ഇതിൽ ഉൾപ്പെടുന്നു). ലോകക്രമത്തിൽ ഒരു മാറ്റമുണ്ടാകുന്നുണ്ട്; പക്ഷേ, കൃത്യമായൊരു പുതിയ സാഹചര്യത്തിന് സ്ഥിരത കൈവരിച്ചിട്ടില്ല.
ഈ സാഹചര്യത്തിൽ, ഇടതുപക്ഷത്തെക്കുറിച്ച് സംസാരിക്കുന്നതിന്റെ അർഥമെന്താണ്?
ഒന്നാമത്തെ വെല്ലുവിളി ആശയപരമാണ്. സമകാലിക രാഷ്‌ട്രീയ സംവാദങ്ങളിൽ ഒട്ടുമിക്കതും ഇടതുപക്ഷത്തെ ലിബറലിസത്തോട് ചേർത്തുവെയ്‌ക്കുന്നു. അപ്പോഴും ലോകത്തുടനീളമുള്ള വികസ്വര‐അവികസിത രാജ്യങ്ങളിൽ ലിബറലിസം, അന്താരാഷ്‌ട്ര മൂലധനവുമായി ബന്ധപ്പെട്ടിരിക്കുന്ന കോംപ്രദോർ പ്രമാണിവർഗത്തിന്റെ പ്രത്യയശാസ്‌ത്ര ഭാഷയായാണ് പ്രവർത്തിക്കുന്നത്. ഇലക്‌ട്രൽ ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കുകയും അതേസമയം പൊതുസന്പത്ത് സ്വകാര്യവത്‌കരിക്കുകയും തൊഴിലാളി മുന്നേറ്റങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്ന ഒരു ഗവൺമെന്റിനെ, അവകാശങ്ങളുടെ ഭാഷ സംസാരിക്കുന്നു എന്നതുകൊണ്ടുമാത്രം ഇടതുപക്ഷം എന്ന് അർഥവത്തായി വിശേഷിപ്പിക്കാനാവില്ല. വിശാലമായ മുതലാളിത്തവിരുദ്ധ നവീകരണവും സാമ്രാജ്യത്വസ്ഥാപനങ്ങളുമായി യാതൊരുവിധ ഘടനാപരമായ ബന്ധത്തിനും തയ്യാറാകാതിരിക്കലും ഇടതുപക്ഷമെന്ന് സ്വയം അവകാശപ്പെടുന്ന ശക്തികൾക്ക് പ്രാഥമികമായി ഉണ്ടായിരിക്കേണ്ട സവിശേഷതയാണ്.
ഇടതുപക്ഷം, അടിസ്ഥാനപരമായി, സാമൂഹിക അധികാരത്തിന്റെ ജനാധിപത്യവത്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇടതുപക്ഷം ചോദിക്കുന്നു: ഭൂമി, ഫിനാൻസ്, വ്യവസായം, ഊർജ്ജം, ഭക്ഷ്യസംവിധാനം, വിവരവിനിമയം, തൊഴിൽ എന്നിവ ആരാണ് നിയന്ത്രിക്കുന്നത്? മനുഷ്യർ ഉൽപാദനം സംഘടിപ്പിക്കുന്നത് സാമൂഹികമായ ആവശ്യത്തിന് വേണ്ടിയാണോ അതോ സ്വകാര്യ മൂലധന സഞ്ചയത്തിനു വേണ്ടിയാണോ? ഈ ചോദ്യങ്ങൾ, സാംസ്കാരിക സംവാദങ്ങളും തിരഞ്ഞെടുപ്പ് നാടകങ്ങളുംകൊണ്ട് മറയ്‌ക്കപ്പെടുമ്പോൾതന്നെ, കേന്ദ്രബിന്ദുവായി നിലനിൽക്കുന്നു. അതേസമയംതന്നെ, ലോകത്തുടനീളമുള്ള വികസ്വര അവികസിത രാജ്യങ്ങളിലെ ഇടതുപക്ഷത്തിന് കേവലം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ് പ്രോജക്ടുകളുടെ നൊസ്റ്റാൾജിയ എന്ന നിലയിൽമാത്രം അതിജീവിക്കാനാവുകയില്ല. ആ പ്രോജക്ടുകളിലേറെയും സാക്ഷരതയിലും ആരോഗ്യരക്ഷയിലും സ്ത്രീ വിമോചനത്തിലും വംശീയവിരുദ്ധ പോരാട്ടത്തിലും അത്യസാധാരണമായ നേട്ടങ്ങൾ കൈവരിച്ചവയാണ്. ക്യൂബയുടെ സാർവദേശീയ മെഡിക്കൽ മിഷനുകൾ ആധുനിക രാഷ്ട്രീയത്തിന്റെ ഏറ്റവും മഹത്തരമായ ധാർമ്മിക നേട്ടങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. വിയറ്റ്നാം, കൊളോണിയലിസത്തെ പരാജയപ്പെടുത്തുകയും തകർന്നടിഞ്ഞ ഒരു രാഷ്ട്രത്തെ പുനർനിർമ്മിക്കുകയും ചെയ്തു. ഇന്ത്യയിലെ ഒരു സംസ്ഥാനമായ കേരളം ദശകങ്ങളായുള്ള ഇടതുപക്ഷ ഭരണത്തിലൂടെ കരുത്തുറ്റ പൊതുസ്ഥാപനങ്ങൾ കെട്ടിപ്പടുത്തു. ഇവോ മോറാലിസിനുകീഴിൽ ബൊളീവിയ കുലീന വർഗ്ഗവാഴ്ചയ്ക്കെതിരായി തങ്ങളുടേതായ തദ്ദേശീയ പരമാധികാരം ഉറപ്പാക്കി. എന്നിരുന്നാലും പരാജയങ്ങളും ഉണ്ടായിട്ടുണ്ട്: ഉദ്യോഗസ്ഥമേധാവിത്വം, ജനാധിപത്യത്തിന്റെ പോരായ്മ, അഴിമതി, സ്വേച്ഛാധിപത്യ പ്രവണതകൾ, ഒട്ടേറെ കേസുകളിൽ ആഗോള ഉൽപ്പന്ന കമ്പോളത്തിനുമേലുള്ള ആശ്രിതത്വത്തെ മറികടന്ന് പരിവർത്തനം സാധ്യമാക്കുന്നതിലെ കഴിവില്ലായ്മ എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു. ഗൗരവമായ ഇടതുപക്ഷ വിശകലനത്തിന് ആവശ്യം കാല്പനികതയോ അപലപിക്കലോ അല്ല, മറിച്ച് വൈരുദ്ധ്യാത്മകമായ വിലയിരുത്തലാണ്.
ഇന്ന് നേരിടുന്ന കേന്ദ്ര പ്രശ്നങ്ങളിലൊന്ന് പുരോഗമന ശക്തികളുടെ ശിഥിലീകരണമാണ്. ആഗോള വികസ്വര അവികസിത രാജ്യങ്ങളിലുടനീളം പുരോഗമന പ്രസ്ഥാനങ്ങൾ കൂട്ടംതെറ്റി ഒറ്റയ്ക്കൊറ്റയ്ക്കായി കിടക്കുകയാണ്: അതായത് ട്രേഡ് യൂണിയനുകൾ, കർഷക സംഘടനകൾ, ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ, പരിസ്ഥിതിസംരക്ഷണത്തിനുവേണ്ടിയുള്ള പോരാട്ടങ്ങൾ, തദ്ദേശീയ മുന്നേറ്റങ്ങൾ, വിദ്യാർത്ഥി വിഭാഗങ്ങൾ, അനൗദ്യോഗിക തൊഴിലാളികളുടെ അസോസിയേഷനുകൾ, വംശീയവിരുദ്ധ ക്യാമ്പയിനുകൾ, സോഷ്യലിസ്റ്റ് പാർട്ടികൾ എന്നിങ്ങനെ. ഈ ശക്തികൾ നിരന്തരമായി ഒരേ ശത്രുവിനോടാണ് ഏറ്റുമുട്ടുന്നത്‐- തദ്ദേശീയ കുലീനവർഗ്ഗവാഴ്ചയുമായി സഖ്യം ചേർന്നിട്ടുള്ള ധനമൂലധനം എന്ന ശത്രുവിനോട്; പക്ഷേ ഈ ശക്തികൾക്ക് സംഘടനാപരമായ ഐക്യമില്ല.
ബ്രസീൽ കൃത്യമായൊരു ഉദാഹരണമാണ്. തൊഴിലാളി യൂണിയനുകളും പുരോഗമനവാദികളായ മതപുരോഹിതരും (clergy) ഭൂരഹിതരായവരുടെ പ്രസ്ഥാനങ്ങളും സോഷ്യലിസ്റ്റ് ബുദ്ധിജീവികളും ചേർന്നു രൂപപ്പെടുത്തിയ ശക്തമായൊരു സഖ്യത്തിൽ നിന്നുമാണ് അവിടുത്തെ വർക്കേഴ്സ് പാർട്ടി ഉദയംകൊള്ളുന്നത്. ആ വർക്കേഴ്‌സ് പാർട്ടിയുടെ നേതൃത്വത്തിൽ അധികാരത്തിൽവന്ന പ്രസിഡണ്ട് ലുല ഡ സിൽവയ്ക്കുകീഴിൽ, സാമൂഹ്യ പരിപാടികളിലൂടെയും ഭരണകൂടശേഷി വിപുലീകരിച്ചതിലൂടെയും ദശലക്ഷക്കണക്കിന് മനുഷ്യരെ ദാരിദ്ര്യത്തിൽനിന്നും കരകയറ്റി. ഒപ്പംതന്നെ ആഗോള ധനമൂലധനവും രാജ്യത്തിനകത്തെ കുലീന വർഗ്ഗവും ഏർപ്പെടുത്തിയിട്ടുള്ള പരിധികളെ ബ്രസീലിലെ ഇടതുപക്ഷം മറികടക്കുകയും ചെയ്തു. ദിൽമ റൂസഫിന്റെ ഗവൺമെന്റിനെതിരായ പാർലമെന്ററി അട്ടിമറിയും ലുലയെ തടവിലാക്കിയതും തെളിയിക്കുന്നത് മിതമായ തോതിലുള്ള പുനർവിതരണം ഉണ്ടാകുന്നതിൽപോലും ഭരണവർഗശക്തികൾ പ്രകടിപ്പിക്കുന്ന നൃശംസതയെയാണ്. നിരവധി വിയോജിപ്പുകൾ ഉണ്ടായതിനെ തുടർന്ന് ഇടതുപക്ഷത്തിന്റെ ഐക്യം തകരുകയും തദ്ദേശീയ മേഖലകളിൽ തിരഞ്ഞെടുപ്പധികാരം പിടിച്ചെടുക്കുന്നതിന് കൃത്യമായൊരു തന്ത്രം കെട്ടിപ്പടുക്കാൻ അവർക്ക് കഴിയാതാവുകയും ചെയ്തു. അതിനെതുടർന്ന് വലതുപക്ഷം ബ്രസീലിലെ ഫെഡറൽ സെനറ്റിലും നാഷണൽ കോൺഗ്രസിലും ആധിപത്യം സ്ഥാപിച്ചു.
സമാനമായി, ദക്ഷിണാഫ്രിക്കയിൽ, വർണ്ണവിവേചനവിരുദ്ധ പോരാട്ടത്തിന്റെ വിശാലമായ ധാർമിക മേൽക്കോയ്മയുടെ പൈതൃകമുൾക്കൊള്ളുന്ന പാർട്ടിയാണ് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് (എഎൻസി). പക്ഷേ, വർണ്ണ വിവേചനം അവസാനിച്ചതിനുശേഷം നിലവിൽ വന്ന നിയോ ലിബറൽ നയങ്ങൾ വംശീയ മുതലാളിത്തത്തിന്റെ സാമ്പത്തിക ഘടനയെ ഏതാണ്ടതേ നിലയിൽതന്നെ സംരക്ഷിച്ചു നിർത്തി. സാമ്പത്തിക പരിവർത്തനമില്ലാതെയുള്ള രാഷ്ട്രീയ വിമോചനം വൻതോതിൽ നിരാശയുളവാക്കി. പുരോഗമന ശക്തികൾ, പ്രത്യേകിച്ചും യൂണിയനുകളും കമ്മ്യൂണിറ്റി സംഘടനകളും സജീവമായി നിലവിലുണ്ട്; പക്ഷേ, ഇടതുപക്ഷം സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ രൂക്ഷമായ പ്രതിസന്ധികൾ നേരിടുന്നു; ഈ പ്രതിസന്ധി, യൂണിയനുകളും കമ്യൂണിസ്റ്റ് പാർട്ടിയും എഎൻസിയും തമ്മിലുള്ള ത്രികക്ഷി സഖ്യവുമായി ബന്ധപ്പെട്ടും പരസ്പരം എതിരിടുന്ന ഫെഡറേഷനുകളായുള്ള യൂണിയൻ പ്രസ്ഥാനത്തിന്റെ ശിഥിലീകരണവുമായി ബന്ധപ്പെട്ടും തൊഴിൽ സംവിധാനത്തിന്റെ സുരക്ഷിതത്വമില്ലായ്മമൂലം തൊഴിലാളിവർഗ്ഗം ദുർബലമാക്കപ്പെടുന്നതുമായി ബന്ധപ്പെട്ടുമുള്ളതാണ്. ഇന്ത്യയിൽ കാണുന്നത് മറ്റൊരു വൈരുധ്യമാണ്. പാർലമെന്റിൽ ഇടതുപക്ഷം ഗണ്യമായി ദുർബലമാക്കപ്പെട്ടിരിക്കുന്നു; എന്നിരുന്നാലും, കർഷകത്തൊഴിലാളികളുടെയും കർഷകരുടെയും പ്രക്ഷോഭങ്ങളിലും ജാതിവിരുദ്ധ മുന്നേറ്റങ്ങളിലും സ്ത്രീ സംഘടനകളിലും തൊഴിലാളികളുടെ സമരങ്ങളിലും പുരോഗമനപരമായ ഊർജ്ജം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. 2020‐21 ൽ നടന്ന വമ്പിച്ച കർഷക പ്രക്ഷോഭങ്ങൾ കാണിക്കുന്നത് അത്യധികം സ്വേച്ഛാധിപത്യപരമായ സാഹചര്യങ്ങളിൽപോലും കൂട്ടായ ചെറുത്തുനിൽപ്പ് സാധ്യമാണ് എന്നാണ്. ഈ പ്രക്ഷോഭങ്ങൾ വിജയിച്ചത്, അവ ജനങ്ങളുടെ ജീവിതമാർഗത്തിലും അന്തസ്സിലും ഊന്നിനിൽക്കുന്ന ഒരു ഭൗതിക പരിപാടി മുന്നോട്ടുവെക്കുമ്പോൾതന്നെ വിവിധ പ്രദേശങ്ങൾ, മതങ്ങൾ, സാമൂഹിക തട്ടുകൾ എന്നിവയിലുടനീളം വ്യാപിച്ചുകിടക്കുന്ന വിശാലമായ സഖ്യങ്ങൾ കെട്ടിപ്പടുത്തതുകൊണ്ടാണ്. ഇതൊക്കെയാണെങ്കിൽപോലും, കഴിഞ്ഞ അഞ്ചു ദശകങ്ങൾക്കിടയിൽ ആദ്യമായാണ് ഇന്ത്യയിലെ ഒരൊറ്റ സംസ്ഥാന നിയമസഭയിൽപോലും ഇടതുപക്ഷം അധികാരത്തിലില്ലാതെയാവുന്നത് (കേരളത്തിൽ ഭരണംപോയതിനുശേഷം).
ശരിയായ ഇടതുപക്ഷ സ്ഥാപനങ്ങൾ ഇല്ലാത്തപക്ഷം പുരോഗമന ശക്തികൾക്ക് ആധിപത്യം സ്ഥാപിക്കാനാകുമോ?
അന്റോണിയോ ഗ്രാംഷിയുടെ ദീർഘവീക്ഷണം ഇന്നും പ്രസക്തമാണ്: അതായത്, ഭരണവർഗ്ഗം ഭരിക്കുന്നത് ബലപ്രയോഗത്തിലൂടെ മാത്രമല്ല, മറിച്ച് സമ്മതി നിർമാണത്തിലൂടെയുമാണ്. കമ്പോള യുക്തി സ്വാഭാവികവും അനിവാര്യവുമായി തോന്നുന്ന ശക്തമായൊരു പ്രത്യയശാസ്ത്രക്രമം സമകാലിക മുതലാളിത്തം സൃഷ്ടിച്ചിരിക്കുന്നു. ദരിദ്രജനവിഭാഗങ്ങൾപോലും കൂട്ടായ പരിവർത്തനത്തേക്കാൾ സ്വകാര്യ മൂലധന സഞ്ചയത്തിന്റെ ആഗ്രഹാഭിലാഷങ്ങളുമായി ചേർന്നുനിൽക്കാൻ തയ്യാറാകുന്നു. സാമൂഹ്യ മാധ്യമങ്ങൾ ശിഥിലീകരണവും, ഉപരിപ്ലവവുമായ കാര്യങ്ങൾ പൊതുമണ്ഡലത്തിൽ ഉയർത്തിനിർത്തി ശരിയായ രാഷ്ട്രീയ സംവാദത്തെ അകറ്റി നിർത്തുന്ന പ്രക്രിയയും കൂടുതൽ ത്വരിതഗതിയിലാക്കുകയും ദീർഘകാല രാഷ്ട്രീയ സംഘാടനത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. അതേസമയം, ഒരുകാലത്ത് കൊളോണിയൽവിരുദ്ധ ദേശീയതയുടെ പോരാട്ടഭൂമികയായിരുന്ന ഇടങ്ങളിൽ വലതുപക്ഷ ശക്തികൾ കൂടുതൽ കൂടുതൽ ആധിപത്യം കൈവരിക്കുന്നു. ഒട്ടേറെ രാജ്യങ്ങളിൽ പിന്തിരിപ്പൻ പ്രസ്ഥാനങ്ങൾ പരമാധികാരത്തിന്റെ ഭാഷ സംസാരിക്കുകയും അതേസമയം മുതലാളിത്ത ആശ്രിതത്വം കൂടുതൽ തീവ്രമാക്കുകയും ചെയ്യുന്നു. ആഗോളവത്കരണത്തിനെതിരായി ന്യായമായി ഉയർന്നുവരുന്ന ജനരോഷത്തെ അവർ വിദ്വേഷത്തിലേക്കും സങ്കുചിത ദേശീയവാദത്തിലേക്കും മതപരമായ ഭൂരിപക്ഷാധിപത്യ വാദത്തിലേക്കും വഴിതിരിച്ചുവിടുന്നു.
അതുകൊണ്ടുതന്നെ, ഇടതുപക്ഷം ഒരേസമയം രണ്ട് കടമകൾ നിർവഹിക്കേണ്ടിയിരിക്കുന്നു. അതായത്, അതത് രാഷ്ട്രങ്ങൾക്കകത്ത് ജനാധിപത്യവും സാമൂഹിക പരിവർത്തനവും ഒരേസമയം ശക്തിപ്പെടുത്തുമ്പോൾതന്നെ ഇടതുപക്ഷം, സാമ്രാജ്യത്വാധിപത്യത്തിനെതിരായി പരമാധികാരത്തെ ഉയർത്തിപ്പിടിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. സാമൂഹ്യനീതിയുടെ അഭാവത്തിൽ സാമ്രാജ്യത്വവിരുദ്ധത, കുലീനദേശീയവാദത്തിലേക്ക് അധപതിക്കും. സാമ്രാജ്യത്വവിരുദ്ധതയുടെ അഭാവത്തിൽ സോഷ്യൽ ഡെമോക്രസി, ആഗോള മൂലധനവുമായി സമരസപ്പെട്ട് അധഃപതിക്കും.
അധികാരത്തിലുള്ള സോഷ്യലിസ്റ്റ് പ്രോജക്ടുകൾ
സോഷ്യലിസ്റ്റ് ലോകത്തിലുടനീളം, ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള വികസന പ്രൊജക്ടുകളിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ സമീപവർഷങ്ങളിൽ കാണുകയുണ്ടായി; ഈ മുന്നേറ്റങ്ങൾ നിയോലിബറൽ മുതലാളിത്തത്തിന്റെ ആധിപത്യത്തെ വെല്ലുവിളിക്കുന്നതും സാമൂഹിക സംഘാടനത്തിന്റെ ബദൽ പാതകളെ പ്രകടമാക്കുന്നതുമാണ്. സോഷ്യലിസ്റ്റ് ആസൂത്രണത്തോടൊപ്പം ആഗോള സമ്പദ്ഘടനയിൽ തന്ത്രപരമായ ഇടപെടലും നടത്തിക്കൊണ്ട് ചൈനയും വിയറ്റ്നാമും ഈ വികസനങ്ങളുടെ മുന്നണിയിൽ നിൽക്കുന്നു. ചൈനയിൽത്തന്നെ, അതിദാരിദ്ര്യനിർമാർജനവും പൊതു അടിസ്ഥാനസൗകര്യത്തിന്റെ വിപുലീകരണവും ഹരിതസാങ്കേതികവിദ്യയിലും ശാസ്ത്രീയ നവീകരണത്തിലുമുള്ള സുപ്രധാന നിക്ഷേപങ്ങളും വ്യക്തമാക്കുന്നത് കൂട്ടായ ക്ഷേമത്തിനുവേണ്ടി വിഭവങ്ങൾ കൂട്ടായണിനിരത്തുന്നതിൽ സോഷ്യലിസ്റ്റ് സ്ഥാപനങ്ങൾക്കുള്ള ഇന്നും തുടരുന്ന ശേഷിയെയാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നയിക്കുന്ന ചൈനീസ് ഭരണകൂടം ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവും പരിസ്ഥിതിസൗഹൃദ ആധുനികവത്കരണ നയങ്ങളും പോലെയുള്ള ഉദ്യമങ്ങളിലൂടെ ദീർഘകാല ആസൂത്രണ പ്രവർത്തനങ്ങൾ നടപ്പാക്കുമ്പോൾതന്നെ നിർണായക മേഖലകൾക്കുമേലുള്ള പൊതുനിയന്ത്രണം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അതേസമയംതന്നെ, വിയറ്റ്നാം അതിന്റെ സോഷ്യലിസ്റ്റധിഷ്ഠിത കമ്പോള സമ്പദ്ഘടനയിലൂടെ ദാരിദ്ര്യലഘൂകരണത്തിലും ആരോഗ്യരക്ഷയിലും വിദ്യാഭ്യാസത്തിലും വ്യാവസായിക വികസനത്തിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിരിക്കുന്നു. ദ്രുതഗതിയിലുള്ള സാമ്പത്തിക പരിവർത്തനത്തിന് വഴിതെളിക്കുകയും സാമൂഹ്യ സംരക്ഷണസംവിധാനങ്ങൾ വിപുലീകരിക്കുകയും ചെയ്യുമ്പോൾതന്നെ വിയറ്റ്നാം കമ്യൂണിസ്റ്റ് പാർട്ടി രാഷ്ട്രീയമായി അതിന്റെ പരമാധികാരവും ഉയർത്തിപ്പിടിക്കുന്നു.
ഈ രണ്ടു രാജ്യങ്ങളും നിയോ ലിബറൽ പുനരാവിഷ്‌കാരത്തിന്റെ ഭാഗമായി മറ്റൊരിടത്തും ഉണ്ടായിട്ടില്ലാത്ത രീതിയിലുള്ള രൂക്ഷമായ സാമൂഹിക സ്ഥാനഭ്രംശങ്ങളെ ചെറുക്കുകയും ആഗോള പ്രതിസന്ധിയുടെ സാഹചര്യങ്ങളിൽ സോഷ്യലിസ്റ്റ് ഭരണസംവിധാനത്തിന്റെ ഉൽപ്പതിഷ്ണുത പ്രകടമാക്കുകയും ചെയ്തവയാണ്. ഈ രാജ്യങ്ങളുടെ അനുഭവങ്ങൾ ലോകത്തുടനീളമുള്ള ഇടതുപക്ഷത്തിനകത്തുതന്നെ പരമാധികാരം, ആസൂത്രണം, പൊതു ഉടമസ്ഥത എന്നിവയെ സംബന്ധിച്ചും, അസമത്വത്തെയും വികസന മുരടിപ്പിനെയും പാരിസ്ഥിതികമായ തകർച്ചയെയും നേരിടുന്നതിൽ ഭരണകൂടത്തിന്റെ പങ്കു സംബന്ധിച്ചുമുള്ള സംവാദങ്ങളെ നവീകരിച്ചു.
സമരപോരാട്ടങ്ങളുടെ അലയൊലികൾ
തൊഴിലാളിവർഗ്ഗവും കർഷകജനസാമാന്യവും ബിസിനസ് സൈക്കിളിന്റെ ഉച്ചനീചത്വങ്ങൾ അനുഭവിക്കുകയാണ്; എടുത്തുപറയട്ടെ, അതിന്റെ പോരായ്മകൾ മാത്രമാണ് അവർ അനുഭവിക്കുന്നത്; മൂന്നാമത്തെ മഹാമാന്ദ്യത്തിൽ (2008 മുതൽ) കൂടുതൽ തീവ്രമാക്കപ്പെട്ട ദീർഘകാല മുതലാളിത്ത പ്രതിസന്ധിമൂലം ലോകത്താകമാനമുള്ള തൊഴിലാളികൾ, സ്വന്തം ജീവിതത്തിനുമേൽ തങ്ങൾക്കുള്ള നിയന്ത്രണം വ്യാവഹാരികമായി ഇല്ലാതാവുന്നതനുഭവിച്ചുകൊണ്ടിരിക്കുകയാണ്. വികസിത വ്യാവസായിക രാഷ്ട്രങ്ങളിലെ വളർച്ചാനിരക്കുകൾ പൂജ്യത്തിനടുത്ത് തട്ടിനിൽക്കുകയാണ്; ആഗോള വികസിത അവികസിത രാജ്യങ്ങളുടെ പട്ടികയിലുള്ള ഒട്ടുമിക്ക ദരിദ്രരാഷ്ട്രങ്ങളിലും ഉയർന്ന വായ്പാ നിരക്കുകളും നാണയപെരുപ്പവും നിലനിൽക്കുന്നു. ഇതെല്ലാം കാണിക്കുന്നത് ആഗോള വികസ്വര അവികസിത രാജ്യങ്ങളിലെ വിരലിലെണ്ണാവുന്ന ചുരുക്കം ചില രാജ്യങ്ങളിലൊഴികെ (ചൈനയെ പോലെ) ലോകത്തെല്ലായിടത്തുമുള്ള തൊഴിലാളികൾ, സുദീർത്ഥമായ സാമ്പത്തിക തകർച്ച നേരിടുകയാണ് എന്നാണ്. തൊഴിലാളി വർഗ്ഗത്തിന്റെയും കർഷകജനസാമാന്യത്തിന്റെയും തൊഴിൽ സാഹചര്യങ്ങളിലും ജീവിതസാഹചര്യങ്ങളിലും ഉണ്ടായിട്ടുള്ള തകർച്ച സ്വാഭാവികമായും ലോകത്തുടനീളം അസ്വസ്ഥതയുണ്ടാകുന്നതിന് കാരണമായിട്ടുണ്ട്. വ്യത്യസ്ത രാജ്യങ്ങളിലെ അധ്വാനിക്കുന്ന ജനതയെ വ്യത്യസ്ത ഗതിവേഗങ്ങളോടുകൂടി പിടിച്ചുനിർത്തിയ വിവിധതരം പ്രതിഷേധങ്ങളുടെ ഒരു പട്ടിക താഴെകൊടുക്കുകയാണ്.
♦ തൊഴിലാളികളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള തൊഴിലാളി സമരങ്ങൾ: വളർച്ചാ നിരക്കുകളെ പുനരുജ്ജീവിപ്പിക്കുന്നതിനും ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും വേണ്ടി, ലോകത്തുടനീളമുള്ള ഗവൺമെന്റുകൾ തൊഴിലാളികൾ പൊരുതിനേടിയ അവകാശങ്ങൾ കവർന്നെടുക്കുവാനുള്ള ശ്രമത്തിലാണ്. അതിനെതിരായി, ഈ പരിഷ്കാരങ്ങളെ ചെറുക്കുന്നതിനും തങ്ങളുടെ ജീവിതത്തെ ദുരിതത്തിലാഴ്ത്തുന്ന ചെലവുചുരുക്കൽ സാഹചര്യങ്ങൾക്കെതിരായി പൊരുതുന്നതിനുംവേണ്ടി, തൊഴിലാളികൾ പണി നിർത്തിവെച്ചുകൊണ്ടും പൊതുപണിമുടക്കുകൾ നടത്തിക്കൊണ്ടും പ്രതിഷേധിക്കുകയാണ്. ഈ സമരത്തിൻറെ ഏറ്റവും ശക്തമായ ഉദാഹരണമായി എടുത്തുകാട്ടാവുന്നത് ഇന്ത്യയിൽ നടന്ന പണിമുടക്കുകളാണ്. പുതുതായി നിലവിൽവന്ന ലേബർ കോഡുകൾക്കും കർഷക നിയമങ്ങൾക്കുമെതിരായി അടുപ്പിച്ചടുപ്പിച്ച് നിരവധി പണിമുടക്കുകൾ ഇന്ത്യയിൽ നടന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് 2026 ഫെബ്രുവരി 12ന് 30 കോടി തൊഴിലാളികൾ പങ്കെടുത്തുകൊണ്ട് നടന്ന പൊതുപണിമുടക്കാണ്; മറ്റൊരുദാഹരണം ബംഗ്ലാദേശിലെ വസ്ത്രനിർമ്മാണ തൊഴിലാളികൾ നടത്തിയ വമ്പിച്ച പണിമുടക്കുകളാണ്; ഉയർന്ന കൂലിക്കും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കുംവേണ്ടി 2018 ഡിസംബർ മുതൽ ബംഗ്ലാദേശിലെ വസ്ത്രനിർമ്മാണ തൊഴിലാളികൾ വമ്പിച്ച പണിമുടക്കുകൾ നടത്തിവരികയാണ്; ഈ പണിമുടക്കുകളിൽ പങ്കെടുക്കുന്ന തൊഴിലാളികളിൽ അധികവും സ്ത്രീകളുമാണ്.
♦ കാർഷിക പരിഷ്കാരങ്ങൾക്കുവേണ്ടിയുള്ള കർഷക സമരങ്ങൾ: കാർഷിക ഉൽപ്പന്നങ്ങൾക്കുള്ള വില വർധിച്ചപ്പോൾ, അഗ്രി ബിസിനസുകാർ ഭൂമി കയ്യേറ്റത്തിലൂടെ ഭൂമി പിടിച്ചെടുക്കുന്നത് വർധിപ്പിക്കുകയും ഗവൺമെന്റിന്റെ സംഭരണ സംവിധാനങ്ങളെയും ഗവൺമെന്റ് നിയന്ത്രിത കമ്പോളങ്ങളെയും തകർക്കുകയും ചെയ്യാനുള്ള നീക്കത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. 2016 മുതൽ ബ്രസീലിലെ ഭൂരഹിത തൊഴിലാളി പ്രസ്ഥാനം (Landless Workers Movement‐ – MST) നടത്തിവരുന്ന ഭൂമി പിടിച്ചെടുക്കലുകൾ കാർഷികപരിഷ്‌കരണത്തിന്റെയും മുതലാളിത്തവിരുദ്ധ ആശയതലങ്ങളുടെയും വിഷയത്തെ വീണ്ടും മുഖ്യധാരയിലേക്ക് കൊണ്ടുവന്നു. പെറുവിൽ, 2021നും 2023 നുമിടയിൽ, വെള്ളവും കൃഷി ഭൂമിയും മലിനമാക്കുന്ന ചെമ്പുഖനന പ്രോജക്ടുകൾക്കെതിരായി Apurimac ലെയും Cusco യിലെയും കർഷകരും തദ്ദേശീയ ജനവിഭാഗങ്ങളും ചേർന്ന് റോഡ് ഉപരോധിച്ചു; ഇത് ജൈവഹത്യയ്ക്കെതിരായ പോരാട്ടത്തെ കർഷകസമരങ്ങളുമായും അന്തസ്സിനുവേണ്ടിയുള്ള തദ്ദേശീയ ജനതയുടെ പോരാട്ടങ്ങളുമായും ബന്ധിപ്പിച്ചു.
♦ ചെലവുചുരുക്കലിനും ജീവിതചെലവ് വർദ്ധിക്കുന്നതിനുമെതിരായ മുന്നേറ്റങ്ങൾ: ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിലവർധനവും സബ്സിഡി വെട്ടികുറച്ചതും ഐഎംഎഫ് ചുമത്തിയ ചെലവുചുരുക്കൽ അജൻഡ ചിലിയിൽ (2019) തുടങ്ങി പെറുവിലേക്കും (2020) ടുണീഷ്യയിലേക്കും (2021‐-22) കെനിയയിലേക്കും (2022), അങ്ങനെ ആഗോള വികസ്വര അവികസിത രാഷ്ട്രങ്ങളിലൂടനീളം വമ്പിച്ച പ്രതിഷേധ സമരങ്ങൾ ഉയർന്നുവരുന്നതിനിടയാക്കി. പരസ്പരസഹായത്തിന്റേതായ സാമൂഹിക അതിജീവന ഘടനകളുടെ സൃഷ്ടിയും അതിൽ ഉൾച്ചേർന്നിരുന്നു.
♦ അനൗപചാരിക മേഖലയിലും അപകടകരമായ തൊഴിൽ രംഗത്തും പണിയെടുക്കുന്ന തൊഴിലാളികളുടെ പ്രക്ഷോഭം: കഴിഞ്ഞ ദശകത്തിൽ, നിയമത്തിന്റെ സംരക്ഷണം ഇല്ലാതിരുന്നിട്ടുകൂടി തങ്ങളുടെ ജീവിതമാർഗങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി അനൗപചാരിക തൊഴിൽ മേഖലയിലും അപകടകരമായ തൊഴിൽ മേഖലയിലും പണിയെടുക്കുന്ന തൊഴിലാളികൾ സംഘടിതരായി മുന്നോട്ടുവരികയുണ്ടായി. ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ (2020‐-2023) റൈഡ് ഹെയിലിംഗ്‐ -ഡെലിവറി ഡ്രൈവർമാർ, അൽഗോരിതത്തിനനുസൃതമായി കൂലി വെട്ടിക്കുറയ്ക്കുന്നതിനെതിരെ പ്രതിഷേധിക്കുകയും തങ്ങളെ തൊഴിലാളികളായി അംഗീകരിക്കണമെന്ന് ഡിമാൻഡ് ചെയ്യുകയും ചെയ്തു. അതേപോലെതന്നെ, തൊഴിലില്ലായ്മയ്‌ക്കും അസമത്വത്തിനുമെതിരായി യുവജനങ്ങളുടെ മുന്നേറ്റങ്ങളുമുണ്ടായി; നൈജീരിയയിലെ End SARS Movement, പൊലീസിന്റെ ക്രൂരതയ്ക്കും അഴിമതിക്കും സാമ്പത്തികമായ പുറന്തള്ളലിനുമെതിരായി യുവജനങ്ങൾ നയിച്ച രാജ്യവ്യാപക പ്രക്ഷോഭമായിരുന്നു; യുവജനങ്ങളുടെ ഡിമാന്റുകളെ സാമൂഹ്യനീതിക്ക് വേണ്ടിയുള്ള വിശാലമായ സമരങ്ങളുമായി ബന്ധിപ്പിക്കുന്ന ഒന്നായിരുന്നു ഇത്.
മൊത്തത്തിൽ നോക്കുമ്പോൾ, ഈ പോരാട്ടങ്ങൾ വെളിപ്പെടുത്തുന്നത് ആഗോള വികസ്വര അവികസിതരാഷ്ട്രങ്ങളുടെ ചലനാത്മകമായ അന്തരീക്ഷത്തെയാണ്: ശുദ്ധീകരിക്കപ്പെട്ടതു. അതേസമയം പരസ്പരബന്ധിതമായതും, ആത്മരക്ഷാപരവും അതേസമയം പുതുക്കിപണിയലിന്റേതുമായ ഒരു അന്തരീക്ഷം, അധ്വാനിക്കുന്ന ജനതയ്ക്ക് അന്തസ്സോടെ ജീവിക്കുവാനുള്ള അവകാശത്തെ വ്യവസ്ഥാപിതമായി നിഷേധിക്കുന്ന ഒരു വ്യവസ്ഥിതിയിൽ എങ്ങനെ അത്തരത്തിൽ അന്തസ്സോടെ അധ്വാനിക്കുന്ന ജനതയ്ക്ക് ജീവിക്കാനാവുമെന്ന മൗലികമായ ചോദ്യത്തിൽ കൂടുതൽ കൂടുതൽ കേന്ദ്രീകരിക്കുന്ന വികസിത അവികസിത രാഷ്ട്രങ്ങളെ ഈ സമരങ്ങൾ വെളിപ്പെടുത്തുന്നു.
ശാശ്വതമായ ജനകീയ ചേരികൾ
ലോകത്തുടനീളമുള്ള വികസ്വര അവികസിത രാജ്യങ്ങളിലെ ഇടതുപക്ഷത്തിന്റെ ഭാവി, സൈദ്ധാന്തികമായ പരിശുദ്ധിയേക്കാൾ കൂടുതൽ ഭൗതിക യാഥാർത്ഥ്യങ്ങളിൽ വേരൂന്നിയിട്ടുള്ള ശാശ്വതമായ ജനകീയ ചേരികൾ കെട്ടിപ്പടുക്കുവാനുള്ള അതിന്റെ ശേഷിയെ ആശ്രയിച്ചിരിക്കും. അനൗപചാരിക തൊഴിലാളികൾ, കടക്കെണിയിലകപ്പെട്ട കർഷകർ, നഗരങ്ങളിൽ അപകടകരമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന ചെറുപ്പക്കാർ, അതിഥിതൊഴിലാളികൾ, കാലാവസ്ഥ വ്യതിയാനംമൂലം അഭയാർത്ഥികളാകേണ്ടി വരുന്നവർ എന്നിവരെല്ലാം ഇന്ന് കേന്ദ്ര രാഷ്ട്രീയ വിഷയങ്ങളിൽ ഉൾപ്പെടുന്നുണ്ട്. ഈ പരിവർത്തനങ്ങളെ ഒന്നുംതന്നെ ഉൾക്കൊള്ളാതെ ഇരുപതാം നൂറ്റാണ്ടിലെ വ്യാവസായിക തൊഴിലാളിയുടെ ഭാഷയിൽമാത്രം സംസാരിക്കുന്ന ഏതൊരു ഇടതുപക്ഷവും അന്യവൽക്കരിക്കപ്പെടും. എന്നാൽ, ധാർമിക ഭാഷ പടച്ചുവിടുന്നതിനുവേണ്ടി ഇടതുപക്ഷത്തിന് ഒരിക്കലും വർഗ്ഗ വിശകലനത്തെ ഉപേക്ഷിക്കാനാവുകയില്ല. മുതലാളിത്തം ചൂഷണത്തിലൂടെയും ശ്രേണിബദ്ധ സംവിധാനത്തിലൂടെയും ലോകത്തെ സംഘടിപ്പിക്കുന്നത് തുടരുകയാണ്. സമ്പത്തിന്റെ കേന്ദ്രീകരണം അങ്ങേയറ്റം വഷളായ നിലയിലേക്കത്തിയിരിക്കുന്നു; അതേസമയം കോടാനു കോടിക്കണക്കിന് ജനങ്ങൾ അതിജീവനത്തിനുവേണ്ടി പൊരുതുകയുമാണ്. മഹത്തായ കൊളോണിയൽവിരുദ്ധ സമരകാലത്തുണ്ടായ അതേ പ്രശ്നം ഇപ്പോഴും ശേഷിക്കുന്നു: ആരാണ് ഭാവിയുടെ ഉടമസ്ഥർ?
ആഗോള വികസ്വര അവികസിത രാജ്യങ്ങളിലെ ഇടതുപക്ഷം, ചൂഷണത്തിനും അവഹേളനത്തിനും സാമ്രാജ്യത്വാധിപത്യത്തിനുമെതിരായി ജനങ്ങൾ ഒരുമയോടെ ശക്തമായി സംഘടിക്കുന്നത് എത്രത്തോളം തുടരുന്നുവോ അത്രത്തോളം നിലനിൽക്കും. പണിമുടക്കുകളിൽ, കർഷകരുടെ മാർച്ചുകളിൽ, സാക്ഷരതാ ക്യാമ്പയിനുകളിൽ, ഫെമിനിസ്റ്റ് സഭകളിൽ, വംശീയവിരുദ്ധ പ്രക്ഷോഭങ്ങളിൽ, ജനാധിപത്യ ആസൂത്രണത്തിന്റെ അനുഭവങ്ങളിൽ… എല്ലാം അത് അതിജീവിക്കും. കേവലം പൂർവ്വകാല സ്മരണയായിട്ടല്ല മറിച്ച് ഭാവിയിലേക്കുള്ള സാധ്യതയായാണ് അത് അതിജീവിക്കുക. l



