ലെനിൻ: സെെദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ – 5

ജി വിജയകുമാർ

നരോദ്നിക്കുകൾക്കും ‘നിയമവിധേയ’
മാർക്സിസ്റ്റുകൾക്കുമെതിരെ

‘‘മാനവചരിത്രത്തിൽ അനുഗ്രഹീതരായ രാഷ്ട്രതന്ത്രഞ്ജരുടെയും ചിന്തകരുടെയും രാഷ്ട്രീയ നേതാക്കളുടെയും നയതന്ത്രജ്ഞരുടെയും മഹത്തായ നിരവധി ഉദാഹരണങ്ങൾ നമുക്ക് ചൂണ്ടിക്കാണിക്കാനാകും. എന്നാൽ ഇതേവരെയുള്ളവരെല്ലാംതന്നെ ഫ്യൂഡൽ– മുതലാളിത്ത വർഗങ്ങളുടെ പ്രതിനിധികളാണ്. തൊഴിലാളിവർഗത്തിന് തങ്ങളൊരു വർഗമാണെന്ന നിലയിൽ അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ ‘19–ാം നൂറ്റാണ്ടിൽ’ മാത്രമാണ് ആ വർഗത്തിന്റെ താൽപ്പര്യങ്ങളുടെ പ്രതിഫലനം മാർക്സ് എന്ന പ്രതിഭാശാലിയിൽ നാം കണ്ടത്. മാർക്സിന്റെ നേരിട്ടുള്ള പിന്തുടർച്ചാവകാശിയാണ് ലെനിൻ’’.
എ ലൊസോവ്സ്ക്കി
LENIN: The Great Strategist of the Class War

1888 അവസാനമായപ്പോൾ ലെനിൻ വ്യക്തമായ മാർക്സിസ്റ്റ് കാഴ്ചപ്പാടിൽ എത്തിക്കഴിഞ്ഞിരുന്നു. ചെർണിഷേവ്സ്ക്കിയുടെ എന്തുചെയ്യണം എന്ന നോവൽ ആവർത്തിച്ച് വായിക്കവെതന്നെ അദ്ദേഹം മാർക്സിന്റെ മൂലധനവും വായിക്കുന്നുണ്ടായിരുന്നു. വായിക്കുകയായിരുന്നുവെന്ന് പറയുന്നതിലുപരി മൂലധനം പഠിക്കുകയായിരുന്നു എന്നു പറയുന്നതാവും ശരി; അതിന്റെ സത്ത, അത് മുന്നോട്ടുവച്ച ആശയം ഉൾക്കൊള്ളുകയായിരുന്നു അദ്ദേഹം. 1889ൽ കമ്യൂണിസ്റ്റ്- മാനിഫെസ്റ്റോ റഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി പ്രചരിപ്പിച്ച ലെനിൻ തുടർന്ന് എംഗത്സിന്റെ ഇംഗ്ലണ്ടിലെ തൊഴിലാളിവർഗത്തിന്റെ അവസ്ഥ എന്ന കൃതിയും വായിച്ചു; മാത്രമല്ല, തന്റെ പ്രിയപ്പെട്ട സഹോദരി വോൾഗയോടൊപ്പം ഫ്രഞ്ച് ഭാഷയിൽ ഇന്റർനാഷണൽ ഗാനം ആലപിക്കുകയും ചെയ്തു. ഉല്യാനോവ് കുടുംബാംഗങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെ കരുത്തുമാത്രമല്ല, പുരോഗമന രാഷ്ട്രീയത്തിനൊപ്പമായിരുന്നു ആ സഹോദരങ്ങളെല്ലാമെന്നും പ്രകടമാക്കുന്നതാണിത്.

ലിബറൽ ചിന്താഗതിയെയും അത് ഉയർത്തിപ്പിടിച്ച് പുരോഗമനവാദികളെന്ന് മേനി നടിക്കുന്നവരെയും ലെനിൻ കഠിനമായി വെറുത്തിരുന്നു. സെെദ്ധാന്തികമായ നിലപാടിനൊപ്പം സ്വന്തം ജീവിതാനുഭവവും അതിനദ്ദേഹത്തെ പ്രേരിപ്പിച്ചിരുന്നതായാണ് ക്രൂപ്സ്കായ പറയുന്നത്. ലെനിന്റെ ജേ-്യഷ്ഠ സഹോദരൻ അലക്‌സാണ്ടർ ജയിലിലായപ്പോൾ ജയിലിൽ പോയി തന്റെ മകനെ കാണുന്നതിന് സൗകര്യമൊരുക്കാൻ അമ്മ മരിയ അലക്സാണ്ട്രോവ്ന പുരോഗമനപക്ഷക്കാരെന്ന നിലയിൽ അറിയപ്പെടുന്ന പലരെയും സമീപിച്ചെങ്കിലും അവരെല്ലാം ‘ഒരു ഭീകരവാദിയുടെ അമ്മ’യെ സഹായിക്കാൻ വിസമ്മതിക്കുകയാണുണ്ടായത്. ഇതിലൂടെ പ്രകടമായത് ലിബറലുകളുടെ ഭീരുത്വമാണെന്ന് ലെനിൻ പിൽക്കാലത്ത് പറഞ്ഞതായി ക്രൂപ്സ്കായ രേഖപ്പെടുത്തുന്നുണ്ട്.

പ്രത്യയശാസ്ത്രപരമായ വ്യക്തതയ്ക്കൊപ്പംതന്നെ ചെറുപ്പത്തിലുണ്ടായ ഇത്തരം ജീവിതാനുഭവങ്ങളും ലിബറലുകൾക്കെതിരായ ഉറച്ച നിലപാടിൽ ലെനിനെ എത്തിച്ചു. പടിഞ്ഞാറൻ യൂറോപ്പിലേതിൽനിന്നു വ്യത്യസ്തമായ സാഹചര്യങ്ങൾ നിലനിൽക്കുന്ന റഷ്യയിൽ വിപ്ലവം നടത്തുന്നതിന് മാർക്സിസം എങ്ങനെ പ്രയോഗിക്കാമെന്നതായിരുന്നു ലെനിനുമുന്നിലുള്ള വിഷയം. മാർക്സിന്റെയും എംഗത്സിന്റെയും കൃതികൾ ആഴത്തിൽ പഠിക്കുന്നതിനൊപ്പം റഷ്യയിൽ നിലനിൽക്കുന്ന സാമൂഹ്യ–സാമ്പത്തിക സാഹചര്യങ്ങൾകൂടി പഠിക്കേണ്ടത് അനിവാര്യമായിവന്നു. റഷ്യയിലെ കാർഷികമേഖലയിലെ സ്ഥിതിഗതികളെക്കുറിച്ച് സൂക്ഷ്മമായ പഠനം ഇതിനായി അദ്ദേഹം നടത്തി. ഔദ്യോഗികവും അനൗദ്യോഗികവുമായി ലഭ്യമായ സ്ഥിതിവിവരക്കണക്കുകൾ മുഴുവൻ ശേഖരിച്ച് ലെനിൻ സൂക്ഷ്മപഠനത്തിനു വിധേയമാക്കി; അതിനൊപ്പം സമാറയിലെ ജീവിതകാലത്ത് ഗ്രാമീണജീവിതത്തെക്കുറിച്ച്, കാർഷികമേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് നടത്തിയ അനുഭവപഠനങ്ങളും നിരീക്ഷണങ്ങളും ലെനിനെ റഷ്യൻ സമൂഹത്തെ സംബന്ധിച്ച് മാർക്സിസ്റ്റ് രീതിശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിശകലനം നടത്താൻ പ്രാപ്തനാക്കി.

വോസ്‌ക്രസൻസകായ ചത്വരത്തിൽ (റെവലൂഷൻ സ്‌ക്വയർ) മാർക്സിൻ്റെയും എംഗൽസിൻ്റെയും സ്മാരകം അനാച്ഛാദനം ചെയ്തുകൊണ്ട് ലെനിൻ പ്രസംഗിക്കുന്നു.
(1918 നവംബർ 7, മോസ്കോ)

ലെനിന്റെ സഹോദരൻ അലക്സാണ്ടറും സഖാക്കളും സോഷ്യലിസത്തിനായുള്ള ആശയപ്രചരണത്തിന്റെ വഴിയിൽ തടസ്സമായി നിൽക്കുന്ന സാറിസ്റ്റ് വാഴ്ചയെ തകർക്കുന്നതിനുള്ള മാർഗമായിട്ടായിരുന്നു സാർ അലക്സാണ്ടർ മൂന്നാമനെ വധിക്കുകയെന്ന തീരുമാനത്തിൽ എത്തിയത്. കൊല്ലപ്പെടുമെന്ന ഭയത്തിൽ, സാർ ചക്രവർത്തി കൂടുതൽ ഇളവുകൾ നൽകുമെന്നും ആ അവസരം മുതലെടുത്ത് സോഷ്യലിസ്റ്റ് ആശയപ്രചാരണവും തൊഴിലാളികളെ സംഘടിപ്പിക്കലും സാധ്യമാക്കാമെന്നുമാണ് അവർ കരുതിയത്. എന്നാൽ സംഭവിച്ചത് അതായിരുന്നില്ല. കൂടുതൽ കടുത്ത അടിച്ചമർത്തലുകളാണ് 1887ൽ അലക്സാണ്ടർ ഉല്യാനോവും കൂട്ടരും നടത്തിയ പരാജയപ്പെട്ട വധശ്രമത്തെ തുടർന്നുണ്ടായത്. അതിനും വളരെമുൻപ് 1860ൽ, സാർ അലക്സാണ്ടർ രണ്ടാമനെ നരോദ്നിക് വിപ്ലവകാരികൾ വധിച്ചതിനെതുടർന്നുണ്ടായ അടിച്ചമർത്തൽ നടപടികൾ 1887നുശേഷം കൂടുതൽ രൂക്ഷമാവുകയാണുണ്ടായത്. അതായത്, അലക്സാണ്ടർ ഉല്യാനോവിന്റെയും സഖാക്കളുടെയും രക്തസാക്ഷിത്വംകൊണ്ട് അവർ ഉദ്ദേശിച്ച ഫലമുണ്ടായില്ലയെന്നർഥം. അതാണ് ലെനിൻ മറ്റൊരുവഴി തേടിയത്. അലക്സാണ്ടർ ഉല്യാനോവും കൂട്ടരും മാർക്സിലേക്ക് എത്തിയിരുന്നെങ്കിലും തൊഴിലാളികളെ സംഘടിപ്പിക്കാനോ ആശയപ്രചാരണത്തിനോ സ്വാതന്ത്ര്യമില്ലാത്ത സാറിസ്റ്റ് വാഴ്ചയെ എങ്ങനെ മറികടക്കാമെന്ന പ്രശ്നത്തിന് ശരിയായ പരിഹാരം, മാർക്സിസ്റ്റ് പരിഹാരം കാണാൻ അവർക്കായിരുന്നില്ല. അത്തരമൊരു പരിഹാരം കണ്ടെത്തലായിരുന്നു ലെനിന്റെ പ്രഥമവും പ്രധാനവുുമായ ലക്ഷ്യം.

മാർക്സിസ്റ്റ് രീതിശാസ്ത്രപ്രകാരം റഷ്യൻ സമൂഹത്തെ വിശകലനം ചെയ്ത ലെനിന് അവിടെ കരുത്തുറ്റ ഒരു ശക്തിയെ കണ്ടെത്താനായി. റഷ്യയിൽ നടന്നുകൊണ്ടിരുന്ന മുതലാളിത്ത പരിവർത്തനമായിരുന്നു അത്. ദീർഘകാലാടിസ്ഥാനത്തിൽ, മുതലാളിത്ത പരിവർത്തനം സോഷ്യലിസ്റ്റ് വിപ്ലവം വിജയകരമാക്കാനുള്ള അടിത്തറയൊരുക്കുമെന്നുറപ്പാണ്. പക്ഷേ ലെനിന്റെ അടിയന്തരലക്ഷ്യം സോഷ്യലിസ്റ്റ് വിപ്ലവമായിരുന്നില്ല. അതിനുമുൻപായി നടക്കേണ്ട സാറിസ്റ്റ് വാഴ്ചയ്ക്കറുതിവരുത്താനുള്ള വിപ്ലവം, അതായത് റഷ്യയിൽ ജനാധിപത്യം സ്ഥാപിക്കാനുള്ള വിപ്ലവമായിരുന്നു. അതിന് രാഷ്ട്രീയ സ്വാതന്ത്ര്യംനേടിയെടുക്കാൻ വേണ്ടിയുള്ള ജനപിന്തുണയാർജിക്കാനായിരുന്നു ലെനിൻ പ്രധാനമായും ശ്രമിച്ചത്.

ചേർനിഷേവ്സ്കി

ഗ്രാമീണമേഖലയിലെ ഭൂഉടമസ്ഥതയെയും തൊഴിലവസരങ്ങളെയും സംബന്ധിച്ച ഏറെ വിരസമായ സ്ഥിതിവിവരക്കണക്കുകൾ അദ്ദേഹം ചികഞ്ഞ് പരിശോധിച്ചത് സാറിസ്റ്റ് സേ-്വച്ഛാധിപത്യവാഴ്ചയിൽനിന്ന് രാഷ്ട്രീയ സ്വാതന്ത്ര്യം പിടിച്ചെടുക്കാൻശേഷിയുള്ള, അതിനു സന്നദ്ധതയുള്ള പുതിയ പോരാളികളെ കണ്ടെത്തുന്നതിനായിരുന്നു, അത്തരത്തിലുള്ള പോരാളികളെ സൃഷ്ടിക്കുന്നതിനായിരുന്നു. റഷ്യൻ ജനതയിൽ നിന്നാകെ പ്രത്യേകിച്ച്, നാട്ടിൻപുറത്തെ പട്ടിണിപ്പാവങ്ങളിൽനിന്നും മുതലാളിത്ത പരിവർത്തനംമൂലം സൃഷ്ടിക്കപ്പെടുന്ന പുതിയ വർഗങ്ങളിൽനിന്നുമാണ്‌ ഈ പുതിയ പോരാളികളെ കണ്ടെത്തേണ്ടത്. വ്യത്യസ്ത നിലവാരത്തിലും സ്വഭാവത്തിലുമുള്ളവരാണ് ഈ പുതിയ വർഗങ്ങൾ. ഇതിൽ ഓരോന്നിനും ലെനിന്റെ വിപ്ലവപദ്ധതിയിൽ പ്രത്യേകമായ പങ്കുകൾ വഹിക്കാനുമുണ്ട്.

ഇതിൽ ആദ്യമായി പരിഗണിക്കപ്പെടേണ്ടതായി ലെനിൻ കണ്ടത് നഗരങ്ങളിലെ ഫാക്ടറി തൊഴിലാളികളെയാണ്. ലെനിൻ മുന്നോട്ടുവച്ച പദ്ധതിപ്രകാരം റഷ്യയിലാകെയുള്ള അധ്വാനിക്കുന്നവരും ചൂഷണം ചെയ്യപ്പെടുന്നവരുമായ ജനതയുടെ ഒരേയൊരു പ്രതിനിധിയായാണ്, സ്വാഭാവികമായ പ്രതിനിധിയായാണ് ഫാക്ടറി തൊഴിലാളികളെ കണ്ടത്; അക്കാരണത്താൽ തന്നെ ഈ വിഭാഗത്തിന് തൊഴിലാളികളുടെയാകെ മോചനമെന്ന ബാനർ ഉയർത്തിപൊരുതാനുള്ള ശേഷിയുമുണ്ട്.

ലെനിൻ നടത്തിയ പഠനങ്ങളിലൂടെ അദ്ദേഹത്തിന് ബോധ്യമായത്, റഷ്യയിലെ നഗരങ്ങളിലായാലും ഗ്രാമങ്ങളിലായാലും എല്ലായിടത്തും അധ്വാനിക്കുന്ന ജനത നേരിടുന്ന ചൂഷണം മുതലാളിത്ത സ്വഭാവത്തിലുള്ളതാണെന്നാണ്. ഫാക്ടറി തൊഴിലാളികളും മറ്റു തൊഴിലാളികളും നേരിടുന്ന ചൂഷണവും അടിച്ചമർത്തലും ഒരേ സ്വഭാവത്തിലുള്ളതായതുകൊണ്ടുതന്നെ ഫാക്ടറി തൊഴിലാളികൾ ജനസാമാന്യത്തിന്റെയാകെ, അതായത് നാട്ടിൻപുറങ്ങളിലെയും നഗരങ്ങളിലെയും അധ്വാനിക്കുന്നവരുടെയാകെ, സ്വാഭാവികമായ നേതാക്കളാകും എന്ന സങ്കൽപ്പനമാണ് ലെനിൻ മുന്നോട്ടുവച്ചത്.

എ. ലൊസോവ്സ്കി

എന്തുകൊണ്ട് നഗരങ്ങളിലുള്ള ഫാക്ടറി തൊഴിലാളികൾക്ക് നാട്ടിൻപുറങ്ങളിലെയടക്കം മൊത്തം അധ്വാനിക്കുന്ന ജനതയുടെ (റഷ്യൻ ഭാഷയിൽ നരോദ്–narod– mass of people എന്ന വാക്കാണ് ലെനിൻ പ്രയോഗിക്കുന്നത് ) നേതാവാകാൻ കഴിയുന്നു? പട്ടണങ്ങളിൽ കേന്ദ്രീകരിച്ച് ജീവിക്കുകയും വൻകിട ഫാക്ടറികളിൽ ഒരുമിച്ച് പണിയെടുക്കുകയും ചെയ്യുന്നതുകൊണ്ട് ഫാക്ടറി തൊഴിലാളികൾക്ക് മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച്, അനായാസം സംഘടിക്കാൻ കഴിയുന്നു; അവർക്ക് സവിശേഷമായ നേതൃത്വശേഷിയും ഉണ്ടാകുന്നു. ഇതിനെക്കാളെല്ലാമുപരി ഫാക്ടറി തൊഴിലാളികൾ അക്ഷരാഭ്യാസം ഉള്ളവരാണെന്നതിനാൽതന്നെ മാർക്സിസ്റ്റ് ആശയങ്ങൾ വായിച്ച് മനസ്സിലാക്കാനും മുതലാളിത്ത ചൂഷണത്തിന്റെ കാരണങ്ങളെക്കുറിച്ചും അതിൽ നിന്നുള്ള മോചനം – അതിനുള്ള പരിഹാരം–എങ്ങനെയെന്നതിനെക്കുറിച്ചും വ്യക്തമായ ധാരണയിലെത്തിച്ചേരാനും കഴിയുന്നു.

ലെനിൻ 1894ൽ What the Friends of the People Are and How They Fight the Social -Democrates (എന്താണീ ജനങ്ങളുടെ മിത്രങ്ങൾ? അവരെങ്ങനെയാണ് സോഷ്യൽ ഡെമോക്രാറ്റുകളോട് പൊരുതുന്നത്?) എന്ന കൃതിയിൽ എഴുതിയതിങ്ങനെയാണ്: ‘‘നാട്ടിൻപുറങ്ങളിൽ ചൂഷണം ഇപ്പോഴും മധ്യകാലഘട്ടങ്ങളിൽ നിലനിന്നിരുന്ന അതേ രൂപത്തിൽ തന്നെയാണ്; നാനാരൂപങ്ങളിലുള്ള രാഷ്ട്രീയവും നിയമപരവും പരമ്പരാഗതവുമായ കുരുക്കുകളും ചതിപ്രയോഗങ്ങളും സൂത്രപ്പണികളുംമൂലം അധ്വാനിക്കുന്ന ജനതയെ അടിച്ചമർത്തുന്ന വ്യവസ്ഥയുടെ സത്തയെന്തെന്നും ഈ വ്യവസ്ഥയിൽനിന്നും പുറത്തുകടക്കാനുള്ള വഴി എവിടെയാണെന്നും എങ്ങനെ പുറത്തുകടക്കാമെന്നും കാണുന്നതിന്, മനസ്സിലാക്കുന്നതിന് അധ്വാനിക്കുന്ന ജനങ്ങൾക്കും അവരിലെ പ്രത്യയശാസ്ത്രപരമായി വിശകലനം ചെയ്യാൻ ശേഷിയുള്ളവർക്കും കഴിയുന്നില്ല’’ (Collected Works. Vol : 1, page 318). അതുകൊണ്ടാണ് പട്ടണങ്ങളിലെ തൊഴിലാളിവർഗം അധ്വാനിക്കുന്ന എല്ലാ ജനവിഭാഗങ്ങളുടെയും നേതാവായി മാറുന്നത് എന്ന് ലെനിൻ വ്യക്തമാക്കുന്നു.

റഷ്യയിൽ നടന്നുകൊണ്ടിരുന്ന മുതലാളിത്ത പരിവർത്തനം സൃഷ്ടിച്ച രണ്ടാമത്തെ വർഗം നഗരങ്ങളിലേക്ക് ചേക്കേറാതെ നാട്ടിൻപുറങ്ങളിൽ തന്നെ തുടർന്നും ജീവിച്ച ചൂഷിതരായ തൊഴിലാളികളാണ്. നഗരങ്ങളിൽ മാത്രമല്ല, ഗ്രാമങ്ങളിലും കൃഷിക്കളങ്ങളിലുമുൾപ്പെടെ റഷ്യയിലുടനീളം മുതലാളിത്ത ചൂഷണം ഒരേപോലെ വ്യാപിച്ചിരിക്കുന്നൂവെന്ന കണ്ടെത്തലിലാണ് തന്റെ പഠനങ്ങളിലൂടെ ലെനിൻ എത്തിച്ചേർന്നത്. പക്ഷേ, ഇങ്ങനെ ചൂഷണം നേരിടുന്ന ഗ്രാമീണ തൊഴിലാളികൾക്ക് അധ്വാനിക്കുന്ന വർഗത്തെയാകെ നയിക്കുകയെന്ന പങ്ക് നിർവഹിക്കാനുള്ള ശേഷിയില്ലെന്നും എന്നാൽ ഈ വിഭാഗത്തിന് നഗരങ്ങളിലെ ഫാക്ടറി തൊഴിലാളികൾക്കുപിന്നിൽ അണിനിരക്കാൻ കഴിയുമെന്നും ലെനിൻ വ്യക്തമായി തിരിച്ചറിഞ്ഞു. എന്തുകൊണ്ട്? മുതലാളിത്തം ഈ വിഭാഗത്തെയും ഗ്രാമീണമേഖലയിലെ അവരുടെ നിലനിൽപ്പിനെതന്നെയും പിടിച്ചുലയ്ക്കുകയും അവിടെനിന്ന്‌ ‘പുതിയൊരു ലോകം’ തേടിപ്പോകാൻ അവരെ നിർബന്ധിതരാക്കുകയും ചെയ്യുന്നുവെന്ന് ലെനിൻ വ്യക്തമാക്കുന്നു. അങ്ങനെ പരമ്പരാഗതമായ തൊഴിലുകളിൽ നിന്ന് പുറത്തുകടക്കുന്ന ഈ വിഭാഗം തൊഴിൽ തേടി റഷ്യയിലുടനീളം പോകുന്നു. ‘ഇന്ന് അവർ ഒരു പക്ഷേ ഒരു ഭൂപ്രഭുവിന് കീഴിലായിരിക്കും പണിയെടുക്കുക, അടുത്ത ദിവസം അതൊരു റെയിൽവെ കരാറുകാരനു കീഴിലായിരിക്കാം’ എന്നാണ് ലെനിൻ കണ്ടെത്തിയത്. അദ്ദേഹം തന്റെ ആദ്യത്തെ മുഖ്യകൃതിയിൽ (എന്താണീ ജനങ്ങളുടെ മിത്രങ്ങൾ) വ്യക്തമാക്കുന്നതിങ്ങനെയാണ്:

‘‘തൊഴിൽതേടി എവിടെയൊക്കെ പോയാലും അയാൾ ലജ്ജാകരമായവിധം ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുകയാണ്; അയാളെപോലെയുള്ള മറ്റു ദരിദ്രരും ഇങ്ങനെതന്നെ കൊള്ളയടിക്കപ്പെടുകയാണ്; ഗവൺമെന്റ് എപ്പോഴും ഉടമകളെ ആയിരിക്കും സഹായിക്കുക; ഒപ്പം തൊഴിലാളികളുടെ അവകാശങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യും; തങ്ങളുടെ ഏറ്റവും പ്രാഥമികമായ അവകാശങ്ങൾ സംരക്ഷിക്കാനുള്ള നീക്കങ്ങളെയെല്ലാം, കലാപശ്രമങ്ങളാണെന്ന് വിശേഷിപ്പിച്ച് അടിച്ചമർത്തുകയും ചെയ്യും.’’ (ലെനിൻ, Collected Works. Vol I പേജ് 321).

രാഷ്ട്രീയവിപ്ലവത്തിൽ ഗ്രാമീണമേഖലയിലെ പാവപ്പെട്ടവർക്കും ഒരു പങ്ക് നിർവഹിക്കാനുണ്ട് എന്ന കാഴ്ചപ്പാടായിരുന്നു ലെനിൻ പുതുതായി മുന്നോട്ടുവച്ചത്. മുതലാളിത്ത പരിവർത്തനം ഗ്രാമീണജനതയെ പരസ്പരം എതിരിടുന്ന രണ്ട് വ്യത്യസ്ത വർഗങ്ങളായി വേർതിരിച്ചു– ഒരു വശത്ത് ഗ്രാമീണതൊഴിലാളികളും മറുവശത്ത് കാർഷികരംഗത്തുനിന്നുയർന്നുവന്ന പുതിയ ബൂർഷ്വാസിയും. ആത്യന്തികമായി ഈ രണ്ടുവർഗങ്ങളും കടുത്ത എതിരാളികളായിരിക്കുമെന്നാണ് ലെനിൻ നിരീക്ഷിച്ചത്. ഗ്രാമങ്ങളിലെ ഈ രണ്ട് വിഭാഗത്തെയും – ഗ്രാമീണമേഖലയിലെ തൊഴിലാളികളെയും ഗ്രാമീണ ബൂർഷ്വാസിയെ (ധനിക കർഷകർ)യും – വേർതിരിച്ച് കണ്ടാണ് സോഷ്യൽ ഡെമോക്രാറ്റുകൾ സമീപിക്കേണ്ടത്. ഗ്രാമീണതൊഴിലാളികളെയാണ് സോഷ്യൽ ഡെമോക്രാറ്റുകൾ മുഖ്യമായും സംഘടിപ്പിക്കേണ്ടത്. പട്ടണങ്ങളിലെ ഫാക്ടറി ഉടമകൾക്ക് സാറിസത്തിനോട് എതിർപ്പുണ്ടെങ്കിലും അവർ സാറിസ്റ്റ് വാഴ്ചയിലെ അധികൃതരുമായി പൊരുത്തപ്പെട്ടുപോകാനാണ് പൊതുവെ ശ്രമിക്കാറുള്ളത്. എന്നാൽ ഇതിൽനിന്നു വ്യത്യസ്തമായി, ഗ്രാമീണമേഖലയിൽ ഉയർന്നുവരുന്ന ഈ പുതിയ ബൂർഷ്വാസിയാകട്ടെ, അതായത് ധനികകർഷകരാകട്ടെ, അടിയാളസമ്പ്രദായത്തിന്റെ അവശിഷ്ടങ്ങൾ നിലനിർത്തുന്ന സേ-്വച്ഛാധിപത്യവാഴ്ചയ്ക്കെതിരെ, അതിനെ തകർക്കാൻ വേണ്ടിയുള്ള പോരാട്ടത്തിൽ സഹകരിക്കാൻ തയ്യാറാകും– പ്രത്യേകിച്ചും സ്വന്തമായി ഭൂസ്വത്തുള്ള ധനികരുടെ സാമൂഹികവും സാമ്പത്തികവുമായ പദവി ഉറപ്പാക്കുന്നതുവരെ.

അങ്ങനെ, ഗ്രാമീണമേഖലയിലെ മുതലാളിത്ത പരിവർത്തനം രാഷ്ട്രീയപോരാട്ടത്തിൽ അണിനിരക്കാൻ പുതിയ പോരാളികളെ സൃഷ്ടിക്കുന്നു. ഇതിൽ സോഷ്യൽ ഡെമോക്രാറ്റുകൾ പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും തൊഴിലാളികളിലാണ്. അതേസമയം ജനാധിപത്യം സ്ഥാപിക്കാനുള്ള രാഷ്ട്രീയ വിപ്ലവം താൽക്കാലികമായി ബൂർഷ്വാ വാഴ്ചയെ ശക്തിപ്പെടുത്തുമെന്നും സോഷ്യൽ ഡെമോക്രാറ്റുകൾ കാണണം.

ചൂഷിതരായ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം അവർക്ക് കൃത്യമായ ഒരു ലക്ഷ്യമുണ്ട്. അത് രാഷ്ട്രീയ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനപ്പുറം ചൂഷണാധിഷ്ഠിതമായ മുതലാളിത്തത്തെ അവസാനിപ്പിക്കുന്നതിനുള്ള സോഷ്യലിസ്റ്റ് വിപ്ലവം വിജയിപ്പിക്കുകയെന്നതാണ്. രാഷ്ട്രീയ സ്വാതന്ത്ര്യം ഉറപ്പാകുന്നതോടെ മുതലാളിത്ത ചൂഷണത്തെ മയപ്പെടുത്താൻ കഴിയുന്ന സ്ഥിതിയുണ്ടാകും; തൊഴിലാളികൾക്ക് സംഘടിക്കാനും അവകാശസമരങ്ങൾ നടത്താനുമുള്ള അവസരം സൃഷ്ടിക്കപ്പെടും. എന്നാൽ മുതലാളിത്തത്തോടൊപ്പംതന്നെ മുതലാളിത്ത ചൂഷണത്തേക്കാൾ കൂടുതൽ അപകടകരമായ മുതലാളിത്തപൂർവ ചൂഷണ സമ്പ്രദായവും റഷ്യയിൽ നിലനിൽക്കുന്നുണ്ട്– അതിന്റെ മുന്നിൽനിൽക്കുന്നതാണ് സാറിസ്റ്റ് വാഴ്ച. അങ്ങനെ ഇരുവിഭാഗത്തെയും –സാറിസത്തിനുപിന്നിൽ അണിനിരക്കുന്ന മുതലാളിത്ത പൂർവ ശക്തികളെയും അതിനെ എതിർക്കാൻ തയ്യാറുള്ള ‘പുരോഗമന’ സ്വഭാവമുള്ള ബൂർഷ്വാസിയെയും–വേർതിരിച്ചുകാണണമെന്ന സങ്കൽപ്പനമാണ് ലെനിൻ മുന്നോട്ടുവച്ചത്. റഷ്യയിൽ മാർക്സിസത്തിന്റെ പ്രയോഗം എങ്ങനെ സാധ്യമാക്കാം എന്ന വിഷയത്തിൽ 1890കളുടെ തുടക്കത്തിൽ കേന്ദ്രീകരിച്ചിരുന്ന ലെനിനെ സംബന്ധിച്ചിടത്തോളം മുഖ്യമായും നേരിടേണ്ടതായി വന്നത് പഴയ തലമുറയിലെ നരോദ്-നിക്ക് സെെദ്ധാന്തികരെയായിരുന്നു. അതിന്റെ മുഖ്യവക്താക്കളിലൊരാളായിരുന്നു നിക്കോളായ് മിഖായ്ലോവ്സ്ക്കി (Nikolai Mikhailosky). ഈ വിഭാഗത്തിന്റെ അഭിപ്രായത്തിൽ മാർക്സിസ്റ്റ് വിപ്ലവതന്ത്രം ഏതോ വിദൂരകാലത്ത് മാത്രം പ്രയോഗിക്കാനാവുന്ന ഒന്നാണ്. മാത്രമല്ല, മിഖായ്ലോവ്സ്-ക്കി തന്നെ മുന്നോട്ടുവയ്ക്കുന്ന ആശയം മാർക്സിസ്റ്റുകളുടെ പ്രവർത്തനം ‘ഗ്രാമങ്ങളെ കൂടുതൽ നശിപ്പിക്കുകയേയുള്ളൂ’വെന്നാണ്; മാർക്സിസ്റ്റുകൾ മുതലാളിത്തത്തെ വാഴ്ത്തുകയാണെന്നും ദുരിതത്തിലകപ്പെട്ടിരിക്കുന്ന കർഷകർ നഗരങ്ങളിലേക്ക് ചേക്കേറാനാണ് മാർക്സിസ്റ്റുകൾ താൽപ്പര്യപ്പെടുന്നതെന്നുമാണ്. ‘മുതലാളിത്തത്തെ സ്വർഗരാജ്യമാക്കി അവതരിപ്പിക്കുകയാണ് മാർക്സിസ്റ്റുകൾ’ എന്ന ആഖ്യാനമാണ് മിഖായ്ലോവ്സ്-ക്കിയും അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ എസ് എൻ ക്രിവെങ്കോയും (S N Krivenko) നടത്തിയത്. ഗ്രാമീണ സൗഭാഗ്യത്തെ വാഴ്ത്തിയിരുന്ന ഇക്കൂട്ടരെയും നേരിട്ടുകൊണ്ടാണ് റഷ്യയിൽ ലെനിൻ ഉൾപ്പെടെയുള്ള സോഷ്യൽ ഡെമോക്രാറ്റുകൾ പ്രവർത്തിച്ചത്. l

Hot this week

വർഗസമരവും മാധ്യമങ്ങളും‐ 14

മാധ്യമ നൈതികത  ഇടത്തരക്കാരോ മേൽത്തട്ട് ഇടത്തരക്കാരോ ആയ ബുദ്ധിജീവികളാണ് ഇന്ത്യയിൽ മാധ്യമരംഗത്ത് തുടക്കത്തിൽ...

ബാബ്‌റി മസ്ജിദ്: നിരന്തരം ഇന്ത്യക്കാരെ ഓർമിപ്പിക്കുന്നത്

ഇന്ത്യൻ ഫാസിസത്തിന്റെ കാലാൾപ്പടയായ ആർ.എസ്എസ് നേതൃത്വം നൽകിയ കർസേവകർ ബാബ്‌റി മസ്ജിദ്...

കലയുടെ ശക്തി ആവാഹിക്കുന്ന പ്രകൃതിയും മനുഷ്യനും

വാക്കുകൾക്കതീതമായ രൂപവർണങ്ങളിലൂടെ പ്രമേയവൈവിധ്യവും നവീനമായ സൗന്ദര്യശാസ്‌ത്രചിന്തകളും ആഴത്തിൽ സ്വാധീനിച്ചിരുന്ന കലാകാരന്മാരാൽ സമ്പന്നമാണ്‌...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 12

വിപ്ലവരാഷ്‌ട്രീയവും വിപ്ലവസംഘടനയും ‘‘സ്വമേധയാ ഉണ്ടാകുന്ന ഘടകം എന്നതിന്റെ അന്തസ്സത്ത പ്രതിനിധാനം ചെയ്യുന്നത്‌ ഭ്രൂണാവസ്ഥയിലുള്ള...

വിമല രണദിവേ

മഹാരാഷ്‌ട്രയിലെ എന്നല്ല ഇന്ത്യയിലെ തന്നെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സമുന്നതനേതാക്കളിലൊരാളാണ്‌ വിമല രണദിവെ....

Topics

വർഗസമരവും മാധ്യമങ്ങളും‐ 14

മാധ്യമ നൈതികത  ഇടത്തരക്കാരോ മേൽത്തട്ട് ഇടത്തരക്കാരോ ആയ ബുദ്ധിജീവികളാണ് ഇന്ത്യയിൽ മാധ്യമരംഗത്ത് തുടക്കത്തിൽ...

ബാബ്‌റി മസ്ജിദ്: നിരന്തരം ഇന്ത്യക്കാരെ ഓർമിപ്പിക്കുന്നത്

ഇന്ത്യൻ ഫാസിസത്തിന്റെ കാലാൾപ്പടയായ ആർ.എസ്എസ് നേതൃത്വം നൽകിയ കർസേവകർ ബാബ്‌റി മസ്ജിദ്...

കലയുടെ ശക്തി ആവാഹിക്കുന്ന പ്രകൃതിയും മനുഷ്യനും

വാക്കുകൾക്കതീതമായ രൂപവർണങ്ങളിലൂടെ പ്രമേയവൈവിധ്യവും നവീനമായ സൗന്ദര്യശാസ്‌ത്രചിന്തകളും ആഴത്തിൽ സ്വാധീനിച്ചിരുന്ന കലാകാരന്മാരാൽ സമ്പന്നമാണ്‌...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 12

വിപ്ലവരാഷ്‌ട്രീയവും വിപ്ലവസംഘടനയും ‘‘സ്വമേധയാ ഉണ്ടാകുന്ന ഘടകം എന്നതിന്റെ അന്തസ്സത്ത പ്രതിനിധാനം ചെയ്യുന്നത്‌ ഭ്രൂണാവസ്ഥയിലുള്ള...

വിമല രണദിവേ

മഹാരാഷ്‌ട്രയിലെ എന്നല്ല ഇന്ത്യയിലെ തന്നെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സമുന്നതനേതാക്കളിലൊരാളാണ്‌ വിമല രണദിവെ....

കുത്തി റാത്തീബ് : ഇസ്ലാമിക സമുദായത്തിൽ നിലനിന്നിരുന്ന പ്രത്യേക ആയുധാഭ്യാസകല

  തീയിൽ ചാടുന്ന തെയ്യം പോലെ ഇസ്ലാമിക ജീവിതത്തിൽ അക്രമോൽസുകമായ കല എന്നു...

അധിനിവേശത്തിന്റെ കനൽവഴികളിലെ പലസ്തീൻ പ്രത്യാശകൾ: ഒരു ജനതയുടെ അതിജീവനഗാഥ

  30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള കേവലം സിനിമാ കാഴ്ചകൾക്കപ്പുറം ലോകത്തിന്റെ...

ഐ.എഫ്.എഫ്.കെയുടെ 30 വർഷങ്ങൾ

  കേരളത്തിൻ്റെ ദൃശ്യസംസ്കാരത്തെയും സിനിമാനുഭവത്തെയും മാറ്റിമറിച്ച കേരളരാജ്യാന്തര ചലച്ചിത്രമേള(ഐ.എഫ്.എഫ്.കെ) 30 വർഷം പിന്നിടുകയാണ്....
spot_img

Related Articles

Popular Categories

spot_imgspot_img