ഗണേശ്‌ശങ്കർ വിദ്യാർഥി

ഗിരീഷ്‌ ചേനപ്പാടി

ണേശ്‌ദാ എന്ന പേരിലറിയപ്പെടുന്ന ഗണേശ്‌ശങ്കർ വിദ്യാർഥി എഐഎസ്‌എഫിലൂടെയാണ്‌ പൊതുരംഗത്തെത്തിയത്‌. അദ്ദേഹം ബീഹാറിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കാണ്‌ വഹിച്ചത്‌. 1942ൽ അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായ അദ്ദേഹം ഒട്ടനവധി പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം നൽകി. ദീർഘകാലം സിപിഐ എമ്മിന്റെ ബീഹാർ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ച ഗണേശ്‌ദാ മൂന്നു പതിറ്റാണ്ടോളം പാർട്ടി കേന്ദ്രകമ്മിറ്റി അംഗമായും പ്രവർത്തിച്ചു.

ബീഹാറിലെ നവാഡ ജില്ലയിൽ രജൗലിയിൽ ഭൂ ഉടമാ കുടുംബത്തിലാണ്‌ ഗണേശ്‌ശങ്കർ വിദ്യാർഥി ജനിച്ചത്‌. നൂറുകണക്കിനേക്കർ സ്ഥലം കുടുംബത്തിനു സ്വന്തമായി ഉണ്ടായിരുന്നു.

ഗണേശ്‌ശങ്കറിന്റെ അമ്മാവൻ ഗൗരീശങ്കർസിങ്‌ ബീഹാറിലെ കോൺഗ്രസിന്റെ പ്രമുഖ നേതാവായിരുന്നു. ജയപ്രകാശ്‌ നാരായണൻ, സഹജാനന്ദ്‌ സരസ്വതി തുടങ്ങിയ നേതാക്കൾ പതിവായി അദ്ദേഹത്തിന്റെ വീട്ടിൽ വന്നിരുന്നു. സോഷ്യലിസ്റ്റ്‌ അനുകൂല പത്രങ്ങൾ വീട്ടിൽ പതിവായി വരുത്തിയിരുന്നു. സ്വാഭാവികമായും വീട്ടിൽ നടക്കുന്ന രാഷ്‌ട്രീയ ചർച്ചകളും പത്രങ്ങളിലെ ലേഖനങ്ങളും കുട്ടിക്കാലത്തുതന്നെ ഗണേശ്‌ശങ്കറെ സ്വാധീനിച്ചിരുന്നു.

സ്‌കൂൾ കാലഘട്ടം മുതൽ അദ്ദേഹം സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളിൽ പങ്കാളിയായി. അതേക്കുറിച്ച്‌ ഗണേശ്‌ശങ്കർ വിദ്യാർഥി ഇങ്ങനെ അനുസ്‌മരിച്ചിട്ടുണ്ട്‌: ‘‘1938ൽ സ്‌കൂളിൽ പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട്‌ ധാരാളം വിവാദങ്ങൾ നടന്നിരുന്നു. അപ്പോഴേക്കും സ്‌കൂളിൽ എഐഎസ്‌എഫ്‌ രൂപീകരിച്ചുകഴിഞ്ഞിരുന്നു. രാജ്യം എങ്ങനെ സ്വതന്ത്രമാകുമെന്ന്‌ ജനങ്ങളോട്‌ പറയാൻ ഞങ്ങൾക്ക്‌ ഗ്രാമങ്ങൾതോറും പോകേണ്ടിവന്നു. അപ്പോൾ എനിക്ക്‌ ഭൂ ഉടമകളുടെ അടിച്ചമർത്തലിനെക്കുറിച്ച്‌ ബോധ്യമായി. ഒരു വ്യക്തി മറ്റൊരു വ്യക്തിയെ മർദിക്കുന്നത്‌ ശരിയല്ലല്ലോ. ഞാൻ അതിനെക്കുറിച്ച്‌ പ്രതികരിച്ചു. ബ്രിട്ടീഷുകാരനായ ഹെഡ്‌മാസ്റ്റർ അതിന്റെ പേരിൽ എന്നെ സ്‌കൂളിൽനിന്നു പുറത്താക്കി. തത്‌ഫലമായി സ്‌കൂളിൽ സമരം ആരംഭിച്ചു. അത്‌ ദീർഘകാലം നീണ്ടുനിന്നു. ഒടുവിൽ സ്‌കൂൾ അധികൃതർക്ക്‌ അവരുടെ നിലപാടിൽ മാറ്റംവരുത്തേണ്ടിവന്നു. എങ്കിലും അവിടെ തുടർന്നു പഠിക്കാൻ അനുവദിച്ചില്ല. എനിക്ക്‌ ടിസി ലഭിച്ചു. അതുമൂലം എനിക്ക്‌ പാട്‌നയിലെ രാജാറാം മോഹൻറായി സെമിനാരി സ്‌കൂളിൽ പ്രവേശനം ലഭിച്ചു… സ്‌കൂളിൽ നടന്ന പഠിപ്പുമുടക്കിൽ പങ്കെടുത്തതിന്റെ പേരിൽ എന്നെ ഈ സ്‌കൂളിൽനിന്നും പുറത്താക്കി. രാജേന്ദ്രപ്രസാദ്‌ ഇടപെട്ടതിനെത്തുടർന്നാണ്‌ പ്രശ്‌നം പരിഹരിക്കപ്പെട്ടത്‌’’.

രണ്ടാംലോക യുദ്ധത്തിനെതിരെ ജനങ്ങളെ അണിനിരത്തുകയായിരുന്നല്ലോ കമ്യൂണിസ്റ്റ്‌ പാർട്ടി ചെയ്‌തത്‌. അതിന്റെ ഭാഗമായി എഐഎസ്‌എഫ്‌ യുദ്ധത്തിനെതിരെ രംഗത്തുവന്നു. അന്പതിനായിരത്തോളം വിദ്യാർഥികളടങ്ങിയ ജാഥ സെക്രട്ടറിയേറ്റിലേക്ക്‌ മാർച്ച്‌ ചെയ്‌തു. പൊലീസ്‌ ലാത്തിച്ചാർജും കണ്ണീർവാതകപ്രയോഗവും വെടിവെയ്‌പും നടത്തി. പൊലീസിന്റെ അതിക്രമങ്ങളിൽ പരുക്കേറ്റ ഗണേശ്‌ശങ്കർ വിദ്യാർഥി അസാമാന്യമായ മനോബലമാണ്‌ പ്രകടിപ്പിച്ചത്‌.

നിരന്തരം പ്രക്ഷോഭങ്ങളിൽ മകൻ പങ്കെടുക്കുന്നത്‌ മാതാപിതാക്കൾക്ക്‌ അസ്വസ്ഥത സൃഷ്ടിച്ചു. മകനെ വിവാഹം കഴിപ്പിച്ചാൽ പ്രശ്‌നങ്ങൾക്ക്‌ പരിഹാരമാകുമെന്ന്‌ അവർ വിശ്വസിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ വിവാഹം നടത്തി.

സ്വാമി സഹജാനന്ദ്‌ സരസ്വതിയുടെ നേതൃത്വത്തിൽ ജന്മിവിരുദ്ധ കർഷകപ്രക്ഷോഭം നടക്കുന്ന കാലമായിരുന്നു അത്‌. സ്വാമി സഹജാനന്ദിന്റെ പ്രവർത്തനങ്ങൾ ഗണേശ്‌ശങ്കറിനെ ശരിക്കും ആകർഷിച്ചു. അദ്ദേഹം സഹജാനന്ദ്‌ നേതൃത്വം നൽകുന്ന പ്രക്ഷോഭങ്ങളിൽ സജീവമായി പങ്കെടുത്തു. ജന്മിമാരായ ബന്ധുക്കളുടെ എതിർപ്പ്‌ അദ്ദേഹത്തിനു നേരിടേണ്ടിവന്നു.

1952ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഗണേശ്‌ശങ്കർ വിദ്യാർഥി മത്സരിച്ചു. ഗണേശ്‌ കമ്യൂണിസ്റ്റുകാരനായിപ്പോയതിൽ വീട്ടുകാർ ശരിക്കും നിരാശരായിരുന്നു. തിരഞ്ഞെടുപ്പിൽ ആ അനിഷ്‌ടം അവർ പ്രകടിപ്പിക്കുകയും ചെയ്‌തു. സ്വന്തം അമ്മപോലും ഗണേശിന്‌ വോട്ടുചെയ്യാൻ തയ്യാറായില്ല. പിന്നെയല്ലേ മറ്റു ബന്ധുക്കളുടെ കാര്യം.

ഗണേശ്‌ശങ്കർ സ്‌കൂളിൽ പഠിക്കുന്ന സമയത്താണ്‌ പ്രശസ്‌തമായ കർഷകപ്രക്ഷോഭം ആരംഭിച്ചത്‌. ഭൂവുടമകൾക്കെതിരെ അദ്ദേഹം തന്റെ പ്രസംഗങ്ങളിൽ ആഞ്ഞടിച്ചു. മാൽഗുസാരി എന്ന നികുതിസമ്പ്രദായം ചെറുകിട കർഷകരെയും പാട്ട കൃഷിക്കാരെയുമൊക്കെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നതായിരുന്നു. പാവപ്പെട്ട കർഷകരെ അക്ഷരാർഥത്തിൽ പിഴിഞ്ഞൂറ്റുകയായിരുന്നു ജന്മിമാർ.

ബീഹാറിലെ ആദ്യത്തെ മുഖ്യമന്ത്രി ശ്രീകൃഷ്‌ണ സിങ്ങിനെതിരെ കമ്യൂണിസ്റ്റ്‌ പാർട്ടി മത്സരിപ്പിച്ചത്‌ ഭോലപ്രസാദിനെയാണ്‌. ഭോലപ്രസാദിന്റെ തിരഞ്ഞെടുപ്പ്‌ കമ്മിറ്റിയുടെ മുഖ്യ ചുമതലക്കാരൻ ഗണേശ്‌ശങ്കർ ആയിരുന്നു. ചിട്ടയായ പ്രവർത്തനങ്ങളും പ്രചാരണതന്ത്രങ്ങളും കണ്ടറിഞ്ഞ ശ്രീകൃഷ്‌ണസിങ്‌, ഗണേശ്‌ശങ്കറിനെക്കുറിച്ച്‌ പറഞ്ഞത്‌, ‘‘അയാൾ എന്നെ ഭയപ്പെടുത്തുന്നു’’ എന്നാണ്‌.

1964ൽ കമ്യൂണിസ്റ്റ്‌ പാർട്ടി ഭിന്നിച്ചപ്പോൾ അദ്ദേഹം സിപിഐ എമ്മിനൊപ്പം അടിയുറച്ചു നിന്നു. 1977ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചു. 1982ലും വിജയം ആവർത്തിച്ചു. ഒരുതവണ അദ്ദേഹം എംഎൽസിയായും തിരഞ്ഞെടുക്കപ്പെട്ടു. പ്രഗത്ഭനായ നിയമസഭാ സാമാജികനെന്ന്‌ അദ്ദേഹം തെളിയിച്ചു.

1980ൽ അദ്ദേഹം സിപിഐ എം ബീഹാർ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 2005 വരെ ആ സ്ഥാനത്ത്‌ തുടർന്നു. നിരവധി പ്രക്ഷോഭങ്ങൾക്കാണ്‌ ഈ കാലയളവിൽ അദ്ദേഹം നേതൃത്വം നൽകിയത്‌. നിരവധി അഗ്നിപരീക്ഷണങ്ങളാണ്‌ പാർട്ടിക്ക്‌ നേരിടേണ്ടിവന്നത്‌. 1964ലെ പിളർപ്പിനുശേഷം 1960കളുടെ അവസാനം നക്‌സൽ പ്രസ്ഥാനം ഒരുവിഭാഗം നേതാക്കളെയും പ്രവർത്തകരെയും സ്വാധീനിച്ചു. എന്നാൽ അതിനെതിരെ ശക്തമായ ആശയപ്രചാരണം നടത്താൻ ഗണേശ്‌ശങ്കറിന്റെ നേതൃത്വത്തിലുള്ള സിപിഐ എം സംസഥാന ഘടകത്തിന്‌ സാധിച്ചു.

1990കളുടെ അവസാനത്തിൽ സിപിഐ എമ്മിന്റെ കിസാൻസഭയുടെയും നേതൃത്വത്തിൽ വന്പിച്ച ഭൂസമരം നടന്നു. 1998ൽ എംഎൽഎയും സമരസമിതി നേതാവുമായ അജിത്‌ സർക്കാർ കൊല്ലപ്പെട്ടത്‌ വലിയ രാഷ്‌ട്രീയ കോളിളക്കമുണ്ടാക്കി. അതേക്കുറിച്ച്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി അവധേഷ്‌കുമാർ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്‌: ‘‘അജിത്‌ സർക്കാരിന്റെ കൊലപാതകവാർത്ത വന്നയുടൻ ഗരേണശ്‌ദായുടെ നേതൃത്വത്തിൽ ഒരുസംഘം സഖാക്കൾ പൂർണിയയിലെത്തി. ഞാനും ആ ടീമിലെ അംഗമായിരുന്നു. അപ്പോഴേക്കും പൂർണിയയിലെ മുഴുവൻ ജനങ്ങളും പ്രത്യേകിച്ച്‌ ആദിവാസികളും ഭൂരഹിതരും കോപത്തോടെ തെരുവിലിറങ്ങി. മുഖ്യമന്ത്രി ലാലുപ്രസാദ്‌ യാദവ്‌ സംഭവസ്ഥലത്ത്‌ വരണമെന്നാഗ്രഹിച്ചു. പക്ഷേ ജനരോഷത്തെക്കുറിച്ച്‌ അദ്ദേഹത്തിന്‌ ആശങ്കയുണ്ടായിരുന്നു. അദ്ദേഹം ഗണേശ്‌ദായെ ഫോണിൽ വിളിച്ചു. മുഖ്യമന്ത്രി സംഭവസ്ഥലത്തെത്തണമെന്ന്‌ ഗണേശ്‌ദാ നിർദേശിച്ചു. അതനുസരിച്ച്‌ മുഖ്യമന്ത്രി എത്തുകയും ചെയ്‌തു’’.

മാർക്‌സിസ്റ്റ്‌ കൃതികൾ വായിക്കുന്നതിൽ വലിയ താൽപര്യമാണ്‌ ഗണേശ്‌ദാ പ്രകടിപ്പിച്ചത്‌. പുതിയ പുസ്‌തകങ്ങൾ എന്നും അദ്ദേഹത്തിന്റെ കളിത്തോഴനായിരുന്നു. ഗണേശ്‌ദായുടെ വായനാശീലത്തെക്കുറിച്ച്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം അരുൺകുമാർ മിശ്ര രേഖപ്പെടുത്തിയത്‌ ഇങ്ങനെയാണ്‌: ‘‘ഒരു കുട്ടി പുതിയ കളിപ്പാട്ടങ്ങളുമായി കളിക്കാൻ ആഗ്രഹിക്കുന്നതുപോലെ ജീവിതത്തിന്റെ അവസാന നിമിഷംവരെ ഗണേശ്‌ദാ പുതിയ പുസ്‌തകങ്ങൾ വായിക്കാൻ ആഗ്രഹിച്ചിരുന്നു. പിന്നീട്‌ സംസാരിക്കാൻ അവസരം ലഭിക്കുമ്പോഴെല്ലാം ഏതെങ്കിലും ഒരു പുസ്‌തകത്തെക്കുറിച്ച്‌ ചർച്ച ചെയ്യുകയും അത്‌ വായിക്കാൻ നിർദേശിക്കുകയും ചെയ്യുമായിരുന്നു’’.

ഗണേശ്‌ശങ്കർ വിദ്യാർഥിയുടെ കുടുംബം തങ്ങളുടെ ഭൂമി ഭൂദാനപ്രസ്ഥാനത്തിന്‌ വിട്ടുകൊടുക്കുകയും അത്‌ കർഷകത്തൊളിലാളികൾക്കിടയിൽ വിതരണം ചെയ്യുന്നുണ്ടെന്ന്‌ ഉറപ്പുവരുത്താൻ പരിശ്രമിക്കുകയും ചെയ്‌തു. ഗണേശ്‌ശങ്കർ വിദ്യാർഥി ഇക്കാര്യത്തിൽ പ്രത്യേകം താൽപര്യം പ്രകടിപ്പിച്ചിരുന്നതായി ഭൂദാൻ കമ്മിറ്റിയുടെ ചെയർമാനായിരുന്ന ശുഭമൂർത്തി വ്യകതമാക്കിയിട്ടുണ്ട്‌. സ്‌കൂൾ വിദ്യാർഥിയായിരിക്കെ സഹപ്രവർത്തകരുമൊത്ത്‌ നവാഡയിലെ ഗവൺമെന്റ്‌ കെട്ടിടത്തിൽ കയറി ത്രിവർണപതാക ഉയർത്തിയ ധീരനാണ്‌ ഗണേശ്‌ദാ. ആ ധൈര്യവും കരളുറപ്പും ജീവിതാന്ത്യംവരെ അദ്ദേഹം കാത്തുസൂക്ഷിച്ചു. സമരരംഗത്തായാലും സംഘടനാപ്രവർത്തനരംഗത്തായാലും പാർലമെന്ററി പ്രവർത്തനത്തിലായാലും നിശ്ചയദാർഢ്യവും സ്‌ഥൈര്യവും അദ്ദേഹം എന്നും കാത്തുസൂക്ഷിച്ചു. ത്യാഗത്തിന്റെയും ലളിതജീവിതത്തിന്റെയും ആൾരൂപമായിരുന്ന അദ്ദേഹം 2021 ജനുവരി 11ന്‌ അന്ത്യശ്വാസം വലിച്ചു. l

Hot this week

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 13

നിലപാടുകളിൽ വിട്ടുവീഴ്‌ചയില്ലാതെ ‘‘പാർട്ടി കോൺഗ്രസ്‌ കഴിഞ്ഞ്‌ ഞങ്ങൾ ജനീവയിൽ മടങ്ങിയെത്തിയപ്പോൾ ഞങ്ങളെ...

വർഗസമരവും മാധ്യമങ്ങളും‐ 14

മാധ്യമ നൈതികത  ഇടത്തരക്കാരോ മേൽത്തട്ട് ഇടത്തരക്കാരോ ആയ ബുദ്ധിജീവികളാണ് ഇന്ത്യയിൽ മാധ്യമരംഗത്ത് തുടക്കത്തിൽ...

ബാബ്‌റി മസ്ജിദ്: നിരന്തരം ഇന്ത്യക്കാരെ ഓർമിപ്പിക്കുന്നത്

ഇന്ത്യൻ ഫാസിസത്തിന്റെ കാലാൾപ്പടയായ ആർ.എസ്എസ് നേതൃത്വം നൽകിയ കർസേവകർ ബാബ്‌റി മസ്ജിദ്...

കലയുടെ ശക്തി ആവാഹിക്കുന്ന പ്രകൃതിയും മനുഷ്യനും

വാക്കുകൾക്കതീതമായ രൂപവർണങ്ങളിലൂടെ പ്രമേയവൈവിധ്യവും നവീനമായ സൗന്ദര്യശാസ്‌ത്രചിന്തകളും ആഴത്തിൽ സ്വാധീനിച്ചിരുന്ന കലാകാരന്മാരാൽ സമ്പന്നമാണ്‌...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 12

വിപ്ലവരാഷ്‌ട്രീയവും വിപ്ലവസംഘടനയും ‘‘സ്വമേധയാ ഉണ്ടാകുന്ന ഘടകം എന്നതിന്റെ അന്തസ്സത്ത പ്രതിനിധാനം ചെയ്യുന്നത്‌ ഭ്രൂണാവസ്ഥയിലുള്ള...

Topics

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 13

നിലപാടുകളിൽ വിട്ടുവീഴ്‌ചയില്ലാതെ ‘‘പാർട്ടി കോൺഗ്രസ്‌ കഴിഞ്ഞ്‌ ഞങ്ങൾ ജനീവയിൽ മടങ്ങിയെത്തിയപ്പോൾ ഞങ്ങളെ...

വർഗസമരവും മാധ്യമങ്ങളും‐ 14

മാധ്യമ നൈതികത  ഇടത്തരക്കാരോ മേൽത്തട്ട് ഇടത്തരക്കാരോ ആയ ബുദ്ധിജീവികളാണ് ഇന്ത്യയിൽ മാധ്യമരംഗത്ത് തുടക്കത്തിൽ...

ബാബ്‌റി മസ്ജിദ്: നിരന്തരം ഇന്ത്യക്കാരെ ഓർമിപ്പിക്കുന്നത്

ഇന്ത്യൻ ഫാസിസത്തിന്റെ കാലാൾപ്പടയായ ആർ.എസ്എസ് നേതൃത്വം നൽകിയ കർസേവകർ ബാബ്‌റി മസ്ജിദ്...

കലയുടെ ശക്തി ആവാഹിക്കുന്ന പ്രകൃതിയും മനുഷ്യനും

വാക്കുകൾക്കതീതമായ രൂപവർണങ്ങളിലൂടെ പ്രമേയവൈവിധ്യവും നവീനമായ സൗന്ദര്യശാസ്‌ത്രചിന്തകളും ആഴത്തിൽ സ്വാധീനിച്ചിരുന്ന കലാകാരന്മാരാൽ സമ്പന്നമാണ്‌...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 12

വിപ്ലവരാഷ്‌ട്രീയവും വിപ്ലവസംഘടനയും ‘‘സ്വമേധയാ ഉണ്ടാകുന്ന ഘടകം എന്നതിന്റെ അന്തസ്സത്ത പ്രതിനിധാനം ചെയ്യുന്നത്‌ ഭ്രൂണാവസ്ഥയിലുള്ള...

വിമല രണദിവേ

മഹാരാഷ്‌ട്രയിലെ എന്നല്ല ഇന്ത്യയിലെ തന്നെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സമുന്നതനേതാക്കളിലൊരാളാണ്‌ വിമല രണദിവെ....

കുത്തി റാത്തീബ് : ഇസ്ലാമിക സമുദായത്തിൽ നിലനിന്നിരുന്ന പ്രത്യേക ആയുധാഭ്യാസകല

  തീയിൽ ചാടുന്ന തെയ്യം പോലെ ഇസ്ലാമിക ജീവിതത്തിൽ അക്രമോൽസുകമായ കല എന്നു...

അധിനിവേശത്തിന്റെ കനൽവഴികളിലെ പലസ്തീൻ പ്രത്യാശകൾ: ഒരു ജനതയുടെ അതിജീവനഗാഥ

  30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള കേവലം സിനിമാ കാഴ്ചകൾക്കപ്പുറം ലോകത്തിന്റെ...
spot_img

Related Articles

Popular Categories

spot_imgspot_img