
കേരളത്തിലെ കുടിയാൻ സമരങ്ങൾക്കും കർഷക സമരങ്ങൾക്കും കരുത്തു പകർന്ന “പാട്ടബാക്കി “ക്കു ശേഷം കമ്യൂണിസ്‌റ്റ് പാർട്ടിയുടെ സ്‌ഥാപക നേതാക്കളിലൊരാളും മാർക്സിസ്റ്റ് സൈദ്ധാന്തികനുമായ കെ. ദാമോദരൻ്റെ ശ്രദ്ധേയമായ മറ്റൊരു നാടകമാണ് രക്തപാനം. ഈ നാടകത്തെക്കുറിച്ച് ഏറെ പേർക്കും അറിയില്ല എന്നതാണ് സത്യം. കെ ദാമോദരൻ്റെ സമ്പൂർണ കൃതികളിലും ഈ അപൂർവ നാടകത്തെക്കുറിച്ച് വിവരമില്ല.
1939-ൽകോഴിക്കോട്ടെപ്രസ്തൊഴിലാളി യൂണിയൻ വാർഷികത്തോടനുബന്ധിച്ച് കെ.ദാമോദരൻ എഴുതി അവതരിപ്പിച്ചതാണ് രക്തപാനം എന്ന നാടകം. ഏതാനും വേദികളിൽ മാത്രം അരങ്ങേറിയ ഈ നാടകത്തിൻ്റെ അച്ചടിച്ച കോപ്പികൾ ഒന്നടങ്കം ബ്രിട്ടീഷുകാർ നശിപ്പിക്കപ്പെട്ടു. ഇതിൻ്റെ അവശേഷിക്കുന്ന ഏകകോപ്പി കണ്ടെത്തിയിരിക്കുന്നത് കോഴിക്കോട്ടെ ദേശപോഷിണി വായനശാലയിലാണ്. ഈ ഒറ്റ കോപ്പി മാത്രം എങ്ങനെ ഈ വായനശാലയിലെത്തി എന്നതിനെക്കുറിച്ച് ഏതൊരു വിവരവുമില്ല. പക്ഷേ, ഇതിനെക്കുറിച്ച് വ്യക്തമായ ഓർമ്മകൾ സൂക്ഷിക്കുന്നവർ ഇപ്പോഴും കോഴിക്കോട്ടുണ്ട്. 2012 ലെ ഭാഷാപോഷിണി ലക്കത്തിൽ ഈ നാടകംപുതുതലമുറയ്ക്കായി പൂർണ രൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

കേരളത്തിലെ സാമൂഹിക പരിവർത്തനത്തിൽ കെ. ദാമോദരൻ്റെ നാടകങ്ങൾ വഹിച്ച പങ്ക് വളരെ പ്രധാനമാണ്. 1938-ൽ പണിമുടക്കം എന്ന പേരിൽ എഴുതപ്പെട്ട നാടകത്തിൻ്റെ പരിഷ്കരിച്ച രൂപമാണ് 1939 ൽ അരങ്ങേറിയ രക്തപാനം. 1939 -ൽ തന്നെ ഇത് പുസ്‌തക രൂപത്തിൽ പ്രസിദ്ധീകരിച്ചു. അതിനിടയ്ക്കാണ് കെ ദാമോദരൻ അറസ്റ്റിലാകുന്നത്. നാടകത്തിൻ്റെ കയ്യെഴുത്തു പ്രതിയും അച്ചടിച്ച കോപ്പികളുമെല്ലാം പൊലീസ് കണ്ടെത്തി നശിപ്പിച്ചു. അതോടെ നാടകാവതരണവും മുടങ്ങി.
ബ്രിട്ടീഷു സർക്കാർ കെ. ദാമോദരനെ അറസ്‌റ്റുചെയ്ത് തടവിലാക്കി. അഞ്ചുവർഷത്തെ ജയിൽവാസത്തിന് ശേഷം തിരിച്ചു വന്നപ്പോഴേക്കും നാടകത്തിൻ്റെ അച്ചടിച്ചകോപ്പികളും കയ്യെഴുത്തു പ്രതികളുമെല്ലാം നഷ്ട്ടപ്പെട്ടു. നാടകത്തിൽ അഭിനയിച്ചവരും പിന്നിൽ പ്രവർത്തിച്ചവരുമെല്ലാം ജയിലിലും ഒളിവിലുമായി കഴിഞ്ഞിരുന്നു.
ജന്മിത്തത്തിനെതിരെയുള്ള ഫലപ്രദമായ സമരായുധമായിരുന്നു രക്തപാനം. മാർക്സിസ്റ്റ് നാടക ദർശനത്തിൻ്റെ സ്വാധീനം ഉൾക്കൊണ്ട് ജന്മി സമ്പ്രദായത്തിൻ്റെ അടിത്തറ തകർക്കുന്ന തീക്ഷ്‌ണമായ രംഗരചന. നിത്യ ജീവിതത്തിൽ തൊഴിലാളികൾ അനുഭവിച്ച പ്രശ്നങ്ങൾ അരങ്ങു വെളിച്ചത്തിൽ കണ്ടപ്പോൾ അവർ ആവേശം കൊണ്ടു. അരങ്ങിലെ കാഴ്ചകൾ അവർക്ക് ഉണർവ്വു പകർന്നു. ജന്മിയും ജന്മിത്ത വ്യവസ്‌ഥിതിയിൽ അധികാരവർഗവും ചൂഷകരാണെന്നും ചൂഷണത്തിലാണ് അവരുടെ നിലനിൽപ്പെന്നും തിരിച്ചറിഞ്ഞ തൊഴിലാളികൾ ആശക്തികൾക്കെതിരെ സംഘടിച്ചു. മലയാള നാടകസാഹിത്യ ചരിത്രകാരന്മാർ വേണ്ടവിധം ഗൗരവമായെടുത്ത് വിശകലനം ചെയ്യാതെ പോയ ദാമോദരൻ്റെ നാടകങ്ങളെ
ക്കുറിച്ച്സഖാവ് ഇ.എം .എസ് .ൻ്റെവാക്കുകൾവളരെ പ്രസക്തമാണ്:
“പഴയതലമുറയിലെ കലാവിമർശകർക്ക് ഇതൊട്ടും പിടിച്ചില്ല. അവർ പുച്ഛവും പരിഹാസവും ദേഷ്യത്തോടെയുമാണ് സമീപിച്ചത്.ഈ മനോഭാവത്തോടെയാണ് പാട്ടബാക്കിയേയും, രക്തപാനത്തേയും അവർ നോക്കി കണ്ടത്. നാടക ലക്ഷണങ്ങൾ നിർണയിക്കുന്നതിനാസ്പദമായിരിക്കേണ്ടതെന്ന് തങ്ങൾ പഠിച്ചു വെച്ച നിയമങ്ങളെടുത്ത് മലർത്തി വെച്ച് അവർ കൂക്കിവിളിച്ചു :”ഇതൊന്നും നാടകമേയല്ല. വെറുംകോപ്പിരാട്ടികളാണ് ” പക്ഷേ അവരുടെ നിർഭാഗ്യത്തിന് ഈ കോപ്പിരാട്ടികൾ കാണാൻ പതിനായിരക്കണക്കിനാളുകൾ പലേടത്തും ഉറക്കമിളച്ച് നാടകം കാണാൻ കാത്തിരുന്നു. നാടക ലക്ഷണങ്ങളുടെ നിയമങ്ങളൊന്നും പഠിക്കാത്ത നിരവധി യുവാക്കൾ പ്രാദേശിക സംഘങ്ങളുണ്ടാക്കി അരങ്ങിൽ അവതരിപ്പിച്ചു. അവരിൽ ചിലർ തന്നെ ഇതിൻ്റെ പ്രചോദനം ഉൾക്കൊണ്ട് പുതിയ നാടകങ്ങൾ എഴുതാൻ തുടങ്ങി. അങ്ങനെ മലയാള നാടകങ്ങളുടെ ചരിത്രത്തിൽ പുതിയൊരധ്യായം തുറന്നു. അധ്വാനിക്കുന്ന ബഹുജനങ്ങളേയും അവരുടെ ജീവിത സമരങ്ങളേയും കേന്ദ്രീകരിച്ചു കൊണ്ട് എഴുതപ്പെടുന്നതും അഭിനയിക്കപ്പെടുന്നതുമായ നാടകങ്ങൾക്ക് മറ്റേതൊരു നാടകരൂപത്തേക്കാൾ പ്രാധാന്യമുണ്ടെന്നും തെളിയിച്ചു”.

പിന്തിരിപ്പൻ ശക്തികളെ തട്ടിത്തകർത്തു കൊണ്ട് പുരോഗതിയിലേക്കു കുതിച്ചു പായുന്ന കേരളത്തിലെ ബഹുജനങ്ങൾക്കായി സമർപ്പിച്ച രക്തപാനത്തിൽ ഇന്ത്യൻ ഇൻഡസ്ട്രിയൽസ് കമ്പനിയിലെ മാനേജരുടെ മകൻ ജനാർദ്ദനനും അതേ കമ്പനിയിലെ തൊഴിലാളിയായ ശങ്കുവുമാണ് പ്രധാന കഥാപാത്രങ്ങൾ. ഇരുവരും ബാല്യത്തിൽ സഹപാഠികളും സമാന ചിന്താഗതിക്കാരുമായിരുന്നു. വളർന്നപ്പോൾജനാർദ്ദനൻ മുതലാളിയും
ശങ്കു തൊഴിലാളിയുമായി. ഇരുവരുടെയും ചിന്താഗതിയിലും മാറ്റം വന്നു. സമ്പന്നതയുടെ പട്ടുമെത്തയിൽ വളർന്ന ജനാർദ്ദനൻ്റെ ജീവിതം തിന്നുക , കുടിക്കുക, സുഖിക്കുക എന്നതായി മാറി. കുറച്ചു പേർക്ക് മാത്രം സുഖജീവിതം പോരെന്നും എല്ലാവർക്കും അങ്ങനെ ജീവിക്കാനാകണമെന്നാണ് ശങ്കുവിൻ്റെ നിലപാട്. ഒരേ ബെഞ്ചിലിരുന്ന് പഠിച്ചിരുന്ന കാലത്ത് ആദർശാത്മകമായ സ്വപ്നങ്ങൾ കണ്ടവരാണ് ഇരുവരും. ഇന്ത്യയെ
സ്വതന്ത്രയാക്കുവാൻ ജീവിതം തന്നെ ഉഴിഞ്ഞു വയ്ക്കുവാൻ സ്‌കൂളിലെ പ്ലാവിൻ ചുവട്ടിൽ വെച്ച് പ്രതിജ്ഞയെടുത്തവർ. അന്നത്തെ ജനാർദ്ദനന് ഇപ്പോൾ സമ്പന്നതയുടെ നിറപ്പകിട്ടിൽ മാറ്റം സംഭവിച്ചിരിക്കുന്നു.അനിയന്ത്രിതമായി ഒഴുകിക്കൊണ്ടിരിക്കുന്ന നദി പോലുള്ള ജീവിതം ആഗ്രഹിച്ച് മുതലാളിയായി ജീവിക്കുന്നു. ഒരു പാവം തൊഴിലാളിയുടെ മകളായ മീനാക്ഷിയെ പ്രണയിച്ച് മോഹന വാഗ്ദാനങ്ങൾ നൽകി ഗർഭിണിയാക്കി. നാടറിയുമെന്ന നാണക്കേടോർത്ത് സഹപാഠിയായ ശങ്കുവിനെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ ശ്രമിക്കുന്നു. പക്ഷേ, ജനാർദ്ദനൻ വാഗ്ദാനം ചെയ്ത പണത്തിന് വേണ്ടി അഭിമാനം വിൽക്കാൻ ശങ്കു തയ്യാറാകുന്നില്ല. ദരിദ്രയായ ഒരു യുവതിയെ കാപട്യം കൊണ്ട് വശീകരിച്ച് അവളെ ഗർഭിണിയാക്കിയ ജനാർദ്ദനൻ്റെ ദയകൊണ്ടുള്ള ഒരു സഹായവും തനിക്ക് വേണ്ടെന്നും തന്നെ വിലയ്ക്ക്
വാങ്ങാൻ ശ്രമിക്കരുതെന്നും ശങ്കു ജനാർദ്ദനനോടു പറയുന്നു. ധനമദം കൊണ്ട് അധഃപതിച്ച ജനാർദ്ദനൻ നൽകിയ പണം ശങ്കു കീറിച്ചുരുട്ടി നിലത്തെറിയുന്നു. എന്നിട്ട് ജനാർദ്ദനനോടായി പറയുന്നു:
“നിങ്ങൾക്ക് പണം കൊണ്ട് എല്ലാം നേടാം.
പാവപ്പെട്ട പെൺകുട്ടികളുടെ ചാരിത്ര്യം അപ
ഹരിക്കാം; അപമാനിക്കാം. തൊഴിലാളികളെ
അടിമകളാക്കാം. തെരഞ്ഞെടുപ്പിന് സ്ഥാനാ
ർത്ഥിയായി നിൽക്കാം. സമുദായത്തിൽ മാന്യസ്ഥാനവും നേടാം. ഇവിടെ സ്ത്രീകൾ
അപമാനിക്കപ്പെട്ടാലെന്താ? പാവങ്ങൾ
പട്ടിണി കിടന്ന് നശിച്ചു ചാമ്പലായാലെന്താ?
നിങ്ങൾക്ക് പ്രധാനം പണവും സുഖവുമല്ലെ? ”
പണക്കാരനായ ഒരു പുരുഷൻ്റെ വഞ്ചനയിൽ കുടുങ്ങിയ സാധു സ്ത്രീയെരക്ഷിക്കാൻ വേണ്ടി ശങ്കു സ്വയം തയ്യാറാകുന്നു. അപമാനാഗ്നിയുടെ മധ്യത്തിൽ നിന്നും ശങ്കു മീനാക്ഷിയെ രക്ഷിക്കുന്നു. തന്നെ രക്ഷിച്ച ശങ്കുവിനോടായി മീനാക്ഷി പറയുന്നു:
“ദരിദ്രനും ദരിദ്രയും തമ്മിലല്ലാതെ ദരിദ്രനും
ധനികനും തമ്മിൽ യോജിക്കാറില്ല. മുതലാളി
ത്തത്തിൻ്റെ കാപട്യത്തിൽ നിന്ന്; ധനികത്വ
ത്തിൻ്റെ കടുത്ത വഞ്ചനയിൽ നിന്ന് എന്നെ
രക്ഷിച്ച നിങ്ങൾ എൻ്റെ സർവസ്വമാണ്. ”
പതിമൂന്നാം രംഗത്തിൽ ” അടിമകളല്ല ഞങ്ങൾ ” എന്ന വിപ്ലവ ഗാനവും ഉറക്കെപാടി ചോരചെങ്കൊടിഉയർത്തിപ്പിടിച്ച്ഫാക്ടറിയുടെമുന്നിൽനിന്ന്ആരംഭിച്ചതൊഴിലാളികളുടെസമരയാത്ര മൈതാനത്ത് എത്തുമ്പോൾ അവർക്ക് നേതൃത്വം നൽകിയ ശങ്കു തൊഴിലാളികളോടായി പറയുന്നു:
“സഖാക്കളേ, നമ്മെ തോൽപ്പിക്കാനായി,
പണിമുടക്കത്തെ അടിച്ചമർത്താൻ വേണ്ടി
മുതലാളിമാർ പല തന്ത്രങ്ങളും പ്രയോഗിക്കു
ന്നു .ഭീഷണികൾ മുഴക്കുന്നു. ജാതിയുടെയും
മതത്തിൻ്റെയും മതിലുകൾ സൃഷ്‌ടിച്ച് നമുക്കിടയിൽ ഭിന്നിപ്പു സൃഷ്ടിക്കാൻ ശ്രമം
നടത്തുന്നു. നമ്മുടെ പ്രിയ സഖാക്കളിൽ
ചിലരെ അറസ്‌റ്റുചെയ്ത് ഇരുമ്പഴികൾക്കു
ള്ളിലിട്ട് മർദിക്കുന്നു. ഇതൊന്നും കൊണ്ട്
സംഘടിച്ചു നില്ക്കുന്ന നമ്മളെ അവർക്ക്
തളർത്താനോ, തോല്പിക്കാനോ ആവില്ല.
നമ്മൾ കൂടുതൽ കരുത്തോടെ സംഘടിച്ചു
തന്നെ നില്ക്കും. അവരിനിയും ഭ്രാന്തിളകി
പലതും കാട്ടിക്കൂട്ടും. ഇന്നത്തെ നിയമങ്ങളും
ഗവൺമെൻ്റും മർദ്ദകവർഗക്കാരുടെ അന്യായങ്ങളെ നിലനിർത്തുകയാണ്.
പക്ഷേ, എന്തുതന്നെയായാലും നമ്മൾ ഇളകാൻ പാടില്ല. നമുക്ക് നഷ്‌ടപ്പെടാനായി
പഴകിദ്രവിച്ച അടിമച്ചങ്ങലമാത്രം. കിട്ടുവാനോ ഒരു ലോകം മുഴുവനുമുണ്ട്.
എല്ലാ പരാജയങ്ങളേയും ചവിട്ടിക്കടന്ന്
നമുക്ക് മുന്നോട്ട് പോകാം”
പാട്ടബാക്കിയുടെ രചനയിൽ സംഭവിച്ച പാളിച്ചകൾ തിരിച്ചറിഞ്ഞ് നാടക രചനയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് പുലർത്തിക്കൊണ്ടാണ് കെ. ദാമോദരൻ രക്തപാനത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. നീണ്ട പ്രസംഗങ്ങളോ മൊഴിമേള പ്രകടനങ്ങളോ ഇല്ല. ചുരുക്കത്തോടെ വളരെ ലളിത
മായി പറയേണ്ട കാര്യങ്ങൾ പറയേണ്ട വിധം മൂർച്ചയോടെ പറഞ്ഞിരിക്കുന്നു.സാമൂഹിക മാറ്റത്തിന് നാടകമെന്ന ആയുധത്തെ ശക്തവും ഫലപ്രദവുമായി എങ്ങനെ ഉപയോഗിക്കാമെന്ന് രക്തപാനം തെളിയിക്കുന്നു. ‘കല കലക്കു വേണ്ടിയല്ല,സാമൂഹ്യപുരോഗതി മുൻ നിർത്തിയാണ് ‘എന്ന ആശയവും പ്രാവർത്തികമാക്കുന്നു.
നാടകം ഒരു സമരകലയായി രൂപപ്പെടുന്നത് കെ. ദാമോദരൻ്റെ ഉത്തമമായ രാഷ്ട്രീയ നാടകങ്ങളിലൂടെയാണ്. പൊരുതുന്ന മനുഷ്യരും പൊരുതുന്ന നാടകവേദിയും ഉള്ളിടത്തോളം ദാമോദരൻ്റെ നാടകങ്ങൾ പുതുവഴികളിലൂടെ സഞ്ചരിക്കുക തന്നെ ചെയ്യും. പ്രത്യക്ഷ ഇടതു രാഷ്‌ട്രീയ ബന്ധങ്ങളുള്ള നാടകങ്ങളുടെ സാന്നിധ്യം കുറഞ്ഞുവരുന്ന ഇക്കാലത്ത് ഈ നാടകങ്ങളുടെ പുനർവായന പുതുതല
മുറയ്ക്ക് കരുത്തു പകരുക തന്നെ ചെയ്യും.





