വി ഡി സതീശന്റെ ഡീലിനു പിന്നിൽ വർഗതാൽപര്യം തന്നെ

കെ എ വേണുഗോപാലൻ

“മുതലാളിത്ത വികസനപാത പിന്തുടരുന്നതിനായി വിദേശ ഫിനാൻസ് മൂലധനവുമായി കൂടുതൽ കൂടുതൽ സഹകരിക്കുന്നതും വൻകിട ബൂർഷ്വാസിയാൽ നയിക്കപ്പെടുന്നതുമായ ബൂർഷ്വാ – ഭൂപ്രഭുവർഗ്ഗ ഭരണത്തിന്റെ ഉപകരണമാണ് ഇന്നത്തെ ഇന്ത്യൻ ഭരണകൂടം’. 1964ൽ സിപിഐ എം പാർട്ടി പരിപാടി അംഗീകരിക്കപ്പെട്ടപ്പോഴും അതിനുശേഷം രണ്ടായിരത്തിൽ കാലോചിതമാക്കിയപ്പോഴും ഈ നിർവചനത്തിന് ഒരു മാറ്റവും വന്നില്ല. കാരണം അത് ഇന്ത്യൻ ഭരണവർഗത്തെക്കുറിച്ചുള്ള ഏറ്റവും ശാസ്ത്രീയമായ വിലയിരുത്തലാണ്. അന്ന് കോൺഗ്രസ്സാണ് ഭരിച്ചിരുന്നതെങ്കിൽ ഇന്ന് ഇന്ത്യ ഭരിക്കുന്നത് ബിജെപിയാണ്. ബിജെപിയെ നയിക്കുന്ന സംഘടന ആർഎസ്എസ് ആണ്. അവരുടെ ലക്ഷ്യം ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റലാണ്. മതവിശ്വാസത്തിന് യാതൊരു പരിഗണനയും കൊടുക്കാതെ എല്ലാ പൗരന്മാർക്കും ഭരണഘടനാപരമായി തുല്യത നൽകുന്ന ഒന്നാണ് ഇന്ന് ഇന്ത്യയുടെ ഭരണഘടന. എന്നാൽ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി മാറിയാൽ ഇന്ത്യയിലെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്ലീങ്ങളെ അപേക്ഷിച്ച് ഹിന്ദുക്കൾക്ക് സവിശേഷമായ പദവി ഉണ്ടായിരിക്കും. വർഗ്ഗവ്യത്യാസങ്ങൾ നിലനിൽക്കുന്ന ഒരു സമൂഹത്തിലെ എല്ലാ ഭരണകൂടങ്ങളും ഭരണവർഗത്തിന്റെ മർദ്ദനോപകരണങ്ങൾ ആയിരിക്കും. എന്നാൽ ഹിന്ദു രാഷ്ട്രം അസമത്വത്തിന് ഔദ്യോഗിക അംഗീകാരം നൽകുന്ന ഒരു ഭരണകൂടമായിരിക്കും. അതിനർത്ഥം ഹിന്ദുരാഷ്ട്രം എന്നാൽ മറ്റു മതങ്ങളിൽപെട്ടവർക്ക് എതിരായി ഹിന്ദുക്കളുടെ മേധാവിത്വമാണോ എന്നത് സ്വാഭാവികമായി ഉയർന്നുവരുന്ന സംശയമാണ്.

ഈ ഹിന്ദുരാഷ്ട്രത്തിന് ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ ഭൗതിക ജീവിതസാഹചര്യങ്ങളിൽ യാതൊരു മാറ്റവും വരുത്താൻ കഴിയില്ല. അത് അവരുടെ ലക്ഷ്യവുമല്ല. ഹിന്ദുവായ കൂലിപ്പണിക്കാരൻ ഹിന്ദു രാഷ്ട്രത്തിലും കൂലിപ്പണിക്കാരനായി തന്നെ തുടരും. അപ്പോഴും ഭരണകൂടം ഇന്ത്യയിലെ കുത്തക മുതലാളിമാരുടെയും ഭൂപ്രഭുക്കളുടെയും നിയന്ത്രണത്തിന് വിധേയമായിത്തന്നെ പ്രവർത്തിക്കും. ഒരുപക്ഷേ ഭരണകൂടത്തിന്റെ ഔദ്യോഗിക ചടങ്ങുകൾക്ക് മുന്നോടിയായി ഹിന്ദു ആചാരങ്ങളുടെയും മതാനുഷ്ഠാനങ്ങളുടെയും ഒക്കെ ഭാഗങ്ങൾ ഉൾപ്പെടുത്തിയേക്കാം. അയോധ്യയിൽ രാമക്ഷേത്ര ഉദ്ഘാടനത്തിന് നാമത് കണ്ടതാണ്. തൊഴിലിന് ആളുകളെ തിരഞ്ഞെടുക്കുമ്പോൾ ഹിന്ദുക്കൾക്ക് ഒരുപക്ഷേ മുൻഗണന ലഭിച്ചേക്കാം.

ജനാധിപത്യത്തെ തകർക്കുകയും മറ്റു ജനവിഭാഗങ്ങളെ രണ്ടാംതരം പൗരന്മാരുടെ പദവിയിലേക്ക് താഴ്ത്തുകയും ചെയ്തുകൊണ്ട് ഏതെങ്കിലും വംശീയമോ മതപരമോ ഭാഷാപരമോ ആയ വിഭാഗത്തിന്റെ താൽപര്യങ്ങളാണ് തങ്ങൾ സംരക്ഷിക്കുന്നത് എന്ന് ഇന്നത്തെ കാലത്ത് അവകാശപ്പെടുന്ന എല്ലാ ഭരണകൂടങ്ങളും യഥാർത്ഥത്തിൽ തങ്ങളുടെ സ്വേച്ഛാധിപത്യം സ്ഥാപിച്ചുകൊണ്ട് കുത്തക മൂലധനത്തിന്റെയും ഭൂപ്രഭുത്വത്തിന്റെയും താൽപര്യങ്ങളെയാണ് മുന്നോട്ടു കൊണ്ടുപോകുന്നത്.

ഒപ്പം അധ്വാനിക്കുന്ന ജനങ്ങളെ വംശീയവും മതപരവും ഭാഷാപരവുമായ ചേരികളാക്കി തിരിക്കാൻ അവർ ശ്രമിക്കുകയും ചെയ്യുന്നു. അതുവഴി ഭരണവർഗത്തിനെതിരായി ഉയർന്നുവരുന്ന തൊഴിലാളിവർഗ ഐക്യത്തെ തകർക്കാൻ അവർക്ക് കഴിയുന്നു. ഇന്ന് ഇന്ത്യൻ ഭരണവർഗ്ഗം വലിയ സാമ്പത്തിക പ്രതിസന്ധിയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. തൊഴിലില്ലായ്മ വൻതോതിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഇങ്ങനെ മുന്നോട്ടു പോവുകയും തൊഴിലാളിവർഗ്ഗവും മറ്റദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളും വർഗ്ഗപരമായി സംഘടിക്കാൻ ആരംഭിക്കുകയും ചെയ്താൽ തങ്ങളുടെ സ്ഥിതി ഗുരുതരമായിരിക്കുമെന്ന് ഭരണവർഗ്ഗത്തിന് ബോധ്യമുണ്ട്. അതിന് അവർക്ക് ആവശ്യം വംശീയവും മതപരവും ഭാഷാപരവുമായ ഭിന്നിപ്പാണ്.

ഇതിനോട് ഇന്ത്യയിലെ കോൺഗ്രസിന്റെ സമീപനം എന്ത്? അവരും ഇന്ത്യയിലെ കുത്തകമുതലാളിമാരുടെയും ഭൂപ്രഭുക്കളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി നിലകൊണ്ടിട്ടുള്ള രാഷ്ട്രീയ പാർട്ടിയാണ്. ഇപ്പോഴും അവരുടെ നയത്തിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. അവരാണ് ഇന്ത്യയ്ക്ക് അകത്ത് നവലിബറലിസ്റ്റ് നയങ്ങൾ നടപ്പിലാക്കാൻ ആരംഭിച്ചത്. അതിന്റെ വളർച്ചയ്ക്കും നിലനിൽപ്പിനും മതപരമായ പരിവേഷം ആവശ്യമാണ് എങ്കിൽ അതിനൊപ്പം നിൽക്കാൻ കോൺഗ്രസ് തയ്യാറാവും. ബിജെപിയുടെ ഹിന്ദുത്വ സമീപനത്തിനെതിരെ മൃദുഹിന്ദുത്വത്തിന്റെ സമീപനമാണ് ഇന്ന് കോൺഗ്രസ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. സാമ്പത്തികനയത്തിന്റെ കാര്യത്തിൽ അവർക്ക് തമ്മിൽ വ്യത്യാസങ്ങളില്ലെന്ന് വി ഡി സതീശൻ ഗവൺമെന്റ്‌ ഇന്ന് കേരളത്തിൽ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഡീൽ എന്ന് പറയുന്നത് ഭരണവർഗ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ഐക്യമാണ്. അക്കാര്യത്തിൽ ബിജെപിയോടൊപ്പം നിൽക്കുക എന്നതാണ് കോൺഗ്രസിന്റെ സമീപനമെന്ന് കേരളം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇവർക്ക് രണ്ടുകൂട്ടർക്കും എതിരായി ശക്തമായ വർഗ്ഗസമരങ്ങൾ കെട്ടിപ്പടുക്കുക എന്നതാണ് ഇടതുപക്ഷം അടിയന്തരമായി ഏറ്റെടുക്കേണ്ട കടമ. l

Hot this week

നഷ്ടനിലങ്ങളിലൂടെ ഒരു യാത്ര

നാലായിരപ്പറ വിസ്തൃതിയുണ്ടായിരുന്ന, അയ്യായിരത്തി അഞ്ഞുറേക്കറില്‍ ഇരിപ്പൂ കൃഷി ചെയ്തിരുന്ന നാരായണപ്പാടം എന്ന...

ചിന്താദർശിനികളായ ചിത്രങ്ങൾ

ശ്രീ. നേമം പുഷ്പരാജിൻ്റെ ചിത്രസൃഷ്ടികളെ വളരെ താല്പര്യത്തോടെ വീക്ഷിക്കുന്ന ഒരാളാണ് ഞാൻ....

സ്‌നേഹവും സന്തോഷവും നിറയുന്ന കാഴ്‌ച

ഒറ്റവരി കഥയിൽ സാഹചര്യങ്ങൾ സൃഷ്ടിച്ച്‌ അതിനെ ഒരു മുഴുനീള സിനിമയാക്കി മാറ്റുന്ന...

പ്രകൃതിയിലെ വിസ്മയങ്ങൾ – Stilt-legged flies

Micropezidae എന്ന കുടുംബത്തിൽപ്പെട്ട ഒരിനം യഥാർത്ഥ ഈച്ചകളാണ് Stilt-legged flies. മെലിഞ്ഞ...

നിറങ്ങൾ തൻ നൃത്തം – കെ ജി സുബ്രഹ്മണ്യൻ

ലോകപ്രശസ്തചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ‘ കൂത്തുപറമ്പ്...

Topics

നഷ്ടനിലങ്ങളിലൂടെ ഒരു യാത്ര

നാലായിരപ്പറ വിസ്തൃതിയുണ്ടായിരുന്ന, അയ്യായിരത്തി അഞ്ഞുറേക്കറില്‍ ഇരിപ്പൂ കൃഷി ചെയ്തിരുന്ന നാരായണപ്പാടം എന്ന...

ചിന്താദർശിനികളായ ചിത്രങ്ങൾ

ശ്രീ. നേമം പുഷ്പരാജിൻ്റെ ചിത്രസൃഷ്ടികളെ വളരെ താല്പര്യത്തോടെ വീക്ഷിക്കുന്ന ഒരാളാണ് ഞാൻ....

സ്‌നേഹവും സന്തോഷവും നിറയുന്ന കാഴ്‌ച

ഒറ്റവരി കഥയിൽ സാഹചര്യങ്ങൾ സൃഷ്ടിച്ച്‌ അതിനെ ഒരു മുഴുനീള സിനിമയാക്കി മാറ്റുന്ന...

പ്രകൃതിയിലെ വിസ്മയങ്ങൾ – Stilt-legged flies

Micropezidae എന്ന കുടുംബത്തിൽപ്പെട്ട ഒരിനം യഥാർത്ഥ ഈച്ചകളാണ് Stilt-legged flies. മെലിഞ്ഞ...

നിറങ്ങൾ തൻ നൃത്തം – കെ ജി സുബ്രഹ്മണ്യൻ

ലോകപ്രശസ്തചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ‘ കൂത്തുപറമ്പ്...

ഹിംസയുടെ തിരക്കാഴ്‌ച

മലയാള സിനിമയുടെ ഉള്ളടക്കത്തിലേക്ക്‌ അടുത്ത കാലത്തായി രൂക്ഷമായ വയലൻസും രക്തച്ചൊരിച്ചിലും കടന്ന്‌...

28ഓ 14ഓ വലുത് ?

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി ഏറ്റവും കൂടുതൽ കാലം ജയിൽവാസം അനുഭവിച്ചതാര് എന്ന...
spot_img

Related Articles

Popular Categories

spot_imgspot_img