അതിനാൽ പൊരുതുക, പൊരുതിക്കൊണ്ടേയിരിക്കുക

രാകേഷ് ശർമ്മ / ശ്രുതി എ ശ്രീകുമാർ

ലോകത്തെ ചലച്ചിത്രമേളകളിൽ ശ്രദ്ധേയമായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി- ഹ്രസ്വചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്.കെ)യുടെ ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സംവിധായകൻ രാകേഷ് ശര്‍മ്മയ്ക്കാണ്. ഇന്ത്യന്‍ കഥേതര ചലച്ചിത്രരംഗത്തെ ഒത്തുതീര്‍പ്പുകളില്ലാത്ത ഉറച്ച ശബ്ദങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന രാകേഷ് ശര്‍മ്മ 2004ലെ ‘ഫൈനല്‍ സൊല്യൂഷന്‍’ എന്ന ഡോക്യുമെന്ററിയുടെ പേരിലാണ് പ്രധാനമായും അറിയപ്പെടുന്നത്. 2002ലെ ഗുജറാത്ത് വംശഹത്യയെ ആഴത്തില്‍ വിശകലനം ചെയ്ത് തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഉദ്ഭവവും വളര്‍ച്ചയും അന്വേഷിക്കുന്ന ഈ ഡോക്യുമെന്ററി 120ല്‍പ്പരം അന്താരാഷ്ട്രമേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദശകത്തിലേറെയായി വിദ്വേഷത്തിന്റെ രാഷ്ട്രീയം തുറന്നുകാട്ടുന്ന പ്രമേയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പൊരുതുന്ന രാകേഷ് ശർമ്മയുമായി മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ ശ്രുതി എ ശ്രീകുമാർ നടത്തിയ അഭിമുഖം.

17-ാമത് കേരള രാജ്യാന്തര ഡോക്യുമെൻ്ററി – ഹ്രസ്വചിത്രമേളയുടെ ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്കാരം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനിൽ നിന്ന് രാകേഷ് ശർമ ഏറ്റുവാങ്ങുന്നു.

ഫൈനൽ സൊല്യൂഷൻ ഇന്ന് ചിത്രീകരിച്ചാൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്തായിരിക്കും?

വെല്ലുവിളിയുടെ തോത് എല്ലാകാലത്തും ഒന്നുതന്നെയായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. ഫൈനൽ സൊല്യൂഷൻ നിരോധിച്ചപ്പോൾ, എന്റെ സിനിമ മണ്ണിനടിയിലാകില്ലെന്ന് ഉറപ്പാക്കാൻ ഞാൻ ഒരു വൈറലായ ‘പൈറേറ്റ് ആൻഡ് സർക്കുലേറ്റ്’ ക്യാമ്പെയ്‌ൻ നടത്തി. എൻ്റെ സിനിമയെ ഭയപ്പെട്ടവർ ആഗ്രഹിച്ചതിന് വിപരീതമായ ഫലമാണ് ക്യാമ്പയിൻ ഉണ്ടാക്കിയത്. സിനിമയുടെ 1,00,000ത്തിലധികം പകർപ്പുകൾ അടിത്തട്ടിലുള്ള ജനങ്ങളിലേക്ക് എത്തി. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അത്തരമൊരു ക്യാമ്പെയ്‌ൻ സാധ്യമാകുമെന്ന് ഞാൻ കരുതുന്നില്ല. ഇന്ന് ഭയം രാജ്യത്തെ ഭരിക്കുന്ന കാലമാണ്. ഇന്ത്യയിൽ അസഹിഷ്ണുതയുടെയും മതഭ്രാന്തിന്റെയും ഒരു അന്തരീക്ഷമുണ്ട്. അതിൽ ജീവിക്കുക എന്നത് ഒരു കലാകാരനെ സംബന്ധിച്ച് മാനസികമായി വലിയ സംഘർഷങ്ങൾക്ക് ഇടയാക്കും. അതിനെ അതിജീവിക്കാനുള്ളതിന്റെ ശ്രമഫലമായി നല്ല കലാസൃഷ്ടികൾ ഉടലെടുക്കും . നിശബ്ദമായിരിക്കാൻ വളരെ എളുപ്പമാണ്. നിശബ്ദരായിരുന്നാലും നമ്മൾ വേട്ടയാടപ്പെടും. ഒരു കലാകാരന് നിശബ്ദമായിരിക്കുക എന്നത് വർത്തമാനകാല ഇന്ത്യയിൽ അസാധ്യമാണ്. അതിനാൽ നമ്മുടെ സർഗാത്മക മാധ്യമത്തിലൂടെ വിദ്വേഷത്തിനും വിഭജനത്തിനുമെതിരെ പൊരുതുക, പൊരുതിക്കൊണ്ടേയിരിക്കുക.

ഗുജറാത്ത് കലാപം ചിത്രീകരിക്കുമ്പോഴുള്ള സംഘർഷങ്ങൾ എന്തായിരുന്നു ?

രാകേഷ് ശർമ്മ

വർഗീയ സംഘർഷങ്ങൾ എന്നെ സംബന്ധിച്ച് ഒരു പുതിയ അനുഭവമല്ല. എന്നാൽ ഗുജറാത്ത് കലാപം സാധാരണ ഒന്നായിരുന്നില്ല. പൊലീസും ഭരണകൂടവും വർഗീയവാദികൾക്കൊപ്പം ഒരു സംഘടിതമായ ആക്രമണത്തിന് നേതൃത്വം കൊടുക്കുകയായിരുന്നു. ഒരു മനുഷ്യനെന്ന നിലയിലും ചലച്ചിത്രകാരൻ എന്നനിലയിലും ഞാൻ നിശബ്ദനായി. എനിക്ക് ചിത്രീകരണം തുടരാൻ കഴിഞ്ഞില്ല. എന്നാൽ കുറച്ച് ആഴ്ചകൾക്ക് ശേഷം എനിക്കതിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. എന്റെ മുൻപത്തെ ചിത്രങ്ങളിൽ നിന്ന് ഫൈനൽ സൊല്യൂഷൻസിനെ വ്യത്യസ്തമാകുന്നത് ഒരൊറ്റ വ്യക്തിയുടെ വിവരണത്തിലൂടെയല്ല ചിത്രം പോകുന്നത് എന്നതാണ്. അത് പക്ഷെ പലരിലും എന്നെയൊരു പക്ഷപാതമില്ലാതെ വ്യക്തിയാക്കി മാറ്റി. പക്ഷെ ഞാൻ വ്യക്തമായ മനുഷ്യപക്ഷമുള്ള ആളാണ്. സംഭാഷണമാണ് പ്രധാനം, എങ്ങനെ അത് ഒപ്പിയെടുക്കുന്നു എന്നത് എനിക്ക് പ്രധാനമല്ല. ഡോക്യുമെൻ്ററികൾ ചരിത്രത്തിൻ്റെ ആഖ്യാനമാണ്. ചരിത്രത്തെ അതിൻ്റെ തെളിച്ചത്തിൽ അവ അടയാളപ്പെടുത്തുന്നു. അതിലെ ദൃശ്യത്തിന്റെ ഭാഷ ജനങ്ങളെ അതിവേഗത്തിൽ രാഷ്ട്രീയവൽക്കരിക്കാൻ സഹായിക്കുന്നു.

ഡോക്യുമെന്ററി ഷൂട്ടിംഗിന്റെ പ്രവർത്തനരീതി?

എന്റെ ഡോക്യുമെന്ററികൾ പ്രധാനമായും സംഭാഷണങ്ങളാണ്. ഞാൻ അവ ചിത്രീകരിക്കാൻ ശ്രമിക്കുമ്പോൾ പരിസരത്തിൻ്റെ സ്വാഭാവികതയെ തടസ്സപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാറുണ്ട്. ഒരു സ്ഥലത്തിന്റെ സമാധാനം തകർക്കാതെ സിനിമ പ്രവർത്തിപ്പിക്കേണ്ടത് ഒരു ചലച്ചിത്രകാരന്റെ കടമയാണ്. എന്റെ സിനിമകൾ ചിത്രീകരിക്കാൻ ഞാൻ ഒരിക്കലും കൃത്രിമ വെളിച്ചമോ ട്രൈപോഡോ പോലും ഉപയോഗിച്ചിട്ടില്ല. എനിക്കും എന്റെ ഫ്രെയിമുകൾക്കുള്ളിലെ ആളുകൾക്കും ഇത് ഒരു സ്വാഭാവിക പ്രക്രിയയാണ്. സംഭാഷണം മുന്നോട്ട് കൊണ്ടുപോകാൻ എന്തുകൊണ്ട്, അടുത്തതായി എന്താണ് സംഭവിച്ചത് തുടങ്ങിയ ലളിതമായ ചോദ്യങ്ങൾ ഞാൻ ചോദിക്കുന്നു.

ഫൈനൽ സൊല്യൂഷൻ റീവിസിറ്റഡ്

രാജ്യത്തിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയെ എങ്ങനെ കാണുന്നു?

സ്റ്റേറ്റ് തികച്ചും ശത്രുതാപരമായിരിക്കുന്നു. ഇപ്പോൾ ഇന്ത്യ മാറിയിരിക്കുന്നു, പ്രത്യേകിച്ച് രാഷ്ട്രീയമായി. എല്ലാത്തരം മാധ്യമങ്ങളിലും, പ്രത്യേകിച്ച് സിനിമകളിലും, സ്വതന്ത്രമായ സംസാരത്തിന്മേൽ നിയന്ത്രണം ഏർപ്പെടുത്താൻ സ്റ്റേറ്റ് എപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. അതിനുള്ള പരിശ്രമങ്ങൾ ഇന്ത്യയിൽ വ്യാപകമായി നടന്നു. പലരും നിശബ്ദരാക്കപ്പെട്ടു. കൊല്ലപ്പെട്ടു. എൻ്റെ സിനിമകൾ സ്റ്റേറ്റിനെ പൊള്ളിക്കുന്നുണ്ടെന്നും അവർ എന്നെ പിന്തുടരുമെന്നും എനിക്കറിയാമായിരുന്നു. ഞാനും എന്റെ രണ്ട് സുഹൃത്തുക്കളും ചേർന്ന് ഒരു പദ്ധതി തയ്യാറാക്കിയിരുന്നു. എല്ലാ വൈകുന്നേരവും ഒരു പ്രത്യേക സമയത്ത് അവരിൽ ഒരാളെ വിളിക്കും. അത് സംഭവിച്ചില്ലെങ്കിൽ, എന്നെ ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അവർ ആ ദിവസം രാവിലെ തന്നെ ഒരു ഹേബിയസ് കോർപ്പസ് ഹർജി നൽകേണ്ടിവരുമെന്നുമായിരുന്നു പദ്ധതി. ഇത്തരത്തിലുള്ള സിനിമ നിർമ്മിക്കുമ്പോൾ, നിങ്ങൾക്ക് ഇത്തരം പ്ലാൻ കൂടി ആവശ്യമാണ്. സിനിമയും അതിൻ്റെ ഫണ്ടിങ്ങും മാത്രമല്ല വർത്തമാന ഇന്ത്യയിൽ ശ്രദ്ധിക്കേണ്ടത്. ഭരണകൂടത്തിന് അടിമപ്പെടാതിരുന്നാൽ ജീവൻ പോലും നഷ്ടപ്പെട്ടുപോയേക്കാം.

രാജ്യത്തെ ചലച്ചിത്രമേളകളുടെ രാഷ്ട്രീയ നിലപാട്?

രാജ്യത്തെ പല ചലച്ചിത്രമേളകളും സംഘപരിവാർ കൈയടക്കി കഴിഞ്ഞു. ഗോവ രാജ്യാന്തര ചലച്ചിത്രമേള പൂർണ്ണമായും സംഘപരിവാർ നിയന്ത്രണത്തിലാണ്. പ്രൊപ്പഗണ്ട സിനിമകൾ പ്രചരിപ്പിക്കുന്നതിനുള്ള ഇടമായി ഫിലിം ഫെസ്റ്റിവലുകളെ മാറ്റിയെടുക്കുന്നതിനുള്ള ശ്രമങ്ങൾ ഉണ്ട്. രാഷ്ട്രീയ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുകയും ജനാധിപത്യപരമായി ഉൾക്കൊള്ളുകയും ചെയ്യുന്ന ചലച്ചിത്രമേളകൾ ചുരുക്കമാണ്. കേരള രാജ്യാന്തര ചലച്ചിത്രമേള അതിനൊരുദാഹരണമാണ്. നിരോധിത സിനിമകൾ പോലും പ്രദർശിപ്പിക്കാൻ ഒരു സംസ്ഥാനം തയ്യാറാകുന്നു എന്നത് സന്തോഷകരമാണ്. ഒരു സംസ്ഥാനം ഭീഷണികൾക്ക് മുന്നിൽ ഭയപ്പെടില്ല എന്ന പ്രഖ്യാപിക്കുന്നത് പ്രതീക്ഷയുടെ ശുഭസൂചന നൽകുന്നുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യം നിലനിർത്താൻ കേരളം പ്രശംസനീയമായ ശ്രമങ്ങൾ നടത്തുന്നു. മാതൃകാപരമായ ബദലുകൾ സൃഷ്ടിക്കുന്നു. പക്ഷേ ഇത്തരം ഇടങ്ങൾ ചുരുങ്ങുമെന്ന് ഞാൻ ഭയപ്പെടുന്നു.

ഡെമോക്രസി ഇൻ ക്രൈസിസ്

ഡോക്യുമെന്ററികൾക്ക് സെൻസർഷിപ്പ് ആവശ്യമുണ്ടോ?

ഡോക്യുമെന്ററികൾക്ക് സെൻസർ ബോർഡ് ആവശ്യമില്ല. ഡോക്യുമെൻ്ററികൾ സത്യത്തിന്റെ ആവിഷ്കാരമാണ്. സത്യത്തെ സെൻസർ ചെയ്യേണ്ട ആവശ്യമില്ല. അത് വസ്തുതാപരമായി അവതരിപ്പിക്കപ്പെടണം. ഗുജറാത്ത് കലാപത്തിലെ ഇരകളുമായും കുറ്റവാളികളുമായും നടത്തിയ വിപുലമായ അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയാണ് ഫൈനൽ സൊല്യൂഷൻ 2004ൽ പുറത്തിറങ്ങുന്നത്. വസ്തുതകൾ അണിനിരത്തിയതിനാൽ എന്താണ് ഗുജറാത്ത് കലാപത്തിന്റെ യാഥാർത്ഥ്യമെന്ന് ലോകം ഡോക്യുമെൻ്ററിയിലൂടെ തിരിച്ചറിഞ്ഞു. ഇത് ഭരണകൂടത്തെ ഭയപ്പെടുത്തി. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ കീഴിലുള്ള ഒരു അതോറിറ്റി എന്ന നിലയിൽ, സിബിഎഫ്‌സിയാണ് സിനിമയ്ക്ക് സർട്ടിഫിക്കേഷൻ നൽകുന്നത്. “ഹിന്ദു-മുസ്ലീം ഗ്രൂപ്പുകൾക്കിടയിൽ സാമുദായിക ഭിന്നത പ്രോത്സാഹിപ്പിക്കുകയും ഗുജറാത്ത് കലാപത്തിന്റെ ചിത്രം വർഗീയ വികാരങ്ങളും സംഘർഷങ്ങളും ഉണർത്തുന്ന തരത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നു” എന്ന കാരണത്താൽ സിബിഎഫ്‌സി ഫൈനൽ സൊല്യൂഷന് പ്രദർശനത്തിനുള്ള സർട്ടിഫിക്കറ്റ് നിഷേധിച്ചു. ഇതിന് മറുപടിയായി, സിബിഎഫ്‌സിയുടെ പരിശോധനാ സമിതിയുടെ തീരുമാനം ഞാൻ നിരസിച്ചു. ഫൈനൽ സൊല്യൂഷൻ ഒരു റിവൈസിംഗ് കമ്മിറ്റിക്ക് വീണ്ടും സമർപ്പിക്കേണ്ടതില്ലെന്നും തീരുമാനിച്ചു. സിനിമ വീണ്ടും സമർപ്പിക്കുന്നതിനുപകരമാണ് ഞാൻ നേരത്തെ സൂചിപ്പിച്ച പൈറേറ്റ് ആൻ്റ് സർക്കുലേറ്റ് ക്യാമ്പെയ്‌ൻ ആരംഭിച്ചത്. പൊതുജന പ്രതിഷേധവും വ്യാപകമായ സിവിൽ സമൂഹ പിന്തുണയും അന്നത്തെ സിബിഎഫ്‌സി ചെയർപേഴ്‌സൺ അനുപം ഖേറിനെ സിനിമ വിലയിരുത്തുന്നതിനായി ഒരു “സ്പെഷ്യൽ കമ്മിറ്റി” രൂപീകരണത്തിലേക്ക് നയിച്ചു. അതിൽ ഖേർ, സംവിധായകൻ ശ്യാം ബെനഗൽ, നാടക നടൻ ഡോളി താക്കൂർ, പത്രപ്രവർത്തക-ആക്ടിവിസ്റ്റുമായ ടീസ്റ്റ സെതൽവാദ് എന്നിവർ അംഗങ്ങളായിരുന്നു. പിന്നീട് ഒരു കട്ട് പോലും കൂടാതെ ഫൈനൽ സൊല്യൂഷൻ സെൻസർഷിപ്പ് പാസായി. 2007-ൽ, അന്താരാഷ്ട്ര ചലച്ചിത്രമേള സർക്യൂട്ടിൽ സമ്മാനങ്ങൾ നേടിയ വിജയത്തെത്തുടർന്ന്, ഇതിന് ഇന്ത്യൻ പ്രസിഡന്റിന്റെ ദേശീയ ചലച്ചിത്ര അവാർഡും ലഭിച്ചിരുന്നു.

Hot this week

വയനാട് ടു അഹമ്മദാബാദ് – റീൽ പോലെ കറങ്ങിയ സൈക്കിൾ

കേരള രാജ്യാന്തര ഡോക്യുമെൻ്ററി - ഹ്രസ്വചിത്രമേളയിൽ ശ്രദ്ധേയമായി മാറിയ 'എ ബ്രീഫ്...

ഡെന്മാർക്കിലെ ജനിതകപഠനം ഉയർത്തുന്ന നൈതികപ്രശ്നങ്ങൾ

ഡെന്മാർക്ക് സർക്കാരും ജനങ്ങളും അഭിമാനം കൊള്ളുന്ന ഒന്നാണ് അവരുടെ ഡാനിഷ് റെജിസ്റ്ററി...

കലയുടെ സൗന്ദര്യാനുഭവങ്ങൾ

കല ഏതുവിഭാഗമായാലും സാഹിത്യമായാലും സംഗീതമായാലും ചിത്രകലയായാലുമൊക്കെ അവയുടെ അന്തർധാരയായി വർത്തിക്കുന്നത്‌ ആശയവിനിമയമാണ്‌....

കെട്ടുകാഴ്ചയായി ചുരുങ്ങുന്ന കൂലി

സ്ഥിരം ശൈലി പടങ്ങളിൽനിന്ന്‌ തമിഴ്‌ സിനിമയ്‌ക്ക്‌ മാറ്റമുണ്ടായത്‌ പുതു തലമുറ സംവിധായകരിലൂടെയാണ്‌....

അതിജീവനത്തിന്റെ വിജയഗാഥ : മഞ്ജുനാഥ് മഞ്ചമ്മയായി മാറിയ കഥ

കർണാടകയിലെ ബെല്ലാരി ജില്ലയിൽ മഞ്ജുനാഥ ഷെട്ടിയായി ജനിച്ച്, പിന്നീട് പതിനാറാം വയസ്സിൽ...

Topics

വയനാട് ടു അഹമ്മദാബാദ് – റീൽ പോലെ കറങ്ങിയ സൈക്കിൾ

കേരള രാജ്യാന്തര ഡോക്യുമെൻ്ററി - ഹ്രസ്വചിത്രമേളയിൽ ശ്രദ്ധേയമായി മാറിയ 'എ ബ്രീഫ്...

ഡെന്മാർക്കിലെ ജനിതകപഠനം ഉയർത്തുന്ന നൈതികപ്രശ്നങ്ങൾ

ഡെന്മാർക്ക് സർക്കാരും ജനങ്ങളും അഭിമാനം കൊള്ളുന്ന ഒന്നാണ് അവരുടെ ഡാനിഷ് റെജിസ്റ്ററി...

കലയുടെ സൗന്ദര്യാനുഭവങ്ങൾ

കല ഏതുവിഭാഗമായാലും സാഹിത്യമായാലും സംഗീതമായാലും ചിത്രകലയായാലുമൊക്കെ അവയുടെ അന്തർധാരയായി വർത്തിക്കുന്നത്‌ ആശയവിനിമയമാണ്‌....

കെട്ടുകാഴ്ചയായി ചുരുങ്ങുന്ന കൂലി

സ്ഥിരം ശൈലി പടങ്ങളിൽനിന്ന്‌ തമിഴ്‌ സിനിമയ്‌ക്ക്‌ മാറ്റമുണ്ടായത്‌ പുതു തലമുറ സംവിധായകരിലൂടെയാണ്‌....

അതിജീവനത്തിന്റെ വിജയഗാഥ : മഞ്ജുനാഥ് മഞ്ചമ്മയായി മാറിയ കഥ

കർണാടകയിലെ ബെല്ലാരി ജില്ലയിൽ മഞ്ജുനാഥ ഷെട്ടിയായി ജനിച്ച്, പിന്നീട് പതിനാറാം വയസ്സിൽ...

ബദൽ

ഇന്ത്യയിൽ അധികാരത്തിൽ ഇരിക്കുന്ന ബിജെപി ഗവൺമെന്റ് നവ ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്നു...

തൊഴിൽ ഉറപ്പിക്കാൻ ആലപ്പുഴ വഴി

2024 ഒക്ടോബറിൽ ഡോ. ടി എം തോമസ് ഐസക് വിളിച്ചു ചേർത്ത...

കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാൺഡ്രം (സിഇടി) ക്യാമ്പസ് റിക്രൂട്ട്മെന്റിന്റെ മാതൃക

എഞ്ചിനീയറിംഗ് വിദ്യാഭ്യാസം നടത്താനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പ്രവേശനം ലഭിക്കാനായി പരിഗണിക്കുന്ന ഒന്നാമത്തെ സംസ്ഥാനതല...
spot_img

Related Articles

Popular Categories

spot_imgspot_img