കേരള രാജ്യാന്തര ഡോക്യുമെൻ്ററി – ഹ്രസ്വചിത്രമേളയിൽ ശ്രദ്ധേയമായി മാറിയ ‘എ ബ്രീഫ് മൊമന്റ് ഓഫ് ആബ്സെൻസ്’ എന്ന ഡോക്യുമെൻ്ററി സംവിധായകൻ സായ്കിരണുമായി മാധ്യമ വിദ്യാർത്ഥി ഹനീന ബുഷ്‌റ നജീബ് നടത്തിയ അഭിമുഖം.

പഠനത്തിന്റെ ഭാഗമായി അഹമ്മദാബാദിലേക്ക് പുറപ്പെട്ട സായ്കിരൺ തന്റെ സൈക്കിൾ കൂടെ കൊണ്ടുപോകുന്നതുകണ്ടപ്പോൾ അമ്മ ചോദിച്ച ചോദ്യത്തിൽ നിന്നാണ് “എ ബ്രീഫ് മൊമന്റ് ഓഫ് ആബ്സെൻസ്” എന്ന ഡോക്യുമെന്ററിയുടെ ആശയം രൂപപ്പെട്ടത്. അമ്മയോട് തമാശ രൂപേണ അതേ സൈക്കിളിൽ താൻ തിരിച്ചുവരുമെന്ന് പറഞ്ഞെങ്കിലും പിന്നീടത് ഗൗരവത്തിലെടുത്ത സായ്കിരൺ തന്റെ ബിരുദ പ്രോജെക്ടയാണ് “എ ബ്രീഫ് മോമെന്റ്റ് ഓഫ് അബ്സെൻസ്” തയ്യാറാക്കിയത്. വയനാടുമുതൽ അഹമ്മദാബാദ് വരെ നീളുന്ന തന്റെ സൈക്കിൾ പ്രയാണമാണ് “എ ബ്രീഫ് മോമെന്റ്റ് ഓഫ് അബ്സെൻസ്”.
യാത്ര തുടങ്ങുന്നതിന് മുൻപുള്ള തയ്യാറെടുപ്പുകൾ?
തനിച്ചൊരു യാത്ര എന്നത് എപ്പോഴും മനസ്സിലുണ്ടായിരുന്ന ഒന്നാണ്. എന്നാൽ സൈക്കിൾ സഞ്ചാരത്തോട് വീട്ടിൽ അത്ര താത്പര്യമുണ്ടായിരുന്നില്ല എന്തുകൊണ്ടെന്റെ ആഗ്രഹത്തെ തന്നെ ബിരുദ പ്രൊജക്റ്റ് ആക്കിക്കൂടാ എന്ന ചിന്തയിൽ നിന്നാണ് ഈ ചിത്രത്തിന്റെ തുടക്കം. പക്ഷെ യാത്രചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളെല്ലാം തീർത്തും അപരിചിതമാണെന്ന ഭയവുമുണ്ടായിരുന്നു. യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നില്ല എന്നതും ചെറുതായി ആശങ്ക ഉളവാക്കിയിരുന്നു.

ഇന്ത്യയിലെ ഗ്രാമങ്ങളെ അടുത്തറിയുന്ന ഒരു ചിത്രം കൂടിയാണ് “എ ബ്രീഫ് മോമെന്റ്റ് ഓഫ് ആബ്സെൻസ്”. എന്തൊക്കെയായിരുന്നു ഗ്രാമങ്ങളിലെ അനുഭവങ്ങൾ?
പല ഗ്രാമങ്ങളിലും ആദ്യമായെത്തുന്ന സഞ്ചാരി ഞാനായിരുന്നു. ഓരോ നാട്ടിലും എനിക്ക് വഴികാട്ടിയായത് അവിടുത്തെ കുട്ടികളായിരുന്നു. അവരാണ് എനിക്ക് നാടിനെയും നാട്ടുകാരെയും അടുത്തറിയാൻ സഹായിച്ചത്. ഗ്രാമങ്ങളിൽ എത്തിയാൽ എന്റെ പ്രധാന ലക്ഷ്യം സർപഞ്ചിനെ കണ്ടെത്തുന്നതാണ്. സർപഞ്ച് സ്വീകരിച്ചാൽ പിന്നീടവിടെയുള്ള വീടുകളിലെല്ലാം ഞാൻ സ്വീകാര്യനാണ്. രസകരമായി നടന്ന പല സംഭവങ്ങളും ഷൂട്ട് ചെയ്യാൻ സാധിച്ചിരുന്നില്ല എന്നതിൽ വിഷമമുണ്ട്. ജാതീയമായ ഉച്ചനീചത്വങ്ങൾ അടുത്തറിയാൻ കൂടി ഗ്രാമങ്ങളിലെ യാത്രകൾ സഹായിച്ചു.
തനിച്ചുള്ള യാത്ര ഒരു ഘട്ടമെത്തിയപ്പോൾ വെല്ലുവിളി ഉയർത്തിയെന്ന് ചിത്രത്തിൽ പറയുന്നുണ്ടല്ലോ, എന്തെല്ലാമാണ് നേരിട്ട പ്രയാസങ്ങൾ?
ജീവിതംതന്നെ മാറുമെന്ന് വിചാരിച്ചു തുടങ്ങിയ യാത്ര ക്രമേണ ഏകാന്തതയുടെ വൈകാരിക തലങ്ങളിലേക്ക് കടന്നിരുന്നു. ശാരീരികമായ അസ്വസ്ഥകൾ മൂലവും വീഡിയോകൾ ചിത്രീകരിക്കുന്നത് ചുരുക്കി. സെറ്റുകളിൽ ചിത്രീകരിക്കുന്ന അത്ര എളുപ്പമായിരുന്നില്ല യാത്രയ്ക്കിടയിലെ ചിത്രീകരണം.
യാത്രയിലുടനീളം മനുഷ്യബന്ധങ്ങളുടെ പ്രാധാന്യം എടുത്തുപറയാൻ ശ്രമിച്ചുവെന്ന് തോന്നി. ശരിയാണോ?
തീർച്ചയായും. യാത്ര എന്റെ കാഴ്ചപ്പാടുകളെ വിശാലമാക്കി. പരസ്പര ബഹുമാനമാണ് ജീവിതത്തിന്റെ അടിത്തറയെന്ന് മനസ്സിലാക്കി. സഞ്ചരിച്ച പല ഗ്രാമങ്ങളിലെയും യാഥാർഥ്യങ്ങളോട് എനിക്ക് വ്യക്തിപരമായി പൊരുത്തപ്പെടാൻ സാധിക്കാത്തപക്ഷം അവരാരും സ്വന്തം നിലപാടുകൾ അടിച്ചേൽപിച്ചിട്ടില്ല..
യാത്ര ചെയ്യാൻ ആഗ്രഹമുള്ളവരോടും ചിത്രം നിർമ്മിക്കാൻ സ്വപ്നം കാണുന്നവരോടും എന്താണ് പറയാനുള്ളത്?
ഞാൻ എല്ലാം പ്ലാൻ ചെയ്തു ചെയ്യുന്ന സ്വഭാവക്കാരനാണ്. പക്ഷേ എന്റെ ഈ യാത്ര ഒട്ടും തന്നെ പ്ലാൻ ചെയ്തിരുന്നില്ല. ജീവിതലക്ഷ്യങ്ങൾ പ്ലാൻ ചെയ്തു സമയം കളയുന്നതിനേക്കൾ വലുത് തുടങ്ങിവെക്കുക എന്നതാണ് പ്രധാനം.
യാത്രയിൽ ലഭിച്ച തിരിച്ചറിവുകൾ എന്തെല്ലാമാണ് ?
പ്രിയപ്പെട്ടവരെയെല്ലാം ഒരുപാട് മിസ്സ് ചെയ്തു. സംഭാഷണങ്ങൾക്കുള്ള പ്രാധാന്യം ഞാനീ യാത്രയിലൂടെ തിരിച്ചറിഞ്ഞു. യാത്രയിൽ എനിക്കുണ്ടായ അനുഭവങ്ങൾ പങ്കുവയ്ക്കപ്പെടുമ്പോഴാണ് യാത്രയുടെ യാഥാർഥ്യ ലക്ഷ്യം പൂർത്തിയാകുന്നത്.
ഈ ചിത്രം ഐ.ഡി.എസ്.എഫ്.എഫ്.കെ പോലെയുള്ളൊരു അന്താരാഷ്ട്ര വേദിയിൽ എത്തിയതിൽ എങ്ങിനെയാണ് നോക്കികാണുന്നത്?
എനിക്ക് വളരെയധികം പ്രിയപ്പെട്ടതാണ് ഈ വേദി. എന്റെ പഠനം തിരുവനന്തപുരത്തായിരുന്നു. എന്റെ ജീവിതത്തോട് ചേർന്നുനിൽക്കുന്ന ഇടത്തുതന്നെ ചിത്രം പ്രദർശിപ്പിക്കുമ്പോഴുണ്ടാകുന്ന അഭിമാനവും ആനന്ദവും വാക്കുകൾക്കതീതമാണ്. ഇത്രയും വിശാലമായി ഡോക്യുമെൻ്ററികൾ കാണുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന വേദികൾ കുറവാണ്. കൂടുതൽ വിശാലമായ ജനാധിപത്യ വേദികൾ ഉണ്ടാവുക എന്നത് കാലത്തിൻ്റെ ആവശ്യകതയാണ്.
ചിത്രത്തിലെ ഫ്രെയ്മുകളെല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. എങ്ങിനെ പ്രതികരിക്കുന്നു?
ഞാൻ യാത്ര ചെയ്ത ഇടങ്ങളെല്ലാം മനോഹരമാണ്. നേരിട്ട് കാണാൻ കഴിഞ്ഞ ദൃശ്യങ്ങളുടെ മനോഹാരിത ക്യാമറക്ക് പകർത്താനായോ എന്നെനിക്കു സംശയമുണ്ട്. ഫ്രെയ്മുകളിൽ ആളുകളെ ചിത്രീകരിക്കുമ്പോഴും ഞാൻ വളരെയധികം ശ്രദ്ധിച്ചിരുന്നു. പലരും ക്യാമറയ്ക്കുമുന്നിൽ ആദ്യമായാണ് എത്തുന്നത് അതിനാൽ അവരെ ബുദ്ധിമുട്ടിക്കാതെ ക്യാമറക്കുമുന്നിൽ പരിചിതമായതിനു ശേഷമാണ് പലതും പകർത്തിയത്.
യാത്ര കഴിഞ്ഞെത്തിയപ്പോൾ ചിത്രീകരിച്ച വീഡിയോകളെല്ലാം എഡിറ്റ് ചെയ്യുന്നതായിരുന്നു ഏറ്റവും പ്രയാസം. നൂറുകണക്കിന് വീഡിയോകളിൽ നിന്നും ആവശ്യമുള്ളതിനെ ക്രമീകരിച്ചെടുക്കുന്നതുതന്നെ പ്രയാസമായിരുന്നു. മാസങ്ങളുടെ എഡിറ്റിംഗ് കഴിഞ്ഞാണ് ഈ രൂപത്തിലെത്തിയത്. പ്രോജക്ടിന്റെ ഗൈഡും സുഹൃത്തുക്കളും അതിനായി ഒരുപാട് സഹായിച്ചു. പരമാവധി എന്റെ ശബ്ദലേഖനം നൽകാതെയിരിക്കുവാനും ഒരു വ്ലോഗായി മാറാതിരിക്കുവാനും ശ്രദ്ധിച്ചിട്ടുണ്ട് ആയതിനാൽ ചിട്ടയില്ലാത്ത ഒരു കൂട്ടം വീഡിയോകൾ കോർത്തിണക്കി ഒരു അർത്ഥവത്തായ ചിത്രമായി മാറ്റാനായിരുന്നു ഭൂരിഭാഗം സമയവും കവർന്നത്.